ഇന്ത്യൻ കാർഷിക പ്രതിസന്ധി

കാർഷിക മേഖലയുടെ വൈവിധ്യങ്ങൾ നഷ്ടമാക്കുന്നതിനും കർഷകരെ വിത്തുകമ്പനികളുടെയും സാങ്കേതികവിദഗ്ദ്ധരുടെയും ആശ്രിതന്മാരാക്കി മാറ്റിത്തീർത്ത ഹരിതവിപ്ലവത്തിന്റെ സാമൂഹ്യ-സാമ്പത്തിക-പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ സംക്ഷിപ്തമായി വിവരിക്കേണ്ടത് അത്യാവശ്യമാണ്

""The peasants have started to flex their political muscles that their economic betterment has given to them. They have acquired the capacity to launch the kind of sustained struggle they have. It is going to be difficult to contain them... because they command the vote banks in the countryside to which every party seeks access...''

തു രാജ്യത്തെ കാര്യമാണ് പറയുന്നത് എന്ന് പുതുതലമുറയിൽ പെട്ട ആളുകൾ ഒരുവേള ഇതുവായിച്ച് അത്ഭുതം കൂറുന്നുണ്ടാകാം. എന്നാൽ 1988 ഫെബ്രുവരി 3ന് "ടൈംസ് ഓഫ് ഇന്ത്യ'യിൽ വന്ന പത്രാധിപ കുറിപ്പിൽ നിന്ന് ഉദ്ധരിച്ച വരികളാണ് മുകളിലത്തേത്. ""കർഷക ശക്തിയുടേതായ പുതിയൊരു ഭൂതം വരുംനാളുകളിൽ ഇന്ത്യയെ വേട്ടയാടാനിരിക്കുതേയുള്ളൂ'' എന്നും ടൈംസ് ഓഫ് ഇന്ത്യ ഇതേ കുറിപ്പിൽ മുന്നറിയിപ്പ് നൽകുന്നു.

എഴുപതുകളുടെ തുടക്കത്തിൽ ആരംഭിച്ച് എൺപതുകളുടെ മധ്യത്തോടെ ശക്തിപ്രാപിച്ച കർഷക മുന്നേറ്റങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അക്കാലങ്ങളിലെ പ്രമുഖ പത്രങ്ങളിൽ വന്ന ഉത്കണ്ഠ കലർന്ന ലേഖനങ്ങളും പത്രാധിപക്കുറിപ്പുകളും ധാരാളമായി കാണാൻ സാധിക്കുക. മഹാരാഷ്ട്ര, പഞ്ചാബ്, ഹരിയാന, പടിഞ്ഞാറൻ യു.പി എന്നിവിടങ്ങളിൽ ഒരു രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും അവഗണിക്കാനാവാത്തവിധത്തിൽ വിവിധ കർഷക പ്രസ്ഥാനങ്ങൾ ഇക്കാലയളവിൽ ശക്തിപ്രാപിക്കുകയുണ്ടായി. ചൗധരി ചരൺ
സിംഹ്, മഹേന്ദ്ര സിംഗ് ടികായത്, ശരത് ജോഷി, എം.ഡി.നഞ്ചുണ്ടസ്വാമി തുടങ്ങിയ കർഷക നേതാക്കൾ ഇന്ത്യയുടെ രാഷ്ട്രീയ ഭാവി നിർണ്ണയിക്കുന്ന തരത്തിലേക്ക് വളർന്നതും ഇതേ കാലയളവിലായിരുന്നു. കാർഷിക മേഖലകളിൽ സബ്‌സിഡികളും കാർഷിക വായ്പകളിൽ ഇളവുകളും കടങ്ങൾ എഴുതിത്തള്ളലും അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ദില്ലിയിലെ ബോട്ട് ക്ലബ്ബ് മൈതാൻ തൊട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ലക്ഷക്കണക്കിന് കർഷകർ പ്രതിഷേധ പ്രകടനങ്ങളും റാലികളും നടത്തിയതും ഇക്കാലയളവിൽ തന്നെ.

1977ൽ മൊറാർജി ദേശായിയുടെ മന്ത്രിസഭയിൽ ആഭ്യന്തര, സാമ്പത്തിക വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന ചൗധരി ചരൺ സിംഗ് അവതരിപ്പിച്ച, "കുലാക് ബജറ്റ്' എന്ന് വിശേഷിപ്പിക്കപ്പെട്ട ''ജനങ്ങളുടെ നിശ്വാസവും മണ്ണിന്റെ മണവുമുള്ള'' ബജറ്റ് കർഷക മുന്നേറ്റങ്ങളുടെ പ്രതിഫലനമായിരുന്നു. ജനതാ സർക്കാരിന്റെ ഈ ബജറ്റിൽ ഒട്ടനവധി കാർഷിക സബ്‌സിഡികൾ അവതരിപ്പിക്കപ്പെട്ടു. ഹരിത വിപ്ലവത്തിന്റെ ഫലമായി ഉത്തരേന്ത്യയിൽ രൂപംകൊണ്ട്, സമ്പന്ന കർഷകരുടെ മുൻകൈയ്യിൽ രൂപപ്പെട്ട, ഈ പുത്തൻ "ഗ്രാമീണ ശക്തി'യെ തെല്ലൊരു അസഹിഷ്ണുതയോടെയായിരുന്നു വളർച്ചയിലേക്ക് കുതിച്ചുകൊണ്ടിരുന്ന ഇന്ത്യയിലെ മധ്യവർഗ്ഗ വിഭാഗങ്ങൾ നോക്കിക്കൊണ്ടിരുന്നത് എന്ന് അക്കാലങ്ങളിലെ മാധ്യമ റിപ്പോർട്ടുകളിലൂടെയും വിശകലനങ്ങളിലൂടെയും കടന്നുപോയാൽ മനസിലാകും.

എൺപതുകളുടെ മധ്യത്തിൽ നിന്നും തൊണ്ണൂറുകളുടെ മധ്യത്തിലേക്കെത്തിയപ്പോഴേക്കും സ്ഥിതിഗതികൾ ആകെ മാറിമറിഞ്ഞു. കാർഷിക മേഖലയുടെ തകർച്ചയും കർഷക ആത്മഹത്യകളും വാർത്തകളിൽ സ്ഥാനം പിടിക്കാൻ തുടങ്ങി. 1995 മുതൽ 2004 വരെയുള്ള കാലയളവിൽ ഇന്ത്യയിൽ 2,50,000 കർഷകർ ആത്മഹത്യ ചെയ്തതായി നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പറയുന്നു. ഒരു കാലത്ത് ഇന്ത്യയെ ഇളക്കിമറിച്ച ഭാരത് കിസാൻ യൂണിയൻ, ശേത്കാരി സംഘടൻ തുടങ്ങിയ പ്രസ്ഥാനങ്ങൾ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തിൽ നിന്നും പൂർണ്ണമായും അപ്രത്യക്ഷമായി. ആഭ്യന്തര മൊത്തോൽപാദനത്തിൽ കൃഷിയുടെ പങ്ക് ഗണ്യമായ തോതിൽ കുറഞ്ഞു. ഇന്ത്യയുടെ രാഷ്ട്രീയ സംവാദങ്ങളിൽ നിന്നും കർഷകരും കാർഷിക മേഖലയും നീക്കം ചെയ്യപ്പെടുകയും ഉദാരവൽക്കരണ നയങ്ങളും സാമുദായിക വിഭജനവും വെറുപ്പിന്റെ രാഷ്ട്രീയവും തൽസ്ഥാനത്തേക്ക് കടന്നുവരികയും ചെയ്തു. ആഗോളീകരണ-ഉദാരവൽക്കരണ നയങ്ങൾ ഇന്ത്യയുടെ പ്രതിശീർഷ വരുമാനത്തിൽ വൻവർദ്ധനവ് ഉണ്ടാക്കിയെങ്കിലും ഇന്ത്യൻ തൊഴിൽ മേഖലയുടെ പകുതിയിലധികം വരുന്ന കർഷക-കർഷക തൊഴിലാളികളുടെ "വാങ്ങൽശേഷി' ഇടിഞ്ഞുവരികയും ചെയ്യുന്ന തരത്തിലുള്ള വിരോധാഭാസങ്ങൾക്ക് രാജ്യം സാക്ഷ്യം വഹിക്കുകയും ചെയ്തു. കർഷകർക്ക് അവരുടെ വിളവുകൾക്ക് ലഭിച്ചുകൊണ്ടിരുന്ന വിലയും ഇതര ഉപഭോഗ വസ്തുക്കൾക്ക് അവർ നൽകേണ്ടിവരുന്ന വിലയും തമ്മിലുള്ള അന്തരം പുതിയ സഹസ്രാബ്ദത്തിന്റെ ആരംഭത്തോടെ വർദ്ധിച്ചുവന്നു.

കർഷകരുടെ ജീവിതം ദുരിതമയമാകുന്നതിന് നാളിതുവരെയുള്ള മുഴുവൻ സർക്കാരുകളും ഉത്തരവാദികളാണ്. കാർഷിക മേഖലയിലെ ഉത്പാദന വർദ്ധനവിനെക്കുറിച്ച് എല്ലാവരും വാചാലരാകുമെങ്കിൽ കൂടിയും കർഷകർക്ക് ലഭിക്കുന്ന വരുമാനത്തെച്ചൊല്ലി ആരും അത്രകണ്ട് ഉത്കണ്ഠാകുലരാകാറില്ല. ഒരു ഇന്ത്യൻ കർഷകന്റെ ശരാശരി മാസവരുമാനം 1,666 രൂപയാണ് എന്നത് ഒരു നയരൂപീകരണ വിദഗ്ദ്ധനെയോ രാഷ്ട്രീയ പാർട്ടിയെയോ അലട്ടുന്ന കാര്യമായി തോന്നിയിട്ടില്ല. ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിൽ നടത്തിയ സർവ്വേയിൽ കണ്ടെത്തിയത് കർഷകരുടെ ശരാശരി പ്രതിശീർഷ വാർഷിക വരുമാനം 20,000 രൂപയാണെന്നാണ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇത് ഇരട്ടിയായി വർദ്ധിപ്പിക്കുമെന്ന് 2017ലെ ബജറ്റ് പ്രസംഗത്തിൽ അരുൺ ജെയ്റ്റിലി പറയുകയുണ്ടായി. അതായത് 3332 രൂപ മാസവരുമാനത്തിനായി ഇന്ത്യൻ കർഷൻ അടുത്ത അഞ്ച് വർഷം കാത്തിരിക്കണമെന്ന്! ഈ കാലയളവിൽ സംഭവിക്കാനിരിക്കുന്ന പണപ്പെരുപ്പത്തെക്കുറിച്ചോ മറ്റ് അവശ്യവസ്തുക്കളുടെ വിലവർദ്ധനവിനെക്കുറിച്ചോ ഒന്നും ആലോചിക്കാതെയാണ് ധനകാര്യ മന്ത്രിയുടെ ആവേശകരമായ വിളംബരം. ഇന്ത്യയിലെ സർക്കാർ ജീവനക്കാർക്ക് അവരുടെ അടിസ്ഥാന ശമ്പളത്തിൽ 150 മുതൽ 200വരെ ഇരട്ടി വർദ്ധനവുണ്ടായപ്പോൾ കർഷകരുടെ സ്ഥിതി എന്നും പരുങ്ങലിലായിരുന്നു.

1970ൽ ഗോതമ്പിന്റെ മിനിമം സഹായ വില ക്വിന്റലിന് 76 രൂപയായിരുന്നത് 2015 ആയപ്പോഴേക്കും ക്വിന്റലിന് 1450 രൂപയുടെ വർദ്ധനവ് മാത്രമായിരുന്നു. അതായത് 19 ഇരട്ടി വർദ്ധനവ്. എന്നാൽ ഇതേ കാലയളവിൽ സർക്കാർ ജീവനക്കാരുടെ വേതനത്തിൽ 150 ഇരട്ടി വർദ്ധനവുണ്ടായി. കോളേജ് അദ്ധ്യാപകരുടെയും പ്രൊഫസർമാരുടെയും ശമ്പളത്തിൽ 170 ഇരട്ടിയും കോർപ്പറേറ്റ് എക്‌സിക്യൂട്ടീവുകളുടെ ശമ്പളത്തിൽ 1000 മടങ്ങും വർദ്ധനവുണ്ടായെന്നും നമ്മളോർക്കണം. ഭക്ഷ്യവസ്തുക്കളുടെ വിലവർദ്ധനവുമായി ബന്ധപ്പെട്ടാണ് ജീവനക്കാരുടെ വേതനത്തിൽ വർദ്ധനവ് പ്രഖ്യാപിക്കുന്നത്. എന്നാൽ ഭക്ഷ്യവസ്തുക്കൾ ഉത്പാദിപ്പിക്കുന്ന കർഷകരുടെ കാര്യത്തിൽ ഇത്തരമൊരു വർദ്ധനവ് ഉണ്ടാകുന്നില്ല എന്നത് ഇന്നും വിരോധാഭാസമായി തുടരുകയാണ്. ഇന്ത്യൻ കർഷകർക്ക് മേൽ പിഴചുമത്തിക്കൊണ്ടാണ് നമ്മുടെ സർക്കാർ സംവിധാനങ്ങൾ ചലിച്ചുകൊണ്ടിരിക്കുന്നത് എന്ന് വ്യക്തം.

നയരൂപീകരണങ്ങളിലെയും ആസൂത്രണങ്ങളിലെയും പിഴവുകൾ വിവിധ മാനങ്ങളുള്ള പ്രതിസന്ധികളിലേക്കാണ് രാജ്യത്തെ നയിച്ചുകൊണ്ടിരിക്കുന്നത്. ഭക്ഷ്യധാന്യങ്ങളുടെ ഉത്പാദന വർദ്ധനവിനെക്കുറിച്ച് നിരന്തരം വാചാലമായിക്കൊണ്ടിരിക്കുമ്പോൾ തന്നെ ഭക്ഷ്യോൽപാദനത്തിലെ പാരമ്യത (Peak Food Production) എന്ന പുതിയൊരു പ്രതിഭാസം ലോകം അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. അത്യുൽപാദന ശേഷിയുള്ള വിത്തുകൾ, രാസവള-കീടനാശിനികൾ, യന്ത്രവൽക്കരണം, ജലസേചന സംവിധാനങ്ങൾ എന്നിവയുടെ സഹായത്തോടെ ഒരു ഹെക്ടർ ഭൂമിയിൽ നിന്ന് ഉത്പാദിപ്പിക്കാവുന്ന വിളവിന്റെ പരാമവധി ഉത്പാദനം ഇന്ന് സാധ്യമാക്കിയിരിക്കുകയാണ്; രാജ്യങ്ങൾ തമ്മിൽ ചില അന്തരം നിലനിൽക്കുന്നുണ്ടെങ്കിൽ കൂടിയും. വർദ്ധിച്ചുവരുന്ന ജനസംഖ്യയ്ക്ക് ആനുപാതികമായി ഭക്ഷണം ഉത്പാദിപ്പിക്കാൻ സാധ്യമാകാത്ത വിധത്തിലുള്ള പ്രതിസന്ധിയിലേക്ക് ലോകം ക്രമേണ നീങ്ങിക്കൊണ്ടിരിക്കുകയാണ്. മണ്ണിന്റെ നഷ്ടമായിക്കൊണ്ടിരിക്കുന്ന ഉർവ്വരത എന്നത് ഏറ്റവും വലിയ ഊർജ്ജ പ്രതിസന്ധിയായി മാറിക്കൊണ്ടിരിക്കുകയാണ്.

പുത്തൻ സാമ്പത്തിക നയങ്ങളും വ്യവസായ-സേവന മേഖലകളിലുള്ള അമിതമായ ശ്രദ്ധയും ഭൂ ഉടമസ്ഥതയുടെ കാര്യത്തിൽ ഗണ്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പ്രത്യേക സാമ്പത്തിക മേഖലകൾ, വ്യവസായ പാർക്കുകൾ എന്നിവയ്ക്കായി കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിൽ കൈമാറ്റം ചെയ്യപ്പെട്ട കൃഷി ഭൂമിയുടെ തോത് ഭീമമാണ്. ഇതിന്റെ പരിണാമമെന്നത്, കർഷകരുടെ കൈകളിലെ ഭൂമിയുടെ അളവ് ഗണ്യമായ രീതിയിൽ കുറഞ്ഞുവെന്നതാണ്. വർത്തമാനാവസ്ഥയിൽ ഇന്ത്യൻ കർഷകരിൽ 60%വും 0.4 ഹെക്ടറിൽ കുറഞ്ഞ ഭൂമിയുള്ളവരാണ്. 20%ത്തിന്റെ കൈകളിൽ 1.4ഹെക്ടർ ഭൂമിയും. അതിസമ്പന്നരായ കർഷകരെയും തോട്ടമുടമകളെയും മാറ്റിനിർത്തിയാൽ വലിയൊരു ഭാഗം കൃഷി ഭൂമിയും ഇന്ന് മറ്റ് ആവശ്യങ്ങൾക്കായി വിനിയോഗിച്ചുകൊണ്ടിരിക്കുകയാണ്.

രാഷ്ട്രം ഒരു കാർഷിക പ്രതിസന്ധിയെ നേരിടാൻ പോകുകയാണെന്ന് ഇന്ത്യയിലെ ആസൂത്രണ മേഖലയിലെ ഉന്നത സ്ഥാനങ്ങളിൽ വിരാജിച്ചവർ തന്നെ മുറിയിപ്പുനൽകുന്ന സാഹചര്യത്തിൽ ഇത്തരമൊരു കാർഷിക പ്രതിസന്ധിയിലേക്ക് നയിച്ച രാഷ്ട്രീയ സാമൂഹിക സാമ്പത്തിക വ്യവഹാരങ്ങളെ മനസിലാക്കാൻ ശ്രമിക്കുകയാണ് ഇവിടെ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതുതായി ഉയർന്നുവന്നുകൊണ്ടിരിക്കുന്ന കർഷക പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ പ്രത്യേകിച്ചും.

പഞ്ചവൽസര അവഗണനകൾ

"ഇന്ത്യ ഒരു കാർഷിക രാജ്യം', "കാർഷിക മേഖല ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല്', "ജനസംഖ്യയിൽ അറുപത് ശതമാനവും ഉപജീവനത്തിനായി ആശ്രയിക്കുന്നത് കാർഷിക വൃത്തിയെയാണ്'. സ്‌കൂൾ പാഠപുസ്തകം തൊട്ട് പ്രധാനമന്ത്രിയുടെ ചെങ്കോട്ടയിലെ പ്രസംഗം വരെ, ആസൂത്രണ കമ്മീഷൻ റിപ്പോർട്ട് മുതൽ പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ വരെ കഴിഞ്ഞ ഏഴുപതിറ്റാണ്ടുകളായി നിരന്തരമായി പാടിപ്പറഞ്ഞുകൊണ്ടിരിക്കുന്ന വാചകങ്ങളാണിവ. "കാർഷിക ഇന്ത്യ' എന്നത് മൈതാന പ്രസംഗങ്ങളിലെ അഭിമാനകരമായ അഭിസംബോധന എന്നതിനപ്പുറത്തേക്ക് കൃഷിയെയും കർഷകരെയും മറന്ന രാജ്യമായി ഇന്ത്യ മാറിയതിന് സ്വതന്ത്ര ഇന്ത്യയുടെ പഞ്ചവൽസര പദ്ധതി ആസൂത്രണം തൊട്ടുള്ള വികസന ചരിത്രത്തെ പരിശോധനാ വിഷയമാക്കേണ്ടതുണ്ട്.

സ്വതന്ത്ര ഇന്ത്യയുടെ ശൈശവത്തിൽ, മൊത്തം ആഭ്യന്തരോത്പാദനത്തിന്റെ അറുപത് ശതമാനത്തോളം സംഭാവന ചെയ്തിരുന്ന കാർഷിക മേഖല ഇന്ന് 14%ത്തിനും 12%ത്തിനും ഇടയിലേക്ക് ചുരുങ്ങിപ്പോയതിനും, കാർഷികവൃത്തി ലാഭകരമല്ലാത്ത ഏർപ്പാടായതിനും, ഭക്ഷ്യസുരക്ഷയ്ക്ക് മാത്രമായി പ്രത്യേക വകുപ്പുകളും മിഷനുകളും രൂപീകരിക്കേണ്ടി വന്നതിനും പിന്നിലെ ആസൂത്രണ പിഴവുകളെ മനസിലാക്കാൻ അത് നമ്മെ സഹായിക്കും. "ഹരിത', "ധവള', "നീല' വിപ്ലവങ്ങൾ ഇന്ത്യയിലെ കാർഷിക മേഖലയിൽ ഉത്പാദന വളർച്ച സൃഷ്ടിച്ചപ്പോഴും കർഷകരിൽ വലിയൊരു വിഭാഗം ഇന്നും ദരിദ്രരായി നിലനിൽക്കുന്നതെന്തുകൊണ്ട്?, പ്രതിശീർഷ വരുമാനത്തിന്റെ കാര്യത്തിൽ വൻതോതിലുള്ള വർദ്ധനവ് സംഭവിച്ചിട്ടും വ്യക്തിഗത കലോറി ഉപഭോഗം ഇന്ത്യയിൽ കുറഞ്ഞുവരുതെന്തുകൊണ്ട് തുടങ്ങിയ നിരവധി ചോദ്യങ്ങൾ ഈ വിഷയവുമായി ബന്ധപ്പെട്ട് ഉയർന്നുവരേണ്ടതുണ്ട്.

നെഹ്രു- മഹനലോബിസ് മാതൃക

വികസന സമ്പദ്‌വ്യവസ്ഥയുടെ തടവുകാരനെന്ന് വിശേഷിപ്പിക്കാവുന്ന നെഹ്രുവിനെ സംബന്ധിച്ചിടത്തോളം ദരിദ്ര ഇന്ത്യയെ പിന്നണിയിൽ നിന്നും മോചിപ്പിക്കാൻ വ്യാവസായിക വികസനം സാധ്യമാക്കേണ്ടതുണ്ടായിരുന്നു. സോവിയറ്റ് വികസന മാതൃകകളോട് അനുഭാവം പുലർത്തിയിരുന്ന നെഹ്രു സോവിയറ്റ് റഷ്യയുടെ പഞ്ചവൽസര ആസൂത്രണ രീതികൾ ഇന്ത്യയിലേക്ക്

നെഹ്രുവും മഹനലോബിസും

പറിച്ചുനടുകയായിരുന്നു. സമഗ്രാധിപത്യ സ്വഭാവമുള്ള ഒരു ഭരണകൂടത്തിന്റെ അടഞ്ഞതും അത്യന്തം കേന്ദ്രീകൃതവുമായ ആസൂത്രണ രീതികളെ ജനാധിപത്യ വ്യവസ്ഥയിലേക്ക് കേവലം ആദ്യചുവടുവെപ്പുകൾ മാത്രം ആരംഭിച്ച ഇന്ത്യയിലേക്ക് പറിച്ചുനടുക വഴി ഇന്ത്യൻ ജനാധിപത്യത്തിന്റെയും സാമ്പത്തിക-വികസന നയങ്ങളുടെയും ഭാവി എന്തായിരിക്കും എന്ന് നിശ്ചയിക്കപ്പെട്ടുകഴിഞ്ഞിരുന്നു. മുകളിൽ നിന്ന് താഴേക്ക് അടിച്ചേൽപിക്കുന്ന വികസന പദ്ധതികളുടെ അടിസ്ഥാന ജനാധിപത്യ വിരുദ്ധതയെ ചോദ്യം ചെയ്യാനുള്ള എല്ലാ സാധ്യതകളെയും നെഹ്രുവിന്റെ "പുരോഗമന' "മതേതര' രീതികൾ അടച്ചുകളഞ്ഞിരുന്നു. വൻകിട വ്യവസായ പദ്ധതികളോടും അവയ്ക്ക് അനുയോജ്യമായ തരത്തിലുള്ള പശ്ചാത്തല സൗകര്യ വികസനങ്ങളോടും പ്രത്യേക മമത പുലർത്തിയിരുന്ന നെഹ്രുവിന് അക്കാര്യത്തിൽ ഏറ്റവും പരിണതപ്രജ്ഞനായ ഒരു വ്യക്തിയെത്തന്നെ ആസൂത്രണ മാർഗ്ഗനിർദ്ദേശകനായി ലഭിച്ചു. പ്രശാന്ത ചന്ദ്ര മഹനലോബിസ് എന്ന സ്ഥിതിവിവര ശാസ്ത്രജ്ഞൻ (statistician) രണ്ടാം പഞ്ചവൽസര പദ്ധതിയുടെ ആരംഭം തൊട്ടുതന്നെ ഇന്ത്യയുടെ സാമ്പത്തിക വളർച്ച എത്തരത്തിലായിരിക്കണം എന്ന് ചിന്തിച്ചുറപ്പിച്ചിരുന്നു. സാധാരണ സമ്പദ്ശാസ്ത്രകാരന്മാരിൽ നിന്ന് വിഭിന്നമായി സമ്പദ് വ്യവസ്ഥയിൽ മൂലധന ചരക്ക് (capital goods) മേഖലയുടെ ഉയർന്ന വളർച്ചാ നിരക്ക് ലക്ഷ്യമിട്ടുകൊണ്ടുള്ള ആസൂത്രണമായിരുന്നു മഹനലോബിസ് മാതൃകയുടെ പ്രത്യേകത. അതുകൊണ്ടുതന്നെ ഒന്നാം പഞ്ചവൽസര പദ്ധതി ആസൂത്രണത്തിൽ നിന്ന് വ്യത്യസ്തമായി മൂലധന നിക്ഷേപത്തിന്റെ വലിയൊരു പങ്കും ഘനവ്യവസായങ്ങളിലേക്ക് തിരിച്ചുവിടാനായിരുന്നു അദ്ദേഹം നിർദ്ദേശിച്ചത്. ഉപഭോക്തൃ ചരക്ക് (consumer goods) മേഖലകളിലെ ഉയർ നിക്ഷേപം താൽക്കാലിക നേട്ടമുണ്ടാക്കുമെങ്കിലും സമ്പദ്‌വ്യവസ്ഥയുടെ സ്ഥിരതയാർന്ന വളർച്ചയ്ക്ക് ഇത്തരമൊരു മാറ്റം അനിവാര്യമാണെന്ന് മഹനലോബിസ് വാദിച്ചു. സാമ്പത്തിക വളർച്ചയുടെ അടിസ്ഥാനം മൂലധന രൂപവൽക്കരണ (capital formation) ത്തെയോ യഥാർത്ഥ നിക്ഷേപത്തെയോ ആശ്രയിച്ചായിരിക്കും എന്ന യുക്തിയിൽ നിുകൊണ്ടായിരുന്നു മഹനലോബിസ് തന്റെ സിദ്ധാന്തം അവതരിപ്പിച്ചത്. ലളിതമായി പറഞ്ഞാൽ, ഉയർന്നതോതിലുള്ള മൂലധന രൂപവൽക്കരണം ഉയർന്ന വളർച്ചാ നിരക്കിനെ സൂചിപ്പിക്കുന്നുവെർത്ഥം.

ദീർഘകാല വളർച്ച ഉറപ്പുവരുത്തുന്നതിനായി ഘനവ്യവസായങ്ങളിന്മേലും പശ്ചാത്തല സൗകര്യ വികസനങ്ങളിന്മേലും ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് മഹനലോബിസ് നിർദ്ദേശിച്ചു. അതുകൊണ്ടുതന്നെ മൂലധന ചരക്ക് വ്യവസായങ്ങളായ (capital goods industries) സ്റ്റീൽ, വൈദ്യുതി, വൻകിട യന്ത്രങ്ങൾ, രാസവളങ്ങൾ എന്നീ മേഖലകളിൽ വൻതോതിലുള്ള മൂലധന നിക്ഷേപം നടത്താൻ രണ്ടാം പഞ്ചവൽസര പദ്ധതി കാലയളവുതൊട്ട് ആരംഭിച്ചു. ഘനവ്യവസായങ്ങൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ടുള്ള വളർച്ചാ മാതൃകയുടെ സ്വാഭാവിക പരിണതി അടിസ്ഥാന കാർഷിക മേഖലയോടുള്ള അവഗണനയായിരുന്നു. ഒന്നും രണ്ടും പഞ്ചവൽസര പദ്ധതികളിൽ കാർഷികം വ്യവസായം എന്നീ മേഖലകളിൽ പദ്ധതി വകയിരുത്തലിൽ തന്നെ ഈയൊരു നയവ്യതിയാനം പ്രകടമായി കാണാവുതാണ്. ഒന്നാം പഞ്ചവൽസര പദ്ധതിയിൽ കാർഷിക മേഖലയ്ക്ക് 357 കോടി രൂപയും വ്യവസായ-ഖനി മേഖലയ്ക്ക് 179 കോടി രൂപയും വകയിരുത്തപ്പെട്ടപ്പോൾ രണ്ടാം പദ്ധതി കാലയളവിൽ അത് യഥാക്രമം 568 കോടി, 890 കോടി എന്നീ നിലയിലേക്ക് പരിവർത്തിക്കപ്പെട്ടു. (രണ്ടാം പഞ്ചവൽസര പദ്ധതി റിപ്പോർട്ട്, അദ്ധ്യായം 3). ഇന്ത്യയുടെ ഭക്ഷ്യധാന്യ ഇറക്കുമതിയിൽ ക്രമാതീതമായ വർദ്ധനവ് അനുഭവപ്പെടാൻ തുടങ്ങി എന്നതായിരുന്നു ഇതിന്റെ അടിയന്തിര പരിണതഫലം. ഒന്നാം പഞ്ചവൽസര പദ്ധതി കാലയളവിൽ (1951-56) ഭക്ഷ്യധാന്യങ്ങളുടെ ഇറക്കുമതി 12 ദശലക്ഷം ടൺ ആയിരുന്നത് മൂന്നാം പദ്ധതിക്കാലമായപ്പോഴേക്കും 26ദശലക്ഷം ടൺ ആയി ഉയർന്നു.

കാർഷിക മേഖലയിൽ തളച്ചിടപ്പെട്ട ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ പരിമിതികൾ ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു ദ്രുതഗതിയിലുള്ള വ്യവസായവൽക്കരണത്തിന്റെ ആവശ്യകതയെക്കുറിച്ച് മഹലനോബിസ് ഉറപ്പിച്ചു പറയുന്നത്. രണ്ടാം പഞ്ചവൽസര പദ്ധതി രേഖ ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് പറയുതിങ്ങനെ: ""താഴ്ന്നതോ അല്ലെങ്കിൽ നിശ്ചലമായതോ ആയ ജീവിതനിലവാരം, തൊഴിലില്ലായ്മ, കുറഞ്ഞ തൊഴിൽ അവസ്ഥ, ശരാശരിവരുമാനം ഉയർന്ന വരുമാനം എന്നിവയുടെ കാര്യത്തിൽ ഒരുപരിധിവരെ നിലനിൽക്കുന്ന വിടവ് എന്നിവയെല്ലാം ചൂണ്ടിക്കാട്ടുന്നത് കാർഷിക മേഖലയെ ആശ്രയിച്ചു കഴിയുന്ന ഒരു സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാന അവികസിത സ്വഭാവത്തെയാണ്. ദ്രുതഗതിയിലുള്ള വ്യവസായവൽക്കരണവും സമ്പദ്‌വ്യവസ്ഥയുടെ വൈവിധ്യവൽക്കരണവും അതുകൊണ്ടുതന്നെ വികസനത്തിന്റെ കേന്ദ്രബിന്ദുവായിരിക്കേണ്ടതുണ്ട്. എന്നാൽ വ്യാവസായികവൽക്കരണത്തിന് ആവശ്യമായ വേഗത കൈവരിക്കണമെങ്കിൽ അടിസ്ഥാന വ്യവസായങ്ങളും, മുന്നോട്ടുള്ള വികസനത്തിന് ആവശ്യമായ യന്ത്രങ്ങൾ ഉത്പാദിപ്പിക്കുന്ന യന്ത്രനിർമ്മാണ വ്യവസായങ്ങളും വികസിപ്പിക്കുന്നതിനായി രാജ്യം ലക്ഷ്യമിടേണ്ടതുണ്ട്'' (രണ്ടാം പഞ്ചവൽസര പദ്ധതിരേഖ )

ഘന വ്യവസായങ്ങൾക്ക് മുന്തിയ പരിഗണന നൽകിയതും കാർഷികമേഖലയിലെ പദ്ധതി വകയിരുത്തലുകളിൽ ഗണ്യമായ കുറവുവരുത്തുകയും ചെയ്തതോടൊപ്പം തന്നെ കുടിൽ വ്യവസായങ്ങളുടെ വികാസത്തെയും മഹനലോബിസ് മാതൃക അവഗണിക്കുകയുണ്ടായി. കുടിൽ വ്യവസായങ്ങളുടെ വളർച്ചയ്ക്ക് ആവശ്യമായ വിഭവങ്ങൾ നൽകാതിരുന്നതിലൂടെ പരോക്ഷമായി വീണ്ടും ആക്രമിച്ചത് കാർഷിക മേഖലയെത്തെന്നയായിരുന്നു. കാരണം ഇന്ത്യയിലെ കുടിൽ വ്യവസായങ്ങളിൽ ഏറിയപങ്കും കാർഷിക അനുബന്ധ വ്യവസായങ്ങളെന്ന നിലയിലായിരുന്നു പ്രവർത്തിച്ചിരുന്നത്. തൊഴിൽ മേഖലയുടെ വികാസമെന്നത് മഹനലോബിസ് മാതൃകയുടെ പ്രഖ്യാപിത ലക്ഷ്യമായി ഉദ്‌ഘോഷിക്കപ്പെട്ടിരുന്നു. ഘനവ്യവസായങ്ങൾ ഊന്നൽ നൽകിക്കൊണ്ടുള്ള ഈ വികസന മാതൃക ആവശ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പരാജയപ്പെടുകയായിരുന്നു. വൻകിട മൂലധന നിക്ഷേപം ആവശ്യമായതും ഇറക്കുമതി ചെയ്യപ്പെട്ട സാങ്കേതിക വിദ്യകളെ ആശ്രയിക്കേണ്ടിവന്നതും നഗരകേന്ദ്രീകൃത വ്യവസായ വളർച്ചയ്ക്ക് കാരണമായി. വ്യാവസായിക വികസനത്തോടൊപ്പം വളർന്നുവന്ന സംഘടിത തൊഴിൽശക്തികളിലെ വർദ്ധനവ് സ്ഥിതിവിവരക്കണക്കുകളിലൂടെ നമുക്ക് ബോദ്ധ്യപ്പെടുമെങ്കിലും ഗ്രാമീണ ഇന്ത്യയിലെ അസംഘടിത തൊഴിൽമേഖലയുടെ അടിസ്ഥാനശിലയായ കുടിൽവ്യവസായത്തെ അവഗണിക്കുക വഴി സംഭവിച്ച തൊഴിൽ നഷ്ടത്തെക്കുറിച്ച് വലിയ പഠനങ്ങളും വിശകലനങ്ങളും ഇന്നും ലഭ്യമല്ല എതാണ് സത്യം.

മൂന്നാം പഞ്ചവൽസര പദ്ധതി ആസൂത്രണവും രണ്ടാമത്തേതിൽ നിന്ന് വിഭിന്നമായിരുന്നില്ല. ഭക്ഷ്യമേഖലയുടെ സ്വയംപര്യാപ്തതയെക്കുറിച്ച് പദ്ധതിരേഖ വാചാലമായിരുന്നുവെങ്കിലും വ്യാവസായിക വികസനത്തെ സംബന്ധിച്ച മുൻനിലപാടുകളിൽ നിന്നും ഗണ്യമായ മാറ്റങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല.

പദ്ധതി ആസൂത്രണത്തിൽ കാർഷിക മേഖലയെ അവഗണിക്കുന്നത് ദീർഘകാല പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്ന വിമർശനങ്ങൾ ആദ്യകാലത്തുതന്നെ ഉയരുകയുണ്ടായിരുന്നു. പ്രൊഫ. മൈക്ക്ൾ ലിപ്റ്റ, ബി.എസ്.മിൻഹാസ്, പ്രൊഫ.സി.എൻ.വക്കീൽ, പി.ആർ. ബ്രഹ്മാനന്ദ തുടങ്ങിയ സാമ്പത്തിക ശാസ്ത്രജ്ഞർ മഹനലോബിസ് വളർച്ചാമോഡലിന്റെ ദൗർബല്യങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. പൊതുധനം വിലയിരുത്തുന്നതിലും കാർഷിക മേഖലയിലെ ഗവേഷണങ്ങൾക്ക് മുൻതൂക്കം നൽകാതിരുന്നതിലും നയരൂപീകരണ മേഖലയിലെ അലംഭാവവും ഗ്രാമീണ കാർഷിക മേഖലയുടെ തകർച്ചയ്ക്ക് കാരണമായി അവർ വിലയിരുത്തി. ""പ്രായോഗികാർത്ഥത്തിൽ, വികസനശാസ്ത്രത്തോടുള്ള നമ്മുടെ അന്ധമായ കൂറിന്റെ ദൗർഭാഗ്യകരമായ പരിണതി എത് കാർഷിക മേഖലയോടും ഗ്രാമീണ വികസനത്തോടും കാണിച്ച ഭയാനകമായ അവഗണനയായിരുന്നു'' എന്ന് പ്രൊഫ. ലിപ്റ്റ എഴുതുകയുണ്ടായി. ധനനിക്ഷേപത്തിന്റെ 35%ത്തിൽ താഴെ മാത്രമേ കാർഷിക തൊഴിൽമേഖലയിലെ തൊഴിലാളികൾക്ക് ലഭ്യമായിരുന്നുളളൂ എന്ന് കണക്കുകൾ ഉദ്ധരിച്ചുകൊണ്ട് മേൽപ്പറഞ്ഞ സാമ്പത്തിക ശാസ്ത്രജ്ഞന്മാർ തെളിയിക്കുകയുണ്ടായി.

നാലാം പഞ്ചവൽസര പദ്ധതി (1969-74) കാലയളവുതൊട്ട് മഹനലോബിസ് വളർച്ചാ മാതൃക കയ്യൊഴിയപ്പെട്ടുവെങ്കിലും അതിന്റെ സ്വാധീനം ഏതാണ്ട് കാൽനൂറ്റാണ്ടുകാലം വരെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പിന്തുടർന്നിരുന്നുവെന്ന് പറയാം. ദ്രുതഗതിയിലുള്ള വ്യാവസായിക വികസനം ഉയർന്ന സാമ്പത്തിക വളർച്ചയ്ക്ക് കാരണമാകുമെന്ന മഹനലോബിസ് അവകാശവാദം തെറ്റായിരുന്നുവെന്ന് പിന്നീട് തെളിയിക്കപ്പെടുകയുണ്ടായി. ഇന്ത്യൻ സാമ്പത്തിക വളർച്ച 3.5%ത്തിൽ കൂടുതൽ ഉറപ്പുവരുത്താൻ മഹനലോബിസ് തന്ത്രത്തിന് സാധിച്ചില്ലെന്ന് മാത്രമല്ല, ഏറ്റവും കൂടുതൽ ജനങ്ങൾ ആശ്രയിച്ചിരുന്ന കാർഷിക മേഖലയോടുള്ള അവഗണന വലിയൊരു വിഭാഗത്തെ ദുരിതക്കയത്തിലേക്ക് തള്ളിവിടുകയും ചെയ്തു. ജനസംഖ്യയും ഉത്പാദനവും തമ്മിലുള്ള അസന്തുലിതാവസ്ഥ കാരണം ഇക്കാലയളവിൽ ഇറക്കുമതിയിൽ വൻവർദ്ധനവ് സൃഷ്ടിച്ചതായും കാണാൻ സാധിക്കും. ഒന്നാം പഞ്ചവൽസര പദ്ധതിക്കാലത്ത് 12 ദശലക്ഷം ടണ്ണായിരുന്നു ഇന്ത്യയുടെ ഭക്ഷ്യധാന്യ ഇറക്കുമതി എങ്കിൽ രണ്ടാം പഞ്ചവൽസരക്കാലമായപ്പോഴേക്കും അത് 17 ദശലക്ഷം ടണ്ണായി ഉയരുകയുണ്ടായി. മൂന്നാം പദ്ധതിക്കാലത്ത് ഇത് 26ദശലക്ഷം ടണ്ണായും 1970-76 കാലയളവിൽ 26.4 ദശലക്ഷം ടണ്ണായും വർദ്ധിച്ചു.

വ്യവസായങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള വികസനാസൂത്രണങ്ങളുടെ പ്രധാന പരിമിതി ഭക്ഷ്യ മേഖലയിൽ കമ്മി അനുഭവപ്പെടും എന്നുള്ളതാണെന്ന തിരിച്ചറിവ് പദ്ധതി ആസൂത്രകരിൽ തന്നെ ഉണ്ടായിരുന്നു എന്നുള്ളത് അക്കാലത്തെ അന്താരാഷ്ട്ര കരാറുകളിൽ നിന്ന് മനസിലാക്കാൻ സാധിക്കും. ഭക്ഷ്യപ്രതിസന്ധി പരിഹരിക്കാൻ അവർ കണ്ടെത്തിയ മാർഗം ഭക്ഷ്യധാന്യങ്ങൾ ഇറക്കുമതി ചെയ്യുക എന്നതായിരുന്നു. രണ്ടാം പഞ്ചവൽസര പദ്ധതി കാലയളവിൽ (1956 - 62) അമേരിക്കൻ പബ്ലിക് ലോ 480 (PL 480) അനുസരിച്ച് കാർഷിക ചരക്കുകൾ ഇറക്കുമതി ചെയ്യാനുള്ള കരാറിൽ ഇന്ത്യാ ഗവൺമെന്റ് ഒപ്പുവെക്കുകയുണ്ടായി. ഇറക്കുമതി ചെയ്യപ്പെട്ട കാർഷികചരക്കുകളിൽ 90% ഗോതമ്പും 8% പരുത്തിയും ബാക്കി 2% മറ്റ് വസ്തുക്കളുമായിരുന്നു എന്ന് രേഖകൾ വ്യക്തമാക്കുന്നു. ഈ കാലയളവിൽ പി.എൽ 480 പ്രകാരം 6,860 ദശലക്ഷം രൂപയ്ക്ക് തുല്യമായ കാർഷിക ചരക്കുകളാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. കാർഷിക ഉത്പാദന മേഖലയിൽ ഇതിന്റെ പ്രത്യാഘാതങ്ങൾ ഗുരുതരമായിരുന്നു എന്ന് പിന്നീട് വിലയിരുത്തപ്പെട്ടു.

കാർഷിക മേഖലയെയും ഗ്രാമീണ തൊഴിൽ മേഖലയെയും, പ്രത്യേകിച്ച് കാർഷിക അനുബന്ധ കുടിൽ വ്യവസായങ്ങളെ, കയ്യൊഴിഞ്ഞതോടെ ഇന്ത്യയിലെ വർദ്ധിച്ചുവരുന്ന തൊഴിൽശക്തിയെ ആഗിരണം ചെയ്യാൻ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് കഴിയാതെപോയി എന്നത് വസ്തുതയാണ്. കേന്ദ്രീകൃത ആസൂത്രണം, ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുയോജ്യമായ രീതിയിലുള്ള വികസനതന്ത്രങ്ങളുടെ അഭാവം, കാർഷിക ഭൂ ബന്ധങ്ങളെ പുനർനിർണ്ണയിക്കുന്നതിൽ കാണിച്ച അലംഭാവം എന്നിവയൊക്കെയും നെഹ്രുവിയൻ വികസന മാതൃകകളുടെ പരിമിതികളായിരുന്നു. ഈ പരിമിതികളെ അതിന്റെ എല്ലാ രൂക്ഷതകളോടും കൂടി പിന്തുടരുന്നതായിരുന്നു പിൽക്കാലത്ത് രാജ്യത്ത് നടപ്പിലാക്കപ്പെട്ട വികസന നയങ്ങൾ എന്ന് തുടർന്നുള്ള നാളുകളിലെ വികസനതന്ത്രങ്ങളിലേക്ക് കണ്ണോടിച്ചാൽ നമുക്ക് ബോദ്ധ്യപ്പെടും. കേന്ദ്രീകൃത ആസൂത്രണത്തിന്റെ ഉള്ളടക്കത്തിൽ അടങ്ങിയിരുന്ന സൂക്ഷ്മ ജനാധിപത്യത്തിന്റെ അഭാവം നെഹ്രുവിയൻ വികസനമാതൃകയുടെ ദൗർബല്യമായിരുന്നു. വികസനത്തിന്റെ രാജപാതയിൽ നിന്ന് കോടിക്കണക്കായ ഇന്ത്യക്കാരെ പുറന്തള്ളുന്നതിന് മാത്രമേ ഇത് സഹായിച്ചിരുന്നുള്ളൂ. പുറന്തള്ളൽ വികസനത്തിന്റെ ഈയൊരു നെഹ്‌റുവിയൻ പാത ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ വിഭാഗങ്ങളും തങ്ങളുടെ വികസന പ്രത്യയശാസ്ത്രമായി സ്വീകരിക്കുകയായിരുന്നു.

രണ്ട് മുതൽ അഞ്ച് വരെയുള്ള പഞ്ചവൽസര പദ്ധതിക്കാലം ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിച്ചിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. വ്യാവസായിക വികസനത്തിന്റെ കാര്യത്തിൽ അടിയന്തിരമായ ഇടപെടൽ ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ചയ്ക്ക് കാരണമാകുമെന്ന മഹനലോബിസ് നിഗമനം തെറ്റായിരുന്നുവെന്ന് ഈ പഞ്ചവൽസര പദ്ധതിക്കാലയളവിലെ സാമ്പത്തിക വളർച്ചാ നിരക്കിലൂടെ കണ്ണോടിച്ചാൽ മനസിലാകും. മൂന്നാം പഞ്ചവൽസരക്കാലയളവിലെ പ്രതീക്ഷിത സാമ്പത്തിക വളർച്ച 5.6% ആയിരുന്നുവെങ്കിൽ യഥാർത്ഥ വളർച്ച 2.4% ആയിരുന്നു. നാലാം പദ്ധതിക്കാലത്ത് ഇത് യഥാക്രമം5.6%വും 3.3%വും ആയിരുന്നു. മഹനലോബിസ് തന്ത്രത്തിന്റെ പ്രത്യക്ഷ സ്വാധീനം ഇന്ത്യൻ ആസൂത്രണ രംഗത്ത് ഏതാണ്ട് കാൽനൂറ്റാണ്ടുകാലം നിലനിന്നിരുന്നുവെങ്കിലും മൂന്നാം പഞ്ചവൽസര പദ്ധതിയെത്തുടർന്നുള്ള മൂന്നുവർഷക്കാലം (1966-69) "പ്ലാൻ ഹോളിഡേയ്‌സ്' ആയി പ്രഖ്യാപിക്കുകയായിരുന്നു. മൂന്നാം പഞ്ചവൽസര പദ്ധതിക്കാലയളവിന്റെ (1962-66) മധ്യത്തിൽ ഭക്ഷ്യ-കൃഷി മന്ത്രിയായി ചുമതലയേറ്റെടുത്ത സി.സുബ്രഹ്മണ്യം കാർഷിക മേഖലയിൽ വൻതോതിലുള്ള പരിഷ്‌കരണത്തിന് വഴിതെളിയിച്ചു. അക്കാലത്ത് നിലവിലുണ്ടായിരുന്ന വ്യാവസായിക വികസനത്തിന്റെ ചുവടുപിടിച്ച് കാർഷിക മേഖലയെ കാർഷിക വ്യവസായമായി പരിവർത്തിപ്പിക്കുകയായിരുന്നു സുബ്രഹ്മണ്യവും കൂട്ടരും ചെയ്തത്. ഇന്ത്യയുടെ കാർഷിക മേഖലയിൽ ദീർഘകാല പ്രത്യാഘാതങ്ങൾ സൃഷ്ടിച്ച കൊട്ടിഘോഷിക്കപ്പെട്ട ഹരിതവിപ്ലവത്തിന് തുടക്കം കുറിച്ചത് ഇക്കാലയളവിലായിരുന്നു.

ഹരിതവിപ്ലവം

ആവർത്തിച്ചുവരുന്ന ഭക്ഷ്യക്ഷാമത്തെ നേരിടാൻ കാർഷിക മേഖലയിലെ ഭക്ഷ്യോത്പാദനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കപ്പെട്ട ഒന്നാണ് ഹരിതവിപ്ലവം. കാർഷികവൃത്തിയെ ഒരു സംസ്‌കാരമായി കണ്ടിരുന്ന ഒരു ജനതയുടെ കൃഷിയെ സംബന്ധിച്ച കാഴ്ചപ്പാടുകളെ പൂർണ്ണമായും മാറ്റിമറിച്ച ഒന്നായിരുന്നു അത്. അത്യുൽപാദന ശേഷിയുള്ള കുള്ളൻ വിത്തിനങ്ങൾ, ഉത്പാദന വർദ്ധനവിനുള്ള രാസവളങ്ങൾ, കീടങ്ങളെയും കളകളെയും ചെറുക്കുന്നതിനുള്ള കീട-കളനാശിനികൾ, കാർഷിക തൊഴിലുകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായുള്ള ട്രാക്ടർ, ടില്ലർ തുടങ്ങിയ യന്ത്രങ്ങൾ എന്നിവ വ്യാപകമായ തോതിൽ അവതരിപ്പിക്കപ്പെട്ടത് ഹരിതവിപ്ലവത്തിന്റെ വരവോടെയായിരുന്നു. ഭക്ഷ്യ-കൃഷി മന്ത്രിയായിരുന്ന സി.സുബ്രഹ്മണ്യം ഇന്ത്യൻ സസ്യശാസ്ത്രജ്ഞനായ എം.എസ് സ്വാമിനാഥൻ, യൂറോപ്യൻ ആഗ്രോണമിസ്റ്റായ നോർമൻ ബോർലോഗ് എന്നിവരുടെ സഹായത്തോടെ കാർഷിക മേഖലയിൽ വരുത്തേണ്ട മാറ്റങ്ങളെ സംബന്ധിച്ച് വിശദമായ പദ്ധതി തയ്യാറാക്കുകയായിരുന്നു. മൃഗപരിപാലന രംഗത്ത് വി.കുര്യന്റെ നേതൃത്വത്തിൽ ഇതേകാലയളവിൽ ധവള വിപ്ലവ പദ്ധതിയും അരങ്ങേറുകയുണ്ടായി. കർഷർ പരമ്പരാഗതമായി ചെയ്തിരുന്ന കാർഷിക രീതികൾ അപരിഷ്‌കൃതവും കാര്യക്ഷതയില്ലാത്തതുമാണെന്ന ധാരണ വിവിധ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാൻ അധികൃതർക്ക് സാധിച്ചു. സ്‌കൂൾ പാഠപുസ്തകങ്ങൾ തൊട്ട് റേഡിയോ, പത്രമാധ്യമങ്ങൾ എന്നിവകളിലൂടെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വില്ലേജ് തലത്തിൽ ആരംഭിച്ച കൃഷി ഭവനുകളിലൂടെയും പ്രചരണം ശക്തിപ്പെടുത്തി. അത്യുൽപാദന ശേഷിയുള്ള വിത്തിനങ്ങളും രാസവള-കള-കീടനാശിനികളും സൗജന്യനിരക്കിൽ കർഷരിലേക്ക് എത്തിച്ചു. സുബ്രഹ്മണ്യവും സംഘവും ചേർന്ന് അവതരിപ്പിച്ച "പുത്തൻ കാർഷിക തന്ത്ര'-ത്തിന്റെ സവിശേഷത അത് മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി "സാങ്കേതിക മാതൃക'കളെ മുൻനിർത്തിയുള്ളതായിരുന്നു എന്നതാണ്.

എം.എസ് സ്വാമിനാഥനും നോർമൻ ബോർലോഗും (1964ലെ ചിത്രം) Photo/ M.S Swaminathan/ twitter

വിത്തുകൾ, രാസവളങ്ങൾ, കീടനാശിനികൾ തുടങ്ങി യന്ത്രക്കലപ്പകൾ വരെയുള്ള എന്തും ഉയർന്ന സാങ്കേതിക സഹായം ആവശ്യമുള്ള ഒന്നായിരുന്നു. സ്വകാര്യ - ബഹുരാഷ്ട്ര കമ്പനികളുടെ സഹായമില്ലാതെ ഇത്തരമൊരു പദ്ധതി ആലോചിക്കുവാൻ സാധിക്കുമായിരുന്നില്ല. ഹരിത വിപ്ലവ പദ്ധതികൾക്ക് സാമ്പത്തിക സഹായങ്ങൾ എത്തിച്ചിരുന്ന വിദേശ സാമ്പത്തിക ഇടപാടു സ്ഥാപനങ്ങളുടെയും കുത്തക കമ്പനികളുടെയും താൽപര്യവും ഇതുതന്നെയായിരുന്നു. ഇന്ത്യയുടെ തനത് കാർഷിക സംസ്‌കാരത്തെ പൂർണ്ണമായും ഇല്ലാതാക്കുകയും പകരം വിത്തുകൾക്ക് പോലും സ്വകാര്യസ്ഥാപനങ്ങളെ ആശ്രയിക്കേണ്ട വിധത്തിൽ കാർഷിക മേഖലയെ പുനഃസംഘടിപ്പിക്കുകയും ചെയ്യുക എന്ന ദൗത്യം അത് ഭംഗിയായി നിർവ്വഹിച്ചു. കാർഷിക ഗവേഷണ സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ, കോളേജുകൾ എന്നിവകളിലൂടെയും പ്രാദേശിക കൃഷി ഭവനുകളിലൂടെയും നടത്തിയ "ശാസ്ത്രീയ' പ്രചരണങ്ങൾ വഴി "പുത്തൻ കാർഷിക തന്ത്രം' പ്രചരിപ്പിക്കപ്പെട്ടു. മൊൺസാന്റോ മുതൽ ബേയർ വരെയുള്ള അന്താരാഷ്ട്ര കുത്തക വിത്തുകമ്പനികളും കീട-കളനാശിനി കമ്പനികളും ഇന്ത്യയിൽ തങ്ങളുടെ ചുവടുറപ്പിച്ചു.

ഭക്ഷ്യധാന്യങ്ങളുടെ ഉത്പാദനത്തിൽ അത്യുൽപാദന കുള്ളൻ വിത്തിനങ്ങൾ "അത്ഭുതങ്ങൾ' സൃഷ്ടിച്ചുവെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. ഹരിതവിപ്ലവത്തെത്തുടർന്നുള്ള കാലയളവുകളിലെ ഗോതമ്പ്, നെല്ല്, കരിമ്പ്, നിലക്കടല, പരുത്തി തുടങ്ങിയ കാർഷികോത്പന്നങ്ങളുടെ ഉത്പാദനത്തിൽ സംഭവിച്ച ഗണ്യമായ വർദ്ധനവ് ഹരിതവിപ്ലവത്തിന്റെ മഹാത്മ്യം ഉയർത്തുക തന്നെ ചെയ്തു. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ കാർഷിക മേഖലയിൽ ഇത് പുത്തൻ ഉണർവ്വ് നൽകുകയും ഇന്ത്യൻ രാഷ്ട്രീയ മണ്ഡലത്തിൽ കർഷക മുന്നേറ്റങ്ങൾ പ്രത്യേക സ്വാധീനം സൃഷ്ടിക്കുകയും ചെയ്തു. (ഇക്കാര്യം പിന്നീട് വിശദമായി പ്രതിപാദിക്കുന്നതാണ്). ഹരിതവിപ്ലവത്തിന്റെ സ്വാധീനം എന്നത് മേൽപ്പറഞ്ഞ സംസ്ഥാനങ്ങളിലെ കർഷകരിൽ ഒരു സമ്പന്ന വിഭാഗത്തെ സൃഷ്ടിച്ചെടുക്കാൻ കഴിഞ്ഞു എന്നതാണ്.

കാർഷിക മേഖലയിൽ അത്യുൽപാദന ശേഷിയുള്ള നെൽവിത്തിനങ്ങൾ പ്രചരിപ്പിക്കുക എന്നതോടൊപ്പം തന്നെ ലക്ഷക്കണക്കായ നാടൻ നെൽവിത്തിനങ്ങൾ-വ്യത്യസ്ത സാഹചര്യത്തിലും കാലാവസ്ഥയിലും അതിജീവിക്കുന്നവയും പ്രാദേശികമായ മറ്റ് ആവശ്യങ്ങൾ നിറവേറ്റുന്നതുമായവ- കർഷകരിൽ നിന്ന് എന്നെന്നേക്കുമായി അപ്രത്യക്ഷമാക്കുന്നതിനുള്ള ബോധപൂർവ്വമായ പ്രവർത്തനങ്ങളും ഇക്കാലയളവിൽ നടന്നു. കട്ടക് ആസ്ഥാനമാക്കിയുള്ള ഇന്ത്യൻ നെല്ല് ഗവേഷണ സ്ഥാപന (IRRI) ത്തിൽ നിന്ന് പതിനായിരക്കണക്കിന് വരുന്ന നാടൻ നെൽവിത്തുശേഖരം കടത്തുവാനുള്ള ബഹുരാഷ്ട്ര കമ്പനിയുടെ ശ്രമത്തെ നേരിട്ട ഡോ.റിച്ചാറിയയുടെ കഥ സുപരിചതമാണല്ലോ. നാടൻ നെൽവിത്തിനങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയിലെ കർഷകരിൽ നിന്നും കവർന്നെടുത്തത് ഗോതമ്പ്, ബാർളി, റാഗി, തിന, ജുവാർ, വിവിധയിനം തുവര, പയറുവർഗ്ഗങ്ങൾ തുടങ്ങിയ പരമ്പരാഗത വിത്തിനങ്ങൾ കൂടിയായിരുന്നു.

