ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വികസന മനഃസ്ഥിതി

ഏറെ വെല്ലുവിളി നിറഞ്ഞതാണ് ഈ നൂറ്റാണ്ടിലെ മനുഷ്യജീവിതം. ഈ വെല്ലുവിളിയെ നേരിടാൻ ചില്ലറ നയമാറ്റങ്ങളും അല്പസ്വല്പം ഭരണകൂട കാരുണ്യവും മാത്രമല്ല, ജീവനുള്ളതിനെ നിലനിർത്താനും പോഷിപ്പിക്കാനുമുതകുന്ന പുതിയ രാഷ്ട്രീയം തന്നെ അനിവാര്യമാണ്. ആ രാഷ്ട്രീയത്തിന്റെ ഊന്നൽ എന്തൊക്കെയായിരിക്കണമെന്ന് വിശദീകരിക്കുകയാണ് ജെ. ദേവിക

പുതിയ നൂറ്റാണ്ടിന്റെ ആദ്യദശകം മുൽക്കേ പ്രത്യക്ഷപ്പെടാൻ തുടങ്ങിയ വികസന-അടിയന്തരാവസ്ഥകൾ കഴിഞ്ഞ നൂറ്റാണ്ടിൽ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും ഈ നൂറ്റാണ്ടിലെ മനുഷ്യജീവിതമെന്ന സൂചന നൽകുന്നു. ഇതു വെറും തോന്നലല്ല - ആഗോളതാപനം, അതിവേഗം നടന്ന നഗരവത്ക്കരണം, ആഗോളീകരണത്തിന്റെ മൂന്നു നൂറ്റാണ്ടുകളുണ്ടാക്കിയ സാമൂഹ്യ-സാമ്പത്തിക-സാംസ്‌കാരിക-മനഃശ്ശാസ്ത്രപരമായ ആഘാതം, വരാനിരിക്കുന്ന നാലാം വ്യവസായവിപ്ലവം മുതലായവ കൂടിച്ചേർന്നു സൃഷ്ടിച്ച നമ്മുടെ വർത്തമാനകാലാനുഭവമാണ്. കേരളത്തിലെ ജീവിതപക്ഷപാതികൾ (ഇടത്, വലത് മുതലായ സ്വയംവിശേഷണങ്ങൾ അപ്രസക്തമായിക്കൊണ്ടിരിക്കുന്നു) ചരിത്രത്തിന്റെ ഈ വെല്ലുവിളിയെ വേണം ഇനി ഏറ്റെടുക്കാൻ. ചില്ലറ നയമാറ്റങ്ങൾ മാത്രമല്ല, അല്പസ്വല്പം ഭരണകൂടകാരുണ്യം മാത്രമല്ല, ജീവനുള്ളതിനെ നിലനിർത്താനും പോഷിപ്പിക്കാനുമുതകുന്ന പുതിയ രാഷ്ട്രീയം തന്നെ ഇന്ന് ആവശ്യമാകുന്നു.

കരുതലിന്റേതായ സാമൂഹികത അനിവാര്യം

അടുത്തിടെ കേരളത്തിന്റെ കോവിഡ് കാലക്ഷേമപ്രവർത്തനങ്ങളെപ്പറ്റി നടന്ന ഒരു ചർച്ചയിൽ കരുതൽ സംസ്‌കാരത്തിലൂന്നിയ ഒരു ഭരണകൂടമാകണമെന്ന നിർദ്ദേശം ഉയർന്നു കേട്ടു. ഇന്നത്തെ സാഹചര്യത്തിൽ അത് എളുപ്പമല്ല, തീർച്ച. വികസന-അടിയന്തരാവസ്ഥകൾ നിലവിലുള്ളപ്പോൾപോലും ഇവിടുത്തെ രാഷ്ട്രീയസമൂഹം പ്രകൃതിവിഭവങ്ങളുടെ കൊള്ളയിലൂടെ തടിച്ചുകൊഴുക്കുന്ന അടിച്ചമർത്തുന്ന സുരക്ഷാഭരണകൂടത്തെയും പ്രോത്സാഹിപ്പിച്ചുവരുന്നു. പുതിയ നൂറ്റാണ്ടുയർത്തുന്ന വെല്ലുവിളികളെ അവഗണിക്കാമെന്ന മൂഢവിശ്വാസം ഇപ്പോഴും അധികാരിവൃത്തങ്ങൾക്കിടയിലും തത്പരകക്ഷികളിലും പറ്റിപ്പിടിച്ചുനിൽക്കുന്നുവെന്ന് വ്യക്തം. എന്നാൽ വികസന-അടിയന്തരാവസ്ഥകൾ ഇതേ തോതിലും ആവൃത്തിയിലും ഭാവിയിലും കണ്ടുതുടങ്ങിയാൽ ഇത് പിൻമടങ്ങുകതന്നെ ചെയ്യും. ഇന്ന് ഒരുപക്ഷേ അപ്രായോഗികവും കാല്പനികവുമായി തോന്നിയേക്കാവുന്ന കരുതലിന്റേതായ സാമൂഹികത നമ്മുടെ നിലനില്പിന് അനിവാര്യമായിത്തീർന്നേക്കാം.

കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങളല്ല ഈ കരുതൽ

എന്നാൽ കാര്യക്ഷമമായി നടത്തിവരുന്ന കോവിഡ്‌ നിയന്ത്രണ-പരിചരണപ്രവർത്തനങ്ങളെ കരുതലിന്റെ സാമൂഹികതയായി തിരിച്ചറിയുന്നത് തെറ്റായിരിക്കും. കാര്യക്ഷമത കരുതലിന്റെ അനിവാര്യഘടകമാണെങ്കിലും കരുതലിനെ കരുതലാക്കുന്ന നിർണായകഘടകമല്ല അത്.

കരുതൽ കരുതലാകണമെങ്കിൽ എല്ലാ മനുഷ്യരും ഒരുപോലെ വ്രണനീയരും പ്രകൃതിശക്തികളുടെ വർദ്ധിച്ചുവരുന്ന പ്രവചനാതീത സ്വഭാവത്തിനു മുന്നിൽ നിസ്സഹായരാണെന്നുമുള്ള അവബോധത്തിലൂന്നിയ മാനുഷികഘടകം അദ്ധ്വാനമടക്കമുള്ള എല്ലാ സാമൂഹ്യ ഇടപെടലുകളിലും മുന്തിനിൽക്കണം.

ശ്രീനാരായണഗുരു അനുകമ്പ എന്നു വിളിച്ച വികാരത്തെ ജനിപ്പിക്കുന്ന അനു-കമ്പനം നടക്കുന്ന സാമൂഹ്യാവസ്ഥയാണ് കരുതൽ. കരുതൽ കരുതലാകണമെങ്കിൽ എല്ലാ മനുഷ്യരും ഒരുപോലെ വ്രണനീയരും പ്രകൃതിശക്തികളുടെ വർദ്ധിച്ചുവരുന്ന പ്രവചനാതീത സ്വഭാവത്തിനു മുന്നിൽ നിസ്സഹായരാണെന്നുമുള്ള അവബോധത്തിലൂന്നിയ മാനുഷികഘടകം അദ്ധ്വാനമടക്കമുള്ള എല്ലാ സാമൂഹ്യ ഇടപെടലുകളിലും മുന്തിനിൽക്കണം. ഇങ്ങനെയുള്ള സാമൂഹ്യ അനു-കമ്പനത്തിന്റെ ഉറവിടം സാമൂഹ്യജീവിതത്തിൽ നിന്നുള്ള ആർജിത അനുഭവങ്ങൾ തന്നെയാണ്. അതുകൊണ്ട് നിർമ്മിത ബുദ്ധിയിലൂടെ ഭാവിയിൽ രൂപപ്പെട്ടേയ്ക്കാവുന്ന സേവനങ്ങളിൽ അതിനെ പുനഃസൃഷ്ടിക്കാൻ എളുപ്പമായിരിക്കില്ല. കരുതലിന്റേതായ ഈ സംസ്‌കാരം നമ്മുടെ സിവിൽ സമൂഹത്തിൽ കാര്യമായി വികസിച്ചാൽ മാത്രമേ രൂക്ഷതയേറിക്കൊണ്ടിരിക്കുന്ന നിരീക്ഷണ-സുരക്ഷാ ഭരണകൂടത്തെ പാതിവഴിക്കെങ്കിലും നേരിടാനാകൂ.

മഹാമാരിയെ നേരിടാൻ ആവശ്യമെന്ന പേരിൽ സ്ഥാപിക്കപ്പെടുന്ന സൂക്ഷ്മ-നിത്യ നിരീക്ഷണസംവിധാനങ്ങളെ കേന്ദ്രീകരിച്ചുയർന്നുവരുന്ന പുതിയ ഭരണവ്യവസ്ഥയുടെ മൂർച്ച കുറയ്ക്കാൻ ഇതിനേ കഴിയൂ (നെഹ്രൂവിയൻ വികസനവാദ ഭരണകൂടത്തിന്റെ ഉദ്യോഗസ്ഥഭരണ സ്വഭാവത്തിന്റെ മുനയൊടിക്കാൻ 1950കളിലും 60കളിലെയും സമരോത്സുക ഇടതുവ്യവഹാരങ്ങൾക്കു കഴിഞ്ഞതുപോലെ).

ഇന്നു കേരളത്തിൽ നടന്നുവരുന്ന ആരോഗ്യപ്രവർത്തനത്തിൽ - കേരളത്തിലെ വികസന സിവിൽസമൂഹം എന്നു വിശേഷിപ്പിക്കാവുന്ന ഇടത്തിൽ - ഇതിന്റെ അംശങ്ങൾ തീർച്ചയായുമുണ്ട്. അവയെ പക്ഷേ കേവലം ദയാദാക്ഷിണ്യത്തിന്റെയും ദാനശീലത്തിന്റെയും അധികാരപൂരിതമായ ചട്ടക്കൂടുകളിൽ നിന്ന് മോചിപ്പിച്ച് പുതിയ പൗരസംസ്‌കാരമായി ബോധപൂർവം വളർത്തേണ്ടതുണ്ട്.

പാർശ്വവത്കൃതരുടെ ശബ്ദങ്ങൾ കേൾക്കപ്പെടണം

വികസനത്തോടുള്ള സമീപനത്തിൽ സമീപകാലത്തുകണ്ടു തുടങ്ങിയിട്ടുള്ള അമിതമായ ഉദ്യോഗസ്ഥ-സാങ്കേതിക വൈദഗ്ധ്യസാന്നിദ്ധ്യം തിരുത്തപ്പെടണം. സാങ്കേതികവിദ്യ അനാവശ്യമോ മോശമോ അല്ല, അതിന്റെ സാദ്ധ്യതകളെ അവഗണിക്കുന്നത് അബദ്ധമാണ്. പക്ഷേ വികസനത്തിൽ നിർണായകങ്ങളായ തീരുമാനങ്ങൾ എടുക്കുന്ന വേളകളിൽ സാങ്കേതികപരിഗണനകളും കണക്കുകൂട്ടലുകളും പൗരജനങ്ങളുടെ ശബ്ദങ്ങളെ അമർത്തിക്കളയുന്ന പതിവ് നല്ലതിനല്ല.

ചെങ്ങറ ഭൂസമരം

കേരളത്തിൽ തദ്ദേശതല ജനാധിപത്യവ്യവഹാരത്തിന്റെ ശുക്രദശാകാലത്തുപോലും ജനങ്ങളെ കാര്യമായി വിശ്വസിക്കാൻ ഇവിടുത്തെ ഉദ്യോഗസ്ഥവർഗവും രാഷ്ട്രീയമേലധികാരികളും കൂട്ടാക്കിയിട്ടില്ല. ഇരുപതാം നൂറ്റാണ്ടിൽ കേരളം സാക്ഷ്യംവഹിച്ച കേരളമാതൃകാ വികസനത്തിനു പുറത്തുനിൽക്കേണ്ടിവന്ന ജനങ്ങൾ സ്വന്തം ശബ്ദമുയർത്താൻ തുടങ്ങിയിട്ട് ഏറെക്കാലമായി. കേരളത്തിന്റെ എതിർ-സിവിൽ സമൂഹം സജീവമായിട്ട് അനേകദശകങ്ങൾ കഴിഞ്ഞിരിക്കുന്നു. നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ നാം കണ്ട ആദിവാസി-ദലിത് സമരങ്ങളും, എൻഡോസൾഫാൻ പീഡിതരെപ്പോലെയുള്ള പുതിയ ജൈവസാമൂഹിക സംഘങ്ങളുടെ പ്രതിഷേധങ്ങളും, ഇതര ലിംഗ-ലൈംഗികജനവിഭാഗങ്ങളുടെയും ലൈംഗികതൊഴിലാളികളുടെയും അവകാശപ്രഖ്യാപനങ്ങളും മറ്റും കേരളമാതൃകയുടെ കാതലെന്ന് ഏറെ പ്രകീർത്തിക്കപ്പെട്ട പബ്ലിക് ആക്ഷൻ എന്ന രാഷ്ട്രീയപ്രവർത്തനത്തിന്റെ രണ്ടാം തരംഗമായിത്തന്നെ എണ്ണപ്പെടണം. അവയിലൂടെ ഉയർന്നുവന്ന ശബ്ദങ്ങൾ കേൾക്കപ്പെടണം.

നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ നാം കണ്ട ആദിവാസി-ദലിത് സമരങ്ങളും, എൻഡോസൾഫാൻ പീഡിതരെപ്പോലെയുള്ള പുതിയ ജൈവസാമൂഹിക സംഘങ്ങളുടെ പ്രതിഷേധങ്ങളും, ഇതര ലിംഗ-ലൈംഗികജനവിഭാഗങ്ങളുടെയും ലൈംഗികതൊഴിലാളികളുടെയും അവകാശപ്രഖ്യാപനങ്ങളും മറ്റും കേരളമാതൃകയുടെ കാതലെന്ന് ഏറെ പ്രകീർത്തിക്കപ്പെട്ട പബ്ലിക് ആക്ഷൻ എന്ന രാഷ്ട്രീയപ്രവർത്തനത്തിന്റെ രണ്ടാം തരംഗമായിത്തന്നെ എണ്ണപ്പെടണം.

അമർത്യസെൻ സൈദ്ധാന്തിക അടിത്തറയിട്ട അവകാശാധിഷ്ഠിത വികസനം എന്ന ആശയം യാഥാർത്ഥ്യമാകണമെങ്കിൽ ഇവിടുത്തെ ഏറ്റവും പാർശ്വവത്കൃതരുടെയടക്കം ശബ്ദങ്ങൾക്ക് ഗൗരവം കല്പിക്കപ്പെടണം. ഉദാഹരണത്തിന്, കേരളത്തിലിന്ന് സാർവ്വത്രികമായിരിക്കുന്ന നവലിബറൽ ജനക്ഷേമത്തോട് വിയോജിക്കുന്നവരാണ് നമ്മുടെ ഇക്കോസിസ്റ്റം ജനങ്ങൾ. ദീർഘകാലമായി അവരാവശ്യപ്പെടുന്നത് ഭക്ഷ്യസുരക്ഷയാണ്. ഭൂരിപക്ഷത്തിന്റെ വികസനവീക്ഷണം അവരുടെ തലയിൽ കെട്ടിവയ്ക്കുന്നതിനു പകരം ട്രൈബൽ സബ്പ്ലാനടക്കമുള്ള ലഭ്യമായ അനേകം ഫണ്ടുകളുപയോഗിച്ച് അവർക്ക് പൊതുകൃഷിസ്ഥലവും കൃഷിയും, സുസ്ഥിരമത്സ്യബന്ധനവും മറ്റും വളർത്തിയെടുക്കാനുള്ള സാഹചര്യം ഉണ്ടാക്കുകയാണു വേണ്ടത്.

കുടുംബശ്രീ വനിതകളുടെ അധ്വാനത്തെ അടയാളപ്പെടുത്തുക

പുതിയ നൂറ്റാണ്ടിന്റെ സാഹചര്യങ്ങളിൽ പരിചരണാദ്ധ്വാനത്തിന് സമൂഹത്തിൽ ഇന്നു പൊതുവെ കല്പിച്ചുവരുന്ന പ്രസക്തി വർദ്ധിക്കാനും അതിന്റെ സ്വഭാവം തന്നെ മാറാനും സാദ്ധ്യതയുണ്ട്. വീടുകൾക്കുള്ളിലും ആശുപത്രികൾ പോലുള്ള ചില സ്ഥാപനങ്ങളിലും നടന്നുവരുന്നതും അധികവും സ്വകാര്യ ഉപഭോഗത്തിനുള്ളതുമാണ് പരിചരണാദ്ധ്വാനം എന്നു തന്നെയാണ് ഇന്നും നാം കൊണ്ടുനടക്കുന്ന സാമാന്യബോധം. എന്നാൽ പ്രളയങ്ങളും പകർച്ചവ്യാധികളും മഹാമാരികളും സാധാരണമാകുന്ന കാലത്ത് സംസ്ഥാനമൊട്ടാകെ നിരന്തരം പ്രവർത്തിക്കുന്ന വിപുലമായ പരിചരണസംഘം അത്യന്താപേക്ഷിതമായിമാറും.

മാസ്‌ക് നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന കുടുംബശ്രീ പ്രവർത്തകർ

ഇന്ന് കുടുംബശ്രീ വനിതകൾ സംഭാവനചെയ്തുകൊണ്ടിരിക്കുന്ന പരിചരണാദ്ധ്വാനം സന്നദ്ധപ്രവർത്തനമായും കുറഞ്ഞപ്രതിഫലം മാത്രം നേടാൻ അർഹതയുള്ളതായുമാണ് എണ്ണപ്പെടുന്നത്. ഇത് തിരുത്തേണ്ടതുണ്ട്.

മഹാമാരിയുടെ കാലത്ത് കുടുംബശ്രീവനിതകളുടെ പ്രവർത്തനങ്ങൾ കൊണ്ടുള്ള ഫലം സ്വന്തം കുടുംബത്തിനോ തദ്ദേശസമൂഹത്തിനോ മാത്രമല്ല - മഹാമാരിക്ക് അത്തരം അതിരുകൾ ഇല്ല. കുടുംബശ്രീയിലൂടെ പൊതുവിടങ്ങളിലും അകമിടങ്ങളിലും പരിചരണാദ്ധ്വാനത്തിലേർപ്പെടുന്ന സ്ത്രീകൾക്ക് അടിസ്ഥാന മാസവരുമാനം - അത് തുടക്കത്തിൽ എത്ര ചെറുതായാലും സാരമില്ല - നൽകുന്നതിലൂടെ അവരുടെ പ്രവർത്തനത്തെ അധ്വാനമായിത്തന്നെ അടയാളപ്പെടുത്തേണ്ടതാണ്. മാത്രമല്ല, കഴിഞ്ഞ ഇരുപതുവർഷത്തിലധികമായി വികസനപ്രവർത്തനത്തിലൂടെയുള്ള (കൂട്ടായ) സ്ത്രീശാക്തീകരണമെന്ന വാഗ്ദാനത്തെ നിറവേറ്റുന്നതിലേക്കുള്ള ആദ്യപടികൂടിയാവും ഇത്.

കുടുംബശ്രീയിലൂടെ പൊതുവിടങ്ങളിലും അകമിടങ്ങളിലും പരിചരണാദ്ധ്വാനത്തിലേർപ്പെടുന്ന സ്ത്രീകൾക്ക് അടിസ്ഥാന മാസവരുമാനം നൽകുന്നതിലൂടെ അവരുടെ പ്രവർത്തനത്തെ അധ്വാനമായിത്തന്നെ അടയാളപ്പെടുത്തേണ്ടതാണ്.

ഇതിനു പുറമേ കേരളത്തിന്റെ വികസന സിവിൽസമൂഹത്തിന്റെ ആഴവും പരപ്പും ഉടൻ വർദ്ധിപ്പിക്കേണ്ടതുണ്ട്. അതിനായി സമൂഹത്തിൽ പാർശ്വവത്ക്കരിക്കപ്പെട്ട വിഭാഗത്തിലുള്ളവരെ അതിലേക്ക് ആകർഷിക്കുംവിധമുള്ള മാറ്റങ്ങൾ ആവശ്യമാണ്. കേരളത്തിൽ ഇന്ന് കുടുംബശ്രീ, വിവാഹിതകൾക്ക് പൊതുജീവിതത്തിലേക്കു കടക്കാനുള്ള മാർഗമാണ്. എന്നാൽ കേരളത്തിലെ ആൺകോയ്മയുടെ മുന്നിൽ തീർത്തും നിസ്സഹായരാകുന്നത് അവിവാഹിതകളായ ചെറുപ്പക്കാരികളാണ്. അവരിൽ പലരും കുടുംബശ്രീയോട് ചേർന്നു പ്രവർത്തിക്കുന്നുണ്ട് ഇന്ന്, പക്ഷേ കുടുംബശ്രീയിലൂടെ പുതിയ പൊതുജീവിതസാധ്യതകൾ അവർക്കു തുറന്നുകൊടുക്കാൻ കഴിയണം. അതുപോലെ, നവലിബറൽയുക്തിക്കു വഴങ്ങാത്ത കേരളത്തിലെ ആദിവാസി ജനങ്ങൾക്കും മത്സ്യബന്ധനസമൂഹത്തിനും അവരുടെ പരിഗണനകളെ ബഹുമാനിക്കുന്ന പുതിയ വികസന സിവിൽസമൂഹ-ഉപസംവിധാനങ്ങൾ സൃഷ്ടിക്കപ്പെടണം. കേരളത്തിൽ നിർമ്മാണപ്രവർത്തനത്തിനും മറ്റും എത്തുന്ന ഇതരസംസ്ഥാനതൊഴിലാളികൾ പലരും സവിശേഷകഴിവുകൾ ഉള്ളവരാണ് - പലപ്പോഴും കൃഷിയിൽ. അവരുടെ കഴിവുകളെ അംഗീകരിച്ചുകൊണ്ട് നമ്മുടെ വികസന സിവിൽസമൂഹത്തിലേക്ക് അവരെ സ്വാഗതം ചെയ്യാനുള്ള വഴിയായി കുടുംബശ്രീ മാറേണ്ടതുണ്ട്.

മൂന്നാമതായി, നമ്മുടെ ഗ്രാമസഭകളെ ജ്ഞാനനിർമ്മാണത്തിന്റെ ഇടങ്ങളായി വീണ്ടും മാറ്റിയെടുക്കേണ്ട പ്രക്രിയയ്ക്ക് തിരികൊളുത്തുകയും, അതിന്റെ നേതൃത്വം വഹിക്കാൻ കുടുംബശ്രീയെ പ്രാപ്തമാക്കുകയും ചെയ്യേണ്ടതുണ്ട്. 1990കളിൽ സജീവമായിരുന്നതും പിൽക്കാലത്തു മുരടിച്ചുപോയതുമായ സമീപനമാണിത്. വികസന അടിയന്തരാവസ്ഥകളെപ്പറ്റിയുള്ള ജ്ഞാനനിർമ്മാണം താഴെ നിന്നു മുകളിലേക്കാകുന്നതാണ് അവകാശാധിഷ്ഠിത വികസനസമീപനത്തിനു ചേരുന്ന രീതി.

Comments