23 Mar 2022, 11:54 AM
വികസനത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് കേരളത്തില്‍ അര്‍ഥവത്തായ സംവാദത്തിന് തുടക്കമിട്ടത് ഇ.എം.എസാണ്. അധികാര വികേന്ദ്രീകരണവുമായി ബന്ധപ്പെട്ടാണ് ഇത്തരം സംവാദങ്ങള്‍ വികസിച്ചുവന്നത്. ക്രിയാത്മകമായ ജനപങ്കാളിത്തത്തിലൂടെ മാത്രമേ വികസന പ്രക്രിയയെ ജനാധിപത്യവത്കരിക്കാനാകൂ എന്ന പ്രയോഗം മുന്നോട്ടുവച്ച ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള ഒരു സര്‍ക്കാറാണ് ഇപ്പോള്‍, വികസനത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് അടിസ്ഥാന ചോദ്യങ്ങളുന്നയിക്കുന്ന മനുഷ്യരുടെ മുന്നില്‍ ഉത്തരം മുട്ടി നില്‍ക്കുന്നത്.
ഉത്തരം മുട്ടിയാല്‍ പിപ്പിടി വിദ്യ എന്നായിരിക്കും, മുഖ്യമന്ത്രിയായാലും സ്വഭാവിക മറുപടി. പ്രതിഷേധം തല്ലു കൊള്ളേണ്ട ഒരു കാര്യമായും പ്രതിഷേധിക്കുന്നവര്‍ തീവ്രവാദികളായും മാറും.
കെ റെയിലിനുവേണ്ടി കല്ലിടാന്‍ വരുന്ന ഉദ്യോഗസ്ഥരോടും പൊലീസിനോടും തങ്ങളുടെ ആശങ്കപ്രകടിപ്പിക്കുകയാണ് ജനങ്ങള്‍ ചെയ്യുന്നത്. അത് തീര്‍ത്തും ന്യായമായ ആശങ്കകളുമാണ്.
ഉദാഹരണത്തിന്, അതിവേഗപ്പാതക്കിരുപുറവുമുള്ള ബഫര്‍ സോണിന്റെ കാര്യം. ഒരു മീറ്റര്‍ പോലും ബഫര്‍ സോണ്‍ ഇല്ല എന്ന് മന്ത്രി സജി ചെറിയാന്‍ പറയുമ്പോള്‍ കെ റെയില്‍ എം.ഡി അത് തിരുത്തുന്നു: പത്തു മീറ്റര്‍ ബഫര്‍ സോണുണ്ട്, അതില്‍ അഞ്ചു മീറ്ററില്‍ ഒരു നിര്‍മാണപ്രവര്‍ത്തനങ്ങളും പാടില്ല. അടുത്ത അഞ്ചു മീറ്ററിനുള്ളിലെ കെട്ടിടം പൊളിക്കേണ്ട, എന്നാല്‍ പുതുക്കിപ്പണിയാന്‍ പറ്റില്ല. എന്നാല്‍, പദ്ധതിയുടെ ഡി.പി.ആറിലുള്ളതോ ഇതുരണ്ടുമല്ലാത്ത, ബഫര്‍ സോണിനെക്കുറിച്ച് കൃത്യമായി വിശദീകരിക്കാത്ത കണക്കുകളും.
മറ്റൊന്ന്, നഷ്ടപരിഹാരത്തിന്റെ കാര്യമാണ്. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നാലിരട്ടി നഷ്ടപരിഹാരം എന്നത് വെറും വാക്കല്ല എന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, ഭൂമി ഏറ്റെടുക്കുന്നതിനുള്ള 2013ലെ നിയമത്തിലെ വ്യവസ്ഥകളനുസരിച്ച് കേരളത്തിലെ നഗരം, ഗ്രാമം എന്നിവയുടെ നിര്‍വചനത്തില്‍ തന്നെ മാറ്റമുണ്ടാകുമെന്നും അതുവഴി, നാലിരട്ടി നഷ്ടപരിഹാരം ലഭിക്കുന്നവരുടെ എണ്ണം വളരെ കുറയുമെന്നുമുള്ള ആശങ്കയുണ്ട്. മാത്രമല്ല, വിപണി വിലയുടെ അടിസ്ഥാനത്തില്‍, ഏറ്റെടുക്കുന്ന ഭൂമിയുടെ വില നിശ്ചയിച്ചാല്‍, അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കുമോ എന്നതിലും ആശയക്കുഴപ്പം നിലനില്‍ക്കുന്നു.
കെ റെയിലിനെക്കുറിച്ച് ജനങ്ങളുടെ ഭാഗത്തുനിന്ന് ഇത്തരം അടിസ്ഥാന ചോദ്യങ്ങള്‍ ഉന്നയിക്കപ്പെടുന്നു എന്നതിനര്‍ഥം, ഈ പദ്ധതിയെക്കുറിച്ച് ജനങ്ങള്‍ക്ക് വേണ്ടത്ര ബോധ്യമുണ്ടായിട്ടില്ല എന്നുതന്നെയാണ്. അവയോടുള്ള മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരുടെയും പാര്‍ട്ടി നേതാക്കളുടെയും പ്രതികരണങ്ങളും പറയുന്നത്, അവര്‍ക്കും ഇതേക്കുറിച്ച് വേണ്ടത്ര ബോധ്യങ്ങളില്ല എന്നാണ്.
ഇത്തരം സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഒരു ഡി.പി.ആര്‍ മാത്രമാണ് നമുക്കുമുന്നിലുള്ളത്. അതോ, അതിലും ആശയക്കുഴപ്പം നിറഞ്ഞതും അപൂര്‍ണവുമായ ഒന്ന്, കൃത്രിമവും ഊതിവീര്‍പ്പിക്കപ്പെട്ടതുമായ ഡാറ്റകളാല്‍ സമ്പന്നമായ ഒന്ന്. അതുകൊണ്ടാണ്, ഡി.പി.ആര്‍ വച്ചുകൊണ്ട് ജനങ്ങളോട് സംസാരിക്കാന്‍ സര്‍ക്കാറിന് കഴിയാത്തത്. മുഖ്യമന്ത്രിയും പാര്‍ട്ടി സംവിധാനവും വിളിക്കുന്ന വിശദീകരണ യോഗങ്ങള്‍ക്കെത്തുന്ന അനുഭാവിവൃന്ദങ്ങള്‍ക്കുമുന്നില്‍ പറയുന്ന തത്വങ്ങള്‍ മതിയാകില്ല, പദ്ധതി ഇറക്കിവിടുന്ന മനുഷ്യരോട് സംസാരിക്കുമ്പോള്‍. അവര്‍ക്കുവേണ്ടത്, കൃത്യമായ ഉത്തരങ്ങളാണ്.
ചങ്ങനാശ്ശേരി മാടപ്പള്ളിയിലെ പ്രതിഷേധത്തെ വിമോചന സമരത്തിന്റെ ഓര്‍മയിലൂടെയാണല്ലോ സി.പി.എം നേരിടുന്നത്. എന്നാല്‍, കെ റെയിലില്‍ മൂന്നിലൊന്ന് പ്രദേശവും കുടിയൊഴിപ്പിക്കപ്പെടുന്ന ഒരു പഞ്ചായത്താണ് മാടപ്പള്ളി. അതിലേറെയും ദലിതരും ദരിദ്രരും താമസിക്കുന്ന കോളനികളുമാണ്. മാത്രമല്ല, 2018നുശേഷം പരിസ്ഥിതിയിലുണ്ടായ വിനാശകരമായ മാറ്റം അനുഭവിച്ചുകൊണ്ടിരിക്കുന്ന മനുഷ്യരാണ് ചങ്ങനാശ്ശേരിയിലും ചെങ്ങന്നൂരിലുമൊക്കെയുള്ളത്. കേരളത്തെ പുനര്‍നിര്‍മിക്കാന്‍ ഒന്നാം പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച റീ ബില്‍ഡ് കേരള പദ്ധതിയനുസരിച്ചുള്ള ആശ്വാസങ്ങളെങ്കിലും ഇവര്‍ക്കുകിട്ടിയിരുന്നുവെങ്കില്‍, കെ റെയിലിനിട്ട ചില കുറ്റികളെങ്കിലും ഉപകാരസ്മരണയെന്ന നിലയ്ക്ക് അവശേഷിക്കുമായിരുന്നു.
ജനങ്ങള്‍ക്ക് ബോധ്യമാകാത്ത ഒരു പദ്ധതി, ബലപ്രയോഗത്തിലൂടെ അവര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരായ സ്വഭാവിക പ്രതികരണമാണ് ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങളെല്ലാം. ഗള്‍ഫില്‍വച്ച് കോവിഡ് ബാധിച്ച് മരിച്ച ഒരു ഗൃഹനാഥന്റെ കോഴിക്കോട്ടെ വീട്ടിലാണ് കഴിഞ്ഞ ദിവസം കല്ലിടാനെത്തിയ പൊലീസും ഉദ്യോഗസ്ഥരും ഗേറ്റ് പുറത്തുനിന്ന് പൂട്ടിയശേഷം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കോടതി ഉത്തരവുകളുടെയും മറ്റും സാങ്കേതിക ന്യായങ്ങള്‍വച്ചല്ല, ഇത്തരം മനുഷ്യര്‍ക്കുമുന്നില്‍ ഒരു വികസന പദ്ധതി അവതരിപ്പിക്കേണ്ടത്. അത്തരം പാഠങ്ങളുടെ കയ്പുള്ള അനുഭവങ്ങള്‍ സ്വന്തമായുള്ള ഒരു പാര്‍ട്ടി തന്നെയാണല്ലോ കേരളം ഭരിക്കുന്നത്.
കെ റെയിലിനെച്ചൊല്ലി വീണ്ടുമൊരു വിമോചന സമരമുണ്ടാകുമെന്ന ആശങ്ക പിണറായി വിജയന്റെ സര്‍ക്കാറിനുവേണ്ട. ഐഡിയോളജിക്കലായും പ്രായോഗികമായും ഇടതുപക്ഷ സ്വഭാവമുള്ള നയങ്ങള്‍ക്കും നിലപാടുകള്‍ക്കും എതിരെയായിരുന്നു 1957ലെ വിമോചന സമരം. ഇടതുപക്ഷാടിത്തറയുള്ള ഒരു പദ്ധതിക്കെതിരെ മാത്രമേ, വിമോചന സമരം പോലെ, ഏറ്റവും പ്രതിലോമകരമായ ഒരു വലതുപക്ഷ സമരം സാധ്യമാകൂ. അത്തരമൊരു സമരം, കെ റെയിലിലടക്കം വലതുപക്ഷ നയങ്ങള്‍ പിന്തുടരുന്ന ഒരു സര്‍ക്കാറിന് ഒരിക്കലും നേരിടേണ്ടിവരില്ല. മാത്രമല്ല, കെ റെയില്‍ പ്രതിഷേധത്തിനുവേണ്ടി രൂപപ്പെട്ട കക്ഷിരാഷ്ട്രീയസഖ്യം ശാശ്വതമായ ഒന്നായിരിക്കുകയുമില്ല. അത്, പിണറായി സര്‍ക്കാറിന് ഒരു ഭീഷണിയാകാനും പോകുന്നില്ല.
എന്നാല്‍, എല്ലാ വലതുപക്ഷങ്ങളും ഒന്നിക്കുമ്പോള്‍, ഇടതുപക്ഷത്താകുന്ന മനുഷ്യരുണ്ട്, അവരെയാണ്, സര്‍ക്കാര്‍ കണ്ണുതുറന്ന് കാണേണ്ടതും കേള്‍ക്കേണ്ടതും.
കെ.വി. ദിവ്യശ്രീ
Jun 30, 2022
11 Minutes Watch
ഷഫീഖ് താമരശ്ശേരി
Jun 29, 2022
60 Minutes Watch
ഷഫീഖ് താമരശ്ശേരി
Jun 26, 2022
52 Minutes Watch
വിജു വി. നായര്‍
Jun 23, 2022
40 Minutes Read
അലി ഹൈദര്‍
Jun 22, 2022
6 Minutes Read
ദില്‍ഷ ഡി.
Jun 21, 2022
5 Minutes Watch
ഷഫീഖ് താമരശ്ശേരി
Jun 19, 2022
10 Minutes Watch