പുതിയകാലത്തിന്റെ
രാഷ്ട്രീയ അജണ്ടകള്‍
പുതിയകാലത്തിന്റെ രാഷ്ട്രീയ അജണ്ടകള്‍
കാലാവസ്ഥാ വ്യതിയാനം തൊട്ട് വൈറസ് വ്യാപനം വരെയുള്ള നിരവധി പ്രതിസന്ധികള്‍ക്കുള്ള കാരണങ്ങളില്‍ പ്രധാനം ഭൂമിയിന്മേലുള്ള മനുഷ്യന്റെ ഇടപെടലാണ്. വന്യജീവജാലങ്ങള്‍ എണ്ണത്തില്‍ വന്‍തോതില്‍ കുറയുകയും മനുഷ്യനും മനുഷ്യന്‍ ഉപഭോഗത്തിനായി വളര്‍ത്തുന്ന ജീവിവര്‍ഗങ്ങളും എണ്ണത്തില്‍ വന്‍തോതില്‍ വര്‍ധിക്കുകയും ചെയ്തത് രോഗകാരികളായ വൈറസുകള്‍ വലിയ തോതില്‍ വ്യാപിക്കാനിടയായി. ഇരപിടിയന്‍ ജീവിവര്‍ഗം എന്ന നിലയിലുള്ള മനുഷ്യന്റെ സവിശേഷതകള്‍ വൈറസുകള്‍ക്ക് വളരാനുള്ള അന്തരീക്ഷമൊരുക്കിയതെങ്ങനെയെന്ന് വിശദീകരിക്കുകയാണ് ലേഖകന്‍. ഒപ്പം നിലനില്‍ക്കുന്ന സാമ്പത്തിക-വികസന മാതൃകകളുടെ കൂടി ഫലമാണ് ഈ പ്രതിസന്ധിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു
9 Jun 2020, 11:00 AM
"കോവിഡാനന്തര കേരളം' തൊട്ട് "പോസ്റ്റ് കോവിഡ് വേള്‍ഡ്' വരെ പലതട്ടിലുള്ള സംവാദങ്ങള്‍ ഇന്ന് ലോകത്ത് നടന്നുകൊണ്ടിരിക്കുന്നു. ജനങ്ങളുടെ സഞ്ചാരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന ഈ കാലത്തുപോലും വിവിധങ്ങളായ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലിരുന്നുകൊണ്ട് വെബിനാറുകളും സംവാദങ്ങളും അരങ്ങുതകര്‍ക്കുകയാണ്. വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ തൊട്ട് പ്രദേശിക സര്‍ക്കാരുകള്‍ വരെ കോവിഡിന് ശേഷമുള്ള തങ്ങളുടെ ജീവിതവ്യാപാരങ്ങള്‍ എങ്ങിനെയായിരിക്കും എന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു എന്നതില്‍ നിന്നുതന്നെ എല്ലാ തട്ടിലുമുള്ള ജനങ്ങളും അടിസ്ഥാന തലത്തിലുള്ള ഒരു മാറ്റത്തെ മൂന്‍കൂട്ടി കാണുന്നു എന്നാണ് മനസ്സിലാകുന്നത്. ആഗ്രഹിച്ചാലും ഇല്ലെങ്കിലും അനിവാര്യമായ രീതിയില്‍ നമ്മിലേക്ക് കടന്നുവരാന്‍ പോകുന്ന കര്‍ശനമായ മാറ്റങ്ങളെ സ്വീകരിക്കാനോ നേരിടാനോ ജനങ്ങളും സ്ഥാപനങ്ങളും ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു എന്നതിന്റെ സൂചനകള്‍ കൂടിയാണിത്. എന്നാലതേസമയം ഈ ചര്‍ച്ചകളുടെ സംവാദഭൂമിക തന്നെ പ്രശ്‌നവല്‍ക്കരിക്കപ്പെടേണ്ടതാണെന്ന് തോന്നുന്നു.
"പോസ്റ്റ് കോവിഡ്' അല്ലെങ്കില്‍ "കോവിഡാനന്തരം' എന്ന സങ്കല്പത്തിലൂടെ ഊന്നി ഉറപ്പാക്കുന്ന ഒരു ആശയമെന്നത്, ലോകത്തിന് മുന്നില്‍ ഇപ്പോള്‍ ഉയര്‍ന്നുവന്ന ഈ പ്രതിസന്ധി മുന്‍കൂട്ടി കാണാന്‍ കഴിയാതെ പോയതും താല്‍ക്കാലികവുമാണെന്നതുമാണ്. ചെറിയ ചില സാങ്കേതിക പരിഹാരങ്ങളിലൂടെ മറികടക്കാന്‍ സാധിക്കുന്ന ഒന്നുമാത്രമാണിത് എന്ന ആശ്വാസത്തെ അത് പ്രദാനം ചെയ്യുന്നുണ്ടെന്നര്‍ത്ഥം. കോവിഡാനന്തര ലോകത്തെ സംബന്ധിച്ച സംവാദങ്ങള്‍ ആരംഭിക്കും മുമ്പ് ഈ സംവാദഭൂമിക തന്നെ ചര്‍ച്ചാ വിഷയമാകേണ്ടത് അനിവാര്യമാകുന്നതവിടെയാണ്. നിലവില്‍ നാം അനുഭവിക്കുന്ന പ്രതിസന്ധി പ്രവചനാതീതമായിരുന്നുവോ? കോവിഡ് കാലം അവസാനിക്കുമോ? മനുഷ്യവംശത്തിന് മുന്നില്‍ ആദ്യമായി അവതരിക്കുന്ന ഒരു പ്രതിസന്ധിയാണോ ഇത്? നിലവിലുള്ള വ്യവസ്ഥയ്ക്കകത്ത് നിന്നുകൊണ്ട്, സാമൂഹ്യ, സാംസ്‌കാരിക, സാമ്പത്തിക ബന്ധങ്ങളിലൂടെ- ഈ പ്രതിസന്ധികളെ മറികടക്കാന്‍ സാധിക്കുമോ? "പീസ് മീല്‍' പരിഹാരങ്ങള്‍ ലോകത്തെ എവിടെ കൊണ്ടുചെന്നെത്തിക്കും? തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു മാത്രമേ "കോവിഡാനന്തര ലോകത്തെ' സംബന്ധിച്ചുള്ള ചര്‍ച്ചകളിലേക്ക് കടക്കാന്‍ സാധിക്കുകയുള്ളൂ.
ശാസ്ത്രം ഒരു ജീവവസ്തുവായി പോലും പരിഗണിച്ചിട്ടില്ലാത്ത വൈറസുകള്‍ മനുഷ്യനും മുന്നെ ഭൂമിയില്‍ ഉടലെടുത്ത ഒന്നാണ്. കൃത്യമായ ഉത്ഭവചരിത്രം മനസ്സിലാക്കാന്‍ മാത്രമുള്ള ഫോസില്‍ തെളിവുകള്‍ ഉത്പാദിപ്പിക്കാത്ത ഒന്നാണവ. അനന്തകോടി നക്ഷത്രജാലങ്ങള്‍ക്ക് തുല്യമായത്രയും വൈറസുകള്‍ ഭൂമിയിലുണ്ട് എന്നതും അവയില്‍ ചിലവ മനുഷ്യനും മൃഗങ്ങള്‍ക്കും മാരകമായ രീതിയില്‍ പ്രഹരങ്ങള്‍ ഏല്‍പ്പിക്കാറുണ്ടെന്നുള്ളതും വസ്തുതയാണ്. ഇതര ജീവജാലങ്ങളുടെ ശരീരത്തില്‍ കടന്ന് ചെന്ന് മാത്രമേ വംശവര്‍ദ്ധനവ് നടത്താന്‍ വൈറസുകള്‍ക്ക് സാധ്യമാകൂ എന്നതുകൊണ്ടുതന്നെ മുന്‍നിശ്ചയ പ്രകാരമുള്ള പരിണാമ രീതികളല്ല വൈറസുകളുടെ വഴി എന്ന് മനസ്സിലാക്കേണ്ടതുണ്ട്. സാഹചര്യങ്ങള്‍ക്കനുസരിച്ച് "പുതിയ സൂത്രങ്ങള്‍ ശീലിക്കാനുള്ള ജനിതക വ്യതിയാനങ്ങളുടെ സമൃദ്ധമായ വഴികള്‍ വൈറസുകളുടെ മുന്നില്‍ നിലനില്‍ക്കുന്നുണ്ടെന്ന്' (Ledenberg, 1989) മൈക്രോ ബയോളജിസ്റ്റുകള്‍ വിശദീകരിക്കുന്നുണ്ട്.

മനുഷ്യരെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന രോഗകാരികളായ വൈറസുകളുടെ സാന്നിദ്ധ്യം ആദ്യമായി കണ്ടെത്തിയ 1880 കള്‍ തൊട്ടിങ്ങോട്ട് മനുഷ്യനും വൈറസുകളും തമ്മിലുള്ള യുദ്ധം ആര്‍ക്കും ജയപരാജയങ്ങളില്ലാതെ മുന്നോട്ടുപോകുന്നുവെന്നുവെന്നാണ് വൈറോളജി സംബന്ധിച്ച ചരിത്രത്തില്‍ നിന്ന് മനസ്സിലാകുന്നത്. വൈറസുകളെ ഇല്ലാതാക്കാന്‍ മനുഷ്യനോ മനുഷ്യനെ ഇല്ലാതാക്കാന്‍ വൈറസുകള്‍ക്കോ സാധിച്ചിട്ടില്ലെന്ന് ചുരുക്കം.
പ്രപഞ്ചാതിര്‍ത്തികളെ (Planetary Boundaries) അതിലംഘിക്കാനും അതുവഴി തന്റെ തന്നെ വംശഹത്യയ്ക്ക് വഴിമരുന്നിടാനും മനുഷ്യന്‍ ആരംഭിച്ചതിന് മനുഷ്യന്‍ തന്നെ ആര്‍ജ്ജിച്ചെടുത്ത ചില ശേഷികള്‍ കാരണമായിട്ടുണ്ടെന്ന് അംഗീകരിച്ചേ മതിയാകൂ.
നാളിതുവരെയുള്ള ഭൗമചരിത്രത്തില്‍ എണ്ണിയാലൊടുങ്ങാത്ത പ്രകൃതി ദുരന്തങ്ങളും ജീവജാതി നാശങ്ങളും മഹാമാരികളും ഉണ്ടായിട്ടുണ്ട്. മനുഷ്യവംശം ഉടലെടുക്കും മുമ്പുതന്നെ ഇവയൊക്കെയും ഭൗമഘടനയിലും ജീവജാതികളുടെ പരിണാമാവസ്ഥകളിലും നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിയിട്ടുമുണ്ട്. പുതിയതരം ജീവജാതികളുടെ പിറവിക്കും മറ്റ് പലതിന്റെയും നാശത്തിനും ഇവ കാരണമായി. അപ്പോഴൊക്കെയും അടിസ്ഥാന ജൈവനിയമങ്ങളെ അതിലംഘിക്കാന്‍ മനുഷ്യനോ മറ്റേതെങ്കിലും ജീവജാതികള്‍ക്കോ സാധിച്ചിട്ടില്ല. ഏതൊരു ദശാസന്ധിയില്‍ വെച്ചാണ് കളിനിയമങ്ങള്‍ ലംഘിക്കപ്പെട്ടത് എന്ന് പരിശോധിക്കുമ്പോള്‍ മാത്രമേ മനുഷ്യവംശം ഇന്നെത്തി നില്‍ക്കുന്ന പ്രതിസന്ധികളെ മനസ്സിലാക്കാനും അവയ്ക്കുള്ള പരിഹാര നടപടികള്‍ സ്വീകരിക്കാനും സാധിക്കുകയുള്ളൂ.
പ്രപഞ്ചാതിര്‍ത്തികളെ (Planetary Boundaries) അതിലംഘിക്കാനും അതുവഴി തന്റെ തന്നെ വംശഹത്യയ്ക്ക് വഴിമരുന്നിടാനും മനുഷ്യന്‍ ആരംഭിച്ചതിന് മനുഷ്യന്‍ തന്നെ ആര്‍ജ്ജിച്ചെടുത്ത ചില ശേഷികള്‍ കാരണമായിട്ടുണ്ടെന്ന് അംഗീകരിച്ചേ മതിയാകൂ. ഭൂമിയിലെ മറ്റൊരു ജീവജാതിക്കും സാധ്യമാകാത്ത വിധത്തിലുള്ള ആധിപത്യം മനുഷ്യന്‍ സാധിച്ചെടുത്തപ്പോള്‍ അത് തന്റെയും മറ്റ് ജീവജാലങ്ങളുടെയും സംരക്ഷണത്തിനായല്ല മറിച്ച് അവയുടെ നിലനില്‍പിനെത്തന്നെ അപകടത്തിലേക്ക് നയിക്കുന്നവിധത്തിലേക്ക് കൊണ്ടുചെന്നെത്തിക്കുകയാണുണ്ടായത്. ഇതിന് അവനെ നിര്‍ബന്ധിതമാക്കുന്ന ഒരു സാമൂഹ്യ-സാമ്പത്തിക വ്യവസ്ഥയെ കൂടുതല്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കാനുള്ള അവസരമായി വേണം പുതിയ പ്രതിസന്ധിയെ കാണാന്‍.
മനുഷ്യ ഇടപെടലുകളിലെ വൈറസ് വഴികള്‍
വര്‍ത്തമാന കാലത്ത് ഉടലെടുത്ത വൈറസ് പ്രതിസന്ധിയെ കൂടി നിലവിലുള്ള സാമ്പത്തിക വികസന പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. പുതിയതരം വൈറസുകളുടെ വളര്‍ച്ച, മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കുള്ള അവയുടെ കടന്നുകയറ്റത്തിന്റെ കാരണങ്ങള്‍, ആഗോളതലത്തില്‍ വ്യാപനം എന്നിവയ്ക്ക് അടിസ്ഥാനമായ കാരണങ്ങള്‍ കണ്ടെത്തുമ്പോള്‍ മാത്രമേ അവയ്ക്കുള്ള പരിഹാരങ്ങള്‍ സാധ്യമാകുകയുള്ളൂ. കാലാവസ്ഥാ വ്യതിയാനം തൊട്ട് വൈറസ് വ്യാപനം വരെയുള്ള നിരവധി പ്രതിസന്ധികള്‍ക്കുള്ള കാരണങ്ങളില്‍ ഒരൊറ്റ ഘടകത്തെ വേര്‍തിരിച്ചെടുക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍ അത് മനുഷ്യന്റെ ഭൂമിയിന്മേലുള്ള അമിത ഇടപെടല്‍ മാത്രമാണ്. കുറച്ചുകൂടി കണിശമായി പറയുകയാണെങ്കില്‍ വ്യാവസായിക മുതലാളിത്തം ജൈവമണ്ഡലത്തിന്മേല്‍ ഏല്‍പ്പിച്ച ഭാരം വര്‍ത്തമാനകാലത്തെ നിരവധി പ്രതിസന്ധികള്‍ക്കുള്ള കാരണങ്ങളായി കണ്ടെത്താന്‍ കഴിയും. വൈറസുകളുടെ വ്യാപനവുമായി ബന്ധപ്പെട്ട് ഇതെങ്ങിനെ പ്രവര്‍ത്തിക്കുന്നുവെന്നറിയാന്‍ ശാസ്ത്ര നിഗമനങ്ങളിലൂടെ ഒരല്‍പം കടന്നുപോകേണ്ടതുണ്ട്.
കാലാവസ്ഥാ വ്യതിയാനം തൊട്ട് വൈറസ് വ്യാപനം വരെയുള്ള നിരവധി പ്രതിസന്ധികള്‍ക്കുള്ള കാരണങ്ങളില്‍ ഒരൊറ്റ ഘടകത്തെ വേര്‍തിരിച്ചെടുക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍ അത് മനുഷ്യന്റെ ഭൂമിയിന്മേലുള്ള അമിത ഇടപെടല്‍ മാത്രമാണ്.
ഭൂമിയിലെ ജൈവീകമായ എല്ലാ വസ്തുക്കളുടെയും ആപേക്ഷിക പിണ്ഡം (relative mass) വൈറസ് ഉള്‍പ്പെടെ- അവയുടെ കാര്‍ബണ്‍ പിണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ കണക്കെടുക്കുവാന്‍ സാധിക്കും. ജൈവമണ്ഡലത്തിന്റെ ഘടനയെയും അതിന്റെ ചലനാത്മകതയെയും മനസ്സിലാക്കുന്നതിന് ഇത് അനിവാര്യമാണ് താനും. ഭൗമ വ്യവസ്ഥയിലെ വിവിധ വര്‍ഗ്ഗങ്ങളുടെ ജൈവപിണ്ഡത്തിന്റെ പാരിമാണികമായ താരതമ്യം പ്രയാസകരമാണെങ്കില്‍ പോലും അവയുടെ സങ്കലനം 550 ജിഗാടണ്‍ കാര്‍ബണ്‍ (gigatons of Carbon Gt C) ആണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ജീവമണ്ഡലത്തിലെ വിവിധങ്ങളായ ജീവജാതികള്‍ ഭൗമോപരിതലങ്ങളിലും സമുദ്രാന്തര്‍ ഭാഗങ്ങളിലും ഭൗമാന്തര്‍ ഭാഗങ്ങളിലുമായാണ് പ്രധാനമായും വിന്യസിച്ചിരിക്കുന്നത്. ഇതില്‍ ഏറ്റവും സമൃദ്ധമായി ജൈവപിണ്ഡമുള്ളവ സസ്യജാലങ്ങളാണ് (450 Gt C). അതോടൊപ്പം തന്നെ ബാക്ടീരിയ (70 Gt C), ആര്‍ക്കീ (Archaea 7Gt C), ഫംഗസുകള്‍ (12 Gt C), ജന്തുക്കള്‍ (2 Gt C) എന്നിങ്ങനെയും കണക്കാക്കപ്പെട്ടിട്ടുണ്ട്. മേല്‍പ്പറഞ്ഞ ജീവജാതികളില്‍ ജന്തുക്കളുടെ കണക്ക് വേര്‍തിരിച്ച് പരിശോധിക്കുമ്പോള്‍ മനസ്സിലാക്കാന്‍ കഴിയുന്ന വസ്തുത വന്യസസ്തനി (Wild Mammals, 0.007 Gt C)കളേക്കാളും ആറ് മടങ്ങ് കൂടുതലാണ് മനുഷ്യന്റെ(0.06 Gt C) ജൈവപിണ്ഡം എന്നാണ്.
അതേസമയം തന്നെ മനുഷ്യന്‍ തന്റെ ഉപഭോഗത്തിനായി വളര്‍ത്തിയെടുത്ത മൃഗങ്ങളുടെ ജൈവപിണ്ഡം മനുഷ്യന്റേതിനേക്കാള്‍ ഏതാണ്ട് ഇരുപത് മടങ്ങ് കൂടുതലാണ് എന്നും കാണാം. സസ്തനി(mammals) വര്‍ഗ്ഗത്തിന്റെ ജൈവപിണ്ഡത്തില്‍ സംഭവിച്ച മാറ്റങ്ങള്‍ മാത്രം കണക്കിലെടുത്താല്‍ മനുഷ്യനെന്ന സസ്തനി ഭൂമിയിലെ മൊത്തം ജൈവപിണ്ഡ വ്യവസ്ഥയില്‍ ഇടപെട്ടത് എങ്ങിനെയെന്ന് തിരിച്ചറിയാന്‍ സാധിക്കും. മഹാജീവജാതി നാശങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന സസ്തനികളുടെ ജൈവപിണ്ഡത്തില്‍ (0.02 Gt C, Barnosky) പിന്നീട് ഏഴ് മടങ്ങിലധികം കുറവുണ്ടായതായി കണക്കാക്കപ്പെട്ടിട്ടുണ്ട്. കരയിലെയും കടലിലെയും മൊത്തം വന്യസസ്തനികളുടെ ജൈവപിണ്ഡത്തില്‍ കുറവ് സംഭവിക്കുന്നുവെങ്കിലും ഭൂമുഖത്തെ മൊത്തം സസ്തനികളുടെ എണ്ണത്തില്‍ നാല് മടങ്ങ് വര്‍ധനവ് സംഭവിച്ചതായി കാണാം. ഈ ഉയര്‍ച്ച സംഭവിച്ചത് മനുഷ്യവര്‍ഗ്ഗത്തിന്റെയും കന്നുകാലികളുടെയും എണ്ണത്തില്‍ ഉണ്ടായ വര്‍ദ്ധനവ് മൂലമാണെന്നത് ശ്രദ്ധേയമാണ്(Proceedings of National Academy of Science, Vol.115, June, 2018). ഈയൊരു വര്‍ദ്ധനവ് പ്രധാനമായും സംഭവിച്ചത് കഴിഞ്ഞ രണ്ട് നൂറ്റാണ്ട് കാലയളവിലാണ് എന്നതുകൂടി നാം മനസ്സിലാക്കേണ്ടതുണ്ട്.
ഭൂമിയിലെ ജൈവപിണ്ഡ വിതരണത്തില്‍ സംഭവിച്ച ഗുരുതരമായ വ്യതിയാനം വൈറസ് വ്യാപനം പോലുള്ള പ്രതിസന്ധിയെ കൂടുതല്‍ ഗൗരവതരമാക്കുന്നതെങ്ങിനെയെന്ന് കൂടി പരിശോധിക്കുമ്പോള്‍ മാത്രമേ നാം എത്തി നില്‍ക്കുന്ന വിഷമവൃത്തത്തെക്കുറിച്ച് ശരിയായ ബോദ്ധ്യമുണ്ടാകൂ.
ഇരപിടിയന്‍ ജീവിവര്‍ഗ്ഗം (predatory species) എന്ന നിലയിലുള്ള മനുഷ്യന്റെ സ്വഭാവ സവിശേഷത വൈറസുകള്‍ അടക്കമുള്ള രോഗാണുക്കള്‍ക്ക് വളരാനുള്ള അന്തരീക്ഷം സൃഷ്ടിച്ചെടുക്കുകയുണ്ടായി. വന്യജീവജാലങ്ങളുടെ എണ്ണത്തില്‍ വന്‍തോതില്‍ കുറവ് സംഭവിക്കുകയും മനുഷ്യന്റെയും അവന്റെ ഉപഭോഗത്തിനായി പരിപാലിച്ചുപോന്ന വളര്‍ത്തുമൃഗങ്ങളുടെയും എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവുണ്ടാകുകയും ചെയ്തതോടെ രോഗകാരികളായ വൈറസുകളുടെ വാഹകരായി ഇരുജീവിവര്‍ഗ്ഗങ്ങളും മാറുകയുണ്ടായി. കാരണം ആതിഥേയ ജീവിവര്‍ഗ്ഗ (host species)ത്തിന്റെ എണ്ണത്തില്‍ സംഭവിക്കുന്ന ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച് വൈറസുകള്‍ തങ്ങളുടെ നിലനില്‍പ് ഭദ്രമാക്കുന്നതിനായി അനുകൂല സാഹചര്യങ്ങളിലേക്ക് മാറുന്നു. ലേഖനത്തിന്റെ തുടക്കത്തില്‍ ലെഡന്‍ബെര്‍ഗിന്റെ ഉദ്ധരണിയില്‍ സൂചിപ്പിച്ചതുപോലെ "പുതിയ സൂത്രങ്ങള്‍ ശീലിക്കാനുള്ള ജനിതക വ്യതിയാനങ്ങളുടെ സമൃദ്ധമായ വഴികള്‍ വൈറസുകളുടെ മുന്നില്‍ നിലനില്‍ക്കുന്നുണ്ടെന്ന്' നാം മനസ്സിലാക്കേണ്ടതുണ്ട്.
മറ്റ് വന്യജീവജാതികളില്‍ നിന്ന് ഭിന്നമായി മനുഷ്യന്റെയും വളര്‍ത്തുമൃഗങ്ങളുടെയും മറ്റൊരു സ്വഭാവ സവിശേഷത കൂടി വൈറസ് വ്യാപനത്തിന് കാരണമായി മാറുന്നുണ്ട്. അത് ഇരുജീവികളുടെയും സാമൂഹിക ജീവന സ്വഭാവമാണ്. പരസ്പരം കൂടിക്കഴിയാനും വലിയതോതില്‍ സഞ്ചാരങ്ങളില്‍ ഏര്‍പ്പെടാനും ഉള്ള സാധ്യതകള്‍, ലോകത്തിന്റെ എല്ലാ കോണുകളിലേക്കും രോഗാണുക്കളെ എത്തിക്കുവാനുള്ള മനുഷ്യന്റെ കഴിവ് അപാരമാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. പ്രത്യേകിച്ചും അന്താരാഷ്ട്ര വ്യോമഗതാഗത സൗകര്യങ്ങള്‍ വര്‍ദ്ധിച്ചതോടൂകൂടി മനുഷ്യരുടെയും വളര്‍ത്തുമൃഗങ്ങളുടെയും സഞ്ചാരത്തിലെ വര്‍ദ്ധനവ് കഴിഞ്ഞ ഏഴ് പതിറ്റാണ്ട് കാലയളവില്‍ ആയിരക്കണക്ക് മടങ്ങാണെന്ന് കണാന്‍ കഴിയും. 1950കളില്‍ ആഗോള വ്യോമയാത്രക്കാരുടെ എണ്ണം 2ദശലക്ഷം ആയിരുന്നുവെങ്കില്‍ 1990ല്‍ അത് 424 ദശലക്ഷമായി ഉയര്‍ന്നു. 2019ല്‍ അത് 4.54 ബില്യണ്‍ ആയി വര്‍ധിക്കുകയും ചെയ്തു (E. Mazarenu, Stattsia.com, 2020). മനുഷ്യ ഇടപെടല്‍ ഭൂമിയിലെ ആവാസവ്യവസ്ഥകളിലെ വൈവിധ്യങ്ങളെ ഇല്ലായ്മ ചെയ്യുകയും ഒരൊറ്റ ആവാസ മണ്ഡലമായി മാറ്റുകയും ചെയ്തു എന്ന് പറയാവുന്നതാണ്. ലോകത്ത് ഇപ്പോഴും നിരവധി കാലാവസ്ഥാ മേഖലകളും ഭൗമമേഖലകളും ഉള്ളപ്പോള്‍ തന്നെയും സസ്യജന്തുജാലങ്ങളുടെ ഒരിടത്തുനിന്നും മറ്റൊരിടങ്ങളിലേക്കുള്ള സഞ്ചാരം മനുഷ്യ ഇടപെടല്‍ കാരണം വര്‍ദ്ധിച്ചിരിക്കുന്നുവെന്ന് കാണാന്‍ സാധിക്കും.
നിലവിലുള്ള ഉത്പാദന-ഉപഭോഗ ക്രമം അതേപടി തുടരണമെങ്കില്‍, മനുഷ്യന്റെ പാരിസ്ഥിതിക പാദമുദ്ര ഇതേരീതിയില്‍ പതിയണമെങ്കില്‍ ഇത്തരത്തില്‍ എട്ട് ഭൂമിയെങ്കിലും ആവശ്യമുണ്ടെന്നത് അതിശയോക്തി നിറഞ്ഞ ഒരു കെട്ടുകഥയല്ല.
ഒരു ജീവജാതി എന്ന നിലയില്‍ മനുഷ്യന്‍ ജൈവപ്രപഞ്ചത്തിന് മേല്‍ സൃഷ്ടിച്ച ആഘാതങ്ങള്‍ നിരവധിയാണ്. എന്തുചെയ്യണമെന്നറിയാതെ കുന്നുകൂടി കിടക്കുന്ന ആണവമാലിന്യങ്ങള്‍ തൊട്ട് കാലാവസ്ഥാ പ്രതിസന്ധി വരെയുള്ളവ മനുഷ്യന്‍ സൃഷ്ടിച്ച എല്ലാ നിര്‍മ്മിതികളെയും അര്‍ത്ഥശൂന്യമാക്കുന്നുണ്ട്. അതിതീവ്ര കാലാവസ്ഥാ സംഭവങ്ങള്‍ സമീപ ഭാവിയില്‍ തന്നെ ലോകത്ത് കോടിക്കണക്കായ ജനങ്ങളെ നിരാലംബരാക്കാന്‍ പോകുന്നവയാണെന്ന മുന്നറിയിപ്പുകള്‍ വന്നുതുടങ്ങിയിരിക്കുന്നു. വെള്ളപ്പൊക്കത്തിന്റെയും വരള്‍ച്ചയുടെയും മഞ്ഞുരുകലിന്റെയും ഉഷ്ണതാപത്തിന്റെയും കൊടുംശൈത്യത്തിന്റെയും കൊടുങ്കാറ്റുകളുടെയും രൂപത്തില്‍ അത് മനുഷ്യ ജീവിതത്തിന് മേല്‍ ദുരിതങ്ങളായി പെയ്തിറങ്ങും. അരനൂറ്റാണ്ട് മുമ്പെങ്കിലും പല തരത്തിലുള്ള മുന്നറിയിപ്പുകള്‍ ശാസ്ത്രലോകം നല്‍കിയിരുന്നുവെങ്കിലും അവയൊന്നും അംഗീകരിക്കാന്‍ സാധിക്കാത്തവിധം നമ്മുടെ സാമൂഹിക ജീവിതവും അതിനെ മുന്നോട്ടുനയിക്കുന്ന സമ്പദ് വ്യവസ്ഥയും വളര്‍ന്നുകഴിഞ്ഞിരുന്നു. മേല്‍പ്പറഞ്ഞ പ്രതിസന്ധികള്‍ക്കൊന്നിനും പ്രാദേശികമായ പരിഹാരം സാധ്യമല്ലാത്തവിധം "ആന്ദ്രപോസീന്‍ യുഗം' ജൈവമണ്ഡലത്തിന് മേല്‍ സ്വാധീനം ശക്തമാക്കിയിരിക്കുന്നു.
നിരന്തരവും ക്രമാതീതവുമായ വളര്‍ച്ച ആവശ്യപ്പെടുന്ന ഫിനാന്‍ഷ്യല്‍ കാപിറ്റലിസത്തിന്റെ തിരികല്ലിലാണ് ലോകം ഇന്ന് കറങ്ങിക്കൊണ്ടിരിക്കുന്നത്. അത്തരമൊരു വളര്‍ച്ചയെ തൃപ്തിപ്പെടുത്താനാവശ്യമായ വിഭവങ്ങള്‍ ഭൂമിയിലുണ്ടോ എന്നത് ഇന്നൊരു ചോദ്യം മാത്രമായി അവശേഷിക്കുന്നില്ല. അവയ്ക്കുള്ള ഉത്തരവും ശാസ്ത്രം കണ്ടെത്തിക്കഴിഞ്ഞു. നിലവിലുള്ള ഉത്പാദന-ഉപഭോഗ ക്രമം അതേപടി തുടരണമെങ്കില്‍, മനുഷ്യന്റെ പാരിസ്ഥിതിക പാദമുദ്ര ഇതേരീതിയില്‍ പതിയണമെങ്കില്‍ ഇത്തരത്തില്‍ എട്ട് ഭൂമിയെങ്കിലും ആവശ്യമുണ്ടെന്നത് അതിശയോക്തി നിറഞ്ഞ ഒരു കെട്ടുകഥയല്ല.
എന്നാല്‍ ഈയൊരു ശാസ്ത്ര വസ്തുതകളെ അംഗീകരിച്ചുകൊണ്ട് മാനവരാശിയെ പൊതുവില്‍ ബാധിച്ചുകൊണ്ടിരിക്കുന്ന ഈ പ്രതിസന്ധികളില്‍ നിന്ന് കരകയറാനുള്ള അന്വേഷണങ്ങളല്ല അധികാര കേന്ദ്രങ്ങളില്‍ ഇരിക്കുന്നവരും സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കുന്നവരും നടത്തിക്കൊണ്ടിരിക്കുന്നത്. കോവിഡ് 19 ഇന്നുവരെ കാണാത്ത രീതിയില്‍ ലോകത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ അട്ടിമറിച്ചുകൊണ്ടിരിക്കുമ്പോഴും കൂടുതല്‍ കേന്ദ്രീകൃതവും നിയന്ത്രണ സാധ്യവുമായ അധികാര സ്വരൂപങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളില്‍ വ്യാപൃതരാണവര്‍.
ഡിജിറ്റല്‍ ഒളിഗാര്‍ക്കുകള്‍
ഇന്റര്‍നെറ്റ് വിപ്ലവം വ്യാപകമാകാന്‍ തുടങ്ങിയ തൊണ്ണൂറുകളുടെ മധ്യത്തില്‍ ജനാധിപത്യവാദികള്‍ തുറന്നതും നിയന്ത്രണരഹിതവുമായ ഒരു ലോകത്തെക്കുറിച്ച് സ്വപ്നം കണ്ടു. സൈബര്‍ ഇടങ്ങളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമെന്ന നിലയില്‍ അമേരിക്കന്‍ കവിയും ആക്ടിവിസ്റ്റുമായ പെറി ബാര്‍ലോ എഴുതി: "Governments of the Industrial World, you weary giants of flesh and steel, ....declare the global social space we are building to be naturally independent of the tyrannies you seek to impose on us' (A Declaration of the Independence of Cyberspace, John Perry Barlow, February 8, 1996).

സ്വതന്ത്ര സോഫ്റ്റ് വെയറുകള്‍ക്കും ഓപ്പണ്‍ ആക്സസ് സൈബര്‍ ഇടങ്ങള്‍ക്കും വേണ്ടിയുള്ള അന്വേഷണങ്ങള്‍ പരിമിതമായ തോതില്‍ ഒരു ഭാഗത്ത് നടക്കുമ്പോള്‍ തന്നെ ഡിജിറ്റല്‍ ഏകീകരണങ്ങള്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ആഗോളതലത്തില്‍ സജീവമായി നടന്നുകൊണ്ടിരിക്കുന്നു. പോസ്റ്റ് കോവിഡ് കാലത്തെ സംബന്ധിച്ച ചര്‍ച്ചകളില്‍ ആഗോള സമ്പദ്വ്യവസ്ഥയെയും ഭരണക്രമങ്ങളെയും നിയന്ത്രിക്കുന്നവര്‍ നടത്തുന്ന ചര്‍ച്ചകളിലൂടെ കടന്നുപോയാല്‍ ഇക്കാര്യം വ്യക്തമാകും.
"അദൃശ്യമായ ഒരു ലോകത്തിനായി ആഗോള സ്ഥാപനങ്ങളെ പുനഃസംഘാടനം ചെയ്യേണ്ടുന്നതിന്റെ ആവശ്യകത'യെക്കുറിച്ചാണ് (R.Modhera, Digital Bretton woods, Project Syndicate) അവര്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആഗോള ഭരണസംവിധാനങ്ങളുടെ നെടുംതൂണുകളായി നിലകൊണ്ട ബ്രെട്ടണ്‍വുഡ് സ്ഥാപനങ്ങളെ - ലോകബാങ്ക്, ഐം.എം.എഫ് തുടങ്ങിയവ- പുനര്‍ നിര്‍മ്മിക്കാനുള്ള ഒരുക്കങ്ങളിലാണവര്‍. സോഫ്റ്റ് വെയര്‍ സ്റ്റാക്കുകള്‍, ഡാറ്റാ ശേഖരണ ശേഷികള്‍, ഡിജിറ്റല്‍ ബിസിനസ് മോഡലുകള്‍ എന്നിവ ഉള്‍ച്ചേര്‍ത്തുകൊണ്ടുള്ള ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറുകളുടെ ഏകോപനത്തെക്കുറിച്ചാണവര്‍ ചിന്തിക്കുന്നത്. കേന്ദ്രീകരണത്തിന്റെ അഭാവമാണ് ഒരു കാലത്ത് ഇന്റര്‍നെറ്റിനെ നിര്‍വ്വചിച്ചിരുന്നതെങ്കില്‍ ഇന്നത് ഡാറ്റാ സാന്ദ്രീകരണവും കമ്പ്യൂട്ടേഷണല്‍ ശേഷിയുമായി പരിവര്‍ത്തിക്കപ്പെട്ടിരിക്കുന്നു. പ്ലാറ്റ്ഫോം ഇക്കണോമി, നിര്‍മ്മിത ബുദ്ധി (Artificial Intelligence AI), സര്‍വ്വേലിയന്‍സ്, ക്വാണ്ടം കമ്പ്യൂട്ടിംഗ് എന്നിവയെല്ലാം വലിയ തോതിലുള്ള ഡാറ്റകളോടൊപ്പം അങ്ങേയറ്റം കേന്ദ്രീകൃതമായ ഒരു അധികാര സ്വരൂപത്തെയും ആവശ്യപ്പെടുന്നുണ്ട്. ഓപ്പണ്‍ നെറ്റ് വര്‍ക്കുകളെ സംബന്ധിച്ച ആദ്യകാല ഇന്റര്‍നെറ്റ് വിപുലീകരണ ചിന്തകളെ അപ്രസക്തമാക്കിക്കൊണ്ട് കൂടുതല്‍ കേന്ദ്രീകൃതവും സങ്കീര്‍ണ്ണവുമായ ഒരു വ്യവസ്ഥയാണ് അത് മുന്നോട്ടുവെക്കുന്നത്. ലോകത്ത് ഇന്ന് നിലനില്‍ക്കുന്ന ഏതെങ്കിലും ഒരു ഭരണകൂട വ്യവസ്ഥയ്ക്കുമപ്പുറം ഡിജിറ്റല്‍ ഒളിഗാര്‍ക്കുകളാല്‍ നിയന്ത്രിക്കപ്പെടുന്ന "ഡിജിറ്റല്‍ ബ്രെട്ടണ്‍വുഡ്ഡു'കളുടെ രൂപീകരണത്തിനായുള്ള തയ്യാറെടുപ്പുകള്‍ മറുഭാഗത്ത് ശക്തമായി നടക്കുന്നു.
ലോകത്ത് ഇന്ന് നിലനില്‍ക്കുന്ന ഏതെങ്കിലും ഒരു ഭരണകൂട വ്യവസ്ഥയ്ക്കുമപ്പുറം ഡിജിറ്റല്‍ ഒളിഗാര്‍ക്കുകളാല്‍ നിയന്ത്രിക്കപ്പെടുന്ന "ഡിജിറ്റല്‍ ബ്രെട്ടണ്‍വുഡ്ഡു'കളുടെ രൂപീകരണത്തിനായുള്ള തയ്യാറെടുപ്പുകള്‍ മറുഭാഗത്ത് ശക്തമായി നടക്കുന്നു.
ധനകാര്യ സേവനങ്ങള്‍, പൊതുജനാരോഗ്യം, ഗതാഗതം, കൃഷി, വിദ്യാഭ്യാസം, മാധ്യമങ്ങള്‍ തുടങ്ങി സമസ്ത സാമ്പത്തിക പ്രവര്‍ത്തനങ്ങളും പുതുതായി വികസിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിന് മേല്‍ കെട്ടിപ്പൊക്കിയതായിരിക്കും. നിര്‍മ്മിത ബുദ്ധിയെയും കമ്പ്യൂട്ടേഷണല്‍ ശേഷിയെയും നിയന്ത്രിക്കാന്‍ സാധിക്കുന്നവരിലേക്ക് കൂടുതല്‍ അധികാരം നിക്ഷിപ്തമാകുന്ന അവസ്ഥ ഇതുവഴി സംജാതമാകുന്നു.
വ്യാസായിക യുഗം മുന്നോട്ടുവെച്ച സാമ്പ്രദായിക സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാന രീതിശാസ്ത്രങ്ങളെ അത് കയ്യൊഴിയുകയും ഉത്പാദനം, വ്യാപാരം, ഉപഭോഗം എന്നിവയ്ക്ക് പകരമായി ഉത്പാദനം, ശേഖരണം, വിവര സംരക്ഷണം എന്നിവ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയെ കയ്യേല്‍ക്കുകയും ചെയ്യും. ഉത്പാദനത്തിനും നവീകരണത്തിനും മുന്‍തൂക്കം നല്‍കിക്കൊണ്ട് "വിജയിച്ചവന് എല്ലാം കയ്യടക്കാന്‍' കഴിയുന്നത്രയും വിപുലമായ കേന്ദ്രീകരണത്തെ സാധ്യമാക്കുകയും ചെയ്യുന്നു. ഉത്പാദനത്തിലും (Production) വിനിമയത്തിലും (exchange) മൂല്യത്തിന്റെ ഉറവിടം കണ്ടെത്തുന്ന സാമാന്യ സാമ്പത്തിക മാതൃകകളെ അത് അപ്രസക്തമാക്കുകയും ബൗദ്ധിക സ്വത്തവകാശത്തെ മൂല്യസ്രോതസ്സായി പരിഗണിക്കുകയും ചെയ്യും. ഇപ്പോള്‍ത്തന്നെ ലോകത്തിലെ ഏറ്റവും മൂല്യവത്തായ ആസ്തി ബൗദ്ധിക സ്വത്തവകാശമാണ്. S&P 500 (Standard & poor's) കമ്പനികളുടെ മൊത്തം ആസ്തിയുടെ 84%ത്തോളം വരുമത്.
മാനംമുട്ടെ വളര്‍ന്നുനില്‍ക്കുന്ന ഈ അസന്തുലിതത്വത്തെ കൂടുതല്‍ ഉയരങ്ങളിലേക്കെത്തിക്കാനും ഡാറ്റ പങ്കിടല്‍, പ്ലാറ്റ്ഫോം ഭരണം, ബൗദ്ധിക സ്വത്തവകാശം എന്നിവ സംബന്ധിച്ച് ഡിജിറ്റല്‍ ഒളിഗാര്‍ക്കുകള്‍ക്ക് അനുകൂലമായ അന്താരാഷ്ട്ര നിയമ നിര്‍മ്മാണങ്ങള്‍ നടത്തുവാനുമുള്ള നീക്കങ്ങള്‍ ഒരു ഭാഗത്ത് ശക്തമായി നടന്നുകൊണ്ടിരിക്കുന്നു. പകര്‍ച്ചവ്യാധി പോലുള്ള അസാധാരണ സന്ദര്‍ഭങ്ങളില്‍ പോലും അതിനനുസൃതമായ നിയമ നിര്‍മ്മാണങ്ങള്‍ നടത്താന്‍ ദേശീയ ഗവണ്‍മെന്റുകളെ അവര്‍ നിര്‍ബ്ബന്ധിക്കുന്നതും ഗവണ്‍മെന്റുകള്‍ അത് അക്ഷരംപ്രതി അനുസരിക്കുന്നതും കാണാന്‍ കഴിയും.
ദേശീയ ഗവണ്‍മെന്റുകളുടെ അധികാരപരിധി എന്തെന്ന് നിശ്ചയമില്ലാത്ത നിരവധി മേഖലകള്‍ ഡിജിറ്റല്‍ യുഗം മുന്നോട്ടുവെക്കുന്നുണ്ട്. (ഉദാഹരണത്തിന്, മരണപ്പെട്ട വ്യക്തികളുടെ പലതരം ഡിജിറ്റല്‍ അക്കൗണ്ട് വിവരങ്ങള്‍ ആരു കൈകാര്യം ചെയ്യണം എന്നത് സംബന്ധിച്ച്) അത്തരം ഡൊമെയ്നുകളിലേക്ക് ഡിജിറ്റല്‍ ഒളിഗാര്‍ക്കുകള്‍ തങ്ങളുടെ പ്രവേശനം എളുപ്പം സാധ്യമാക്കുന്നു. അതോടൊപ്പം തന്നെ ദേശീയ സര്‍ക്കാരുകളില്‍ നിക്ഷിപ്തമായതും നാളിതുവരെ ചോദ്യം ചെയ്യപ്പെടാത്തതുമായ മേഖലകളിലേക്കും കോര്‍പ്പറേറ്റ് ലോകം തങ്ങളുടെ സ്വാധീനം ശക്തമാക്കുന്നുണ്ട്.
പ്ലാറ്റ്ഫോം ഇക്കണോമി, നിര്‍മ്മിത ബുദ്ധി, ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് എന്നിവകളാല്‍ നയിക്കപ്പെടുന്ന സാമൂഹ്യ-സാമ്പത്തിക ക്രയവിക്രയങ്ങളില്‍ സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള ജനങ്ങള്‍ അപ്രസക്തമാകുകയും മധ്യവര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെട്ടവര്‍ ആല്‍ഗൊരിതങ്ങളില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന അസമത്വങ്ങളാല്‍ കൂടുതല്‍ താഴേത്തട്ടിലേക്ക് നയിക്കപ്പെടുകയും ചെയ്യും. ആല്‍ഗൊരിത പക്ഷപാത (Algorithm bias)മെന്നത് നിലനില്‍ക്കുന്ന സാമൂഹ്യ അസമത്വത്തെ ആഴത്തിലുള്ളതാക്കി മാറ്റുന്നു. സെര്‍ച്ച് എന്‍ജിനുകളിലോ സോഷ്യല്‍ മീഡിയകളിലോ ആയി അത് പരിമിതപ്പെടുന്നില്ലെന്ന് മാത്രമല്ല എല്ലാ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലേക്കും അത് പടര്‍ന്നുകയറുന്നു. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ സ്വകാര്യതാ ലംഘനങ്ങള്‍ വര്‍ഗ്ഗ-ലിംഗ-വംശ വൈജാത്യങ്ങളെ ഊട്ടിയുറപ്പിക്കുന്നതായി മാറുന്നു (MIT Technology review, Jackie Snow, January 2018).
മാറി വരുന്ന ഭൗമരാഷ്ട്രീയം
കോവിഡ് പാന്‍ഡമിക് ആഗോള ഭൗമരാഷ്ട്രീയത്തെ കൂടുതല്‍ സങ്കീര്‍ണ്ണമായ അവസ്ഥകളിലേക്ക് എത്തിച്ചുകഴിഞ്ഞിരിക്കുന്നുവെന്ന് പറയാവുന്നതാണ്. ഒരുവേള സഹസ്രാബ്ദത്തിന്റെ ആരംഭനാളുകളില്‍ വിഭാവനം ചെയ്തിരിക്കുന്ന വിധത്തിലുള്ള ഭൗമരാഷ്ട്രീയ വിഭജനങ്ങളെപ്പോലും അപ്രസക്തമാക്കുന്നവിധത്തിലുള്ള പുതിയതരം പ്രതിസന്ധികളും വെല്ലുവിളികളും ആഗോളതലത്തില്‍ രൂപപ്പെട്ടുവരുന്നതായി കാണാം. "അമേരിക്കയെ ഒരിക്കല്‍ കൂടി മഹത്തരമാക്കുക' എന്ന ട്രംപ് മുദ്രാവാക്യവും, "നിയന്ത്രണം തിരിച്ചുപിടിക്കുക' എന്ന ബ്രിട്ടീഷ് സ്വപ്നവും, "ശക്തമായ ദേശീയത' എന്ന ജാപ്പാനീസ് പ്രീമിയര്‍ ഷിന്‍സോ ആബേയുടെ താല്‍പര്യവും "അന്തര്‍ദ്ദേശീയ പദവി പുനര്‍നിര്‍മ്മിക്കാനുള്ള' പുടിന്റെ ആഗ്രവും "ചൈനീസ് ദേശീയതയെ ഊര്‍ജ്ജസ്വലമാക്കാനുള്ള' ഷീ ജിന്‍പിന്നിന്റെ ശ്രമങ്ങളും (Geopolitical Power Shistf, WEF Report) "അഞ്ച് ട്രില്യണ്‍ ഇക്കണോമിയിലേക്ക് കുതിക്കാനുള്ള' മോദി വാഗ്ദാനവും ഒക്കെച്ചേര്‍ന്ന് ആഗോള ഭൗമരാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ കൂടുതല്‍ കലുഷമാക്കുന്നുണ്ട്.
മനുഷ്യവംശത്തിന് റിവേര്‍സ് ഗിയറില്‍ സഞ്ചരിക്കാന്‍ സാധ്യമല്ല എന്നത് യാഥാര്‍ത്ഥ്യമായിരിക്കുമ്പോള്‍ തന്നെ നാളിതുവരെ മനുഷ്യന്‍ കെട്ടിപ്പൊക്കിയ സാമ്പത്തിക മാതൃകകളുടെ മുന്നോട്ടുള്ള കുതിപ്പിന് തടയിടുന്ന തരത്തില്‍ പ്രപഞ്ചാതിര്‍ത്തികള്‍ നിലനില്‍ക്കുന്നുണ്ടെന്നതും അത്രതന്നെ വാസ്തവമാണ്.
"ശക്തമായ ദേശീയത', "കരുത്തുറ്റ ദേശരാഷ്ട്രം' തുടങ്ങിയ നരേറ്റീവ്സുകള്‍ രാഷ്ട്രീയ ഭരണവ്യവസ്ഥകള്‍ മുന്നോട്ടുവെക്കുമ്പോള്‍ ദേശരാഷ്ട്രാതിരുകളെ മറികടക്കുന്ന ഡിജിറ്റല്‍ ഒളിഗാര്‍ക്കുകളും മാറിവരുന്ന ഭൗമരാഷ്ട്രീയത്തില്‍ ഇടപെടുന്നതായി കാണാം. പ്ലാറ്റ്ഫോം ഇക്കണോമിയുടെ നിയന്ത്രണത്തിലൂടെ ജനാധിപത്യ സ്ഥാപനങ്ങളെ മറികടക്കുന്ന അധികാര സ്ഥാപനങ്ങളുടെ സൃഷ്ടി തങ്ങളുടെ ലക്ഷ്യമായി ഈ ഒളിഗാര്‍ക്കുകള്‍ പരിഗണിക്കുന്നു. ഡിജിറ്റല്‍ ബ്രൈറ്റണ്‍വുഡുകളുടെ നിയന്ത്രണങ്ങളിലൂടെ അവ സാധിതമാക്കാമെന്ന് അവര്‍ സ്വപ്നം കാണുന്നു. ഇവയൊക്കെ ചേര്‍ന്ന് ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ പുതിയൊരു തലത്തിലേക്ക് വികസിക്കുകയാണ്. സാമ്പത്തിക-രാഷ്ട്രീയ നിയന്ത്രണം നിലനിര്‍ത്താന്‍ ദേശരാഷ്ട്രങ്ങള്‍ നടത്തുന്ന ഇടപെടലുകള്‍ യഥാര്‍ത്ഥത്തില്‍ ഡിജിറ്റല്‍ ഒളിഗാര്‍ക്കുകളുടെ താല്‍പര്യങ്ങളെ സംരക്ഷിക്കുന്നവയായി മാറുന്നുണ്ട്. ചൈനീസ് ടെക് ചാമ്പ്യന്മാരായ ബൈഡു, ടെന്‍സെന്റ്, ആലിബാബ എന്നിവരെ സംരക്ഷിക്കുന്നതിനായി ചൈനീസ് ഗവണ്‍മെന്റ് ഒരു ഫയര്‍വാള്‍ തന്നെ നിര്‍മ്മിച്ചതായി കാണാം.
സാമ്പ്രദായിക സാമ്പത്തിക-വികസന മാതൃകകള്‍ കാലഹരണപ്പെടുകയും അവയെ നിലനിര്‍ത്തിപ്പോന്നിരുന്ന സ്ഥാപനങ്ങള്‍ അസാധുവാകുന്നതുമായ കാഴ്ചകളാണ് ലോകമെങ്ങും കാണപ്പെടുന്നത്. ഉത്പാദനം, ഉത്പാദന ഘടകങ്ങള്‍, ഉത്പാദനബന്ധങ്ങള്‍ എന്നിവയെല്ലാം പുതിയ തരത്തില്‍ നിര്‍വ്വചിക്കപ്പെടുകയാണ്. അധ്വാനത്തെയും മൂല്യത്തെയും സംബന്ധിച്ച പരമ്പരാഗത ധാരണകള്‍ ഈ നൂറ്റാണ്ടിന്റെ പാതിയാകുമ്പോഴേക്കും പൂര്‍ണ്ണമായും പൊളിച്ചെഴുതപ്പെടും എന്നതുറപ്പാണ്. അതേസമയം ജനാധിപത്യ വ്യവസ്ഥിതിയുടെയും ആത്യന്തികമായി ജനങ്ങളുടെയും നിലനില്‍പിനെ സംബന്ധിച്ച ഉത്കണ്ഠകള്‍ പ്രധാനമാണ്.
മനുഷ്യവംശത്തിന് റിവേര്‍സ് ഗിയറില്‍ സഞ്ചരിക്കാന്‍ സാധ്യമല്ല എന്നത് യാഥാര്‍ത്ഥ്യമായിരിക്കുമ്പോള്‍ തന്നെ നാളിതുവരെ മനുഷ്യന്‍ കെട്ടിപ്പൊക്കിയ സാമ്പത്തിക മാതൃകകളുടെ മുന്നോട്ടുള്ള കുതിപ്പിന് തടയിടുന്ന തരത്തില്‍ പ്രപഞ്ചാതിര്‍ത്തികള്‍ നിലനില്‍ക്കുന്നുണ്ടെന്നതും അത്രതന്നെ വാസ്തവമാണ്. സാങ്കേതിക നവീകരണത്തിലൂടെ മാത്രം പരിഹരിക്കാവുന്നതല്ല ഈ പ്രതിസന്ധികള്‍. വിഭവ പ്രതിസന്ധി തൊട്ട് ജീവജാതി നാശം വരെയുള്ള പ്രശ്നങ്ങള്‍ക്ക് പ്രാദേശികതലത്തില്‍ പരിഹാരങ്ങളുമില്ല. വളര്‍ന്നുവരുന്ന ഡിജിറ്റല്‍ സാങ്കേതികതകളില്‍ നിന്ന് മാറി നിന്നുകൊണ്ടുള്ള മുന്നോട്ട് പോക്ക് സാധ്യമാകുന്നവിധം ലളിതമല്ല കാര്യങ്ങള്‍. ജനാധിപത്യത്തെയും മനുഷ്യവംശത്തിന്റെ പൊതുഭാവിയെയും സംബന്ധിച്ച ഉത്കണ്ഠകള്‍ സൂക്ഷിക്കുന്ന ഏതൊരാളെയും അലട്ടുന്നവിധം സങ്കീര്‍ണ്ണമാണ് ഇവയെല്ലാം. വ്യാപാര മുതലാളിത്തത്തില്‍ നിന്നും ധനമുതലാളിത്തത്തിലേക്കും അതില്‍ നിന്ന് ഡിജിറ്റല്‍ കാപിറ്റലിസത്തിലേക്കും സ്വയം പരിഷ്‌കരരിച്ചുകൊണ്ടാണ് മുതലാളിത്തം അതിന്റെ നിലനില്‍പ് ഭദ്രമാക്കിക്കൊണ്ടിരിക്കുന്നത്. ക്ഷേമ മുതലാളിത്തത്തിന്റെയും കോണ്‍ഷ്യസ് കാപിറ്റലിസത്തിന്റെയും വേഷങ്ങള്‍ കഴിഞ്ഞ മൂന്ന് നൂറ്റാണ്ട് കാലത്തിനിടയില്‍ അത് എടുത്തണിഞ്ഞു. എന്നാല്‍ ബിസി അഞ്ചാം നൂറ്റാണ്ടില്‍ ഗ്രീക്കില്‍ പിറവികൊണ്ട് പ്രാചീന ജനാധിപത്യ മാതൃകകള്‍ തൊട്ട് ആധുനിക ജനാധിപത്യ മാതൃകകള്‍ വരെയുള്ള സഹസ്രാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന ജനാധിപത്യ പരീക്ഷണങ്ങള്‍ ജനാധിപത്യത്തിനും ഏകാധിപത്യത്തിനും ഇടയ്ക്കുള്ള സങ്കരയിനമായി മുന്നോട്ടുപോകാതെ നില്‍ക്കുകയാണ്. ലോകരാഷ്ട്രങ്ങളില്‍ ഏതാണ്ട് പാതിയോളം ഇന്നും ജനാധിപത്യത്തെ ആശ്ലേഷിക്കാന്‍ വിസമ്മതിച്ചു നില്‍ക്കുന്നതും ജനാധിപത്യത്തിന്റെ മറവുകളില്‍ തീവ്രവലതുപക്ഷ രാഷ്ട്രീയം ശക്തിപ്രാപിക്കുന്നതും പ്രതിസന്ധിയായി നിലനില്‍ക്കുന്നു. ജനാധിപത്യത്തെ സംബന്ധിച്ച കൂടുതല്‍ വിപുലവും തുറന്നതുമായ സംവാദങ്ങള്‍ ആവശ്യമായി വരുന്നുവെന്നതാണ് ഇവയൊക്കെയും സൂചിപ്പിക്കുന്നത്.
പ്ലാറ്റ്ഫോം കോ-ഓപ്പറേറ്റീവ്സ്
ഡിജിറ്റല്‍ ഏകോപനവും വെര്‍ച്വല്‍ കേന്ദ്രീകരണവും ഒരു ഭാഗത്ത് അതിശക്തമായി മുന്നോട്ടുപോകുമ്പോള്‍ ജനകീയ ബദലുകളെ സംബന്ധിച്ച അന്വേഷണങ്ങളും ഡിജിറ്റല്‍ ഒളിഗാര്‍ക്കുകള്‍ക്കെതിരായ മുന്നേറ്റങ്ങളും അത്രയും തീഷ്ണതയോടെ നടക്കുന്നു എന്നത് ജനാധിപത്യത്തിന്റെ ഭാവിയെ സംബന്ധിച്ച പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്. കഴുത്തറുപ്പന്‍ മത്സരവും "വിജയിച്ചവന് എല്ലാം കയ്യടക്കാന്‍' സാധിക്കുന്നതും ജനങ്ങളെ കൂടുതല്‍ ആശ്രിതത്വത്തിലേക്ക് നയിക്കുന്നതുമായ "പ്ലാറ്റ്ഫോം ഇക്കണോമി'ക്കെതിരെ "പ്ലാറ്റ്ഫോം കോ-ഓപ്പറേറ്റീവുകള്‍' എന്ന ആശയം വളരെ സജീവമായിത്തന്നെ ഇന്ന് പ്രയോഗത്തില്‍ വന്നുകൊണ്ടിരിക്കുകയാണ്. ധാര്‍മ്മിക ഉപജീവനം (ethical livelihood), നൈതിക വ്യാപാരം, സ്ഥായിത്വം സമത എന്നീ മൂല്യങ്ങള്‍ ഉള്‍ച്ചേര്‍ത്തുകൊണ്ട് പ്ലാറ്റ്ഫോം കോ-ഓപ്പറേറ്റീവുകള്‍ ജനകീയ ബദലുകളായി വളര്‍ന്നുവരുന്നത് നമുക്ക് കാണാന്‍ കഴിയും. തൊഴിലാളികള്‍, സംഘടനകള്‍, ഡവലപ്പേര്‍സ്, സാമൂഹ്യ സംരംഭങ്ങള്‍ എന്നിവ ഒത്തുചേര്‍ന്നുകൊണ്ട് ഡിജിറ്റല്‍ കോ-ഓപ്പറേറ്റീവുകള്‍ വഴി തങ്ങളുടെ നൈപുണികളും ഉത്പന്നങ്ങളും വിറ്റഴിക്കാനും പരസ്പരം കൈമാറാനും ഉള്ള ഇടപെടലുകള്‍ ലോകത്ത് ആരംഭിച്ചുകഴിഞ്ഞു.
കഴുത്തറുപ്പന്‍ മത്സരവും "വിജയിച്ചവന് എല്ലാം കയ്യടക്കാന്‍' സാധിക്കുന്നതും ജനങ്ങളെ കൂടുതല്‍ ആശ്രിതത്വത്തിലേക്ക് നയിക്കുന്നതുമായ "പ്ലാറ്റ്ഫോം ഇക്കണോമി'ക്കെതിരെ "പ്ലാറ്റ്ഫോം കോ-ഓപ്പറേറ്റീവുകള്‍' എന്ന ആശയം വളരെ സജീവമായിത്തന്നെ ഇന്ന് പ്രയോഗത്തില്‍ വന്നുകൊണ്ടിരിക്കുകയാണ്.
തൊഴില്‍ സമയങ്ങള്‍, യാത്രാ സൗകര്യങ്ങള്‍, ആരോഗ്യ സേവനങ്ങള്‍, ഓണ്‍ലെന്‍ ചന്തകള്‍, മീഡിയാ സര്‍വ്വീസുകള്‍, റിയല്‍ എസ്റ്റേറ്റ് ബിസിനസുകള്‍ തുടങ്ങി സമസ്ത മേഖലകളിലും ഡിജിറ്റല്‍ സഹകരണത്തിന്റെ പുതുവഴികള്‍ കണ്ടെത്താനുള്ള അന്വേഷണമാണ് നടന്നുകൊണ്ടിരിക്കുന്നത്. പ്രാദേശിക ഗവണ്‍മെന്റുകള്‍, ജനാധിപത്യവാദികള്‍, തൊഴിലാളി സംഘടനകള്‍, സ്ത്രീമുന്നേറ്റങ്ങള്‍ എന്നിവയ്ക്കൊക്കെ ഈ പുതു പ്രസ്ഥാനത്തിലേക്ക് വലിയ സംഭാവനകള്‍ അര്‍പ്പിക്കാന്‍ കഴിയും. Fairmondo, Fairbnb, Loconomics, Midata, Green Taxi, Coopify, Gratipay, Fair Coop, Members Media, Times free, Resonate, seed.coop, Eva തുടങ്ങിയ നൂറുകണക്കിന് പ്ലാറ്റ്ഫോം കോ-ഓപ്പറേറ്റീവുകള്‍ ഇന്ന് സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. പ്രശസ്ത എഴുത്തുകാരനായ ആനന്ദ് ഗിരിധര്‍ദാസ് തന്റെ വിഖ്യാത ഗ്രന്ഥമായ "Winners Take All: The Elite Charde of Changing the World'ല്‍ തൊഴിലാളികളുടെയും ഉപഭോക്താക്കളുടെയും മുന്‍കൈയ്യില്‍ ഉയര്‍ന്നുവരുന്ന പ്ലാറ്റ്ഫോം കോ-ഓപ്പറേറ്റീവുകളെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്.
തൊഴില്‍ എന്ന സങ്കല്പത്തെത്തന്നെ അട്ടിമറിച്ചുകൊണ്ട് തൊഴിലാളികളുടെ അവകാശങ്ങളെയും നിലനില്‍പ്പിനെയും ചോദ്യം ചെയ്തുകൊണ്ട് വളര്‍ന്നുവരുന്ന ആപ് അടിസ്ഥാന "ഗിഗ് ഇക്കണോമി' (ഹ്രസ്വകാല കരാറുകളുടെ അടിസ്ഥാനത്തില്‍ ചുരുങ്ങിയ വേതനത്തിന് ജോലി ചെയ്യിപ്പിക്കുന്ന സംവിധാനം)ക്ക് പകരമായി തൊഴിലാളികളുടെ മുന്‍കൈയ്യില്‍ രൂപീകരിച്ചിരിക്കുന്ന Up&Go പോലുള്ള പ്ലാറ്റ്ഫോമുകള്‍ വളര്‍ന്നുവരുന്ന ഡിജിറ്റല്‍ സഹകരണത്തിന്റെ മികച്ച ഉദാഹരണങ്ങളിലൊന്നാണ്. ഒരുവേള തൊഴില്‍ സേനയിലെ 92ശതമാനവും അസംഘടിത മേഖലയിലുള്ള ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ക്ക് ഇത്തരത്തിലുള്ള പ്ലാറ്റ്ഫോമുകളിലൂടെ പുതിയൊരു സംഘടനാ സംവിധാനം കെട്ടിപ്പടുക്കാനും സാധിക്കും. സാമൂഹ്യ പ്രസ്ഥാനങ്ങള്‍, വ്യവസ്ഥാപിത സഹകരണ സംഘങ്ങള്‍, പ്രാദേശിക സര്‍ക്കാരുകള്‍, കമ്യൂണിറ്റികള്‍, പരിസ്ഥിതി പ്രസ്ഥാനങ്ങള്‍, കര്‍ഷക കൂട്ടായ്മകള്‍, ക്യൂവര്‍ ഗ്രൂപ്പുകള്‍, രാഷ്ട്രീയ സംഘടനകള്‍, പ്രാദേശിക ക്ലബ്ബുകള്‍ തുടങ്ങിയവയ്ക്കെല്ലാം പ്ലാറ്റ്ഫോം സഹകരണത്തിന്റെ പുതുവഴികള്‍ തേടാവുന്നതാണ്.
വിതരണ ശൃംഖലകളുടെ (supply chain) ക്രമാതീതമായ ദൈര്‍ഘ്യം സമൂഹം നേരിടാനിരിക്കുന്ന വലിയൊരു പ്രശ്നമായിരിക്കുമെന്ന് വൈറസ് വ്യാപനം ലോകത്തിന് കാട്ടിത്തന്നു. ഫോസില്‍ ഇന്ധനകാലം അനുവദിക്കുന്ന ഈയൊരു സൗജന്യം പല കാരണങ്ങള്‍ കൊണ്ടും അതേപടി തുടരാന്‍ സാധ്യമല്ലെന്ന തിരിച്ചറിവിലേക്ക് പ്രാദേശിക സര്‍ക്കാരുകളും സമൂഹങ്ങളും ഉയരേണ്ടതുണ്ട്. "പോസ്റ്റ് കോവിഡ് കാല'ത്തെ അടിയന്തിര ഇടപെടലുകളിലൊന്ന് വിതരണ ശൃംഖലകളുടെ ദൈര്‍ഘ്യം കുറയ്ക്കുക എന്നതായിരിക്കണം. എന്നാല്‍ ഇതിന് വിപരീത ദിശകളിലേക്കാണ് രാഷ്ട്രീയ നേതൃത്വങ്ങള്‍ നീങ്ങുന്നതെന്ന് വ്യക്തമാണ്.
അന്താരാഷ്ട്ര തലത്തില്‍ 70 രാജ്യങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ചൈനീസ് ഗവണ്‍മെന്റ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന "ബെല്‍റ്റ് ആന്റ് റോഡ് ഇനീഷ്യേറ്റീവ്' (Belt & Road Initiative BRI) കര, കടല്‍ വഴികളിലൂടെ വ്യാപാര ബന്ധങ്ങള്‍ ശക്തമാക്കുന്നതിന് ഉദ്ദേശിച്ചുള്ള അതിബൃഹത്തായ പദ്ധതിയാണ് (Parag Khanna, The future of Asian: Commerce, Conflict and Culture in the 21 st Century, 2019). ഒരു ട്രില്യണ്‍ ഡോളര്‍ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി ആഗോളതലത്തില്‍ പുതുതായി സംഭവിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥാ-വിഭവ പ്രതിസന്ധികളെ ഒട്ടും പരിഗണിക്കാത്ത ഒന്നാണ്. ഏഷ്യ, യൂറോപ്പ്, ആസ്ട്രേലിയ വന്‍കരകളിലെ ഭൗമരാഷ്ട്രീയത്തെ പുനര്‍നിര്‍ണ്ണയിക്കുന്ന, ചൈനീസ് മേധാവിത്വം ശക്തമാക്കാനുദ്ദേശിച്ചുകൊണ്ടുള്ള ഈ പദ്ധതി വിതരണ ശൃംഖലകളുടെ ദൈര്‍ഘ്യം വീണ്ടും വര്‍ദ്ധിപ്പിക്കുന്നതിന് മാത്രമേ സഹായിക്കുകയുള്ളൂ.
അതേസമയം ഫോസില്‍ ഇന്ധനങ്ങളുടെ ലഭ്യതയില്‍ സംഭവിക്കാനിരിക്കുന്ന കുറവ് വിതരണ ശൃംഖലകളുടെ ദൈര്‍ഘ്യം കുറയ്ക്കുന്നതിന് വികസ്വര, അവികസിത രാജ്യങ്ങളെ നിര്‍ബന്ധിതമാക്കുമെന്നതില്‍ സംശയമില്ല.
അടിസ്ഥാന ഭക്ഷ്യവിഭവങ്ങളുടെ കാര്യത്തില്‍ വിതരണ ശൃംഖലകളുടെ ദൈര്‍ഘ്യം കുറയ്ക്കുക എന്നത് വളരെ അത്യാവശ്യ സംഗതിയാണെന്ന് കോവിഡ് കാലം നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ഇത് ഒരു പരിധിവരെ സാധ്യമാക്കാന്‍ കഴിയുന്നത് പ്രാദേശിക സര്‍ക്കാരുകളും സഹകരണ സംഘങ്ങളും ഒരുമിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോഴാണ്. ഭൂമി അടക്കമുള്ള പ്രകൃതി വിഭവങ്ങളുടെ ഉടമസ്ഥാവകാശം സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ള ജനങ്ങള്‍ക്ക് കൂടി ലഭ്യമാകുന്നതിലൂടെ മാത്രമേ ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കാന്‍ സാധ്യമാകുകയുള്ളൂ.
ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ സാമൂഹിക ജീവിതത്തെ നിര്‍ണ്ണായകമായ തോതില്‍ സ്വാധീനിക്കുവാന്‍ പോകുകയാണെന്നതില്‍ തര്‍ക്കമൊന്നുമില്ല. ഇവയെ അവഗണിച്ചുകൊണ്ട് സമൂഹത്തിന് മുന്നോട്ടുപോക്ക് സാധ്യവുമല്ല. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ ജനാധിപത്യവല്‍ക്കരണത്തിനായുള്ള ഇടപെടല്‍ ശക്തമാക്കുക എന്നതുമാത്രമാണ് സാമൂഹിക അസമത്വത്തിനെതിരായ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമായിട്ടുള്ളത്. തീര്‍ച്ചയായും പോസ്റ്റ് കോവിഡ് കാലം ഇത്തരം ഇടപെടലുകളുടേതു കൂടിയാകും.
പകര്‍ച്ചവ്യാധികളോടുള്ള ദേശീയ ഗവണ്‍മെന്റുകളുടെ പ്രതികരണം പുതിയ ചില ആശങ്കകളും മുന്നോട്ടുവെക്കുന്നുണ്ട്. അതിലൊന്ന് കാലാവസ്ഥാ പ്രതിസന്ധികള്‍ക്കെതിരായ ആഗോള കൂട്ടായ്മകളിലെ ദേശീയ ഗവണ്‍മെന്റുകളുടെ പങ്കാളിത്തം സംബന്ധിച്ചാണ്. ദേശരാഷ്ട്രങ്ങളുടെ മുന്‍ഗണനാ ക്രമങ്ങളില്‍ നിന്ന് കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ താഴേക്ക് പോകാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതിതീവ്ര കാലാവസ്ഥാ സംഭവങ്ങള്‍ ( Extreme Weather Events) രൂക്ഷമാകുകയും ജലക്ഷാമം പോലുള്ള പ്രതിസന്ധികള്‍ ശക്തമായി കടന്നുവരികയും ചെയ്യുമ്പോള്‍ കാലാവസ്ഥാ വിഷയങ്ങളെ അവഗണിച്ചുകൊണ്ടുള്ള നയസമീപനം പ്രശ്നങ്ങളെ ഗുരുതരമാക്കുവാന്‍ മാത്രമേ സഹായിക്കുകയുള്ളൂ.
നിലനില്‍ക്കുന്ന സാമൂഹിക വൈജാത്യങ്ങള്‍ക്കും അസമത്വങ്ങള്‍ക്കും കാരണമായ വ്യവസ്ഥിതിയെ അതേപടി നിലനിര്‍ത്തിക്കൊണ്ടുള്ള പരിവര്‍ത്തനങ്ങള്‍ മനുഷ്യവംശത്തിന്റെ പൊതുഭാവിയെ ഒട്ടും സഹായിക്കുന്നതായിരിക്കില്ല.
വൈറസ് വ്യാപനമെന്നത് പെട്ടെന്നൊരുനാള്‍ പൊട്ടിമുളച്ച പ്രശ്നമല്ല. നിലനില്‍ക്കുന്ന സാമ്പത്തിക-വികസന മാതൃകകള്‍ക്ക് അതില്‍ മുഖ്യപങ്കുണ്ട്. "കോവിഡാനന്തരകാലം' അതിബൃഹത്തായ പരിവര്‍ത്തനങ്ങളുടേതായിരിക്കുമെന്ന് ഭരണകൂടങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ നിലനില്‍ക്കുന്ന സാമൂഹിക വൈജാത്യങ്ങള്‍ക്കും അസമത്വങ്ങള്‍ക്കും കാരണമായ വ്യവസ്ഥിതിയെ അതേപടി നിലനിര്‍ത്തിക്കൊണ്ടുള്ള പരിവര്‍ത്തനങ്ങള്‍ മനുഷ്യവംശത്തിന്റെ പൊതുഭാവിയെ ഒട്ടും സഹായിക്കുന്നതായിരിക്കില്ല. വര്‍ത്തമാനകാലം മുന്നോട്ടുവെക്കുന്ന ഗുരുതരങ്ങളായ പല പ്രതിസന്ധികള്‍ക്കും പ്രാദേശികമായ പരിഹാരങ്ങള്‍ കണ്ടെത്തുക പ്രയാസവുമാണ്. ആഗോളതലത്തിലുള്ള ജനാധിപത്യ മുന്നേറ്റങ്ങളോടും ജനകീയ ബദലുകളോടും സംവദിക്കുക എന്നതായിരിക്കും രാഷ്ട്രീയ സാമൂഹ്യ പ്രസ്ഥാനങ്ങളുടെ കടമ. പരസ്പരബന്ധിതമായി പ്രവര്‍ത്തിക്കാവുന്ന ചില സാധ്യതകള്‍ പുതിയകാലം തുറന്നിടുന്നുവെന്നത് പ്രതീക്ഷനല്‍കുന്ന കാര്യമാണ്.
Mohanan C Kannur
9 Jun 2020, 03:26 PM
കോവിഡിന്റെ വരവിനെ മുൻകൂട്ടി കാണാൻ കഴിയാഞ്ഞതും ഇത് ഒരു താൽക്കാലിക പ്രതിഭാസമാണെന്ന വിചാരവുമെന്നത് കൃത്യമായ നിരീക്ഷണം തന്നെ. ലോകവ്യാപകമായ ജനാധിപത്യ മുന്നേററങ്ങളോടും ജനകീയ ബദലുകളോടും സംവദിക്കുക എന്ന പരിഹാര മാർഗങ്ങൾ ആഗോളതലത്തിൽ ചർച്ച ചെയ്യേണ്ട ആവശ്യകത ഊന്നിപ്പറഞ്ഞിരിക്കുന്നു ലേഖകൻ.
Anoop
9 Jun 2020, 01:36 PM
The essay is touching the critical factors we are going to face in the near future. Also it gives the clear idea how we need to tackle it.
കെ. സഹദേവന്‍
Jan 30, 2023
8 minutes read
കെ. സഹദേവന്‍
Jan 28, 2023
12 Minutes Read
കെ. സഹദേവന്‍
Jan 27, 2023
3 Minutes Read
സതീഷ് കുമാർ
Jan 14, 2023
3 Minute Read
കെ. കണ്ണന്‍
Jan 14, 2023
8 Minutes Read
ടി.പി. പത്മനാഭൻ
Dec 27, 2022
10 Minutes Read
ബഷീർ മേച്ചേരി
11 Jun 2020, 10:48 PM
സമകാല പ്രസക്തമായ വിചാരങ്ങൾ . ചിന്തോദ്ദീപകം ....🙏