തോറ്റ ഗുജറാത്ത്,
മനുഷ്യര്‍ക്കൊപ്പമുള്ള
കേരളവും ഒഡീഷയും
തോറ്റ ഗുജറാത്ത്, മനുഷ്യര്‍ക്കൊപ്പമുള്ള കേരളവും ഒഡീഷയും
ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഗുജറാത്ത് മോഡല്‍ കോവിഡ് കാലത്ത് ഏത് രീതിയില്‍ പ്രവര്‍ത്തിച്ചുവെന്ന് ഗുജറാത്തിന്റെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ വിലയിരുത്തേണ്ട അവസരം കൂടിയാണിത്. പ്രത്യേകിച്ചും ഗുജറാത്ത് മോഡല്‍ വികസനത്തിന്റെ പേരില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി വരെ എത്തിയ നരേന്ദ്ര മോദി ഇന്ത്യ ഭരിക്കുന്ന പശ്ചാത്തലത്തില്‍.
2 May 2020, 11:50 AM
കേരളം, ഒഡീഷ, ഗുജറാത്ത്. മൂന്ന് സംസ്ഥാനങ്ങള്‍. മൂന്ന് വ്യത്യസ്ത രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക പശ്ചാത്തലങ്ങള്‍. ഈ മൂന്ന് സംസ്ഥാന ഭരണകൂടങ്ങളും കോവിഡ് 19 എന്ന പകര്‍ച്ച വ്യാധിയെ എങ്ങിനെ നേരിട്ടു എന്ന് അന്വേഷിക്കുന്നത് കൗതുകകരമായിരിക്കും. ഉത്പാദന മേഖലയെ അവഗണിച്ചുകൊണ്ടുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംസ്ഥാനമെന്ന ഖ്യാതി കേരളത്തിന് മാത്രമുള്ളതാണ്. അതേസമയം വന്‍കിട വ്യവസായ സംരംഭങ്ങള്‍ക്ക് എല്ലാ ഒത്താശകളും ചെയ്തുകൊടുക്കുകയും അടിത്തട്ടില്‍ സാധാരണ മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങളെ അവഗണിച്ചുകൊണ്ടുള്ളതും ജനങ്ങളെ വര്‍ഗ്ഗീയമായി വേര്‍തിരിക്കുകയും ചെയ്തുകൊണ്ട് കോര്‍പ്പറേറ്റ് പ്രീണനത്തിലൂടെ അധികാരം നിലനിര്‍ത്തുകയും ചെയ്യുന്നതാണ് ഗുജറാത്ത് മോഡല്‍. സംസ്ഥാനത്തിന്റെ പൊതുവിഭവങ്ങള്‍ ബഹുരാഷ്ട്ര കുത്തകകള്‍ക്ക് സമര്‍പ്പിക്കുന്നതില്‍ യാതൊരു വൈമുഖ്യവും പ്രദര്‍ശിപ്പിക്കാത്ത, അതേസമയം താഴെത്തട്ടിലുള്ള ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങള്‍ പരിഹരിക്കാനും അവരുടെ വിശ്വാസം നേടിയെടുക്കാനും കഴിഞ്ഞ ഭരണാധികാരിയെന്ന നിലയില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകാലം തുടര്‍ച്ചയായി അധികാരത്തിലിരിക്കാന്‍ കഴിഞ്ഞ വ്യക്തിയാണ് നവീണ്‍ പട്‌നായ്ക്. ഈ മൂന്ന് ഭരണരീതികളും ഒരു പൊതുദുരന്തത്തെ നേരിടുന്നതില്‍ എങ്ങിനെ പ്രവര്‍ത്തിച്ചു എന്ന് വസ്തുനിഷ്ഠമായി വിലയിരുത്താനുള്ള ശ്രമമാണ് ഇവിടെ നടത്തുന്നത്.
കേരളം
3.48 കോടി ജനങ്ങളും 39,000 ചതുരശ്ര കിലോമീറ്ററില്‍ താഴെ ഭൂവിസ്തൃതിയുമുള്ള, ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ജനസാന്ദ്രതയും, മാനവ വികസന സൂചികയില്‍ ശ്രീലങ്കയോട് കിടപിടിക്കുന്നതുമായ കേരളം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ നിരവധി കാര്യങ്ങളില്‍ ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളെക്കാളും മുന്‍പന്തിയിലാണെന്നത് തര്‍ക്കമറ്റ സംഗതിയാണ്. ജനാധിപത്യ ക്രമത്തില്‍ ഓരോ അഞ്ച് വര്‍ഷവും ഇരു മുന്നണികളെയും മാറിമാറി പരീക്ഷിക്കുന്ന രീതിയാണ് സംസ്ഥാനത്തിന്റെ പിറവി തൊട്ട് നാം സ്വീകരിച്ചിരിക്കുന്നത്. സിവില്‍ സൊസൈറ്റി പ്രസ്ഥാനങ്ങള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന ഒരു സംസ്ഥാനമെന്ന ഖ്യാതിയും കേരളത്തിനുള്ളതാണ്. കേരളത്തിലെ പല ഭരണകൂട തീരുമാനങ്ങളെയും സ്വാധീനിക്കുന്നതില്‍ ഈ സിവില്‍ സൊസൈറ്റി ജാഗ്രത പ്രവര്‍ത്തിക്കുന്നുണ്ടെന്നത് വാസ്തവമാണ്.
വര്‍ഷങ്ങളായി വളര്‍ത്തിയെടുത്ത സാമൂഹിക സുരക്ഷാ സംവിധാനങ്ങള്‍ പകര്‍ച്ചവ്യാധിയുടെ ഘട്ടത്തില്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതില്‍ കേരള ഗവണ്‍മെന്റ് വിജയം നേടിയെന്നത് യാഥാര്‍ത്ഥ്യമാണ്.
കാര്‍ഷികവ്യാവസായിക ഉത്പാദന മേഖലകളെ തമസ്‌കരിച്ചുകൊണ്ട് മൂന്നാം മേഖലയെന്ന് വിശേഷിപ്പിക്കുന്ന സേവന മേഖലയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള വികസന-ആസൂത്രണ രീതിയാണ് കേരളം അനുവര്‍ത്തിച്ചു വന്നിരിക്കുന്നതെന്നും, ഗള്‍ഫ് മേഖലകളില്‍ നിന്നും വരുന്ന മണി ഓര്‍ഡറുകളെ ആശ്രയിച്ചുള്ള "മണി ഓര്‍ഡര്‍ ഇക്കണോമി'യാണ് കേരള സമ്പദ്‌വ്യവസ്ഥയുടെ അടിത്തറയെന്നും നമുക്കറിയാവുന്ന കാര്യമാണ്. ഇത് കൂടാതെ ലോട്ടറി, മദ്യം എന്നിവ പ്രധാന വരുമാന സ്രോതസ്സും, ജീവനക്കാര്‍ക്കുള്ള വേതനം പ്രധാന ചെലവും ആയിട്ടുള്ള എല്ലായ്‌പ്പോഴും ധനക്കമ്മിയുള്ള ബജറ്റ് മാത്രം അവതരിപ്പിക്കാന്‍ വിധിക്കപ്പെട്ട ധനമന്ത്രിമാര്‍ ഉള്ള സംസ്ഥാനമാണ് കേരളമെന്നതും വസ്തുതയാണ്.
മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി, 2018ലും 2019ലും അതിവര്‍ഷം സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയെ കൂടുതല്‍ ഗുരുതരമായ അവസ്ഥയിലേക്ക് തള്ളിവിട്ടുവെന്നത് യാഥാര്‍ത്ഥ്യമാണ്. ഏതാണ്ട് 25,000-30,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടം 2018ലെ പ്രളയത്തില്‍ മാത്രം സംസ്ഥാനത്തിന് സംഭവിക്കുകയുണ്ടായി. രണ്ട് പ്രളയങ്ങളെയും നേരിടുന്നതില്‍ സംസ്ഥാന ഭരണകൂടവും സിവില്‍ സമൂഹവും തികഞ്ഞ ജാഗ്രത കാണിച്ചുവെന്ന് പറയാവുന്നതാണ്.
കോവിഡ് പ്രതിരോധം
ലോകം കോവിഡ് ഭീഷണിയെ നേരിട്ടുകൊണ്ടിരുന്ന ആദ്യഘട്ടത്തില്‍ തന്നെ ആഗോളതലത്തിലേക്കുള്ള അതിന്റെ വ്യാപന സാധ്യത തിരിച്ചറിയുകയും അന്താരാഷ്ട്ര സഞ്ചാരങ്ങള്‍ കൂടിയ പ്രദേശങ്ങളെ അത് കൂടുതല്‍ വേഗത്തില്‍ വ്യാപിക്കുമെന്നും ഉള്ള വസ്തുത തിരിച്ചറിയാന്‍ സംസ്ഥാന ഭരണകൂടത്തിന് സാധിച്ചു. പ്രത്യേകിച്ചും ചൈനയില്‍ നിന്നും മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികളെ ക്വാറന്റൈനില്‍ പാര്‍പ്പിക്കുകയും വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരെ പ്രത്യേക നിരീക്ഷണത്തില്‍ നിര്‍ത്തുകയും രോഗപരിശോധനാ നടപടികള്‍ സ്വീകരിക്കുകയും ചെയ്തതിലൂടെ വൈറസിന്റെ സാമൂഹിക വ്യാപന സാധ്യത കുറച്ചുകൊണ്ടുവരുവാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചു.
കോവിഡ് ബാധയ്‌ക്കെതിരെ കേരളം നേടിയ വിജയം ലോകം മുഴുവന്‍ ചര്‍ച്ചാ വിഷയമാണ്. വാഷിങ്ടണ്‍ പോസ്റ്റിലും, വിവിധ അന്താരാഷ്ട്ര ഫോറങ്ങളിലും കേരളത്തിന്റെ "ഫ്‌ളാറ്റന്‍ കര്‍വി'നെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നു. കേന്ദ്ര സര്‍ക്കാര്‍ പോലും കോവിഡിനെതിരായ കേരളത്തിന്റെ പ്രകടനം മികവുറ്റതാണെന്ന് അഭിപ്രായപ്പെട്ടു.
ലോക്ഡൗണ്‍ കാലത്തെ ആദ്യ കുഴമറിച്ചിലുകള്‍, സംഘര്‍ഷങ്ങള്‍ എന്നിവ മാറ്റിവെച്ചാല്‍ രോഗികളുടെ ശുശ്രൂഷ, ടെസ്റ്റിംഗ്, സാമൂഹിക നിയന്ത്രണം, ക്വാറന്റൈന്‍ എന്നീ കാര്യങ്ങളില്‍ സംസ്ഥാനം മികച്ച പ്രകടനം കാഴ്ചവെച്ചു എന്ന് പറയാവുന്നതാണ്. ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് (ഏപ്രില്‍ 30 വരെ) കേരളത്തിലെ കോവിഡ് 19 രോഗികളുടെ എണ്ണം 495ഉം രോഗം ഭേദമായവരുടെ എണ്ണം 369 ഉം മരണ സംഖ്യ മൂന്നും നടത്തിയ ടെസ്റ്റുകളുടെ എണ്ണം 23,980 ഉം ആണ്.
കോവിഡ് ബാധയ്‌ക്കെതിരെ കേരളം നേടിയ വിജയം ഇന്ന് ലോകം മുഴുവന്‍ ചര്‍ച്ചാ വിഷയമാണ്. വാഷിങ്ടണ്‍ പോസ്റ്റിലും, വിവിധ അന്താരാഷ്ട്ര ഫോറങ്ങളിലും കേരളത്തിന്റെ "ഫ്‌ളാറ്റന്‍ കര്‍വി'നെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നു. കേന്ദ്ര സര്‍ക്കാര്‍ പോലും കോവിഡിനെതിരായ കേരളത്തിന്റെ പ്രകടനം മികവുറ്റതാണെന്ന് അഭിപ്രായപ്പെട്ടു.
കോവിഡിനെ നേരിടാനുള്ള സാമ്പത്തിക പാക്കേജെന്ന് നിലയില്‍ 20,000 കോടി രൂപ കേരള സര്‍ക്കാര്‍ പ്രഖ്യാപിക്കുകയുണ്ടായി. (തുക ഏതൊക്കെ മേഖലയില്‍ വിനിയോഗിച്ചുവെന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ). കമ്യൂണിറ്റി അടുക്കളകള്‍, ടെസ്റ്റുകള്‍, അതിഥി തൊഴിലാളികള്‍ക്കുള്ള സഹായങ്ങള്‍, പെന്‍ഷനുകള്‍ തുടങ്ങിയ പല പരിപാടികളും സര്‍ക്കാര്‍ ഈ ഘട്ടത്തില്‍ പ്രഖ്യാപിക്കുകയുണ്ടായി.
ഒഡീഷ
നാലരക്കോടിയിലധികം ജനങ്ങളുള്ള ഇന്ത്യയിലെ ഏറ്റവും ദരിദ്ര സംസ്ഥാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒഡീഷ ഭൂവിസ്തൃതിയില്‍ കേരളത്തിന്റെ മൂന്ന് മടങ്ങോളം വരും. മാനവ വികസന സൂചികയില്‍ 32ാം സ്ഥാനമുള്ള ഒഡീഷ, സാക്ഷരത, പ്രതിശീര്‍ഷ ഉപഭോഗം തുടങ്ങി വിവിധ കാര്യങ്ങളില്‍ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നിലാണ്. ഇന്ത്യയിലെ ധാതുനിക്ഷേപ മേഖലയില്‍ സുപ്രധാനമാണ് ഒഡീഷയുടെ സ്ഥാനം. എന്നാലതേ സമയം ജനങ്ങളുടെ പ്രധാന തൊഴില്‍ കൃഷിയും മറ്റ് അനുബന്ധ വ്യവസായങ്ങളുമാണ്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേക്ക് ഒരുപക്ഷേ ഏറ്റവും കൂടുതല്‍ തൊഴില്‍ സേനയെ കയറ്റി അയക്കുന്ന സംസ്ഥാനമെന്ന ഖ്യാതി ഒഡീഷയ്ക്ക് അവകാശപ്പെടാവുന്നതാണ്. സൂറത്ത്, അഹമ്മദാബാദ്, ബാംഗ്ലൂര്‍, കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നെ തുടങ്ങിയ വന്‍നഗരങ്ങളില്‍ ഏറ്റവും കൂടുതല്‍ കുടിയേറ്റ തൊഴിലാളികള്‍ ഒഡീഷയില്‍ നിന്നുള്ളവരാണ്. കേരളത്തില്‍ തന്നെയും മൊത്തം കുടിയേറ്റ തൊഴിലാളികളില്‍ ഏകദേശക്കണക്കനുസരിച്ച് ആറിലൊന്ന് ഒഡീഷയില്‍ നിന്നുള്ളവരാണെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്.
പ്രളയം, കൊടുങ്കാറ്റ് തുടങ്ങിയ പ്രകൃതി ദുരന്തങ്ങളെ വര്‍ഷാവര്‍ഷം നേരിടേണ്ടി വരുന്ന ഒരു സംസ്ഥാനമാണ് ഒഡീഷ. 1999ല്‍ ഒഡീഷ തീരത്തുണ്ടായ സൂപ്പര്‍ സൈക്ലോണ്‍ പതിനായിരത്തോളം ജീവനുകളാണ് കവര്‍ന്നെടുത്തത്. തുടര്‍ന്നിങ്ങോട്ട് അതിതീവ്ര കാലാവസ്ഥാ സംഭവങ്ങള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന ഒഡീഷ തീരത്തെ ഗുരുതരമായി ആക്രമിച്ചുകൊണ്ടിരുന്നു. 2019ല്‍ 270 കിലോമീറ്റര്‍ വേഗതയില്‍ ഫാലിന്‍ ചുഴലിക്കൊടുങ്കാറ്റ് ഒഡീഷ തീരത്തെ കശക്കിയെറിഞ്ഞപ്പോള്‍ മരണം 50ല്‍ താഴെയായി കുറക്കാന്‍ സര്‍ക്കാരിന് സാധിച്ചു. 10ലക്ഷം പേരെയാണ് 24 മണിക്കൂറിനുള്ളില്‍ ഒഡീഷ സര്‍ക്കാര്‍ മാറ്റിപ്പാര്‍പ്പിച്ചത്. 2000 തൊട്ട് തുടര്‍ച്ചയായി 20വര്‍ഷമായി ഒഡീഷയിലെ ഭരണാധികാരം കയ്യാളുന്ന നവീന്‍ പട്‌നായ്ക് സ്വന്തം നാടിന്റെ ഭാഷപോലും കൈകാര്യം ചെയ്യാനറിയാത്ത വ്യക്തിയാണ്. ജീവിതത്തിന്റെ ഭൂരിഭാഗവും ഒഡീഷയില്‍ നിന്ന് അകന്ന് ജീവിച്ച നവീന്‍ അച്ഛന്‍ ബിജുപട്‌നായ്കിന്റെ മരണശേഷം സംസ്ഥാന രാഷ്ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയായിരുന്നു.

ആദ്യഘട്ടത്തിലെ സംഘപരിവാര്‍ ബാന്ധവത്തിന് ശേഷം ബിജു ജനതാദള്‍ എന്ന സ്വന്തം പാര്‍ട്ടിയെ കൂടുതല്‍ ശക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും നിയമസഭയില്‍ തുടര്‍ച്ചയായി മൃഗീയ ഭൂരിപക്ഷം നേടുകയും ചെയ്തു. പോപ്പുലിസ്റ്റ് തീരുമാനങ്ങളിലൂടെ ജനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ ഒരു ഭരണാധികാരിയെന്ന നിലയില്‍ നവീന്‍ ശ്രമിച്ചിട്ടുണ്ട്. ഒഡീഷയിലെ സമൃദ്ധമായ ഖനിജ വിഭവങ്ങള്‍ ബഹുരാഷ്ട്ര കുത്തകകള്‍ക്കായി സമര്‍പ്പിക്കുന്നതിന് ഒരു മടിയും കാണിക്കാത്ത വ്യക്തിയാണ് നവീന്‍ പട്‌നായ്ക്.
പോസ്‌കോ മുതല്‍ വേദാന്ത വരെയുള്ള കമ്പനികള്‍ക്ക് ആവശ്യമായ ഒത്താശ ചെയ്തുകൊടുക്കാന്‍ എല്ലാ ശ്രമങ്ങളും ഒരു ഭാഗത്ത് നടക്കുമ്പോള്‍ ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങള്‍ക്ക് മേല്‍ ശ്രദ്ധ ചെലുത്താനും സൂത്രശാലിയായ ഈ ഭരണാധികാരി ശ്രമിക്കാറുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. 2019ല്‍ രാജ്യമെങ്ങും ബിജെപി തരംഗം അലയടിച്ചുയര്‍ന്നപ്പോഴും ഒഡീഷ ഭരണത്തിന് അഞ്ചാംവട്ട തുടര്‍ച്ച നല്‍കിയത് നവീന്‍ പട്‌നായിക്കിന്റെ പോപുലിസ്റ്റ് നയങ്ങള്‍ തന്നെയായിരുന്നു.
പോസ്‌കോ മുതല്‍ വേദാന്ത വരെയുള്ള കമ്പനികള്‍ക്ക് ആവശ്യമായ ഒത്താശ ചെയ്തുകൊടുക്കാന്‍ എല്ലാ ശ്രമങ്ങളും ഒരു ഭാഗത്ത് നടക്കുമ്പോള്‍ ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങള്‍ക്ക് മേല്‍ ശ്രദ്ധ ചെലുത്താനും ഈ ഭരണാധികാരി ശ്രമിക്കാറുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്.
വ്യവസ്ഥാപിത അഴിമതി അതേപടി തുടരുമ്പോഴും അടിത്തട്ടിലെ ജനങ്ങള്‍ക്കാവശ്യമായവ ഡെലിവര്‍ ചെയ്യുക എന്ന തന്ത്രം ഫലപ്രദമായി പ്രയോഗിക്കുവാന്‍ ബിജു ജനതാദള്‍ സര്‍ക്കാരിന് സാധിച്ചു. 2018ലെ മാത്രം സംഭവം ഉദാഹരണമായെടുക്കാം. 2018ല്‍ കേരളത്തെ പ്രളയം ഗ്രസിച്ചപ്പോള്‍ ഇവിടങ്ങളില്‍ കുടുങ്ങിക്കിടന്ന ഒഡീഷ തൊഴിലാളികള്‍ക്ക് ആവശ്യമായ കരുതല്‍ നല്‍കുവാന്‍ ഒഡീഷ മുഖ്യമന്ത്രി പ്രത്യേക ശ്രദ്ധ നല്‍കുകയുണ്ടായി. ഒഡീഷയിലെ തൊഴില്‍ വകുപ്പ് മന്ത്രിയുമായി ഈ ലേഖകന്‍ സംസാരിച്ചതിന്റെ തൊട്ടടുത്ത ദിവസം ലേബര്‍ കമ്മീഷണറേറ്റില്‍ നിന്നുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ കൊച്ചിയിലെത്തുകയും തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പോകാനുള്ള സൗജന്യ തീവണ്ടി ബോഗികള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. സര്‍ക്കാര്‍ കൂടെയുണ്ടെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നതില്‍ വിജയിക്കുകയും ചെയ്തു. നവീന്‍ബാബു ഒഡീഷക്കാര്‍ക്ക് പ്രീയങ്കരനാകുന്ന ഇടങ്ങള്‍ ഇവയൊക്കെയാണ്. 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് 38% പ്രാതിനിധ്യം നല്‍കി ഏറ്റവും കൂടുതല്‍ വനിതകളെ പാര്‍ലമെന്റിലേക്ക് പറഞ്ഞയച്ചതിന്റെ ഖ്യാതി കൂടി നവീന്‍ പട്‌നായ്ക്കിനുള്ളതാണ്.
കര്‍ഷകരെ സഹായിക്കുന്നതിനായി 2018ല്‍ പ്രഖ്യാപിച്ച "കല്യ യോജന' ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഈ പദ്ധതിയുടെ ചുവടുപിടിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ "പിഎം കിസാന്‍ സമ്മാന്‍ യോജന' പ്രഖ്യാപിക്കപ്പെട്ടത്!
ഒഡീഷ രാഷ്ട്രീയത്തെ വിശകലനം ചെയ്യുന്നവര്‍ പലപ്പോഴും എത്തിപ്പെടുന്ന ഒരു നിഗമനം ഭരണാധികാരികളെ രക്ഷാകര്‍ത്താക്കളായി കണ്ട്, അവരുടെ കാരുണ്യത്തില്‍ സന്തോഷിക്കുന്നവരാണ് ഒഡീഷയിലെ ജനങ്ങള്‍ എന്ന രീതിയിലാണ്. ഇത് ഒഡീഷ രാഷ്ട്രീയത്തെ ശരിയായ രീതിയില്‍ മനസ്സിലാക്കുന്നതില്‍ വരുന്ന പാളിച്ചയാണ്.
സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന തെറ്റായ തീരുമാനങ്ങള്‍ക്കെതിരെ അതിശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച സംസ്ഥാനമാണ് ഒഡീഷ. ബഹുരാഷ്ട്ര കുത്തകകളെക്കെതിരെ ഇത്രയും കരുത്തുറ്റ ജനകീയ പ്രക്ഷോഭങ്ങള്‍ നയിക്കുകയും വിജയം നേടുകയും ചെയ്ത മറ്റൊരു സംസ്ഥാനവുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ബഹുരാഷ്ട്ര ഖനന ഭീമനായ വേദാന്തയ്‌ക്കെതിരെ ഐതിഹാസിക സമരത്തിന് നേതൃത്വം നല്‍കി വിജയിപ്പിച്ചത് കന്ധ് ഗോത്രവിഭാഗമാണ്. പോസ്‌കോ, ചില്‍ക, കലിംഗ്, ബലിയപാല്‍, ഗന്ധമര്‍ദ്ദന്‍, കാശിപൂര്‍ തുടങ്ങിയ എണ്ണമറ്റ ജനകീയ സമരങ്ങളും അവയുടെ വിജയങ്ങളും ഒഡീഷയിലെ ജനകീയ പ്രസ്ഥാനങ്ങള്‍ എത്രമാത്രം ശക്തമാണെന്നതിന്റെ സൂചനകളാണ്.
1999ല്‍ ക്രിസ്ത്യന്‍ മിഷണറിയായ ഗ്രഹാം സ്റ്റെയ്‌നിനെയും അദ്ദേഹത്തിന്റെ രണ്ട് മക്കളെയും കൊലചെയ്തുകൊണ്ട് സംസ്ഥാന രാഷ്ട്രീയത്തില്‍ വര്‍ഗ്ഗീയ വേര്‍തിരിവ് നടത്താനുള്ള ശ്രമം സംഘപരിവാര്‍ നടത്തുകയുണ്ടായി. 2007ലെ കന്ധമാല്‍ കലാപവും 2016ലെ ഭദ്രക് കലാപവും സംസ്ഥാനത്ത് തങ്ങളുടെ സ്വാധീനം ഉറപ്പിക്കാനുള്ള തന്ത്രമായി സംഘപരിവാര്‍ ഉപയോഗപ്പെടുത്തിയെങ്കിലും പൊതുവില്‍ സംഘപരിവാര്‍ രാഷ്ട്രീയത്തില്‍ നിന്ന് അകന്ന് നില്‍ക്കാനുള്ള പ്രവണതയാണ് ഒഡീഷയിലെ ജനങ്ങളില്‍ കാണാന്‍ കഴിയുക.

കോവിഡ് പ്രതിരോധം
ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് മുന്‍കാല അനുഭവങ്ങളില്‍ നേടിയെടുത്ത പരിജ്ഞാനം കോവിഡ് ബാധ കൈകാര്യം ചെയ്യുന്നതില്‍ ഒഡീഷ ഗവണ്‍മെന്റിനെ സഹായിച്ചുവെന്ന് വേണം കരുതാന്‍. കോവിഡ് വൈറസ് വ്യാപനത്തിന്റെ ഗൗരവം സംബന്ധിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രിയെ ആദ്യമായി ബോദ്ധ്യപ്പെടുത്തിയ വ്യക്തി നവീന്‍ പട്‌നായ്ക് ആണെന്ന് "ദ വയര്‍' ലേഖനത്തില്‍ സൂചിപ്പിക്കുന്നു. രാജ്യം സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും ഒഡീഷ മുഖ്യമന്ത്രി ആദ്യഘട്ടത്തില്‍ തന്നെ നരേന്ദ്ര മോദിയെ ധരിപ്പിച്ചിരുന്നുവെന്നാണ് സൂചനകള്‍.
കോവിഡ് ബാധയുടെ സഞ്ചാരപഥങ്ങള്‍ കൂടുതല്‍ വിദേശയാത്രക്കാരിലൂടെയാണ് എന്നത് ഒഡീഷയില്‍ രോഗവ്യാപനം സംഭവിക്കാതിരിക്കുന്നതിന് കാരണമായി. എങ്കില്‍ കൂടിയും രാജ്യത്ത് വൈറസ് ആക്രമണം ആരംഭിച്ച ആദ്യഘട്ടത്തില്‍ തന്നെ സംസ്ഥാനത്തെ ആരോഗ്യവിഭാഗത്തെ സജ്ജമാക്കി നിര്‍ത്താന്‍ ഒഡീഷ ഗവണ്‍മെന്റിന് സാധിച്ചു. കോവിഡ് വിവരങ്ങള്‍ ജനങ്ങളെ അറിയിക്കാനുള്ള കോവിഡ് പോര്‍ട്ടര്‍ ഒഡീഷ ഗവണ്‍മെന്റ് ആരംഭിക്കുന്നത് മാര്‍ച്ച് 3നാണ്. കേന്ദ്ര സര്‍ക്കാര്‍ പോലും അത്തരമൊന്ന് ആരംഭിക്കുന്നത് അതിനുശേഷമാണ് എന്നോര്‍ക്കുക. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നാല് മാസത്തെ മൂന്‍കൂര്‍ ശമ്പളം പ്രഖ്യാപിക്കുകയും അവരെ ആതുരസേവനത്തില്‍ ആശങ്കകളില്ലാതെ ജോലിചെയ്യുന്നതിനുള്ള സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയും ചെയ്തു.
കോവിഡ് ബാധയുടെ സഞ്ചാരപഥങ്ങള്‍ കൂടുതല്‍ വിദേശയാത്രക്കാരിലൂടെയാണ് എന്നത് ഒഡീഷയില്‍ രോഗവ്യാപനം സംഭവിക്കാതിരിക്കുന്നതിന് കാരണമായി.
കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ഏറ്റവും കൂടുതല്‍ തിരിച്ചറിയുന്ന സംസ്ഥാനമെന്ന നിലയില്‍ സംസ്ഥാനത്തിനകത്തുള്ള തൊഴിലാളികള്‍ക്ക് ഭക്ഷണമെത്തിക്കാനുള്ള നടപടികളും സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ ഒരുക്കിയിരുന്നു. പ്രളയക്കെടുതിക്കാലത്ത് താമസിക്കുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കെട്ടിയൊരുക്കിയ കമ്യൂണിറ്റി ഹാളുകള്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളാക്കി മാറ്റാന്‍ സര്‍ക്കാരിന് എളുപ്പത്തില്‍ സാധിച്ചു. പെന്‍ഷനുകള്‍, റേഷന്‍ എന്നിവ എത്തിക്കുന്നതില്‍ കാലതാമസം കൂടാതെ കഴിക്കാനും ഒഡീഷയ്ക്ക് സാധിച്ചു.

കൂടുതല്‍ പേരും കൃഷിയെ ആശ്രയിച്ച് കഴിയുന്ന സംസ്ഥാനമെന്ന നിലയില്‍ റാബി വിളവെടുപ്പ് കാലത്തെ ലോക്ഡൗണ്‍ കാര്‍ഷിക മേഖലയെ തകര്‍ക്കുമെന്ന് തിരിച്ചറിഞ്ഞ അധികൃതര്‍ രണ്ടാം ഘട്ട ലോക്ഡൗണ്‍ കാലയളവില്‍ കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുകയായിരുന്നു. തൊഴിലുറപ്പ് പദ്ധതികളെയും നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി. ജില്ലാ അതിരുകള്‍ കെട്ടിയടക്കുന്ന രീതിയായിരുന്നു ഫലത്തില്‍ നവീണ്‍ പട്‌നായ്ക് സ്വീകരിച്ചത്. സര്‍ക്കാര്‍ സംഭരണ കേന്ദ്രങ്ങള്‍ സജീവമായി നിലനിര്‍ത്തുകയും ഖാരിഫ് വിളകള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ കര്‍ഷകരെ അനുവദിക്കുകയും കര്‍ഷകര്‍ക്കുള്ള ചെറു കാര്‍ഷിക കടങ്ങള്‍ നല്‍കാന്‍ ലോക്ഡൗണ്‍ കാലത്തും ഗ്രാമീണ ബാങ്കുകളെ തയ്യാറാക്കി നിര്‍ത്തുകയും ചെയ്തതിലൂടെ ഒരുപരിധിവരെ ഭാവി ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താന്‍ സംസ്ഥാനത്തിന് കഴിഞ്ഞു എന്ന് പറയാവുന്നതാണ്.
കൂടുതല്‍ പേരും കൃഷിയെ ആശ്രയിച്ച് കഴിയുന്ന സംസ്ഥാനമെന്ന നിലയില്‍ റാബി വിളവെടുപ്പ് കാലത്തെ ലോക്ഡൗണ്‍ കാര്‍ഷിക മേഖലയെ തകര്‍ക്കുമെന്ന് തിരിച്ചറിഞ്ഞ അധികൃതര്‍ രണ്ടാം ഘട്ട ലോക്ഡൗണ്‍ കാലയളവില്‍ കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുകയായിരുന്നു.
കര്‍ശന നിയന്ത്രണങ്ങളില്‍ക്കൂടി കടന്നുപോകുമ്പോഴും ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന തങ്ങളുടെ തൊഴിലാളികളെ തിരികെ നാട്ടിലെത്തിക്കുവാനുള്ള ശ്രമങ്ങളും ഒഡീഷ സര്‍ക്കാര്‍ നടത്തുകയുണ്ടായി. ഗുജറാത്തില്‍ നിന്നും നിരവധി ബസുകളില്‍ മുന്‍ഗണനകളുടെ അടിസ്ഥാനത്തില്‍ തൊഴിലാളികളെ സംസ്ഥാനത്തേക്ക് എത്തിക്കുവാന്‍ ഗവണ്‍മെന്റിന് കഴിഞ്ഞു.
കോവിഡ് 19നെതിരായ യുദ്ധത്തില്‍ എല്ലാ പ്രതിബന്ധങ്ങളും മറികടന്ന് രോഗ വ്യാപനം കുറയ്ക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞുവെന്നത് മാതൃകാപരമായ സംഗതിയാണ്. സര്‍ക്കാരിന്റെ കോവിഡ് സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ച് (ഏപ്രില്‍ 30), സംസ്ഥാനത്ത് കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 128ഉം, ഭേദമായവരുടെ എണ്ണം 39ഉം, മരണസംഖ്യ 1ഉം, നടത്തിയ ടെസ്റ്റുകളുടെ എണ്ണം 31,696ഉം ആണ്. പി.ആര്‍ വര്‍ക്കുകളില്‍ പിറകിലായതുകൊണ്ടോ എന്തോ ഒഡീഷ സംസ്ഥാനം കോവിഡ് പ്രതിരോധങ്ങളില്‍ നേടിയ വിജയം അത്രമാത്രം ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായില്ല എന്ന് വേണം കരുതാന്‍.

ഗുജറാത്ത്
ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഗുജറാത്ത് മോഡല്‍ കോവിഡ് കാലത്ത് ഏത് രീതിയില്‍ പ്രവര്‍ത്തിച്ചുവെന്ന് ഗുജറാത്തിന്റെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ വിലയിരുത്തേണ്ട അവസരം കൂടിയാണിത്. പ്രത്യേകിച്ചും ഗുജറാത്ത് മോഡല്‍ വികസനത്തിന്റെ പേരില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി വരെ എത്തിയ നരേന്ദ്ര മോദി ഇന്ത്യ ഭരിക്കുന്ന പശ്ചാത്തലത്തില്‍.
ഇന്ത്യയുടെ വ്യവസായ കോറിഡോര്‍ എന്ന സ്ഥാനം ബിജെപി എന്ന പാര്‍ട്ടി ജനിക്കും മുന്നെ നേടിയെടുത്ത സംസ്ഥാനമാണ് ഗുജറാത്ത്. വാപി മുതല്‍ അങ്കലേശ്വര്‍ വരെ നീണ്ടുകിടക്കുന്ന വ്യാവസായിക ഇടനാഴി വൈരക്കല്‍ വ്യാപാരം തൊട്ട് രാസവ്യവസായങ്ങള്‍ വരെയുള്ള വന്‍കിട വ്യവസായങ്ങളുടെ കേന്ദ്രമായതിന് ദീര്‍ഘകാല ചരിത്രമുണ്ട്.
ഇതര രാജ്യങ്ങളുമായി ഇന്ത്യയുടെ സമുദ്രവ്യാപാരം ആരംഭിക്കുന്നത് ഗുജറാത്ത് തുറമുഖങ്ങള്‍ വഴിയാണെന്നതും ചരിത്രമാണ്. ഗുജറാത്തികളുടെ സംരംഭകത്വ സ്വഭാവത്തെ ഉപയോഗപ്പെടുത്തി വ്യാവസായിക വളര്‍ച്ച നേടുവാനുള്ള ശ്രമങ്ങള്‍ക്ക് സ്വതന്ത്ര ഇന്ത്യയോളം പഴക്കമുണ്ട്. ഈയൊരു ചരിത്രത്തെ പൂര്‍ണ്ണമായും തിരസ്‌കരിച്ചുകൊണ്ടാണ് ഗുജറാത്ത് വികസനത്തിന്റെ നായകനായി നരേന്ദ്രമോദി അവതരിക്കുന്നതും ഇന്ത്യയിലെ കോര്‍പ്പറേറ്റുകളും മാധ്യമങ്ങളും അതിന് സമ്പൂര്‍ണ്ണ പിന്തുണ നല്‍കുന്നതും. 1995ലാണ് ഗുജറാത്തില്‍ ആദ്യ ബിജെപി സര്‍ക്കാര്‍ സ്ഥാപിതമാകുന്നത്. കേശുഭായ് പട്ടേലിന്റെ നേതൃത്വത്തിലുള്ള ഈ ഗവണ്‍മെന്റ് 8 മാസം പിന്നിട്ട ശേഷം അതേ പാര്‍ട്ടിയിലെ സുരേഷ് മേഹ്തയുടെ കീഴില്‍ ഒരു വര്‍ഷം കൂടി തുടരുകയായിരുന്നു. ഇടക്കാലത്ത് ശങ്കര്‍സിംഗ് വഗേല മുഖ്യമന്ത്രിയായതൊഴിച്ചാല്‍ പിന്നീടുള്ള കാലം മുഴുവന്‍ ബിജെപിയുടെ സുരക്ഷിത പ്രദേശമായി ഗുജറാത്ത് സംസ്ഥാനം മാറി.
വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സാമൂഹ്യ സുരക്ഷാ മേഖലകളില്‍ ഏറ്റവും കുറഞ്ഞ മുതല്‍ മുടക്ക് നടത്തുന്ന സംസ്ഥാനമാണ് ഗുജറാത്ത് എന്നത് കുപ്രസിദ്ധമായ കാര്യമാണ്.
1994ല്‍ പടര്‍ന്നുപിടിച്ച പ്ലേഗ്, 2001ലെ ഭൂകമ്പം, 2002ലെ വംശഹത്യ, 2006ലെ സൂറത്ത് വെള്ളപ്പൊക്കം തുടങ്ങിയ മനുഷ്യനിര്‍മ്മിതവും അല്ലാത്തതുമായ നിരവധി ദുരന്തങ്ങളിലൂടെ വളരെ ചെറിയ കാലയളവില്‍ തന്നെ കടന്നുപോകാന്‍ വിധിക്കപ്പെട്ടവരായിരുന്നു ഗുജറാത്തി ജനത. വര്‍ഗ്ഗീയ വിഭജനത്തിന്റെ പരീക്ഷണശാലയായി ഗുജറാത്തിനെ മാറ്റുകയും ഗുജറാത്തിന്റെ വംശീയ വിരുദ്ധ മാതൃക രാജ്യമെങ്ങും പടര്‍ത്തുന്നതില്‍ വിജയിക്കുകയും ചെയ്ത സംഘപരിവാറിന് പ്രകൃതി ദുരന്തങ്ങളില്‍ നിന്നുള്ള അനുഭവങ്ങള്‍ പാഠങ്ങളാക്കി മുന്നേറാനോ ജനങ്ങളുടെ ജീവന്‍ രക്ഷിക്കുവാനോ ഉള്ള നടപടികള്‍ സ്വീകരിക്കാനോ കഴിഞ്ഞില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പ്ലേഗ് പോലുള്ള പകര്‍ച്ചവ്യാധികളെയും മറ്റ് പ്രകൃതി ദുരന്തങ്ങളെയും നേരിടുന്നതില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടുകൊണ്ട് ദുരന്ത നിവാരണ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടുവെന്ന് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും.
വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സാമൂഹ്യ സുരക്ഷാ മേഖലകളില്‍ ഏറ്റവും കുറഞ്ഞ മുതല്‍ മുടക്ക് നടത്തുന്ന സംസ്ഥാനമാണ് ഗുജറാത്ത് എന്നത് കുപ്രസിദ്ധമായ കാര്യമാണ്. ആശുപത്രിക്കിടക്കകളുടെ കാര്യം മാത്രം ഉദാഹരണമായെടുത്താല്‍ ഇക്കാര്യം മനസ്സിലാകും. ആളോഹരി സംസ്ഥാന ജിഡിപി 2,26,130 രൂപയായി കണക്കാക്കപ്പെട്ടിട്ടുള്ള ഗുജറാത്തില്‍ 1000 പേര്‍ക്ക് 0.55 ആശുപത്രി ബെഡുകളാണ് ഉള്ളത്. പ്രതിശീര്‍ഷ ജിഡിപി പാതിയോളം മാത്രം വരുന്ന (1,16,614രൂപ) ഒഡീഷയിലും ഇതേ സംഖ്യയാണുള്ളതെന്ന് കൂടി ഈ അവസരത്തില്‍ ഓര്‍ക്കുക (നാഷണല്‍ ഹെല്‍ത് പ്രൊഫൈല്‍). ഗ്ലോബല്‍ ഹംഗര്‍ റിപ്പോര്‍ട്ട്, എന്‍എഫ്എച്ച്എസ് റിപ്പോര്‍ട്ട്, യുനിസെഫ് എന്നിവയൊക്കെത്തന്നെയും ആവര്‍ത്തിച്ച് സൂചിപ്പിക്കുന്ന ഒരു കാര്യം പോഷകാഹാരക്കുറവ് അനുഭവിക്കുന്ന ജനങ്ങള്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്ന് ഗുജറാത്ത് ആണെന്നാണ്. ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ സുരക്ഷിതത്വം എന്നീ മേഖലകളില്‍ മുതല്‍മുടക്ക് കുറച്ചുകൊണ്ടുവരുന്ന സര്‍ക്കാര്‍ നടപടി പ്രതിസന്ധി ഘട്ടങ്ങളില്‍ മൊത്തം ജനസമൂഹത്തെ എങ്ങിനെ ബാധിക്കുന്നുവെന്നതിന്റെ നേരനുഭവമാണ് ഇന്ന് ഗുജറാത്ത് അനുഭവിക്കുന്നത്.

കോവിഡ് പ്രതിരോധം
കോവിഡ് 19 രോഗബാധയോട് ഒട്ടും കരുതലില്ലാതെ സമീപിച്ച സംസ്ഥാനമാണ് ഗുജറാത്ത് എന്നത് രോഗവ്യാപനത്തിന്റെയും മരണങ്ങളുടെയും കണക്ക് പരിശോധിച്ചാല്‍ മനസ്സിലാകും. ഏപ്രില്‍ 30 ന് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച്, സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 4,082 ആണ്. രോഗം ഭേദമായവരുടെ എണ്ണം 527ഉം മരണസംഖ്യ 197ഉം നടത്തിയ ടെസ്റ്റുകളുടെ എണ്ണം 59,488ഉം ആണ്. കൊറോണ വ്യാപനത്തില്‍ മഹാരാഷ്ട്ര കഴിഞ്ഞാല്‍ രാജ്യത്ത് രണ്ടാം സ്ഥാനം ഗുജറാത്തിനാണെന്ന് കാണാം.
കൊറോണ വൈറസ് ബാധ ഏറ്റവും കൂടുതലുള്ള ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളില്‍ ഏറ്റവും മുന്നില്‍ ഗുജറാത്ത് ആണെന്ന് ഐഐടി ഡല്‍ഹി പഠനം ചൂണ്ടിക്കാട്ടുന്നു. കൊറോണ ബാധയുടെ പ്രത്യുല്‍പാദന നിരക്ക് (Reproduction Number - R0) ശരാശരി ദേശീയ തലത്തില്‍ 1.8 ആയിരിക്കുമ്പോള്‍ ഗുജറാത്തില്‍ അത് 3.3 ആണ് എന്നത് സാമൂഹിക വ്യാപനത്തിന്റെ തോത് എത്രയാണെന്ന് മനസ്സിലാക്കാന്‍ സഹായിക്കും.
കൊറണ വ്യാപനത്തെ സംബന്ധിച്ചും അതിന്റെ ഗൗരവതരമായ പരിണതഫലങ്ങളെ സംബന്ധിച്ചും കേന്ദ്ര ഗവണ്‍മെന്റിന് നേരത്തെ തന്നെ ധാരണയുണ്ടായിരുന്നു. ജനുവരി 17ന് കേന്ദ്ര ആരോഗ്യ-കുടുംബ ക്ഷേമ മന്ത്രാലയം ഇക്കാര്യത്തില്‍ പുറത്തിറക്കിയ പ്രസ്താവ വ്യക്തമാക്കുന്നു. എന്നിരിക്കിലും ഫെബ്രുവരി 24ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന് സ്വീകരണം നല്‍കുന്നതിനായി ലക്ഷക്കണക്കിന് ആളുകളെ ഒരുക്കുന്ന തിരക്കിലായിരുന്നു ഗുജറാത്ത് സര്‍ക്കാര്‍. ഏറ്റവും ആദ്യം കൊറോണ രോഗബാധ കണ്ടെത്തിയ കേരളം ഈ സമയത്ത് സുരക്ഷാ സംവിധാനങ്ങള്‍ സ്വീകരിക്കുന്ന നടപടികള്‍ ഏര്‍പ്പെടുത്തുകയായിരുന്നു.
അഹമ്മദാബാദ് പോലുള്ള ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ ആരോഗ്യ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയുണ്ടായില്ല. ജമാല്‍പൂര്‍, ഷാഹ്പൂര്‍, ദനി ലിംഡാ, ഖഡിയ, ബെഹ്രാംപുര, രായ്ഖഡ് എന്നിങ്ങനെയുള്ള പ്രദേശങ്ങളിലായിരുന്നു രോഗബാധ ആദ്യം കണ്ടെത്തിയത്. എന്നാല്‍ സര്‍ക്കാര്‍ ആരോഗ്യ സംവിധാനങ്ങള്‍ ഇവിടങ്ങളില്‍ ഫലപ്രദമായി പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള യാതൊരു നടപടികളും സ്വീകരിക്കുകയുണ്ടായില്ല. കൊറോണ ബാധിതര്‍ക്ക് ആവശ്യമായ ആശുപത്രി സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതില്‍ പോലും അധികൃതര്‍ക്ക് സാധിച്ചില്ലെന്ന ആക്ഷേപം പരക്കെ ഉയരുകയുണ്ടായി. ജിഗ്നേഷ് മേവാനി എംഎല്‍എ അഹമ്മദാബാദ് സിവില്‍ ഹോസ്പിറ്റലിന് പുറത്ത് ചികിത്സ ലഭിക്കാതെ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടി വന്ന 25ഓളം രോഗികളുടെ വീഡിയോ പുറത്തുവിട്ടിരുന്നത് ഓര്‍മ്മിക്കുക.
പകര്‍ച്ചവ്യാധികള്‍ പോലും സാമുദായികമായി വിഭജിക്കപ്പെട്ട മറ്റൊരു സംസ്ഥാനവും ഇന്ത്യയിലുണ്ടാകുമെന്ന് തോന്നുന്നില്ല. ഗെറ്റോകളുടെ നഗരമെന്ന് അറിയപ്പെടുന്ന അഹമ്മദാബാദിലെ രോഗബാധിത കേന്ദ്രങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.
കുടിയേറ്റ തൊഴിലാളികള്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്ന ഒരു സംസ്ഥാനമാണ് ഗുജറാത്ത്. എന്നാല്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതില്‍ പരാജയപ്പെട്ട സംസ്ഥാനം കൂടിയാണത്.
ഏറ്റവും കൂടുതല്‍ രോഗവ്യാപനം നടന്നിട്ടുള്ള പ്രദേശങ്ങളായ ജമാല്‍പൂര്‍, ഷാഹ്പൂര്‍, ദനിലിംഡാ, ബെഹ്‌റാംപുര എന്നിവ മുസ്ലീം ജനസംഖ്യ കൂടുതലുള്ളവയാണ്. ഖഡിയ, രായ്ഖഡ് എന്നിവ ദളിത് വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളും. തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചുവന്നവരെ ചൊല്ലിയുള്ള വാക്‌പോരുകളും കോവിഡ് കാലത്ത് ഗുജറാത്തില്‍ വ്യാപകമായി നടക്കുകയുണ്ടായി. ഇതേസമയം ഒറീസ്സയില്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയവരില്‍ ടെസ്റ്റ് നടത്തുകയും വൈറസ് ബാധയുണ്ടെന്ന് തിരിച്ചറിഞ്ഞവരെ യഥാസമയം ക്വാറൈന്റനില്‍ നിര്‍ത്തി ആവശ്യമായ പരിചരണം നല്‍കുകയുമാണുണ്ടായത്.
കുടിയേറ്റ തൊഴിലാളികള്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്ന ഒരു സംസ്ഥാനമാണ് ഗുജറാത്ത്. എന്നാല്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതില്‍ പരാജയപ്പെട്ട സംസ്ഥാനം കൂടിയാണത്. സൂറത്തിലും അഹമ്മദാബാദിലും ലോക്ഡൗണ്‍ കാലയളവില്‍ തൊഴിലാളികള്‍ കൂട്ടമായി തെരുവിലിറങ്ങിയ വാര്‍ത്തകള്‍ നാം കാണുകയുണ്ടായി. ഭക്ഷണവിതരണം അടക്കമുള്ള പല കാര്യങ്ങളും എന്‍ജിഓകളെ ഏല്‍പിച്ച് കൈകഴുകുന്ന രീതിയാണ് സര്‍ക്കാര്‍ അവലംബിച്ചിരിക്കുന്നത്. റേഷന്‍ ഏര്‍പ്പെടുത്തുന്നതിലും സൗജന്യ ഭക്ഷണം ഒരുക്കിക്കൊടുക്കുന്നതിലും ജനങ്ങള്‍ക്ക് ആവശ്യമായ പണം കൈമാറുന്നതിലും എല്ലാം സര്‍ക്കാര്‍ പരാജയമാണെന്ന ആരോപണങ്ങള്‍ ഇപ്പോള്‍ത്തന്നെ വ്യാപകമായിട്ടുണ്ട്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന ഒരു സംസ്ഥാനമാണ് ഗുജറാത്ത് (94%). ആരോഗ്യ മേഖലയിലെ പ്രതിശീര്‍ഷ വിനിയോഗം കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത് (2,329രൂപ/വര്‍ഷം/വ്യക്തി). അതേസമയം ആരോഗ്യമേഖലയിലെ പ്രതിശീര്‍ഷ റവന്യൂ ചെലവുകളില്‍ ദരിദ്ര സംസ്ഥാനമായ ഒഡീഷയുടെ സ്ഥാനം പത്താമതാണ് എന്നുകൂടി അറിയുക (2018-19).
വ്യത്യസ്ത രാഷ്ട്രീയ-സാമ്പത്തിക പശ്ചാത്തലമുള്ള മൂന്ന് സംസ്ഥാനങ്ങള്‍ രാജ്യത്തെ ബാധിച്ചിരിക്കുന്ന പൊതുവിപത്തിനെ നേരിട്ട വഴികള്‍ എന്തെന്ന് നാം കണ്ടു. വ്യാവസായികമായി മുന്നിട്ട് നില്‍ക്കുമ്പോഴും പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ കൊട്ടിഘോഷിക്കപ്പെട്ട "ഗുജറാത്ത് മോഡല്‍' എത്രമാത്രം പരാജയമാണെന്ന വസ്തുതയാണ് ഇവിടെ വെളിപ്പെടുന്നത്. കേവലം ഒരു പ്രതിമക്കായ് 3000 കോടി രൂപ ചെലവഴിക്കാന്‍ കെല്പുള്ള ഒരു സംസ്ഥാനത്തിന് ജനങ്ങളുടെ ദുരിതകാലത്ത് അവര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ സാധിക്കുന്നില്ലെന്നത് ഒരു വിഷയമായി ഉയര്‍ത്തിക്കാട്ടാന്‍ സാധിക്കുന്ന ഒരു പ്രതിപക്ഷം പോലും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നില്ല.
വ്യാവസായികമായി മുന്നിട്ട് നില്‍ക്കുമ്പോഴും പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ കൊട്ടിഘോഷിക്കപ്പെട്ട "ഗുജറാത്ത് മോഡല്‍' എത്രമാത്രം പരാജയമാണെന്ന വസ്തുതയാണ് ഇവിടെ വെളിപ്പെടുന്നത്.
വര്‍ഷങ്ങളായി വളര്‍ത്തിയെടുത്ത സാമൂഹിക സുരക്ഷാ സംവിധാനങ്ങള്‍ പകര്‍ച്ചവ്യാധിയുടെ ഘട്ടത്തില്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതില്‍ കേരള ഗവണ്‍മെന്റ് വിജയം നേടിയെന്നത് യാഥാര്‍ത്ഥ്യമാണ്. അടിത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ സൊസൈറ്റി പ്രസ്ഥാനങ്ങളുടെ ജാഗ്രതയും ഇടപെടലും എക്കാലത്തും കേരളത്തിലെ ഭരണകൂട തീരുമാനങ്ങളില്‍ പ്രതിഫലിക്കപ്പെടാറുണ്ടെന്നുള്ളതും അത്രതന്നെ വസ്തുതയാണ്.
പകര്‍ച്ചവ്യാധിയെ നേരിടുന്നതില്‍ നാളിതുവരെ ഒഡീഷ നേടിയ വിജയം മുന്‍കാല ദുരന്തങ്ങളെ നേരിടുന്നതിലൂടെ നേടിയെടുത്ത ആര്‍ജ്ജിതാനുഭവങ്ങള്‍ ഉപയോഗപ്പെടുത്തിയതിന്റെ ഫലം കൂടിയാണ്.
Ajithan K R
3 May 2020, 01:14 PM
പ്രതികൂലസാഹചര്യത്തിലും രോഗത്തിനെ കാര്യക്ഷമമായി തടഞ്ഞു നിർത്തിയത് ഗുജറാത്തിൽ ആയിരുന്നു എന്ന പബ്ലിക് റിലേഷൻസ് തള്ള് അടുത്തുതന്നെ പ്രതീക്ഷിക്കാം.
ഇയ്യ വളപട്ടണം
3 May 2020, 12:38 PM
അബ്ദുള്ള കുട്ടിയാണ് ഈ ലേഖനത്തിന് മറുപടി എഴുതേണ്ടത് എന്ന് തോന്നുന്നു.കാരണം അബ്ദുള്ള കുട്ടിയാണ് ഗുജറാത്തിനെ അവരുടെ വികസന രീതിയെ എന്നും പ്രകീര്ത്തിച്ചത്.എന്നാല്‍ വസ്തുനിഷ്ട്ടമായി മൂന്ന് സംസ്ഥാനങ്ങളുടെ കൊവിദ് ഇടപെടലുകളിലൂടെയുള്ള പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയുള്ള കെ. സഹദേവന്റെ പഠനം വായിക്കുമ്പോള്‍ അബ്ദുള്ള കുട്ടിയും കൂട്ടരും പറഞ്ഞത് അസത്യമാണ് എന്നും തിരിച്ചറിയാം.
Rasheed Arakkal
3 May 2020, 09:33 AM
Really informative
ഡോ. ജയകൃഷ്ണന്‍ എ.വി.
Jan 13, 2021
5 Minutes Read
ഡോ. വി.ജി. പ്രദീപ്കുമാര്‍
Jan 12, 2021
10 Minutes Read
ഉമ്മർ ടി.കെ.
Jan 11, 2021
15 Minutes Read
ഡോ.എ.കെ. അബ്ദുൽ ഹക്കീം
Jan 10, 2021
7 Minutes Read
മുരുകന്‍ കോട്ടായി / അര്‍ഷക് എം.എ.
Jan 04, 2021
12 Minutes Read
നിസാമുദ്ദീന്‍ ചേന്ദമംഗലൂര്‍
Jan 02, 2021
15 Minutes Read
കെ.എം. സീതി
Jan 01, 2021
10 Minutes Read
PJJ Antony
12 May 2020, 11:32 AM
Eye opener indeed!