​സൂസൻ​ ജോസഫ്​ എഴുതുന്നു, ജോൺ എബ്രഹാമിന്റെ അറിയപ്പെടാത്ത ആത്മകഥ

സംവിധായകൻ ജോൺ എബ്രഹാമിന്റെ മൂത്ത സഹോദരി സൂസൻ ജോസഫ് പ്രിയപ്പെട്ട സഹോദരന്റെ വ്യക്തി- സിനിമ ജീവിതം രേഖപ്പെടുത്തുകയാണിവിടെ. 'അഗ്രഹാരത്തിൽ കഴുതൈ', 'ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ' എന്നീ ജോൺ സിനിമകളുടെ നിർമാതാവ് കൂടിയായ സൂസൻ ജോസഫ്​ ഇന്ന്​, 2023 മെയ്​ 19ന്​, അന്തരിച്ചു.

ടന്നുപോന്ന ജീവിതപ്പാതയിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ കയ്പും മധുരവും നിറഞ്ഞ ഒരുപാട് അനുഭവങ്ങൾ മനസ്സിൽ മിന്നിമറയുന്നു. 90ാം വയസിന്റെ കൽപ്പടവുകളിൽ എത്തിനിൽക്കുമ്പോഴാണ്​ വൈവാഹിക ജീവിതത്തിന്റെ 60- വർഷം പൂർത്തിയാക്കി എന്റെ സഹയാത്രികൻ യാത്രയായത്​. സഹോദരങ്ങൾക്കുവേണ്ടി ജീവിക്കണം എന്നാഗ്രഹിച്ച എന്റെ മനസ്സിലേക്ക് ഇപ്പോൾ ചിലരെല്ലാം കടന്നുവരികയാണ്...എന്റെ സഹോദരൻ ജോൺ എബ്രഹാം എന്ന രാജൻ, അവന്റെ അരാജക ജീവിതം, സമാന ചിന്താഗതിക്കാരായ മറ്റൊരു ജോൺ എന്ന ഡോ. ജേക്കബ് ജോൺ... എന്റെ മാതൃപിതാവ്.
"അഗ്രഹാരത്തിൽ കഴുതൈ' എന്ന സിനിമയുടെ നിർമാണത്തിൽ എന്റെ പങ്ക് എന്തായിരുന്നു എന്ന ചിന്തയിൽനിന്നാണ് ഞാനിതെല്ലാം ഓർത്തെടുക്കുന്നത്.

ജോൺ എന്ന വല്യപ്പച്ചൻ.

അഗ്രഹാരത്തിൽ കഴുതൈയുടെ പോസ്റ്റർ

ജോൺ, കുന്നംകുളത്ത് ജനിച്ച് കോട്ടയത്ത് വളർന്ന കുട്ടനാട്ടുകാരൻ. കുട്ടനാട്ടിലെ പുരാതന ക്രിസ്തീയ കർഷക കുടുംബത്തിൽ വി.ടി എബ്രഹാമിന്റെ നാലാമത്തെ മകനായി ജനിച്ചു. രണ്ട് മൂത്ത സഹോദരിമാരും ഒരു മൂത്ത സഹോദരനും ഒരു ഇളയ സഹോദരിയും. അപ്പന് വീതമായി കിട്ടിയത് അര ഏക്കർ പുരയിടവും അറയില്ലാത്ത വീടും മുപ്പതുപറ കണ്ടവും. ജ്യേഷ്ഠസഹോദരന്മാർക്ക് കിട്ടിയതുപോലെ വള്ളവും വള്ളക്കാരും, പശുവും തുറുവും, ചെമ്പും കുട്ടകവും ഒന്നും അപ്പന് കിട്ടാത്തതിനാൽ കുട്ടനാട്ടിൽ കഴിയാനായില്ല, കുഞ്ഞുങ്ങളെ സ്‌കൂളിൽ വിടാനും കഴിഞ്ഞില്ല.
മഹാത്മാഗാന്ധി ഇന്ത്യ മുഴുവൻ സഞ്ചരിക്കുന്ന, ബ്രിട്ടീഷ് ഭരണകാലം. മീറ്റിങ്ങുകളും പ്രസംഗങ്ങളും കൊണ്ട് നാട് മുഖരിതമാണ്. അപ്പൻ മലയാളം പത്താംക്ലാസാണ്. നല്ല അറിവുണ്ട്, വായിക്കും, പ്രസംഗിക്കും, കവിതയിലും നാടകത്തിലും താൽപര്യമുണ്ട്. ഞങ്ങൾ കോട്ടയത്ത് സ്ഥിരതാമസമാക്കി. മാതൃപിതാവ്, മാതാവ്, അമ്മാച്ചനും കുടുംബവും, വല്യമ്മാച്ചന്റെ മക്കൾ, അമ്മയുടെ സഹോദരിമാരുടെ മക്കൾ എല്ലാം അവിടെയുണ്ട്. അക്കൂട്ടത്തിൽ ഞങ്ങൾ അഞ്ചുമക്കളും അമ്മയും അവിടെ താമസം തുടങ്ങി. വലിയ വീട്, നല്ല പൂന്തോട്ടം, ധാരാളം മുറികൾ.

സകലകലാവല്ലഭനെന്ന് വിശേഷിപ്പിക്കാവുന്ന ആളായിരുന്നു ജോൺ എന്ന വല്യപ്പച്ചൻ. പി.ഡബ്ല്യു.ഡി റിട്ടയേർഡ് സിവിൽ എഞ്ചിനീയർ, നന്നായി പാടും, വയലിനും പിയാനോയും അക്കോർഡിയനും വായിക്കും. ചെടി വളർത്തും. ഓയിൽ പെയിന്റിങ്ങ്​ ചെയ്യും. ഫോട്ടോഗ്രഫിയാണ്​ ഹോബി. അഞ്ചുതരം ക്യാമറകളും രണ്ട് എം.എം സിനി ക്യാമറയും മാജിക് ലാന്റേണും സ്ലൈഡ്സും എട്ട് എം.എം പ്രൊജക്ടറും ഒരു പെട്ടി എട്ട് എം.എം ഫിലിമും ചാർളി ചാപ്ലിൻ, നെപ്പോളിയൻ, മിശിഹാചരിത്രം തുടങ്ങി പല സിനിമകളും ഉണ്ടായിരുന്നു. വല്യപ്പച്ചന്റെ മുറിയിൽ നാല് അലമാരകൾ നിറകെ പുസ്തകങ്ങളാണ്. രണ്ട് അലമാരകളിൽ ഹോമിയോ മരുന്ന്. ചുമരിൽ കിങ് ജോർജിന്റെയും രാജ്ഞിയുടെയും ദേവികാറാണി എന്ന അന്നത്തെ പ്രശസ്ത സിനിമാനടിയുടെയും രവീന്ദ്രനാഥ ടാഗോറിന്റെയും ഫോട്ടോകൾ. വല്യപ്പച്ചന്റെ തന്നെ പെയിന്റ് ചെയ്ത നാല് പെയിന്റിങ്ങുകൾ. സദാസമയവും വായിച്ചുകൊണ്ടിരിക്കുന്ന വല്യപ്പച്ചൻ, മാറാതെ കാൽക്കൽ കിടക്കുന്ന ഒരു വളർത്തുനായ. അദ്ദേഹത്തിന് അൽപസ്വൽപം വീട്ടുചികിത്സയും ഉണ്ടായിരുന്നു.

വല്യപ്പച്ചന്റെ മൂത്ത സഹോദരനായിരുന്നു ഹോമിയോപ്പതിയുടെ "മെറ്റീരിയാ മെഡികാ' എന്ന പുസ്തകം മലയാളത്തിലേക്ക് തർജ്ജമ ചെയ്തത്. വല്യപ്പച്ചനും പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. അതിൽ പ്രധാനം, "നൂതന പ്രകാശം', "ആത്മാവും ശരീരവും തമ്മിലുള്ള സംസർഗം' എന്നീ പുസ്തകങ്ങളാണ്. ഇവ മലയാളത്തിലും ഇംഗ്ലീഷിലും എഴുതി പ്രിന്റ് ചെയ്ത് രണ്ട് അലമാര നിറയെ സൂക്ഷിച്ചിരുന്നു. തടി അലമാരി ആയിരുന്നതിനാൽ കുറെ പുസ്തകങ്ങൾ ചിതലുതിന്നു. "ആത്മാവും ചിതലും തമ്മിലുള്ള സംസർഗ്ഗം' എന്നു പറഞ്ഞ് മക്കൾ പരിഹസിക്കും. ദിവസവും കുറേനേരം തോട്ടത്തിൽ ചെലവഴിക്കും. വല്യപ്പച്ചൻ ജോലിയിലിരിക്കുമ്പോൾ കോട്ടയം- കുമളി റോഡ് നിർമാണത്തനുള്ള സർവേയാത്രക്കിടെയുണ്ടായ അനുഭവങ്ങളും വീരകൃത്യങ്ങളുമെല്ലാം സമയം കിട്ടുമ്പോഴൊക്കെ ഞങ്ങൾക്കു പറഞ്ഞുതരുമായിരുന്നു.
പുനെയിൽ നിന്നും മറ്റും പൂക്കളുടെ വിത്തുകൾ വരുത്തി പാകി കിളിർപ്പിക്കുമായിരുന്നു. പൂക്കളോടും ചെടികളോടും വലിയ പ്രിയമായിരുന്നു.

ജോൺ എന്ന ഈ വല്യപ്പച്ചന്റെ പേരാണ് മുറപ്രകാരം ജോൺ എബ്രഹാമിന് കിട്ടിയത്. അതുകൊണ്ട് ജോണിനോട് വല്യപ്പച്ചന് പ്രത്യേക സ്നേഹമായിരുന്നു.
അവധി ദിവസങ്ങളിൽ ഡയനാമോ കറക്കി എട്ട് എം.എം പ്രൊജക്ടറിൽ വല്യപ്പച്ചൻ ജോണിനെ സിനിമ കാണിക്കും. ഭിത്തിയിൽ വെള്ളത്തുണി വലിച്ചുകെട്ടി അവിടെയാണ് സിനിമ പ്രദർശിപ്പിച്ചിരുന്നത്. ഒരു സിനിമാ ക്യാമറ കിട്ടിയയുടൻ ഒരു സിനിമ ഷൂട്ട് ചെയ്തിട്ടുമുണ്ട്, ജോൺ ജനിക്കുന്നതിനുമുമ്പ്. ഞാനും അനിയത്തി ലീലയും മാത്രമേയുള്ളൂ. എനിക്ക് നാല് വയസും ലീലയ്ക്ക് രണ്ടുവയസ്സും. ഞങ്ങളെ വച്ചായിരുന്നു ഷൂട്ടിങ്.

വല്യപ്പച്ചന് പ്രായം കൂടിവരുന്തോറും കാഴ്ചശക്തി കുറഞ്ഞുവന്നു. ആ അവസ്ഥയിൽ പുസ്തകം മടിയിൽ വച്ച് വായിക്കാൻ സാധിക്കുന്നില്ലല്ലോ എന്നു പറഞ്ഞ് കരയും. ജോണിന് പത്തുവയസ്സുള്ളപ്പോൾ വല്യപ്പച്ചന് കൂട്ടായി കണ്ണ് ഓപ്പറേഷന് മദ്രാസിൽ പോയിരുന്നു. ഓപ്പറേഷൻ ചെയ്തെങ്കിലും കാഴ്ച കിട്ടിയില്ല. പുസ്തകം വായിച്ചുകേൾപ്പിക്കാൻ എപ്പോഴും ജോണിനെയാണ് വിളിച്ചിരുന്നത്. പേപ്പറും പുസ്തകങ്ങളും ഞങ്ങളും വായിച്ചുകേൾപ്പിക്കാറുണ്ട്. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ വളർന്ന ഒരു കുട്ടിക്ക് സിനിമയോട് താൽപര്യം കാണാതിരിക്കുമോ?

ജോൺ അബ്രഹാം / ഫോട്ടോ: വേണു

സിനിമക്കായി പെരുവഴികളിലൂടെ...

വർഷങ്ങൾ പലതുകഴിഞ്ഞു. ജോണിന്റെ മൂത്ത സഹോദരിയായ ഞാൻ ഭർത്താവും മൂന്നു കുട്ടികളുമായി സിംഗപ്പൂരിലാണ്. എനിക്കും ജോലിയുണ്ട്. സ്വസ്ഥ ജീവിതം. ആ സമയത്ത് എൽ.ഐ.സിയിൽ ജോലി ചെയ്തിരുന്ന ജോണിന്റെ ഒരെഴുത്തെനിക്കു കിട്ടി. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്റർവ്യൂവിന് പോയിരുന്നു എന്നും 360 പേരിൽ എട്ടാമനായി ജയിച്ചുവെന്നും അതിനാൽ അവിടെ ഡയറക്ഷൻ കോഴ്സ് പഠിക്കാൻ താൽപര്യപ്പെടുന്നുവെന്നും അതിനായി സപ്പോർട്ട് ചെയ്യണമെന്നുമായിരുന്നു എഴുത്ത്. ഞാൻ ആദ്യം വിസമ്മതിച്ചു. നല്ല ഗവൺമെന്റ് ജോലി കളഞ്ഞ് സിനിമ പഠിക്കാൻ പോകുന്നതെന്തിനാണെന്നായിരുന്നു എന്റെ ചിന്ത. പക്ഷെ അവൻ ഒന്നാവശ്യപ്പെട്ടാൽ അത് നിവൃത്തിച്ചു കൊടുത്തില്ലെങ്കിൽ എനിക്ക് വലിയ ദുഃഖമാണ്. അങ്ങനെ അവന്റെ ആഗ്രഹത്തിന് ഞാൻ സമ്മതം മൂളി.
ജോണിന്റെ ഒരു സഹോദരി കുടുംബസമേതം തുമ്പമണ്ണിലും ഇളയസഹോദരി കുട്ടികളെ പഠിപ്പിക്കാനുള്ള സൗകര്യത്തിന് കോട്ടയത്തും താമസിക്കുകയാണ്. മൂത്ത സഹോദരൻ കുംഭകോണത്ത് ബിസിനസ്സുമായി കഴിയുന്നു.

ജോൺ എബ്രഹാമിൻറെ (താഴെ നിരയിൽ ഇടത്തെ അറ്റം) കുടുംബ ചിത്രം , 1945

ഈ കാലഘട്ടത്തിലാണ് ജോൺ പൂനെയിൽ നിന്ന് ഡയറക്ടർ കോഴ്സ് സ്വർണമെഡലോടെ പാസ്സായി വരുന്നത്. കൂടെ കെ.ജി. ജോർജും ഒരു ഫോട്ടോഗ്രാഫറും ഉണ്ടായിരുന്നു. മൂന്നുപേരും കുംഭകോണത്ത് സഹോദരൻ ബാബുവിന്റെ വീട്ടിൽ താമസമായി. ജോണിന്റെ മനസ്സുനിറയെ സിനിമ എടുക്കാനുള്ള ആഗ്രഹവും, ആവേശവും. തന്റെ ജീവിതവഴിത്താരയിൽ എത്തിച്ചേർന്നു എന്ന വിശ്വാസം. കുംഭകോണം തമിഴ്‌നാട്ടിലാണല്ലോ. ആ നാടും മനുഷ്യരുടെ ജീവിതവും ആചാര മര്യാദകളും കണ്ടും കേട്ടും മനസ്സിലാക്കുന്നതിനും മറ്റും ദിവസങ്ങളോളം പെരുവഴികളിലും ഊടുവഴികളിലും അലഞ്ഞുനടക്കും. ധാരാളം കഥകൾ എഴുതിയിട്ടുള്ള ജോണിന്റെ മനസ്സിൽ അങ്ങനെ ഒരു സിനിമാകഥ രൂപംകൊണ്ടു. ആ സമയത്ത് സ്വാമിനാഥൻ എന്ന സുഹൃത്തിനെയും കിട്ടി. തമിഴിൽ കഥ എഴുതി. ജോൺ അതിന് സ്‌ക്രിപ്റ്റും തയ്യാറാക്കി. സീൻ അടുക്കടുക്കായി മനസ്സിൽ കൊണ്ടുനടന്നു. ഇതിനിടെ, മദ്രാസിൽ വന്ന് "വിദ്യാർഥികളേ ഇതിലെ ഇതിലെ' എന്ന പടം സംവിധാനം ചെയ്തു, "ത്രിസന്ധ്യ' എന്ന പടത്തിന്റെ സഹ സംവിധാനവും നിർവഹിച്ചു.

സ്നേഹത്തിനുപോലും കെട്ടിയിടാൻ കഴിയാത്തവൻ

ജോൺ നന്നായി പാടും. പാട്ട് കേൾക്കാനും ഇഷ്ടമായിരുന്നു. പാടുന്നവരെ പ്രോത്സാഹിപ്പിക്കും. മറ്റുള്ളവരെ രസിപ്പിക്കുന്ന തരത്തിൽ സംസാരിക്കും, ഫലിതം പറഞ്ഞ് മറ്റുള്ളവരെ ചിരിപ്പിക്കുന്നതിനും അവന് പ്രത്യേക കഴിവായിരുന്നു. മദ്യം ഇഷ്ടംപോലെ കിട്ടുമായിരുന്നു. അതോടൊപ്പം അരാജക ജീവിതവും തുടങ്ങി. നാട്ടിൽ വരുമ്പോൾ കോട്ടയത്തും തുമ്പമണ്ണിലുമുളള സഹോദരിമാരുടെ വീടുകളിലായിരിക്കും. മൂത്തസഹോദരിയായ ഞാൻ മൂന്നുകുട്ടികളുമായി മദ്രാസിൽ താമസം തുടങ്ങി. കുട്ടികളുടെ വിദ്യാഭ്യാസത്തിനാണ് മദ്രാസിൽ വന്നത്.

ജോണിന്റെ അരാജകജീവിതം എന്നെ ആകെ തകർത്തു. സൗമ്യനും സൽസ്വഭാവിയും സ്നേഹസമ്പന്നനും എല്ലാമായിരുന്നു ജോൺ. ബുദ്ധിമാനും നന്നായി വായിക്കുന്നവനും ഒക്കെ ആയിരുന്ന എന്റെ സഹോദരൻ അനാഥനും സ്വയം കരുതലില്ലാത്തവനും ആയി താടിയും മുടിയും നീട്ടി വളർത്തി മുഷിഞ്ഞു കീറിയ വസ്ത്രം ധരിച്ച് നല്ല ഭക്ഷണം പോലുമില്ലാതെ ജീവിക്കുന്നത് കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു. അവനെക്കുറിച്ചുണ്ടായിരുന്ന പ്രതീക്ഷകളെല്ലാം തകിടംമറിഞ്ഞു. അവനെ എങ്ങനെ വീണ്ടെടുക്കാം എന്നായി ചിന്ത.
അണ്ണാനഗറിൽ ഞാൻ വാടകക്കെടുത്ത വീട്ടിൽ സകല സൗകര്യങ്ങളും ഒരുക്കി ഒരു മുറിയുമൊരുക്കി അവനോട് അവിടെ താമസിക്കാനപേക്ഷിച്ചു. സ്നേഹത്തിനുപോലും എന്നെ കെട്ടിയിടുവാൻ സാധിക്കയില്ലെന്ന്' പറഞ്ഞ് അവൻ പോയി. പക്ഷെ ഇടയ്ക്കിടക്കുവരും, കുറച്ചു ദിവസം താമസിക്കും,വീണ്ടും പോകും. അതായി പതിവ്.

""സ്നേഹം സ്വാർത്ഥം അന്വേഷിക്കുന്നില്ല, ദേഷ്യപ്പെടുന്നില്ല, രോഷം കണക്കിടുന്നില്ല. അനീതിയിൽ സന്തോഷിക്കാതെ സത്യത്തിൽ സന്തോഷിക്കുന്നു. എല്ലാം പൊറുക്കുന്നു. എല്ലാം വിശ്വസിക്കുന്നു. എല്ലാം പ്രത്യാശിക്കുന്നു. എല്ലാം സ്നേഹിക്കുന്നു''- കോരിന്ത്യർ 13-ാം അദ്ധ്യായം, ബൈബിൾ. ഈ വാക്യങ്ങൾ ഞാൻ മനസ്സിൽ കോറിയിട്ടു.

ഇടക്കിടെ അവിടെ വന്നുള്ള താമസത്തിൽ മനസ്സിൽ മൂന്നു സിനിമകളും സ്‌ക്രിപ്റ്റും സീനുമെല്ലാമുണ്ടായിരുന്നു. പടമെടുക്കാനുള്ള പണം ആരും അടുക്കിവെച്ചുകൊണ്ടല്ല നടക്കുന്നതെന്നും ആരും മുന്നോട്ടുവരില്ലെന്നുമുള്ള നിരാശ അവന്റെ മനസ്സിനെ തളർത്തി. അഗ്രഹാരത്തിൽ കഴുതൈ, ജോസഫ് എന്ന പുരോഹിതൻ, ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ ഇവയാണ് ഹൃദയത്തിൽ കരുതിവെച്ചിരുന്ന കഥകൾ. അവന്റെ ഹൃദയത്തിന്റെ തേങ്ങൽ ആരും അറിഞ്ഞില്ല. ചിന്താധീനനായി ഒറ്റയ്ക്കിരിക്കുമ്പോൾ അവന്റെ ചുണ്ടിലൂടെ ഊർന്നിറങ്ങുന്ന പാട്ടിന്റെ ഈരടികളുടെ പൊരുൾ എന്റെ ഹൃദയത്തെ വല്ലാതെ വേദനിപ്പിച്ചു.
"പാടാനോർത്തൊരു മധുരിതഗാനം
പാടിയതില്ലല്ലോ, ഞാൻ പാടിയതില്ലല്ലോ'... ഇതായിരുന്നു അവന്റെ പാട്ട്.

"അഗ്രഹാരത്തിൽ കഴുതൈ'; കാണാത്ത കഥ

അവന്റെ ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താൻ എന്നെക്കൊണ്ട് എന്തുചെയ്യാൻ സാധിക്കുമെന്നതായി എന്റെ ചിന്ത. അതിനുവേണ്ടി അന്വേഷണവും ഞാൻ തുടങ്ങി. അപ്പോൾ എനിക്കൊരറിവുകിട്ടി. ചാർളി ജോൺ എന്ന സുഹൃത്ത് 2000 രൂപമുടക്കി "അഗ്രഹാരത്തിൽ കഴുതൈ' എന്ന കഥ സിനിമയാക്കാൻ എഫ്.എഫ്.സി (Film Finance Corporation) ലോണിന് അപേക്ഷിച്ചിട്ടുണ്ട്. അതിന്റെ മറുപടിക്ക്​ ആറുമാസം എങ്ങും പോകാതെ കാത്തിരുന്നു. ഒടുവിൽ കഥയുടെ പേര് മാറ്റണം എന്നു പറഞ്ഞ് കത്തുവന്നു. പേരുമാറ്റാൻ സാധിക്കില്ല എന്ന് മറുപടി അയച്ചു. പിന്നെയും വെറുതെ ഒരുവർഷംകൂടി കാത്തിരുന്നു. കുറേ ഷൂട്ട് ചെയ്ത് അയച്ചുകൊടുത്താൽ ചിലപ്പോൾ ലോൺ കിട്ടാൻ സാധ്യത കാണുമെന്ന അഭിപ്രായമായി. അതിനായി കുറച്ചു പണം ഞാൻ മുടക്കാം എന്നുപറഞ്ഞതനുസരിച്ച് ഷൂട്ടിങ്ങിന് ഒരുക്കമായി.

അഗ്രഹാരത്തിലെ കഴുതയുടെ ടൈറ്റിൽ കാർഡിൽ നിന്ന്.

ആദ്യമായി, എം.ബി. ശ്രീനിവാസനെ കാണാൻ പോയി. അനുവാദവും ഡേറ്റും വാങ്ങി. അതിനുശേഷം കഴുതകളെ വാങ്ങി വളർത്താൻ തുടങ്ങി. പൊട്ടിപ്പെണ്ണ്, കിഴവി, മരിച്ച കുഞ്ഞ്, കഴുതത്തല എല്ലാം സംഘടിപ്പിക്കുന്നതിന് നെട്ടോട്ടമായി. അമ്പലവും അഗ്രഹാരവും ജോണിന്റെ ദേശാടനവേളയിൽ കണ്ടുവെച്ചിരുന്നു. അമ്പലത്തിലെ പൂജാരികൾ തന്നെയാണ് അഭിനയിച്ചത്. അനുവാദം ചോദിക്കുകയേ വേണ്ടിയിരുന്നുള്ളൂ. അവർ സന്തോഷത്തോടെ തയ്യാറായി. പ്രൊഡക്ഷന്റെ പ്രധാന ചുമതല ഞാനും ജോണും കൂടി നിർവഹിച്ചു. എങ്കിലും വേറൊരു പ്രോഡക്ഷൻ മാനേജരെയും സഹായികളെയും നിയമിച്ചു. എന്റെ കാറ് പ്രൊഡക്ഷൻ കാറും ഞാൻ പ്രൊഡക്ഷൻ ഡ്രൈവറുമായി.

പിന്നീടുള്ള ഓട്ടം കഴുതയുടെ തലക്കുവേണ്ടി ആയിരുന്നു. പ്ലാസ്റ്റർ ഓഫ് പാരീസിലോ തടിയിലോ ഉണ്ടാക്കിയെടുക്കാമെന്ന അഭിപ്രായം ജോൺ സമ്മതിച്ചില്ല. ശരിയായ തല തന്നെ വേണമെന്നായി. അലക്കുകാർ താമസിക്കുന്നിടത്ത് അന്വേഷിച്ചാൽ ചത്ത കഴുതയുടെ തല കിട്ടാൻ സാധ്യതയുണ്ടെന്നും കുഴിച്ചിട്ട സ്ഥലം മാന്തിയെടുത്താൽ മതിയെന്നും ചിലർ പറഞ്ഞു. അതനുസരിച്ച് ഒരു ടീം കഴുതയെ കുഴിച്ചിട്ട ഇടം തേടി പോയി കണ്ടുപിടിച്ചു. നാലുപേർക്ക് മദ്യം വാങ്ങിക്കൊടുത്തു. അവർ നന്നായി കുടിച്ചിട്ട് കഴുതയെ കുഴിച്ചിട്ട സ്ഥലം മാന്തിക്കുഴിച്ച് അഴുകി തീരാത്ത തല ചാക്കിൽ കെട്ടി വീട്ടിൽ കൊണ്ടുവന്നു. തല വീട്ടിൽ എത്തുന്നതിനുമുമ്പേ അഴുകിയ നാറ്റം വീട്ടിലെത്തി. അടുത്തുള്ള കുളത്തിൽ കഴുകിയശേഷം വീണ്ടും കുഴിച്ചിട്ടു. ഷൂട്ടിങ്ങിനുമുമ്പ് വീണ്ടും എടുത്ത് കഴുകി. എന്നിട്ടും നാറ്റം പോയില്ല, പക്ഷേ അൽപം കുറവുതോന്നി.

പിന്നീട് നേരെ പോയത് മരിച്ച കുഞ്ഞിനെ തേടിയാണ്. അടുത്തുള്ള ആശുപത്രിയിൽ പോയി മരിച്ച കുഞ്ഞിന്റെ ഫോട്ടോയെടുത്തു.

മണി കൗളിൻറെ ഉസ്കി റൊട്ടിയിൽ ജോൺ എബ്രഹാം

പൊട്ടിപ്പെണ്ണിനുവേണ്ടി പത്രത്തിൽ പരസ്യം കൊടുത്തു. അൻപതിലധികം പെൺകുട്ടികൾ കൃത്യസമയത്ത് എത്തി. ഓരോരുത്തരെ ഇന്റർവ്യൂ ചെയ്തു. ചിലർ വളരെയധികം മേക്കപ്പിലും ചിലർ മോശം വേഷത്തിലുമൊക്കെയാണ്​ എത്തിയത്​. ചിലർ വാചാലരായിരുന്നു. ഏതു വേഷവും അഭിനയിക്കാമെന്ന് ഒരു കുട്ടി പറഞ്ഞപ്പോൾ "മതിലായി അഭിനയിക്കാമോ' എന്ന് ആ കുട്ടിയോട് ജോൺ ചോദിച്ചു. അവൾ അത്ഭുതപ്പെട്ടുനോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല. ഇന്റർവ്യൂവിന്റെ മുഴുവൻ സമയവും എന്നെ കൂടെ ഇരുത്തിയിരുന്നു. സാരി ഉടുത്തതും മേക്കപ്പ് കൂടുതൽ ഇല്ലാത്തതും പുരികം ഷെയ്പ്പ് ചെയ്യാത്തതുമായ സ്വാതി എന്ന പെൺകുട്ടിയെ തിരഞ്ഞെടുത്തു. സെലക്ട് ചെയ്ത ആളിനെ രണ്ടുദിവസം കഴിഞ്ഞ് അറിയിക്കാം എന്നുപറഞ്ഞ് വിട്ടു.
പടത്തിന്റെ പ്രോഗ്രസ് അറിയാൻ വന്ന രണ്ടു കൂട്ടുകാർ അടുത്തമുറിയിൽ പെൺകുട്ടികളെ ഇന്റർവ്യൂ നടത്തുന്നുണ്ടായിരുന്നു. ഞാൻ അത് കണ്ടുപിടിച്ച് ഇന്റർവ്യൂ നിറുത്തിച്ച് പെൺകുട്ടികളെ പറഞ്ഞുവിട്ടു.

ജോൺ എബ്രഹാമിൻറെ സഹോദരിമാരായ സൂസൻ ജോസഫും ശാന്ത മേരി ചെറിയാനും / ഫോട്ടോ: ഫൗസിയ ഫാത്തിമ

ആറുമാസമായി തന്റെ മകളെ സിനിമയിലെടുക്കാൻ ആഗ്രഹിച്ച് ഒരച്ഛനും മകളും കൂടെ വന്നിരുന്നു. ആ മനുഷ്യനെ ജോൺ വിളിച്ച് വഴക്കുപറയുകയും ഈ നരകത്തിൽ നിന്ന് മകളെയും കൊണ്ട് വേഗം രക്ഷപ്പെട്ടുകൊള്ളാൻ ഉപദേശിക്കുകയും ചെയ്തു. സിനിമയിലെ നടന്മാരെല്ലാം അമ്പലത്തിലെ പൂജാരികൾ തന്നെയായിരുന്നു. ആദ്യ സീനുകൾ ഷൂട്ടുചെയ്തത് എന്റെ വീട്ടിലായിരുന്നു. പ്രഫസറുടെ വീടായിട്ടായിരുന്നു ചിത്രീകരണം. കഴുതയെ റോഡിൽ കൂടി ഓടിച്ച് അടിച്ചു കൊല്ലുന്നതും കഴുതയുടെ കുട്ടി പ്രഫസറുടെ വീടിന്റെ ഗേറ്റ് കടന്നുവന്ന് അഭയം പ്രാപിക്കുന്നതും ആദ്യദിവസം ചിത്രീകരിച്ചു. അങ്ങനെ മൂന്നാലുദിവസത്തെ ഷൂട്ടിങ് കഴിഞ്ഞ് അഗ്രഹാരത്തിലേക്കു മാറ്റി. ഷൂട്ടിങ് ദിവസങ്ങളിൽ ഞാൻ തന്നെയാണ് ദിവസ ശമ്പളക്കാർക്ക് ശമ്പളം കൊടുത്തിരുന്നത്.

ലോൺ കിട്ടുമെന്ന പ്രതീക്ഷ വെറുതെയായി. അതിനുവേണ്ടി കാത്തിരുന്ന് സമയം പാഴാക്കി. സിനിമയ്ക്ക് മാറ്റിവെച്ചിരുന്ന പണം തീർന്നു. എങ്ങനെയെങ്കിലും പടം തീർക്കണമല്ലോ എന്ന ഭാരം കൂടുന്നതല്ലാതെ യാതൊരു ഫലവുമുണ്ടായില്ല. ഒരുവർഷത്തിനുമേൽ കാത്തിരുന്നശേഷം എന്റെ കയ്യിലുണ്ടായിരുന്ന ആഭരണങ്ങൾ മുഴുവൻ പണയം വെച്ചും കടം വാങ്ങിയും വീട്ടുചെലവിനുള്ള പണം എടുത്തും എല്ലാം കൂടി ലാസ്റ്റ് ഷെഡ്യൂളും എഡിറ്റിങ്ങും തീർത്തു. ചാർളി ജോൺ അവാർഡിന് അപ്ലൈ ചെയ്യുകയും അതിനായി പണം ചെലവാക്കുകയും ചെയ്തു.

ജോൺ അബ്രഹാം / ഫോട്ടോ: വേണു

എം.ബി. ശ്രീനിവാസന് വരുന്നതിനും പോകുന്നതിനും മറ്റുമുള്ള ചെലവ് വഹിച്ചതല്ലാതെ കാര്യമായി ഒന്നും പ്രതിഫലമായി കൊടുത്തില്ല. മറ്റുള്ളവർക്കെല്ലാം കുറേശ്ശെ കൊടുത്ത് തൃപ്തിപ്പെടുത്തി. എല്ലാവരും ജോണിന്റെ കൂടെ വളരെ കഷ്ടപ്പെടുകയും സൗഹൃദത്തിൽ പിരിയുകയും ചെയ്തു. അസിസ്റ്റന്റ് ഡയറക്ടർ പൂനെയിലെ ഒരു എൽ.ഐ.സി ഉദ്യോഗസ്ഥനായിരുന്നു. എൽ.ഐ.സിയിൽ വച്ച് ഉണ്ടായിരുന്ന സൗഹൃദമായിരുന്നു.

കരിഞ്ഞ മൂന്ന് പന്തത്തിൽ കഴുതത്തല താങ്ങി നിർത്തി...

അങ്ങനെ അഗ്രഹാരത്തിൽ കഴുത എന്ന സിനിമ, തമിഴ് സിനിമാലോകത്തിന് ഒരു അവാർഡും വാങ്ങിക്കൊടുത്തു. ആഗ്രഹിച്ച പലതും ചെയ്യാൻ സാധിച്ചില്ലല്ലോ എന്ന ദുഃഖവും നിരാശവും ജോണിനെ അലട്ടിയിരുന്നു. പണത്തിന്റെ അഭാവം സിനിമയെ നന്നായി ബാധിച്ചിട്ടുണ്ട് എന്ന കുറ്റബോധം എനിക്കും ഉണ്ട്, അതിൽ ചിലത് പറയട്ടെ.
പണമില്ലാത്തതിനാൽ ഷൂട്ട്​ ചെയ്യാൻ കഴിയാതിരുന്ന ചില സീനുകളുണ്ടായിരുന്നു: കുറ്റബോധം കൊണ്ട് രാത്രി ഉറക്കത്തിൽ കഴുതയെ പല സ്ഥലങ്ങളിലും ആകാശത്തും പല വലിപ്പത്തിലും കണ്ട് ഭയപ്പെടുന്ന സീൻ. ഉണർന്നിരിക്കുമ്പോഴും ഈ തോന്നലുണ്ടാകും- ഇത് ഷൂട്ട് ചെയ്യാൻ കഴിഞ്ഞില്ല. കഴുതത്തല സ്പഷ്ടമായി ക്ഷേത്രത്തിനുമുകളിൽ വീഴുന്നതും അഗ്രഹാരം കത്തുന്നതും മോഡൽ അഗ്രഹാരം ഉണ്ടാക്കി കത്തിക്കണം എന്നായിരുന്നു ആഗ്രഹം. പക്ഷെ അഗ്രഹാരം കത്തുന്നത് മേശപ്പുറത്താണ്.

അവാർഡ് കിട്ടിക്കഴിഞ്ഞപ്പോൾ മീഡിയകളുടെ പ്രവാഹം തന്നെയായിരുന്നു വീട്ടിലേക്ക്. രസകരമായ ചോദ്യങ്ങളും അതിന് ഫലിതച്ചുവയുള്ള കുസൃതി മറുപടികളും കുറേനാൾ തുടർന്നുകൊണ്ടിരുന്നു.
അന്നത്തെ പ്രശസ്ത സംവിധായകരെയെല്ലാം ജോണിന് പരിചയമുണ്ടായിരുന്നു. അരവിന്ദൻ, ഭരതൻ, എം.ടി വാസുദേവൻനായർ, പത്മരാജൻ, ടി.വി. ചന്ദ്രൻ അങ്ങനെ പലരും. ഐസക് തോമസ് ഞങ്ങളുടെ വീട്ടിലെ നിത്യസന്ദർശകനായിരുന്നു. ഞങ്ങളുടെ കുടുംബത്തിൽ വളരെ ചെറുപ്പത്തിലേ ജോലിക്കുവരികയും ഞങ്ങൾ വളർത്തുകയും ചെയ്ത പെൺകുട്ടിയുടെ വിവാഹ ആവശ്യത്തിന് ജോണിന് അവാർഡായി കിട്ടിയ പണം മുഴുവനും കൊടുത്തു. ഫിലിം വിറ്റുകിട്ടിയ പണംകൊണ്ട് എന്റെ കടം വീട്ടി. ചെലവാക്കിയ ബാക്കി പണം എന്റെ സമ്മാനമായും.

കുടുംബത്തോടൊപ്പം ജോൺ എബ്രഹാം

ആ സമയത്ത് മദ്രാസിലെ താജ് ഹോട്ടൽ ഒരു ഫിലിം എക്സിബിഷൻ നടത്തുന്നുണ്ടായിരുന്നു. വലിയ ഹാളിൽ കുറച്ചു സ്ഥലം ഓരോ സിനിമയ്ക്കും ഡിസ് പ്ലേ ചെയ്യാൻ കൊടുത്തു. അഗ്രഹാരത്തിൽ കഴുതൈയ്ക്കും സ്ഥലം കിട്ടി. ജോൺ എന്നോട് 300 രൂപ ചോദിച്ചു. കാര്യം മനസ്സിലാക്കാതെ 30 രൂപ കൊടുത്തു. മറ്റുള്ളവരെല്ലാം ലക്ഷങ്ങൾ ചെലവാക്കി ഓരോ സ്ഥലവും അലങ്കരിച്ച് സജ്ജമാക്കിയപ്പോൾ ജോണിന് കിട്ടിയ സ്ഥലത്ത് കരിഞ്ഞ മൂന്ന് പന്തത്തിൽ കഴുതത്തല താങ്ങി നിർത്തി, ജീവൻ എന്ന ആർട്ടിസ്റ്റ് വരച്ച പെയിന്റിങ് അൽപം പുറകിൽ വലിച്ചുകെട്ടി. മങ്ങിയ വെളിച്ചം കൊടുത്ത് അഗ്രഹാരത്തിൽ കഴുതൈ എന്ന് തമിഴിലും ഇംഗ്ലീഷിലും എഴുതിവെച്ചു.
മുപ്പതുവർഷമായിട്ടും ജോണിനെ ഓർക്കുന്നതും ചിലപ്പോഴെല്ലാം അഗ്രഹാരത്തിലെ കഴുതയെ ഓർക്കുന്നതും എനിക്ക് സന്തോഷം തരുന്നു.

Comments