പ്രതീക്ഷയോടെ, ചില ഇന്ത്യൻ സിനിമകളെക്കുറിച്ച്​

ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിക്കുന്ന ഇന്ത്യൻ സിനിമകളെക്കുറിച്ചുള്ള ചില പ്രതീക്ഷകൾ. ആഖ്യാനത്തിലും പ്രമേയസ്വീകരണത്തിലും വലിയ മുന്നേറ്റങ്ങൾ നടത്തിയ ഈ ചിത്രങ്ങൾ തീർച്ചയായും മേളയുടെ സാർത്ഥകമായ ഫലങ്ങളായിരിക്കും.

27-ാമത്​ ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിക്കുന്ന ഇന്ത്യൻ സിനിമകളെക്കുറിച്ചുള്ള ചില പ്രതീക്ഷകൾ അവതരിപ്പിച്ച്​, ഈ പരമ്പരയിലെ അവസാന കുറിപ്പ് എഴുതുകയാണ്. സംവിധായകരുടെ മുൻ സിനിമകളെയും ലോകത്തെ ചലച്ചിത്രമേളകളിലെ അവയുടെ പങ്കാളിത്തത്തിന്റെയും സിനിമകളെക്കുറിച്ചുള്ള നിരൂപകനിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ പ്രതീക്ഷകൾ.

ഗോവയിൽ പല ഇന്ത്യൻ പനോരമാ സിനിമകൾക്കും കയറി ഏതാനും മിനുട്ടുകൾക്കകം തിയേറ്റർ വിട്ടുപുറത്തുപോകേണ്ടിവന്നിട്ടുണ്ട്. അത്രയും അമേച്വറായ, നിലവാരം കുറഞ്ഞ സിനിമകളായിരുന്നു ആ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്. മത്സരവിഭാഗത്തിൽ ഉൾപ്പെട്ട കാശ്മീർ ഫയൽസ് പോലുള്ള, വർഗീയവിഷം ചീറ്റാനുള്ള യന്ത്രങ്ങളെ സിനിമയുടെ ലേബൽ ഒട്ടിച്ച് ലോകത്തിനുമുന്നിൽ അവതരിപ്പിച്ചതിൽ രാജ്യത്തിനേറ്റ അപമാനം ഇപ്പോഴും അന്തരീക്ഷത്തിലുണ്ടല്ലോ. എന്നാൽ, ഐ.എഫ്.എഫ്.കെയിലെ ഇന്ത്യൻ സിനിമകൾ പൊതുവിൽ ഏറെ പ്രതീക്ഷ ഉണർത്തുന്നവയാണ്.

മത്സരവിഭാഗത്തിൽ രണ്ടും സമകാലിക ഇന്ത്യൻ സിനിമാ വിഭാഗത്തിൽ ഏഴും സിനിമകളാണ് മലയാള സിനിമ കൂടാതെ മേളയിലുള്ളത്.

മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രണ്ടു സിനിമകളിൽ ഒന്നാണ് ‘എ പ്ലേസ് ഓഫ് ഔർ ഓൺ' (A Place of Our Own / Ek Jagah Apni /2022/Colour/90'/ Hindi, സംവിധാനം: Ektara Collective). സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട, അവകാശം നിഷേധിക്കപ്പെട്ട വിഭാഗങ്ങളെക്കുറിച്ച് സിനിമകൾ നിർമിക്കുന്ന, സ്വതന്ത്ര സഹകരണസ്ഥാപനമായ എക്താര കളക്ടീവിന്റെ രണ്ടാമത്തെ ഫീച്ചർ സിനിമയാണ് ‘എ പ്ലേസ് ഓഫ് ഔർ ഓൺ'. ഉടമ മുന്നറിയിപ്പില്ലാതെ താമസസ്ഥലത്തുനിന്ന്​ പുറത്താക്കിയപ്പോൾ മറ്റൊരു താമസസ്ഥലം കണ്ടെത്താനാകാതെ അലയുന്ന ട്രാൻസ് വനിതകളായ ലൈല, റോഷ്‌നി എന്നിവരുടെ കഥയാണിത്. ദിവസവും പലയിടങ്ങളിൽനിന്നായി അവർ നേരിടേണ്ടിവരുന്ന ഉപദ്രവങ്ങളെയും വിവേചനങ്ങളെയും സിനിമ എടുത്തുകാട്ടുന്നു. ലൈലയും റോഷ്നിയും പുതിയ വീട് കണ്ടെത്താനുള്ള ശ്രമത്തിലേർപ്പെടുമ്പോൾ, അവർക്ക് പിന്തുണ നൽകുന്ന സൗഹൃദങ്ങളും അതുപോലെതന്നെ അവരെ മാറ്റിനിർത്തിയ വിഷലിപ്തമായ ജോലിസ്ഥലങ്ങളും കരുതലില്ലാത്ത കുടുംബങ്ങളും സിനിമയിൽ കടന്നുവരുന്നുണ്ട്.

എ പ്ലേസ് ഓഫ് ഔർ ഓൺ' / 2022

ലിംഗഭേദം, ലൈംഗികത എന്നീ പ്രശ്നങ്ങൾക്കൊപ്പം, ജാതി- വർഗ അടിസ്ഥാനത്തിലുള്ള അസമത്വങ്ങളും അനീതികളും ഈ വിവേചനത്തിൽ പ്രവർത്തിക്കുന്നുണ്ട്. വീടിനായുള്ള അന്വേഷണം ലൈലയുടെയും റോഷ്നിയുടെയും സ്വത്വത്തിന്റെ രൂപകമായി മാറുന്നു. മുൻവിധികളുള്ള ഒരു ലോകത്ത് തങ്ങൾക്കുള്ള ശരിയായ സ്ഥാനം ഉറപ്പിക്കാനും പിടിച്ചെടുക്കാനും ശ്രമിക്കുന്നവരുടെ പ്രതിനിധികളാണ് അവർ. ട്രാൻസ്ജെൻഡർ കമ്യൂണിറ്റിയെ സ്വന്തം കഥയുടെ ചുമതല ഏൽപ്പിച്ച്​, സിനിമയെ ശാക്തീകരണത്തിന്റെ ഒരു ഉപകരണമാക്കി മാറ്റാൻ ‘എ പ്ലേസ് ഓഫ് ഔർ ഓൺ'ശ്രമിക്കുന്നുണ്ട്.

ട്രാൻസ് വനിതകളായ മനീഷ സോണിയും മുസ്‌കാനും പ്രൊഫഷണലുകൾ അല്ലാത്ത അഭിനേതാക്കൾക്കൊപ്പം ഈ സിനിമയിൽ പ്രധാന വേഷം ചെയ്യുന്നു.

നമ്മുടെ ഹൃദയമെവിടെയാണോ അവിടമാണ് നമുടെ വീട് എന്നുറപ്പിച്ചുപറയുന്ന സിനിമയാണ് റോമി മെയ്‌റ്റെയുടെ ‘നമ്മുടെ വീട്' (Our Home / Eikhoigi Yum/ 2021/ Colour/ 88 Min/ Manipuri). നമ്മുടെ വീട്ടിൽ നിന്ന് നാം പലായനം ചെയ്യുമ്പോൾ, ഹൃദയം സ്വരച്ചേർച്ചയോടെ നമുക്കൊപ്പം ഇളകിവരാൻ കൂട്ടാക്കണമെന്നില്ല. മണിപ്പൂർ താഴ്വരയിലെ ലോക്തക് തടാകത്തിനും അതിനെ ആശ്രയിച്ച് കഴിയുന്നവർക്കും ചുറ്റുമാണ് സിനിമ ഒഴുകുന്നത്. ഫുംഷാങ് എന്ന് വിളിക്കപ്പെടുന്ന ഒഴുകിനീങ്ങുന്ന ബയോമാസിന് മുകളിൽ നിർമ്മിച്ച കുടിലുകളിൽ താമസിക്കുന്നവരുടെ ദൈനംദിന ജീവിതമാണ് സിനിമ ചിത്രീകരിക്കുന്നത്.

നമ്മുടെ വീട് / Our Home / Eikhoigi Yum( 2021 )

2006-ലെ ലോക്തക് പ്രൊട്ടക്ഷൻ ആക്ട് പ്രകാരം മത്സ്യത്തൊഴിലാളികൾക്ക് തടാകത്തിൽ നിന്ന്​ കുടിയൊഴിയാൻ നോട്ടീസ് നൽകിയതോടെ, അവരുടെ ഉപജീവനമാർഗം ഇല്ലാതാവുന്നു. നിരവധി സംഭവങ്ങൾക്കുശേഷം സിനിമയ്‌ക്കൊടുവിൽ ലോക്തക് തടാകത്തിന്റെ മുഖം മാറുന്നതും നമുക്ക് മനസ്സിലാക്കാൻ കഴിയും. ഇതിലെ നായകൻ അനുഭവിക്കുന്ന വേദനകൾ മത്സ്യത്തൊഴിലാളികളുടെ പൊതുവായ കഷ്ടപ്പാടുകൾ തന്നെയാണ്. നിരവധി അന്താരാഷ്ട്രമേളകളിലേക്ക് തെരഞ്ഞെടുത്ത ചിത്രമാണിത്​.

സമകാലിക ഇന്ത്യൻ സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ശ്രദ്ധേയ സിനിമയായ അതാനുഘോഷിന്റെ ശേഷ് പട (The Last Page) യെക്കുറിച്ച് ഈ കോളത്തിൽ വിശദമായി എഴുതിയിരുന്നത് ഇവിടെ വായിക്കുമല്ലോ.

മലയാളിയായ ആനന്ദ് നാരായൻ മഹാദേവന്റെ ഹിന്ദി സിനിമ സ്റ്റോറി ടെല്ലർ (The Storyteller/ 2022/ Colour/ 116 Min / Hindi) പ്രതീക്ഷയർപ്പിക്കാവുന്ന സിനിമയാണ്. ഹിന്ദി / മറാത്തി ഭാഷകളിൽ ദേശീയശ്രദ്ധ നേടിയ നിരവധി ചിത്രങ്ങൾ ഒരുക്കിയ സംവിധായകനും നടനുമായ അദ്ദേഹത്തിന്റെ ഈ ചിത്രം സത്യജിത്ത് റായിയുടെ‘ഗോൾപോ ബോലിയേ തരിണി ഖുറോ' എന്ന കഥയുടെ ചലച്ചിത്രാവിഷ്‌കാരമാണ്. ആനന്ദ് മഹാദേവന്റെ ‘Mee Sindhutai Sapkal' (Marathi/ 2010/ 120 Min), ‘Mai Ghat: Crime No 103/2005' (Marathi/ 2019/ 104 Min) മുതലായ സിനിമകൾ ദേശീയതലത്തിലും അന്താരാഷ്ട്രതലത്തിലും ശ്രദ്ധിക്കപ്പെട്ട സിനിമകളാണ്.

ദി സ്റ്റോറി ടെല്ലർ (2022)

നിരവധി ദേശീയപുരസ്‌കാരങ്ങൾ നേടിയ ‘Mee Sindhutai Sapkal' സ്വന്തം ധീരത കൊണ്ട് അസാധാരണമായ ഉയരങ്ങളിൽ എത്തുന്ന ഒരു സാധാരണ സ്ത്രീയുടെ പ്രചോദനാത്മകമായ കഥയാണ്. അതേസമയം, ലോകമെമ്പാടുമുള്ള നിരന്തരം ചൂഷണത്തിനിരയാകുന്ന ദശലക്ഷക്കണക്കിന് സ്ത്രീകളുടെ അവസ്ഥയെ ഈ ചിത്രം പ്രതിഫലിപ്പിക്കുകയും ചെയ്യും. കേരളത്തിൽ നടന്ന ഒരു യഥാർത്ഥ സംഭവം അടിസ്ഥാനമാക്കി എടുത്ത ‘മായ് ഘട്ട്' കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള അവാർഡ് നേടുന്നുണ്ട്.

ചരിത്രപരമായ ഒരു വിധിയിൽ, 2018 ൽ സി.ബി.ഐ കോടതി, ഇന്ത്യയിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിക്കുന്നതിന്റെ പിന്നാമ്പുറക്കഥയാണ് ‘മായ് ഘട്ട് - ക്രൈം നമ്പർ 103/2005' പറയുന്നത്. തന്റെ ഏകമകൻ നിധിൻ പോലീസിന് കൈക്കൂലി കൊടുക്കാത്തതിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട് കസ്റ്റഡിയിൽ മരിച്ചതിനെതിരെ, അകാലവാർദ്ധക്യം ബാധിച്ച, ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട, അമ്മ പ്രഭമയി നടത്തുന്ന നിശ്ശബ്ദപോരാട്ടമാണ് ഈ സിനിമ. ഈ രണ്ടു സിനിമകളും സ്ത്രീകേന്ദ്രീകൃതമാണെന്നു മാത്രമല്ല, അവ സാമൂഹികചരിത്രത്തിന്റെ ഭാഗവുമായിരുന്നു. അമിതവൈകാരികതയും വീരപരിവേഷവും ഒഴിവാക്കി ഏറ്റവും റിയലിസ്റ്റിക് ആയാണ് അവ ആനന്ദ് മഹാദേവൻ പകർത്തിയിരുന്നത്.

മായ് ഘട്ട് - ക്രൈം നമ്പർ 103(2005)

ജോലിയിൽനിന്ന്​ വിരമിച്ച, വിഭാര്യനായ തരിണി രഞ്ജൻ ബന്ദോപാധ്യായ, അലഹബാദിലെ രത്തൻ ഗറോഡിയ എന്ന ബിസിനസുകാരനുവേണ്ടി കഥപറയുന്ന ജോലി ഏറ്റെടുക്കുന്നതാണ് ‘സ്റ്റോറി ടെല്ലറി'ന്റെ പ്രമേയം . ഉറക്കമില്ലായ്മയുടെ പ്രശ്‌നമുള്ള രത്തന് ഉറങ്ങാൻ കഥകൾ കേൾക്കണം. തരിണിയും ഗാറോഡിയയും തമ്മിൽ നടക്കുന്ന വഞ്ചനയുടെയും പ്രതികാരത്തിന്റെയും രസകരമായ ആവിഷ്‌കാരമാണ് ചിത്രം. ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ‘ദി സ്റ്റോറിടെല്ലർ' ചലച്ചിത്രഭാഷയിൽ റേയുടെ ‘ചാരുലത', ‘പഥേർ പാഞ്ചലി' എന്നിവയുടെ വഴിയാണ് പിൻപറ്റുന്നത്.

ഇന്ത്യൻ സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന അമൻ സച്ച്​ദേവ സംവിധാനം ചെയ്ത ‘ഓപ്പിയം’ (Opium /2022/ Colour/75 Min/ Hindi- English) മതം, വിശ്വാസം എന്നിവയാൽ ബന്ധിപ്പിക്കപ്പെട്ട അഞ്ചു ചെറുസിനിമകളുടെ സമാഹാരമാണ്. ടോക്കിയോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ‘ഓപ്പിയ’ത്തിലെ കഥകൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വ്യത്യസ്ത കഥാപാത്രങ്ങളുള്ള വേറിട്ട കഥകളാണ്. അവയിലൊന്ന് സമീപഭാവിയിൽ നടക്കാവുന്ന ഒരു സയൻസ് ഫിക്ഷനാണ്. ‘ദംഗ', വർഷങ്ങൾക്കുമുമ്പ് ഡൽഹിയിൽ നടന്ന ഒരു കലാപത്തെ ആസ്പദമാക്കിയുള്ള ഒന്നാണ്. ‘പുലാവോ' എന്ന സെഗ്​മെൻറ്​ ഭക്ഷണം വിതരണം ചെയ്യുന്ന സ്ത്രീകളെക്കുറിച്ചുള്ളതും. ‘ബ്ലൈൻഡും പെറ്റലും' എന്ന ഭാഗത്ത് നൈനിറ്റാളിൽ താമസിക്കുന്ന ആറു വയസ്സുള്ള അടുത്ത ചങ്ങാതികളായ രണ്ടു ആൺകുട്ടികളുടെ കഥയാണ് പറയുന്നത്. സയൻസ് ഫിക്ഷൻ, ഇമോഷണൽ ഡ്രാമ, കോമഡി, പ്രതിഷേധം എന്നിങ്ങനെയുള്ള കഥകളുടെ കോക്ടെയ്ൽ പോലെയാണ് ഈ ആന്തോളജി അനുഭവപ്പെടുക.

ഓപ്പിയം (2022)

അൻമോൽ സിദ്ദുവിന്റെ ആദ്യ ഫീച്ചർ സിനിമയായ ‘ജഗ്ഗി' (Jaggi /2022/ Colour/118'/ Punjabi) ഗ്രാമീണ പഞ്ചാബിലെ ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങളും അവിടുത്തെ ഭീതിദമായ കുടുംബരഹസ്യങ്ങളും ചൂഷണത്തിന്റെ ഇരുണ്ടചക്രങ്ങളും തെറ്റുകളുടെയും അന്ധവിശ്വാസത്തിന്റെയും പ്രബലതയും ചിത്രീകരിക്കുന്ന സിനിമയാണ്. ലൈംഗിക ബലഹീനനെന്ന്​ തന്റെ സഹപാഠികകളാൽ നിരന്തരം ആരോപിക്കപ്പെടുന്ന, ഹൈസ്‌കൂൾ വിദ്യാർത്ഥിയായ ജഗ്ഗിയേക്കാൾ നന്നായി ആരും ഗ്രാമത്തിന്റെ ഈ അവസ്ഥ മനസ്സിലാക്കുകയില്ല. സ്വവർഗ്ഗാനുരാഗിയെന്ന്​ ആക്ഷേപിക്കപ്പെടുന്നതോടെ, ഒരു പൊലീസുകാരന്റെ മകനായിട്ടുപോലും അവനെ ആക്രമിക്കാനുള്ള അവകാശം മറ്റുള്ളവർ സ്വന്തമാക്കുകയാണ്. പിന്നീട്, ജഗ്ഗി ഒരു ബന്ധം കണ്ടെത്തുമ്പോൾ, ഈ വിഷമചക്രത്തിൽനിന്ന് അയാൾക്ക് പുറത്തുകടക്കാൻ കഴിയുമോ എന്നാണ് സിനിമ അന്വേഷിക്കുന്നത്. അടിച്ചമർത്തപ്പെട്ട ലൈംഗികതയെയും വിഷലിപ്തമായ ആണത്തത്തെയും വിമർശനാത്മകമായി കാണുകയാണ് ഈ സിനിമ.

ഹിമാചൽ പ്രദേശിലെ മലയോരപട്ടണത്തിലെ ഒരു കെട്ടിടത്തിൽ താമസിക്കുന്ന മൂന്ന് സ്ത്രീകളുടെ ആന്തരികചോദനകളും അവരുടെ രഹസ്യമോഹങ്ങളും നിരന്തരഭ്രാന്തുകളുമാണ് എഴുത്തുകാരനും സംവിധായകനുമായ സിദ്ധാർത്ഥ് ചൗഹാന്റെ ആദ്യസിനിമയായ ‘അമർ കോളനി' (Amar Colony (2022/Colour/75'/ Hindi) യുടെ പ്രമേയം. വൈകാരികവും സ്ഥലപരവുമായ അസ്വാസ്ഥ്യങ്ങളിൽ അകപ്പെട്ട വ്യക്തികളുടെ ഏകാന്തതയും അന്യവൽക്കരണവുമാണ് സിനിമ കാട്ടിത്തരുന്നത്. ഒരിക്കലും അരികിലല്ലാത്ത ഒരാളെ വിവാഹം കഴിക്കുകയും എട്ട് മാസം ഗർഭിണിയാവുകയും ചെയ്ത മീര, അമരത്വം കൈവരിക്കാൻ ആഗ്രഹിക്കുകയും അതിനായി കിടപ്പുമുറിയുടെ ചുമരിലെ പൂജാ ഷെൽഫിൽ ഹനുമാന്റെ ചിത്രംവെച്ച് പൂജിക്കുകയും ചെയ്യുന്ന വൃദ്ധയായ വീട്ടുടമ ദുർഗ, തന്റെ മകനോടൊപ്പം കെട്ടിടത്തിന്റെ മറ്റൊരു ഭാഗത്ത് താമസിക്കുന്ന വിധവയും വീൽചെയറിൽ കഴിയുന്നവരുമായ ദേവകി - ഇവരാണ് ആ വീട്ടിലെ മൂവർ. ഇവർക്കുചുറ്റും, കൗമാരപ്രായത്തിലെത്തിയിട്ടില്ലാത്ത ഒരു ആൺകുട്ടി മുതൽ ദുർബലമായ ഹൃദയമാണെങ്കിലും ശക്തമായ ലൈംഗികകാമനയുള്ള മുത്തച്ഛൻ വരെ അടക്കിപ്പിടിച്ച അഭിനിവേശങ്ങളുമായി കഴിയുന്നുണ്ട്. പ്രധാനപ്പെട്ട പല ഫെസ്റ്റിവലിലേക്കും തെരഞ്ഞെടുക്കപ്പെട്ട സിനിമയാണ് ‘അമർ കോളനി'.

അമർ കോളനി (2022)

നഗരത്തിലെ എല്ലാ അരാജകത്വങ്ങളിൽ നിന്നും മാറി, ഒറ്റപ്പെട്ട് ജീവിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ലാത്ത ഒരു സ്ത്രീയെ ചുറ്റിപ്പറ്റിയാണ് ഇന്ദ്രസിസ് ആചാര്യയുടെ ‘നിഹാരിക'യുടെ (In the Mist/ Niharika (2022/Colour/122'/ Bengali) ഇതിവൃത്തം വികസിക്കുന്നത്. മദ്യപനും ക്രൂരനുമായ പിതാവിൽ നിന്ന് രക്ഷപ്പെടാനായി, തന്നെ സ്‌നേഹിക്കുന്ന ഝാർഖണ്ഡിലെ ഗ്രാമത്തിലെ അമ്മാവന്റെയും അമ്മായിയുടെയും അടുത്തെത്തുന്ന ദീപ എന്ന യുവതിയുടെ കഥയാണ് ‘നിഹാരിക'. സ്വന്തം ഐഡന്റിറ്റി അന്വേഷിക്കുന്നതിനിടയിൽ ഏകാന്തതയുടെ ആശ്വാസത്തിലേക്ക്, തന്റെ തന്നെ വേരുകളിലേക്ക് മടങ്ങാൻ അവൾ തീരുമാനിക്കുന്നു. തന്റെ മുൻ ചിത്രങ്ങളെ പോലെ തന്നെ ഈ ചിത്രത്തിലും മനുഷ്യബന്ധങ്ങളുടെ സങ്കീർണതകളാണ് ഇന്ദ്രസിസ് എടുത്തുകാട്ടുന്നത്. ആധുനിക ലോകത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു വീടും സ്ഥലവുമാണ്, സ്ത്രീത്വത്തെക്കുറിച്ചും നിലവിലെ സാമൂഹികസാഹചര്യത്തിൽ അവരുടെ വ്യക്തിത്വം നേരിടുന്ന സ്വത്വപ്രതിസന്ധിയെക്കുറിച്ചും പ്രസക്തമായ ചോദ്യങ്ങളുന്നയിക്കുന്ന ഈ ചിത്രത്തിന്റെ കേന്ദ്രബിന്ദു. ആസ്‌ട്രേലിയയിലെ Adelaide Film Festival ൽ പ്രീമിയർ ചെയ്ത ചിത്രം വലിയ നിരൂപക ശ്രദ്ധ നേടിയിരുന്നു.

നിഹാരിക / In the Mist (2022)

മോഞ്ജുൽ ബറുവയുടെ അനുർ (Eyes on the Sunshine / Anur /2021/ Colour/162'/Assamese) വാർദ്ധക്യത്തിന്റെയും പ്രണയത്തിന്റെയും ഏകാന്തതയുടെയും കാലാതീതമായ കഥയാണ്. തന്റെ ഭർത്താവിന്റെ ഓർമകളുള്ള വീട്ടിൽ തനിച്ച് താമസിക്കുന്ന വിധവയായ സ്ത്രീ ഒരു സുപ്രഭാതത്തിൽ അവരുടെ വീട്ടുമുറ്റത്ത് അപരിചിതനായ ഒരാളെ കാണുന്നതാണ് പ്രമേയം. അതിക്രമിച്ചു കയറിയ അയാൾ ആദ്യം അവരിൽ ഭയം ജനിപ്പിച്ചെങ്കിലും പതിയെ അവരുടെ തീർത്തും ഒറ്റപ്പെട്ട ജീവിതത്തിന് പുതിയൊരു വെളിച്ചം നൽകുന്നു. ധാക്ക രാജ്യാന്തര ചലച്ചിത്രമേളയിൽ, ‘സിനിമാ ഓഫ് ദ വേൾഡ് ' വിഭാഗത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടിരുന്നു ‘അനുർ'.

ആഖ്യാനത്തിലും പ്രമേയസ്വീകരണത്തിലും വലിയ മുന്നേറ്റങ്ങൾ നടത്തിയ ഈ ചിത്രങ്ങൾ തീർച്ചയായും മേളയുടെ സാർത്ഥകമായ ഫലങ്ങളായിരിക്കും. മേളയിലെ വിദേശചിത്രങ്ങൾ പല വഴിയിൽ ഇന്നല്ലെങ്കിൽ നാളെ നമ്മുടെ അടുത്തെത്തുമ്പോഴും, മേളയിൽ മാത്രം കാണാൻ സാധിക്കുന്നവയായി മാറുന്നത് ഇന്ത്യൻ സിനിമകളാണ്. അതുകൊണ്ടുകൂടിയാണ് ഇന്ത്യൻ സിനിമകൾ കാണാൻ നമ്മൾ കൂടുതൽ ശ്രദ്ധിക്കേണ്ടത്.

Comments