‘സാംസ്‌കാരിക നായകർ'; ഇന്ന്​ ഞാൻ ഏറ്റവും വെറുക്കുന്ന വാക്ക്​- സാറാ ജോസഫ്​

‘‘എന്റെ രാഷ്ട്രീയശരികളോട് യോജിക്കാത്ത കഥാപാത്രങ്ങളെയും എനിക്ക് സൃഷ്ടിക്കേണ്ടിവരും. അവർ ഉൾപ്പെടുന്ന സംഭവങ്ങളും അതിന്റെ ആഖ്യാനം പോലും എന്റെ രാഷ്ട്രീയനിലപാടിന് വിരുദ്ധമായേക്കാം, അതേസമയം, എന്റെ കൃതികളിലെ സൂക്ഷ്മരാഷ്ട്രീയം എന്റെ വായനക്കാരോട് സംവദിക്കുകയും ചെയ്യും’’- എഴുത്തുകാരുടെയും എഴുത്തിന്റെയും രാഷ്​ട്രീയം എന്ന സംവാദത്തിൽ സാറാ ജോസഫും എസ്. ശാരദക്കുട്ടിയും തമ്മിലുള്ള സംഭാഷണം ട്രൂ കോപ്പി വെബ്​സീനിൽ.

Truecopy Webzine

‘‘ഞാനൊരു പ്രതികരണത്തൊഴിലാളിയല്ല. എന്തിനും, ഏതിനും പ്രതികരിക്കാനും അഭിപ്രായം പറയാനുമുള്ള ഒരു ബാധ്യതയും എനിയ്ക്കില്ല. ഇന്ന് ഞാനേറ്റവും വെറുക്കുന്ന വാക്ക് ‘സാംസ്‌കാരിക നായകർ' എന്നതാണ്. എന്നെ വെറുതെവിടുക. ഞാൻ സാംസ്‌കാരിക നായികയല്ല, ഒരെഴുത്തുകാരിയാണ്. ഒരനീതിയോട് പ്രതികരിക്കേണ്ടതുണ്ട് എന്നെനിയ്ക്ക് ഉത്തമബോധ്യമുള്ള കാര്യത്തിൽ ഞാൻ പ്രതികരിച്ചിരിക്കും. ഒരു സമൂഹവ്യക്തി എന്ന നിലയിൽ പ്രതികരിക്കാനുള്ള ബാധ്യത ഓരോ വ്യക്തിയ്ക്കുമുണ്ട്. അതു ചെയ്യാതെ ‘സാംസ്‌കാരിക നായകർ' എന്തുകൊണ്ട് പ്രതികരിച്ചില്ല എന്ന ആസൂത്രിത ചോദ്യവുമായി വരുന്നവർ നിക്ഷിപ്ത താത്പര്യക്കാരാണ്. അവരെ തിരുത്തുക അസാധ്യം’’- എഴുത്തുകാരുടെയും എഴുത്തിന്റെയും രാഷ്​ട്രീയം എന്ന സംവാദത്തിൽ സാറാ ജോസഫും എസ്. ശാരദക്കുട്ടിയും തമ്മിലുള്ള സംഭാഷണം ട്രൂ കോപ്പി വെബ്​സീനിൽ.

‘‘എനിയ്ക്ക് ‘നീതി'യായിരിക്കുന്നത് മറ്റൊരാൾക്ക് ‘അനീതി'യായിരിക്കാം. ജാതിവിവേചനത്തിന്റെ നാറുന്ന ചളിയിൽ മുങ്ങിക്കിടക്കുന്നവർക്ക് അതായിരിക്കും ‘നീതി'യായി ബോധ്യപ്പെടുന്നത്. അവരിൽ എഴുത്തുകാരും കലാകാരരും വായനക്കാരും നീതിപാലകരും ന്യായാധിപരും ഉണ്ട്. അവർ കൂടി ഉൾപ്പെടുന്നതാണ് സമൂഹം. പല ‘നീതി'കളുടെ വൈരുദ്ധ്യവും ഏറ്റുമുട്ടലുകളുമാണ് ദൈനംദിന വ്യാപാരം.’’

‘‘എഴുത്തിലെ പ്രതിബദ്ധതെയന്നാൽ ഏതെങ്കിലും രാഷ്ട്രീയപ്രസ്ഥാനത്തോടോ പാർട്ടിയോടോ ഉള്ള പ്രതിബദ്ധതയാണെന്ന് കരുതുന്ന എഴുത്തുകാർക്ക് അവരെത്ര വലിയ എഴുത്തുകാരായാലും, ചിന്താ സ്വാതന്ത്ര്യമടക്കം പണയം വെച്ച് എഴുതേണ്ടിവരുന്നു. പ്രചാരണ സാഹിത്യത്തേക്കാൾ അപകടമാണത്.’’

‘‘ജനങ്ങളുമായി നേരിട്ടിടപഴകലാണ് ആക്ടിവിസത്തിൽ സംഭവിക്കുന്നത്. അവരുടെ പ്രശ്നങ്ങളിൽ അവരോടൊപ്പം നിന്ന് പ്രവർത്തിക്കലാണത്. അവർക്ക് ആവിഷ്‌കരിക്കാൻ കഴിയാത്തവയെ ആവിഷ്‌കരിക്കാൻ എഴുത്തുകാർക്ക് കഴിയുമെന്ന അവരുടെ വിശ്വാസത്തെ, പ്രതീക്ഷയെ ബഹുമാനിക്കലാണത്. എഴുത്തുകാരൻ/ എഴുത്തുകാരി ആൾക്കൂട്ടത്തിന് നടുവിലായിരിക്കുമ്പോൾ അവർ ചൂണ്ടിക്കാണിച്ചുതരുന്ന സത്യങ്ങളെ പുതിയൊരു വെളിച്ചത്തിൽ തിരിച്ചറിയാനാവുന്നു. സർവോപരി തങ്ങൾക്കെന്താണ് സംഭവിക്കുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനും അവരെ ഐക്യപ്പെടുത്താനും കഴിയുന്നു. അവരുടെ പോരാട്ടങ്ങളിൽ പങ്കാളിയാവുകയെന്നാൽ വലിയൊരു തിരിച്ചറിവ് നേടുകയെന്നാണർഥം. ഈ തിരിച്ചറിവ് എഴുത്തിൽ പ്രതിഫലിക്കുക സ്വാഭാവികമാണ്.’’

‘‘എന്റെ രാഷ്ട്രീയശരികളോട് യോജിക്കാത്ത കഥാപാത്രങ്ങളെയും എനിക്ക് സൃഷ്ടിക്കേണ്ടിവരും. അവർ ഉൾപ്പെടുന്ന സംഭവങ്ങളും അതിന്റെ ആഖ്യാനം പോലും എന്റെ രാഷ്ട്രീയനിലപാടിന് വിരുദ്ധമായേക്കാം, അതേസമയം, എന്റെ കൃതികളിലെ സൂക്ഷ്മരാഷ്ട്രീയം എന്റെ വായനക്കാരോട് സംവദിക്കുകയും ചെയ്യും. ആരുടെയെങ്കിലും പൊളിറ്റിക്കൽ കറക്ട്നസ് ധാരണകളുടെ കുറ്റിയിൽ കൊണ്ടുചെന്ന് കെട്ടാനാവില്ല എഴുത്തിനെ’’- സാറാ ജോസഫ്​ പറയുന്നു.

സാറാ ജോസഫ് / എസ്. ശാരദക്കുട്ടി
സംഘടിതശ്രമങ്ങൾക്കിടയിൽ
എഴുത്തുകാർ പതുക്കെ നിശ്ശബ്ദരാക്കപ്പെടുന്നുമുണ്ട്
ട്രൂ കോപ്പി വെബ്​സീൻ പാക്കറ്റ്​ 85

Comments