മനേകാ ഗാന്ധിയുടെ രാഷ്ട്രീയ ജനിതകമാണ് മലപ്പുറത്തെ പ്രതിയാക്കുന്നത്‌

Mallapuram is know for its intense criminal activity specially with regards to animals. No action has ever been taken against a single poacher or wildlife killer so they keep doing it.
Maneka Sanjay Gandhi @Manekagandhibjp
It's murder, Malappuram is famous for such incidents, it's India's most violent district. For instance, they throw poison on roads so that 300-400 birds & dogs die at one time
ANI @ANI
മൃഗാവകാശ- മനുഷ്യാവകാശ പ്രവർത്തകയായി വിശേഷിപ്പിക്കപ്പെടുന്ന ബി.ജെ.പി നേതാവ് മനേക സഞ്ജയ്ഗാന്ധിയുടെ രണ്ട് പ്രതികരണങ്ങളാണിവ. പാലക്കാട് ജില്ലയിലെ തിരുവിഴാംകുന്ന് വനമേഖലയിൽ അമ്പലപ്പാറിയിലെ വെള്ളിയാറിൽ ഗർഭിണിയായ കാട്ടാന സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ട സംഭവമാണ് അവരെ പ്രകോപിപ്പിച്ചത്.

മനേക ഗാന്ധി

പാലക്കാട് ജില്ലയിൽ നടന്ന ഒരു സംഭവത്തെ മലപ്പുറത്ത് നടന്ന ഒന്നായി പല ദേശീയ മാധ്യമങ്ങളും തെറ്റായി റിപ്പോർട്ടുചെയ്തിട്ടുണ്ട്. മനുഷ്യരും മൃഗങ്ങളും തമ്മിൽ വാസസ്ഥലത്തിന്റെയും കൃഷിയുടെയും ഭക്ഷണത്തിന്റെയുമൊക്കെ പേരിൽ രൂക്ഷമായിവരുന്ന സംഘർഷം ഏത് പ്രദേശത്തും ഇത്തരം ക്രൂരതകൾക്കിടയാക്കിയേക്കാം. അതുകൊണ്ടുതന്നെ പാലക്കാട് എന്നതിനുപകരം മലപ്പുറം എന്നുവന്നത് മാധ്യമറിപ്പോർട്ടിങ്ങിലെ പ്രാഥമികമായ ഒരു പിഴയായി തള്ളിക്കളയാം. ആദ്യ റിപ്പോർട്ടിങ്ങിലെ ആ തെറ്റ് മനഃപൂർവമല്ലെങ്കിൽ, രണ്ടാമത്തെ റിപ്പോർട്ടിൽ തിരുത്തപ്പെടും. ഒരു റിപ്പോർട്ട് അവലംബിച്ച് പ്രതികരണം നടത്തുേമ്പാൾ, മനേക ഗാന്ധിയെപ്പോലെ സമൂഹത്തോട് ഉത്തരവാദിത്തമുണ്ട് എന്ന് തോന്നിപ്പിക്കുന്ന ഒരു വ്യക്തി പാലിക്കേണ്ട സൂക്ഷ്മതക്കുറവല്ല ഇവിടുത്തെ പ്രശ്നം, മലപ്പുറത്തെ ചൂണ്ടിയുള്ള അവരുടെ ബോധപൂർവമായ വിദ്വേഷപ്രകടനമാണ് യഥാർഥ പ്രശ്നം.

മനുഷ്യരോടും മൃഗങ്ങളോടുമുള്ള അനുകമ്പയുടെ മുഖംമൂടിയണിഞ്ഞിരിക്കുന്നതുകൊണ്ട്, പൈനാപ്പിളിൽ പൊതിഞ്ഞുവച്ചിരിക്കുന്ന ഈ കൊടുംവിഷത്തെ ഒരു ബി.ജെ.പി നേതാവിന്റെ
സഹജസ്വഭാവമായി തള്ളിക്കളയാൻ വയ്യ.
മലപ്പുറത്തെക്കുറിച്ചുള്ള മനേക സഞ്ജയ്ഗാന്ധിയുടെ വിശേഷണങ്ങളുടെ അടിസ്ഥാനമെന്താണ്? ‘ഇത്തരം സംഭവങ്ങൾക്ക് പ്രശസ്തമായ പ്രദേശം’, ‘റോഡിലേക്ക് വിഷം എറിഞ്ഞ് 300-400 പക്ഷികളെയും നായ്ക്കളെയും കൊന്നു’ എന്നീ പരാമർശങ്ങൾക്കുശേഷം ‘ഇന്ത്യയിലെ ഏറ്റവും അക്രമം നിറഞ്ഞ ജില്ല’ എന്ന അതീവ ഗുരുതരമായ ഒരു ആരോപണം കൂടി അവർ മലപ്പുറത്തിനെതിരെ ഉന്നയിക്കുന്നു. ഈ ആരോപണങ്ങൾക്ക് ആധാരമായ ഒന്നും മലപ്പുറത്തുനിന്ന് കണ്ടെത്താൻ കഴിയില്ല എന്നറിയാവുന്ന സംഘപരിവാരം ഇവ ഏറ്റെടുത്ത് ബോധപൂർവമായ കാമ്പയിനാക്കി മാറ്റിക്കൊണ്ടിരിക്കുന്നു.

സഞ്ജയ് ഗാന്ധി, മനേക ഗാന്ധി

ലോകത്തെവിടെയുമുള്ള മുസ്‌ലിമിനെപ്പോലെ മലപ്പുറം ജില്ലയിലെ മുസ്‌ലിമും എക്കാലവും ബി.ജെ.പിയുടെയും സംഘ്പരിവാറിന്റെയും ‘ടാർഗറ്റ്’ ആണ്. മലപ്പുറത്തെ ചൂണ്ടിയാണ് കേരളത്തിലെ മുസ്‌ലിം ഐഡന്റിറ്റിയുടെ അപരത്വനിർമിതി സംഘ്പരിവാരം നിർവഹിച്ചുപോരുന്നത്. ഒരു ജില്ല എന്ന ഭൂപ്രദേശപരമായ അസ്തിത്വം മാത്രമല്ല, ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട രാഷ്ട്രീയാസ്തിത്വവും സാമൂഹികജീവിതത്തിന്റെ മൗലികമാർന്ന സവിശേഷതകളും വൈയക്തികമായ അതിജീവനത്തിന്റെ ഉദാത്തമാതൃകകളും സ്വായത്തമാക്കിയ ഒരു നാടിനെ മനുഷ്യവിരുദ്ധമായ ഒരു പ്രത്യയശാസ്ത്രം അപരപക്ഷത്തുനിർത്തുന്നതിൽ ഒരു കൗതുകം പോലും തോന്നേണ്ടതില്ല, അതും മൃഗാനുകമ്പയുടെ പേരിലാണെങ്കിൽ പോലും.

1975ലെ അടിയന്തരാവസ്ഥക്കാലത്ത്, ഇന്ത്യയിൽ 1.10 കോടി മനുഷ്യരെയാണ് നിർബന്ധിത വന്ധ്യംകരണത്തിന് വിയേധമാക്കിയത്, ചേരികളിലെ പതിനായിരക്കണക്കിന് മനുഷ്യരെയാണ് അപ്രത്യക്ഷരാക്കിയത്...

ഒരു മൃഗത്തോടുള്ള മനുഷ്യന്റെയും ആ മനുഷ്യൻ ജീവിക്കുന്ന ഒരു ദേശത്തിന്റെ
യും ക്രൂരതയിൽ ഞെട്ടിപ്പോയ മനേക സജ്ഞയ്ഗാന്ധി, മനുഷ്യൻ മനുഷ്യനോട് ഒരിക്കലും ചെയ്യരുതാത്ത കൊടുംക്രൂരതയുടെ ഏറ്റവും വലിയ അടയാളനാമവും പേറിയാണ് മനുഷ്യാവകാശപേരാളിയായി ജീവിക്കുന്നത് എന്നത് ചരിത്രത്തിന്റെ കറുത്ത ഫലിതങ്ങളിൽ ഒന്നായിരിക്കാം. 1975ലെ അടിയന്തരാവസ്ഥക്കാലത്ത്, ഇന്ത്യയിൽ 1.10 കോടി മനുഷ്യരെയാണ് നിർബന്ധിത വന്ധ്യംകരണത്തിന് വിയേധമാക്കിയത്, ചേരികളിലെ പതിനായിരക്കണക്കിന് മനുഷ്യരെയാണ് അപ്രത്യക്ഷരാക്കിയത്... ഈ മനുഷ്യരിലേറെയും മുസ്‌ലിംകളായിരുന്നു എന്നത്, ഇതിന് നേതൃത്വം നൽകിയ സഞ്ജയ്ഗാന്ധിയുടെ ബോധപൂർവ തെരഞ്ഞെടുപ്പുകൂടിയായിരുന്നു എന്ന് പിന്നീട് വെളിപ്പെടുത്തപ്പെട്ടിട്ടുണ്ട്. 1976ൽ സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ചേരിനിർമാർജന യജ്ഞത്തിൽ പഴയ ഡൽഹിയിലെ ചേരികളിൽനിന്നുമാത്രം 70,000ൽപരം ആളുകളാണ് അപ്രത്യക്ഷരായത്. മുസ്‌ലിംകളുടെ വീടുകളും കടകളും മാത്രം തകർക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു എന്ന് ദുരിതബാധിതർ വെളിപ്പെടുത്തിയിട്ടുണ്ട്.

അടിയന്തരാവസ്ഥക്കാലത്തെ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ഷാ കമ്മീഷനുമുന്നിൽ സ്വാതന്ത്യ്രസമര സേനാനിയും കോൺഗ്രസ് നേതാവും എം.പിയുമായിരുന്ന സുഭദ്ര ജോഷി നൽകിയ മൊഴി ഇങ്ങനെയാണ്: ‘‘ആ പയ്യൻ (സഞ്ജയ് ഗാന്ധി) അപരാധിയും ഉന്മാദിയും മറ്റുള്ളവരെ പീഡിപ്പിക്കുന്നതിൽ സന്തോഷിക്കുന്ന വ്യക്തിയും എല്ലാറ്റിനും ഉപരിയായി മുസ്‌ലിംവിരുദ്ധനുമാണ്. ഞങ്ങൾ പലപ്പോഴും പ്രധാനമന്ത്രിയോട് പരാതിപ്പെട്ടു. എന്നാൽ, പരാതിക്കാരാണ് അറസ്റ്റിലായത്.’’.

ഇന്ദിരാഗാന്ധി

അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദിന്റെ
ഒരു പരാമർശവും സുഭദ്ര ജോഷി ഓർക്കുന്നുണ്ട്: ‘‘ഡൽഹിയിൽ നടക്കുന്ന സംഭവങ്ങളിൽ ഞാൻ ദുഃഖിതനാണ്. എനിക്ക് എന്തുചെയ്യാൻ കഴിയും? ആരും എന്നെ ശ്രദ്ധിക്കുന്നില്ല. അയാൾ(സഞ്ജയ് ഗാന്ധി) എന്നെപ്പോലും ഒരു വർഗീയവാദിയെന്ന് കുറ്റപ്പെടുത്തുന്നു’’.
മുസ്‌ലിംകളും ദലിതരും അടക്കമുള്ള പൗരസമൂഹങ്ങളെ അപരപക്ഷത്തുനിർത്തിയുള്ള ഹിന്ദുത്വരാഷ്ട്ര നിർമിതി സംഘ്പരിവാറിന്റെ
ദശാബ്ദങ്ങൾ നീണ്ട അജണ്ടയുടെ ഭാഗമാണെങ്കിലും അതിന് ചോരയും നീരുമൊഴുക്കിയ പ്രസ്ഥാനങ്ങളിൽ ഇന്ദിരാഗാന്ധിയുടെ കോൺഗ്രസിന് അനിഷേധ്യ പങ്കുണ്ട്, യഥാർഥത്തിൽ സംഘ്പരിവാറിനായി ഇന്ദിര പെറ്റിട്ട കുഞ്ഞാണ് സഞ്ജയ്ഗാന്ധി. പിന്നീട്, ഗുജറാത്ത് അടക്കമുള്ള വംശഹത്യപരീക്ഷണങ്ങളുടെ ലബോറട്ടി അടിയന്തരാവസ്ഥക്കാലത്തെ സഞ്ജയ്ഗാന്ധിയുടെ ഡൽഹിയായിരുന്നു. നരേന്ദ്രമോദിയുടെ ഭരണകൂടം പോലും സഞ്ജയ് വാഴ്ചയുടെ രാഷ്ട്രീയജനിതകം പേറുന്നതായി ഇന്നു നാം അനുഭവിക്കുന്നു. അതുകൊണ്ട്, മനേകഗാന്ധിയുടെ രാഷ്ട്രീയ പ്രതിനിധാനം സ്വഭാവികപരിണാമമാണ്. അതിനാൽ, മലപ്പുറത്തെ പ്രതിക്കൂട്ടിലാക്കുന്ന മനേക സഞ്ജയ്ഗാന്ധിയുടെ പ്രസ്താവന അവരുടെ പ്രതിനിധാനത്താൽ തന്നെ റദ്ദാക്കപ്പെടുന്നു.

Comments