ഒക്ടോബറില്‍ മാത്രം മൂന്നു
പരസ്യങ്ങള്‍ പിന്‍വലിപ്പിച്ച്
സംഘപരിവാര്‍
ഒക്ടോബറില്‍ മാത്രം മൂന്നു പരസ്യങ്ങള്‍ പിന്‍വലിപ്പിച്ച് സംഘപരിവാര്‍
പരസ്യങ്ങളിലൂടെയുള്ള ഉപരിപ്ലവമായ പുരോഗമനവാദങ്ങള്‍ പോലും ഹിന്ദുത്വവാദികളെ അലോസരപ്പെടുത്തുന്നത് രാജ്യത്തിനു മേല്‍ തങ്ങള്‍ക്കുണ്ടെന്ന് കരുതുന്ന സ്വാഭാവിക ആധിപത്യം അവഗണിക്കപ്പെടുകയാണെന്ന അരക്ഷിതബോധമാണ്. ഈ ആധിപത്യബോധം തിരിച്ചു പിടിക്കാനുള്ള ക്യാമ്പയ്ന്‍ ആണ് എം.പി.മാരിലൂടെയും മന്ത്രിമാരിലൂടെയും ഓണ്‍ലൈന്‍ ട്രോള്‍ കൂട്ടങ്ങളിലൂടെയും ബി.ജെ.പി. നേതൃത്വം ഔദ്യോഗികമായി നടത്തുന്നത്.
3 Nov 2021, 01:01 PM
ഹിന്ദു വികാരം വ്രണപ്പെട്ടതിന്റെ പേരില്‍ മൂന്നു പരസ്യചിത്രങ്ങളാണ് ഒക്ടോബര്‍ അവസാനവാരങ്ങളിലായി മാത്രം ഇന്ത്യയില്‍ പിന്‍വലിക്കപ്പെട്ടത്. ഫാബ് ഇന്ത്യ, ഡാബര്‍, സാബ്യസാച്ചി, സിയറ്റ് എന്നീ കമ്പനികള്‍ ദിവാലി, കര്‍വാ ചൗത്ത് തുടങ്ങിയ ഹിന്ദു ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ പുറത്തിറക്കിയ പരസ്യചിത്രങ്ങളാണ് മതമൗലികവാദികളുടെ സെന്‍സറിങ്ങിനും ഭീഷണികള്‍ക്കും വിധേയമായത്.
ഡാബർ ഫെം ക്രീം
മതേതര മൂല്യങ്ങളും, സ്വവര്‍ഗ്ഗ ബന്ധങ്ങളും ഉള്‍ക്കൊള്ളുന്ന വിശാല കാഴ്ചപ്പാടുള്ള ഒന്നായി ഹിന്ദു മതത്തെ അവതരിപ്പിക്കാനായിരുന്നു പിന്‍വലിക്കപ്പെട്ട "വോക്' പരസ്യങ്ങളിലൂടെ കമ്പനികള്‍ ശ്രമിച്ചത്. ഡാബറിന്റെ സൗന്ദര്യവര്‍ധക ഉല്‍പന്നത്തിന്റെ പരസ്യത്തില്‍ ഹിന്ദുമത വിശ്വാസത്തിലെ കര്‍വ ചൗത്ത് ആചാരത്തില്‍ ലെസ്ബിയന്‍ ദമ്പതികളെ അവതരിപ്പിച്ചതാണ് ഹെറ്ററോനോര്‍മേറ്റിവ് ഹിന്ദു മതമൗലികവാദികളെ ചൊടിപ്പിച്ചത്.
രാജ്യത്തെ പൊതുവായ അസഹിഷ്ണുതയാണ് സ്വവര്‍ഗ ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പരസ്യം പിന്‍വലിച്ചതിന് കാരണമെന്ന് കഴിഞ്ഞ ദിവസം ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടിരുന്നു. 2018ല്‍ സ്വവര്‍ഗ ബന്ധങ്ങളെ നിയമപരമാക്കിക്കൊണ്ടുള്ള ചരിത്രപരമായ വിധി പുറപ്പെടുവിച്ച അഞ്ചംഗം ബെഞ്ചിന്റെ ഭാഗമായിരുന്നു ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ഒക്ടോബര്‍ 25ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര കമ്പനിക്കെതിരെ നിയമനടപടിക്കൊരുങ്ങുമെന്ന് ഭീഷണിപ്പെടുത്തിയതിന് പിന്നാലെ കമ്പനി പരസ്യം പിന്‍വലിക്കുകയായിരുന്നു. ജനാധിപത്യം ഉള്‍പ്പടെ ഭരണഘടന പൗരര്‍ക്ക് പ്രദാനം ചെയ്യുന്ന അവകാശങ്ങള്‍ തങ്ങളുടെ ഔദാര്യമായി കാണുന്ന ഭൂരിപക്ഷ വര്‍ഗീയതയാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.
