കോവിഡ് കാലത്ത് ലൈംഗിക തൊഴിലാളികൾ എങ്ങനെ ജീവിക്കുന്നു? നളിനി ജമീല സംസാരിക്കുന്നു

കോവിഡ് കാലത്ത് സഹായമായി ലൈംഗിക തൊഴിലാളികൾക്ക്​ ലഭിക്കുന്നത് റേഷനരിയും, അയൽപക്കങ്ങളിലുള്ളവർ കൊടുക്കുന്ന പലവ്യഞ്ജനങ്ങൾ അടങ്ങുന്ന കിറ്റും മാത്രമാണ്. അതുപോലും ലൈംഗിക തൊഴിലാളി താമസിക്കുന്ന സ്ഥലത്തിനു അടുത്തെങ്കിലും എത്തിച്ചു കൊടുക്കാൻ ആളുകൾക്ക് മടിയാണ്. ഇതുവരെ ഒരു ലൈംഗിക തൊഴിലാളിയും പട്ടിണികിടന്നു മരിച്ചു എന്ന വാർത്ത ഒരു മാധ്യമങ്ങളും റിപ്പോർട്ട് ചെയിതിട്ടില്ല. അങ്ങനെ ഉണ്ടാകല്ലേ എന്ന് പ്രതീക്ഷിച്ചു ജീവിക്കുകയാണ്. മറക്കരുത്, ഞങ്ങളും വിശക്കുന്ന മനുഷ്യർ തന്നെയാണ്

തൊഴിൽ പ്രതിസന്ധി എന്നത്തേക്കാളും രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ പൊതു ജീവിതത്തെ, ലിംഗവിചാരങ്ങളുടെ മാനങ്ങളിലൂടെ മാത്രം വിശദീകരിക്കാനാവില്ല. അതേസമയം, ലൈംഗിക തൊഴിൽ മേഖലയും ലൈംഗിക തൊഴിലാളികളായ സ്ത്രീകളും നേരിടുന്ന കോവിഡ് കാല ദുരിതങ്ങളെ ലിംഗ ബോധ്യങ്ങളിലൂടെയും നമ്മുടെയൊക്കെ ലൈംഗിക സങ്കൽപങ്ങളിലൂടെയും തന്നെയാണ് കാണേണ്ടത്. അതിരുവൽക്കരിക്കപ്പെട്ട പെൺസമൂഹത്തിന്റെ ദൃശ്യമായ കൂട്ടായ്മയാണ് ലൈംഗിക തൊഴിലാളികൾ. ശാരീരിക അകലമെന്ന കോവിഡ് നിയന്ത്രണം ഒരു പക്ഷെ ഏറ്റവും അധികം ബാധിക്കപ്പെട്ട ഇടം ഇവിടമാണ്. പറയാനും അറിയാനും കാണാനും തൊടാനും ഇരുട്ടിന്റെ മറവിൽ മാത്രം ശക്തമായി ആഗ്രഹിക്കുന്ന പുരുഷന്റെ ലോകമാണ് അവരുടെ ജോലിസ്ഥലം. അപരിചിതത്വം ഒട്ടും അംഗീകരിക്കപ്പെടാത്ത കോവിഡ് കാലം ഈ സ്ത്രീകളെ നിസ്സാരമായൊന്നുമല്ല ബാധിച്ചത്. ആർക്കും വേണ്ടാതെ, നോക്കാതെ, ഇടപെടാതെ, ഭക്ഷണത്തിനും കിടപ്പാടത്തിനും ആരോഗ്യ സംബന്ധമായ ആവശ്യങ്ങൾക്കും മറുകൈ ഇല്ലാതെ നമുക്കിടയിൽ ലൈംഗിക തൊഴിലാളികളും ജീവിക്കുന്നു. എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ നളിനി ജമീല ഇപ്പോൾ ലൈംഗിക തൊഴിൽ ചെയ്യുന്നില്ലെങ്കിലും, ഈ വിഷയത്തിൽ അവരുടെ കാഴ്ചപ്പാടുകൾ പൊതുസമൂഹത്തിന്റെ കോവിഡ് കാല ചർച്ചകളിലേക്കെത്താൻ ഈ അഭിമുഖം സഹായകമാവും.

ആൽവിൻ പോൾ ഏലിയാസ്: പുതിയ സാധാരണത്വം കേരളത്തിന്റെ സാമൂഹ്യ-സാംസ്‌കാരിക-സാമ്പത്തിക അവസ്ഥകളെ ബാധിക്കുമ്പോൾ മലയാളികളുടെ ഇതുവരെയുള്ള ജീവിതവീക്ഷണങ്ങൾ മാറിക്കൊണ്ടിരിക്കുകയാണ്. തൊഴിലെന്ന പ്രധാന സമസ്യയോടൊപ്പം വ്യത്യസ്തമായ ജീവിതരീതികളും നമ്മുടെ പരിചിതമായ നിയന്ത്രണത്തിന് അതീതമായി കൊണ്ടിരിക്കുന്നു. ഈ ഒരു സാഹചര്യത്തിൽ ലൈംഗിക തൊഴിൽ മേഖലയിലെ കോവിഡ് ഇടപെടൽ എത്രത്തോളമാണ്?

നളിനി ജമീല: കോവിഡ് എല്ലാ മേഖലയെയും വ്യത്യസ്ത രീതികളിൽ ബാധിച്ചിട്ടുണ്ട്. അതിജീവനം പഠിച്ച മനുഷ്യന്റെ, എല്ലാത്തിനും ഒരു ബദൽ മാർഗം കാണുവാനുള്ള ശ്രമം ഒരു പരിധി വരെ വിജയിച്ചു എന്നത് ആശ്വാസമാണ്. പക്ഷേ മറ്റു തൊഴിൽ മേഖലയിൽ ഓൺലൈൻ സാധ്യത നിലനിൽക്കുമ്പോൾ അതൊന്നും ഇല്ലാത്ത ലൈംഗിക തൊഴിയിൽ മേഖല ഏറെ പ്രതിസന്ധിയിലാണ്. ലൈംഗികത ആസ്വദിക്കുന്നത് രണ്ടു വ്യക്തികൾ ഒന്നിച്ചു ചേർന്നിരുന്നുകൊണ്ടാണ്. അതിനായി രണ്ട് ഇടങ്ങളിൽ നിന്നുള്ള അപരിചിതരായ ആ രണ്ടു വ്യക്തികൾ ഒരുമിച്ചു വരേണ്ട സാഹചര്യം അവിടെയുണ്ട്. വ്യത്യസ്ത സ്ഥലങ്ങളും വ്യക്തികളും ഒന്നിച്ചു ചേരുന്നത് ഏറെ കോവിഡ് സാധ്യത നിലനിർത്തുന്ന ഒന്നാണ്.

ഇക്കാരണങ്ങളാൽ പലരും ഇന്ന് ലൈംഗിക ആവശ്യങ്ങൾക്കായി മറ്റുള്ളവരെ സമീപിക്കാൻ ഭയപ്പെടുന്നു. അതുമാത്രമല്ല, യാത്ര ചെയ്യേണ്ട ആവശ്യകത ഈ മേഖലയ്ക്ക് ഉള്ളതിനാൽ വീണ്ടും പ്രതിസന്ധി കൂടുകയാണ്. ലോക്ക്ഡൗൺ മൂലം വാഹനസൗകര്യങ്ങൾ ഇല്ലാത്തതിനാൽ clients-നെ നേരിൽ കണ്ടെത്തുന്നതിനു ഒരുപാട് ബുദ്ധിമുട്ടുണ്ട്, അല്ല, കണ്ടെത്താനേ കഴിയുന്നില്ല എന്നു തന്നെ പറയണം.

ലൈംഗികതയെ തുറന്നുപറയാൻ പോലും ഇത്രയും ഉന്നതിയിൽ എത്തിയെന്നു വാദിക്കുന്ന നമ്മുടെ സമൂഹം എന്തുകൊണ്ടാണെന്ന് മടിക്കുന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു. പൊതുവെ ലൈംഗികതയെ മറ്റു തൊഴിൽ ഇല്ലാത്ത സാഹചര്യങ്ങളിൽ മാറ്റിവെക്കേണ്ട ഒന്നായിട്ടാണല്ലോ നമ്മളിൽ പലരും കണക്കാക്കുന്നത്. ഇക്കാരണങ്ങൾ കൂട്ടി ചേർത്ത് വായിക്കുമ്പോൾ എല്ലാവർക്കും മനസിലാകുന്നപോലെ, ഒരു പരസ്യമായ സത്യം പോലെ, ലൈംഗിക തൊഴിലാളികൾ ഏറെ അവശനിലയിൽ തങ്ങളുടെ ജീവിതം ഈ മഹാമാരിയോടൊപ്പം തള്ളി നീക്കുകയാണ്.

ചോദ്യം: ലൈംഗിക മേഖലയിൽ തൊഴിൽരാഹിത്യം നൽകുന്ന ഭീതിദമായ സാഹചര്യത്തെ അതിജീവിക്കുന്നതിനായി മറ്റൊരു തൊഴിൽ തേടുന്നത് എത്രത്തോളം ഉചിതമാണ്?

ആദ്യമായി പറയട്ടെ, കോവിഡ് കാലഘട്ടത്തിൽ ലൈംഗിക തൊഴിലാളികൾക്ക് മറ്റൊരു തൊഴിൽ കിട്ടുമെന്ന പ്രതീക്ഷ പോലും പാടില്ല. സാധാരണ സാഹചര്യങ്ങളിൽ പോലും ലൈംഗിക തൊഴിലാളി ആണെന്നുള്ള ഒറ്റ കാരണം കൊണ്ട് തന്നെ വീട്ടുജോലിക്കോ ഹോം നേഴ്‌സിങ്ങിനോ അല്ലെങ്കിൽ മറ്റൊരു ജോലിക്കു പോലും ആരും അവരെ പരിഗണിക്കുന്നില്ല. നിലവിലെ സാഹചര്യങ്ങളിൽ, അവരെ കൂടുതൽ കോവിഡ് റിസ്‌ക് ഉള്ളവരായിട്ടാണ് കണക്കാക്കുന്നത്. അവർക്ക് ഒരുതരത്തിലും മുന്നോട്ട് പോകാൻ കഴിയുന്നില്ല. ഏറെ ദുരിതങ്ങൾ അവർ ഇതുവരെ അനുഭവിച്ചു. ഇപ്പോഴും അനുഭവിക്കുന്നുമുണ്ട്. പ്രതീക്ഷയില്ലാത്തതിനാൽ തന്നെ, മറ്റൊരു തൊഴിൽ തേടിയവരെയും എനിക്കു പരിചയവുമില്ല.

ചോദ്യം: പരസ്പര സഹായങ്ങളാണല്ലോ മനുഷ്യന്റെ അതിജീവനത്തിനു തണലാകുന്നത്. ലൈംഗിക തൊഴിലാളികളെ സഹായിക്കാനായി നിലകൊള്ളുന്ന സന്നദ്ധ സംഘടനകളോ സർക്കാർ അധിഷ്ഠിതമായ സ്ഥാപനങ്ങളോ മറ്റു സാമൂഹ്യ പ്രവർത്തകരോ ഇത്തരം ഒരു സാഹചര്യത്തിൽ എന്തൊക്കെ സഹായങ്ങൾ ആണ് നൽകിയിട്ടുള്ളത്?

അതെ, പരസ്പര സഹായങ്ങൾ മാത്രമാണ് എവിടെയും ആശ്വാസമാകുന്നത്. പക്ഷേ ഇവിടെ സ്ഥിതി വ്യത്യസ്തമാണ്. സഹായങ്ങളായി ആകെ അവർക്ക് ലഭിക്കുന്നത് കുറച്ച്​ റേഷനരിയും, അയൽപക്കങ്ങളിലുള്ളവർ കൊടുക്കുന്ന പലവ്യഞ്ജനങ്ങൾ അടങ്ങുന്ന കിറ്റും മാത്രമാണ്. (‘അവർ' എന്ന് പറയാൻ കാരണം ഞാൻ ഈ ഫീൽഡിൽ ഇപ്പോൾ ഇല്ലാത്തതുകൊണ്ടാണ്). പക്ഷേ വിതരണം ചെയ്യുമ്പോൾ അതുപോലും ലൈംഗിക തൊഴിലാളി താമസിക്കുന്ന സ്ഥലത്തിനു അടുത്തെങ്കിലും എത്തിച്ചു കൊടുക്കാൻ ആളുകൾക്ക് മടിയാണ്.

മറ്റൊരുകാര്യം, സാമൂഹ്യ പ്രവർത്തന മേഖലയിൽ കൂടുതലും പുരുഷന്മാരാണ്. ആയതുകൊണ്ടുതന്നെ അവരിൽ പലർക്കും, ലൈംഗിക തൊഴിലെടുക്കുന്നവർ എവിടെയാണെന്നും, അവർക്ക് സഹായം എത്തിച്ചുകൊടുക്കണമെന്നും മറ്റുള്ളവരോട് പറയാൻ പോലും മടിയാണ്. ഇനി ഒരു വിധം പറയുവാൻ തയാറായാൽ തന്നെ, ‘നീ എങ്ങനെയാണ് അതെല്ലാം അറിയുന്നത്' എന്ന ചോദ്യം അവരെ ഒരുപാട് പിന്നിലേക്കു വലിക്കുന്നുണ്ട്. വളരെ വിശാലമാനസർ എന്ന് പറയുന്നവർ പോലും ലൈംഗിക തൊഴിലാളിയോടുള്ള ബന്ധം പുറത്തുപറയാൻ തയ്യാറാകാത്ത കാലമാണിത്. പക്ഷേ അവിടെയും വ്യത്യസ്തരായ വ്യക്തികളുണ്ട്.

അടുത്ത കാലത്ത് എന്റെ രണ്ടു പെൺസുഹൃത്തുക്കൾക്ക് മരുന്നിന് ആവശ്യം വന്നപ്പോൾ ഞാൻ എന്റെ ഒരു ഉത്തമ പുരുഷസുഹൃത്തിനെ ബന്ധപ്പെടുകയും, അദ്ദേഹം വഴി മരുന്ന് അവരുടെ താമസസ്ഥലത്ത് എത്തിക്കാൻ ശ്രമിക്കുകയും ചെയ്തു. പക്ഷെ പലരെയും പേടിച്ചിട്ടു എന്റെ സ്ത്രീ സുഹൃത്തുകൾ മറ്റൊരു സ്ഥലം പറയുകയും, ശേഷം ഇവർ അവിടെ എത്തിയാണ് മരുന്ന് വാങ്ങികൊണ്ടുപോയത്. അത് എന്നെ ഏറെ വേദനപ്പെടുത്തി.

ഈ സന്നിഹിത ഘട്ടത്തിൽ പോലും ഇവരുടെ വീട്ടിലേക്ക് ഒരു പുരുഷൻ കടന്നുവന്നാൽ, സാദാചാര സംരക്ഷകർ വിചാരിക്കുന്നത്, ഈ സമയത്തുപോലും അവൻ എന്തിനു വേണ്ടി അവളെ തേടി എന്നാണ്. ഇത് ആക്രമണങ്ങളിലേക്ക് വരെ കൊണ്ടെത്തിക്കുമോ എന്ന് ഭയക്കുന്നു. കാരണം എത്തിയ വ്യക്തിക്ക് കോവിഡ് ഉണ്ടാകാൻ സാധ്യത നിലനിൽക്കുന്നതിനാൽ ഇവരെ ആക്രമിച്ചു എന്നുവരെ ന്യായം പറയാം. ഇവർക്ക് കോവിഡ് ഒരു വടി പോലെയാണ്.

