നിരോധിത സംഘടനയായ സി.പി.ഐ മാവോയിസ്റ്റുമായി ബന്ധമുണ്ടെന്നും അതിന്റെ പ്രവര്‍ത്തകരാണെന്നും ആരോപിച്ച് 2019 ഒക്ടോബര്‍ 31ാം തിയ്യതി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരം (യു.എ.പി.എ) കേരളാ പൊലീസ് അറസ്റ്റു ചെയ്ത അലന്‍ ഷുഹൈബിന്റെ പിതാവ് ഷുഹൈബ് സംസാരിക്കുന്നു. ഇടതുപക്ഷ രാഷ്ട്രീയ ആശയങ്ങളും ഇടതുപക്ഷ പ്രായോഗിക രാഷ്ട്രീയവും ഭരണതലത്തിലേക്ക് വരുമ്പോള്‍ എങ്ങനെ പരസ്പരം വൈരുധ്യമുണ്ടാകുന്നു, ഇന്ത്യന്‍ സാഹചര്യത്തില്‍ ഇടതുപക്ഷം എത്തിപ്പെട്ട അവസ്ഥയെ കുറിച്ച്, പിണറായി വിജയനെ കുറിച്ച്, സി.പി.ഐ.എമ്മിന്റെ നയവൈകല്യങ്ങളെ കുറിച്ച് ഷുഹൈബ് നിലപാട് വ്യക്തമാക്കുന്നു. (പന്തീരങ്കാവ് യു.എ.പി.എ കേസില്‍ താഹയ്ക്കും അലനും ജാമ്യം അനുവദിച്ചു. എന്‍.ഐ.എ പ്രത്യേക കോടതിയാണ് 2020 സപ്തംബർ ഒമ്പതിന് ജാമ്യം അനുവദിച്ചത്)
8 Apr 2020, 02:20 AM
യു.എ.പി.എ പാര്‍ട്ടിയുടെ നയമല്ലയെന്ന് പിണറായി വിജയന്‍ പറഞ്ഞതായി, അലനേയും താഹയേയും അറസ്റ്റു ചെയ്തതിനുശേഷം താങ്കള്‍ തന്നെ പ്രതീക്ഷയോടെ പറഞ്ഞിരുന്നു. എന്നാല്‍ യു.എ.പി.എ ഇപ്പോഴും നിലനില്‍ക്കുന്ന സാഹചര്യമാണ് ഇവിടെയുള്ളത്. ഈ വൈരുദ്ധ്യത്തെ എങ്ങനെയാണ് കാണുന്നത്?
ഇന്ത്യന്‍ സാഹചര്യത്തില്‍ ഭരണകൂടം നടപ്പില്‍ വരുത്തുന്ന കരിനിയമങ്ങള്‍ക്കെതിരായി ആശയതലത്തില്‍ ഇടതുപക്ഷത്തിന് ജനകീയ നിലപാട് എടുക്കേണ്ടതായി വരുന്നുണ്ട്. അതുകൊണ്ടാണ് മഹാരാഷ്ട്രയിലൊക്കെ ഞങ്ങള്‍ പതിനഞ്ച് ഇടതുപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് ബന്ദ് നടത്തിയാതെണെന്നൊക്കെ കാനം പറയുന്നത്. അതാണ് വേണ്ടതും.
പക്ഷെ ഇടതുപക്ഷം ഭരണത്തില്‍ വരുമ്പോള്‍ മറ്റേതോ താല്‍പര്യം വരികയും ഇത് എതിര്‍ക്കപ്പെടേണ്ടതാണ്, ഭരണവും ഭരണകൂടവും വേറെ തന്നെയാണെന്നൊക്കെ പ്രത്യയശാസ്ത്രപരമായി പറയുന്ന നേതാക്കന്മാരുടെ ഇടയിലുള്ള വൈരുദ്ധ്യം നമുക്ക് മനസിലാവുകയും ചെയ്യുന്നു.
അപ്പോഴാണ് ഇ.എം.എസ് പറഞ്ഞ ഭരണത്തോടൊപ്പവും സമരവും എന്നുള്ള മുദ്രാവാക്യത്തിന് പ്രസക്തിയേറുന്നത്. പക്ഷേ ഇപ്പോള്‍ ഭരണക്കാർ ഇടതുപക്ഷമാകുമ്പോള്‍ സമരം ചെയ്യുന്നവര്‍ തങ്ങള്‍ക്കെതിരാണ് എന്ന രീതിയില്‍ വ്യാഖ്യാനിച്ചു പോവുന്നു. ആ വ്യാഖ്യാനമാണ് തെറ്റ്. അതുകാരണം യുവജനസംഘടനകള്‍ മുഴുവന്‍ നിശബ്ദരാകുകയാണ് ചെയ്യുന്നത്.
ഇന്ത്യന്‍ സാഹചര്യത്തില്‍ കൂടുതല്‍ ശക്തമായി, കൂടുതല്‍ നന്നായി ആശയ രൂപീകരണത്തിനുവേണ്ടി കരിനിയമങ്ങള്‍ക്കെതിരായി നിലപാടെടുക്കുകയല്ലേ വേണ്ടത്. അത് ചെയ്യുന്നില്ല. പകരം ഞങ്ങളുടെ ഭരണമാണ്, ഇപ്പോള്‍ ഞങ്ങളുടെ അളിയന്മാരാണ് പൊലീസ് എന്ന രീതിയിലുള്ള തെറ്റായ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനും നിശബ്ദരാവുന്നതിനുമാണ് ഇടവരുന്നത്.
കേരളത്തിന് പുറത്തേക്ക് പോയിക്കഴിഞ്ഞാല്‍, കേരളം സമരങ്ങളുടെ പൂക്കാലമുണ്ടായിരുന്ന ഇടമാണ്, അല്ലെങ്കില്‍ പ്രതികരിക്കുന്നവരുടെ ഇടമാണ്, ഇവിടെ എല്ലാവരും മതേതരവാദികളാണ് എന്നൊക്കെ കുട്ടികള്‍ പറയുമ്പോള്‍ കേരളത്തിലെ ക്യാമ്പസുകള്‍ മുഴുവന്‍ വിപ്ലവകാരികളുടെ കയ്യിലാണ്. അവിടങ്ങളില്‍ അലന്‍ താഹ വിഷയത്തില്‍ ഒരു പോസ്റ്ററുപോലും ഒട്ടിക്കപ്പെട്ടിട്ടില്ല എന്നുള്ളതാണ്. അത് അശ്ലീലമാണ്.
ജനതാദളിന്റെ ഒരുവിഭാഗത്തിലെ യുവജനങ്ങള്‍, ജയപ്രകാശ് നാരായണന്റെ സന്ദേശങ്ങളും ലോഹിയ പോലെയുള്ള ആള്‍ക്കാരുടെ അടിയന്തരാവസ്ഥയ്ക്കെതിരായിള്ള സമരങ്ങളുടെയൊക്കെ ആവേശം ഉള്‍ക്കൊണ്ട് പന്തീരാങ്കാവ് മുതല്‍ വിയ്യൂർ വരെ ഒരു വാഹനപ്രചരണ ജാഥ നടത്തി. അതില്‍ വിളിച്ചപ്പോള്‍ ഞാന്‍ പോകുകയാണ് ചെയ്തത്. അതേപോലെ തന്നെ അടുത്തിടെ വിയ്യൂരില്‍ മകനെ കാണാനായി പോയപ്പോള്‍ അതിന്റെ മുമ്പില്‍ ഷെഡ് കെട്ടി അവിടെ അവര്‍ നിരാഹാരമിരിക്കുന്നത് കണ്ടിരുന്നു. അതാണ് കേരളം. പ്രതികരിക്കുന്ന മനുഷ്യരുടെ അവസാനത്തെ പ്രതീക്ഷയാണ് സമരം എന്നു പറയുന്നത്. നിലവില്‍ ഇടതുപക്ഷം 'പ്രതീക്ഷ' എന്ന വാക്കിന് അര്‍ത്ഥം കിട്ടാത്തവിധം ജീര്‍ണിച്ചിരിക്കുന്നു.
അലനും ത്വാഹയും അറസ്റ്റു ചെയ്യപ്പെട്ട ഉടന്‍ പാര്‍ട്ടിയുടെ ജില്ലാ നേതൃത്വം, സംസ്ഥാന നേതൃത്വം ഇപ്പോഴെടുത്ത നിലപാടിന് വിരുദ്ധമായ ഒരു നിലപാടാണ് കൈക്കൊണ്ടിട്ടുള്ളത്. ഇതൊരുപക്ഷേ പൊലീസിന് വാശിയുണ്ടാക്കുകയോ ഒക്കെ ചെയ്തതിന്റെ ഫലമായിട്ടാണ് കേസ് ഇത്രയും സ്ട്രോങ്ങാക്കാനുള്ള തെളിവുകള്‍ ഉണ്ടാക്കപ്പെട്ടത് എന്നൊക്കെയുള്ള വ്യാഖ്യാനങ്ങളുണ്ട്. പാര്‍ട്ടിയുടെ ജില്ലാ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും ഇടയില്‍ എന്തുകൊണ്ടായിരിക്കാം അങ്ങനെയൊരു കോണ്‍ഫ്ളിക്ട് വന്നത്? ഇപ്പോള്‍ സംസ്ഥാന നേതൃത്വത്തിന്റെ ലൈനിലേക്ക് തന്നെ ജില്ലാ നേതൃത്വം എത്തുകയും ചെയ്തിട്ടുണ്ട്.
കോഴിക്കോടുള്ള പാര്‍ട്ടിയുടെ താഴെ തട്ട് മുതല്‍ മുകളിലെ തട്ടില്‍വരെയുളള ആള്‍ക്കാര്‍ക്ക് അറസ്റ്റു ചെയ്യുന്ന സമയത്തും ഈ വിഷയത്തില്‍ യാതൊരു വിധ അഭിപ്രായ വ്യത്യാസവും ഇല്ല എന്നുള്ളതാണ്. തുടക്കത്തില്‍ അവരെല്ലാവരും ഏകസ്വരത്തിലാണ് ഈ കുട്ടികളോടൊപ്പം നിന്നത്. താഹമുദ്രാവാക്യം വിളിച്ചതുമായൊക്കെ ബന്ധപ്പെട്ട് ചില ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ അതൊക്കെ പൊലീസുകാര് സൃഷ്ടിച്ചതാണ് എന്ന രീതിയിലുള്ള വ്യാഖ്യാനത്തോടുകൂടിത്തന്നെ കുട്ടികളോടൊപ്പം നില്‍ക്കുന്ന നിലപാടാണ് ഏരിയാ കമ്മിറ്റിയാണെങ്കിലും ജില്ലാ കമ്മിറ്റിയാണെങ്കിലുമൊക്കെ എടുത്തിട്ടുള്ളത്.
കുട്ടികള്‍ അറസ്റ്റിലായി മണിക്കൂറുകള്‍ക്കകം അജിത പൊലീസ് സ്റ്റേഷനില്‍ പോലും അന്വേഷിച്ച് യു.എ.പി.എയുടെ ഗൗരവമൊക്കെ വിളിച്ചു പറഞ്ഞിരുന്നു. അജിതയാണ് പറഞ്ഞത് നമുക്ക് മുഖ്യമന്ത്രിയെ കാണാം. അദ്ദേഹം ഇവിടെയുണ്ടെന്ന്. നവോത്ഥാന കമ്മിറ്റിയുമായൊക്കെ ബന്ധപ്പെട്ട് അടുത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ മുഖ്യമന്ത്രിയുമായും പി.എയുമായൊക്കെ അവര്‍ക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് അജിതയെ കൂട്ടി ഞങ്ങള്‍ അവിടെ പോകുന്നത്. ആ സമയം മുതല്‍ തന്നെ അതിന്റെ ഉള്ളിലുള്ള വൈരുദ്ധ്യം എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.
എങ്ങനെ?
ഞങ്ങള്‍ ഒപ്പിട്ടുകൊടുക്കേണ്ട പേപ്പറില്‍ ആറരയ്ക്കോ ആറേ മുക്കാലിനോ പിടിച്ചു എന്നാണ് പൊലീസുകാര്‍ എഴുതിയിട്ടുള്ളതെന്നാണ് ഞങ്ങള്‍ മുഖ്യമന്ത്രിയോട് പറഞ്ഞത്. പക്ഷേ മുഖ്യമന്ത്രി രണ്ടുപ്രാവശ്യം ഞങ്ങളോട് ഇങ്ങോട്ട് പറയുന്നത്, പത്തുമണിക്കല്ലേ പിടിച്ചത്, എന്നാണ്. അപ്പോള്‍ ഏതോ പൊലീസുകാരോ മറ്റോ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. പൊലീസിനെക്കുറിച്ചൊക്കെയുള്ള അദ്ദേഹത്തിന്റെ ഇതുവരെയുള്ള രാഷ്ട്രീയ അനുഭവം മാറ്റിവെച്ചുകൊണ്ട് അദ്ദേഹം അതങ്ങനെ തന്നെ വിശ്വസിച്ചു എന്നുള്ളതാണ്.
ഒരമ്മ കരഞ്ഞുകൊണ്ട് പറയുകയാണ്, മകന്‍ സാധാരണ നിലയ്ക്ക് താമസിച്ച് വീട്ടില്‍ വരാറില്ല, തൊട്ടടുത്തുള്ള ബ്രാഞ്ച് യോഗങ്ങളില്‍ പങ്കെടുക്കുമ്പോഴേ പതിനൊന്ന് മണി വരെയൊക്കെ ആകാറുള്ളൂ. അല്ലാത്ത ദിവസം നേരത്തെ വന്ന് ഉറങ്ങിയിട്ട് രാവിലെ ഏഴു മണിക്ക് എണീറ്റ് പോവും. കഴിഞ്ഞ ഒരുമാസത്തോളമായി ഞാന്‍ തന്നെയാണ് അവനെ കെ.എസ്.ആര്‍.ടി.സിയിലോ അല്ലെങ്കില്‍ റെയില്‍വേ സ്റ്റേഷനിലോ കൊണ്ടുവിടുന്നത്. അവന്റെ ദൈനംദിന ഇടപെടലില്‍ യാതൊരു ദുരൂഹതയും ഞങ്ങള്‍ കണ്ടിട്ടില്ല. അങ്ങനത്തെ മകനാണ് പന്ത്രണ്ട് മണിയായിട്ടും വീട്ടിലെത്തിയില്ല സര്‍, രണ്ടു മണിയായിട്ടും വീട്ടിലെത്തിയില്ല സര്‍. ആക്സിഡന്റോ മറ്റോ പറ്റിയെന്നാണ് ഞങ്ങള്‍ കരുതിയതെന്ന്.
അതിനുമുമ്പ് അവർ ഞാന്‍ സാവിത്രി ടീച്ചറുടെ മകളാണെന്നൊക്കെ പറഞ്ഞുകൊണ്ട് പരിചയപ്പെടുത്തിയിരുന്നു. അതൊക്കെ അറിയാമെന്നുള്ള രീതിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പക്ഷേ ഞങ്ങള് സമയം പറഞ്ഞപ്പോള്‍, 'പത്ത് മണിക്ക് പിടിച്ചുവെന്നാണല്ലോ ഞാനറിഞ്ഞത്' എന്ന് അദ്ദേഹം പറഞ്ഞു. അപ്പോള്‍ ആറുമണിക്കാണ് പിടിച്ചതെന്ന് ഞാനും കയറി പറഞ്ഞു. ആറുമണിക്ക് അങ്ങാടിയില്‍ നിന്നും പിടിച്ചയാളെ അവിടെ കൊണ്ടുപോയി ചോദ്യം ചെയ്തത് ആറര, ആറേമുക്കാല്‍ എന്നാണ് എഴുതിയിട്ടുള്ളത്. പക്ഷേ രണ്ടുപ്രാവശ്യം അദ്ദേഹം ഞങ്ങളോട് പറഞ്ഞത് പത്തുമണിക്കാണെന്നാണ്. കൂട്ടത്തില്‍ അന്വേഷിക്കാമെന്നും പറഞ്ഞു.
ഈ അന്വേഷിക്കാമെന്ന് പറഞ്ഞ്, അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ വിചാരിക്കുന്നതുപോലെയല്ല, കുട്ടികള്‍ക്ക് ചില ബന്ധങ്ങള്‍ ഉണ്ട് എന്നോ കുട്ടികളെ സഹായിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ട് എന്നോ ഇന്നുവരെ ഒരു ദൂതനേയും വിട്ട് മുഖ്യമന്ത്രി ഞങ്ങളോട് ഇങ്ങനെ പറഞ്ഞിട്ടില്ല എന്നുള്ളതാണ്. അവിടെയാണ് അലന്റെ അമ്മ പറഞ്ഞത്, ഇതൊരു ഇരട്ടത്താപ്പാണെന്ന്.
മുഖ്യമന്ത്രിയുടെ പക്കല്‍ നിന്നും ഞങ്ങള്‍ പുറത്തിറങ്ങി അരമണിക്കൂറിനുള്ളിലാണ് അവര്‍ മാവോയിസ്റ്റുകള്‍ ആണ് എന്നു പറഞ്ഞുള്ള പൊലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ടുവരുന്നത്. അതും സംഭവിക്കാന്‍ പാടില്ലാത്തതാണ്. കാരണം സി.എം സ്വാഭാവികമായിട്ടും ഡി.ജി.പി ബെഹ്റയേയായിരിക്കും അന്വേഷിക്കാന്‍ ഏല്‍പ്പിച്ചിട്ടുണ്ടാവുക. ബെഹ്റ താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥനോട് അന്വേഷിക്കാന്‍ പറയും. മുഖ്യമന്ത്രിയാണ് പത്രസമ്മേളനം നടത്തിയിട്ടോ മറ്റോ ലോകത്തിനോട് കാര്യം പറയേണ്ടത്. അല്ലെങ്കില്‍ നമ്മളെ അറിയിക്കേണ്ടത്. ഇവിടെ അത് സംഭവിക്കാതെ ജില്ലാ പൊലീസ് മേധാവി പ്രഖ്യാപിക്കുകയാണ് അവര്‍ മാവോയിസ്റ്റുകളാണെന്ന്. ഇതുകൊണ്ടാണ് മുഖ്യമന്ത്രി തെറ്റിദ്ധരിക്കപ്പെട്ടു, അല്ലെങ്കില്‍ നിസഹായനായ മുഖ്യമന്ത്രിയാണ് എന്ന് വ്യക്തിപരമായി ഞാന്‍ വിശ്വസിക്കുന്നത്.
പതിനാല് വയസുമുതല്‍ അലനെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് പൊലീസ് ഭാഷ്യം. അത്തരത്തിലുള്ള നിരീക്ഷണത്തിന്റേതായ സൂചനകള്‍ അറിയാന്‍ പറ്റിയിട്ടുണ്ടോ? എന്താണ് അങ്ങനെയൊരു ചര്‍ച്ച തന്നെ വരാന്‍ കാരണം?
എനിക്കു തോന്നുന്നത് അങ്ങനെയൊരു സാഹചര്യം ഉണ്ടാവാന്‍ കാരണം, പാറ ചന്ദ്രന്‍ എന്നുപറഞ്ഞിട്ട് ഒരു അധ്യാപകന്‍ ആഴ്ചവട്ടം സ്‌കൂളില്‍ ഉണ്ടായിരുന്നു. അദ്ദേഹം ലെനിന്‍ രാജേന്ദ്രന്‍ മുതല്‍ കെ.ആര്‍ മോഹനന്‍ വരെയുള്ള ആള്‍ക്കാരെ ഒന്നാം ക്ലാസിലേയും രണ്ടാം ക്ലാസിലേയും കുട്ടികളോട് സംവദിക്കാന്‍ വേണ്ടി വിളിച്ചുകൊണ്ടുവന്നിട്ടുണ്ടായിരുന്നു. സിനിമകള്‍ കാണിച്ചുകൊടുക്കുമായിരുന്നു. എഴുതാനും വായിക്കാനും പഠിപ്പിച്ചുകൊടുക്കുമായിരുന്നു. അവിടെ പോസ്റ്റല്‍ സംവിധാനം (ക്ലാസില്‍ നിന്നും ക്ലാസുകളിലേക്ക് കത്തയക്കാനുള്ള ഒരു സ്കൂള്‍ സംവിധാനം) ഉണ്ടായിരുന്നു. അത് ആദ്യമായിട്ട് കോഴിക്കോട് വരുന്നത് മോനൊക്കെ പഠിക്കുന്ന സമയത്താണ്. അവിടെ പി.ടി.എ പ്രസിഡന്റുമായിരുന്നു ഞാന്‍.
അഞ്ചാം ക്ലാസ് മുതല്‍ അവന് സെന്‍ട്രല്‍ ലൈബ്രറിയില്‍ മെമ്പര്‍ഷിപ്പുണ്ട്. വായനയുടെ ഏരിയയിലേക്ക് ഒരാള്‍ കടന്നുവരുന്നു. അന്ന് മൊബൈല്‍ ഫോണില്ല. ആഴ്ചവട്ടം സ്‌കൂളിന്റെ അടുത്തുനിന്ന് ബസ് കയറിയാല്‍ സിറ്റി സ്റ്റാന്റില്‍ ഇറങ്ങാമെന്നും അവിടെ നിന്നും നടന്നുപോയാല്‍ സെന്‍ട്രല്‍ ലൈബ്രറിയില്‍ എത്താമെന്നും ചില്‍ഡ്രന്‍ സെക്ഷനില്‍ ഇരുന്നാല്‍ ഇത്രമണിയാകുമ്പോഴേക്കും ഞാന്‍ വരുമെന്നും അവനറിയാം. ഞമ്മള്‍ തമ്മിലുള്ള കരാര്‍ അങ്ങനെയായിരുന്നു. ഇത്രമണിയാകുമ്പോഴേക്കും ഞാന്‍ വരും, അതുവരെ പുറത്തേക്ക് ഇറങ്ങേണ്ട എന്ന തരത്തില്‍. അതിനുശേഷം ടൗണ്‍ഹാളിലോ മറ്റോ എന്തെങ്കിലും പരിപാടിയുണ്ടെങ്കില്‍ എന്റെ കൂടെ തന്നെ അവനുണ്ടാവും. അതൊരാളുടെ തുടക്കമാണ്.
ആ തുടക്കം ഒമ്പതാം ക്ലാസും പത്താം ക്ലാസുമെത്തുമ്പോഴേക്കും അവന്‍ എന്നെ ആശ്രയിക്കാതെ തന്നെ അവിടുത്തേക്കെത്തുന്ന തലത്തില്‍ വളര്‍ന്നു. ആ വളര്‍ച്ച അയാളെ പുസ്തകം വായിക്കുന്നതിലേക്ക് മാത്രമല്ല, പുസ്തകം വില്‍ക്കുന്നതിലേക്കും എത്തിച്ചിരുന്നു. റാസ്ബറി അല്ലെങ്കില്‍ മറ്റ് പുസ്തകശാലകളുടെയൊക്കെ പുസ്തകങ്ങള്‍ വാങ്ങിയി ടൗണ്‍ഹാളിന്റെ മുമ്പിലും മുതലക്കുളത്തുമൊക്കെ എന്തെങ്കിലും പരിപാടി നടക്കുമ്പോള്‍ അവിടെ കൊണ്ടുപോയി വില്‍ക്കുന്ന ഒരാളാക്കിമാറ്റി. അപ്പോള്‍ സ്വാഭാവികമായിട്ടും പൊലീസിങ്ങിന് വിധേയമായിട്ടുണ്ടാവും. അതാണ് ഇവര് നിരീക്ഷിച്ചുവെന്നു പറയുന്നത്.
ഈ സ്വതന്ത്രബോധം കൊണ്ടും പഠനം കൊണ്ടുമായിരിക്കാം സി.പി.ഐ.എമ്മുപോലും പതിനഞ്ചാമത്തെ വയസില്‍ അവന് മെമ്പര്‍ഷിപ്പ് കൊടുത്തത്. അന്ന് ഞാന്‍ സി.പി.ഐ.എമ്മിലില്ല. പക്ഷേ ഞാനത് എതിര്‍ത്തിട്ടില്ല. ഒരാളുടെ വളര്‍ച്ചയെയോ, ശ്രദ്ധയെയോ താല്‍പര്യത്തെയോ തടയേണ്ട ഒരു കാര്യവുമില്ല.
ആ പ്രായത്തില്‍ മെമ്പര്‍ഷിപ്പ് കിട്ടുമോ, എന്താണ് അതിന്റെ മാനദണ്ഡം?
ഭരണഘടനാ പരമായി പതിനെട്ടു വയസിലാണ് ഒരാള്‍ക്ക് പാര്‍ട്ടി മെമ്പര്‍ഷിപ്പ് എടുക്കാനാവുക. വോട്ടവകാശത്തിന്റെ പ്രായമാണ് അതിന്റെ മാനദണ്ഡം.
താങ്കള്‍ 25 വര്‍ഷമായിട്ട് മെമ്പറായിട്ട് പിന്നീടൊരുഘട്ടത്തില്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പ് വേണ്ടായെന്നു വെച്ചയാളാണ്. അതെന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്?
സ്വാഭാവികമായിട്ടും നമുക്ക് ഇടമില്ല എന്നു കണ്ടെത്തുന്നിടത്തുനിന്നും തിരിഞ്ഞുനടക്കാനും നമുക്ക് പറ്റേണ്ടതുണ്ട്. ഒരുപക്ഷെ എന്റെ കുടുംബത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്കാരനായിരിക്കാം ഞാന്‍. മുസ്ലിം ലീഗിനും കോണ്‍ഗ്രസിനുമൊക്കെ മുന്‍തൂക്കമുള്ള മതബോധമൊക്കെ നിലനില്‍ക്കുന്ന ഒരു പ്രദേശത്തുനിന്നാണ് ഞാന്‍ കമ്മ്യൂണിസ്റ്റാകുന്നത്. കമ്മ്യൂണിസത്തിലുള്ള മനുഷ്യത്വവും സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും ഏരിയ കണ്ടെത്തിയിട്ടാണ് അതിലേക്ക് വരുന്നത്. ഇതൊരു ഉപജീവനാര്‍ത്ഥം കാണുകയോ അല്ലെങ്കില്‍ അളിയന്‍ കമ്മ്യൂണിസ്റ്റായതുകൊണ്ട് മൂപ്പര് കമ്മ്യൂണിസ്റ്റായി എന്നുപറയുന്നതുപോലെയോ അല്ല. അതുപോലെ തന്നെ നമുക്ക് തിരിച്ചുനടക്കാനും പറ്റും. നമുക്ക് പഠിക്കാനും അറിയാനും വേറെ ഏരിയകളുണ്ട്. തിരിച്ചു നടക്കുമ്പോഴും അലനെ ഞാന്‍ തടയേണ്ട ഒരാവശ്യം വരുന്നില്ല.
അലന്റെ അറസ്റ്റിനുശേഷം ഒരുഘട്ടത്തില്‍ താങ്കള്‍ പറഞ്ഞിട്ടുണ്ട്, രാജന്റെ പേരും പറഞ്ഞ് ഇനി ഇടതുപക്ഷത്തിന് വോട്ടു പിടിക്കാന്‍ അവകാശമില്ല എന്ന്.
അന്ന് രാജന്‍ എവിടെയെന്ന് ക്യാമ്പസിലെ ഓരോ വിദ്യാര്‍ഥിയും ചോദിച്ചിരുന്നു. എല്ലാ വിദ്യാര്‍ഥികളും ചോദിക്കുന്ന സമയത്തും രാജന്‍ നക്സലേറ്റാണെന്ന് ആരും പറഞ്ഞിട്ടില്ല. ഇവിടെ ഈ കുട്ടികളുടെ കാര്യത്തില്‍ മാവോയിസ്റ്റാണെന്ന് പറഞ്ഞ് ആദ്യം തന്നെ അവരെ കോര്‍ണര്‍ ചെയ്യാനാണ് ഇടതുപക്ഷം തന്നെ മുന്‍കൈയെടുക്കുന്നത്. അവരുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക് വോയിസ് തന്നെയില്ല. ഒരു പ്രസ്താവന നടത്താന്‍ പോലുമുള്ള വോയ്സില്ല. സ്വതന്ത്രരാണെന്ന് പറയുക, ധീരരാണെന്ന് പറയുക, ഒക്കെ പറയുമ്പോഴും....
താങ്കള്‍ സി.പി.ഐ.എം മെമ്പറായിരിക്കെ, പാര്‍ട്ടിയ്ക്കുള്ളിലെ ഈ പറയുന്ന ആശയപരമായ വൈരുദ്ധ്യം അനുഭവപ്പെട്ടിട്ടുണ്ടോ?
അത് എല്ലാകാലത്തും ഉണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വളരെയധികം സാധ്യതയുള്ള ഒരു പ്രദേശമാണ് എന്റേത് എന്നതുകൊണ്ടുതന്നെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ള ഒരുമേഖലയാണ് ഞാന്‍ തെരഞ്ഞെടുത്തിരുന്നത്. രാമചന്ദ്രന്‍ മൊകേരി, ജോയ്, മാത്യു, മധുമാഷ് എന്നിവരെപ്പോലുള്ള ആളുകളുമായി ബന്ധപ്പെട്ട് നാടകത്തില്‍ അഭിനയിക്കുകയും നാടകങ്ങള് കാണുകയും ഒക്കെ ചെയ്തിരുന്നു.
ഉമ്മയുടെ അടുത്തൊക്കെ മറ്റുള്ളവര്‍ സംസാരിക്കുന്നതില്‍ നിന്നും എന്നെ എങ്ങനെയാണ് ആളുകള്‍ കാണുന്നത് എന്നൊക്കെ ഞാന്‍ മനസിലാക്കിയിരുന്നു. എന്റെ പ്രദേശത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എത്തുന്നില്ല എന്ന് തിരിച്ചറിഞ്ഞിരുന്നു. അതിന്റെ മൂര്‍ധന്യാവസ്ഥയില്‍ ശക്തമായ ആന്തരിക വൈരുദ്ധ്യങ്ങളും ഉപജാപങ്ങളും ഗ്രൂപ്പിസവുമൊക്കെക്കൂടി ചേര്‍ന്ന ഒരു ഘട്ടം വന്നു. പാര്‍ട്ടിയില്‍ തുടരുന്നത് സ്ഥാപമാനങ്ങള്‍ക്കുവേണ്ടിയോ ഉപജീവനാര്‍ത്ഥമോ അല്ല. സ്വാഭാവികമായിട്ടും തിരിച്ചുനടക്കാന്‍ കഴിയും.
അങ്ങനെ തിരിച്ചുനടന്നപ്പോഴും കൂടെ ആരെയെങ്കിലും കൂട്ടാനോ മറ്റേതെങ്കിലും പാര്‍ട്ടിയിലേക്ക് പോകാനോ എനിക്കു തോന്നിയിട്ടില്ല. തിരിച്ചറിവുള്ള ഒരാള് നമ്മുടെ അടുത്ത് വരുമ്പോള്‍ നമുക്ക് ആശയവിനിമയം നടത്താം. കേരളത്തില്‍ യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയ സാക്ഷരത സംഭവിച്ചിട്ടില്ലെന്നാണ് ഞാന്‍ പറയുന്നത്. ഏതെങ്കിലും ഒരു പാര്‍ട്ടിയില്‍ നില്‍ക്കുകയാണെങ്കില്‍ മറ്റ് പാര്‍ട്ടിക്കാരുമായി മിണ്ടില്ല. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞാല്‍ അവനെ തെറിപറയുകയെന്നല്ലാതെ രാഷ്ട്രീയം പറഞ്ഞുകൊണ്ട് സംവദിക്കുന്ന സാഹചര്യമില്ല.
ഇത് തിരിച്ചറിഞ്ഞതുകൊണ്ടുതന്നെ അലന്‍ ബാലസംഘത്തിന്റെ പരിപാടിയിലേക്ക് പോകുമ്പോള്‍ ഞാന്‍ അവിടെ കൊണ്ടുവിടുമായിരുന്നു. എസ്.എഫ്.ഐയില്‍ പോകുന്നതിലും എനിക്കു വിരോധമുണ്ടായില്ല.
പി. ജയരാജന്‍ മുസ്ലിം സാമുദായിക സംഘടനകളുമായുള്ള ബന്ധം അന്വേഷിക്കണം, അവരുടെ വലയില്‍ കുടുംബം വീണുപോകുന്ന ഘട്ടമുണ്ടാവരുത് എന്നതുപോലുള്ള മുന്നറിയിപ്പ് നല്‍കുന്ന സാഹചര്യം ഉണ്ടായല്ലോ. പി. ജയരാജനെപ്പോലൊരാള്‍ അങ്ങനെ പറയാന്‍ കാരണം എന്തായിരിക്കാമെന്ന് തോന്നിയിട്ടുണ്ടോ?
നമ്മള് മനസിലാക്കിയ വലുപ്പത്തിന് അനുസരിച്ച് ഇവരാരും പ്രതികരിക്കുന്നില്ല എന്നുള്ളതാണ്. ഇവരുടെ രാഷ്ട്രീയ അനുഭവത്തിന് അനുസൃതമായ രീതിയില്‍ ഇവര്‍ ഉയരുന്നില്ല. കാരണം അലന്‍ പൊലീസ് കസ്റ്റഡിയില്‍ ഉള്ളപ്പോള്‍ തന്നെ എന്‍.ഐ.എക്കാർ ചോദ്യം ചെയ്തിട്ടുണ്ട്. ഞാന്‍ ഒരു പ്രാവശ്യം കാണാന്‍ പോയപ്പോള്‍ അലന്‍ എന്റടുത്ത് പറഞ്ഞത്, 'ഞാനേത് പള്ളിയിലാണ് പോകുന്നത്, നിങ്ങള്‍ക്ക് ഐ.എസ്.ഐ.എസുമായി ബന്ധമുണ്ടോ അവന്റെ കയ്യില്‍ ആയുധങ്ങള്‍ ഉണ്ടാക്കിയതിന്റെയോ ഉപയോഗിച്ചതിന്റെയോ വല്ല തഴമ്പുമുണ്ടോ' എന്നൊക്കെ അവര് ചോദിച്ചതായാണ്. 'എടാ സ്‌ക്രിപ്റ്റ് മാറിപ്പോയതാരിയിരിക്കും' അവര്‍ക്കെന്ന് ഞാന്‍ പറഞ്ഞു.
അതിന്റെ പിറ്റേന്നാണ് ഒരു നേതാവ് പറയുന്നത് മാവോയിസ്റ്റുകള്‍ക്ക് മുസ്ലിം തീവ്രവാദികളുമായി ബന്ധമുണ്ടെന്ന്. വാസുവേട്ടനെയും എന്നെയും കൂടി കൂട്ടിയിട്ട് പറയുകയൊക്കെയാണ് ചെയ്തത്.
അതായത് ഇവരെ മാവോയിസ്റ്റാക്കാന്‍ ആര്‍ക്കോ നിര്‍ബന്ധമുള്ളതുപോലെ അതിന് തെളിവ് പൊലീസിനേക്കാള്‍ മുമ്പേ ഞങ്ങള് തരാമെന്നു പറയുന്നതുപോലെയാണ് തോന്നിയത്. എന്‍.ഐ.എക്കാർ ചോദ്യം ചെയ്തതിന്റെ പിറ്റേന്നുതന്നെ ഈ അഭിപ്രായ പ്രകടനം വരുന്നത് വേറൊരു രീതിയില്‍ അത്ഭുതപ്പെടുത്തുന്നുണ്ട്.
ഒറ്റുകാരെക്കുറിച്ചും ഒളിവില്‍ താമസിച്ചവരെക്കുറിച്ചും വളരെയധികം രാഷ്ട്രീയ അനുഭവങ്ങളുണ്ട് ജയരാജനെപ്പോലുള്ളവര്‍ക്ക്. ഒരു കോണ്‍ഗ്രസിന്റെ നേതാവിനെ തന്നെ അവർ വിളിക്കുന്നത് അട്ടം പരതി എന്നാണ്. അട്ടംപരതി ഇന്നയാളുടെ മോനല്ലേയെന്നാണ് ചോദിക്കുന്നത്. സത്യസന്ധരായ, രാജ്യത്തിനുവേണ്ടി സമരം പ്രഖ്യാപിച്ച കമ്മ്യൂണിസ്റ്റുകാരെ ഒറ്റുകൊടുക്കാന്‍ വേണ്ടി അട്ടങ്ങള്‍ പരതിയ ആളുകള്‍ എന്ന രീതിയിലാണത്. ആ അനുഭവങ്ങളുളള ആള്‍ക്കാരാണ് ഇവര്‍ മാവോയിസ്റ്റാണെന്ന് പറയാന്‍ കട്ടിലിന് താഴെ പരതി പുസ്തകങ്ങള്‍ എടുക്കുന്നത് . ആ വൈരുദ്ധ്യം അവര് തിരിച്ചറയുന്നില്ല.
അതേപോലെ തന്നെയാണ് യു.എ.പി.എ കേസെടുക്കുന്നത്. എഎന്‍.ഐ.എ കേസ് ഏറ്റെടുത്തത് ഞങ്ങള്‍ അറിഞ്ഞിട്ടില്ല, എന്‍.ഐ.എ ഫെഡറല്‍ സംവിധാനത്തിന് എതിരാണ് എന്നൊക്കെ പറഞ്ഞ് വാതോരാതെ പ്രസംഗിക്കുന്ന യുവജന നേതാവ് തന്നെ ശീതീകരിച്ച ടി.വി ചാനലിന് അകത്ത് വന്നിരുന്നിട്ട് ഒരു ഉത്തരവാദിത്തവുമില്ലാതെ പറഞ്ഞത് അവർ മാവോയിസ്റ്റ് തന്നെയാണെന്നാണ്. അവരെ മാവോയിസ്റ്റാക്കേണ്ട ആവശ്യം ഇവര്‍ക്കെന്താണ്.
അവരെ എന്‍.ഐ.എക്കാര് ഇതിനകം തന്നെ തലകീഴായി കെട്ടി ചോദ്യം ചെയ്യുകയാണോയെന്ന് പോലും അറിയാതെ ഒരു ഉത്തരവാദിത്തവുമില്ലാതെ യുവജനനേതാവ് പറയുമ്പോള്‍ എന്താണ് ഈ നേതാവില്‍ നിന്നും എന്റെ പേരില്‍ യു.എ.പി.എ ഉണ്ട് എന്ന് പറയുന്ന ജയരാജനില്‍ നിന്നുമൊക്കെ സമൂഹത്തിന് ധാര്‍മ്മികമായി പ്രതീക്ഷിക്കാനുള്ളത്.
ഒമ്പതാം തിയ്യതി ദേശാഭിമാനിയില്‍ പി.കെ ശ്രീമതിയുടെ ലേഖനമുണ്ടായിരുന്നു, കാരായിമാരെ നാടുകടത്തിയത് സി.ബി.ഐയുടെ മനുഷ്യത്വ രഹിതമായ പ്രവൃത്തിയാണ്, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉണരണം എന്നൊക്കെ പറഞ്ഞിട്ട്. അത് പാര്‍ട്ടിയുടെ മാത്രം പ്രശ്നമായി ചുരുങ്ങുന്നത് ഇത്തരം എല്ലാ കേസുകളിലും നിലപാട് ഇല്ലാതെ പോകുന്നത് കൊണ്ടാണ്. നിലപാട് ഉണ്ട് എന്നുള്ള ഒരു ഘട്ടത്തില്‍ ജയരാജനെതിരായ യു.എ.പി.എയ്ക്കെതിരെ ബന്ദ് നടത്തിയില്ലേ. ആ ബന്ദിലൊക്കെ ഞങ്ങളും സഹകരിച്ചിരുന്നു. പക്ഷേ നിരപരാധികളായ, തെളിവുപോലുമില്ലാതെ ഈ കുട്ടികള്‍ക്കുമേല്‍ യു.എ.പി.എ ചുമത്തുമ്പോള്‍ ഇവർ നിശബ്ദരായിരിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്.
വേറൊരു നേതാവ് വന്ന് പറഞ്ഞത് കേരളത്തില്‍ ഭരണകൂടം വേറെ ഭരണം വേറെയെന്നൊക്കെയാണ്. അങ്ങനെയാണെങ്കില്‍ യുവാക്കള്‍ മുഴുവന്‍ തെരുവിലിറങ്ങുകയാണ് വേണ്ടത്. അവിടെയാണ് ഇ.എം.എസിന്റെ ഭരണവും സമരവും എന്ന മുദ്രാവാക്യം പ്രസക്തമാകുന്നത്.
അലന്റെ കൂടെ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച, ബ്രാഞ്ചിലൊക്കെ ഇരുന്നിട്ടുള്ള സഹപ്രവര്‍ത്തകരുടെ, പാര്‍ട്ടി അനുഭാവികളുടെ സുഹൃത്തുക്കളുടെയൊക്കെ പ്രതികരണം ഏത് രീതിയിലാണ്?
ഈ പാര്‍ട്ടി എന്നു പറയുന്നത് ജാതിപോലെയാണ്. പുറത്താക്കി കഴിഞ്ഞാള്‍ അയാളെ വെട്ടിക്കൊല്ലുന്നതിനു പോലും മടിയില്ല. അതിനേയും താഴേത്തട്ടിലുള്ളയാള്‍ ന്യായീകരിച്ചുകൊണ്ടിരിക്കും. പക്ഷേ അയാളുടെ മൗനം പോലും കാലത്തെ വളരെ പിന്നോട്ടേക്ക് കൊണ്ടുപോകുമെന്ന് അയാള്‍ തിരിച്ചറിയുന്നില്ല.
ആ തിരിച്ചറിവിന്റെ ഭാഗമായി ആളുകള്‍ ശബ്ദിക്കുമ്പോള്‍ മാത്രമേ നമുക്ക് ജനാധിപത്യ കാലഘട്ടത്തില്‍ പ്രതീക്ഷയുണ്ടാവൂ. ജനാധിപത്യം തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഘട്ടത്തിലാണ് യഥാര്‍ത്ഥത്തില്‍ ഇന്ത്യ. ജനാധിപത്യത്തില്‍ തന്നെ ഭൂരിപക്ഷം ഉപയോഗിച്ച് മറ്റുള്ളവരെ നിശബ്ദരാക്കുകയാണ്. ഭൂരിപക്ഷമില്ലാതിരിക്കെ തന്നെ ഇപ്പോ ബി.ജെ.പിക്ക് മാന്‍ഡേറ്റ് ഇല്ല എന്നാല്‍പ്പോലും ജനാധിപത്യത്തിന്റെ ഒരു പഴുത് ഉപയോഗിച്ചിട്ടാണ് അവർ ഇത് ചെയ്യുന്നത്. അതിനെതിരായി ജനങ്ങളെ സംഘടിപ്പിക്കേണ്ട കമ്മ്യൂണിസ്റ്റുകാരാണ് ഈ രീതിയില്‍ ഒരു ചെറിയ സംസ്ഥാനത്ത് ഭരണം കിട്ടുമ്പോഴേക്കും ആരും മിണ്ടണ്ട, നാടകം കളിക്കണ്ട എന്ന രീതിയിലേക്ക് എത്തുന്നത്.
ഈ സംഭവത്തെവെച്ചുകൊണ്ട് തന്നെ മറ്റൊരു വാദം കൂടി പാര്‍ട്ടികകത്ത് നടക്കുന്നുണ്ട്. അതായത് യുവാക്കളായ പാര്‍ട്ടി അണികളില്‍ തീവ്ര കമ്മ്യൂണിസത്തോടുള്ള അനുഭാവം ഉണ്ടാവുമ്പോള്‍ അതിനുള്ള മുന്നറിയിപ്പായിട്ടാണ് ഈ അറസ്റ്റുകള്‍ നടക്കുന്നത് എന്ന തരത്തില്‍. അതിനെ എങ്ങനെ കാണുന്നു?
അതുണ്ട്. ഏറ്റവുമൊടുവില്‍ ഒരാള്‍ എഴുതിയ ലേഖനത്തില്‍പോലും യുവാക്കള്‍ക്ക് അങ്ങനെയൊരു ഭീഷണിയുണ്ട്. അതൊക്കെ കാലം തെളിയിക്കേണ്ടതാണ്. കുട്ടികള്‍ പ്രതികരിച്ചുകൊണ്ടും പഠിച്ചുകൊണ്ടും വളരണം. കാരണം എല്ലാകാലത്തും ഒരു പാര്‍ട്ടിക്കുവേണ്ടി മാത്രം അല്ലെങ്കില്‍ ഒരാളുടെ മാത്രം പിടിയില്‍ നില്‍ക്കാന്‍ പറ്റില്ല എന്നാണ് എന്റെ ഒരു അനുഭവം. കഴിഞ്ഞദിവസം വരെ ഞാന്‍ ആ പാര്‍ട്ടിയിലെ അവന്റെ ബ്രാഞ്ചിലെ ഒരാളെ കണ്ടപ്പോള്‍ അയാള് പറഞ്ഞത് എന്റെ ശരീരം മാത്രേയുള്ളൂ ഇവിടെ, മനസ് അവന്റെ കൂട്ടത്തിലാണെന്നാണ്. കണ്ണുനിറഞ്ഞിട്ട് സംസാരിക്കുന്ന പുരുഷന്മാരെ കണ്ടത് ഞാന്‍ ഈ കാലയളവിലാണ്. ഒരു സമരത്തിനും ഇന്നുവരെ പോകാത്ത സ്ത്രീകള്‍, 'നിങ്ങള്‍ എന്ത് സമരത്തിന് വിളിച്ചാലും ഞങ്ങള് വരും' എന്നു പറഞ്ഞിട്ടുള്ളത് എന്റെ ഒരു അനുഭവമാണ്.
മനുഷ്യത്വം എന്നുള്ളത് ചുരുങ്ങിച്ചുരുങ്ങിവരികയാണ്. ഒരു സംഘടനയുണ്ടായി കഴിഞ്ഞാല്‍, ആ സംഘടനയ്ക്ക് പുറത്ത് മിണ്ടാന്‍ പാടില്ല, എന്നാല്‍ ഇലക്ഷന്‍ വരുമ്പോള്‍ എല്ലാവരും വേണം താനും.
കണ്ണൂരിലെ ക്യാമ്പസിലെ കുട്ടികള്‍ പറഞ്ഞത് നിങ്ങള്‍ ഇവിടെ തന്നെ അവനെ പഠിപ്പിക്കണമെന്നാണ്. ഞങ്ങള്‍ നോക്കികോളാമെന്നും. അങ്ങനെ പറയുന്ന എസ്.എഫ്.ഐക്കാരുമുണ്ട്. പക്ഷേ അവര്‍ക്ക് എത്രത്തോളം സ്ട്രങ്ത് ഉണ്ട്, വോയിസ് ഉണ്ട് എന്നുള്ള കാര്യം അറിയില്ല. അവരുടെ അടുത്ത് മൈക്കുമായി പോയിക്കഴിഞ്ഞാല്‍ ഒരുപക്ഷേ അവര്‍ സംസാരിച്ചില്ലയെന്നുവരും. പക്ഷേ ഉള്ളില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് അനാവശ്യമായിട്ടുള്ള ചാര്‍ത്തലാണ്, ഇത് ഒഴിവാക്കാന്‍ പറ്റുന്നതാണ്, എന്നും തിരിച്ചറിയുന്നുണ്ട്. ഇപ്പോളവര്‍ തെളിവുകള്‍ ഉണ്ടാക്കികൊണ്ടിരിക്കുകയാണ്. ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടതിനും ഒരു പുസ്തകം കൈമാറിയതിനും ആള്‍ക്കാരെ ചോദ്യം ചെയ്യുന്ന സാഹചര്യമാണുള്ളത്.
എക്‌സിക്യുട്ടീവ് എഡിറ്റര്‍
ഡോ. എം.കെ. മുനീർ
Aug 01, 2022
30 Minutes Watch
അലി ഹൈദര്‍
Jul 29, 2022
10 Minutes Watch
ദില്‍ഷ ഡി.
Jul 28, 2022
8 Minutes Watch
മനില സി.മോഹൻ
Jul 25, 2022
15 Minutes Watch
റിദാ നാസര്‍
Jul 19, 2022
6 Minutes Watch
Sreejesh
10 Apr 2020, 10:03 PM
Good
ടി.എസ്.രവീന്ദ്രൻ
10 Sep 2020, 10:43 AM
വിദ്യാർത്ഥി സംഘടനകൾ മാത്രമല്ല മറ്റ് അധ്യാപക-സാഹിത്യ-സംഘടനകളും കാക്കത്തൊള്ളായിരം തൊഴിലാളി സംഘടനകളും ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുടെ പോഷക സംഘടനകൾ മാത്രം. അതുകൊണ്ട്തന്നെ സാമൂഹ്യനീതി, സത്യസന്ധത എന്നിവ ഇവരിൽനിന്ന് പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല. മരവിച്ച മനസ്സും മനുഷ്യത്വമില്ലായ്മയും ഇവരുടെ മുഖമുദ്രയാണ് അധികാരത്തിന്റെ പിൻബലത്തിൽ ആമാശയം നിറക്കുന്നവരും വെറും ആജ്ഞാനുവർത്തികളുമായ ഇവർ നാട്ടിന് ശാപമാണ്.