ഇപ്പോൾ ചോദിക്കാനും
പറയാനും ആളുണ്ട്
ഇപ്പോൾ ചോദിക്കാനും പറയാനും ആളുണ്ട്
വാര്‍ത്തയില്‍ താൽപര്യങ്ങളും അനാരോഗ്യകരമായ പക്ഷം പിടിക്കലും വരുമ്പോള്‍ ഫൗളിന്റെ വിസിലടി നമുക്ക് കേള്‍ക്കാം. ഇതിനെ ഞാന്‍ പോസിറ്റീവായാണ് കാണുന്നത്. പക്ഷെ,വിമര്‍ശനത്തിലും കാണാം നിഷിപ്ത താല്പര്യങ്ങളുടെ ധാരാളിത്തം- മീഡിയ വൺ എഡിറ്റർ രാജീവ് ദേവരാജ് സംസാരിക്കുന്നു.തിങ്ക് നൽകിയ പത്തുചോദ്യങ്ങൾക്ക് 22 മാധ്യമപ്രവർത്തകരാണ് നിലപാട് വ്യക്തമാക്കിയത്. ഇതോടൊപ്പം, മാധ്യമപ്രവർത്തകരുടെ പേരിൽ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ കൂടുതൽ പ്രതികരണങ്ങൾ വായിക്കാം.
18 Aug 2020, 01:30 PM
മനില സി.മോഹന്‍: മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും ക്രൂരമായി വിമര്‍ശിക്കപ്പെടുകയാണ്. ആത്മവിമര്‍ശനപരമായിത്തന്നെ ഇതിനെ സമീപിക്കണം. എന്തുകൊണ്ട് മാധ്യമങ്ങള്‍ വിമര്‍ശിക്കപ്പെടുന്നു എന്നാണ് തോന്നിയിട്ടുള്ളത്?
രാജീവ് ദേവരാജ് : മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും ചെയ്യുന്ന തെറ്റുകളുടെ പേരിലാണ് വിമര്‍ശനം സംശയം വേണ്ട. എന്നാല്‍ എല്ലാ വിമര്‍ശനങ്ങളും നല്ല ഉദ്ദേശ്യമുള്ളതല്ല. ശരി തെറ്റുകളെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറിയതും വിമര്‍ശനത്തിനുള്ള ഇടങ്ങള്‍ ഉണ്ടായതും വളര്‍ന്നതുമെല്ലാം ഇതില്‍ പ്രധാനമാണ്. തിരുവായ്ക്ക് എതിര്‍വായില്ലാത്ത അവസ്ഥ മാറി. വാര്‍ത്ത വസ്തുതകള്‍ക്ക് വിരുദ്ധമാണെങ്കില്‍ ചോദിക്കാനും പറയാനും ആളുണ്ട്. വാര്‍ത്തയില്‍ താൽപര്യങ്ങളും അനാരോഗ്യകരമായ പക്ഷം പിടിക്കലും വരുമ്പോള്‍ ഫൗളിന്റെ വിസിലടി നമുക്ക് കേള്‍ക്കാം. ഇതിനെ ഞാന്‍ പോസിറ്റീവായാണ് കാണുന്നത്. പക്ഷെ വിമര്‍ശനത്തിലെ ക്രൂരത പലപ്പോഴും നല്ല ഉദ്ദേശ്യത്തിലല്ല എന്നതും കണ്ടിട്ടുണ്ട്. വിമര്‍ശനത്തിലും കാണാം നിഷിപ്ത താല്പര്യങ്ങളുടെ ധാരാളിത്തം.
Also Read:
എം.ജി.രാധാകൃഷ്ണന്‍ • സ്റ്റാന്‍ലി ജോണി • കെ.പി. സേതുനാഥ് • കെ.ജെ. ജേക്കബ് • അഭിലാഷ് മോഹന്‍ • ടി.എം. ഹര്‍ഷന്‍ • വി.പി. റജീന • ഉണ്ണി ബാലകൃഷ്ണന്‍ • കെ. ടോണി ജോസ് • ഇ. സനീഷ് • എം. സുചിത്ര • ജോണ്‍ ബ്രിട്ടാസ് • വി.ബി. പരമേശ്വരന്‍ • വി.എം. ദീപ • വിധു വിന്‍സെന്‍റ് • ജോസി ജോസഫ്• വെങ്കിടേഷ് രാമകൃഷ്ണന്‍ • ധന്യ രാജേന്ദ്രന്‍ • ജോണി ലൂക്കോസ് • എം.വി. നികേഷ് കുമാര്‍ • കെ.പി. റജി
ചോദ്യം: ജേണലിസ്റ്റുകള്‍ക്ക് മറ്റ് തൊഴില്‍ മേഖലകളില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും പ്രിവിലേജുകള്‍ - സവിശേഷ അധികാരം ഉണ്ട് എന്ന് കരുതുന്നുണ്ടോ? മറിച്ച് സാമൂഹികവും രാഷ്ട്രീയവുമായ എന്തെങ്കിലും പ്രതിബദ്ധത ഉണ്ടെന്ന്?
ജേണലിസ്റ്റുകള്‍ക്ക് സമൂഹത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു ജോലി ഉത്തരവാദിത്തത്തോടെ നിര്‍വഹിക്കാനുണ്ട്. സമൂഹത്തിന് ശരിയായ വിവരങ്ങള്‍ നല്‍കുക, ശരിയായ കാഴ്ചപ്പാടുകള്‍ ഉണ്ടാകുന്നതിനോ ചിന്തകള്‍ ഉണ്ടാകുന്നതിനോ സഹായിക്കുക തുടങ്ങിയ കാര്യങ്ങളില്‍ മാധ്യമപ്രവര്‍ത്തര്‍ക്ക് ഉത്തരവാദിത്തമുണ്ട്. അത് നന്നായി ചെയ്യുന്നവരെ സമൂഹം ബഹുമാനിക്കുന്നുമുണ്ട്. പക്ഷെ അതിന്റെ പേരില്‍ ഒരു സവിശേഷ അധികാരവും അവകാശവും ക്ലെയിം ചെയ്യുന്നതിനോട് യോജിപ്പില്ല. മദ്യപിച്ച് വാഹനമോടിച്ച് പൊലീസ് പിടിച്ചാല്‍ പ്രസ് ആണെന്ന് പറയുന്നതും മീഡിയ ആണെന്ന് പറഞ്ഞ് ക്യൂ തെറ്റിച്ച് നില്‍ക്കുന്നതും മുതല്‍ പലതിനും ഇടനിലക്കാരായി നില്‍ക്കുന്നത് വരെയുള്ള കാര്യങ്ങള്‍ മാധ്യമപ്രവര്‍ത്തകന്‍ എന്ന ഐഡന്റിറ്റി ഉപയോഗിച്ച് പലരും ചെയ്യുന്നുണ്ട്. വ്യക്തിപരമായി പറഞ്ഞാല്‍ സര്‍ക്കാരില്‍ നിന്ന് ഒരു ആനുകൂല്യവും ഞാന്‍ പറ്റുന്നില്ല. നിയമത്തിന് മുന്നില്‍ തൊഴിലിന്റേയോ സ്ഥാപനത്തിന്റെ പേരില്‍ ആനുകൂല്യമൊന്നും നേടിയിട്ടുമില്ല.
ചോദ്യം: നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനം എന്നൊന്നുണ്ടോ? ഉണ്ടെങ്കില്‍ / ഇല്ലെങ്കില്‍ അത് എങ്ങനെയാണ്?
