തീപ്പെട്ടിക്കൊള്ളിയുമായി എത്തുന്ന കൈകളെ കാത്തിരിക്കുന്നു, ഇറാന്‍
തീപ്പെട്ടിക്കൊള്ളിയുമായി എത്തുന്ന കൈകളെ കാത്തിരിക്കുന്നു, ഇറാന്‍
കൊവിഡ് 19 ഏറ്റവുമധികം ബാധിച്ച രാജ്യങ്ങളിലൊന്നാണ് ഇറാന്‍. 4000ത്തോളം പേരാണ് വൈറസ് ബാധിച്ച് ഇറാനില്‍ മരണപ്പെട്ടത്. 1979ലെ ഇസ്‌ലാമിക വിപ്ലവത്തിന്റെ 41ാം വാര്‍ഷികം ആഘോഷിക്കാനുളള തയ്യാറെടുപ്പുകളും പാര്‍ലമെന്റ് തെരഞ്ഞെടുപ്പുമെല്ലാം വൈറസ് കൂടുതല്‍ പടരാനിടയാക്കി. ഇതിനിടെ അമേരിക്ക ഇറാനെതിരെ ഉപരോധവും കൊണ്ടുവന്നു. ഭരണകൂടത്തിനെതിരെ ഉയരുന്ന എതിര്‍പ്പുകളും, സാമ്പത്തിക പ്രതിസന്ധിയും, ഇപ്പോള്‍ കൊറോണയും ഉപരോധവും ഇറാനെ ശ്വാസംമുട്ടിക്കുകയാണ്. ഒരുകാലത്ത് സാംസ്‌കാരികത്തനിമകൊണ്ടും പൗരസ്വാതന്ത്ര്യംകൊണ്ടും ലോകത്തെ ഏറെ ആകര്‍ഷിച്ച ഇറാനാണ് ഈ അവസ്ഥലായത്. ഈ അവസ്ഥയിലേക്ക് ഇറാനെത്താനുണ്ടായ സാഹചര്യം പരിശോധിക്കുകയാണ് ലേഖകന്‍.
പലതവണ ഇറാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. വ്യത്യസ്ത അനുഭവങ്ങളായിരുന്നു ഓരോ യാത്രയിലും. മുഹമ്മദ് ഷാ പഹ്ലവിയുടെ മതേതരഭരണത്തിന്റെ അവസാനവര്‍ഷമായിരുന്നു ആദ്യസന്ദര്‍ശനം. തെഹ്‌റാനിലെ തെരുവുകളില്‍ നിശാക്ലബ്ബുകളും, ബാറുകളും നിരത്തിലൂടെ കൈകോര്‍ത്ത് നടക്കുന്ന യുവതീയുവാക്കളെയും കണ്ടിരുന്നു.
അന്ന് ലബ്‌നാനും തെഹ്‌റാനുമായിരുന്നു വിദേശ സഞ്ചാരികളെ ഹഠാകര്‍ഷിച്ചിരുന്ന നഗരങ്ങള്‍. ഇറാനില്‍ പോയിവന്ന സുഹൃത്ത് തെഹ്‌റാന്‍ നഗരത്തിന്റെ വലിമയും സ്വാതന്ത്ര്യവും വിവരിച്ചപ്പോള്‍ തന്നെ ദുബൈയുടെ ഏറ്റവും അടുത്ത നഗരമായതുകൊണ്ട് അങ്ങോട്ട് പോവാന്‍ തീരുമാനിച്ചു. ഞങ്ങള്‍ രണ്ടുപേര്‍ മൂന്നു ദിവസത്തേക്കാണു പോയത്.
പ്രാചീന നഗരത്തിന്റെ അവശിഷ്ടങ്ങള്‍ അങ്ങിങ്ങായി ഉണ്ടെങ്കിലും പേര്‍ഷ്യന്‍ കെട്ടിട സമുച്ചയങ്ങളില്‍ ഗള്‍ഫുനാടുകളില്‍ കാണാത്ത കലാചാരുത ദൃശ്യമായിരുന്നു. സാംസ്‌കാരികത്തനിമ നടത്തത്തിലും സംസാരത്തിലും, ഭക്ഷണരീതിയിലും ആതിഥേയത്വത്തിലും പ്രകടമായിരുന്നു.പേര്‍ഷ്യന്‍ വാക്കുകള്‍ ഹിന്ദി-ഉറുദു ഭാഷകളില്‍ കലര്‍ന്നിരുന്നത് ശ്രദ്ധിച്ചിരുന്നു.
സ്ത്രീകള്‍ നന്നായി മേക്കപ്പ് ചെയ്ത് തലമുടി ബോബ് ചെയ്തവരായിരുന്നു. ചിലര്‍ സിഗരറ്റ് പുകച്ചിരുന്നു. ചില കെട്ടിടങ്ങളില്‍ നാലോ അഞ്ചോ ബ്യൂട്ടീസലൂണുകളും കണ്ടു. അവിടെ കറുപ്പും ചുവപ്പും നിറങ്ങളിലുള്ള വിഗ്ഗുകള്‍ പ്രദര്‍ശനത്തിനു വെച്ചിരുന്നു.
ഗള്‍ഫ് രാജ്യമല്ലാതെ മറ്റൊരു സ്ഥലം അക്കാലത്ത് കണ്ടിരുന്നില്ല. ദുബൈയില്‍ ഇത്രയധികം കെട്ടിടങ്ങളോ ബാറുകളോ പത്രങ്ങളോ വിശാല നിരത്തുകളോ അത്യന്താധുനിക വിമാനത്താവളങ്ങളോ ഉണ്ടായിരുന്നില്ല. വേള്‍ഡ് ട്രേഡ് സെന്ററുകളും സിന്തഗ ടണലും, ഡ്രൈഡോക്കും നിര്‍മ്മിച്ചു വരുന്നതേ ഉണ്ടായിരുന്നുള്ളൂ. യൂറോപ്പിലെ ഒരു രാജ്യം കണ്ടു മടങ്ങിയ പ്രതീതിയായിരുന്നു അന്ന് ടെഹ്‌റാനില്‍ നിന്ന് തിരിച്ചു വരുമ്പോള്‍ തോന്നിയത്.
മതത്തിന്റെ ഗ്യാസ് ചേംബര്‍
ഇറാൻ വിപ്ലവ പ്രക്ഷോഭത്തിലെ സ്ത്രീകൾ
ദുബൈയില്‍ നിന്നാരംഭിച്ച ആദ്യത്തെ ഇംഗ്ലീഷു പത്രത്തില്‍ ജോലി ലഭിച്ചപ്പോള്‍ ലോകരാജ്യങ്ങളിലേക്ക് വഴിവാതില്‍ തുറക്കപ്പെട്ടു. രണ്ടാം തവണ പോയപ്പോള്‍ ചിത്രം കൂടുതല്‍ വ്യക്തമായി. ഇറാനിലെ സംഭവ വികാസങ്ങള്‍ പത്രറിപ്പോര്‍ട്ടുകളിലൂടെയും പുറമേ നിന്നുള്ള ഏജന്‍സികളിലൂടെ വരുന്ന ലേഖനങ്ങളിലൂടെയും ശ്രദ്ധിക്കുവാന്‍ തുടങ്ങിയതായിരുന്നു കാരണം.
എയര്‍ഹോസ്റ്റുകള്‍ കറുത്ത പര്‍ദ്ദ ധരിച്ചിരുന്നു. ഇറാനിയന്‍ സംഗീതത്തിനു പകരം വേദഗ്രന്ഥ പാരായണം. നിരത്തിലൂടെ നടന്നുപോകുന്ന പര്‍ദ്ദാധാരികളായ സ്ത്രീകള്‍ വളരെ പതുക്കെയായിരുന്നു സംസാരിച്ചത്
ഇറാനില്‍ നടന്നുകൊണ്ടിരിക്കുന്ന വിപ്ലവം മുഹമ്മദ്ഷാ പഹ്ലവിയെ പുറത്താക്കി, പുതിയ ഇസ്ലാമിക വിപ്ലവം (ഇങ്കുലാബേ ജമുഹരി) കൊണ്ടുവരാനുള്ള ഖൊമേനിയുടെ നേതൃത്വത്തിലുള്ള ശ്രമമായിരുന്നു. ലോകശ്രദ്ധ നേടിയ ഈ വിപ്ലവം ഫലംകണ്ടു. മതേതര രാജ്യമായിരുന്ന ഇറാന്‍ മതരാജ്യമായി.
വസ്ത്രനിയന്ത്രണം വന്നു. സംഗീതം അനിസ്ലാമികമായി, ഭരണകൂട നിയന്ത്രണം ശക്തമായി. സ്ത്രീ സ്വാതന്ത്ര്യം മതപരമായി. വിപ്ലവത്തെ സഹായിച്ചിരുന്ന ഇടതുപക്ഷക്കാരെയും ബുദ്ധിജീവികളെയും ധിഷണാശാലികളേയും അതില്‍ അവരുടെതന്നെ വിദേശകാര്യമന്ത്രി ഖൊത്തബ് സാദെയും ഷായുടെ സഹായികളെയും ഉപദേശകരെയും വധിക്കുകയോ തുറങ്കലിലിടുകയോ ചെയ്തു. ആര്‍.എസ്.എസ് ഇപ്പോള്‍ ഇന്ത്യന്‍ സര്‍ക്കാറിനെ സഹായിക്കുന്ന പോലെ ഭരണത്തെ എതിര്‍ക്കുന്നവരെ നശിപ്പിക്കുന്ന സവക്ക് (സസേമാന്‍ ഇ ഇത്തിലാത്ത് വ അമനിയാത്തെ കെഷവാര്‍) എന്ന സായുധ സംഘടനയുണ്ട്.
പുതിയ ഭരണം ആരംഭിച്ച് രണ്ടുവര്‍ഷം കഴിഞ്ഞ് അവിടേക്ക് പോയപ്പോള്‍ ഇറാന്‍ ആകപ്പാടെ മാറിയിരുന്നു. വിമാനത്തില്‍ വെച്ചുതന്നെ മാറ്റം മനസ്സിലായി. എയര്‍ഹോസ്റ്റുകള്‍ കറുത്ത പര്‍ദ്ദ ധരിച്ചിരുന്നു. വിമാനത്താവള ജീവനക്കാര്‍ വസ്ത്രനിയന്ത്രണത്തിലായിരുന്നു. യാത്ര ചെയ്തിരുന്ന കാറില്‍ ഇറാനിയന്‍ സംഗീതത്തിനു പകരം വേദഗ്രന്ഥ പാരായണമായിരുന്നു കേട്ടിരുന്നത്.
നിരത്തിലൂടെ നടന്നുപോകുന്ന പര്‍ദ്ദാധാരികളായ സ്ത്രീകള്‍ വളരെ പതുക്കെയായിരുന്നു സംസാരിച്ചത്. അവര്‍ക്കിടയിലൂടെ നടന്നുപോകുന്ന കറുത്ത ളോഹപോലെയുള്ള വസ്ത്രം ധരിച്ച മുല്ലാമാരോട് ഒപ്പവും എതിരെയും നടന്നുപോകുന്ന ആളുകള്‍ ബഹുമാനപൂര്‍വം സലാം ചൊല്ലുന്നത് കണ്ടിരുന്നു. അന്നവിടെ പോയിരുന്നത് വ്യാപാര സംബന്ധമായ കാര്യങ്ങള്‍ക്കായിരുന്നു.
പുറത്താക്കപ്പെട്ട രാജ്യം
പേര്‍ഷ്യ ആയിരക്കണക്കിന് കവികളെയും തത്ത്വചിന്തകരേയും ധിഷണാശാലികളേയും നിഷേധികളേയും സൃഷ്ടിച്ചു. ആ തലമുറയുടെ പിന്‍ഗാമികള്‍ അസ്വസ്ഥമനസുമായി പുറംനഗരങ്ങളില്‍ ജീവിച്ചു
ഷായുടെ ഭരണവും ഇപ്പോഴുള്ള പുതുഭരണവും തമ്മിലെ വ്യത്യാസം സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെ സന്തോഷിപ്പിച്ചിരുന്നില്ല. വിദ്യാഭ്യാസവും പരിചയസമ്പന്നതയും കുറഞ്ഞ മേലധികാരികളുടെ വിഡ്ഢിത്തങ്ങള്‍ അവരെ നിരാശപ്പെടുത്തിയിരുന്നു. അംബാസഡര്‍മാരെ തിരഞ്ഞെടുക്കുന്നതില്‍ കാണിച്ചിരുന്ന സ്വജനപക്ഷപാതം ഇറാന്റെ പെരുമ നശിപ്പിക്കുന്നതാണെന്ന് ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പരാതിപ്പെട്ടു. അയാള്‍ പിന്നീട് വീട്ടുതടങ്കലിലായ വിവരം അറിഞ്ഞു. അസ്വാതന്ത്ര്യത്തിന്റെ ചരടുമുറുക്കം അന്ന് പ്രകടമായിരുന്നു.
തെഹ്‌റാനിലെ കുപ്രസിദ്ധമായ ഇവാന്‍ തടവറയെക്കുറിച്ച് ഇത്തവണയാണ് കൂടുതലറിഞ്ഞത്. പതിനയ്യായിരത്തിലധികം സ്വാതന്ത്ര്യദാഹികളും, റിബലുകളും, വിപ്ലവകവികളും വിചാരണകൂടാതെ അതിനകത്തുണ്ടെന്ന് സ്‌നേഹിതന്‍ പറഞ്ഞിരുന്നു. ചിലര്‍ അവിടെകിടന്ന് മരിച്ചു. ചിലരെ വെടിവെച്ചും തൂക്കിയും കൊന്നു. ജയിലറകള്‍ക്കകത്ത് സംഘട്ടനവും, വെടിവെപ്പും, മരണവും നടക്കുന്നത് പുറംലോകമറിഞ്ഞില്ല.
മതാചാരാനുഷ്ഠാനങ്ങളുടെയും നിബന്ധനകളുടെയും പിടിമുറുക്കം കാരണം സ്വാതന്ത്ര്യദാഹികളായ ആയിരക്കണക്കിനു മനുഷ്യര്‍ ഇറാന്‍ വിട്ട് പുറത്തുപോയി. അവരില്‍ ചിലര്‍ ദുബൈയില്‍ താമസമാക്കി. പൗരാണികമായ ഓജസുറ്റ സംസ്‌ക്കാരത്തിന്റെ പ്രതിനിധികളായിരുന്ന അവര്‍ അസ്വസ്ഥമായ മനസ്സോടെ ദുബൈയിലെ ബാറുകളിലും നിശാക്ലബ്ബുകളിലും അലഞ്ഞു. ദുബൈയിലെ പേര്‍ഷ്യന്‍ ഭക്ഷണശാലകളില്‍ കൂടിയിരുന്ന് രാജ്യത്തിന്റെ പരിതാപകരമായ അവസ്ഥയില്‍ സങ്കടപ്പെട്ടു.
ഇറാന്‍ റെവല്യൂഷനില്‍ മുല്ല ജനങ്ങളെ അഭിസംബോധന ചെയ്യുന്നു
അമേരിക്കയിലേക്കും യൂറോപ്പിലേക്കും പോയ ചില ഇറാനികള്‍ അവിടങ്ങളിലിരുന്ന് മതഭരണത്തില്‍ നിന്നുള്ള ഇറാന്റെ മോചനം സ്വപ്നം കണ്ടു. അവരില്‍ പലരും പ്രസിദ്ധ ഡോക്ടര്‍മാരും ശാസ്ത്രന്മാരുമായിരുന്നു. നോബല്‍ പുരസ്‌ക്കാരത്തിന് പേരുപോയ ആള്‍ എന്റെ സുഹൃത്തായിരുന്നു- റസ മെഹ്‌റാനി. ഒമ്പതാം നൂറ്റാണ്ടുമുതലുളള പേര്‍ഷ്യന്‍ കവിതകളുടേയും സംഗീതത്തിന്റെയും മഹിമയിലാണ് ഇന്ത്യ ഉള്‍പ്പെടെയുളള മഹാരാജ്യങ്ങള്‍ തലയുയര്‍ത്തി നിന്നിരുന്നത്.
പേര്‍ഷ്യ ആയിരക്കണക്കിന് കവികളെയും തത്ത്വചിന്തകരേയും ധിഷണാശാലികളേയും നിഷേധികളേയും സൃഷ്ടിച്ചു. മഹാകവികളായ ഒമര്‍ ഖയ്യാം, ഹാഫിസ്, സാദി റൂമി, ജമ്മി, അത്താര്‍, റുഡാനി തുടങ്ങിയവരുടെ കവിതകളും ഗാനങ്ങളും സംഗീതവും ഇറാന്‍ ലോകത്തിനു സംഭാവനചെയ്തു. ആ തലമുറയുടെ പിന്‍ഗാമികള്‍ അസ്വസ്ഥമനസുമായി പുറംനഗരങ്ങളില്‍ ജീവിച്ചു.
ഇറാനിയന്‍ സിനിമക്കാര്‍ മികച്ച സിനിമകളെടുക്കുന്നുവെന്ന് പുറം ലോകം പറഞ്ഞു, അതിലധികം പടങ്ങള്‍ പെട്ടിയിലാണെന്നറിയാതെ.
അതിനിടയില്‍ പത്രത്തിലെ ജോലി മാറുകയും വേള്‍ഡ് ട്രേഡ് എക്‌സിബിഷനില്‍ പുതുതായി ചേരുകയും ചെയ്തത് യാത്രയുടെ ഗമനസാധ്യത ഒന്നുകൂടി കൂട്ടി. ആദ്യവര്‍ഷം തന്നെ ഇറാന്‍ ട്രേഡ് എക്‌സിബിഷന്‍ നടത്താന്‍ അവസരം ലഭിച്ചു. ഇറാന്റെ വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാനും ഗവര്‍ണര്‍മാരെയും ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരെയും പരിചയപ്പെടാനും സാധിച്ചു.
ഇന്ത്യയെപ്പോലെ വൈവിധ്യം നിറഞ്ഞ പ്രദേശങ്ങളുള്ള ഇറാന്‍ പക്ഷേ ഒരു ഭാഷ സംസാരിക്കുന്ന രാജ്യമായിരുന്നു. ലോകത്തിലെത്തന്നെ പ്രശസ്തരായ മഹാകവികളും, സൂഫികളും, ശാസ്ത്രജ്ഞന്മാരും, കലാകാരന്മാരും, ധിഷണാശാലികളുമായ മനുഷ്യരെ മതത്തിന്റെ കര്‍ശന അനുഷ്ഠാനങ്ങളിലൂടെ നിയന്ത്രിക്കുക അസാധ്യമായിരുന്നു.
ലേഖകന്‍ സിനിമാ പ്രവര്‍ത്തകരായ ഹാത്തഫ്, മണിബഹാന്‍, അമീര്‍ തവസലി എന്നിവര്‍ക്കൊപ്പം
ലോകത്തില്‍ ഏറ്റവും വിലകുറച്ച് പെട്രോള്‍, കോഴിമാംസം, ചീസ്, പച്ചക്കറി പഴവര്‍ഗങ്ങള്‍ എന്നിവ നല്‍കിയിരുന്ന ഇറാനില്‍ ഇവയ്ക്ക് വിലകൂടാന്‍ തുടങ്ങിയപ്പോള്‍ ജനം അസ്വസ്ഥരാവുകയും സ്വാതന്ത്ര്യവാഞ്ച അധികരിക്കുകയും ചെയ്തു, പഴയ വിപ്ലവബോധം ഉണരാന്‍ തുടങ്ങി.
മുല്ലാധിപത്യം കൂടിക്കൂടി വന്നു. സംഗീതനിരോധനത്തിനു അയവു വരുത്തണമെന്നായി. സിനിമ, നാടകം, കലാപ്രദര്‍ശനങ്ങള്‍ എന്നിവക്കുണ്ടായിരുന്ന നിയന്ത്രണം കുറഞ്ഞില്ല. പകരം, പ്രദര്‍ശനത്തിനുമുമ്പ് സ്‌ക്രിപ്റ്റ് കാണിക്കണമെന്ന നിബന്ധന വന്നു. മാറ്റം വരുത്തിയതിന് ഷൂട്ടിംഗ് സമയത്ത് പടം പെട്ടിയിലായിട്ടുണ്ട്.
ഇറാനിയന്‍ സിനിമക്കാര്‍ മികച്ച സിനിമകളെടുക്കുന്നുവെന്ന് പുറം ലോകം പറഞ്ഞു, അതിലധികം പടങ്ങള്‍ പെട്ടിയിലാണെന്നറിയാതെ. സിനിമാ സുഹൃത്തക്കളായ മജീദ് മാജിദ് സംഘത്തിലെ സിനിമാക്കാരന്‍ മണിബഹാന്റെ പൂര്‍ത്തിയായ ട്രീ ഓഫ് ലൈഫ്, യങ് ഗണ്‍, ആറ്റം ഹാര്‍ട്ട് മദര്‍ എന്നീ ചിത്രങ്ങള്‍ പുറത്തുവന്നില്ല.
സംഗീത സമൃദ്ധിയില്‍ ആണ്ട് കിടന്നിരുന്ന പേര്‍ഷ്യയെ മുല്ലാഭരണം എത്രമാത്രം പിന്നോട്ട് കൊണ്ടുപോയി എന്ന് സംഗീത സംവിധായകന്‍ അമീര്‍ തവസലി പറഞ്ഞിരുന്നു. പ്രസിദ്ധ പേര്‍ഷ്യന്‍ ബാല സാഹിത്യകാരിയും, ആത്മമിത്രവും ചിത്രകാരനുമായ അമീര്‍ താബറിന്റെ മൊഴിചൊല്ലപ്പെട്ട ഭാര്യയുമായ, ലാലെ ജാഫ്രിയും നിരൂപകനും ഫിലോസഫറുമായ ഹുസൈന്‍ ഷൈക്കും എഴുത്തിലും നിരൂപണത്തിലും വരുന്ന ബുദ്ധിശൂന്യരുടെ വേണ്ടാതുളള തടസങ്ങളെക്കുറിച്ചും മുല്ലാ നസറുദ്ദീന്‍ കഥകളിലെ മുല്ലയുടെ വിഡ്ഢിത്തങ്ങളെ ശരിയായ മുല്ലാമാ രുടേതാണെന്ന് കരുതി ശിക്ഷിക്കാറുളളതും നേരിട്ട് പറയുകയുണ്ടായി.
അകത്ത് പുകയുന്ന വിപ്ലവം
അകത്തു നിന്ന് പുകയുന്ന പ്രതിഷേധങ്ങളും എതിരഭിപ്രായങ്ങളും പലപ്പോഴും, പ്രകടനങ്ങളായും പ്രതിഷേധങ്ങളായും പുറത്തു വരികയും പോലീസും പട്ടാളവും സവാക്ക് സേനയും ചേര്‍ന്ന് അടിച്ചമര്‍ത്തുകയും അനേകം പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. (ഇപ്പോഴത്തെ ഇന്ത്യനവസ്ഥ!) ഒരു ഇറാനിയന്‍ കവി സുഹൃത്ത് കഴിഞ്ഞവര്‍ഷം തെഹ്‌റാനില്‍ വെച്ച് കണ്ടപ്പോള്‍ പറഞ്ഞത് ഇന്ത്യക്ക് ബാധകമാണെന്ന് തോന്നുന്നു; 'നിരത്തില്‍ പെട്രോള്‍ ഒഴിച്ചിട്ടുണ്ട്. ആരെങ്കിലും തീപ്പെട്ടിക്കൊള്ളി ഉരസി അതിലിട്ടാല്‍ മതി, ഇറാന്‍ ആ കൈകളെയാണ് കാത്തിരിക്കുന്നത്'.
ബാല സാഹിത്യകാരി ലാലേ ജാഫ്രിയും മകന്‍ അര്‍ഷിയും
കഴിഞ്ഞവര്‍ഷം നടന്ന മഹാപ്രതിഷേധത്തില്‍ നിരവധിപ്പേര്‍ മരിച്ചു. പുതിയ വിപ്ലവത്തിന്റെ ഒരുക്കം നടക്കുകയായിരുന്നു. പ്രവാസികളായ ഇറാനികള്‍ ആകാംക്ഷാപൂര്‍വ്വം ഇറാന്റെ മാറ്റം ഉറ്റുനോക്കുന്നുമുണ്ടായിരുന്നു. ആ അവസരത്തിലാണ് ഇറാന്റെ ശക്തനായ ഭാവി ഭരണാധികാരിയെന്നു ജനം തീരുമാനിച്ച ഖാസിം സുലൈമാനി വധിക്കപ്പെട്ടത്. പ്രതിഷേധക്കാരുടെ രോഷം സുലൈമാനിയുടെ വധം കൊണ്ടുണ്ടായ ദുഃഖത്തില്‍ തല്‍ക്കാലം അമര്‍ന്നുപോയി.
സുലൈമാനി വധത്തിലൂടെ ഇറാന്‍ ഭരണാധികാരികള്‍ക്ക് ശക്തനായ നേതാവ് നഷ്ടമായെങ്കിലും അനേകം പ്രതിഷേധക്കാരുടെ മരണത്തിന് കാരണമായേക്കാവുന്ന സ്ഥിതിവിശേഷത്തെ മാറ്റിമറിക്കുവാന്‍ ആ വധം കാരണമായതില്‍ അവര്‍ സമാധാനിക്കുന്നുണ്ടാകാം.
അകത്തെ വിപ്ലവം തത്ക്കാലം അടക്കാന്‍ അമേരിക്ക ഇറാനെ സഹായിച്ചു എന്നുവേണം കരുതാന്‍.
വരാനിരിക്കുന്ന നാളുകള്‍ അമേരിക്ക-ഇറാന്‍ ശത്രുത മൂലമുണ്ടാകുന്ന ആക്രമണങ്ങള്‍ക്കും ഒളിയുദ്ധങ്ങള്‍ക്കും കാരണമാകും. പെട്രോള്‍ വില വര്‍ധിച്ചുകഴിഞ്ഞു. പേര്‍ഷ്യയുടെ ചരിത്രം സാംസ്‌കാരിക കൊടുക്കല്‍ വാങ്ങലുകളുടെയും റിബല്‍ വ്യക്തിത്വങ്ങളുടെയും മഹാകവികളുടെയും ധിഷണാശാലികളുടെയും വിജ്ഞാന സമ്പാദനങ്ങളുടെയും ഭൂമികയാണ്.
ഇടക്കിടെ ആക്രമണത്തിനും പ്രളയത്തിനും ഭൂമികുലുക്കത്തിനും വിധേയമാകുന്ന ഇറാനിലെ ജനങ്ങള്‍ സഹനം അനുഭവിച്ചവരാണ്. ഈ ആക്രമണങ്ങളെയും ഭീഷണികളെയും ചെറുത്തുനില്‍ക്കാന്‍ ആ ജനതക്കു കഴിയുമെന്ന് പഴയകാലാനുഭവങ്ങള്‍ തെളിയിക്കുന്നുണ്ട്.
യുദ്ധം സംഭവിച്ചാല്‍ അതിന്റെ അനുരണനങ്ങള്‍ മധ്യപൂര്‍വ ഏഷ്യയില്‍ കാര്യമായ ഇടിവ് സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല. അകത്തെ വിപ്ലവം തത്ക്കാലം അടക്കാന്‍ അമേരിക്ക ഇറാനെ സഹായിച്ചു എന്നുവേണം കരുതാന്‍. എല്ലാ ഭരണാധികാരികളും ചില മത നേതാക്കന്മാരും യുദ്ധങ്ങളും കൂട്ടക്കൊലകളും നടത്തിയത് സ്വന്തം സ്ഥാനം ഉറപ്പിക്കാനായിരുന്നു എന്ന് ചരിത്രപുസ്തകത്തിന്റെ ഏത് താള് മറിച്ചുനോക്കിയാലും മനസിലാവും.
പല തവണ ഇറാന്‍ സന്ദര്‍ശിച്ചുവെന്ന് പറയുന്ന ലേഖകന്‍ ഒരു അബദ്ധം രണ്ടിടത്ത് ആവര്‍ത്തിച്ചുകണ്ടു. സവാക് എന്ന്് ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന പഹ്‌ലവി രാജഭരണകൂടത്തിന്റെ രഹസ്യപ്പോലിസിനെ അദ്ദേഹം ഇപ്പോഴത്തെ ഭരണകൂടവുമായി ബന്ധിപ്പിക്കുന്നത് വലിയ പിശകാണ്. 1957ല്‍ മുഹമ്മദ് റിസാ ഷാ അമേരിക്കന്‍ ചാര സംഘടനയായ സി.ഐ.എയുടെയും കുപ്രസിദ്ധരായ സയണിസ്റ്റ് ചാരസംഘടന മൊസാദിന്റെയും സഹായത്തോടെ രൂപീകരിച്ച രഹസ്യപ്പോലിസാണ് സവാക്. അങ്ങേയറ്റം നീചമായ പ്രവര്‍ത്തനങ്ങളിലൂടെ കുപ്രസിദ്ധമായ സവാക് നിരപരാധികളായ നിരവധിപേരെ നിഷ്ഠൂരമായി വധിച്ചിട്ടുണ്ട്. 1979ലെ ഇസ്ലാമിക വിപ്ലവാനന്തരം സവാക്കിനെ പിരിച്ചുവിടുകയുണ്ടായി. ലേഖകന്റെ വിവരണം കേട്ടാല്‍ തോന്നും ഷായുടെ ഭരണകാലം ജനങ്ങള്‍ക്ക് സുവര്‍ണകാലമായിരുന്നുവെന്ന്. ഇസ്‌ലാമിന്റെ പേരില്‍ അരങ്ങേറിയ വിപ്ലവമായിരുന്നിട്ടും ഖുമൈനിയും ചിന്തകനായ അലി ശരീഅത്തിയെയും പോലെയുള്ളവര്‍ നേതൃത്വം നല്‍കുന്നുവെന്ന് അറിഞ്ഞിട്ടും കമ്യൂണിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവര്‍ വിപ്ലവത്തെ പിന്തുണച്ചത് തന്നെ ഷായുടെയും അയാളുടെ സ്‌പോണ്‍സര്‍മാരായ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും നെറികേടുകളെ ജനം എങ്ങനെ കണ്ടിരുന്നു എന്നതിന് തെളിവാണ്. അതൊന്നും പറയാതെ ഷായെ വെള്ളപൂശിയത് സത്യസന്ധമായ അവതരണമല്ല. ഇപ്പോഴത്തെ ഭരണകൂടം ചെയ്യുന്നതെല്ലാം ശരിയാണെന്ന് എനിക്കും അഭിപ്രായമില്ല.
Habeeb Ahammed
14 Apr 2020, 11:04 PM
അല്പം സമയമെടുത്തിട്ടാണെങ്കിലും ഹാഷിം ഇറാനെക്കുറിച്ചെഴുതിയ കാര്യങ്ങൾ വായിച്ചു.. പരിപൂർണ സ്വാതന്ത്ര്യത്തിൽ ഒരു സമൂഹം മതത്തിന്റെ വേലിക്കെട്ടിലേക്കടുത്തെറിയപ്പെടുമ്പോഴുണ്ടാകുന്ന പ്രയാസം ചിന്തിക്കാൻ പറ്റാത്തതാണ്. ഒരു രാജ്യത്തിന്റെ ഭരണം മത ഭീകരരുടെ കയ്യിലകപ്പെട്ടാൽ അവിടെനിന്ന് ഒരു സോഷ്യലിസ്റ്റ് ഭരണരീതിയിലേക്ക് തിരിച്ചുവരവ് അസാധ്യമാണ്. സ്വതന്ത്ര ഭാരതത്തിന്റെ പോക്ക് ആവഴിക്കാനോ എന്ന് ഭയപ്പെടുത്തുന്നു
Dr Salila Mullan
13 Apr 2020, 08:10 PM
ഒരു മതേതര ജനാധിപത്യ രാജ്യം മതാധിപത്യ രാജ്യമായി മാറുമ്പോൾ ആ രാജ്യത്തെ ജനത അനുഭവിക്കേണ്ടിവരുന്ന അസ്വാതന്ത്ര്യങ്ങളും കൂച്ചുവിലങ്ങുകളും എത്രത്തോളം ഭീകരമാണെന്നു മനസ്സിലാക്കാൻ ഇന്ത്യൻ ജനത ഇറാനിലേക്ക് നോക്കിയാൽ മതി. അതുവരെ ഏതു പാട്ടു കേൾക്കണം, എന്തു വസ്ത്രം ധരിക്കണം എന്നെല്ലാം സ്വയം തീരുമാനിക്കാൻ അധികാരമുണ്ടായിരുന്ന ഒരുജനതക്കു മേൽ ഇസ്ലാമിക വിപ്ലവമെന്നു കൊട്ടിഘോഷിച്ച് ആയത്തുള്ള ഖൊമേനികൊണ്ടുവന്ന ഭരണപരിഷ്‌ക്കാരമാണ് സംഗീതം അനിസ്ളാമികമാണെന്നും അത് കേൾക്കുന്നത് ശിക്ഷാര്ഹമാണെന്നും അടിമുടി മൂടിപ്പൊതിഞ്ഞുള്ള പർദ്ദയാണ് ഇസ്ലാമിക സ്ത്രീകളുടെ വസ്ത്രമെന്നുമുള്ള നിയമങ്ങൾ അടിച്ചേൽപ്പിച്ചത്. ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ അവസ്ഥയ്ക്ക് വളരെയധികം സാദൃശ്യമുള്ള ഇറാനിലെ ജനതയുടെ ആ ദുരവസ്ഥ നേരിട്ടു കണ്ടനുഭവിച്ച ശ്രീ ഇ എം ഹാഷിമിന്റെ ഈ ലേഖനം, മതം രാഷ്ട്രത്തിന്റെ ഭരണത്തിൽ ഇടപെടുമ്പോഴുണ്ടാകുന്ന ഭീകരതയുടെ ആഴം വായനക്കാർക്ക് അനുഭവപ്പെടുത്തുന്നു.
T.Ramesh
13 Apr 2020, 04:50 PM
Very super matter.
ഖാദർ പാലാഴി
11 Apr 2020, 10:08 PM
മധ്യപൗരസ്ത്യ അറബ് ലോകത്തെ അപേക്ഷിച്ച് പരിമിത ജനാധിപത്യമുള്ള രാജ്യമാണ് ഇറാൻ . പാർലമെന്ററി പദവികൾ പാരമ്പര്യമായി ലഭിക്കുന്നില്ല. ഏകകക്ഷി സ്വേച്ഛാ ഭരണമുള്ള െച നേ യേക്കാൾ രാഷ്ട്രീയ സ്വാതന്ത്ര്യമുള്ളതായി കാണുന്നുണ്ട്. എങ്കിലും ജനം കൂടുതൽ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നുണ്ട്. യു.എസ് സാംക്ഷൻ കാരണമാണ് ജനം തെരുവിലിറങ്ങാത്തത് . സന്നിഗ്ദ ഘട്ടത്തിൽ രാജ്യേ ത്തോെടെപ്പം നിൽക്കുകയാണവർ. നിലവിലുള്ള രാഷ്ട്രീയ ഘടനയിൽ അവർ അസംതൃപ്തതരാണെന്നതിന്
തെളിവാണ് ഇക്കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ 50% ൽ താഴെ മാത്രം പേർ വോട്ട് ചെയ്യാനെത്തിയത്.
P. K. Niaz
15 Apr 2020, 03:34 AM
പല തവണ ഇറാന്‍ സന്ദര്‍ശിച്ചുവെന്ന് പറയുന്ന ലേഖകന്‍ ഒരു അബദ്ധം രണ്ടിടത്ത് ആവര്‍ത്തിച്ചുകണ്ടു. സവാക് എന്ന്് ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന പഹ്‌ലവി രാജഭരണകൂടത്തിന്റെ രഹസ്യപ്പോലിസിനെ അദ്ദേഹം ഇപ്പോഴത്തെ ഭരണകൂടവുമായി ബന്ധിപ്പിക്കുന്നത് വലിയ പിശകാണ്. 1957ല്‍ മുഹമ്മദ് റിസാ ഷാ അമേരിക്കന്‍ ചാര സംഘടനയായ സി.ഐ.എയുടെയും കുപ്രസിദ്ധരായ സയണിസ്റ്റ് ചാരസംഘടന മൊസാദിന്റെയും സഹായത്തോടെ രൂപീകരിച്ച രഹസ്യപ്പോലിസാണ് സവാക്. അങ്ങേയറ്റം നീചമായ പ്രവര്‍ത്തനങ്ങളിലൂടെ കുപ്രസിദ്ധമായ സവാക് നിരപരാധികളായ നിരവധിപേരെ നിഷ്ഠൂരമായി വധിച്ചിട്ടുണ്ട്. 1979ലെ ഇസ്ലാമിക വിപ്ലവാനന്തരം സവാക്കിനെ പിരിച്ചുവിടുകയുണ്ടായി. ലേഖകന്റെ വിവരണം കേട്ടാല്‍ തോന്നും ഷായുടെ ഭരണകാലം ജനങ്ങള്‍ക്ക് സുവര്‍ണകാലമായിരുന്നുവെന്ന്. ഇസ്‌ലാമിന്റെ പേരില്‍ അരങ്ങേറിയ വിപ്ലവമായിരുന്നിട്ടും ഖുമൈനിയും ചിന്തകനായ അലി ശരീഅത്തിയെയും പോലെയുള്ളവര്‍ നേതൃത്വം നല്‍കുന്നുവെന്ന് അറിഞ്ഞിട്ടും കമ്യൂണിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവര്‍ വിപ്ലവത്തെ പിന്തുണച്ചത് തന്നെ ഷായുടെയും അയാളുടെ സ്‌പോണ്‍സര്‍മാരായ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും നെറികേടുകളെ ജനം എങ്ങനെ കണ്ടിരുന്നു എന്നതിന് തെളിവാണ്. അതൊന്നും പറയാതെ ഷായെ വെള്ളപൂശിയത് സത്യസന്ധമായ അവതരണമല്ല. ഇപ്പോഴത്തെ ഭരണകൂടം ചെയ്യുന്നതെല്ലാം ശരിയാണെന്ന് എനിക്കും അഭിപ്രായമില്ല.