ഇറാൻ ഫുട്​ബോൾ ടീമിന്റെ ഗ്രൗണ്ടിനുപുറത്തെ കളി കാണാൻ കാത്തിരിക്കുന്നു...

യു.എസുമായുള്ള മത്സരത്തിൽ പോരാടി തോറ്റ് ലോകകപ്പിൽ നിന്ന് പുറത്തായ ഇറാൻ താരങ്ങൾ, തങ്ങളുടെ ഭരണകൂടത്തിന്റെ അതിക്രമങ്ങളെ ഗ്രൗണ്ടിനുപുറത്ത്​ എങ്ങനെ നേരിടുമെന്ന് വരുംനാളുകളിൽ അറിയാം.

വംശീയതയ്ക്കും മതയാഥാസ്ഥിതികതക്കും സങ്കുചിത രാഷ്​ട്രവ്യവഹാരങ്ങൾക്കും അപ്പുറത്തേക്ക്​ മനുഷ്യർ ഒന്നിക്കുന്ന ഇടമാണ്​ ഫുട്ബോൾ മൈതാനങ്ങൾ. മനുഷ്യനെ വേർതിരിക്കുന്ന എല്ലാതരം വിവേചനങ്ങളും നിഷ്​പ്രഭമായിപ്പോകുന്നതാണ്​ ഇവിടെ നിന്നുയരുന്ന ആരവങ്ങൾ. അതിന് ലോകകപ്പുകളുടെ​ ചരിത്രം സാക്ഷിയാണ്; ഖത്തർ ലോകകപ്പിലും ആ ചരി​ത്രം ആവർത്തിക്കുകയാണ്​.

ലോകകപ്പ്​ മൈതാനത്തെ വലിയൊരു രാഷ്​ട്രീയപ്രഖ്യാപനത്തിന്റെ കൂടി ഗ്രൗണ്ടാക്കി മാറ്റി ഇറാൻ ഫുട്​ബോൾ ടീം നടത്തിയ പ്രതിഷേധമാണ്​, ഖത്തർ ലോകകപ്പിനെ വ്യത്യസ്​തമാക്കിയത്​. ഇറാൻ ഇസ്​ലാമിക് റിപ്പബ്ലിക്കിൽ ഹിജാബ് അടിച്ചേൽപ്പിക്കുന്ന നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി മെഹ്സ അസ്നി എന്ന സ്​ത്രീ പൊലീസ്​ മർദ്ദനത്തിൽ കൊല്ലപ്പെട്ടതിനെതിരെ ഇറാനിലും പുറത്തും തീക്ഷ്ണമായ പ്രതിഷേധം നടക്കുന്ന സമയത്താണ്​ ഖത്തർ ലോകകപ്പ്​ എന്നത് ഇറാൻ ടീമിന്റെ ​​പ്രതികരണത്തിന്​ സവിശേഷ ശ്രദ്ധ നേടിക്കൊടുത്തു.

ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിൽ, ഇറാൻ കാപ്റ്റൻ ഇഹ്സാൻ ഹജ്സാഫിയും കൂട്ടുകളിക്കാരും ദേശീയഗാനം പാടാതെ പ്രക്ഷോഭകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഗ്യാലറികളിൽ ഇറാന്റെ ആരാധകർ മുഷ്ടി മടക്കിയ കൈകളും പ്രതിഷേധ ബാനറുകളുമായി ഇറാൻ ഭരണകൂടത്തിനെതിരായ അമർഷം ലോക ജനതക്ക് കാണിച്ചുകൊടുത്തു. Woman Life Freedom എന്ന ഈ കാലഘട്ടത്തിന്റെ മുദ്രാവാക്യം കൊണ്ട്​, ഗ്യാലറികളിലിരുന്ന്​ അവർ സ്വന്തം രാജ്യത്തിന്​ ഒരു പുതിയ ദേശീയപതാക തന്നെ തീർത്തു.

ഈ ഐക്യദാർഢ്യം ഹോളണ്ട് ഇതിഹാസം റൂഡ് ഗുള്ളിന്റെ പോരാട്ടവീര്യമാണ്​ ഓർമപ്പെടുത്തുന്നത്​.‘ഹൗ ടു വാച്ച് സോക്കർ' എന്ന പുസ്​തകത്തിൽ റൂഡ്​ ഗുള്ളിറ്റ്​ എഴുതുന്നു:‘ഓരോ അന്താരാഷ്ട്ര മത്സരങ്ങൾക്കുമുൻപും ദേശീയ ഗാനം ചെല്ലുമ്പോൾ ഓരോ കളിക്കാരും അവരുടേതായ രീതിയിലായിരിക്കും അതുൾക്കൊള്ളുക. ഹോളണ്ടിനെ സംബന്ധിച്ച് തങ്ങളുടെ ദേശീയഗാനം ഒരു വിദേശിക്ക് വിശദീകരിച്ച് നൽകിയാൽ അവർ അതുകേട്ട് അത്ഭുതപ്പെടും. ജർമൻ രക്തത്തെ കുറിച്ചും സ്പെയിനിലെ രാജാവിനെ കുറിച്ചും അതിലുണ്ടെന്നു പറഞ്ഞാൽ ആ അത്ഭുതം പിന്നെയും വർധിക്കും. കുടിയേറ്റക്കാരായ സ്പെയിനിന് ആദരം നൽകുന്നതാണ് ഹോളണ്ടിന്റെ ദേശീയ ഗാനം. അവർ ചോദിക്കും, അതിൽ അഭിമാനം കൊള്ളാൻ ഒന്നുമില്ലേ എന്ന്. എന്നെ സംബന്ധിച്ച് അക്കാര്യത്തിൽ ഒന്നും പറയാനുണ്ടാകാറില്ല; ദേശീയ ഗാനം ചൊല്ലുന്ന നേരം ഞാൻ മിണ്ടാതിരിക്കലാണ് പതിവ്. ഹോളണ്ട് ഫുട്ബോളിനെ പ്രതിനിധാനം ചെയ്യുന്നതിൽ മാത്രമാണ് ഞാൻ അഭിമാനിക്കുന്നത്.’

Photo: YouTube Screenshort

ഫുട്ബോൾ ഇതിഹാസങ്ങൾ വംശീയ വെറിക്കെതിരായ പോരാട്ടത്തെ മൈതാനത്ത് അടയാളപ്പെടുത്തിയപ്പോഴെല്ലാം ലോകം അതിനോട് ഐക്യപ്പെട്ടിട്ടുണ്ട്​. അതുകൊണ്ടുകൂടിയാണ്​, ഫുട്​ബോൾ മൈതാനങ്ങൾ വെറും കളിയിടങ്ങൾ മാത്രമല്ലാതാകുന്നത്​.

ഇംഗ്ലണ്ടുമായുള്ള കളിക്കുമുമ്പ്​, ഇറാൻ കാപ്​റ്റൻ ഹജ്സാഫി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖം തുടങ്ങിയത് രക്തസാക്ഷ്യം വഹിച്ച പത്തുവയസുകാരൻ കിയാൻ പിറഫലിക്കിന്റെ വാക്കുകളോടെയാണ്​: ‘ഇന്ദ്രധനുസ്സിന്റെ ദേവതയുടെ തിരുനാമത്തിൽ'.
‘എന്റെ ജനതയ്ക്ക് സന്തോഷം അന്യമായിരിക്കുന്നു. സാഹചര്യം മോശമാണ്, രാജ്യത്തിന്റെ മാത്രമല്ല, ഞങ്ങൾ കളിക്കാരുടേയും. ഞങ്ങൾ ഇവിടെ വന്നിറങ്ങിയതിന്റെ അർത്ഥം ഞങ്ങൾ പ്രക്ഷോഭകരുടെ ശബ്ദമല്ല എന്നല്ല, അവരെ ബഹുമാനിക്കുന്നില്ല എന്നുമല്ലാ, ഞങ്ങൾക്ക് എന്തെല്ലാമുണ്ടോ അതെല്ലാം അവർക്കുള്ളതാണ്’,ഇറാനിലെ സമരങ്ങളുടെ മുഴക്കം തന്നെയായിരുന്നു ഹിജ്സാഫിയുടെ ഓരോ വാക്കിലും.

ഇംഗ്ലണ്ടിനെതിരെ അര ഡസൻ ഗോൾ വഴങ്ങി ഇറാൻ അടിയറവ് പറയുമ്പോൾ തോറ്റത് കളിക്കാരോ ആ ജനതയോ അല്ല, ഇറാൻ ഭരണകൂടത്തിന്റെ നെറികെട്ട മതദേശീയതയുടെ പൊയ്‌ക്കോളുകളാണ്. അതുകൊണ്ടാണ് ഇറാൻ കളിക്കാർ ഓരോ തവണ ബോൾ തട്ടുമ്പോഴും women life freedom എന്ന ആർപ്പുവിളികളുയർന്നത്​. അതായിരുന്നു അവരുടെ ദേശീയ ഗാനം.

Photo: Pirooz Nahavandi Twitter Page

എന്നാൽ, ഇറാൻ താരങ്ങളുടെ പ്രതിഷേധം അടിച്ചമർത്താൻ ഇറാനിയൻ റവല്യൂഷണറി ഗാർഡ് പ്രതിനിധികൾ ടീം അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു. വെയ്ൽസിനെതിരെ നടന്ന രണ്ടാം മത്സരത്തിൽ ഇറാൻ ടീം അംഗങ്ങൾ ഭീഷണിക്ക് വഴങ്ങി ദേശീയഗാനം ആലപിക്കുകയും ചെയ്തു. ലോകകപ്പ് വേദിയിൽ ടീമംഗങ്ങളെയും കോച്ചിനെയും നിരീക്ഷിക്കാൻ റവല്യൂഷണറി ഗാർഡ് ഓഫീസർമാരെ നിയോഗിച്ചിട്ടുമുണ്ട്​. കളിക്കാരും സ്റ്റാഫും ടീമിന് പുറത്തുള്ളവരുമായും വിദേശികളുമായും ഇടപഴകുന്നതിന് നിയന്ത്രണവും ഏർപ്പെടുത്തി.

ഇറാന്റെ ആദ്യമത്സരത്തിൽ സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങളും ബാനറുകളും ഉയർന്നതോടെ വെയിൽസിനെതിരായ രണ്ടാം മത്സരത്തിൽ ഇറാൻ ഭരണകൂടം തന്നെ മുൻകൈയെടുത്ത് സർക്കാർ അനുകൂലികളെ കൂട്ടത്തോടെ ഗാലറികളിൽ എത്തിച്ചിരുന്നു.

യു.എസുമായുള്ള മത്സരം ഇറാന്റെ മരണപ്പോരാട്ടം കൂടിയായിരുന്നു. 1998ലെ ഫ്രാൻസ് ലോകകപ്പിൽ യു.എസുമായുള്ള മത്സരത്തിനുമുൻപ് ഇറാൻ താരങ്ങൾ അമേരിക്കൻ താരങ്ങൾക്ക് പൂക്കൾ നൽകിയിരുന്നു. ഖത്തറിൽ, യു. എസുമായുള്ള ഇറാന്റെ മത്സരത്തിന് ഏതുരീതിയുളള പ്രതിഷേധവും ഉണ്ടാവാതിരിക്കാൻ ഇറാന്റെ താരങ്ങളുടെ കുടുംബങ്ങളെ തടവിലാക്കുമെന്ന ഭീഷണി മുഴക്കുകയാണ്​ ഇറാൻ ഭരണകൂടം ചെയ്​തത്​.
യു.എസുമായുള്ള മത്സരത്തിൽ പോരാടി തോറ്റ് ലോകകപ്പിൽ നിന്ന് പുറത്തായ ഇറാൻ താരങ്ങൾ, തങ്ങളുടെ ഭരണകൂടത്തിന്റെ അതിക്രമങ്ങളെ എങ്ങനെ നേരിടുമെന്ന് വരുംനാളുകളിൽ അറിയാം.

Comments