അണക്കെട്ടുകൾ കനാൽ സംവിധാനങ്ങൾ തുടങ്ങിയ ജലസേചന പദ്ധതികളും, രാസവള-കീടനാശിനി നിർമ്മാണ ഫാക്ടറികളും ഹരിതവിപ്ലവത്തിന്റെ വരവോടെ രാജ്യമെങ്ങും ഉയർന്നുവന്നു. നെല്ല്, ഗോതമ്പ്, നിലക്കടല, പരുത്തി, കരിമ്പ് തുടങ്ങി ഏതാനും വിരലിലെണ്ണാവുന്ന കാർഷിക വിളകളെ അടിസ്ഥാനപ്പെടുത്തിയുള്ള കാർഷിക വിപ്ലവമായിരുന്നു യഥാർത്ഥത്തിൽ അരങ്ങേറിയിരുന്നത്. ഹരിതവിപ്ലവത്തിന്റെ തുടർ നാളുകളിൽ മേൽപ്പറഞ്ഞ വിളകൾക്ക് പ്രാധാന്യം നൽകുകയും മുൻകാലങ്ങളെ അപേക്ഷിച്ച് രണ്ടും മൂന്നും ഇരട്ടി പ്രദേശങ്ങളിലേക്ക് ഇവയുടെ കൃഷി വ്യാപിപ്പിക്കുകയും ചെയ്തു. മഴക്കാലത്തെ മാത്രം ആശ്രയിച്ചു കൃഷി ചെയ്തിരുന്ന പ്രദേശങ്ങളിൽ ജലസേചന സൗകര്യം ഏർപ്പെടുത്തിയതോടെ ഒറ്റത്തവണ കൃഷി ചെയ്തിരുന്നിടത്ത് രണ്ടും മൂന്നും വിളകൾ ഉത്പാദിപ്പിക്കാമെന്ന അവസ്ഥ കൈവന്നു. ഉയർന്ന ഉത്പാദനം, സൗജന്യ നിരക്കിലുള്ള രാസവള-കീടനാശിനികൾ എന്നിവയൊക്കെ കാർഷിക മേഖലയിൽ സജീവത സൃഷ്ടിച്ചു. എന്നാൽ ഇക്കൂട്ടത്തിൽ ശ്രദ്ധിക്കപ്പെടാതെ പോയ ഒരു കാര്യം ഗ്രാമീണ ഭക്ഷണത്തിലെ സുപ്രധാന ഇനങ്ങളായ റാഗി, ജുവാർ, തുടങ്ങിയ ചെറുധാന്യങ്ങളുടെയും നിരവധി പയറുവർഗ്ഗങ്ങളുടെയും ഉത്പാദനത്തിൽ ഇതേ കാലയളവിൽ സംഭവിച്ച കുറവാണ്. മുഖ്യഭക്ഷ്യ ധാന്യങ്ങളിൽ "പ്രധാന' (major) വിളകളായി ഗോതമ്പ്, നെല്ല് എന്നിവ പരിഗണിക്കപ്പെട്ടപ്പോൾ ബാർളി, തിന, റാഗി, ജുവാർ എന്നിവ "മറ്റുള്ള' (other) വിളകളിലേക്ക് തരംതാഴ്ത്തപ്പെട്ടു. ഭക്ഷ്യധാന്യങ്ങളിലെ ഈയൊരു തരംതിരിവ് ഗ്രാമീണ കർഷകരുടെ ഭക്ഷണത്തിൽ നിഷേധാത്മക സ്വാധീനം ചെലുത്തുകയുണ്ടായി. ഗ്രാമീണ ഇന്ത്യയുടെ ഭക്ഷണത്തിലെ പോഷകാഹാരക്കുറവിന് ഇത് കാരണമായി മാറി. ധാന്യങ്ങളെക്കൂടാതെ കിഴങ്ങ്- പച്ചക്കറി വർഗ്ഗങ്ങളിലും ഇത്തരം തരംതിരിവുകൾ പ്രകടമായിരുന്നു. കിഴങ്ങുവർഗങ്ങളിൽ ഉരുളക്കിഴങ്ങ്, കപ്പ തുടങ്ങിയ ഏതാനും വിളകൾക്ക് പ്രാധാന്യം നൽകപ്പെട്ടപ്പോൾ നൂറുകണക്കായ, പ്രാദേശിക കിഴങ്ങുകളെ പൂർണ്ണമായും തിരസ്‌കരിക്കുകയാണുണ്ടായത്. ഇലക്കറികൾ, പൂവുകൾ തുടങ്ങി ഗ്രാമീണർ ഭക്ഷ്യയോഗ്യമാക്കിയിരുന്ന എണ്ണിയൊലൊടുങ്ങാത്ത സസ്യജാലങ്ങൾ ഹരിതവിപ്ലവത്തിന്റെ വരവോടെ ചിലവ പൂർണ്ണമായും മറ്റ് ചിലവ ഭാഗികമായും അപ്രത്യക്ഷമായി.

പ്രത്യാഘാതങ്ങൾ

ഹരിതവിപ്ലവം ഇന്ത്യൻ കാർഷിക രംഗത്ത് സൃഷ്ടിച്ച പ്രത്യാഘാതങ്ങളെക്കുറിച്ച് ഗൗരവമായ പഠനങ്ങളും സംവാദങ്ങളും തൊണ്ണൂറുകളുടെ മധ്യത്തോടെ ആരംഭിച്ചിരുന്നു. കാർഷിക മേഖലയുടെ വൈവിധ്യങ്ങൾ നഷ്ടമാക്കുന്നതിനും കർഷകരെ വിത്തുകമ്പനികളുടെയും സാങ്കേതികവിദഗ്ദ്ധരുടെയും ആശ്രിതന്മാരാക്കി മാറ്റിത്തീർത്ത ഹരിതവിപ്ലവത്തിന്റെ സാമൂഹ്യ-സാമ്പത്തിക-പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ സംക്ഷിപ്തമായി വിവരിക്കേണ്ടത് അത്യാവശ്യമാണ്.

രാസവള - കീടനാശിനികളുടെയും യന്ത്രക്കലപ്പകളുടെയും ഉപയോഗം കാർഷിക മേഖലയിൽ ഉത്പാദന വർദ്ധനവ് ഉണ്ടാക്കി എന്നത് നിരവധി കണക്കുകൾ ഉദ്ധരിച്ച് സമർത്ഥിക്കാൻ ഹരിതവിപ്ലവത്തിന്റെ പ്രയോക്താക്കൾക്ക് സാധിച്ചു. എന്നാൽ നാളുകൾ കഴിയുന്തോറും അവയുടെ ഉപയോഗം കൂടിക്കൂടി വന്നത് കാർഷിക ചെലവുകളിൽ വൻവർദ്ധനവുണ്ടാക്കി എന്ന കാര്യം പാടെ മറച്ചുവെക്കുകയാണുണ്ടായത്. പ്രത്യേക പോഷകങ്ങളെ മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ള രാസവളപ്രയോഗം മണ്ണിന്റെ സ്വാഭാവിക ജൈവപോഷണത്തെ തകരാറിലാക്കുകയും മണ്ണിന്റെ ഉർവ്വരത ക്രമേണ നശിക്കുകയും ചെയ്തു. മണ്ണിലെ ജൈവാംശം കുറയുകയും കൃത്രിമ രാസവളങ്ങൾ മണ്ണിന്റെ അമ്ലത്വം വർദ്ധിപ്പിക്കുകയും ചെയ്തതോടെ ഉത്പാദന വർദ്ധനവിന് കൂടുതൽ കൂടുതൽ അളവിൽ രാസവളങ്ങൾ പ്രയോഗിക്കേണ്ട അവസ്ഥയിലേക്ക് കർഷകർ ചെന്നെത്തുകയുണ്ടായി. രാസ കീടനാശിനികൾ വിളകളെ ആക്രമിക്കുന്ന കീടങ്ങളോടൊപ്പം തന്നെ സൗഹൃദ കീടങ്ങളെയും കൊന്നൊടുക്കി. ഇത് സസ്യങ്ങളുടെ പരാഗണത്തിന് തടയിടുന്ന തലത്തിലേക്ക് എത്തിച്ചേർന്നു. അതോടൊപ്പം തന്നെ കീടനാശിനികളെ അതിജീവിക്കാനുള്ള ജൈവശേഷി പല കീടങ്ങളും നേടിയെടുക്കുകയും ചെയ്തു. പുതിയ പുതിയ കീടനാശിനികളും കള-കുമിൾ നാശിനികളും വിപണിയിൽ ഇറക്കിക്കൊണ്ട് കമ്പനികൾ കൊള്ളലാഭം പെരുപ്പിക്കുകയും ചെയ്തു. പെട്രോളിയം ഉപോത്പന്നമായ രാസവളങ്ങളുടെയും കീടിനാശിനികളുടെയും വില പെട്രോളിയത്തിന്റെ വിലവർദ്ധനവിന് അനുസരിച്ച് കൂടിക്കൂടി വന്നതും കർഷകരെ കൂടുതൽ പ്രതിസന്ധിയിലേക്കെത്തിച്ചു.

ജന്മി- കുടിയാൻ വ്യവസ്ഥ നിയമപ്രകാരം ഇല്ലായ്മ ചെയ്‌തെങ്കിലും അവ ഫലപ്രദമായി നടപ്പിലാക്കാനുള്ള നടപടികൾ സർക്കാരുകൾ സ്വീകരിക്കുകയുണ്ടായില്ല. ഭൂപരിഷ്‌കരണ നിയമങ്ങൾ ഫലപ്രദമായി നടപ്പിലാക്കാഞ്ഞത് ചെറുകർഷകരെ പ്രതികൂലമായി ബാധിച്ചു. ഹരിതവിപ്ലവത്തിന്റെ അനുകൂല ഘടകങ്ങൾ ഉപയോഗപ്പെടുത്താൻ സാധിച്ചത് വൻകിട ഭൂവുടമകൾക്ക് മാത്രമായിരുന്നു. കാർഷിക ഉത്പാദന ചെലവ് കൂടിയതോടെ ചെറുകിട കർഷകരെ സംബന്ധിച്ചിടത്തോളം കൃഷി ലാഭകരമായ ഏർപ്പാടല്ലാതായി മാറി.

ഹരിതവിപ്ലവം ലക്ഷ്യമിട്ടുകൊണ്ട് അണക്കെട്ടുകളുടെ ശൃംഖലതന്നെ ഇക്കാലയളവിൽ നിർമ്മിക്കപ്പെട്ടു. കനാൽ സംവിധാനങ്ങൾ വ്യാപകമായി. കനാൽ സംവിധാനങ്ങൾ എത്താത്ത സ്ഥലങ്ങളിൽ കുഴൽ കിണറുകൾ കുഴിക്കാനുള്ള സൗകര്യങ്ങളും സർക്കാർ ചെയ്തുകൊടുത്തു. ജലസേചന സൗകര്യം വർദ്ധിച്ചതോടുകൂടി വരണ്ട കൃഷിക്ക് ഉപയോഗപ്പെടുത്തിയ വിത്തിനങ്ങൾ കർഷകർ മാറ്റിവെച്ചു. നെല്ല്, ഗോതമ്പ്, കരിമ്പ്, പരുത്തി, നിലക്കടല തുടങ്ങിയവയ്ക്കായി ധാരാളം വെള്ളം ലഭ്യമായി. കാർഷികാവശ്യങ്ങൾക്കുള്ള വൈദ്യുതിക്ക് പല സംസ്ഥാനങ്ങളും ഇളവുകളും സൗജന്യങ്ങളും പ്രഖ്യാപിച്ചതോടുകൂടി കാർഷിക മേഖലയിലെ ജലവിനിയോഗത്തിൽ വൻവർദ്ധനവുണ്ടായി. ഇതിന്റെ അടിയന്തിര പ്രത്യാഘാതമെന്നത് അമിത ജലസേചനം മൂലം മണ്ണിലെ ലവണത്വം കൂടുക എന്നതായിരുന്നു. ഈയൊറ്റക്കാരണം കൊണ്ട് തരിശാക്കപ്പെട്ട കൃഷിഭൂമിയുടെ അളവ് ഭീമമാണ്.

അമിത ജലസേചനം ഒരുഭാഗത്ത് പ്രശ്‌നങ്ങൾ സൃഷ്ടിച്ചപ്പോൾ ഭൂഗർഭ ജലചൂഷണത്തിലെ വർദ്ധനവ് മറുഭാഗത്ത് കർഷകർക്ക് തലവേദനകൾ സൃഷ്ടിക്കാൻ തുടങ്ങി. കുഴൽക്കിണറുകളുടെ നിർമ്മാണം വലിയ രീതിയിൽ പ്രോത്സാഹിപ്പിക്കപ്പെടുകയും കരിമ്പു പോലുള്ള വെള്ളം കൂടുതൽ ആവശ്യമുള്ള വിളകൾ കുഴൽക്കിണർ ഉപയോഗിച്ച് കൃഷി ചെയ്യാനാരംഭിക്കുകയും ചെയ്തതോടെ മിക്ക പ്രദേശങ്ങളിലെയും ഭൂഗർഭ ജലവിതാനത്തിൽ ഗണ്യമായ കുറവ് അനുഭവപ്പെടാൻ തുടങ്ങി. ചുരുങ്ങിയ കാലംകൊണ്ടുതന്നെ 300 മുതൽ 400വരെ അടി ആഴത്തിലേക്ക് ഭൂഗർഭ ജലവിതാനം താഴ്ന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടു.

അമിത ജലചൂഷണം ആളോഹരി ജലലഭ്യതയുടെ കാര്യത്തിൽ വൻതോതിലുള്ള കുറവിലേക്കാണ് ഇന്ത്യയെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. എന്നാൽ കാർഷിക മേഖലയിൽ ജല വിനിയോഗത്തിന്റെ മാറ്റങ്ങൾ വരുത്താനുള്ള എന്തെങ്കിലും ശ്രമങ്ങൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായതുമില്ല. ഇന്ത്യയിലെ കാർഷിക മേഖലയിൽ വിനിയോഗിക്കുന്ന 90%വും ശുദ്ധജലമാണ്. മറ്റ് രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ ഇത് 2 മുതൽ 4വരെ ഇരട്ടി കൂടുതലാണ്. കയറ്റുമതി-ഇറക്കുമതി നയങ്ങളിലെ ആലോചനക്കുറവില്ലായ്മ പരോക്ഷമായ രീതിയിൽ ഇന്ത്യയിലെ ജലദൗർലഭ്യത്തിന് കാരണമാകുന്നുണ്ട്. കാർഷികോത്പന്നങ്ങളുടെ കയറ്റുമതിയിലൂടെ, പ്രത്യേകിച്ചും വൻതോതിൽ ജലവിനിയോഗം നടത്തി ഉത്പാദിപ്പിക്കുന്ന നെല്ല്, പരുത്തി, കരിമ്പ്, സോയാബീൻ തുടങ്ങിയവ, യഥാർത്ഥത്തിൽ ജലവിഭവത്തിന്റെ കയറ്റുമതിയാണ് നാം നടത്തുന്നത്. ജലദൗർലഭ്യം രൂക്ഷമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ചൈന പോലുള്ള രാജ്യങ്ങൾ ഇക്കാര്യത്തിൽ സൂക്ഷ്മ ശ്രദ്ധ പുലർത്തുന്നതായി കാണാം.

പാരിസ്ഥിതിക പ്രശ്‌നങ്ങളോടൊപ്പം തന്നെ സാമൂഹികവും സാമ്പത്തികവുമായ നിരവധി പ്രശ്‌നങ്ങൾക്ക് ഹരിതവിപ്ലവം തുടക്കമിട്ടു. കാർഷിക തൊഴിൽ മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തത്തിൽ കുറവുവരുത്തി (ബീന അഗർവാൾ-) എന്നതു കൂടാതെ അവരുടെ പോഷകാഹാരക്കുറവിനും അത് കാരണമായി. കാർഷിക രംഗത്തെ വൈവിധ്യങ്ങളെ ഹരിതവിപ്ലവം ഇല്ലാതാക്കിയതോടെ ഗ്രാമീണഭക്ഷണത്തിലെ വൈവിധ്യങ്ങളും നഷ്ടമാകാൻ തുടങ്ങി. ഗ്രാമീണ കർഷകർക്കിടയിൽ ചെറിയൊരു വിഭാഗം സമ്പന്ന കർഷകരെ സൃഷ്ടിക്കുന്നതിൽ ഹരിതവിപ്ലവം വിജയിച്ചുവെങ്കിലും സമൂഹത്തിൽ അത് സൃഷ്ടിച്ച വിടവ് വലുതായിരുന്നു. ഹരിത വിപ്ലവം കാര്യക്ഷമമായി നടന്ന പ്രദേശങ്ങളിൽ പെൺഭ്രൂണ ഹത്യകൾ വർദ്ധിച്ചതായുള്ള പഠനങ്ങളും (വന്ദന ശിവ-1988) ഇവിടെ ശ്രദ്ധേയമാണ്.

കർഷക മുന്നേറ്റങ്ങൾ

ഇന്ത്യയിലെ ഒരു വിഭാഗം കർഷകരെ ദേശീയ രാഷ്ട്രീയത്തിൽ നിർണ്ണായക സ്വാധീനമുള്ളവരാക്കി മാറ്റുന്നതിൽ ഹരിതവിപ്ലവം സഹായിച്ചു എന്ന് എഴുപതുകളിലെയും എൺപതുകളിലെയും കർഷക മുന്നേറ്റങ്ങൾ തെളിവു നൽകുന്നുണ്ട്. ജന്മി-കുടിയാൻ വ്യവസ്ഥ നിരോധിച്ചുകൊണ്ടുള്ള നിയമങ്ങൾ പ്രഖ്യാപിക്കപ്പെട്ടുവെങ്കിലും അവ ഫലപ്രദമായി നടപ്പിലാക്കുവാനുള്ള സാഹചര്യങ്ങൾ പല സംസ്ഥാനങ്ങളിലും ഉണ്ടായില്ല. കാർഷിക മേഖലയിൽ ഫലപ്രദമായ ഭൂപരിഷ്‌കരണ നടപടികൾ നടപ്പിലാക്കി കാർഷിക മേഖലയെ ശക്തിപ്പെടുത്തുക എന്നതിനു പകരം സാങ്കേതികജ്ഞാനങ്ങളും വൻകിട മൂലധന നിക്ഷേപങ്ങളും നടത്തിക്കൊണ്ട് ഉത്പാദന വർദ്ധനവ് നടത്തുന്നതിനുള്ള തന്ത്രങ്ങളായിരുന്നു സർക്കാരുകൾ സ്വീകരിച്ചിരുന്നത്. ഭൂ ഉടമസ്ഥതാ ബന്ധങ്ങളിൽ വലിയ മാറ്റങ്ങളൊന്നും സംഭവിക്കാതിരുന്ന സംസ്ഥാനങ്ങളിൽ വൻകിട ഭൂവുടമകൾക്ക് ഹരിതവിപ്ലവത്തിന്റെ ഗുണഫലം എളുപ്പത്തിൽ ലഭ്യമായി. കാർഷിക മേഖലയിലെ സാങ്കേതിക ജ്ഞാനങ്ങളും സൗജന്യങ്ങളും ഉത്പാദനവർദ്ധനവും കർഷകരിലെ ഈയൊരു വിഭാഗത്തെ അതിസമ്പന്നരാക്കി മാറ്റി. പഞ്ചാബ്, ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ്, മഹാരാഷ്ട്ര, കർണ്ണാടക എന്നിവിടങ്ങളിലൊക്കെയും ഈയൊരു സമ്പന്ന കർഷകവിഭാഗം സംഘടിതമാകാനും തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിച്ചുനിർത്തുന്നതിനുള്ള രാഷ്ട്രീയ ഇടപെടൽ നടത്തുവാനും ആരംഭിച്ചു.

ഉത്തർപ്രദേശിൽ നിന്ന് ചൗധരി ചരൺസിംഗിനെപ്പോലുള്ള നേതാക്കൾ ഈ സമ്പന്ന കർഷകരുടെ നേതൃത്വം ഏറ്റെടുക്കുകയും പാർലമെന്റിൽ കർഷർക്കായി ശബ്ദമുയർത്തുകയും ചെയ്തു. മൊറാർജി ദേശായിയുടെ മന്ത്രിസഭയിൽ ധനകാര്യമന്ത്രിയായിരുന്ന ചരൺസിംഗ് മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി കർഷകർക്ക് അനുകൂലമായൊരു ബജറ്റ് അവതരിപ്പിക്കുകയുണ്ടായി. "കുലാക് ബജ്റ്റ്' എന്ന് ദേശീയ മാധ്യമങ്ങൾ അൽപം പരിഹാസത്തോടെ വിശേഷിപ്പിച്ച

ചൗധരി ചരൺസിംഗ്

ഈ ബജറ്റിൽ കാർഷിക മേഖലയ്ക്ക് നിരവധി സൗജന്യങ്ങൾ പ്രഖ്യാപിക്കുകയുണ്ടായി. എന്നാൽ ഈ ബജറ്റിന്റെ ഗുണഫലങ്ങൾ യഥാർത്ഥത്തിൽ ലഭ്യമായത് നേരത്തെ സൂചിപ്പിച്ച സമ്പന്ന കർഷക വിഭാഗങ്ങൾക്ക് മാത്രമായിരുന്നു എന്ന് ഇവിടെ പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്. അതേസമയം ഇക്കാലയളവിൽ ഉദയംകൊണ്ട കർഷക മുന്നേറ്റങ്ങളിൽ ചെറുകിട കർഷകരുടെയും പിന്തുണ ഉറപ്പുവരുത്താൻ അവർക്ക് സാധിച്ചു. ഭരണതലത്തിൽ, രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ സ്വാധീനം ചെലുത്തുന്നതിനായി ലക്ഷക്കണക്കിന് ആളുകളെ അണിനിരത്തിക്കൊണ്ടുള്ള "കർഷക റാലികൾ' അന്നത്തെ പതിവായിരുന്നു. ചരൺ സിംഗിന് തന്റെ രാഷ്ട്രീയ ശക്തി തെളിയിക്കാൻ അദ്ദേഹത്തിന്റെ ജന്മ-ദിനത്തിൽ ദില്ലിയിൽ സംഘടിപ്പിച്ച റാലിയിൽ അഞ്ച് ലക്ഷം ആളുകൾ പങ്കെടുക്കുകയുണ്ടായി. ചരൺസിംഗും സംഘവും അമ്പത്‌ലക്ഷം പേരുടെ പങ്കാളിത്തം അവകാശപ്പെട്ടിരുന്നെങ്കിലും.

പഞ്ചാബ്, ഹരിയാന, യുപി എന്നിവിടങ്ങളിൽ മഹേന്ദ്രസിംഗ് ടികായതിന്റെയും മഹാരാഷ്ട്രയിൽ ശരത് ജോഷിയുടെയും കർണ്ണാടകയിൽ എം.ഡി.നഞ്ചുണ്ട സ്വാമിയുടെയും നേതൃത്വത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് കർഷകർ അണിനിരന്നു. ഭാരത് കിസാൻ യൂണിയൻ, ശേത്കാരി സംഘടൻ, കർണ്ണാടക രാജ്യ രെയ്ത സംഘ തുടങ്ങിയ സംഘടനകളെ അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകാൻ രാഷ്ട്രീയ പാർട്ടികൾക്ക് സാധിക്കാതെ വന്നു. 1988 ഒക്‌ടോബർ 25ന് ദില്ലിയിലെ പ്രസിദ്ധമായ ബോട്ട്ക്ലബ്ബ് മൈതാനിയിൽ നടന്ന കർഷക പ്രതിഷേധം യഥാർത്ഥത്തിൽ ഇന്ത്യൻ ഭരണകൂടത്തെ ഞെട്ടിച്ചുകളഞ്ഞ ഒന്നായിരുന്നു. മഹേന്ദ്ര സിംഗ് ടികായതിന്റെ നേതൃത്വത്തിലുള്ള ഭാരത് കിസാൻ യൂണിയൻ പഞ്ചാബ്, ഹരിയാന യുപി എന്നിവിടങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് കർഷകരെ ദില്ലിയിൽ അണിനിരത്തി. സ്വന്തം ഗ്രാമങ്ങളിൽ നിന്ന് കെട്ടു ഭാണ്ഡവും പേറി, ആവശ്യങ്ങൾ അംഗീകരിപ്പിച്ചു മാത്രമേ തിരിച്ചുപോകുകയുള്ളൂ എന്ന് ദൃഢനിശ്ചയം ചെയ്ത കർഷകരെക്കൊണ്ട് ദില്ലി അക്ഷരാർത്ഥത്തിൽ സ്തംഭിക്കുകയായിരുന്നു. കാർഷിക കടങ്ങൾ, വൈദ്യുതി നിരക്കിലെ സൗജന്യങ്ങൾ തുടങ്ങിയ ആവശ്യങ്ങളായിരുന്നു അവർ ഉന്നയിച്ചിരുന്നത്.

എഴുപത്-എൺപതുകളിൽ വിവിധ സംസ്ഥാനങ്ങളിൽ ഉയർന്നുവന്ന കർഷക മുന്നേറ്റങ്ങൾ അടിസ്ഥാന സ്വഭാവത്തിൽ ഒന്നുതന്നെയായിരുന്നുവെന്ന് വിവിധ പഠനങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. മഹാരാഷ്ട്രയിൽ ശേത്കാരി സംഘടനയുടെ വളർച്ച ""മധ്യനിരയിലുള്ള കർഷകർക്കിടയിൽ രൂപംകൊണ്ട പുത്തൻ രാഷ്ട്രീയ ശാക്തീകരണമാണെന്ന്'' കൊർണേലിയ ലെൻബെർഗും (1986), ഭാരതീയ കിസാൻ യൂണിയൻ ഉയർന്നുവന്നത് ""സമ്പന്ന ഭൂവുടമകളിലൂടെയും മുതലാളിത്ത കാർഷിക വ്യവസായത്തെ അടിസ്ഥാനപ്പെടുത്തി വളർന്നുവന്ന കർഷക വിഭാഗങ്ങൾക്കിടയിൽ നിന്നാണെന്ന്'' സോയ ഹസനും (1989), ""ദേശീയ സമ്പദ് വ്യവസ്ഥയിൽ മുതലാളിത്ത വളർച്ചയ്ക്കനുകൂലമായി കാർഷിക സമ്പദ്‌വ്യവസ്ഥയിൽ സംഭവിച്ച മാറ്റങ്ങളുടെ ഭാഗമായി കർഷക മുന്നേറ്റങ്ങളെ പ്രതിഷ്ഠിച്ചുകൊണ്ട്'' നാദ്കർണിയും (1987) വിലയിരുത്തുന്നുണ്ട്.

കാർഷിക മേഖലയിലെ സൗജന്യങ്ങൾക്കും ഇളവുകൾക്കുമപ്പുറം മറ്റ് വിഷയങ്ങളിലേക്ക് ശ്രദ്ധപതിപ്പിക്കാൻ ഈ പ്രസ്ഥാനങ്ങൾ ശ്രമിച്ചിരുന്നില്ല. നഞ്ചുണ്ട സ്വാമിയുടെ നേതൃത്വത്തിലുള്ള കർണ്ണാടക രാജ്യ റെയ്ത സംഘ (കെ.ആർ.ആർ.എസ്) അൽപം വ്യത്യസ്തമായി കാർഷിക രംഗത്ത് ബഹുരാഷ്ട്ര കുത്തക കമ്പനികൾ നടത്തുന്ന ഇടപെടലുകൾക്കെതിരായി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും ജനിതക വിത്തുകൾക്കെതിരായി പ്രതിഷേധിക്കുകയും ചെയ്തിരുന്നത് മറന്നുകൊണ്ടല്ല ഇത് പറയുന്നത്. 90കളുടെ മധ്യം വരെ കെ.ആർ.ആർ.എസ് തങ്ങളുടെ പ്രക്ഷോഭം സജീവമായി നിലനിർത്തിയിരുന്നു.

അന്താരാഷ്ട്ര വിത്തു കുത്തകയായ മൊൺസാന്റോവിനും കെന്റുകി ഫ്രൈഡ് ചിക്കൻ കമ്പനിക്കും എതിരായി ശക്തമായ പ്രതിഷേധം തന്നെ അവർ നടത്തിയിരുന്നു. എന്നാൽ ഈ പ്രക്ഷോഭങ്ങളെ മാറ്റി നിർത്തിയാൽ കാർഷിക മേഖലയിലെ സുപ്രധാന വിഷയങ്ങളായ ഭൂ ഉടമസ്ഥതയുമായി ബന്ധപ്പെട്ടു നിൽക്കുന്ന നിരവധി പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനോ പരിഹരിക്കാനോ ഉള്ള യാതൊരു നീക്കവും അക്കാലത്തെ കർഷക മുന്നേറ്റങ്ങളുടെ ഭാഗത്തുനിന്നുണ്ടായിരുന്നില്ല. ഇതിനുള്ള പ്രധാന കാരണം ഈ കർഷക മുന്നേറ്റങ്ങളുടെ നേതൃത്വം സമ്പന്ന കർഷകരുടെ കൈകളിലായിരുന്നു എന്നതാണ്. കർഷക റാലികൾക്കും പ്രതിഷേധങ്ങൾക്കുമായി ചെറുകിട കർഷകരെയും കർഷകത്തൊഴിലാളികളെയും അണിനിരത്താൻ അവർക്കു സാധിച്ചിരുന്നു. അതേസമയം വ്യത്യസ്ത താൽപര്യങ്ങൾ നിലനിന്നിരുന്ന ഈ മുന്നേറ്റങ്ങൾ സ്വാഭാവികമായും ആന്തരിക വൈരുദ്ധ്യങ്ങളാൽ പിന്നീട് തകരുകയായിരുന്നു.

എഴുപത്-എൺപതുകളുടെ കർഷക മുന്നേറ്റങ്ങൾ തൊണ്ണൂറുകളോടെ നാമാവശേഷമായതിന് പിന്നിൽ അതിശക്തമായ ബാഹ്യഘടകങ്ങൾ കൂടിയുണ്ടായിരുന്നു. ആഗോള സമ്പദ്ഘടനയിലെ പൊളിച്ചെഴുത്തിന്റെ ഭാഗമായി ഇന്ത്യയിൽ നടപ്പിലാക്കിയ ആഗോളീകരണ-ഉദാര-സ്വകാര്യവൽക്കരണ നയങ്ങളും ഇന്ത്യയിൽ വളർന്നുവന്ന വർഗ്ഗീയ രാഷ്ട്രീയവും ഇവയിൽ പരമപ്രധാനങ്ങളായിരുന്നു. ഭാരതീയ കിസാൻ യൂണിയൻ പോലുള്ള സംഘടന പുലർത്തിപ്പോന്ന സമ്പന്ന കർഷക താൽപര്യങ്ങൾ ഈ വർഗ്ഗീയ രാഷ്ട്രീയ ശക്തികളുടെ വളർച്ചയ്ക്ക് സഹായകമായി മാറി. ഉയർന്ന കാർഷിക മിച്ചോൽപാദനം സാധ്യമാക്കിയിരുന്ന സമ്പന്ന കർഷകരുടെ, പ്രത്യേകിച്ചും യുപി, ഹരിയാന എന്നിവിടങ്ങളിലെ, ജാട്ട് വിഭാഗത്തിൽപ്പെട്ട കർഷകരുടെ നിയന്ത്രണത്തിലുണ്ടായിരുന്ന ഭാരതീയ കിസാൻ യൂണിയൻ പുതുതായി വളർന്നുകൊണ്ടിരുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന് സഹായകമായ രീതിയിൽ പ്രവർത്തിക്കുകയായിരുന്നു. വ്യാവസായിക വികസനത്തിനും സേവന മേഖലയ്ക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള വികസന തന്ത്രങ്ങൾ വളർത്തിക്കൊണ്ടുവന്ന മധ്യവർഗ്ഗ വിഭാഗങ്ങളും അടിസ്ഥാന കർഷക വിഭാഗത്തിന്റെ മുൻകൈയ്യിൽ വളർന്നു വന്നേക്കാവുന്ന മുന്നേറ്റങ്ങളെ വഴിതിരിച്ചുവിടുവാൻ പ്രയാസപ്പെടുന്നുണ്ടായിരുന്നു. പുത്തൻ സാമ്പത്തിക പരിഷ്‌കരണങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിന് ഇന്ത്യയിലെ രാഷ്ട്രീയ സംവാദങ്ങൾ മറ്റൊരു ദിശയിലേക്ക് വഴിതിരിച്ചുവിടേണ്ടത് മൂലധനത്തിന്റെ ആവശ്യമായിരുന്നു. ഹിന്ദുത്വരാഷ്ട്രീയം ഉയർത്തിപ്പിടിച്ചുകൊണ്ട് രാജ്യത്തെ സാമുദായികമായി വിഭജിക്കുവാൻ ആവശ്യമായവിധത്തിൽ സംഘപരിവാറിനെ വളർത്തിക്കൊണ്ടു വരേണ്ടത് അതുകൊണ്ടുതന്നെ അവരുടെ താൽപര്യമായിരുന്നു.

പിന്നോക്കവിഭാഗങ്ങളുടെ മുൻകൈയ്യിൽ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള മുന്നേറ്റങ്ങൾക്കും തടയിടേണ്ടത് സവർണ്ണ ജാതി രാഷ്ട്രീയത്തിന്റെ വക്താക്കളായിരുന്ന ആർ.എസ്.എസിന്റെ ലക്ഷ്യമായിരുന്നു. ഈ ഘടകങ്ങളെല്ലാം ഒരുമിച്ച് ചേർന്നപ്പോൾ രണ്ട് പതിറ്റാണ്ടുകളായി വളർന്നുവന്ന കർഷക മുന്നേറ്റങ്ങൾ നാമാവശേഷമായി മാറി. ഇന്ത്യൻ കാർഷിക രംഗത്തെ പൂർണ്ണമായും തകർച്ചയിലേക്ക് നയിച്ച പുത്തൻ സാമ്പത്തിക പരിഷ്‌കരണ നയങ്ങളെക്കുറിച്ച് കുറച്ചുകൂടി ആഴത്തിൽ മനസിലാക്കേണ്ടതുണ്ട്.

(2017 സപ്​തംബറിൽ എഴുതിയത്​​- Transition Studies)

References:
1. Agriculture in India, United States Department of Agriculture, Economic Research Service, Regional Analysis Division, 1964.
2. Agriculture statistics at a glance 2014, GoI, Ministry of Agriculture, Directrate of Economics & Statistics, OUP.
3. Can agricultural growth explain the reversal of a declining trend in per capita calorie consumption in India?, Kolady, Srivastava, Singh et al., Paper prepared for presentation at the 2016 Agricultural & Applied Economics Association Annual Meeting, Boston, Massachusetts, July 31-August 2.
4. Impact of assistance under PL 480 on Indian Economy, Nilakanth Rath, V.S.Patvardhan, Gokhale Institute of politics & Economics Pune,1967.
5. Staying Alive, Women, Ecology & Survival in India, Vandana Shva, Kali for Women, 1988.
6. Labour in Indian Agriculture: A Growing Challenge, FICCI, 2015.
7. Shifting ground: Hindutva politics and the farmers' movement in Uttarpradesh, Zoya Hasan, 1994.
8. Sharad Joshi and the farmers: the middle peasant live, Cornelia Lenneberg, Pacific Affairs. Vol.61, No.3, 1988.
9. Self serving guardians: fortmaton and strategy of the Bharat Kisan Union, Zoya Hasan, EPW, December 1989.
10. Farmers movements in India, M.V.Nadkarni, Allied Publishers, NewDelhi, 1987.


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments