കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് നേതൃത്വത്തിനെതിരെ അടിയന്തര നടപടി വേണം: ‘ഫിപ്രസി'

കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഇപ്പോൾ നേരിടുന്ന പ്രതിസന്ധിക്ക് കാരണക്കാരായ സ്വേച്ഛാധിപത്യ നേതൃത്വത്തിനെതിരെ അടിയന്തര ശിക്ഷാനടപടിയെടുക്കാൻ ‘ഫിപ്രസി' സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ അനിശ്ചിതകാല സമരത്തെ, കേരളീയ സമൂഹത്തിന്റെ യോജിച്ച ശബ്ദമെന്ന നിലയ്ക്ക് പിന്തുണക്കുകയും വേണം.

Think

കെ.ആർ. നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻറ്​ ആർട്‌സിലെ സ്വേച്ഛാധിപത്യ നേതൃത്വത്തിനെതിരെ സംസ്ഥാന സർക്കാർ അടിയന്തര ശിക്ഷാനടപടിയെടുക്കണമെന്ന് സിനിമാ നിരൂപകരുടെ രാജ്യാന്തര സംഘടനയായ ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്‌സിന്റെ ഇന്ത്യ ചാപ്റ്റർ (ഫിപ്രസി- ഇന്ത്യ) ആവശ്യപ്പെട്ടു.

പ്രസ്താവനയുടെ പൂർണരൂപം : കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിന് നേതൃത്വം നൽകുന്നവരുടെ സ്വേച്ഛാധിപത്യ നടപടികൾ മൂലമുണ്ടായ പ്രതിസന്ധി മാധ്യമങ്ങളിലും ഐ.എഫ്.എഫ്.കെയുടെ വിവിധ വേദികളിലും വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിരുന്നു. കേരളത്തിന്റെയും ഇന്ത്യയുടെയും സ്വതന്ത്രവും ജനാധിപത്യപരവുമായ മൂല്യങ്ങൾക്കും സാമൂഹികനീതിയിലധിഷ്ഠിതമായ ദേശീയതാൽപര്യങ്ങൾക്കും വിരുദ്ധമാണ്, ഈ സ്വേച്ഛാധിപത്യനേതൃത്വം വിദ്യാർഥികൾക്കും ജീവനക്കാർക്കും നേരെ സ്വീകരിക്കുന്ന ജാതീയവും പ്രതിലോമകരവുമായ നടപടികൾ.

സിനിമ എന്നത് ആവിഷ്‌കാരത്തിന്റെ ഏറ്റവും നവീനമായ ജനാധിപത്യ രൂപം കൂടിയാണ്. അതുകൊണ്ടുതന്നെ, ഇത്തരമൊരു സ്ഥാപനത്തിലെ വിദ്യാർഥികൾക്കുമേൽ പിന്തിരിപ്പൻ നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നത് അത്യന്തം ലജ്ജാകരമാണ്.

കേരളത്തിനുപുറത്തെ ചില ആവിഷ്‌കാരവേദികളിൽ പ്രകടിപ്പിക്കപ്പെടുന്ന ആക്രമണോത്സുക സ്വഭാവമുള്ള ചില പിന്തിരിപ്പൻ പ്രവർത്തനങ്ങൾ കേരളത്തിലേക്കുകൂടി വ്യാപിപ്പിക്കാനുള്ള സംഘടിതശ്രമം കൂടി ഇതിനുപുറകിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേരളത്തിന്റെ സ്വതന്ത്രവും ജനാധിപത്യപരവും പുരോഗമനപരവുമായ നിലപാടുകൾക്കെതിരായ ഇത്തരം പ്രവർത്തനങ്ങൾ, ആരുടെ ഭാഗത്തുനിന്നുണ്ടായാലും എതിർത്തുതോൽപ്പിക്കപ്പെടണം. ഫ്യൂഡലും മനുഷ്യവിരുദ്ധവുമായ ഏതുതരം നടപടികൾക്കും എതിരെ കലാ- സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്ന ആക്റ്റിവിസ്റ്റുകളെല്ലാം ഒന്നിച്ച് രംഗത്തുവരേണ്ട അവസരം കൂടിയാണിത്.

സങ്കുചിതവും വിഭാഗീയവുമായ പരിഗണനകൾ, ഒരു സ്ഥാപനത്തിലെ പഠനാന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കാൻ പാടില്ല. എല്ലാതരം പിടിവാശികളെയും സാമൂഹികമായ യാഥാസ്ഥിതികതയെയും മറികടക്കുംവിധം സിനിമയുടെ ക്രാഫ്റ്റും അതിന്റെ സൗന്ദര്യശാസ്ത്രവും പഠിക്കാനുള്ള വാതിലുകൾ തുറന്നിടണം.

ഇൻസ്റ്റിറ്റ്യൂട്ട് ഇപ്പോൾ നേരിടുന്ന പ്രതിസന്ധിക്ക് കാരണക്കാരായ സ്വേച്ഛാധിപത്യ നേതൃത്വത്തിനെതിരെ അടിയന്തര ശിക്ഷാനടപടിയെടുക്കാൻ ‘ഫിപ്രസി' സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെടുന്നു. വിദ്യാർഥികളുടെ അനിശ്ചിതകാല സമരത്തെ, കേരളീയ സമൂഹത്തിന്റെ യോജിച്ച ശബ്ദമെന്ന നിലയ്ക്ക് പിന്തുണക്കുകയും ചെയ്യുന്നു. കേരളത്തിന് അതിന്റെ പുരോഗമനപരമായ സാംസ്‌കാരിക- സാമൂഹിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനാകട്ടെയെന്ന് പ്രസ്താവനയിൽ ഫിപ്രസി- ഇന്ത്യ പ്രസിഡൻറ്​ വി.കെ. ജോസഫും ജനറൽ സെക്രട്ടറി പ്രേമേന്ദ്ര മസൂംദറും ആവശ്യപ്പെട്ടു.

Comments