നിഷ്പക്ഷതയുടെ കാര്യത്തില്‍ കുറേക്കൂടി വ്യക്തതയും പക്വതയും വരാനുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. നിര്‍ഭാഗ്യവശാല്‍ മാധ്യമനിഷ്പക്ഷത എന്ന വിഷയം കക്ഷിരാഷ്ട്രീയത്തിന്റെ അളവുകോലില്‍ കുരുങ്ങിക്കിടക്കുകയാണ്. ശരിയും തെറ്റും രണ്ട് അറ്റത്താണെങ്കില്‍ അതില്‍ നിഷ്പക്ഷത ആവശ്യമുണ്ടോ? വസ്തുതയും വസ്തുതാവിരുദ്ധതയും തമ്മിലാണ് ഏറ്റമുട്ടുന്നതെന്ന് നമുക്ക് ബോധ്യമുള്ളയിടത്ത് നിഷ്പക്ഷ നിലപാടിന് എന്ത് പ്രസക്തി ? അപ്പോള്‍ ശരിയെന്താണ് വസ്തുതയെന്താണ് എന്ന് സമൂഹത്തിന്റെ പൊതുതാല്പര്യം മുന്‍നിറുത്തി കൃത്യമായി കണ്ടെത്തുകയാണ് വെല്ലുവിളി. ഒരു രാഷ്ട്രീയത്തിന്റെയോ താല്പര്യത്തിന്റെയോ മാത്രമായുള്ള സ്ഥിരം മാധ്യമനാടകവേദികളെ തുറന്നുകാട്ടാനുളള ഒരു വഴി കൂടി ശരിയായ പക്ഷം പിടിക്കല്‍ കൊണ്ട് സാധ്യമാകുമോ എന്ന പരീക്ഷണങ്ങള്‍ ഉണ്ടാകണം. നിഷ്പക്ഷതയെ സ്വന്തം താല്പര്യങ്ങള്‍ ഒളിച്ചു കടത്താനുള്ള മറയായി മാറ്റുന്ന ചില വലിയ മാന്യന്‍മാരെ തുറന്നുകാട്ടുകയും വേണം. ടെലിവിഷന്‍ ചര്‍ച്ചകള്‍ കാണുമ്പോഴാണ് ഇത്തരം നിഷ്പക്ഷത വേണ്ട എന്ന് തോന്നുന്നത്.
ചോദ്യം: ടെലിവിഷന്‍ ജേണലിസം മാധ്യമ രംഗത്ത് കൊണ്ടുവന്ന മാറ്റങ്ങള്‍ ഗുണപരമായിരുന്നോ?
ന്യൂസ് ടെലിവിഷന്‍ ചാനലുകളുടെ വരവ് നാട്ടില്‍ പുതിയ ആവേശം ഉണ്ടാക്കിയിരുന്നു. പ്രേക്ഷകര്‍ക്ക് പുതിയ പല അനുഭവങ്ങളും അത് നല്‍കി. അപ്പപ്പോള്‍ കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞുവെന്നതും ചുരുങ്ങിയ സമയത്തിനുള്ളില്‍ പല കാഴ്ചപ്പാടുകള്‍ മനസിലാക്കാന്‍ അവസരമുണ്ടായതും കാഴ്ചക്കാരെ ടെലിവിഷന്റെ ഇഷ്ടക്കാരാക്കി. രാഷ്ട്രീയത്തിലും സാംസ്‌കാരികരംഗത്തും പൊതുജീവിതത്തിലും ഒക്കെ കാര്യങ്ങള്‍ ടെലിവിഷന് ചേരുന്ന രീതിയില്‍ എന്ന മാറ്റം പോലുമുണ്ടായി. എന്നാല്‍ കുറേക്കൂടി പക്വമാകേണ്ട കാലത്ത് അതുണ്ടായില്ല എന്നതാണ് വാസ്തവം. അനാരോഗ്യകരമായ മത്സരം കൂടിയതോടെ ഗുണനിലവാരത്തിന് പ്രാധാന്യം കുറഞ്ഞു. ശാസ്ത്രീയമല്ലാത്തതും യുക്തിരഹിതവുമായ പ്രേക്ഷകപ്രീതി അളക്കല്‍ സംവിധാനമാണ് വില്ലന്‍. നിശ്ചിത അളവിലെങ്കിലും ഗൗരവമുള്ള ടെലിവിഷന്‍ ഉള്ളടക്കം ഉണ്ടാകാത്തതിന്റെ പ്രധാന കാരണം റേറ്റിങ് അളക്കലിലെ പോരായ്മ തന്നെയാണ്.
ചോദ്യം: മതം/ കോര്‍പ്പറേറ്റുകള്‍ / രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവയുടെ നിയന്ത്രണത്തിലാണ് കേരളത്തിലെ ഭൂരിപക്ഷ മാധ്യമ പ്രവര്‍ത്തനം എന്ന് വിമര്‍ശിച്ചാല്‍? എന്താണ് അനുഭവം?
ഈ പറഞ്ഞ വിഭാഗങ്ങളൊക്കെ കേരളത്തില്‍ മാധ്യമരംഗത്ത് ഉണ്ടെന്നത് വസ്തുതയാണ്. പക്ഷെ ഇവരുടെ താൽപര്യങ്ങള്‍ വിരുദ്ധധ്രുവങ്ങളിലേക്കും വ്യത്യസ്ത സമൂഹങ്ങളിലേക്കും വിഘടിച്ച് പോകുന്നത് നല്ലതാണെന്ന തോന്നല്‍ ആണ് എനിക്കുള്ളത്. താല്പര്യങ്ങള്‍ എവിടെയെങ്കിലും ഒന്നോ രണ്ടോ ഇടത്ത് മാത്രം കേന്ദ്രീകരിക്കുന്നത് തടയാന്‍ ഇത് നല്ലതാണ്. ചില വലിയ മാധ്യമസ്ഥാപനങ്ങള്‍ കോര്‍പ്പറേറ്റ് സ്വഭാവവും സംസ്‌കാരവും വെച്ചു പുലര്‍ത്തുകയും താൽപര്യമനുസരിച്ച് വാര്‍ത്തകള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ചിലരെങ്കിലും ഉത്തരവാദിത്തത്തോടെ ഇടപെടുന്നതും ഓഡിറ്റിങ് നടത്തുന്നതും ശുഭസൂചനയാണ്. ഈ മാതൃക കൂടുതല്‍ പേര്‍ ഏറ്റെടുക്കണം. ശതകോടീശ്വരന്‍മാര്‍ ഉടമകളാകുന്ന സ്ഥാപനങ്ങള്‍ കേരളത്തില്‍ ഇപ്പോഴും അധികമില്ലെന്നത് ആശ്വാസമാണ്. വന്‍ വ്യവസായികള്‍ക്ക് അപ്പപ്പോഴുള്ള സര്‍ക്കാരുകളോടും രാഷ്ട്രീയ നേതൃത്വത്തോടുമുള്ള വിധേയത്വം കൂടിയാകുമ്പോള്‍ അവര്‍ ഉടമകളായ മാധ്യമങ്ങള്‍ വഴിപിഴയ്ക്കുന്നതിന്റെ പല ഉദാഹരണങ്ങളും നമ്മുടെ രാജ്യത്ത് ഇപ്പോഴുണ്ട്. അക്കാര്യത്തില്‍ കേരളത്തില്‍ കാര്യങ്ങള്‍ താരതമ്യേനെ മെച്ചമാണ്. ഇതില്‍ നിന്നെല്ലാം സ്വതന്ത്രമായി ക്രൗഡ്ഫണ്ടഡ് ഡിജിറ്റല്‍ ബദലുകള്‍ക്ക് കേരളത്തില്‍ സാധ്യതയുണ്ട്. പരസ്യം സ്വീകരിക്കാതെയും വിപണി ഇടപെടലുകളെ ചെറുക്കുന്നതുമാകണം അത്തരം മോഡല്‍.
ചോദ്യം: തൊഴിലിടത്തിലെ ലിംഗനീതിയെപ്പറ്റി സ്റ്റോറികള്‍ ചെയ്യുന്നവരാണ് നമ്മള്‍. ജേണലിസം മേഖലയില്‍ ലിംഗ നീതി നിലനില്‍ക്കുന്നുണ്ടോ?
കഴിഞ്ഞ 24 വര്‍ഷത്തെ എന്റെ അനുഭവത്തില്‍ ലിംഗനീതി ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ ശ്രദ്ധേയരായ ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തകരുടെ നിരയിലെ സ്ത്രീ സാന്നിധ്യം ലിംഗനീതി പരിഗണിച്ച് ആരും നല്‍കിയ സൗജന്യമല്ല. കഴിവുകൊണ്ടും നിരന്തരമായ പരിശ്രമം കൊണ്ടും പുരുഷനോട് തുല്യമായി മത്സരിച്ച് കാഴ്ചക്കാരുടെ അംഗീകാരത്തോടെ നേടിയെടുത്തതാണ്. മാധ്യമസ്ഥാപനങ്ങളില്‍ ലിംഗനീതിയേക്കാള്‍ സാമൂഹികനീതിയും പരിഗണിക്കേണ്ട കാര്യമാണ്. സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ളവരെ മാധ്യമമേഖലയിലേക്ക് പ്രത്യേകപരിശീലനം നല്‍കി കൊണ്ടുവരാന്‍ ശ്രമങ്ങള്‍തുടങ്ങിയിട്ടുണ്ട്. പരിശീലനം മാത്രം പോരാ സ്ഥാപനങ്ങളിലും ഇടം നല്‍കണം.
ചോദ്യം: ഈ മേഖലയില്‍ ഉയര്‍ന്ന തസ്തികകളില്‍ ഇരിക്കുന്നവര്‍ക്കൊഴികെ വേതന നിരക്കും പരിതാപകരമാണ്. എന്താണ് തോന്നിയിട്ടുള്ളത്?
ഉയര്‍ന്ന തസ്തികകളില്‍ ഒഴികെ വേതനം പരിതാപകരമാണ് എന്ന അഭിപ്രായത്തോട് യോജിപ്പില്ല. മുകളില്‍ നിന്ന് താഴേക്ക് വിവിധ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം കൂടുതലായിരിക്കും. അതിനൊപ്പം മുകളില്‍ നിന്ന് താഴേക്ക് വേതനത്തില്‍ വ്യത്യാസം വരുന്നത് സ്വാഭാവികമാണ്. സ്ഥാപനങ്ങളുടെ വിഭവശേഷിയനുസരിച്ച് ഇക്കാര്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം. ഉയര്‍ന്ന തസ്തികകളില്‍ ഉള്ളവര്‍ക്കും സ്ഥാപനങ്ങളുടേയും വിവിധ വിപണികളുടേയും അടിസ്ഥാനത്തില്‍ വ്യത്യാസം ഉണ്ടാകും.
ചോദ്യം: വ്യവസ്ഥാപിത മാധ്യമങ്ങളില്‍ സോഷ്യല്‍ മീഡിയയുടെ സ്വാധീനം എത്രത്തോളമുണ്ട്?
വലിയ സ്വാധീനമുണ്ട്. നമ്മുടെ നാട്ടില്‍ ടെലിവിഷന്‍ കാണുന്നവരില്‍ ബഹുഭൂരിപക്ഷവും സോഷ്യല്‍ മീഡിയയിലും സജീവമാണ്. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയോട് നിഷേധ സമീപനം സ്വീകരിച്ചിട്ട് കാര്യമില്ല. പക്ഷെ സോഷ്യല്‍ മീഡിയയില്‍ നിന്ന് എന്തെടുക്കണം എന്ത് മനസിലാക്കണമെന്നത് പ്രധാനമാണ്. ചില ടെലിവിഷന്‍ ജേണലിസ്റ്റുകളെങ്കിലും സോഷ്യല്‍ മീഡിയയെക്കുറിച്ച് വല്ലാതെ ചിന്തിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. ടെലിവിഷനില്‍ ജോലി ചെയ്യുകയും സോഷ്യല്‍ മീഡിയയില്‍ നിലവിട്ട് ആസക്തരാകുകയും ചെയ്യുന്നത് അപകടമാണ്. അടിസ്ഥാനപരമായി രണ്ടും രണ്ടാണ്. ടെലിവിഷന്‍ എഡിറ്റഡും സോഷ്യല്‍ മീഡിയ അണ്‍ എഡിറ്റഡും. പക്ഷെ സോഷ്യല്‍ മീഡിയ പലരേയും വഴിതെറ്റിക്കുന്നത് നമ്മള്‍ ഇടക്കിടെ കണ്ടു കൊണ്ടിരിക്കുന്നു.
ചോദ്യം: ചെയ്യുന്ന ജോലിയ്ക്കപ്പുറമുള്ള വായനകള്‍ക്ക് സമയം കിട്ടാറുണ്ടോ? ഏതാണ് ഏറ്റവും ഒടുവില്‍ വായിച്ച പുസ്തകം? അതെക്കുറിച്ച് പറയാമോ?
പുസ്തകവായനക്കായി കിട്ടുന്ന സമയം വളരെ കുറവാണ്. മലബാര്‍ വിപ്ലവത്തെക്കുറിച്ചുള്ള പല പുസ്തകങ്ങള്‍ വായിച്ചു തുടങ്ങിയെങ്കിലും ഒന്നും പൂര്‍ത്തിയാക്കാനായില്ല. പ്രഫ. ടി ജെ ജോസഫിന്റെ ‘അറ്റുപോകാത്ത ഓര്‍മക'ളാണ് അവസാനം മുഴുവനായി വായിച്ചു തീര്‍ത്ത പുസ്തകം. ആക്രമിച്ചവരും സംരക്ഷണം കൊടുക്കേണ്ടവരും ചേര്‍ന്ന് വേട്ടയാടിയ ഒരു നിസഹായന്റെ വേദനയായാണ് ജോസഫ് സാറിന്റെ അനുഭവം എനിക്ക് തോന്നിയത്. വായനാസമയം കൂടുതലും ചെലവിടുന്നത് പത്രങ്ങള്‍, വെബ്സൈറ്റുകള്‍ എന്നിവയിലാണ്. പിന്നെ ഞാനൊരു യുട്യൂബ് അടിമയാണ്. ധാരാളം വീഡിയോകള്‍, ഡോക്യുമെന്ററികള്‍ എന്നിവ കാണും. കേരളത്തെക്കുറിച്ചുള്ള ആരും അധികം കാണാത്ത പഴയ വീഡിയോകള്‍ പലതും പലയിടത്തുനിന്നും കണ്ടെടുത്തിട്ടുണ്ട്.
ചോദ്യം: കോവിഡ് കാലം പല തരം തിരിച്ചറിവുകള്‍ നല്‍കുന്നുണ്ട്. പത്രത്തിന്റെ ടെലിവിഷന്‍ ന്യൂസ് ചാനലുകളുടെ അതിജീവന സാധ്യത എത്രയാണ്?
കോവിഡ് കാലം മാധ്യമങ്ങള്‍ക്ക് വെല്ലുവിളിയുടെ കാലമാണ്. പത്രങ്ങളില്‍ ചിലതിന് കോപ്പിയും പരസ്യവരുമാനവും ഗണ്യമായി കുറഞ്ഞു. ദേശീയതലത്തില്‍ തന്നെ പല സ്ഥാപനങ്ങളും മാധ്യമപ്രവര്‍ത്തകരുടെ എണ്ണം കുറച്ചും എഡിഷനുകള്‍ നിറുത്തിയും പ്രതിസന്ധി നേരിടാന്‍ ശ്രമിക്കുന്നു.പരസ്യവിപണിയിലെ മാന്ദ്യം ടെലിവിഷന്‍ ചാനലുകള്‍ക്കും തിരിച്ചടിയായിട്ടുണ്ട്. ഈ ഘട്ടം അതിജീവിക്കാന്‍ കഴിയും പക്ഷെ വിജയകരമായ നിലനില്‍പ്പിന് പുതിയ വരുമാന സ്രോതസുകള്‍ കണ്ടെത്തുകയും വിപണി തന്ത്രങ്ങള്‍ക്ക് രൂപം കൊടുക്കുകയും വേണ്ടി വരും. ഇതിനോടൊപ്പം ഡിജിറ്റല്‍ വളര്‍ച്ചയ്ക്ക് അനുസരിച്ചുള്ള ഘടനാമാറ്റങ്ങളും വേണ്ടിവരും.
കെ.കെ. സുരേന്ദ്രൻ / കെ. കണ്ണൻ
Jan 18, 2021
20 Minutes Read
ജിയോ ബേബി / മനില സി. മോഹന്‍
Jan 16, 2021
54 Minutes Watch
മുനവറലി ശിഹാബ് തങ്ങൾ / മനില സി. മോഹന്‍
Dec 31, 2020
41 Minutes Watch
പ്രമോദ് പുഴങ്കര
Dec 20, 2020
23 Minutes Read
ശ്രീജിത്ത് ദിവാകരന്‍
Dec 17, 2020
9 Minutes Read
ആർ. രാജഗോപാല്‍
Dec 14, 2020
10 Minutes Read
Chandrakumar JP
19 Aug 2020, 10:51 AM
സമഗ്രമായ പരിശോധനയ്ക്ക് തുനിയുന്നു! നല്ലത്! അച്ചടി മാധ്യമം മാത്രം ഉണ്ടായിരുന്ന കാലത്ത് ഇത്തരം പരിശോധനകൾ സാധ്യമല്ലായിരുന്നു! അന്ന് സ്വയാർജ്ജിത professional ethics മാധ്യമ രംഗത്തുണ്ടായിരുന്നു എന്നതും യാഥാർത്ഥ്യം!