കെ-റെയിലോ കെ.സുരേന്ദ്രനോ ആദ്യവും അവസാനവും തള്ളിക്കളയേണ്ടത് എന്തിനെ ?

ഫാസിസ്റ്റ് രാഷ്ട്രീയവും പരിസ്ഥിതി സംരക്ഷണവും ഒരേ സമയത്ത് മുന്നിൽ വരുന്നോൾ ഏതിനെ കൂട്ടുപിടിക്കണം എതിനെ കയ്യൊഴിയണം എന്നത് ജനകീയ പ്രസ്ഥാനങ്ങളുടെയും സമരസംഘടനകളുടെയും മുന്നിലെ "കുഴക്കുന്ന ' പ്രശ്നമായി പലപ്പോഴും കടന്നു വരാറുണ്ട്.

ജനകീയ വിഷയങ്ങളിൽ "പ്യൂരിറ്റൻ' വാദം ശരിയാണോ? പൊതുവായ ജനകീയ വിഷയത്തിൽ കൂട്ടുമുന്നണി ഉണ്ടാക്കുകയല്ലേ കരണീയമായിട്ടുള്ളത്? ആറന്മുളയിലും കീഴാറ്റൂരും അടക്കം പല ജനകീയ സമരമുഖങ്ങളിലും ഉയർന്നു വന്ന ചോദ്യം ഇപ്പോൾ കെ റെയിലുമായി ബന്ധപ്പെട്ടും ഉയർത്തപ്പെടുന്നു. കെ. റെയിൽ വിരുദ്ധ ജനകീയ സമിതി അത്തരമൊരു ഓപ്ഷൻ കൂടി ജനങ്ങൾക്ക് മുന്നിലേക്ക് എറിഞ്ഞു കൊടുത്തിരിക്കുന്നു എന്ന് പറയുന്നതാവും കൂടുതൽ ശരി.

പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിൽ വളരെ സുപ്രധാനമെന്ന് വിശേഷിപ്പിക്കാവുന്ന "opportunity cost'നെ സംബന്ധിച്ച ബോധ്യം ഇവിടെ പ്രധാനമാണെന്ന് തോന്നുന്നു. രണ്ട് ഓപ്ഷനുകൾക്കിടയിൽ നഷ്ടപ്പെടുത്താൻ പോകുന്ന ഓപ്ഷനിലൂടെ സംഭവിക്കുന്ന ലാഭ - ചേത കണക്കുകളെ കൃത്യമായി വിലയിരുത്തുകയും അവയുടെ ദീർഘകാല സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ- പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ മനസ്സിലാക്കുകയും ചെയ്യുമ്പോൾ താൽക്കാലിക "അവസര മൂല്യ' നഷ്ടത്തേക്കാൾ പ്രധാനമായിരിക്കും നമ്മുടെ തിരഞ്ഞെടുപ്പെന്ന് ബോധ്യമാകും.

മനുഷ്യ ഇടപെടൽ പ്രകൃതിയിൽ ഉണ്ടാക്കിയ മാറ്റങ്ങൾ / പ്രത്യാഘാതങ്ങൾ തിരിച്ചുപിടിക്കുക സാധ്യമാണോ? ഫാസിസവും വർഗ്ഗീയ വിഭജന രാഷ്ട്രീയവും സമൂഹ ശരീരത്തിൽ ഉണ്ടാക്കിയ വിള്ളലുകൾ / മുറിവുകൾ പരിഹരിക്കുക എളുപ്പമാണോ? ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടുക പ്രധാനമാണ്.

മനുഷ്യ ഇടപെടലുകളിൽ നിന്നുള്ള ബോധപൂർവ്വമായ പിൻവാങ്ങലുകളിലൂടെ പ്രകൃതിയിൽ സൃഷ്ടിച്ച പരിക്കുകൾ ഒരു പരിധി വരെയെങ്കിലും, ചെറിയ കാലയളവുകൊണ്ടുതന്നെ, തിരിച്ചുപിടിക്കാൻ പ്രകൃതിക്ക് സ്വയം ശേഷിയുണ്ടെന്ന് തെളിയിക്കുന്ന എത്രയോ സംഭവങ്ങൾ നമ്മുടെ മുന്നിലുണ്ട്.

എന്നാൽ ഫാസിസത്തിന്റെ വിഭജന രാഷ്ട്രീയം സൃഷ്ടിക്കുന്ന മുറിവുകൾ അർബുദ കോശങ്ങളെന്ന പോലെ ദിനേന പെറ്റുപെരുകുകയാണ് ചെയ്യുന്നതെന്നും നാം കാണുന്നു. ജനാധിപത്യത്തിന്റെ തുറവികളിലൂടെ കടന്നുവരികയും എല്ലാ ജനകീയ ഇച്ഛകളെയും ഇല്ലാതാക്കുകയും ചെയ്യുന്ന ഫാസിസ്റ്റ് രാഷ്ട്രീയത്തെ സമരമുഖങ്ങളിലെ "കൂട്ടുമുന്നണി' യാക്കുന്നവർ ഓർക്കേണ്ടത് ഫാസിസ്റ്റ് രാഷ്ട്രീയത്തെ പടിക്ക് പുറത്ത് നിർത്താതിരിക്കുമ്പോൾ സംഭവിക്കുന്ന "അവസര മൂല്യ' നഷ്ടത്തെക്കുറിച്ച് തന്നെയാണ്.

ആർ .എസ്.എസിനെയും സംഘ പരിവാറിനെയും കേവല രാഷ്ട്രീയ സംഘടനകളായി പരിഗണിക്കുന്നതിലെ രാഷ്ട്രീയ അശ്ലീലം തിരിച്ചറിയാൻ ഇനിയെങ്കിലും ജനകീയ സമര പ്രസ്ഥാനങ്ങൾക്ക് സാധിക്കേണ്ടതുണ്ട്. രാജ്യത്തെ മുഴുവനായും വിറ്റുതുലയ്ക്കുകയും ജനാധിപത്യ - ഭരണഘടനാ സ്ഥാപനങ്ങളെ ഇല്ലാതാക്കുകയും ജനങ്ങളെ വർഗ്ഗീയമായി വിഭജിക്കുകയും, ചെയ്യുന്നവർ ഇവിടെ സമര സഖാക്കളായി വരുന്നതിൽപ്പരം ലജ്ജിക്കേണ്ടതായി എന്തുണ്ട്?

ദില്ലിയിലെ കർഷകർ ഉയർത്തിക്കൊണ്ടു വരുന്ന പുത്തൻ ജനാധിപത്യ മുന്നേറ്റങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളാൻ എന്നാണ് നമുക്ക് സാധിക്കുക?കെ. റെയിലോ?, കെ.സുരേന്ദ്രനോ? എന്ന ഓപ്ഷൻ മുന്നോട്ടുവെച്ചാൽ ആദ്യവും അവസാനവുമായി തള്ളിക്കളയേണ്ടത് കെ.സുരേന്ദ്രനെയാണ് എന്ന കാര്യത്തിൽ സമൂഹത്തിന്റെ പൊതുഭാവിയെക്കുറിച്ച് ഉത്കണ്ഠയുള്ള ആർക്കും രണ്ടഭിപ്രായമുണ്ടാകുമെന്ന് തോന്നുന്നില്ല.

ഒരിക്കലും കൂട്ടിയോജിപ്പിക്കാൻ കഴിയാത്ത രണ്ട് സമാന്തര പാളങ്ങളാണ് ജനകീയ പ്രസ്ഥാനങ്ങളും കാവി രാഷ്ട്രീയവും ഈ പാളങ്ങളെ ഒരുമിച്ച് ചേർക്കാൻ ശ്രമിക്കുന്നത് നാശത്തിലേക്കായിരിക്കും കൊണ്ടുചെന്നെത്തിക്കുക എന്ന് വിനീതമായി ഓർമ്മിപ്പിക്കട്ടെ.


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments