അരക്ഷിതരായ എഡിറ്റർമാരും അവതാരകരും മുഖ്യധാരാ മാധ്യമ പ്രവർത്തനത്തെ പിടിച്ചെടുത്തിരിക്കുന്നു

കൂടുതൽ പൈസ ഉണ്ടാക്കാനുള്ള ടൂൾ ആയാണ് അവർ ജേണലിസത്തെ ഉപയോഗപ്പെടുത്തുന്നത്. അതിന്റെ ഇരയാണ് മലയാള ജേണലിസവും. ഈ ചാനൽ മാർക്കറ്റിൽ ചിലർക്ക്, ഉടമകൾ അർഹിക്കാത്തതും പ്രതീക്ഷിക്കാത്തതുമായ പ്രതിഫലം നൽകും. അത് ജേണലിസ്റ്റുകളെ സുഖിപ്പിക്കാനും ആഴത്തിൽ അരക്ഷിതരാക്കാനും വേണ്ടിയാണ്. പൈസ തരുന്നവരുടെ പ്രൊപ്പഗാൻഡ, അത് എന്ത് മണ്ടത്തരമാണെങ്കിലും നടപ്പാക്കാനും കൂടിയാണ് ഈ പൈസ കൊടുക്കുന്നത്.

ൻപത് ശതമാനത്തിലധികം ഇന്ത്യൻ വീടുകളിലുമുള്ള ടെലിവിഷന്റെ
സ്വാധീനശേഷി മനസ്സിലാക്കിക്കൊണ്ട് ആ മീഡിയത്തെ പിടിച്ചെടുക്കുക എന്നത് ഇവിടത്തെ രാഷ്ട്രീയ, മത, സാംസ്കാരിക, സാമൂഹിക ഗ്രൂപ്പുകുടെ ആവശ്യമായിരുന്നു എന്നും പുതുതായി വന്ന ചാനലുകളുടെ ഉടമസ്ഥത നോക്കിയാൽ അത് മനസ്സിലാവുമെന്നും മാധ്യമ പ്രവർത്തകനും എഴുത്തുകാനും ഇൻവെസ്റ്റിഗേറ്റിവ് ജേർണലിസത്തെ വിവധ പ്ലാറ്റ്ഫോമുകളിൽ പ്രസിദ്ധീകരിക്കുന്ന കോൺഫ്ലുവൻസ് മീഡിയയുടെ സ്ഥാപകനുമായ ജോസി ജോസഫ്.

അത്തരം ആളുകൾ എല്ലാ ഭാഷകളിലുമുണ്ട്. കൂടുതൽ പൈസ ഉണ്ടാക്കാനുള്ള ടൂൾ ആയാണ് അവർ ജേണലിസത്തെ ഉപയോഗപ്പെടുത്തുന്നത്. അതിന്റെ
ഇരയാണ് മലയാള ജേണലിസവും. ഈ ചാനൽ മാർക്കറ്റിൽ ചിലർക്ക്, ഉടമകൾ അർഹിക്കാത്തതും പ്രതീക്ഷിക്കാത്തതുമായ പ്രതിഫലം നൽകും. അത് ജേണലിസ്റ്റുകളെ സുഖിപ്പിക്കാനും ആഴത്തിൽ അരക്ഷിതരാക്കാനും വേണ്ടിയാണ്. പൈസ തരുന്നവരുടെ പ്രൊപ്പഗാൻഡ, അത് എന്ത് മണ്ടത്തരമാണെങ്കിലും നടപ്പാക്കാനും കൂടിയാണ് ഈ പൈസ കൊടുക്കുന്നത്. അങ്ങനെയുള്ള ഒരു കൂട്ടം അരക്ഷിതരായ എഡിറ്റർമാരും അവതാരകരും ഇന്ത്യൻ മുഖ്യധാരാ ജേണലിസത്തെ പിടിച്ചെടുത്തിരിക്കുകയാണെന്നും ജോസി ജോസഫ് പറഞ്ഞു. കേരളത്തിലെ ടെലിവിഷൻ ജേണലിസത്തിന്റെ
ഇപ്പോഴത്തെ പരിതാപകരമായ അവസ്ഥയ്ക്ക് കാരണം ഒരു കൂട്ടം കള്ള മുതലാളിമാർ മാത്രമല്ല എന്നും അധാർമികരായ, ജേണലിസ്റ്റുകൾ എന്ന് സ്വയം വിളിക്കുന്ന പ്രൊപ്പഗാന്റിസ്റ്റുകളുടെ റോളു കൂടിയുണ്ടെന്നാണ് തന്റെ
വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ മാധ്യമങ്ങളിലെ ഹിന്ദുത്വ രാഷ്ട്രീയ സ്വാധീനം, ഒരു വ്യവസായമെന്ന നിലയിലുള്ള ജേണലിസത്തിന്റെ ഇന്ത്യയിലേയും കേരളത്തിലേയും വർത്തമാന സാഹചര്യവും ഭാവിയും, ഏത് മാധ്യമത്തിൽ എഴുതണം എന്ന എഴുത്തുകാരുടെ തെരഞ്ഞെടുപ്പ്, സമൂഹമാധ്യമങ്ങളിലെ മുസ്ലിം വിരുദ്ധ ഉള്ളടക്കം, ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ്, സിദ്ദിഖ് കാപ്പനെതിരായ കുറ്റപത്രം തുടങ്ങി നിരവധി വിഷയങ്ങളിലുള്ള തന്റെ അഭിപ്രായവും നിലപാടും ട്രൂകോപ്പി എഡിറ്റർ ഇൻ- ചീഫ് മനില സി.മോഹൻ നടത്തിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.


ന്ന് ഇന്ത്യയിൽ ഏറ്റവും influential ആയ പ്ലാറ്റ്‌ഫോം ടെലിവിഷനാണ്. കാരണം, 50 ശതമാനത്തിലേറെ ഇന്ത്യൻ വീടുകളിലേക്കെത്തുന്ന ഏക ഇന്ത്യൻ പ്ലാറ്റ്‌ഫോം, മൊബൈൽ ഫോൺ കഴിഞ്ഞാൽ- ടെലിവിഷനാണ്. മൊബൈൽ ഫോണുകളിലും വരുന്നത് ടി.വി. വാർത്തകളൊക്കെത്തന്നെയാണല്ലോ. അതുവെച്ച് നോക്കുമ്പോൾ ഏറ്റവും ഇൻഫ്‌ളുവൻഷ്യൽ ആയ മീഡിയമാണ് ടി.വി. അതുകൊണ്ടുതന്നെ ആ മീഡിയത്തെ പിടിച്ചെടുക്കാൻ വേണ്ടി സമൂഹത്തിലെ ശക്തരായ ഫോഴ്‌സുകൾ കഴിഞ്ഞ ഒന്നു രണ്ടു പതിറ്റാണ്ടായി ശ്രമം നടത്തുന്നുണ്ട്.

നമ്മുടെ സമൂഹത്തിന്റെ ഒരു യാത്രയുണ്ട്-അതായത് നമ്മുടെ ഒരു ഗാന്ധിയൻ, മോറൽ സൊസൈറ്റിയിൽ നിന്ന് immoral ആയ, തെറ്റും ശരിയും തിരിച്ചറിയാനുള്ള ബോധമുണ്ടെങ്കിലും തെറ്റ് കാണിക്കുന്ന- ഒരു സമൂഹത്തിലേക്ക് എത്തുകയും അവിടെ നിന്ന് amoral ആയ, അതായത് തെറ്റും ശരിയും തിരിച്ചറിയാനുള്ള വകതിരിവു പോലുമില്ലാത്ത ഒരു പുതിയ നേതൃത്വമൊക്കെ വന്ന ഒരു സമൂഹമായി നമ്മൾ മാറിയിരിക്കുകയാണ്. ആ സാഹചര്യത്തിൽ ഈ ടെലിവിഷൻ ന്യൂസുകളെയും ചാനലുകളെയും പിടിച്ചെടുക്കുക എന്നത് ഇവിടത്തെ dominant ആയ political, religious, cultural, social ഗ്രൂപ്പുകളുടെ ആവശ്യമായിരുന്നു. അതുകൊണ്ടു തന്നെ, നമ്മുടെ കേരളത്തിലെ ചാനലുകളുടെ ഉടമസ്ഥത നോക്കിക്കഴിഞ്ഞാൽ മതി- കേരളത്തിലെന്നല്ല, ഇന്ത്യയിലെ മൊത്തം- അതിന്റെ ഉടമസ്ഥർ എന്നു പറയുന്നത് ഒരു പക്ഷേ ട്രഡീഷണൽ മീഡിയാ ഹൗസുകളാവാം. കാരണം അവർ നിലനിൽക്കുന്ന സമൂഹത്തിലെ dominant forces ആണ്.

പക്ഷേ പുതുതായി വന്ന് ചാനലുകൾ വാങ്ങിക്കുന്നവരെ നോക്കുക. അവർ ഈ ന്യൂസ് ചാനലുകളെ വാങ്ങിക്കുന്നത് ജേർണലിസത്തെ പൊലിപ്പിക്കാൻ വേണ്ടിയല്ല. അവർ കൃത്യമായി അധികാരത്തിന്റെ ആർത്തിപിടിച്ച് നടക്കുന്ന, വളരെ ബുദ്ധിമുട്ടില്ലാതെ കള്ളത്തരത്തിലൂടെയും കാപട്യത്തിലൂടെയും പൈസയുണ്ടാക്കിയ ബിസിനസ്സുകാരാണ്. ആരാണ് എന്നുള്ളതൊക്കെ വളരെ വ്യക്തമായി എല്ലാവർക്കും അറിയാവുന്നതാണ്. എല്ലാ ഭാഷകളിലുമുണ്ട്. അപ്പോൾ, അവർ അവരുടെ അധികാരത്തിലേക്കുള്ള യാത്രയുടെയും, കൂടുതൽ പൈസ ഉണ്ടാക്കാനുള്ള ശ്രമങ്ങളുടെയുമൊക്കെ ഒരു ടൂൾ ആയിട്ടാണ് ഇതിനെ പിടിച്ചെടുത്തിരിക്കുന്നത്. അതിന്റെ, ആ പിടിച്ചെടുക്കലിന്റെ victim ആണ് മലയാളത്തിലെ ടെലിവിഷൻ ജേണലിസവും. അതിന്റെയൊപ്പം, ഒരുപക്ഷേ ഈ മാർക്കറ്റിനൊരു പ്രത്യേകതയുണ്ട്. എല്ലാ മാർക്കറ്റിനും. മാർക്കറ്റിൽ ചിലർക്ക് മാർക്കറ്റ് അവർ പ്രതീക്ഷിക്കാത്തതും അവർ അർഹിക്കാത്തതുമായ ശമ്പളം കൊടുക്കും. ആ പ്രതിഫലം കൊടുക്കുന്നത് ഒന്ന് നിങ്ങളെ സുഖിപ്പിക്കാൻ വേണ്ടിയും മറുവശത്ത് നിങ്ങളെ deeply insecure ആക്കാനും വേണ്ടിയാവാം. അതായത് നിങ്ങൾക്ക് ഈ പൈസ തരുന്നവരുടെ propaganda - അത് എന്ത് മണ്ടത്തരമാണെങ്കിലും കാണിച്ചുകൂട്ടാൻ കൂടിയാണ് ഈ പൈസ തരുന്നത്. അങ്ങനെയുള്ള ഒരു കൂട്ടം insecure എഡിറ്റേഴ്‌സും ആങ്കേഴ്‌സും ഇന്ത്യൻ മെയിൻസ്ട്രീം പത്രപ്രവർത്തനത്തെ പിടിച്ചെടുത്തിരിക്കുകയാണ്. അല്ലാതെ ഇത് ഒരു കൂട്ടം കള്ളമുതലാളിമാരുടെ മാത്രം അജണ്ടയല്ല. ഇതിനകത്ത് ഒരു ജനറേഷൻ ഓഫ് amoral പ്രോപ്പഗാൻഡിസ്റ്റുകളുടെ -ജേർണലിസ്റ്റുകൾ എന്ന് സ്വയം വിളിക്കുന്ന പ്രോപ്പഗാൻഡിസ്റ്റുകളുടെ റോൾ കൂടിയുണ്ട്. അതു തന്നെയാണ് കേരളത്തിൽ നടക്കുന്നത് എന്നാണ് എന്റെ വിശ്വാസം.

ഓൺലൈൻ മീഡിയയിൽ ഭൂരിപക്ഷവും സോഷ്യൽ മീഡിയ വഴിയുള്ള മാർക്കറ്റിംഗിനേയും വരുമാനത്തേയും ആശ്രയിച്ചാണ് നിലനിൽക്കുന്നത്. നമുക്കറിയാം ഫേസ് ബുക്കിലും യൂട്യൂബിലും നിലനിൽക്കുന്ന ഫിൽട്ടറിംഗ് എത്തരത്തിലുള്ളതാണെന്ന്. മുസ്​ലിം വിരുദ്ധ കണ്ടൻറ്​ ഫേസ് ബുക്കിൽ വ്യാപകമായി പ്രചരിക്കുന്നതിനെക്കുറിച്ച് കമ്പനിയ്ക്ക് അറിയാം, അഥവാ ഫേസ് ബുക്കിന്റെ സമ്മതത്തോടെത്തന്നെയാണ് ഇത് സംഭരിക്കുന്നത് എന്ന് ഫേസ്ബുക്ക് മുൻ ജീവനക്കാരി ഫ്രാൻസസ് ഹേഗൻ കഴിഞ്ഞ ദിവസമാണ് വെളിപ്പെടുത്തിയത്. അതുപോലെത്തന്നെയാണ് ചില കണ്ടന്റുകൾക്ക് റീച്ചും വരുമാനവും ലഭിക്കാത്തത്. പ്രത്യേകിച്ച് ഹിന്ദുത്വ രാഷ്ട്രീയത്തെ വിമർശിക്കുന്ന കണ്ടൻറ്​. ഫേസ്ബുക്ക്, യൂട്യൂബ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയുടെ പോളിസി എന്തൊക്കെ തരത്തിലാണ് രൂപപ്പെടുന്നത്, നിയന്ത്രിക്കപ്പെടുന്നത് എന്നാണ് തോന്നിയിട്ടുള്ളത്?

എല്ലാ പുതിയ ടെക്‌നോളജിയും അതിന്റെ ആദ്യത്തെ വരവിൽ, അധികാരത്തിലിരിക്കുന്നവരുടെ ടൂൾ ആയി മാറും. എല്ലാ കാലത്തും. അത്, ടിപ്പു സുൽത്താൻ റോക്കറ്റ് ഉപയോഗിക്കുന്നതു മുതൽ അണ്ടർ സീ കേബിൾ വരെ എല്ലാത്തിലും കാണാം. അതു തന്നെയാണ് ഇവിടെ നടന്നു കൊണ്ടിരിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയ, ഫെയ്‌സ്ബുക്കും ഇൻസ്റ്റാഗ്രാമുമെല്ലാം, അതത് രാജ്യങ്ങളിൽ അധികാരത്തിലിരിക്കുന്നവരുടെ പ്രോപ്പഗാൻഡ ടൂളുകൾ മാത്രമായി മാറിയിരിക്കുകയാണ്. അത് വ്യക്തമായി മനസ്സിലാക്കി അതിനെ exploit ചെയ്യുന്നതിൽ ഏറ്റവും മിടുക്കൻ നരേന്ദ്രമോദി ആയിരുന്നു. നരേന്ദ്രമോദി തുടങ്ങിയ ആ പൊളിറ്റിക്കൽ ട്രെൻഡിന്റെ അലയടികളാണ് നമ്മൾ ഇപ്പോൾ കാണുന്നത്. അതുകൊണ്ടു തന്നെ എഫ്.ബി, ഇൻസ്റ്റഗ്രാം എല്ലാം, അധികാരത്തിലിരിക്കുന്ന ഗവൺമെന്റിന്റെ, ബി.ജെ.പിയുടെ പ്രോപ്പഗാൻഡ ടൂളുകൾ എന്നതിനപ്പുറത്ത് ഒന്നുമല്ല. ഒരു പക്ഷേ നാളെ ഇത് മാറാം. പക്ഷേ ഇന്ന് അങ്ങനെത്തന്നെയാണ് നിൽക്കുന്നത്. അതുകൊണ്ടു തന്നെയാണ് ഇസ്ലാമോഫോബിക് ആയ കണ്ടന്റുകൾ, വളരെ aggressive ആയ ഹിന്ദുത്വ വയലൻറ് അജണ്ടകൾ ഒക്കെ ഈ സൈറ്റുകളിൽ വളരെ ഫ്രീ ആയിട്ട് ഓടിനടക്കുന്നത്. അതിനുള്ള ഒരുപാട് തെളിവുകൾ നമ്മൾ കണ്ടുകഴിഞ്ഞതാണ്. ഈ സ്ഥിതിവിശേഷം മാറണമെങ്കിൽ ഇവിടെ വളരെ ഫെയർ ആയ ഒരു liberal democratic space വേണം. അവിടെയാണ് പ്രതിപക്ഷത്തിന് ഭരണകക്ഷിയുടെ ഒപ്പം പിടിച്ചു നിൽക്കാനുള്ള കപ്പാസിറ്റി ഉണ്ടാവുക. പക്ഷേ ഇന്ന് ഇവിടെ നടന്നിരിക്കുന്നത് എന്താണെന്നു വെച്ചാൽ, നരേന്ദ്ര മോദി വളരെ സിസ്റ്റമാറ്റിക്കായി, അദ്ദേഹത്തിനു കിട്ടിയ ഭൂരിപക്ഷത്തിന്റെ പുറത്ത്, അദ്ദേഹം ഭരണത്തിൽ വന്നതിനുശേഷം, സ്റ്റേറ്റ് മെഷിനറിയെയും മീഡിയയെയും പല തരത്തിൽ ഉപയോഗിച്ചു കൊണ്ട് പ്രതിപക്ഷത്തെ നിർവീര്യമാക്കിയിരിക്കുകയാണ്. അതിന്റെ കൂടി ഫലമാണ് നമ്മൾ ഇന്നു കാണുന്ന ഈ സോഷ്യൽ മീഡിയയിലെ biased ആയ platformization.

​സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ, ബാബറി മസ്ജിദിനുശേഷമുള്ള ഇന്ത്യയിൽ, ഗുജറാത്ത് വംശഹത്യാനന്തര ഇന്ത്യയിൽ, നരേന്ദ്ര മോദിയുടെ ഇന്ത്യയിൽ മാധ്യമങ്ങളുടെ രാഷ്ട്രീയ നില വ്യത്യസ്തമായിരുന്നു, വ്യത്യസ്തമാണ്. സംഘപരിവാറിനെ ഭയക്കുന്ന, സംഘപരിവാറിനാൽ നിയന്ത്രിക്കപ്പെടുന്ന ഭൂരിപക്ഷം മാധ്യമങ്ങൾ മാത്രമല്ല, അതിനെ എതിരിടുന്ന രാഷ്ട്രീയ പ്രതിരോധം തീർക്കുന്ന മാധ്യമങ്ങളും ഉണ്ട്. അത്തരം മാധ്യമങ്ങളുടെ നിലനിൽപ് എത്രത്തോളം സാധ്യമാണ്?

എനിക്കു തോന്നുന്നത്, ഇപ്പോൾ കാണുന്ന Hindu aggression അധികകാലം നിലനിൽക്കില്ല. കാരണം, ഈ ഹിന്ദുത്വ അഗ്രഷനും, ബുദ്ധിയില്ലാത്ത സാമ്പത്തിക നയങ്ങളും, കോവിഡ് ഉണ്ടാക്കിവെച്ച നാച്ചുറൽ ഇംപാക്ടും അതിനോടുള്ള foolish responseകളുമൊക്കെയായി നമ്മുടെ സമ്പദ് വ്യവസ്ഥയെ നരേന്ദ്ര മോദി സർക്കാർ വളരെ ശക്തമായി തകർത്തിട്ടിരിക്കുകയാണ്. ഈ തകർച്ചയെന്നു പറയുന്നത്, നമ്മൾ കാണുന്നതിനപ്പുറത്ത് ഗ്രാമീണ മേഖലകളിൽ ഭയങ്കരമായ ഒരു economic distress ഉണ്ടാക്കിയിട്ടുണ്ട്. അതിന്റെയൊക്കെ പ്രതിഫലനം കൂടിയാണ് കർഷക സമരത്തിലും മറ്റും കാണുന്നത്. അതുകൊണ്ട് എനിക്കു തോന്നുന്നത് ഇന്നത്തെ majoritarian politics ന് ഒരു push back വരും. അത് എന്നു വരും എന്ന് നമുക്കറിയില്ല. പക്ഷേ ഇത് ശാശ്വതമല്ല. കാരണം, ഈ ഒരു majoritarian narrativeൽ രാജ്യത്തിന്റെ, ജനങ്ങളുടെ സാമ്പത്തികമായ ക്ഷേമത്തിന് ഇടമില്ല. ഇന്നത്തെ ഹിന്ദുത്വ മെജോറിറ്റേറിയൻ നറേറ്റീവിൽ ആകെയുള്ളത് ഒരു പൂർവ കാലത്തിന്റെ ഗ്ലോറിയും വളരെ അസ്ഥാനത്തുള്ള ഇസ്ലാമോഫോബിയയും വളരെ അഗ്രസ്സീവ് ആയ bully പൊളിറ്റിക്‌സും മാത്രമാണ്. അല്ലാതെ, ഇന്ന് ഇവിടെ ജീവിക്കുന്ന പാവപ്പെട്ടവരുടെ സാമ്പത്തിക ക്ഷേമം അതിന്റെ അജണ്ടയല്ല. അതുകൊണ്ടു തന്നെ ഇത് അധികകാലം നിലനിൽക്കില്ല എന്നാണ് ഞാൻ കരുതുന്നത്. ഇന്ന് ഈ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ എഴുന്നേറ്റു നിൽക്കുന്ന ന്യൂജനറേഷൻ മീഡിയ ഹൗസുകളുണ്ട്. അവരൊക്കെ പിടിച്ചുനിൽക്കുന്നുണ്ട്. എനിക്ക് തോന്നുന്നത് അവർ survive ചെയ്യുമെന്നാണ്. അവർ survive ചെയ്യുകയാണെങ്കിൽ, ഒരുപക്ഷേ നമ്മൾ ഇന്ന് കാണുന്നത് വരുംതലമുറയുടെ മെയിൻസ്ട്രീം മീഡിയയുടെ ജനനമാണ്.

അഭിമുഖത്തിന്റെ പൂര്‍ണ രൂപം :
ഒരു പുതിയ മെയിൻസ്​ട്രീം മീഡിയയുടെ
​ജനനം സംഭവിച്ചുകഴിഞ്ഞു


ജോസി ജോസഫ്

മാധ്യമപ്രവർത്തകൻ, ഇൻവെസ്റ്റിഗേറ്റിവ് ജേർണലിസത്തെ വിവിധ പ്ലാറ്റ്ഫോമുകളിൽ പ്രസിദ്ധീകരിക്കുന്ന കോൺഫ്ലുവൻസ് മീഡിയയുടെ സ്ഥാപകൻ. ദ ഹിന്ദുവിന്റെ മുൻ നാഷണൽ സെക്യൂരിറ്റി എഡിറ്റർ. A Feast of Vultures: The Hidden Business of Democracy in Imdia, The Silent Coup: A History of India's Deep State എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments