truecoppy
MORE
Truecopy Home
Readers
are
Thinkers

Friday, 03 February 2023

truecoppy
Truecopy Logo
Readers are Thinkers

Friday, 03 February 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
basil

Film Review

'ജയ ജയ ജയ ജയഹേ' സിനിമയിൽ ബേസിൽ ജോസഫും ദർശന രാജേന്ദ്രനും

തിയേറ്ററിൽനിന്ന്​ അതേ കുടുംബത്തിലേക്ക്​
മടങ്ങുന്ന അതേ മനുഷ്യരോട്​
‘ജയ ജയ ജയഹേ’ പറയുന്നത്​...

തിയേറ്ററിൽനിന്ന്​ അതേ കുടുംബത്തിലേക്ക്​ മടങ്ങുന്ന അതേ മനുഷ്യരോട്​ ‘ജയ ജയ ജയഹേ’ പറയുന്നത്​...

സ്ത്രീസ്വാതന്ത്ര്യം എത്രയോ പ്രശ്‌നവല്‍കൃതമാണ് ഈ സമൂഹത്തില്‍. അവളുടെ ഭക്ഷണം, വസ്ത്രം, ജോലി, വിദ്യാഭ്യാസം,  സന്തോഷം, വിനോദം ഇതെല്ലാം മറ്റൊരാള്‍ നിയന്ത്രിക്കുന്ന ഒരു സാമൂഹ്യ സ്ഥിതിവിശേഷമാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. ജയ ജയ ജയ ജയഹേ എന്ന സിനിമ കണ്ട്​ തിയറ്ററില്‍ തലയറഞ്ഞ് പുരുഷ /സ്ത്രീജനങ്ങള്‍ ചിരിച്ചു മറിയുമ്പോള്‍ അതില്‍ എത്ര പേര്‍ സ്വന്തം ജീവിതത്തിലേക്ക് ഒന്ന് പാളിനോക്കി എന്ന് നമുക്കുറപ്പില്ല. പാളി നോക്കിയെങ്കില്‍ അത് ചില മനസ്സിലെങ്കിലും അസ്വസ്ഥത സൃഷ്ടിക്കുമെന്ന് എനിക്കുറപ്പുണ്ട്.

30 Oct 2022, 09:27 AM

ഡോ.ജ്യോതിമോള്‍ പി. 

സ്ത്രീവിരുദ്ധത ഉള്ളില്‍ കൊണ്ടുനടക്കുന്ന പുരുഷ കേന്ദ്രീകൃത സമൂഹത്തെ ആക്ഷേപഹാസ്യത്തില്‍ മുക്കി അവതരിപ്പിക്കുകയാണ് ജയ ജയ ജയ ജയഹേ എന്ന സിനിമ. ഒരുപക്ഷേ ചിത്രത്തിന്റെ തലക്കെട്ട് മുതല്‍ സറ്റയറിന്റെ പണി ആരംഭിക്കുന്നു. ഇത് പൂര്‍ണമായും ജയയുടെ കഥയാണ്. ചട്ടക്കൂടിനുള്ളില്‍ ജീവിക്കാന്‍ നിര്‍ബന്ധിതയായ, എന്നാല്‍ സമൂഹം അടിച്ചേല്‍പ്പിക്കുന്ന സുരക്ഷാ സങ്കല്‍പ്പത്തെ തുളച്ച് പുറത്തുകടക്കാന്‍ വെമ്പുന്ന ഒരു സാധാരണ പെണ്ണിന്റെ കഥ. ഏര്‍പ്പെടുത്തുന്ന അരുതുകളും വിലക്കുകളും എല്ലാം സ്വന്തം സുരക്ഷയ്ക്ക് എന്ന ലേബലില്‍ ചാര്‍ത്തിക്കിട്ടുമ്പോഴും  വീട്ടകങ്ങളിലെ സ്ത്രീ ജീവിതം സുരക്ഷയില്‍ നിന്ന്​ എത്ര അകലെയാണ് എന്ന് കാലികമായ ഒരുപാട് സംഭവങ്ങങ്ങളോടുചേര്‍ത്ത്​ ഈ സിനിമ വായിക്കുന്നുണ്ട്.

View Ad

Your browser does not support the video tag.

View Ad

Your browser does not support the video tag.

പെണ്ണിന്റെ സ്വപ്നങ്ങള്‍ക്ക് അതിരു കല്‍പ്പിക്കുന്നത് ആരാണ് എന്ന ചോദ്യത്തിന് ഉത്തരം തേടാന്‍ പല സിനിമകളും ശ്രമിക്കുകയും അവയെല്ലാം സമരസപ്പെടലിന്റെ, നീക്കുപോക്കുകളുടെ, മുഴച്ചിരിക്കുന്ന ഏച്ചുകേട്ടലുകളില്‍ ‘അനന്തരം അവര്‍ ദീര്‍ഘകാലം സസുഖം ജീവിച്ചു' എന്ന സാമാന്യവല്‍ക്കരണത്തില്‍ ഒടുങ്ങുകയും ചെയ്യുന്നത് നാം കാണുന്നുണ്ട്.

darshana

 തലക്കെട്ടില്‍ നിന്നുതുടങ്ങാം. ഇത് പൂര്‍ണമായും ജയയുടെ കഥയാണ്. ജയിക്കാനായി ജനിച്ച ജയയുടെ കഥ. ജീവിതത്തിന്റെ പരീക്ഷണങ്ങളില്‍ തോല്‍വികളേറ്റുവാങ്ങിക്കൊണ്ടാണ് ജയ പതുക്കെ ജയത്തിലേക്ക് നടന്നു കയറുന്നത്. പെണ്‍കുട്ടികളുടെ സുരക്ഷ അവരവരുടെ തന്നെ കയ്യിലാണെന്ന് അസന്നിഗ്ധമായി തെളിയിച്ചു കൊണ്ടാണ് കഥ അവസാനിക്കുന്നത്. പൊതുലോകത്തിന്റെ അക്രമത്തില്‍ നിന്ന്​ രക്ഷ നേടുന്നതിന്​ ശീലിക്കുന്ന സുരക്ഷാമുറകളെല്ലാം അകം എന്ന, സുരക്ഷിതമെന്ന്​ നാം വിവക്ഷിക്കുന്ന ഇടത്തിന്റെ ഭീഷണികളെ പ്രതിരോധിക്കുന്നതിനാണ് ജയക്ക് ഉപകാരപ്പെടുന്നത്. ജയയുടെ ജയം പെണ്‍കുട്ടികള്‍ സഹിക്കാന്‍ നിര്‍ബന്ധിതമാകുന്ന പൊതുധാരണകളെയെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടാണ്. നല്ല മകള്‍, നല്ല ഭാര്യ, നല്ല മരുമകള്‍ തുടങ്ങിയ എല്ലാ സംജ്ഞകളെയും നിരാകരിച്ചാണ് അവള്‍ തന്റേതായ ഇടം സൃഷ്ടിക്കുന്നത്. മോഹങ്ങളും സ്വപ്നങ്ങളും സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ക്ക് അടിയറ വയ്ക്കുന്ന സാധാരണ പെണ്‍കിടാവ് മാത്രമാണ് ജയ. എന്നാല്‍ അവരവർക്ക്​ നഷ്ടപ്പെടുന്ന സ്വത്വം അവള്‍ തിരിച്ചറിയുന്നിടത്താണ് ജയ മറ്റുള്ളവരില്‍നിന്ന് വിഭിന്നയാകുന്നത്.

ALSO READ

തിയേറ്ററില്‍ വിസിലടിക്കണ്ടേ? ഈയടിക്ക്...

സമൂഹത്തിന്റെ പരുവപ്പെടുത്തലുകള്‍ക്ക് വഴികള്‍ പലതുണ്ട്. അധികാരത്തിന്റെ അടിച്ചൊതുക്കലുകള്‍ക്ക് വഴങ്ങുന്നില്ലെങ്കില്‍ സ്‌നേഹത്തിന്റെ  ചങ്ങലക്കുരുക്കിന്റെ വഴി നോക്കുന്ന ഈ സമൂഹത്തില്‍ രണ്ടു വഴിയിലും അടങ്ങിയിരിക്കുന്ന ചൂഷണത്തിന്റെ, അനുസരിപ്പിക്കലിന്റെ മാതൃകകള്‍ തിരിച്ചറിയാനുള്ള വിവേകവും വിവേചനവും ഉള്ളവളാണ് ജയ. സാമാന്യവല്‍ക്കരണത്തിന്റെ ഇരകളാകുന്ന പെണ്‍കുട്ടികളില്‍ നിന്ന്​വ്യത്യസ്തമായി  ബന്ധുരകാഞ്ചനക്കൂട്ടിലെ ബന്ധനങ്ങളില്‍ എന്തോ ഒന്ന് ശരിയല്ല എന്ന് അവള്‍ മുഖം ചുളിക്കുന്നു. കൗമാരത്തിലെയും യൗവനത്തിലെയും രക്ഷ രക്ഷയല്ല എന്ന് അവള്‍ തിരിച്ചറിയുന്നുണ്ട്. ഭാരതത്തിന്റെ സ്വാതന്ത്ര്യവും തനതായ സംസ്‌കാരവും വിളംബരം ചെയ്യുന്നതാണ് നമ്മുടെ ദേശീയഗാനം. അതില്‍ സൂചിപ്പിക്കപ്പെടുന്ന മഹത്വവല്‍ക്കരണങ്ങള്‍ ഒന്നും ഭാരതീയ സ്ത്രീക്ക് പ്രാപ്യമല്ല എന്നുകൂടി ഇതില്‍ വിവക്ഷിക്കുന്നില്ലേ? ടൈറ്റില്‍ ഗാനം പുരുഷ കാമനകളെ കണക്കിനു കളിയാക്കുന്നുണ്ട്.

jaya

ശാന്തയും സൗമ്യയും ശ്രീലോലയുമായ സ്ത്രീയാണ് സംസ്‌കാരത്തിന്റെ സൂക്ഷിപ്പുകാരി. അവള്‍ തന്നെയാണ് കുലം ചരിയാതെ സൂക്ഷിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നവള്‍. ഭാരതീയ/കേരളീയ സമൂഹത്തിലെ ആവറേജ് പുരുഷന് സാമൂഹിക ക്രമത്തില്‍ ഒരിക്കലും പ്രായപൂര്‍ത്തി ആവുന്നേയില്ല. സ്ത്രീ സംരക്ഷിക്കപ്പെടേണ്ടവളാണ് എന്ന ധാരണ ഉപരിപ്ലവവുമായി വച്ചുപുലര്‍ത്തുമ്പോള്‍ തന്നെ ഒരിക്കലും മുതിരാത്ത ഒരു കുട്ടി എന്ന നിലയ്ക്കാണ് പുരുഷന് ലഭിക്കുന്ന പരിരക്ഷ. അവനെ ശ്രദ്ധിക്കാന്‍, ഭക്ഷണം കൊടുക്കാന്‍, വസ്ത്രം കഴുകാന്‍, അവന്റെ മാനസിക- ശാരീരിക ആവശ്യങ്ങള്‍ നിറവേറ്റാന്‍, അവന്റെ സുഖം ഉറപ്പാക്കാന്‍ സ്ത്രീയെ ആവശ്യമുണ്ട്. എന്നും പരിരക്ഷയുടെ തണലിലാണവന്റെ ഭരണം. ആ ഒരു വസ്തുതയും ഈ സിനിമ വളരെ ലൗഡ് ആയി തന്നെ പ്രഖ്യാപിക്കുന്നു.

സ്ത്രീയുടെ പ്രസക്തി  അപരത്വത്തില്‍ അടയാളപ്പെടുത്തി അദൃശ്യമാക്കുക എന്നത് സമൂഹം എത്രയോ കാലമായി വിജയകരമായി നടപ്പിലാക്കുന്നു. സ്ത്രീ സുരക്ഷയുടെ,  സംരക്ഷണത്തിന്റെ എല്ലാം പുറകില്‍ വികൃതമായ സ്ത്രീവിരുദ്ധത ഒളിഞ്ഞിരിക്കുന്നതായി കാണാം. ചില അവസരങ്ങളില്‍ എങ്കിലും അത് മറനീക്കി പുറത്തുവരുന്നുമുണ്ട്.

ALSO READ

'നെഗറ്റീവ്​ ബേസിലി'നുമാത്രം ജയ ജയ ജയ | Jaya Jaya Jaya Jaya Hey

യജമാനന്‍ / അടിമ സൂചകങ്ങളിലാണ് സ്ത്രീപുരുഷ ബന്ധത്തെ ഇതില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. അതിന് അമ്മയെന്നോ, ഭാര്യയെന്നോ, സഹോദരിയെന്നോ മാറ്റമില്ല. പുരുഷരാജാവിനെ നിലനിര്‍ത്തുന്നത് സ്ത്രീ എന്ന പ്രജയാണ്. ഭരിക്കാന്‍ പ്രജയില്ലെങ്കില്‍ രാജാവിനെന്തു വില? ഇത്തരം ദ്വന്ദ്വങ്ങളില്‍ അധിഷ്ഠിതമായ,  ‘ആവശ്യത്തിന് ഫ്രീഡം' കൊടുക്കുന്ന പ്രബുദ്ധരായ പുരുഷനെയും മടങ്ങിപ്പോകാനിടമില്ലാത്ത സ്ത്രീയെയും ആചാരങ്ങള്‍ ഒരുമിച്ച് ചേര്‍ക്കുന്ന ആണധികാര ഇടമാണ്​  കുടുംബം എന്ന അത്ര സുഖമല്ലാത്ത സത്യം ഈ സിനിമ ഉദ്‌ഘോഷിക്കുന്നുണ്ട്.

jaya

സ്ത്രീസ്വാതന്ത്ര്യം എത്രയോ പ്രശ്‌നവല്‍കൃതമാണ് ഈ സമൂഹത്തില്‍. അവളുടെ ഭക്ഷണം, വസ്ത്രം, ജോലി, വിദ്യാഭ്യാസം,  സന്തോഷം, വിനോദം ഇതെല്ലാം മറ്റൊരാള്‍ നിയന്ത്രിക്കുന്ന ഒരു സാമൂഹ്യ സ്ഥിതിവിശേഷമാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. തിയറ്ററില്‍ ഈ സിനിമ കണ്ട്​ തലയറഞ്ഞ് പുരുഷ /സ്ത്രീജനങ്ങള്‍ ചിരിച്ചു മറിയുമ്പോള്‍ അതില്‍ എത്ര പേര്‍ സ്വന്തം ജീവിതത്തിലേക്ക് ഒന്ന് പാളിനോക്കി എന്ന് നമുക്കുറപ്പില്ല. പാളി നോക്കിയെങ്കില്‍ അത് ചില മനസ്സിലെങ്കിലും അസ്വസ്ഥത സൃഷ്ടിക്കുമെന്ന് എനിക്കുറപ്പുണ്ട്. ചില ചിരിയുടെയെങ്കിലും തിളക്കം കുറഞ്ഞേനെ. തിയേറ്ററിലെ ചിരികള്‍ക്ക് പല അര്‍ഥങ്ങളുണ്ടെങ്കിലും ചിലവ അത്ര നിഷ്‌കളങ്കമല്ല. ഇത് മറ്റാരുടെയോ കഥയാണ്, ഞാന്‍ അത്തരക്കാരനല്ല എന്ന് സ്വയം ബോധ്യപ്പെടുത്താനുള്ള ശ്രമത്തില്‍ നിന്ന്​ ഉരുത്തിരിയുന്നത് ഒരു വശത്ത്. മറ്റൊരിടത്ത്​, എന്റെ നിഗൂഢതകള്‍ നിങ്ങള്‍ മനസ്സിലാക്കിക്കളഞ്ഞല്ലോ മനുഷ്യാ എന്ന കള്ളച്ചിരി. 

ഫെമിനിസം എന്തിന്, നമുക്ക് തുല്യതയുണ്ടല്ലോ എന്ന് വളരെ ലളിതവല്‍ക്കരിച്ച് ജീവിതത്തെ കാണുന്ന ഒരു സമൂഹത്തിലാണ് ജയ ജയ ജയ ജയഹേ ആരവങ്ങള്‍ ഇളക്കി കടന്നുപോകുന്നത്. സമൂഹം മുന്നോട്ടുവയ്ക്കുന്ന ചില വൈരുദ്ധ്യങ്ങള്‍ കൂടി ഈ സിനിമ പ്രശ്‌നവല്‍ക്കരിക്കുന്നുണ്ട്. അതിലൊന്ന് അകവും പുറവും തമ്മിലുള്ള ദ്വന്ദ്വമാണ്. വിദ്യാസമ്പന്നനും പുരോഗമനാശയക്കാരനുമായ അധ്യാപകന്റെ  ക്ലാസ് റൂമിലെ സ്ത്രീസ്വാതന്ത്ര്യ ആശയങ്ങളും പരിഷ്‌കാരവാദവും  അകത്ത് സ്വകാര്യഇടങ്ങളില്‍ തീര്‍ത്തും വിപരീതമായി വര്‍ത്തിക്കുന്നത് കാണാം.

basil

സ്ത്രീവിരുദ്ധ ആശയങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതില്‍ പുരുഷനൊപ്പം സ്ത്രീകളും ഉത്തരവാദികളാണെന്ന പ്രകടമായ മറ്റൊരു ചിന്തയും ഈ സിനിമ മുന്നോട്ട് വയ്ക്കുന്നു. പഴഞ്ചൊല്ലുകളും തലമുറകളായി കൈമാറ്റം ചെയ്തുവരുന്ന ഉപദേശങ്ങളും എല്ലാം സ്ത്രീയെ അടക്കിയൊതുക്കി അകത്തിരുത്തുന്നതിന് ഭംഗിയായി ഉപയോഗിക്കുന്നതും ഇവിടെ ചര്‍ച്ച ചെയ്യുന്നുണ്ട്. സ്ത്രീയുടെ ചലനങ്ങള്‍ നിയന്ത്രിക്കുന്നതിന് എത്ര വിദഗ്ധമായി ഗര്‍ഭത്തെയും മാതൃത്വത്തെയും ഉപയോഗപ്പെടുത്താം എന്നതും പഠനവിധേയം തന്നെ. മാതൃത്വം എന്ന മഹത്വവല്‍ക്കരിക്കപ്പെട്ട ആശയം സ്ത്രീയെ ചട്ടം പഠിപ്പിക്കുന്നതിനും അതിരുകളില്‍ ഒതുക്കിനിർത്തുന്നതിനും എത്ര വിദഗ്ധമായി സഹായിക്കുന്നു എന്നതുകൂടി  ഇതിനോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതുണ്ട്.

മരം കേറല്‍, ചൂളം വിളി തുടങ്ങി സ്ത്രീകള്‍ക്ക്  ‘നിഷിദ്ധമായ’ കാര്യങ്ങള്‍ ഓരോന്നായി ചെയ്ത് നിഷേധത്തിനപ്പുറം  ചൂളംവിളിയിലേക്ക് നടന്നു കയറുമ്പോഴാണ് ഇത് ജയയുടെ ജയ ജയ ജയ ജയഹേ ആവുന്നത്. ഭക്ഷണം പാകം ചെയ്യുന്ന, വസ്ത്രം അലക്കുന്ന, വീട് വ്യത്തിയാക്കുന്ന ജീവി എന്നതിനപ്പുറം സ്ത്രീക്ക് വ്യക്തിത്വം ആവശ്യമില്ല എന്ന സാമാന്യധാരണയെ ഈ സിനിമ വളരെ ഉച്ചത്തില്‍ കളിയാക്കുന്നുണ്ട്, കൂവി വിളിക്കുന്നുമുണ്ട്.

film

ഏതൊരു വ്യക്തിജീവിതത്തിലേക്കും ഇടിച്ചുകയറി, അവരുടെ സ്വകാര്യതകളില്‍ കൈകടത്തി യാതൊരു ഉളുപ്പുമില്ലാതെ അഭിപ്രായം പറയാം എന്ന പൊതു ധാരണ നിലവിലുള്ള സ്ഥലമാണ് കേരളം. സ്വകാര്യം എന്നത്  വെറുക്കപ്പെടേണ്ടതും ആവശ്യമില്ലാത്തതുമായ ഒന്നായിട്ടാണ് പൊതുവേ നമ്മുടെ പൊതുസമൂഹം വിലയിരുത്തുന്നത്​. സ്വകാര്യതകളിലേക്കുള്ള ഇത്തരം കടന്നുകയറ്റത്തെയും ഈ സിനിമ പ്രശ്‌നവല്‍ക്കരിക്കുന്നുണ്ട്.

കേരളീയ പുരുഷകേന്ദ്രീകൃത സമൂഹത്തിന്റെ വെറുമൊരു പാരഡി മാത്രമല്ല, വളരെ അര്‍ത്ഥവത്തായ ഒരു Pastiche ആണ് ജയ ജയ ജയ ജയഹേ. സ്ത്രീയുടെ ജനനം മുതല്‍  ജീവിതത്തിലെ എല്ലാ സാധ്യതകളിലും അവസരങ്ങളിലും എപ്രകാരമാണ് സമൂഹം നിരന്തരം ഇടപെടുന്നത്, നിഷ്‌കര്‍ഷകളില്‍ തളച്ചിടുന്നത്, മഹത്വവല്‍ക്കരണത്തിലൂടെയും സംസ്‌കാരചിഹ്നങ്ങളിലൂടെയും മാറ്റമില്ലാതെ നിലനിര്‍ത്തുന്നത് എന്നിവയെല്ലാം ഭംഗിയായി അടയാളപ്പെടുത്തുന്ന സിനിമയാണിത്​.  മലീമസമായ മാനസികാവസ്ഥകളെയും, പുഴുക്കുത്തേറ്റ പ്രവണതകളെയും സോഷ്യല്‍ കണ്ടീഷനിങ്ങളെയും തുറന്ന് പുറത്തേക്കിടുന്നു.  സ്ത്രീക്ക് ആവശ്യം നീതിയും, സമത്വവും, സ്വാതന്ത്ര്യവുമാണെന്ന്, സിനിമ കാണുന്ന, എല്ലാ സ്ത്രീ പുരുഷന്മാരോടും ഉറക്കെ പ്രഖ്യാപിക്കുകയാണ് സിനിമ. ആശയങ്ങളുടെ ചാട്ടുളി മുറിവുകള്‍ കൊണ്ട് വ്രണിതമാക്കുക, ചിരിയൊടുങ്ങുമ്പോള്‍ അനുഭവിച്ചുമറന്ന കണ്ണീര്‍കണങ്ങളിലൂടെ  ശുദ്ധീകരിക്കുക എന്ന ആക്ഷേപഹാസ്യത്തിന്റെ അപാരസാധ്യതകൂടി  ജയ ജയ ജയ ജയ ഹേ പരീക്ഷിക്കുന്നുണ്ട്:  ‘അല്ലെങ്കില്‍ പെണ്ണിനെന്തിനാണ് പേര്? വല്ല എടിയെന്നോ,അവളെന്നോ വിളിച്ചാല്‍ പോരേ?'

  • Tags
  • #Jaya Jaya Jaya Jaya Hey
  • #Film Review
  • # Malayalam film
  • #CINEMA
  • #Basil Joseph
  • #Darshana Rajendran
  • #Dr. Jyothimol P.
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
adoor gopalakrishnan

Opinion

ഷാജു വി. ജോസഫ്

അടൂരിനുശേഷം പ്രളയമല്ല; തലയെടുപ്പോടെ തുടരും കെ.ആർ. നാരായണൻ ഫിലിം ഇൻസ്​റ്റിറ്റ്യൂട്ട്​

Feb 01, 2023

5 Minutes Read

 Pathan-Movie-Review-Malayalam.jpg

Film Review

സരിത

വിദ്വേഷ രാഷ്​ട്രീയത്തിന്​ ഒരു ‘പഠാൻ മറുപടി’

Jan 31, 2023

3 Minute Read

ayisha

Film Review

റിന്റുജ ജോണ്‍

ആയിഷ: ഹൃദയം കൊണ്ട് ജയിച്ച ഒരു വിപ്ലവത്തിന്റെ കഥ

Jan 30, 2023

5 Minutes Watch

thankam

Film Review

റിന്റുജ ജോണ്‍

തങ്കം: ജീവിത യാഥാർഥ്യങ്ങളിലൂടെ വേറിട്ട ഒരു ഇൻവെസ്​റ്റിഗേഷൻ

Jan 28, 2023

4 Minutes Watch

ck muraleedharan

Interview

സി.കെ. മുരളീധരന്‍

മലയാളത്തില്‍ എന്തുകൊണ്ട് സിനിമ ചെയ്തില്ല?

Jan 27, 2023

29 Minutes Watch

Biju-Menon-Vineeth-Sreenivasan-in-Thankam-Movie

Film Review

മുഹമ്മദ് ജദീര്‍

തിരക്കഥയില്‍ തിളങ്ങുന്ന തങ്കം - thankam movie review

Jan 27, 2023

4 minutes Read

Nanpakal Nerathu Mayakkam

Film Review

അരവിന്ദ് പി.കെ.

തമിഴരിലേക്ക്​ മുറിച്ചുകടക്കുന്ന മലയാളി

Jan 23, 2023

3 Minutes Watch

Kaali-poster

Cinema

പ്രഭാഹരൻ കെ. മൂന്നാർ

ലീന മണിമേകലൈയുടെ കാളി, ചുരുട്ടു വലിക്കുന്ന ഗോത്ര മുത്തശ്ശിമാരുടെ മുത്തമ്മ കൂടിയാണ്​

Jan 21, 2023

5 Minutes Read

Next Article

ഒരു റിയലിസ്​റ്റിക്​ അപ്പൻ

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster