ബഷീറിനെ വിമർശിച്ച കെ.ഇ.എൻ

ബഷീറിനെപ്പോലുള്ള മലയാളത്തിലെ മഹാപ്രതിഭയിൽ നിന്ന് ഇത്തരത്തിലുള്ള വിവരംകെട്ട അഭിപ്രായമുണ്ടായത്, ബഷീറിനും മലയാള സാഹിത്യത്തിനും എല്ലാത്തിനും നാണക്കേടാണ് എന്നു പറഞ്ഞുകൊണ്ടുള്ള രൂക്ഷമായ എതിർപ്പ് ഞാൻ ഉന്നയിച്ചിരുന്നു. ആ ഭാഗത്തോടാണ് ബഷീർ പ്രതികരിച്ചത്.

Truecopy Webzine

ർഷങ്ങൾക്ക് മുമ്പ് കലാകൗമുദി പ്രസിദ്ധീകരിച്ച വൈക്കം മുഹമ്മദ് ബഷീറുമായുള്ള അഭിമുഖത്തിൽ "നിങ്ങൾ യുവ എഴുത്തുകാരുടെ കഥകൾ വായിക്കാറുണ്ടോ?' എന്ന ചോദ്യത്തിന് "ഞാൻ അമേദ്യം ഭക്ഷിക്കാറില്ല' എന്ന ബഷീറിന്റെ മറുപടിയെ വിമർശിച്ചുകൊണ്ട് ദേശാഭിമാനിയിൽ ലേഖനമെഴുതിയ അനുഭവം വിശദീകരിക്കുകയാണ് കെ.ഇ.എൻ. അന്ന് ബഷീർ കെ.ഇ.എന്നിന് വിശദമായ മറുപടി എഴുതിയതും അദ്ദേഹം ഓർത്തെടുക്കുന്നു. കെ.ഇ.എൻ തന്റെ ജീവിതത്തിലെ വ്യത്യസ്തകാല വായന അനുഭവങ്ങളെക്കുറിച്ച് ട്രൂകോപ്പി വെബ്‌സീനിൽ എഴുതിയ "വായനയിൽ ഇന്നായിത്തീരുന്ന ഇന്നലെകൾ' എന്ന ലേഖനത്തിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്.

‘‘ദേശാഭിമാനി വാരികയിൽ തായാട്ട് ശങ്കരൻ എഡിറ്ററായിരുന്ന സമയത്ത് ഒരു അനൗപചാരികമായ മീറ്റിംഗ് വിളിച്ചിരുന്നു. ടി.പി. കുഞ്ഞിക്കണ്ണനും ഹമീദ് ചേന്ദമംഗല്ലൂരും സിദ്ധാർത്ഥൻ പരുത്തിക്കാടും ഞാനുമെല്ലാം ഉണ്ടായിരുന്നു അതിൽ. ഓരോരുത്തരെയും ഓരോ അസൈൻമെന്റ് ഏൽപിച്ചു. അതിൽ എനിക്ക് മാഷ് തന്നത് ഉറൂബിനെയും വൈക്കം മുഹമ്മദ് ബഷീറിനെയും കുറിച്ച് എഴുതാനാണ്. അതിന്റെ അടിസ്ഥാനത്തിൽ ബഷീറിനെ വായിച്ചു, ഉറൂബിനെ വായിച്ചു. അതേക്കുറിച്ച് ആലോചിച്ചു. അത് എഴുതി. ആ എഴുത്ത് ദേശാഭിമാനിയിൽ അച്ചടിച്ചു വന്നു. ദേശാഭിമാനിയിലെ എന്റെ ആദ്യ പ്രബന്ധം അതായിരുന്നു. മാത്രമല്ല, അത് ജീവിതത്തിലെ വഴിത്തിരിവായി. ആ ലേഖനത്തെക്കുറിച്ച് വൈക്കം മുഹമ്മദ് ബഷീർ വായനക്കാരുടെ കത്തുകളിൽ മറുപടിയായി ഒരു കുറിപ്പെഴുതി. ആ കുറിപ്പിന്റെ തലക്കെട്ട്, ‘എന്റെ പക്കൽ ശാപങ്ങളില്ല, അനുഗ്രഹങ്ങളേയുള്ളൂ' എന്നായിരുന്നു. അത് ജീവിതത്തിൽ വെളിച്ചം നൽകിയ പ്രചോദനമായിരുന്നു. കാരണം, ബഷീറിന്റെ കഥകളുടെ ഉള്ളടക്കമൊക്കെ ഉൾക്കൊണ്ട്, ബഷീർ എപ്രകാരമാണ് മലയാളസാഹിത്യത്തിൽ ഉയർന്നു നിൽക്കുന്നത്, ഉറൂബ് എങ്ങനെയാണ് ഉയർന്നുനിൽക്കുന്നത് എന്നൊക്കെ വിശദീകരിക്കുന്ന എഴുത്താണ് ഞാൻ എഴുതിയത്.

എന്നാൽ അതിൽ ബഷീറിനെതിരെയുള്ള ഒരു വിമർശനം കൂടിയുണ്ടായിരുന്നു. അക്കാലത്ത് കലാകൗമുദി പ്രസിദ്ധീകരിച്ച ബഷീറുമായുള്ള അഭിമുഖത്തിൽ ഒരു ചോദ്യമുണ്ട്: "നിങ്ങൾ യുവ എഴുത്തുകാരുടെ കഥകൾ വായിക്കാറുണ്ടോ?' അതിന് ബഷീറിന്റെ ഉത്തരം: "ഞാൻ അമേദ്യം ഭക്ഷിക്കാറില്ല' എന്നായിരുന്നു. അതെനിക്ക് സഹിക്കാൻ പറ്റുന്നതായിരുന്നില്ല. ബഷീറിനെപ്പോലുള്ള മലയാളത്തിലെ മഹാപ്രതിഭയിൽ നിന്ന് ഇത്തരത്തിലുള്ള വിവരംകെട്ട അഭിപ്രായമുണ്ടായത്, ബഷീറിനും മലയാള സാഹിത്യത്തിനും എല്ലാത്തിനും നാണക്കേടാണ് എന്നു പറഞ്ഞുകൊണ്ടുള്ള രൂക്ഷമായ എതിർപ്പ് ഞാൻ ഉന്നയിച്ചിരുന്നു. ആ ഭാഗത്തോടാണ് ബഷീർ പ്രതികരിച്ചത്. ബഷീർ പറയാൻ ശ്രമിച്ചത്, "അങ്ങനെയൊരു അഭിമുഖം എന്റെ പേരിൽ വന്നിട്ടുണ്ട്. അതിന് ഞാൻ ഉത്തരവാദിയല്ല. ഈ വീട്ടിൽ ഒരുപാട് പേർ വരും, പലരും പലതും എന്നോട് സംസാരിക്കും. ചിലർ അതൊക്കെ എഴുതും, ചിലപ്പോൾ ഞാൻ പറയാത്തതും എഴുതും, അതുകൊണ്ട് കുഞ്ഞഹമ്മദിനോട് എനിക്ക് പറയാനുള്ളത്, അദ്ദേഹം പഠിച്ചാണ് എഴുതിയിരിക്കുന്നത്, വളരെ നന്നായാണ് എഴുതിയിരിക്കുന്നത്, ഇതൊരു പുസ്തകത്തിൽ ചേർക്കുമ്പോൾ ഈ ഭാഗം ഒഴിവാക്കണമെന്നാണ്, എന്റെ പക്കൽ ശാപങ്ങളില്ല, അനുഗ്രഹങ്ങളേയുള്ളൂ.' ബഷീർ എഴുതിയ മറുപടിയുടെ പ്രധാനഭാഗം ഇങ്ങനെയായിരുന്നു. ആ കത്ത് ബഷീറിന്റെ തിരഞ്ഞെടുത്ത കൃതികളിൽ, യാദൃശ്ചികമാവാം രണ്ട് സ്ഥലത്തുണ്ട്.’’

ലേഖനത്തിന്റെ പൂർണരൂപം
ട്രൂകോപ്പി വെബ്സീൻ 100 -ാം പാക്കറ്റിൽ
വായിക്കാം, കേൾക്കാം
വായനയിൽ ഇന്നായിത്തീരുന്ന ഇന്നലെകൾ

Comments