ഇത്രയും ബുദ്ധിമുട്ടുന്നത് കാണുമ്പോൾ ഞാൻ എന്റെ സാഹിത്യ ലോകത്തെ സുഹൃത്തുക്കളോട് സഹായം ചോദിക്കാറുണ്ട്. അവരിൽ പലരും ആവശ്യകരുടെ അക്കൗണ്ട് നമ്പർ ചോദിക്കുകയും, അതിലേക്ക് പണം അയക്കാം, നേരിൽ അവിടെ പോകുന്നതിൽ വ്യക്തിപരമായി ബുദ്ധിമുട്ടുണ്ട് എന്നാണ് മറുപടി പറയുന്നത്. പക്ഷെ പലർക്കും ബാങ്ക് അക്കൗണ്ട് ഇല്ലാത്തതിനാൽ അടുത്തുള്ളവരുടെ അക്കൗണ്ട് നമ്പർ കൊടുത്തിട്ടാണ് സഹായം വാങ്ങുന്നത്.

ചോദ്യം: മഹാമാരി വരുത്തി വെച്ച തൊഴിൽ പ്രതിസന്ധി കോവിഡിനു ശേഷവും പൂർണമായി മാറുമെന്നു തോന്നുന്നുണ്ടോ? കോവിഡാനന്തര കാലഘട്ടത്തിൽ ലൈംഗിക തൊഴിൽമേഖല നേരിടാൻ സാധ്യതയുള്ള പ്രശ്‌നങ്ങൾ എന്തെല്ലാമായിരിക്കും? അതിനുവേണ്ടി എന്തൊക്കെയാണ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്?

കോവിഡിനുശേഷവും ഏറെ വെല്ലുവിളി നിലനിൽക്കുന്നുണ്ട്. ഈ മഹാമാരി വിട്ടുപോയ ശേഷം മറ്റൊരു ബോധവൽകരണത്തെക്കുറിച്ചാണ് ഞാൻ ആലോചിക്കുന്നത്. ഈ പകർച്ചവ്യാധി വിട്ടുപോയെന്നും ലൈംഗിക തൊഴിലാളിയിൽ നിന്ന് ഇനി മറ്റാരിലേക്കും ഈ അസുഖം പകരില്ലയെന്നും എല്ലാവർക്കും തിരിച്ചറിവ് ഉണ്ടാകണം. ഒപ്പം ഇവർക്ക് കോവിഡ് ഇല്ലെന്നുള്ള സർട്ടിഫിക്കറ്റ് കൂടെ കൊണ്ടുനടക്കണമോ എന്നുകൂടെ ആലോചിക്കേണ്ടിയിരിക്കുന്നു. അത്രത്തോളം പ്രശ്‌നങ്ങൾ ഇതുകഴിഞ്ഞും ഇവർ നേരിടേണ്ടി വരും. വല്ലാത്തൊരു വിവേചനം തന്നെയാണ് നിലനിൽക്കുന്നത്. ഈ കാലയളവിൽ ഇന്ത്യക്കാർ സൗകര്യ പൂർവ്വം മറക്കുന്ന ഒരു ചരിത്രമുണ്ട്. ഞങ്ങൾ ഈ സമൂഹത്തിനുവേണ്ടി ചെയ്ത ഒരു വലിയ സേവനത്തിന്റെ ചരിത്രം.

1995-96 കാലഘട്ടത്തിലാണ് ലൈംഗിക തൊഴിലാളികളുടെ ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് ആദ്യമായി ചർച്ച വരുന്നത്. HIV എന്ന അസുഖമായി ബന്ധപെട്ടാണത് തുടങ്ങുന്നത്. എന്നാൽ അത് ഒരിക്കലും ലൈംഗിക തൊഴിലാളികളുടെ ആരോഗ്യത്തിനു മുൻഗണന കൊടുക്കുന്നതല്ലായിരുന്നു. HIV ബോധവൽക്കരണവും കോൺഡം വിതരണവും ഒന്നിച്ചുവന്നപ്പോൾ ആരോഗ്യ മേഖലയിലുള്ള പുരുഷന്മാരെല്ലാവരും പറഞ്ഞത്, ഇത് ലൈംഗിക അവയവവുമായി ബന്ധമുള്ളതിനാൽ ഇക്കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അവർക്ക് ബുദ്ധിമുട്ട് ഉണ്ടെന്നാണ്. ശേഷം ഇത് സന്നദ്ധ സംഘടനകൾ എറ്റെടുത്തു.

അവിടെയും സമാന പ്രശ്‌നം. പിന്നീട് ഇവർ ബോധവൽകരണം എന്ന ആശയത്തിൽ പുരുഷ്യനോട് പറഞ്ഞതെന്തന്നാൽ HIV നിനക്ക് ലൈംഗിക തൊഴിലാളിയിൽ നിന്ന് കിട്ടുമെന്നും അത് നീ ഭാര്യക്ക് കൊണ്ടുപോയി കൊടുക്കുമെന്നുമാണ്. പക്ഷെ ലൈംഗിക തൊഴിലാളികൾ ഒരു പരിധിക്കപ്പുറം യാത്ര ചെയ്യാത്തവരായതിനാൽ HIV ആദ്യം കിട്ടിയിട്ടുണ്ടാവുക പുരുഷ്യനിൽ നിന്നായിരിക്കുമെന്നാണ് എന്റെ നിഗമനം. ലൈംഗിക തൊഴിലാളി എന്ന സർട്ടിഫിക്കറ്റുമായി ഇന്ത്യക്കുവെളിയിൽ പോയിട്ടുള്ളത് ഞാൻ ഉൾപ്പെടെ രണ്ടുപേർ മാത്രമാണ്.

പുരുഷൻ HIV കൊണ്ടുവന്ന് ലൈംഗിക തൊഴിലാളിക്ക് കൊടുത്തുവെന്നും അതുവഴി മറ്റു പുരുഷന്മാർ അവരുടെ ഭാര്യമാർക്ക് കൊടുത്തു എന്നൊന്നും ആരും ചിന്തിക്കുകയോ പറയുകയോ ചെയ്തില്ല. മറിച്ച്, ഞങ്ങൾ വഴി ഇതു പടരാൻ സാധ്യയുള്ളതുകൊണ്ട് ഞങ്ങൾ പുരുഷന്മാർക്ക് ബോധവൽക്കരണം നടത്തണം എന്നു ഒരു ഉത്തരവാദിത്തം പോലെയാണ് ഈ പ്രൊജക്റ്റ് ഞങ്ങൾക്ക് കിട്ടുന്നത്. ഇതിലെ പ്രശ്‌നം എന്താന്നെന്നാൽ ഞങ്ങൾ കുറ്റക്കാരായി ചിത്രീകരിക്കപ്പെടുകയും ആയതുകൊണ്ട് ഇത് ഏറ്റുറ്റെടുക്കാൻ ബാധ്യസ്ഥരാണെന്നു വരുത്തിതീർക്കുകയും ചെയ്തു.

പക്ഷെ ഞങ്ങൾ ചിന്തിച്ചത് മറിച്ചാണ്. ഞങ്ങളുടെ client ആരോഗ്യവാനായിരിക്കുക എന്നത് ഞങ്ങൾക്കും ഞങ്ങളുടെ തൊഴിലിനും ഒരേപോലെ ആവശ്യമയതുകൊണ്ട് ഞങ്ങൾ HIV ബോതവൽക്കരണവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചു. ലൈംഗികത സംസാരിക്കാൻ തക്ക തരത്തിൽ തങ്ങളുടെ നാവ് വളർന്നിട്ടില്ല എന്ന മട്ടിലാണ് ഞങ്ങളെ പോലെ തന്നെ സംസാരശേഷിയുള്ള ബാക്കി മനുഷ്യരുടെ ചിന്ത.

അതെന്തുമായികൊള്ളട്ടെ, ചരിത്രം പരിശോധിച്ചാൽ മനസിലാകും, ഞങ്ങൾ ബോധവൽകരണം നടത്തിയ മേഖലകളിൽ എല്ലാം HIV കുറഞ്ഞുവെന്നു. അതുപോലെ തന്നെ ഞങ്ങൾ ലൈംഗിക തൊഴിലാളികളുടെ ഇടയിലാണ് ഇത് ഏറ്റവും കുറവും. ഇത് മനസ്സിലാക്കി കോവിഡ് ബോധവൽക്കരണത്തിനും ഞങ്ങളെയും ഉപയോഗിക്കാവുന്നതിന്റെ സാധ്യത എന്തുകൊണ്ട് ഈ ഗവണ്മെന്റ് ചിന്തിക്കുന്നില്ല. ഞങ്ങൾ കോവിഡ് ബോധവൽക്കരണ രംഗത്തേക്ക് വരുന്നത് വഴി ഞങ്ങളുടെ ദാരിദ്ര്യവും മാറിക്കിട്ടും, ഒപ്പം താനൊരു ലൈഗിക തൊഴിലാളിയാണെന്ന് പുറത്തുപറയാൻ മടിക്കുന്നവരും അഭിമാനത്തോടെ തുറന്നു പറയുന്ന നിലയിലേക്ക് എത്തുകയും ചെയ്യും.

ചോദ്യം: HIV ബോധവൽക്കരണ പ്രവർത്തനങ്ങൾ എത്രത്തോളം നളിനി ജമീലയെന്ന വ്യക്തിയെ സ്വാധീനിച്ചിരുന്നു? ഈ സേവനങ്ങളെ സമൂഹം മാനിക്കാനും അർഹിക്കുന്നതരത്തിൽ ആദരിക്കാനും വൈകിപ്പോയിരുന്നോ?

ഞാൻ എന്ന സാമൂഹ്യ പ്രവർത്തകയെയും എഴുത്തുകാരിയെയും വാർത്തെടുത്തതും ഒപ്പം ഇന്നും അഭിമാനത്തോടെ ഞാനൊരു ലൈംഗിക തൊഴിലാളിയാണെന്ന് പറയുവാനുമുള്ള കെൽപ്പ് തന്നതും സമൂഹത്തിന്റെ മുൻനിരയിലേക്ക് ഞങ്ങളെ എത്തിച്ചതും HIV ബോധവൽക്കരണം തന്നെയാണ്. എങ്കിലും ഇതിനോടൊപ്പം ഒന്നുടെ കൂട്ടി ചേർക്കട്ടെ, ആ സമയത്ത് ഇറങ്ങിയ എന്റെ ഒരു പുസ്തകം ഇന്ത്യയിലെ 10 ബെസ്റ്റ് സെല്ലറുകളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പക്ഷെ നളിനീ ജമീല എന്ന എഴുത്തുകാരിക്ക് അർഹമായ അംഗീകാരം, അത്തരം ഒരു പുരസ്‌കാരം കിട്ടിയിട്ടും, ഒരിടത്തുനിന്നും ലഭിച്ചിട്ടില്ല. അതിൽ എനിക്ക് ദുഃഖമുണ്ട്. മുൻനിരയിൽ നിന്നിരുന്ന എനിക്ക് ഇത്തരം അനുഭവം ആണെങ്കിൽ ബാക്കിയുള്ളവരുടെ കാര്യം പറയേണ്ടതില്ലലോ.

സമൂഹം ഞങ്ങളെ അംഗീകരിക്കാൻ മടിക്കൂന്നുണ്ട്. എങ്കിലും സത്യം എന്തെന്നാൽ മുംബൈയിലെ ധാരാവി എന്ന വലിയ പട്ടണത്തിൽ HIV ബോധവല്കരണം നടത്തിയപ്പോൾ അവിടുത്തെ HIV ബാധ കുറഞ്ഞു. National sex workers forum എന്ന സംഘടനയുടെ പ്രവർത്തനം അവിടെ സ്തുത്യർഹമായി നടത്തുവാൻ കഴിഞ്ഞു. കേരളത്തിന് പുറത്ത് പല സ്ഥലത്തും അവർ പല സാമൂഹ്യപ്രവർത്തനങ്ങളും നടത്തി. അവിടെല്ലാം ഒരു പരിധിവരെ അവർക്ക് അംഗീകാരം ലഭിച്ചു. പക്ഷെ കേരളം എന്നും ഈ കാര്യത്തിൽ ഏറെ പിന്നിലാണ്.

ഇപ്പോഴും National sex workers forum ഈ കോവിഡ് കാലഘട്ടത്തിലും അവരാൽ കഴിയുന്നപോലെ ദുരിതത്തിലായവർക്ക് പണവും മറ്റും നൽകി സഹായിച്ചു വരുന്നു. അങ്ങനെയെല്ലാം ഉണ്ടെങ്കിലും കേരളത്തിൽ ഞങ്ങളോടുള്ള വിവേചനം ഇപ്പോഴും വ്യക്തമാണ്. കേരളത്തിൽ ലൈംഗിക തൊഴിലാളിക്ക് പബ്ലിക് ആയി ഒരു വീട് പോലും വാടകയ്ക്ക് കൊടുക്കുന്നില്ല. ലൈംഗിക തൊഴിലാളിയും ആവശ്യക്കാരനും ഇരുട്ടിൽ നിന്നുകൊണ്ടാണ് തൊഴിൽ ചെയ്യുന്നത്. ഇരുട്ടിൽ കിട്ടിയാൽ മാത്രം അനുഭവിക്കാവുന്ന ഒന്ന് മാത്രമായി ലൈംഗികതയെ തെറ്റായി വ്യാഖ്യാനിക്കുന്ന അവസ്ഥ ഏറെ ദുഃഖകരമാണ്.

കോവിഡിന് ഒരു മുഖം മൂടി, അതുപോലെ മാന്യതയ്ക്കും ഒരു മുഖം മൂടി! മുഖംമൂടി അണിഞ്ഞെങ്കിലും ഞങ്ങളെ പോലുള്ളവരെ സഹായിച്ചുകൂടെ? കാരണം കോവിഡിന് ശേഷവും അവർക്ക് ഈ ആവശ്യവുമായി ഇറങ്ങുമ്പോൾ ലൈംഗിക തൊഴിലാളികൾ ഇവിടെ ജീവനോടെ വേണമല്ലോ.

ചോദ്യം: കോവിഡിനുശേഷവും ലൈംഗിക തൊഴിലാളികളുടെ ആവശ്യം നിലനിൽക്കുമെന്നതിൽ സംശയമില്ല. അപ്രതിക്ഷിത വെല്ലുവിളിയായി വന്നു ചേർന്ന ഈ കോവിഡ് കാലയളവിലെ ലൈംഗിക തൊഴിലാളികളുടെ അസാനിദ്ധ്യം എത്രത്തോളം clients-നെ ബാധിച്ചിട്ടുണ്ടാകും?

കോവിഡ് കാലയളവിൽ മദ്യം കിട്ടാതെ പലരും വിഷമിക്കുകയും ആത്മഹത്യ ചെയുകയും ചെയ്തപോലെ കുറെ പുരുഷന്മാരും ലൈംഗിക തൊഴിലാളികളെ കിട്ടാത്തതുകൊണ്ട് ബുദ്ധിമുട്ടുന്നുണ്ട്. തമാശയല്ല ഞാൻ പറയുന്നത്. ഒരു ആവശ്യക്കാരൻ ഞങ്ങളിൽ ഒരു സ്ത്രീയെ സമീപിക്കുമ്പോൾ സെക്‌സ് മാത്രമല്ല അവിടെ നടക്കുന്നത്. അവർ പരസപരം സംസാരിക്കാറുണ്ട്.

ഭാര്യമാരോടോ സുഹൃത്തുക്കളോടോ മറ്റാരോടും തന്നെ തുറന്നു പറയാൻ പറ്റാത്ത പലതും അവിടെ ചർച്ച ചെയൂന്നു. ലൈംഗികതയുടെ ബാലപാഠങ്ങൾ അവിടെ അവർ സംസാരിക്കുന്നു. ചുരുക്കി പറഞ്ഞാൽ അവിടെ സെക്‌സ് വർക്ക് മാത്രമല്ല പകരം ഒരു കൗൺസലിങ് കൂടെ മനോഹരമായി നടന്നുപോകുന്നു. എന്റെ അനുഭവത്തിലും ഞാൻ ഇത്തരത്തിലുള്ള കൗൺസലിങ് നടത്തിയിട്ടുണ്ട്. ഒരു ബെഡ് റൂം പങ്കിടുമ്പോൾ രണ്ടു മനുഷ്യർ തമ്മിലുള്ള അകലം ഇല്ലാതാവുകയാണ്. ശരീരത്തിനു മാത്രമല്ല മനസ്സിനും സുഖം ലഭിക്കുന്നു. അതും ഒരു ആവശ്യകതയണല്ലോ.

ചോദ്യം: കോവിഡ് മനുഷ്യന്റെ സാമൂഹ്യ ജീവിതം ഇല്ലാതാക്കി, സഞ്ചാരങ്ങളെ ചുരുക്കി, കാഴ്ചകളെയും കേൾവികളെയും വീടിന്റെ ഉള്ളിലേക്ക് ഒതുക്കി. ഈ സാഹചര്യത്തിൽ കുടുംബങ്ങളിൽ കഴിയുന്ന സ്ത്രീകളുടെ ജീവിതങ്ങളെ എങ്ങനെ നോക്കി കാണുന്നു?

കോവിഡ് കാലത്തെ ലിംഗബോധങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ മറന്നുപോകാൻ പാടില്ലാത്തവരാണ് കുടുംബങ്ങളിൽ കഴിയുന്ന വിവാഹിതരായ സ്ത്രികൾ. ലോക്ക്ഡൗൺ സാഹചര്യങ്ങൾ കാരണം ഭർത്താക്കന്മാരുടെ എല്ലാവിധ കാര്യങ്ങളും ഒരു അടിമയെ പോലെ അവർ ചെയ്യേണ്ടി വരുന്നു. ഓഫീസ് ജോലി ഇല്ലാത്ത ഭർത്താക്കന്മാർ, ഓഫീസിൽ ഓരോന്ന് ആവശ്യപ്പെടുന്നപോലെ ഭാര്യമാരോടാണ് എല്ലാം ചോദിക്കുന്നത്, അല്ല ആജ്ഞാപിക്കുന്നത്. ഒപ്പം മുഴുവൻ സമയവും വീട്ടിൽ ഇരിക്കുന്ന മക്കളെ പറ്റിയുള്ള പരാതി വേറെയും. വിശ്രമിക്കാൻ ഒരിടവേളയും അവർക്ക് കിട്ടുന്നില്ല.

ചോദ്യം: സ്ത്രീ-പുരുഷ ലൈംഗികതയെ കുറിച്ചുള്ള സംസാരങ്ങളിൽ പലപ്പോഴും ഇടം കുറഞ്ഞു പോയിരുന്നവയാണ് സ്വവർഗ്ഗ ലൈംഗികത. ഇത്രയും കാലത്തെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ, നളിനീ ജമീല മനസിലാക്കിയ സ്വവർഗ്ഗ ലൈംഗികതെ എന്താണെന്നു പങ്കുവെക്കാമോ?

സ്വവർഗാനുരാഗികൾക്ക് അമിത ലൈംഗിക താൽപര്യമാണെന്ന് പലരും പറയുന്നുണ്ട്, പക്ഷെ അങ്ങനെയല്ല എന്നുമാത്രമല്ല അവർക്ക് ലൈംഗികതയല്ല പ്രധാന വിഷയം. അവരുടെ രതിക്കും താൽപര്യങ്ങൾക്കും വ്യത്യാസം ഉണ്ടെന്നല്ലാതെ അവരും മറ്റുള്ളവരുമായി യാതൊരു വ്യത്യാസവും ഇല്ല. കാരണം ആയിരം പേരെ എടുത്താൽ ആയിരത്തിയൊന്നു രതികളാണുള്ളത്. വ്യത്യസ്തങ്ങളായ രതികളാണ് എല്ലാം.

ദൃഢശരീരമുള്ള ഒരു പുരുഷനോട് എനിക്ക് താൽപര്യം തോന്നിയതുകൊണ്ട് മറ്റൊരാളോടും എനിക്ക് തോന്നാൻ പാടില്ല എന്നില്ലലോ. അതാണ് എന്റെ രതി, ഒപ്പം എന്റെ തൊഴിലും. സാമ്പാറും അവിയലും തമ്മിൽ ചേരുവകളിൽ വലിയതോതിലുള്ള വ്യത്യാസം ഇല്ലാത്ത പോലെ തന്നെയാണ് വ്യത്യസ്ത രതികളും. എനിക്ക് സെക്‌സ് ഒരുപാട് ആസ്വദിക്കാൻ ഇഷ്ടമുണ്ടായിരുന്നില്ല. ഒരു എഴുത്തുകാരനായ എന്റെ ഒരു ക്ലയന്റ് ഒരിക്കൽ ഒരു സ്റ്റുഡിയോയിൽ വെച്ച് ഇങ്ങനെ പറയുകയുണ്ടായി, നളിനിയെ നിങ്ങൾ ഒരു സെക്‌സ് ബോംബ് ആയി കാണേണ്ട ആവശ്യം ഇല്ല. കാരണം നളിനിയിൽ രതി വളരെ കുറവാണ്.

മറ്റുള്ളവരും ലൈംഗിക തൊഴിലാളികളും തമ്മിലുള്ള ഒരു വ്യത്യാസം എന്താണെന്നാൽ ഞങ്ങൾക്ക് ലൈംഗികതയുടെ ബാല പാഠങ്ങൾ അറിയാം എന്നതാണ്. അമ്പതു കഴിഞ്ഞവരും എന്റെ അടുക്കൽ വന്ന് ഭാര്യയെ തൃപ്തിപ്പെടുത്തേണ്ടത് എങ്ങനെയെന്നു ചോദിച്ചറിഞ്ഞിട്ടുണ്ട്. ഒരു കാര്യം കൂട്ടി ചേർക്കാനുള്ളത്, ഒരേ കട്ടിലിൽ കിടന്നുറങ്ങിയിട്ടും ഒരേ കാറിൽ യാത്ര ചെയ്തിട്ടും എന്നോട് രതി ആവശ്യപ്പെടാത്ത കുറെ പുരുഷ സുഹൃത്തുക്കൾ എനിക്കുണ്ട് എന്നതാണ്, എന്റെ ശരീരം ആവശ്യമില്ലാത്തവർ.

ചോദ്യം: നളിനീ ജമീലയെന്ന വ്യക്തി ഇപ്പോൾ അറുപതുകളിലാണ്. ലോക്ക്ഡൗൺ പരിമിതികൾ അറുപതുകഴിഞ്ഞവരെ പുറത്തിറങ്ങാനോ ജോലിക്ക് പോകണോ അനുവദിക്കുന്നില്ല. മുതിർന്ന പൗരന്മാരുടെ അതിജീവനം എങ്ങനെ നോക്കി കാണുന്നു?

മുതിർന്ന പൗരന്മാരെ കുറിച്ചു സംസാരിക്കുമ്പോൾ പലരും മറക്കുന്ന കാര്യമാണ്, അവരിലും സ്വയം അധ്വാനിച്ചു ജീവിക്കുന്നവരും ഉണ്ട് എന്നത്. പുറത്തിറങ്ങാതെ അവർ എങ്ങനെ ജീവിക്കുന്നു എന്നുപോലും സർക്കാരോ മറ്റാരും അന്വേഷിക്കുന്നില്ല. മറ്റുള്ള വീടുകളിൽ ജോലിക്ക് പോയി കുടുംബം നോക്കുന്ന അല്ലെങ്കിൽ സ്വന്തം കാര്യം നോക്കുന്ന പ്രായമായവർക്ക് ഇപ്പോൾ വരുമാനം നിലച്ചു. മുന്നോട്ട് എങ്ങനെ എന്നത് വലിയ ഒരു ചോദ്യമാണ്.

സമൂഹത്തിൽ മുതിർന്ന പൗരന്മാർക്കും പരിഗണന ലഭിക്കണം. ജീവിതമാർഗം തടയപ്പെട്ടവരെയും അത്യാവശ്യ സഹായങ്ങൾ ലഭിക്കേണ്ടവരുടെ കൂട്ടത്തിൽ ചേർത്ത് സഹായ പ്രവർത്തനങ്ങൾ തുടങ്ങിയെങ്കിൽ മാത്രമേ അവർക്കും തുടർന്നു ജീവിക്കാൻ കഴിയൂ. ഞാനും തൊഴിൽ ചെയ്ത് ജീവിച്ചിരുന്ന വ്യക്തിയാണ്, പക്ഷെ ഇപ്പോൾ കഴിയുന്നില്ല.

ഞാൻ ആവർത്തിക്കുന്നു, ലൈംഗിക തൊഴിലും തൊഴിലാളികളും ഏറെ പ്രതിസന്ധിയിലാണ്. എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ പെട്ടന്നാവട്ടെ. ഇതുവരെ ഒരു ലൈംഗിക തൊഴിലാളിയും പട്ടിണികിടന്നു മരിച്ചു എന്ന വാർത്ത ഒരു മാധ്യമങ്ങളും റിപ്പോർട്ട് ചെയിതിട്ടില്ല. അങ്ങനെ ഉണ്ടാകല്ലേ എന്ന് പ്രതീക്ഷിച്ചു ജീവിക്കുകയാണ്. മറക്കരുത്, ഞങ്ങളും വിശക്കുന്ന മനുഷ്യർ തന്നെയാണ്.

(ഡി.സി ബുക്‌സിനുവേണ്ടി ഡോ. റ്റിസി മറിയം തോമസ് എഡിറ്റ് ചെയ്യുന്ന കോവിഡുകാലത്തെ ലിംഗവിചാരങ്ങൾ എന്ന പുസ്തകത്തിനുവേണ്ടി തയ്യാറാക്കിയത്)

Comments