ഫാബ് ഇന്ത്യ
ദിവാലിയുടെ പശ്ചാത്തലത്തില്‍ ഫാബ് ഇന്ത്യ പുറത്തിറക്കിയ പരസ്യത്തില്‍ തങ്ങളുടെ പുതിയ വസ്ത്രശേഖരത്തെ "പാരമ്പര്യത്തിന്റെ ആഘോഷം' എന്നര്‍ത്ഥം വരുന്ന ജഷന്‍ റിവാസ് എന്ന ഉര്‍ദു പദമുപയോഗിച്ച് വിശേഷിപ്പിച്ചത്, ഹിന്ദു ആചാരങ്ങളെ ബോധപൂര്‍വം ഇസ്‌ലാമികവത്കരിക്കാനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണെന്ന് ആരോപിച്ചത് ബി.ജെ.പി. എം.പി. തേജസ്വി സൂര്യയാണ്. മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങള്‍ക്ക് മുമ്പും നേതൃത്വം നല്‍കിയ ബി.ജെ.പി. നേതാവാണ് തേജസ്വി സൂര്യ.
2021 മെയ് നാലിന് മൂന്ന് ബി.ജെ.പി എം.എല്‍.എമാരോടൊപ്പം കർണാടകയിലെ സൗത്ത് ബി.ബി.എം.പി കോവിഡ് വാര്‍ റൂമില്‍ ചെന്ന് 16 മുസ്‌ലിം ജീവനക്കാരുടെ പേരുകള്‍ വായിച്ച് അവരെ തീവ്രവാദികളാക്കി ചിത്രീകരിച്ച് തേജസ്വി സൂര്യ ബഹളം വെച്ചത് നേരത്തെ വിവാദമായിരുന്നു.
സാബ്യസാച്ചി
സബ്യാസാചിയുടെ മംഗള്‍സൂത്ര പരസ്യം പിന്‍വലിക്കാന്‍ 24 മണിക്കൂര്‍ സമയം അനുവദിച്ചു നല്‍കിയതും മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്രയാണ്. ഹിന്ദുക്കള്‍ പവിത്രമായി കരുതുന്ന മംഗള്‍സൂത്രയുമായി ബന്ധപ്പെട്ട പരസ്യത്തില്‍ ബോഡി പോസിറ്റിവിറ്റി പ്രോത്സാഹിപ്പിച്ചു കൊണ്ട് സ്ത്രീകളുടെ ശരീരഭാഗങ്ങള്‍ കാണിച്ചതാണ് പരസ്യത്തിനെതിരായ സെെബർ ആക്രമണത്തിന് കാരണം.

സിയറ്റ് ടയേഴ്സ്
പൊതുസ്ഥലങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിനെതിരെ സിയറ്റ് ടയേഴ്‌സ് പുറത്തിറക്കിയ പരസ്യം ഹിന്ദുക്കളെ അസ്വസ്ഥരാക്കിയെന്ന് കാണിച്ച് സിയറ്റ് ചീഫ് എക്‌സിക്യുട്ടിവ് ഓഫിസര്‍ ആനന്ദ് വര്‍ധന്‍ ഗോയന്‍കയ്ക്ക് കത്തെഴുതിയത് മറ്റൊരു ബി.ജെ.പി. എം.പി.യായ ആനന്ദ കുമാര്‍ ഹെഗ്‌ഡെയാണ്. പരസ്യത്തിലഭിനയിച്ച ആമിർ ഖാന്റെ മതമായിരുന്നു ഹിന്ദുത്വവാദികളെ പ്രകോപിപ്പിച്ചത്.
ബി.ജെ.പി. രാഷ്ട്രീയ നേതൃത്വത്തെ സംബന്ധിച്ചിടത്തോളം ഹിന്ദു മതത്തിന്റെ കര്‍തൃത്വം ഏറ്റെടുക്കാനുള്ള അവസരങ്ങളാണിത്. ഹിന്ദുമത വിശ്വാസികളില്‍ നിന്നുയരുന്ന സ്വാഭാവിക പ്രതികരണങ്ങളെക്കാള്‍ ബി.ജെ.പി. എം.പിമാരും മന്ത്രിമാരും ഭീഷണിയുയര്‍ത്തിയാണ് മേല്‍പറഞ്ഞ പരസ്യചിത്രങ്ങളെല്ലാം തന്നെ പിന്‍വലിക്കപ്പെട്ടത്.
വോക് ക്യാപിറ്റലിസവും അസ്വസ്ഥരാവുന്ന ഹിന്ദുക്കളും
മുന്‍തലമുറയെ അപേക്ഷിച്ച് ലിബറല്‍ മൂല്യങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്ന മില്ലേനിയല്‍, ജെന്‍ സി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കമ്പനികള്‍ ഉപയോഗിക്കുന്ന മാര്‍ക്കറ്റിങ്ങ് തന്ത്രമാണ് "വോക് അഡ്വട്ടൈസിങ്ങ്'. കാലഹരണപ്പെട്ട സമ്പ്രദായങ്ങളെ തിരിച്ചറിഞ്ഞ്, അതില്‍ നിന്ന് പുറത്തു കടക്കുന്ന പ്രക്രിയയെ തങ്ങളുടെ ഉത്പന്നവുമായി ബന്ധിപ്പിച്ച് ടാര്‍ഗെറ്റ് ഓഡിയന്‍സിനിടയില്‍ സ്വീകാര്യതയുണ്ടാക്കുന്ന പ്രകോപനപരമായ പരസ്യനിര്‍മാണ രീതിയാണത്. ഒരുല്‍പന്നത്തിന്റെ ഉപയോഗത്തിന് പുറത്തു നില്‍ക്കുന്ന സാമൂഹിക മൂല്യവുമായി അതിനെ ബന്ധിപ്പിച്ച് സ്വീകാര്യത സൃഷ്ടിക്കാനുള്ള തന്ത്രം.

2016-ല്‍ യു.എസിലെ പൊലീസ് അതിക്രങ്ങള്‍ക്കെതിരെ അമേരിക്കന്‍ ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ബാക്ക് ആയിരുന്ന കോളിന്‍ കോപര്‍നിക് മുട്ടു കുത്തി പ്രതിഷേധിച്ചത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അതിനു ശേഷം ടീമുകളില്‍ നിന്ന് തഴയപ്പെട്ട കോളിനെ കേന്ദ്രീകരിച്ച് സ്‌പോര്‍ട്‌സ് ആക്‌സസറി നിര്‍മാണ കമ്പനിയായ നൈക്കി നിര്‍മിച്ച പരസ്യചിത്രം രാജ്യത്തെ യാഥാസ്ഥിതിക ജനവിഭാഗത്തെ ചൊടിപ്പിച്ചെങ്കിലും, ഏഷ്യന്‍ രാജ്യങ്ങളിലെ നിര്‍മാണ കേന്ദ്രങ്ങളില്‍ കമ്പനി സ്വീകരിച്ച പരിതാപകരമായ തൊഴില്‍ നയങ്ങളെക്കുറിച്ചുള്ള വിമര്‍ശനങ്ങളില്‍ നിന്നും പുറത്തുകടന്ന് ലിബറലുകള്‍ക്കിടയില്‍ തങ്ങളുടെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ നൈക്കിയെ സഹായിച്ചതായി ദി എകണോമിസ്റ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.
പരസ്യങ്ങളിലൂടെയുള്ള ഉപരിപ്ലവമായ പുരോഗമനവാദങ്ങള്‍ പോലും ഹിന്ദുത്വവാദികളെ അലോസരപ്പെടുത്തുന്നത് രാജ്യത്തിനു മേല്‍ തങ്ങള്‍ക്കുണ്ടെന്ന് കരുതുന്ന സ്വാഭാവിക ആധിപത്യം അവഗണിക്കപ്പെടുകയാണെന്ന അരക്ഷിതബോധമാണ്. ഈ ആധിപത്യബോധം തിരിച്ചു പിടിക്കാനുള്ള ക്യാമ്പയ്ന്‍ ആണ് എം.പി.മാരിലൂടെയും മന്ത്രിമാരിലൂടെയും ഓണ്‍ലൈന്‍ ട്രോള്‍ കൂട്ടങ്ങളിലൂടെയും ബി.ജെ.പി. നേതൃത്വം ഔദ്യോഗികമായി നടത്തുന്നത്.
രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ ഹിന്ദു മുസ്‌ലിം ഐക്യത്തെ പ്രോത്സാഹിപ്പിച്ച് 2019ല്‍ പുറത്തു വന്ന സര്‍ഫ് എക്‌സലിന്റെ പരസ്യവും, 2020 ല്‍ പുറത്തിറങ്ങിയ ടാറ്റയുടെ ആഭരണ കമ്പനിയായ തനിഷ്‌കിന്റെ പരസ്യവും ഹിന്ദു മതമൗലികവാദികളുടെ ആക്രമണത്തിന് ഇതിന് മുമ്പ് ഇരയായിട്ടുണ്ട്.
ട്രൂകോപ്പി സീനിയർ ഔട്ട്പുട്ട് എഡിറ്റര്‍.
കെ.വി. മനോജ്
May 07, 2022
8 Minutes Read
Delhi Lens
Apr 21, 2022
4 minutes read
ജോണ്‍ ബ്രിട്ടാസ്, എം.പി.
Apr 11, 2022
8 Minutes Read
ഡോ. ടി.എസ്. ശ്യാംകുമാര്‍
Apr 09, 2022
3.5 Minutes Read
ഡോ. ടി.എസ്. ശ്യാംകുമാര്‍
Mar 29, 2022
3 Minutes Read
ഖദീജ മുംതാസ്
Mar 15, 2022
15 minutes read
Vishnubuddhan
3 Nov 2021, 06:46 PM
Well said 👍🏿💚