തെറിയെഴുത്തുകാർക്ക് മനസ്സിലാകുന്നതൊന്നും അരുന്ധതിറോയ് എഴുതിയിട്ടില്ല, പറഞ്ഞിട്ടില്ല

അമേരിക്കയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു സാമൂഹ്യ-രാഷ്ട്രീയ വിശകലനത്തെ, അതുയർത്തുന്ന ജനാധിപത്യ അഭിവാഞ്ഛകളെ മനസ്സിലാക്കാനുള്ള അവസരം വിദ്യാർത്ഥികൾക്ക് ലഭിക്കണം. ഇതൊന്നും തിരിച്ചറിയാനുള്ള ശേഷിയില്ലാത്ത ജനാധിപത്യ വിരുദ്ധരുടെ ഗ്വാഗ്വാ വിളികൾ അവജ്ഞയോടെ തള്ളിക്കളയുക എന്നതാണ് സർവകലാശാല ഇക്കാര്യത്തിൽ സ്വീകരിക്കേണ്ട യുക്തിസഹമായ സമീപനം .പക്ഷെ അധികാര രാഷ്ട്രീയത്തിന്റെ താത്കാലിക നേട്ടങളാവുമോ ഇവിടെ സാമാന്യയുക്തിക്കു മേൽ വിജയം നേടുക എന്നത് കണ്ടറിയണം!

ഴുത്തുകാർ എന്തെഴുതണം, എന്ത് ചിന്തിക്കണം, എന്തൊക്കെ ഒഴിവാക്കണം, സർവകലാശാലകൾ എന്ത് പഠിപ്പിക്കണം എന്ത് പഠിപ്പിച്ചുകൂട എന്നൊക്കെ അക്ഷര വിരോധികളും അധികാര ലഹരിക്കമടിപെട്ടവരുമായ ഏതാനും സംഘപരിവാറുകാർ നിശ്ചയിക്കുന്ന ദയനീയമായ അവസ്ഥയിലേക്ക് മഹത്തായ ഇന്ത്യൻ ജനാധിപത്യം കൂപ്പുകുത്തിക്കഴിഞ്ഞോ?
കോഴിക്കോട് സർവകലാശാലയുടെ ഇംഗ്ലീഷ് സാഹിത്യ ബിരുദകോഴ്‌സിന്റ മൂന്നാം സെമസ്റ്ററിൽ അരുന്ധതി റോയിയുടെ "കം സെപ്റ്റമ്പർ ' എന്ന ഉപന്യാസം പാഠ്യ പദ്ധതിയിലുൾപ്പെടുത്തിയതിനെതിരെ കുറച്ചു ദിവസമായി സംഘ പരിവാറും ജനം ടി.വിയും എഴുത്തുകാരിയ്ക്കെതിരെ അസഭ്യവർഷം നടത്തുന്ന പശ്ചാത്തലത്തിലാണ് ഈ ചോദ്യം ഉയരുന്നത്. അരുന്ധതി റോയ് ആരെന്ന് പോലുമറിയാത്ത ( എഴുത്തുകാരിയാണെന്ന കാര്യം ഒട്ടുമറിയില്ലെന്ന് തോന്നുന്നു) സംഘ ഭക്തർ ഫേസ്ബുക്ക് പോലുള്ള സമൂഹ മാധ്യമങ്ങളിൽ കേട്ടാലറപ്പു തോന്നുന്ന തെറി കൊണ്ട് അവരെ അഭിഷേകം ചെയ്യുന്ന കാഴ്ച അരോചകം തന്നെയാണ്. "ജിഹാദി സാഹിത്യം' പ്രോത്സാഹിപ്പിക്കുന്നതിനെതിരെ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രൻ ചന്ദ്രഹാസമിളക്കുന്നുണ്ട്. പാഠം പിൻവലിക്കണം, അതുൾപ്പെടുത്തിയവർക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണം എന്നൊക്കെ അദ്ദേഹം പറയുന്നു. ഇതിനായി വ്യാപകമായി സമരം ചെയ്യുമെന്ന ഭീഷണിയുമുണ്ട്. ദേശീയതയുടെ നെറ്റിക്കുറിയുള്ള മാതൃഭൂമി പോലൊരു പത്രം ഈ തോന്ന്യാസത്തെ വാർത്തയെന്ന മട്ടിൽ മിഴിവോടെ മുൻപേജിൽ പ്രസിദ്ധീകരിച്ച് പ്രാധാന്യം നൽകാൻ ശ്രമിച്ചത് വിചിത്രമായിത്തോന്നുന്നു. കേരളത്തിന്, തീവ്രഹിന്ദുത്വത്തിന്റെ സ്വാധീനത്തിലകപ്പെട്ടു പോയ സാധാരണക്കാരായ മലയാളികൾക്ക് പുതുതായി കൈവന്ന അസാമാന്യമായ അന്ധതയുടെ ആഴവും പരപ്പും ഒരു ഞെട്ടലോടെ വെളിപ്പെടുത്തുന്ന സംഭവമാണിത്.

മാതൃഭൂമിയിൽ വന്ന വാർത്ത

ആരാണ് അരുന്ധതി റോയ്? അവർ കേരളത്തിലോ ഇന്ത്യയിലോ മാത്രം അറിയപ്പെടുന്ന ആളല്ല; കഥയെഴുത്തുകാരി മാത്രവുമല്ല. ലോക പ്രശസ്ത എഴുത്തുകാരിയും ആക്റ്റിവിസ്റ്റും സാമൂഹ്യ ചിന്തകയും ആണ് അവർ. നോം ചോംസ്‌കി, ഹോവാർഡ് സിൻ പോലുള്ള ചിന്തകർ അവരുടെ കൃതികൾ സമർപ്പിക്കാനും ആമുഖമെഴുതാനും മറ്റും തിരഞ്ഞെടുത്തത് അരുന്ധതിയെയാണെന്നത് മാത്രം മതി എഴുത്തുകാർക്കിടയിൽ അവരുടെ പദവിയെന്തെന്ന് മനസ്സിലാക്കാൻ.
18 വർഷം മുമ്പ്, അതായത് 2002 ൽ, സെപ്റ്റംബർ മാസത്തിൽ, അമേരിക്കയിൽ അവർ നടത്തിയ വിഖ്യാതമായ ഒരു പ്രഭാഷണമാണ് "കം സെപ്റ്റമ്പർ ' . 2001 സെപ്തമ്പർ 11 ന് അമേരിക്കയിൽ വേൾഡ് ട്രെയിഡ് സെന്ററിൽ നടത്തിയ വിമാനമിടിച്ചുകൊണ്ടുള്ള ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിലാണ് ഈ പ്രഭാഷണം നടന്നത്. ധീരവും സ്വതന്ത്രവുമായ നിലപാട് കൊണ്ടും സാഹിത്യ ഭംഗികൊണ്ടും ശ്രദ്ധേയമായ ഈ പ്രസംഗം മാദ്ധ്യമങ്ങളിലൂടെ ലോകത്താകമാനം ലക്ഷക്കണക്കിനാളുകൾ കേട്ടു കഴിഞ്ഞതാണ്; വിദേശ സർവകലാശാലകളിലുൾപ്പെടെ സിലബസ്സിലുൾപ്പെടുത്തിയതുമാണ്. സ്വേച്ഛാധികാരത്തിനും ഭരണകൂട ഭീകരതയ്ക്കുമെതിരായ ജനാധിപത്യത്തിന്റെ മുഴങ്ങുന്ന ശബ്ദമാണത്. സ്വതന്ത്ര ചിന്തയ്ക്കായുള്ള ആഹ്വാനമാണ് അതിന്റെ കാതൽ.

അരുന്ധതി റോയ് ആരെന്ന് പോലുമറിയാത്ത (എഴുത്തുകാരിയാണെന്ന കാര്യം ഒട്ടുമറിയില്ലെന്ന് തോന്നുന്നു) സംഘ ഭക്തർ ഫേസ്ബുക്ക് പോലുള്ള സമൂഹ മാധ്യമങ്ങളിൽ കേട്ടാലറപ്പു തോന്നുന്ന തെറി കൊണ്ട് അവരെ അഭിഷേകം ചെയ്യുന്ന കാഴ്ച അരോചകം തന്നെയാണ്.

ഇനി ഇതൊന്നുമല്ല, ഒരെഴുത്തുകാരിയുടെ അഭിപ്രായ പ്രകടനങ്ങൾ മാത്രമാണ് അതിലുള്ളത് എന്ന് കരുതുക. എങ്കിൽപ്പോലും അവ പഠിപ്പിക്കുന്നതിൽ എന്താണ് കുഴപ്പം? കൊള്ളേണ്ടത് കൊള്ളുവാനും തള്ളേണ്ടത് തള്ളുവാനുമുള്ള വിവേചന ശക്തി ബിരുദതലത്തിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിക്ക് ഉണ്ടാവേണ്ടതല്ലേ? അത്തരം വിവേകം അവർക്കുണ്ടാവുന്നില്ലെങ്കിൽ, പിന്നെ ഈ വിദ്യാഭ്യാസം കൊണ്ട് എന്ത് പ്രയോജനം. സംഘ പരിവാറിന്റെ ഇംഗിതങ്ങൾക്കനുസരിച്ചാണോ വിദ്യാഭ്യാസം ക്രമീകരിക്കേണ്ടത്? എങ്കിൽ വിദ്യാഭ്യാസം തന്നെ അപ്രസക്തമോ അസംബന്ധമോ ആയിത്തോന്നുന്ന ആൾക്കൂട്ടമായി നമ്മുടെ ജനങ്ങൾ മാറുന്നു എന്നാണ് അതിന്റെ അർത്ഥം. നേതാക്കളുടെ ആഹ്വാനത്തിനൊത്ത് താളം തുള്ളുന്ന, സ്വന്തമായ ചിന്തയും വിവേകവും കൈമോശം വന്ന, അനുയായി വൃന്ദത്തിന്റെ അന്തസ്സാരശൂന്യമായ പേക്കൂത്തുകളായി സാമൂഹ്യ ജീവിതം തരം താഴുന്നു എന്നാണതിന്റെ അർത്ഥം.
അധികാര ദുർമോഹികളായ ഭരണാധികാരികൾ ഭീകരവാദത്തിന്റെയും മറ്റും പേരിൽ മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നതിനെതിരെ ധാർമികതയേയും സ്വേച്ഛാധികാരത്തിനെതിരെ ജനാധിപത്യത്തെയും പ്രതിഷ്ഠിക്കാനുള്ള ശ്രമമാണ് അരുന്ധതിയുടെ പ്രസംഗത്തിലുള്ളത്. അതുകൊണ്ട് തന്നെ, വിദ്യാർത്ഥികൾക്ക് മാത്രമല്ല, സിവിൽ സമൂഹത്തിൽ പൗരസ്വാതന്ത്ര്യവും ജനാധിപത്യവും പുലരണമെന്ന അവബോധം വികസിപ്പിക്കാനുള്ള തുറന്ന മനസ്സുള്ള എല്ലാവർക്കും മാർഗ്ഗദർശകമാണത്.
ഭീകരവാദത്തിനെതിരെയുള്ള അമേരിക്കൻ സർക്കാരിന്റെ സമീപനം, ദേശീയതയുടെ ദുരുപയോഗം, ദരിദ്രരും ധനികരും തമ്മിൽ വർദ്ധിച്ചു വരുന്ന വിടവ് തുടങ്ങിയ അനേകം പ്രശ്‌നങ്ങൾ പരാമർശ വിഷയമാവുന്നു. പ്രശ്‌നങ്ങളുന്നയിക്കുന്നവരെ രാജ്യദ്രോഹിയായി മുദ്രകുത്തുന്ന പ്രവണതയെ അവർ അപലപിക്കുന്നു:
"അണുബോംബുകൾ, വൻകിട അണക്കെട്ടുകൾ, കോർപ്പറേറ്റ് ആഗോളവത്കരണം, ഹിന്ദു ഫാസിസത്തിന്റെ ഉയരുന്ന ഭീഷണി എന്നിവയ്‌ക്കെതിരെ അഭിപ്രായം പ്രകടിപ്പിക്കുന്നവരെയെല്ലാം "ദേശവിരുദ്ധ'രായി ചാപ്പകുത്തുകയാണ് '. ആഗോളവത്കരണത്തെയും അമേരിക്കയുടെ ദുസ്വാധീനത്തെയും വിമർശിക്കുന്ന അരുന്ധതി അന്ധമായ ദേശീയബോധം ഭീകരവാദത്തിന് വഴിമരുന്നിടുമെന്നും നിരീക്ഷിക്കുന്നുണ്ട് :
"ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിലുള്ള ദേശീയതാവാദമാണ് ഇരുപതാം നൂറ്റാണ്ടിലെ കൂട്ട നരഹത്യകൾക്ക് കാരണമായത്. തുടക്കത്തിൽ മനുഷ്യമനസ്സുകളെ സങ്കോചിപ്പിച്ച് മൂടുവാനും ഒടുവിൽ മരിച്ചവരുടെ ശവം അനുഷ്ഠാനപരമായി പുതപ്പിക്കുവാനും സർക്കാരുകൾ ഉപയോഗപ്പെടുത്തുന്ന നിറമുള്ള തുണിത്തുണ്ടുകളാണ് കൊടികൾ ' (Page 15, An Ordinary Person's Guide to Empire; Penguin, 2006)

കേരളത്തിന്, തീവ്രഹിന്ദുത്വത്തിന്റെ സ്വാധീനത്തിലകപ്പെട്ടു പോയ സാധാരണക്കാരായ മലയാളികൾക്ക് പുതുതായി കൈവന്ന അസാമാന്യമായ അന്ധതയുടെ ആഴവും പരപ്പും ഒരു ഞെട്ടലോടെ വെളിപ്പെടുത്തുന്ന സംഭവമാണിത്.

"സ്വതന്ത്രരായ, ചിന്തിക്കുന്ന മനുഷ്യർ (കോർപ്പറേറ്റ് മാധ്യമങ്ങളെ ഞാൻ ഇക്കൂട്ടത്തിൽ പെടുത്തുന്നില്ല) ഇത്തരം കൊടികൾക്ക് കീഴെ അണിനിരക്കാൻ തുടങ്ങുമ്പോൾ, എഴുത്തുകാർ ചിത്രകാരന്മാർ, സംഗീതജ്ഞർ, ചലച്ചിത്ര രചയിതാക്കൾ തുടങ്ങിയവർ അവരുടെ സ്വന്തമായ വിലയിരുത്തൽ മാറ്റി വെച്ച് സ്വന്തം കലയെ അന്ധമായി രാഷ്ട്ര സേവനത്തിന്റെ നുകത്തിൻ കീഴിലാക്കുമ്പോൾ, നമ്മൾ എഴുന്നേറ്റിരുന്ന് ഇതിനെക്കുറിച്ച് വേവലാതിപ്പെടേണ്ട സമയമാണിത്. 1998- ൽ അണു പരീക്ഷണം നടത്തിയപ്പോഴും 1999-ൽ പാക്കിസ്ഥാനെതിരെ കാർഗിൽ യുദ്ധം നടന്നപ്പോഴും ഇത് സംഭവിക്കുന്നത് കണ്ടവരാണ് ഇന്ത്യക്കാരായ ഞങ്ങൾ. ഇറാഖിൽ ഗൾഫ് യുദ്ധം നടന്നപ്പോഴും ഇപ്പോൾ ഭീകരവിരുദ്ധ യുദ്ധം നടക്കുമ്പോഴും അമേരിക്കയിലും നമ്മൾ ഇത് കാണുകയാണ്. ചൈനയിൽ നിർമിച്ച അമേരിക്കൻ കൊടികളുടെ ശക്തമായ ഒരു ഹിമക്കൊടുങ്കാറ്റു തന്നെ സംഭവിച്ചു.'
"അമേരിക്കൻ സർക്കാരിന്റെ പ്രവർത്തനങളെ വിമർശിച്ചവരെയെല്ലാം (എന്നെയുൾപ്പെടെ) "അമേരിക്കാ വിരുദ്ധർ ' എന്ന് വിളിച്ചു.... വിമർശകരെ നിർവചിക്കാനാണ് "അമേരിക്കാവിരുദ്ധർ' എന്ന പദം ഇവിടത്തെ ഭരണകൂടം പതിവായി ഉപയോഗിക്കുന്നത് '...
അപ്പോഴും, "അമേരിക്കൻ സർക്കാരിന്റെ നയങ്ങളുമായി ബന്ധപ്പെടുത്തി തങ്ങളെ കാണുന്നത് ഒട്ടും ഇഷ്ടപ്പെടാത്ത ഒട്ടേറെ അമേരിക്കക്കാരുണ്ട്. അമേരിക്കൻ നയങ്ങൾക്കും അവരുടെ ഇരട്ടത്താപ്പിനുമെതിരെ രൂക്ഷമായ വിമർശനം വരുന്നത് അവിടത്തെ പൗരന്മാരിൽ നിന്ന് തന്നെയാണ്. അമേരിക്കൻ ഭരണകൂടം ചെയ്യുന്നതെന്താണെന്നറിയുവാൻ നമ്മൾ ഉറ്റുനോക്കുക നോം ചോംസ്‌കി, എഡ്വേർഡ് സെയ്ദ് , ഹൊവാർഡ് സിൻ, ആമി ഗുഡ്മാൻ .... തുടങ്ങിയവരെയാണ്'
"ഇതേപോലെ തന്നെഭീകരവാദത്തെ നേരിടുന്നതിന്റെ പേരിൽ കാശ്മീർ താഴ് വരയിൽ ഭരണകൂട ഭീകരത നടപ്പിലാക്കുകയും സമീപകാലത്ത് ഗുജറാത്തിൽ നടന്ന മുസ്ലിം വംശഹത്യയെ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്ന ഇന്ത്യൻ സർക്കാരിന്റെ ഫാസിസ്റ്റു നയങ്ങളുമായി തങ്ങളെ ബന്ധപ്പെടുത്തുന്നതിൽ ലജ്ജിക്കുകയും അമർഷം കൊള്ളുകയും ചെയ്യുന്ന നൂറു കണക്കിന്, ദശലക്ഷക്കണക്കിന് ആളുകൾ ഇന്ത്യയിലുമുണ്ട്.'

"ഇന്ത്യാ ഗവണ്മെന്റിനെ വിമർശിക്കുന്നവർ ഇന്ത്യാവിരുദ്ധ'രാണ് എന്ന് ധരിക്കുന്നത് അസംബന്ധമാണ്- സർക്കാർ ധരിക്കുന്നത് അങ്ങിനെയാണെങ്കിൽ പോലും. ഇന്ത്യ അഥവാ അമേരിക്ക ഇപ്പോൾ എന്താണ്, എന്തായിരിക്കണം എന്നൊക്കെ നിർവചിക്കാനുള്ള അവകാശം ഇന്ത്യാ ഗവൺമെന്റിനോ അമേരിക്കൻ ഗവൺമെന്റിനോ മറ്റാർക്കെങ്കിലുമോ അനുവദിച്ചു കൊടുക്കുന്നത് അപകടകരമാണ്. '

തൊട്ടു മുകളിലുള്ള ഈ രണ്ട് ഖണ്ഡികകളിലെ പ്രസ്താവങ്ങളായിരിക്കാം സംഘ ബന്ധുക്കളെ അരിശം കൊള്ളിക്കുന്നത്. കാരണം ഈ ആശയങ്ങൾ അവർക്കുണ്ടാക്കുന്ന അസ്വസ്ഥത ചെറുതല്ല. ദീർഘകാലമായി നടപ്പിലാക്കിവരുന്ന സ്വന്തം ആസൂത്രിത നയപരിപാടികളുടെ മർമ്മത്തിലാണ് ആ വാക്കുകൾ തുളച്ചു കയറിയത്. അതുകൊണ്ടുണ്ടാവുന്ന അസഹിഷ്ണുതയാണ് തെറി പറഞ്ഞ് പ്രകാശിപ്പിക്കുന്നത്; ആശയതലത്തിൽ ഒരു കാര്യം വാദിച്ച് സമർത്ഥിക്കാൻ കഴിയാത്ത സന്ദർഭങ്ങളിൽ പിന്നെ ചീത്ത വിളിയും ആക്ഷേപവും ഭീഷണിയുമൊക്കെയല്ലാതെ മറ്റെന്ത് മാർഗ്ഗം?
അമേരിക്കയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു സാമൂഹ്യ-രാഷ്ട്രീയ വിശകലനത്തെ, അതുയർത്തുന്ന ജനാധിപത്യ അഭിവാഞ്ഛകളെ മനസ്സിലാക്കാനുള്ള അവസരം വിദ്യാർത്ഥികൾക്ക് ലഭിക്കണം. ഇതൊന്നും തിരിച്ചറിയാനുള്ള ശേഷിയില്ലാത്ത ജനാധിപത്യ വിരുദ്ധരുടെ ഗ്വാഗ്വാ വിളികൾ അവജ്ഞയോടെ തള്ളിക്കളയുക എന്നതാണ് സർവകലാശാല ഇക്കാര്യത്തിൽ സ്വീകരിക്കേണ്ട യുക്തിസഹമായ സമീപനം .പക്ഷെ അധികാര രാഷ്ട്രീയത്തിന്റെ താത്കാലിക നേട്ടങളാവുമോ ഇവിടെ സാമാന്യയുക്തിക്കു മേൽ വിജയം നേടുക എന്നത് കണ്ടറിയണം!

Come September എന്ന പ്രഭാഷണം മുഴുവനായി വായിക്കാൻ

Comments