truecoppy
MORE
Truecopy Home
Readers
are
Thinkers

Thursday, 30 March 2023

truecoppy
Truecopy Logo
Readers are Thinkers

Thursday, 30 March 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Migrant workers

Labour Issues

Photo : Muhammed Hanan Ak

ഈ തൊഴിലാളികൾ
‘അതിഥി’കളോ തൊഴിലാളിക്കടത്തിന്റെ
ഇരകളോ?

ഈ തൊഴിലാളികൾ ‘അതിഥി’കളോ തൊഴിലാളിക്കടത്തിന്റെ ഇരകളോ?

ഇന്ത്യയില്‍ കുടിയേറ്റ തൊഴിലാളികളുടെ എണ്ണം അതിവേഗം ഉയര്‍ന്നുകൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഇന്ന് കേരളത്തിലെ കുടിയേറ്റ തൊഴിലാളികളുടെ എണ്ണം 40 ലക്ഷത്തിലേറെ വരുമെന്നാണ് അനൗദ്യോഗിക കണക്ക്​. അതായത് കേരളത്തിലെ ജനസംഖ്യയുടെ 12 ശതമാനം. റിക്രൂട്ടുമെൻറിലും തൊഴിലിലും ഇവർക്ക്​ അർഹമായ നിയമപരമായ സുരക്ഷയും ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ടോ? ‘അതിഥി’ തൊഴിലാളികൾ എന്ന്​ കേരള സർക്കാർ ആദരപൂർവം വി​ശേഷിപ്പിക്കുന്ന അന്തർ സംസ്​ഥാന തൊഴിലാളികളുടെ ജീവിതം എങ്ങനെയാണ്​?. ഒരു അന്വേഷണം.

21 Apr 2022, 02:28 PM

കെ.വി. ദിവ്യശ്രീ

കഴിഞ്ഞ മാര്‍ച്ചിലാണ് എറണാകുളം കളമശ്ശേരിയില്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് നാല് തൊഴിലാളികള്‍ മരിച്ചത്. നാലുപേരും പശ്ചിമബംഗാളില്‍ നിന്ന് തൊഴില്‍ തേടി കേരളത്തിലെത്തിയവരായിരുന്നു. മരിച്ചവര്‍ മാത്രമല്ല, നെസ്റ്റ് ഇലക്​ട്രോണിക്​ സിറ്റിയുടെ വര്‍ക്ക് സൈറ്റിലുണ്ടായിരുന്നവരെല്ലാം ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ കുടിയേറ്റ തൊഴിലാളികളായിരുന്നു. മതിയായ സുരക്ഷയില്ലാത്തതാണ് അപകടത്തിനിടയാക്കിയതെന്നായിരുന്നു പൊലീസ് പറഞ്ഞത്. 

കളമശ്ശേരിയിലുണ്ടായത് ഒറ്റപ്പെട്ട സംഭവമല്ല. കണ്‍സ്ട്രക്ഷന്‍ സൈറ്റുകളിലെ അപകടങ്ങളില്‍ ഇന്ത്യയിലാകെ (ലോകത്തെല്ലായിടത്തും) നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. ദാരിദ്ര്യം കാരണം എന്തുജോലിയും ചെയ്യാന്‍ തയ്യാറായി വരുന്നവരുടെ ജീവന് വന്‍കിട നിര്‍മാണ കമ്പനികളും കോര്‍പറേറ്റുകളും തെല്ലും വിലകല്‍പ്പിക്കാത്തതാണ് ഈ അപകടങ്ങളുടെ ആദ്യത്തെ കാരണം. ഇവിടെ നമുക്ക് കേരളത്തിലെ സാഹചര്യം മാത്രം വിശദമായി പരിശോധിക്കാം. കാരണം, ഇന്ത്യയില്‍ കുടിയേറ്റ തൊഴിലാളികളുടെ എണ്ണം അതിവേഗം ഉയര്‍ന്നുകൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കേരളത്തിലെ താരതമ്യേന മെച്ചപ്പെട്ട കൂലിയും തൊഴില്‍സാഹചര്യങ്ങളുമാണ് കൂടുതല്‍ ആളുകളെ ഇവിടേയ്ക്ക് വരാന്‍ പ്രേരിപ്പിക്കുന്നത്. 

View Ad

Your browser does not support the video tag.

View Ad

Your browser does not support the video tag.

കേരളത്തില്‍ തദ്ദേശീയരേക്കാൾ അന്തർ സംസ്​ഥാന തൊഴിലാളികളാണ്​ ഏതൊരു നിര്‍മാണസ്ഥലത്തും കൂടുതലുണ്ടാവുക. കുറഞ്ഞ കൂലിയ്ക്ക് കൂടുതല്‍ ജോലി ചെയ്യിക്കാനാവും എന്നതുകൊണ്ടുകൂടിയാണ് അന്തർ സംസ്ഥാന തൊഴിലാളികളെ ജോലിക്കെടുക്കാന്‍ കോണ്‍ട്രാക്ടര്‍മാരും നിര്‍മാണ കമ്പനികളും താത്പര്യപ്പെടുന്നത്. മാത്രമല്ല, ഈ തൊഴിലാളികള്‍ സൗകര്യങ്ങള്‍ കുറഞ്ഞതിന്റെ പേരില്‍ പരാതിപ്പെടുകയുമില്ല. അതുകൊണ്ടുതന്നെ പരമാവധി അവരെ മുതലെടുക്കുന്നതാണ് ഇവിടത്തെ കോര്‍പറേറ്റുകളുടെ രീതി. 

കേരളത്തിൽ 40 ലക്ഷത്തിലേറെ അന്തർ സംസ്​ഥാന തൊഴിലാളികൾ

കേരളത്തില്‍ കഴിഞ്ഞ പതിറ്റാണ്ടില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെ വരവ് വളരെയധികം കൂടിയിട്ടുണ്ട്. പണ്ടുകാലത്ത് തമിഴ്‌നാട്ടില്‍ നിന്നായിരുന്നു കേരളത്തിലേക്ക് തൊഴിലാളികള്‍ കൂടുതല്‍ വന്നിരുന്നത്. അസം, ബിഹാര്‍ തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും വന്നിരുന്നെങ്കിലും എണ്ണത്തില്‍ കുറവായിരുന്നു. പിന്നീട് പശ്ചിമബംഗാളില്‍ നിന്നുള്ളവര്‍ വന്നുതുടങ്ങി. അതിനുപിന്നാലെ ജാര്‍ഖണ്ഡ്, മണിപ്പൂര്‍, അസം, ബിഹാര്‍, ഒഡീഷ, ഹിമാചല്‍പ്രദേശ് തുടങ്ങി ഒരുവിധം എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് തൊഴില്‍തേടി ആളുകള്‍ എത്തിക്കൊണ്ടിരുന്നു. ഇപ്പോള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും ജാര്‍ഖണ്ഡില്‍ നിന്നുമാണ് കൂടുതല്‍ തൊഴിലാളികള്‍ കേരളത്തിലുള്ളത്. 
കേരളത്തില്‍ ഓരോ വര്‍ഷവും കുടിയേറ്റ തൊഴിലാളികളുടെ എണ്ണത്തില്‍ 2.35 ലക്ഷത്തിന്റെ വര്‍ധനയാണുണ്ടാകുന്നതെന്നാണ് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ നടത്തിയ പഠനത്തില്‍ പറയുന്നത്. കേരളത്തിലേക്കുള്ള ദീര്‍ഘദൂര ട്രെയിനുകളില്‍ വരുന്നവരെ അടിസ്ഥാനപ്പെടുത്തിയാണ് പഠനം നടത്തിയിരിക്കുന്നത്. മറ്റു യാത്രാമാര്‍ഗങ്ങളുപയോഗിക്കുന്ന അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ കണക്ക് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇന്ന് കേരളത്തിലെ കുടിയേറ്റ തൊഴിലാളികളുടെ എണ്ണം 40 ലക്ഷത്തിലേറെ വരുമെന്നാണ് അനൗദ്യോഗിക കണക്ക്​. അതായത് കേരളത്തിലെ ജനസംഖ്യയുടെ 12 ശതമാനം. 

ഇന്ത്യയിലെ ആഭ്യന്തര കുടിയേറ്റ ജനസംഖ്യ ആറ് കോടിയിലേറെയാണെന്നാണ് കണക്ക്. നഗരവത്കരണം ഏറ്റവും കുറഞ്ഞ ഉത്തര്‍പ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേർ മറ്റു സംസ്ഥാനങ്ങളിലേയ്ക്ക് കുടിയേറുന്നത്. നഗരവത്കരണം ഏറ്റവും കൂടുതലുള്ള മഹാരാഷ്ട്ര, ഡല്‍ഹി, പഞ്ചാബ്, ഗുജറാത്ത്, തമിഴ്‌നാട്, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലേക്കാണ് ഏറ്റവും കൂടുതല്‍ കുടിയേറ്റ തൊഴിലാളികള്‍ വരുന്നത്. 

അപകടങ്ങള്‍ തുടര്‍ക്കഥ

കേരളത്തില്‍ അടുത്ത കാലത്ത്​, നിര്‍മാണ മേഖലയിലുണ്ടായ അപകടങ്ങളില്‍ പ്രധാനം, 2022 മാര്‍ച്ച് 18-ന് കളമശ്ശേരിയിലുണ്ടായതാണ്. കളമശ്ശേരിയിലെ നെസ്റ്റ് ഇലക്ടോണിക് സിറ്റിയില്‍ മണ്ണിടിഞ്ഞ് നാല് കുടിയേറ്റ തൊഴിലാളികളാണ് മരിച്ചത്. പശ്ചിമബംഗാളില്‍ നിന്നുള്ളവരാണ് മരിച്ചവര്‍. ആഴമുള്ള കുഴിക്കായി മണ്ണെടുക്കുന്നതിനിടെ മണ്ണിടിഞ്ഞാണ് തൊഴിലാളികള്‍ മരിച്ചത്. കുന്ന് നികത്തിയ മണ്ണാണ് പ്രദേശത്തുണ്ടായിരുന്നതെന്നും ബലം കുറവായിരുന്നെന്നും തൊഴിലാളികള്‍ പറയുന്നു. സംഭവത്തില്‍ വിശദ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. 

kalamasserry
കളമശ്ശേരിയിലെ നെസ്റ്റ് ഇലക്ട്രോണിക് സിറ്റിയുടെ നിര്‍മാണസ്ഥലത്ത് മണ്ണിടിഞ്ഞുണ്ടായ അപകടം

2022 ഏപ്രില്‍ നാലിന് കണ്ണൂരില്‍ വീട് നിര്‍മാണത്തിനിടെ കോണ്‍ക്രീറ്റ് ബീം തകര്‍ന്നുവീണ് വീട്ടുടമ മുന്താനി കൃഷ്ണനും തൊഴിലാളി ലാലുവും മരിച്ചു.
2022 ജനുവരി 18-ന് കോഴിക്കോട് കൈതപ്പൊയിലിലെ മര്‍കസ് നോളജ് സിറ്റിയില്‍ നിര്‍മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടം തകര്‍ന്ന് 20 തൊഴിലാളികള്‍ക്ക് പരിക്കേറ്റിരുന്നു. 

2021 സെപ്റ്റംബര്‍ 26-ന് കോഴിക്കോട് കെട്ടിടനിര്‍മാണസ്ഥലത്ത് കൂറ്റന്‍ കോണ്‍ക്രീറ്റ് സ്ലാബ് വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മരിച്ചവരും പരിക്കേറ്റവരും തമിഴ്‌നാട് സ്വദേശികളാണ്. പുതുക്കോട്ടയില്‍ നിന്നുള്ള കാര്‍ത്തിക്. ജി (22), തിരുനല്‍വേലി സ്വദേശി സലീം മുഹമ്മദ് (23) എന്നിവരാണ് മരിച്ചത്. വര്‍ക്ക് സൈറ്റില്‍ സാധാരണ 35-40 തൊഴിലാളികളുണ്ടാകുമെങ്കിലും ഞായറാഴ്ചയായതിനാല്‍ എട്ടുപേര്‍ മാത്രമാണുണ്ടായത്. 

2021 നവംബര്‍ 15-ന് കോഴിക്കോട് നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്ന് ഒമ്പത് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. രണ്ടാം നിലയുടെ നിര്‍മാണത്തിനിടെയാണ് അപകടമുണ്ടായത്. 
2021 ജൂലൈ 15-ന് എറണാകുളം പനമ്പിള്ളി നഗറില്‍ ബഹുനില അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സിന്റെ നിര്‍മാണത്തിനിടെ തൊഴിലാളി മരിച്ചു. പശ്ചിമബംഗാള്‍ സ്വദേശി സഞ്ജീവ് സിങ്ങാണ് (22) മരിച്ചത്. 40 മീറ്റര്‍ ഉയരത്തില്‍ തൂങ്ങിക്കിടന്നുകൊണ്ട് കെട്ടിടത്തിന്റെ പുറത്ത് പ്ലാസ്റ്ററിങ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. 14-ാം നിലയ്ക്ക് മുകളില്‍ അലങ്കാര ചുമരിനായി നിര്‍മിച്ച 5.50 മീറ്റര്‍ നീളവും 2.40 മീറ്റര്‍ വീതിയുമുള്ള 1500 കിഗ്രാം ഭാരമുള്ള കോണ്‍ക്രീറ്റ് ബീം തകര്‍ന്ന് തൊഴിലാളികള്‍ക്കുമേല്‍ വീഴുകയായിരുന്നു. 

ALSO READ

തൊഴിലുടമയുടെ വഞ്ചന, അഭിഭാഷകരുടെ ചൂഷണം; നീതി കിട്ടാതെ 'അതിഥി’ തൊഴിലാളികൾ

2021 ഒക്ടോബര്‍ ഒമ്പതിന് എറണാകുളം കലൂരില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് ഒരു തൊഴിലാളി മരിച്ചു. നിരവധി തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ആന്ധ്രപ്രദേശില്‍ നിന്നുള്ളവരാണ് മരിച്ചയാളും പരിക്കേറ്റവരും.
മേല്‍പ്പറഞ്ഞവയൊക്കെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെയുണ്ടായ കേരളത്തിലെ നിര്‍മാണമേഖലയിലുണ്ടായ അപകടങ്ങളില്‍ ചിലത് മാത്രമാണ്. ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും അല്ലാത്തതുമായ സംഭവങ്ങള്‍ നിരവധി ഉണ്ടാകുന്നുണ്ട്. മരണം സംഭവിക്കുന്നവരും നിസാര പരിക്ക് മുതല്‍ ഗുരുതരമായി പരിക്കേല്‍ക്കുന്നവര്‍ വരെയുമുണ്ട്. 

സുരക്ഷിതമല്ലാത്ത തൊഴിലിടങ്ങള്‍

ഇന്ത്യയില്‍ കൃഷി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നത് നിര്‍മാണമേഖലയാണ്. രാജ്യത്തിന്റെ ജി.ഡി.പി.യുടെ 9 ശതമാനം സംഭാവന ചെയ്യുന്നതും നിര്‍മാണമേഖലയാണ്. എന്നാല്‍ തൊഴിലാളികള്‍ ഏറ്റവും കൂടുതല്‍ സുരക്ഷാഭീഷണി നേരിടുന്നതും ഈ മേഖലയില്‍ തന്നെയാണ്. മറ്റ് വ്യവസായങ്ങളെ അപേക്ഷിച്ച് നിര്‍മാണമേഖലയില്‍ അപകടമരണത്തിനുള്ള സാധ്യത അഞ്ചുമടങ്ങ് കൂടുതലാണെന്നാണ് ഇതുവരെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഗുരുതരമായ പരിക്കുകള്‍ പറ്റാനുള്ള സാധ്യത 2.5 മടങ്ങ് കൂടുതലുമാണ്. 

ഇന്ത്യയിലെ 80 ശതമാനം നിര്‍മാണ ജോലികളും നടക്കുന്നത് സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. നിര്‍മാണമേഖലയിലെ അപകടമരണങ്ങളില്‍ 25 ശതമാനവും ഉയരത്തില്‍ നിന്നുള്ള വീഴ്ചയെ തുടര്‍ന്നാണുണ്ടാകുന്നത്. കോണ്‍ക്രീറ്റ് ബീമുകള്‍ തകര്‍ന്നും മണ്ണിടിഞ്ഞുമൊക്കെയുള്ള അപകടങ്ങളില്‍ നിരവധി തൊഴിലാളികളാണ് ഓരോ വര്‍ഷവും മരിക്കുന്നത്. ഇന്ത്യയില്‍ ഒരു വര്‍ഷം ശരാശരി നാല്‍പതോളം മരണങ്ങളാണ് കണ്‍സ്ട്രക്ഷന്‍ സൈറ്റിലെ അപകടങ്ങളില്‍ സംഭവിക്കുന്നത്. ആയിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്നു. എന്നാല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതും കേസ് രജിസ്റ്റര്‍ ചെയ്യപ്പെടാത്തതുമായ നിരവധി സംഭവങ്ങളുമുണ്ടാകാം. 

ALSO READ

തൊഴിലാളികളും പ്രതിസന്ധികാലത്തെ മരണ വ്യാപാരവും

താരതമ്യേന അപകടസാധ്യത കൂടിയ മേഖലയാണെങ്കിലും ശരിയായ രീതിയിലുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയാണെങ്കില്‍ കണ്‍സ്ട്രക്ഷന്‍ സൈറ്റുകളിലെ അപകടങ്ങള്‍ കുറയ്ക്കാനാന്‍ സാധിക്കുമെന്ന് കുടിയേറ്റ തൊഴിലാളികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന പ്രോഗ്രസീവ് വര്‍ക്കേഴ്‌സ് ഓര്‍ഗനൈസേഷന്‍ ചെയര്‍പേഴ്‌സണ്‍ ജോര്‍ജ് മാത്യു പറയുന്നു. കണ്‍സ്ട്രക്ഷന്‍ സൈറ്റുകളിലെ അപകടങ്ങള്‍ എങ്ങനെ ഉണ്ടാകുന്നു എന്നതുസംബന്ധിച്ച ഒരു പഠനവും കേരളത്തില്‍ ഉണ്ടായിട്ടില്ല. ഡല്‍ഹി, മുംബൈ തുടങ്ങിയ വന്‍ നഗരങ്ങളിലും അപകടങ്ങളേറെ ഉണ്ടായിട്ടുണ്ടെങ്കിലും അവ എങ്ങനെ കുറച്ചുകൊണ്ടുവരാമെന്ന പഠനങ്ങളുണ്ടായിട്ടില്ല. 

work site
ഇന്ത്യയിലെ 80 ശതമാനം നിര്‍മാണ ജോലികളും നടക്കുന്നത് സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. / Photo: Wikimedia Commons

""ക്വാറികളിലും കെട്ടിട നിര്‍മാണത്തിനിടയിലുമൊക്കെ നിരധവധിയാളുകള്‍ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടമാകുന്നത്. അതുകൊണ്ടുതന്നെ സുരക്ഷാ മുന്‍കരുതല്‍ എടുത്തുകൊണ്ടായിരിക്കണം ഇത്തരം തൊഴിലിടങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ കെട്ടിടം പണിയുമ്പോള്‍, അവിടത്തെ അപകടസാധ്യതയെപ്പറ്റി ആദ്യം ഒരു പഠനം നടത്തണം. അപകടസാധ്യത പരിശോധിക്കാതിരിക്കുകയും തൊഴിലാളികളുടെ ജീവന് വേണ്ട പരിഗണന നല്‍കാതിരിക്കുകയും ചെയ്യുന്നതാണ് അപകടങ്ങളുണ്ടാകാനുള്ള ഒരു കാരണം.'' -ജോര്‍ജ് മാത്യു പറഞ്ഞു. അപകടത്തില്‍ മരിക്കുന്നവര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുന്നവര്‍ക്കും വര്‍ക്ക്‌മെന്‍ കോമ്പന്‍സേഷന്‍ ആക്റ്റ് അനുസരിച്ചുള്ള നഷ്ടപരിഹാരം ലഭിക്കുന്നുണ്ടോ എന്നുള്ളത് ഒരു ചോദ്യമാണെന്നും അദ്ദേഹം പറഞ്ഞു. ""വര്‍ക്ക്‌സൈറ്റുകളിലുണ്ടാകുന്ന അപകടം ഏതെങ്കിലും കോണ്‍ട്രാക്ടറുടെ തലയില്‍ കെട്ടിവെച്ച് സര്‍ക്കാരിന് ഒഴിയാന്‍ സാധിക്കില്ല. നിയമപരമായ നഷ്ടപരിഹാരം ലഭ്യമാക്കുകയെന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്.'' -ജോര്‍ജ് വ്യക്തമാക്കി. 

പലപ്പോഴും അപകടം സംഭവിച്ചുകഴിഞ്ഞതിനുശേഷം മാത്രമായിരിക്കും സര്‍ക്കാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തൊഴിലിടത്തെ സുരക്ഷിതത്വമില്ലായ്മയെക്കുറിച്ച് അറിയുന്നത്. അല്ലാതെ ഇത്തരം സ്ഥലങ്ങളില്‍ ഒരുതരത്തിലുള്ള പരിശോധനയും അധികാരികള്‍ നടത്താറില്ല. അപകടം ഉണ്ടായാല്‍ തന്നെ അപ്പോള്‍ അന്വേഷണം പ്രഖ്യാപിക്കുകയും പരിശോധനകള്‍ നടത്തുകയുമൊക്കെ ചെയ്യുമെങ്കിലും ഫലമൊന്നുമുണ്ടാകാറില്ല. 

മാനദണ്ഡമില്ലാതെ  "തൊഴിലാളിക്കടത്ത്'

നിയമപരമായ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് പല തൊഴില്‍ദാതാക്കളും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തൊഴിലാളികളെ കൊണ്ടുവരുന്നത്. ഇന്ത്യയില്‍ തന്നെ സാമൂഹികമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഏറ്റവും പിന്നാക്കാവസ്ഥയിലുള്ള ആദിവാസി മേഖലയില്‍ നിന്നുള്‍പ്പെടെയാണ് തൊഴിലാളികള്‍ വരുന്നത്. അതുകൊണ്ടുതന്നെ അവര്‍ക്ക് നിയമങ്ങളെക്കുറിച്ചോ അവകാശങ്ങളെക്കുറിച്ചോ ധാരണയുണ്ടാകില്ല. ഈ അവസ്ഥ മുതലെടുക്കുകയാണ് തൊഴിലാളികളെ കൊണ്ടുവരുന്ന ഏജന്റുമാരും കോര്‍പറേറ്റ് സ്ഥാപനങ്ങളും കോണ്‍ട്രാക്ടര്‍മാരും ചെയ്യുന്നത്. തൊഴിലാളികളെ സംബന്ധിച്ച് അവരുടെ നാട്ടില്‍ ഒരു ജോലിയും കിട്ടാത്ത, ജീവിക്കാന്‍ സാധിക്കാത്ത സ്ഥിതിയാകുമ്പോള്‍ ഇവിടെ എന്ത് അനുഭവമുണ്ടായാലും അവര്‍ പ്രതികരിക്കില്ല. എത്ര കുറഞ്ഞ ശമ്പളമായാലും അത് അവര്‍ക്ക് പ്രധാനമായിരിക്കും. അതും കാത്ത് ഒരു കുടുംബം ഗ്രാമത്തില്‍ കഴിയുന്നുണ്ടാകും. എന്തെങ്കിലും പരാതി പറഞ്ഞിട്ടും മറ്റും കിട്ടുന്ന ശമ്പളം ഇല്ലാതാക്കണമെന്നും ഒരു തൊഴിലാളിയും കരുതില്ല. ഇതറിയാവുന്ന തൊഴിലുടമകളും കോണ്‍ട്രാക്ടര്‍മാരും അവരെ പരമാവധി ചൂഷണം ചെയ്യുകയും ചെയ്യുന്നു. 

ALSO READ

മനുഷ്യരുടെ ഒരു ഉറുമ്പുവരി, നീണ്ട നിലവിളി

ദരിദ്രഗ്രാമങ്ങളില്‍ നിന്ന് ആളുകളെ ജോലിക്കായി കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേയ്ക്ക് എത്തിക്കുന്നത് പ്രധാനമായും എന്‍.ജി.ഒ.കളും കൃസ്തീയസഭകളുടെ നേതൃത്വത്തിലുള്ള സംഘടനകളുമാണ്. അവരുടെ ദാരിദ്ര്യം മുതലെടുത്തുകൊണ്ടാണ് അടിമസമാനമായ തൊഴിലിനായി ഈ പാവപ്പെട്ട മനുഷ്യരെ കൊണ്ടുവരുന്നത്. തൊഴിലിടത്തില്‍ എത്തിക്കഴിഞ്ഞാല്‍ പലപ്പോഴും അവര്‍ക്ക് പരാതിപ്പെടാനോ ആവശ്യങ്ങള്‍ പറയാനോ സാധിക്കാത്ത സാഹചര്യമായിരിക്കും. അതുകൊണ്ടുതന്നെ അവരുടെ തൊഴിലിടങ്ങളില്‍ പലപ്പോഴും ഒരു സുരക്ഷയുമുണ്ടാകില്ല. നിര്‍മാണമേഖലയിലുള്‍പ്പെടെ സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ ജോലിചെയ്യുന്നത് അപകടത്തില്‍പെടുന്നതിനും ജീവന്‍ തന്നെ നഷ്ടപ്പെടുന്നതിനും കാരണമാകുന്നു. 

migrants
തൊഴിലാളികളെ സംബന്ധിച്ച് അവരുടെ നാട്ടില്‍ ഒരു ജോലിയും കിട്ടാത്ത, ജീവിക്കാന്‍ സാധിക്കാത്ത സ്ഥിതിയാകുമ്പോള്‍ ഇവിടെ എന്ത് അനുഭവമുണ്ടായാലും അവര്‍ പ്രതികരിക്കില്ല.

വലിയതോതിലുള്ള ഫണ്ടിങ് ലഭിക്കുന്ന എന്‍.ജി.ഒ.കളുടെ ആളുകള്‍ വിവിധ സംസ്ഥാനങ്ങളില്‍ പോയി സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിച്ചാണ് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതെന്നും തൊഴിലാളികളെ ഇവിടെയെത്തിക്കുമ്പോള്‍ നിയമപരമായ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്നും പ്രോഗ്രസീവ് വര്‍ക്കേഴ്‌സ് ഓര്‍ഗനൈസേഷന്‍ ചെയര്‍പേഴ്‌സണ്‍ ജോര്‍ജ് മാത്യു പറഞ്ഞു. ഉത്തരേന്ത്യന്‍ ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് തൊഴിലാളികള്‍ക്കൊപ്പം താമസിച്ച് അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുകയും പഠിക്കുകയും ചെയ്യുന്ന സംഘടനയാണ് പ്രോഗ്രസീവ് വര്‍ക്കേഴ്‌സ് ഓര്‍ഗനൈസേഷന്‍. ""തൊഴില്‍ സാഹചര്യങ്ങള്‍, കൂലി, തൊഴിലിടത്തുണ്ടാകുന്ന അപകടങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലൊക്കെ ഇടപെടുകയും തൊഴിലാളികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയുമാണ് ചെയ്യുന്നതെന്നും ജോര്‍ജ് മാത്യു പറഞ്ഞു. അപകടത്തില്‍പെടുകയോ കേസിലകപ്പെടുകയോ പോലെയുള്ള പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ഇത്തരം സംഘടനകളൊന്നും തൊഴിലാളികളെ സഹായിക്കാറില്ല. മനുഷ്യാവകാശ സംഘടനകളെയോ മറ്റു സാമൂഹ്യ സംഘടനകളെയോ ഇടപെടാന്‍ ഈ എന്‍.ജി.ഒ.കളും ക്രിസ്തീയ സംഘടനകളും അനുവദിക്കാറുമില്ല.'' - ജോര്‍ജ് പറഞ്ഞു. കിറ്റെക്‌സ് പോലെയുള്ള കോര്‍പറേറ്റുകളെ സഹായിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇത്തരം സംഘടനകള്‍ നടത്തുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. 

നിയമങ്ങളുണ്ട്, പക്ഷേ...

Inter-state Migrant Workmen (Regulation of Employment and Conditions of Service) Act 1979 ആണ് ഇന്ത്യയില്‍ കുടിയേറ്റ തൊഴിലാളികള്‍ക്കായി പാര്‍ലമെന്റ് പാസാക്കിയ ആദ്യ നിയമം. സ്വന്തം സംസ്ഥാനത്തിനു പുറത്തുപോയി ജോലിചെയ്യുന്ന തൊഴിലാളികളാണ് ഈ നിയമത്തിനുകീഴില്‍ വരുന്നത്. 2020-ല്‍ ഈ നിയമത്തിന് പകരമായി The Occupational Safety, Health and Working Conditions Code കൊണ്ടുവന്നു. തൊഴില്‍ സാചര്യങ്ങളും തൊഴില്‍സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുന്നതിനുള്ള OSH Code ബില്‍ 2020 സെപ്റ്റംബര്‍ 22-ന് ലോക്‌സഭയും 23-ന് രാജ്യസഭയും പാസാക്കി. 28-ന് പ്രസിഡന്റ് ബില്ലില്‍ ഒപ്പുവെച്ചു. എന്നാല്‍ എന്നുമുതല്‍ പ്രാബല്യത്തിലാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. രണ്ടാം ദേശീയ ലേബര്‍ കമ്മീഷന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് OSH Code 2020 തയ്യാറാക്കിയത്. 

ഇന്ത്യയിലെ എല്ലാ തൊഴിലാളികള്‍ക്കും ബാധകമായ പൊതു ലേബര്‍ നിയമത്തിനുപുറമെ കുടിയേറ്റ തൊഴിലാളികള്‍ക്ക് മറ്റു ചില അവകാശങ്ങള്‍ കൂടി മൈഗ്രന്റ് വര്‍ക്ക്‌മെന്‍ ആക്റ്റില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഒരേ ജോലിക്ക് പ്രാദേശിക തൊഴിലാളിക്കും കുടിയേറ്റ തൊഴിലാളിക്കും ഒരേ വേതനം നല്‍കണമെന്നാണ് 1979-ലെ നിയമത്തില്‍ പറയുന്നത്. എ്ന്നാല്‍ ഇത് എവിടെയും നടപ്പാകുന്നില്ല. നാട്ടിലേക്ക് പോകാനുള്ള ചെലവ് നല്‍കുകയും യാത്രയുടെ ദിവസങ്ങളിലെ ശമ്പളം നല്‍കുകയും വേണം. മതിയായ താമസസൗകര്യവും മെഡിക്കല്‍ സൗകര്യങ്ങളും സൗജന്യമായി നല്‍കണം തുടങ്ങിയ നിര്‍ദേശങ്ങളുമുണ്ട്. 

അഞ്ചോ അതില്‍ കൂടുതലോ കുടിയേറ്റ തൊഴിലാളികളെ ജോലിക്കെടുക്കുന്ന കോണ്‍ട്രാക്ടര്‍മാര്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന നിശ്ചിത ഫോമില്‍ തൊഴിലാളികളുടെ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് നിര്‍ദേശമുണ്ട്. തൊഴിലാളികളുടെ രജിസ്റ്റര്‍ സൂക്ഷിക്കുകയും ബന്ധപ്പെട്ട അധികാരികള്‍ ആവശ്യപ്പെടുമ്പോള്‍ പരിശോധനയ്ക്ക് നല്‍കുകയും വേണം. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച്, തൊഴില്‍കാലം, ശമ്പളം, ജോലിസ്ഥലം എന്നിവ രേഖപ്പെടുത്തിയ പാസ്ബുക്ക് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന എല്ലാ തൊഴിലാളികള്‍ക്കും നല്‍കണം. തൊഴിലാളികള്‍ക്ക് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ കോണ്‍ട്രാക്ടര്‍ ഉടനെ തന്നെ സര്‍ക്കാരിനെയും തൊഴിലാളിയുടെ ബന്ധുക്കളെയും അറിയിക്കണം. അഞ്ചില്‍ കൂടുതല്‍ കുടിയേറ്റ തൊഴിലാളികളെ നിയോഗിക്കുന്ന മുഖ്യ തൊഴില്‍ദാതാക്കളും തൊഴിലാളികളുടെ രജിസ്റ്റര്‍ സൂക്ഷിക്കുകയും ശമ്പളം കൃത്യമായി നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. കുടിയേറ്റ തൊഴിലാളി നിയമം നടപ്പാക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്. 

കൂടുന്ന കുറ്റകൃത്യങ്ങള്‍

കേരളത്തിലെത്തുന്ന കുടിയേറ്റ തൊഴിലാളികളുടെ ഇടയില്‍ കുറ്റകൃത്യങ്ങളും വര്‍ധിച്ചുവരികയാണ്. കുടിയേറ്റ തൊഴിലാളികള്‍ ഉള്‍പ്പെട്ട 3650 കേസുകളാണ് 2016 മുതല്‍ 2021 വരെ കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് കുടിയേറ്റ തൊഴിലാളികള്‍ നാടുകളിലേക്ക് മടങ്ങിയ 2020 ഒഴികെയുള്ള വര്‍ഷങ്ങളിലെല്ലാം കുറ്റകൃത്യങ്ങളുടെ നിരക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. കൊലപാതകവും ലൈംഗികാതിക്രമങ്ങളും മയക്കുമരുന്ന് ഉപയോഗവും മര്‍ദനവും ഉള്‍പ്പെടെ എല്ലാതരം കുറ്റകൃത്യങ്ങളിലും ഇന്ന് കുടിയേറ്റ തൊഴിലാളികളുടെ പങ്കാളിത്തം വളരെയേറെയാണ്. കൃറ്റകൃത്യങ്ങളിലേക്ക്​ ഇവർ എങ്ങനെ എത്തുന്നു എന്നതിനെക്കുറിച്ച്​ ആധികാരിക പഠനങ്ങളൊന്നും നടക്കുന്നില്ല.

എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ലൈംഗികാതിക്രമത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ അസം സ്വദേശി അമീറുള്‍ ഇസ്‌ലാമിന് കോടതി വധശിക്ഷ വിധിച്ചിരുന്നു. 2016 ഏപ്രില്‍ 28-നാണ് 29കാരിയായ നിമയവിദ്യാര്‍ഥിനിയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പെരുമ്പാവൂരിലെ ഒരു കമ്പനിയില്‍ ജോലിക്കാരനായിരുന്നു അമീറുള്‍ ഇസ്‌ലാം. 2017 ഡിസംബര്‍ 14-നാണ് സെഷന്‍സ് കോടതി കേസിലെ ഏക പ്രതിയായ അമീറുള്‍ ഇസ്‌ലാമിന് വധശിക്ഷ വിധിച്ചത്. 

2016-ല്‍ കുടിയേറ്റ തൊഴിലാളികള്‍ പ്രതികളായ 639 കേസുകളാണുണ്ടായിരുന്നത്. 2017-ല്‍ 744, 2018-ല്‍ 805, 2019-ല്‍ 978 എന്ന നിരക്കില്‍ കേസുകളുടെ എണ്ണം ഉയര്‍ന്നു. ഭൂരിഭാഗം കുടിയേറ്റ തൊഴിലാളികളും കേരളം വിട്ട 2020-ല്‍ 484 കേസുകളാണുള്ളത്. 

കുടിയേറ്റ തൊഴിലാളികള്‍ ഉള്‍പ്പെട്ട അടുത്ത കാലത്തുണ്ടായ ഏതാനും കേസുകള്‍ പരിശോധിക്കാം. 2022 ഫെബ്രുവരി 15-ന് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പുലര്‍ച്ചെ ഒരു മണിക്ക് 15 കുടിയേറ്റ തൊഴിലാളികള്‍ ചേര്‍ന്ന് ടി.ടി.ഇ.യെ മര്‍ദിച്ചു. ടിക്കറ്റ് ചോദിച്ചതിന്റെ പേരിലാണ് ടി.ടി.ഇ.യെ മര്‍ദിച്ചത്. രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അനികുല്‍ ഷെയ്ഖ്, ഷൗക്കത്ത് അലി എന്നിവരാണ് പിടിയിലായത്. 
2021 ഒക്ടോബര്‍ 21-ന് പിസ്റ്റളുമായി രണ്ട് കുടിയേറ്റ തൊഴിലാളികള്‍ കൊച്ചിയില്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബുര്‍ഹാന്‍ അഹമ്മദ് (21), ഗോവിന്ദ് കുമാര്‍ (27) എന്നിവരാണ് അറസ്റ്റിലായത്. ഹോസ്റ്റല്‍ കണ്‍സ്ട്രക്ഷനില്‍ ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്ന തനിക്ക് കോണ്‍ട്രാക്ടര്‍ 48,000 രൂപ കൂലി കുടിശ്ശിക തരാനുണ്ടെന്നും ആവര്‍ത്തിച്ചു ചോദിച്ചിട്ടും തരാതിരുന്നപ്പോള്‍ ഭീഷണിപ്പെടുത്താനായി പിസ്റ്റളുമായി വരാന്‍ സുഹൃത്ത് ഗോവിന്ദിനോട് ആവശ്യപ്പെട്ടതാണെന്ന് ബുര്‍ഹാന്‍ പറഞ്ഞു. 

2021 നവംബര്‍ 29-ന് പത്തനംതിട്ടയില്‍ കുടിയേറ്റ തൊഴിലാളിയെ സുഹൃത്ത് മര്‍ദിച്ച് കൊലപ്പെടുത്തി. പശ്ചിമബംഗാള്‍ സ്വദേശി സുബോധ് റായ് ആണ് കൊല്ലപ്പെട്ടത്. മാള്‍ഡയില്‍ നിന്ന് വന്ന് സുഫന്‍ ഹല്‍ദറിനെ പൊലീസ് അറസ്റ്റ് ചെയ്തു. 2022 മാര്‍ച്ച് നാലിനാണ് കോഴിക്കോട് ഹോട്ടലിലെ വാഷ് റൂമില്‍ മൊബൈല്‍ ക്യാമറ വെച്ച കുടിയേറ്റ തൊഴിലാളിയെ അറസ്റ്റ് ചെയ്തത്. പശ്ചിമബംഗാളില്‍ നിന്നുള്ള തുഫൈല്‍ രാജയാണ് അറസ്റ്റിലായത്. 2021 സെപ്റ്റംബര്‍ 23-ന് മലപ്പുറത്ത് മോഷണശ്രമത്തിനിടെ കുടിയേറ്റ തൊഴിലാളികള്‍ സ്ത്രീയെ കൊലപ്പെടുത്തി. അസം സ്വദേശികളായ നസ്‌റുല്‍ ഇസ്ലാം, മഹിബുള്‍ ഇസ്ലാം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. 

2021 മാര്‍ച്ച് ഒമ്പതിന് 60 വയസ്സുകാരിയെ കൊലപ്പെടുത്തിയ കുടിയേറ്റ തൊഴിലാളിക്ക് നോര്‍ത്ത് പറവൂര്‍ കോടതി വധശിക്ഷ വിധിച്ചതാണ് കുടിയേറ്റ തൊഴിലാളികള്‍ ശിക്ഷിക്കപ്പെട്ട പ്രധാന കേസുകളിലൊന്ന്. അസം സ്വദേശിയായ പാരിമള്‍ സാഹു (28) ആണ് പുത്തന്‍വേലിക്കരയിലെ വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്ത്രീയെ കൊലപ്പെടുത്തിയത്. 2018 മാര്‍ച്ച് 18-നാണ് സംഭവം നടന്നത്. മാനസികവൈകല്യമുള്ള മകനൊപ്പം താമസിക്കുകയായിരുന്ന സ്ത്രീയെയാണ് പാരിമള്‍ സാഹു റേപ്പ് ചെയ്യുകയും ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തത്. സ്ത്രീ അവരുടെ വീടിന്റെ ഔട്ട്ഹൗസ് കുടിയേറ്റ തൊഴിലാളികള്‍ക്ക് താമസിക്കാന്‍ വാടകയ്ക്ക് കൊടുത്തിരുന്നു. അവിടെ താമിസിച്ചിരുന്നവരിലൊരാളാണ് പ്രതി. 

എറണാകുളത്ത് 14കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ നാല് കുടിയേറ്റ തൊഴിലാളികളെ അറസ്റ്റ് ചെയ്തത് 2020 ആഗസ്റ്റ് 26-നാണ്. ഏപ്രില്‍ മുതല്‍ പലതവണ കുട്ടി പീഡനത്തിരയായതായാണ് പൊലീസ് പറയുന്നത്. ഉത്തര്‍പ്രദേശ് സ്വദേശികളാണ് അറസ്റ്റിലായത്. 

ALSO READ

വഴികളില്‍ ചതഞ്ഞരയാന്‍ തുടങ്ങിയ തൊഴിലാളികള്‍

അതേസമയം, അന്തർ സംസ്​ഥാന  തൊഴിലാളികളെ തദ്ദേശീയർ ആക്രമിക്കുന്ന സംഭവങ്ങളുമുണ്ട്. അത്തരത്തിലൊന്നാണ് 2021 ജൂലൈ രണ്ടിന് കോഴിക്കോട്ട് സംഭവിച്ചത്. ബൈക്കിലെത്തിയ മോഷ്ടാക്കള്‍ ബിഹാര്‍ സ്വദേശിയായ തൊഴിലാളി അലി അക്ബറിനെ റോഡിലൂടെ 75 മീറ്റര്‍ ദൂരം വലിച്ചിഴച്ച രംഗങ്ങള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. ബൈക്കിലെത്തി മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ചപ്പോള്‍ അലി അക്ബര്‍ ബൈക്കിനു മുന്നില്‍ പിടിച്ച് തടയാന്‍ ശ്രമിക്കുകയായിരുന്നു. ബൈക്ക് നിര്‍ത്താതെ 75 മീറ്റര്‍ ദൂരം വരെ അലി അക്ബറിനെ വലിച്ചുകൊണ്ടുപോയി. 

kitex

2021 ഡിസംബര്‍ 25-ന് എറണാകുളം ജില്ലയിലെ കിഴക്കമ്പലം കിറ്റെക്‌സ് ഗാര്‍മെന്റ്‌സിലുണ്ടായ സംഘര്‍ഷം കുടിയേറ്റ സംസ്ഥാന തൊഴിലാളികള്‍ക്കെതിരെ പൊതുവികാരമുണ്ടാകുന്നതില്‍ വലിയ പങ്കുവഹിച്ച സംഭവമാണ്. ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിനു പിന്നാലെ കിറ്റെക്‌സിലെ തൊഴിലാളികള്‍ പൊലീസ് വാഹനം കത്തിച്ചത് വലിയ വിവാദമായിരുന്നു. അതിഥികളെന്ന് വിളിച്ച് അംഗീകരിച്ച സംസ്ഥാനത്തിനെതിരായ ആക്രമണമായാണ് സംഭവത്തെ പലരും കണ്ടത്. ഈ സംഘര്‍ഷത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായ 174 തൊഴിലാളികളാണ് അറസ്റ്റിലായത്.

"അതിഥി'കളുടെ ക്ഷേമം കേരളത്തിന് മുഖ്യം

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ജീവിതം തേടി വരുന്നവരെ അതിഥികളായി കണ്ട് സ്വീകരിക്കണമെന്നാണ് കേരള സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാട്. നേരത്തെ അന്യ/ ഇതര സംസ്ഥാന തൊഴിലാളികളെന്നും മറുനാടന്‍ തൊഴിലാളികളെന്നും വിളിച്ചിരുന്നവരെ സര്‍ക്കാര്‍ ഔദ്യോഗികമായി  ‘അതിഥി തൊഴിലാളി'കളാക്കി. വിളിപ്പേര് മാറ്റിയതുമാത്രമല്ല, അവര്‍ക്കുവേണ്ടി ഒട്ടേറെ പദ്ധതികളും കേരള സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. 

കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിന്​ ഇന്ത്യയില്‍ ആദ്യമായി ഇന്റര്‍ സ്‌റ്റേറ്റ് മൈഗ്രൻറ്​ വെല്‍ഫെയര്‍ ഓഫീസ് തുടങ്ങിയത് കൊച്ചിയിലാണ്. 2022 മാര്‍ച്ച് 31-ന് എറണാകുളം സിവില്‍ സ്റ്റേഷനിലാണ് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്. ജില്ലയിലെ കുടിയേറ്റ സമൂഹത്തിന്റെ എല്ലാ ആവശ്യങ്ങള്‍ക്കുമുള്ള ഏകജാലക സംവിധാനമായാണ്  ‘അതിഥി ദേവോ ഭവ' എന്ന് പേരിട്ടിരിക്കുന്ന സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ എറണാകുളം യൂണിറ്റിനു കീഴില്‍ 2017-ല്‍ തുടങ്ങിയ കുടിയേറ്റ ക്ഷേമ പദ്ധതിയുടെ പേര് തന്നെയാണ് വെല്‍ഫെയര്‍ ഓഫീസിനും നല്‍കിയിരിക്കുന്നത്. 

ജില്ലാ ഭരണകൂടവും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും നാഷണല്‍ ഹെല്‍ത്ത് മിഷനും ചേര്‍ന്നാണ് വെല്‍ഫെയര്‍ ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുക. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേയ്ക്ക് കുടിയേറിയവരുടെ വിവരങ്ങള്‍ ശേഖരിച്ച് രജിസ്ട്രി തയ്യാറാക്കുന്ന നടപടിയാണ് വെല്‍ഫെയര്‍ ഓഫീസ് ആദ്യം ചെയ്യുന്നത്. തൊഴില്‍ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ തൊഴിലാളികള്‍ക്കിടിയിലും തൊഴില്‍ദാതാക്കള്‍ക്കിടയിലും ബോധവത്കരണ ക്യാമ്പുകള്‍ നടത്തുന്നുമുണ്ട്.
അതിഥി തൊഴിലാളികള്‍ക്കായി എല്ലാ ജില്ലകളിലും സ്‌കില്‍ ഡെവലപ്‌മെൻറ്​ സെന്ററുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കൊല്ലത്ത് സ്ഥാപിച്ചിട്ടുണ്ട്. പല കുടിയേറ്റ തൊഴിലാളികളും ഇവിടെ കുടുംബമായി സ്ഥാപിക്കുകയും അവരുടെ മക്കളെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. എസ്.എസ്.എല്‍.സി. മുതലുള്ള പരീക്ഷകളില്‍ ഉന്നത വിജയം നേടുന്ന കുടിയേറ്റ തൊഴിലാളികളുടെ മക്കളും ഏറെയാണ്. കുടിയേറ്റ തൊഴിലാളികളെ മലയാളവും ഹിന്ദിയും പഠിപ്പിക്കാന്‍ സംസ്ഥാന സാക്ഷരതാ മിഷനും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഹമാരി മലയാളം, ചങ്ങാതി എന്നീ ടെക്​സ്​റ്റ്​ ബുക്കുകളും തയ്യാറാക്കി വിതരണം ചെയ്തിട്ടുണ്ട്. 

ഇന്ത്യയില്‍ ആദ്യമായി കുടിയേറ്റ തൊഴിലാളികള്‍ക്കുവേണ്ടി സാമൂഹ്യസുരക്ഷാ പദ്ധതികള്‍ നടപ്പാക്കിയ സംസ്ഥാനവും കേരളമാണ്. 2010-ലാണ് കേരളം കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതി നടപ്പാക്കാന്‍ തുടങ്ങിയത്. 2016-ല്‍ ആവാസ് എന്ന പേരില്‍ ഇന്‍ഷുറന്‍സ് പദ്ധതിയും തുടങ്ങി. എല്ലാ കുടിയേറ്റ തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ സൗജന്യമാണ്. കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഗരിക്കുന്നതിനായി മൈഗ്രന്റ് വര്‍ക്കേഴ്‌സ് സോഷ്യല്‍ സെക്യൂരിറ്റി ബില്‍ അവതപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ആദ്യ ഒദ്യോഗിക ലേബര്‍ ക്യാമ്പ് പാലക്കാട് ജില്ലയില്‍ തുടങ്ങാനും തീരുമാനമായിട്ടുണ്ട്. അടുത്ത ഘട്ടത്തില്‍ മറ്റു ജില്ലകളിലും ക്യാമ്പ് തുടങ്ങും.

  • Tags
  • #Kerala
  • #Kalamassery nest electronic city landslide
  • #The Occupational Safety, Health and Working Conditions Code
  • #Migrant Labours
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.

എം.മൊയ്തുണ്ണിക്കുട്ടി:

26 Apr 2022, 11:25 PM

പ്രശ്ന പരിഹാരം പര്യാപ്തമല്ല: ഇത് സംബന്ധിച്ച് പെരുമ്പാവൂർ മേഖല കേന്ദ്രികരിച്ച് കില യുടെ പരിശീലനത്തിൻ്റെ അടിസ്ഥാനത്തിൽ ഞാൻ ഒരു പ്രപ്പോസൽ സമർപ്പിച്ചിരുന്നു.: അതിൽ പ്രാദേശിക സർക്കാരിലൂടെ യാണ് പരിഹാരം നിർദ്ദേശമായി പറഞ്ഞിട്ടുള്ളത്.: ലേബർ പോലീസ് വകുപ്പുകൾ ചില നടപടി കൾ ഉപരിപ്ലവമായി സ്വീകരിച്ചിട്ടുണ്ട്. കേരളത്തിന്റെ ചെറുകിട വ്യവസായ മേഖലയുടെ ഉത്തേജന ത്തിന് ഇത്തരം തൊഴിലാളികളെ ഉപയോഗിക്കുമ്പോൾ കൂലിയും വേതനവും ന്യായമായി നടപ്പിലാക്കുമ്പോൾ മലയാളിതൊഴിലാളികളുടെ നഷ്ടപ്പെടുന്ന തൊഴിൽ മനോഭാവം കൂടി വീണ്ടെടുക്കാനാവും: എന്നതായിരുന്നു. പഠനം🙏

senna spectabilis

Environment

ഷഫീഖ് താമരശ്ശേരി

ഒരു മരം വനംവകുപ്പിനെ തിരിഞ്ഞുകൊത്തിയ കഥ

Mar 21, 2023

10 Minutes Watch

joseph pamplany

CITIZEN'S DIARY

ഷഫീഖ് താമരശ്ശേരി

മുന്നൂറ് രൂപയ്ക്ക് ക്രൈസ്തവരെ ഒറ്റുന്ന ബിഷപ്പിനോട്

Mar 20, 2023

5 Minutes Watch

Brahmapuram

Environment

പ്രമോദ് പുഴങ്കര

ബ്രഹ്മപുരം; ഉത്തരവാദികള്‍ രാജിവെച്ച് ജനങ്ങളോട് മാപ്പുചോദിച്ചില്ലെങ്കില്‍ പിന്നെന്ത് ജനാധിപത്യം

Mar 18, 2023

2 Minutes Read

grandmastories

GRANDMA STORIES

എ.കെ. മുഹമ്മദാലി

ഒരു കോണ്‍ഗ്രസുകാരന്റെ കമ്യൂണിസ്റ്റ് ചരിത്രം

Mar 17, 2023

52 Minutes Watch

brahmapuram

Waste Management

ഷഫീഖ് താമരശ്ശേരി

ബ്രഹ്മപുരത്തെ കുറ്റകൃത്യം

Mar 13, 2023

12 Minutes Watch

p k jayalakshmi

Interview

പി.കെ. ജയലക്ഷ്മി

ആ പ്രമുഖ ചാനൽ എന്നെയും എന്റെ കുടുംബത്തെയും നിരന്തരം വേട്ടയാടി

Mar 12, 2023

34 Minutes Watch

twin point

Twin Point

അഡ്വ. പി.എം. ആതിര

കേരളത്തില്‍ ജാതിയൊക്കയുണ്ടോ എന്നാണ് കുട്ടികള്‍ ചോദിക്കുന്നത്

Mar 09, 2023

33 Minutes Watch

mental health

Podcasts

ഡോ. മനോജ് തേറയില്‍

ആത്മഹത്യ ചെയ്യുന്നവർ ജീവിതത്തെ സ്‌നേഹിക്കാത്തവർ ആണോ?

Mar 05, 2023

24 Minutes Listening

Next Article

മൂശയിലേക്കെന്നപോലെ പ്രാണനെ ഉരുക്കി ഒഴിക്കുന്ന കവി

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster