അലക്ഷ്യനീതിയും സവിനയ നിയമലഘനവും

കോടതികൾ സ്ഥാപനപരമായും ന്യായാധിപന്മാർ വ്യക്തിപരമായും നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്ന അന്തസ്സിലും നീതിബോധത്തിലും ഉള്ള ഉത്കണ്ഠയാണ് പ്രശാന്ത് ഭൂഷണിനെതിരായ കോടിയലക്ഷ്യക്കേസിൽ രാജ്യമാകെ അലയടിച്ചുകൊണ്ടിരിക്കുന്ന പ്രതിഷേധം എന്ന് പറയാവുന്നതാണ്. കോടതി അടക്കമുള്ള ഏത് ജനാധിപത്യ സംവിധാനത്തെയും വിമർശിക്കാനുള്ള സ്വാതന്ത്ര്യം നിലനിൽക്കേണ്ടതുണ്ടെന്ന പൊതുവികാരത്തെയാണ് അത് പ്രകടിതമാക്കുന്നത്

1922 മാർച്ച് 18.
അഹമ്മദാബാദിലെ സെഷൻസ് കോടതി.
ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ അട്ടിമറി പ്രവർത്തനങ്ങൾക്ക് ആഹ്വാനം നൽകി മൂന്ന് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതിന് ഗാന്ധിക്കെതിരെ വിചാരണ നടക്കുകയാണ്. ജസ്റ്റിസ് ബ്രൂംഫീൽഡായിരുന്നു ന്യായാധിപ കസേരയിൽ.
കുറ്റപത്രം വായിച്ചു കേൾപ്പിച്ചതിനുശേഷം, താങ്കൾ ആരോപണം അംഗീകരിക്കുന്നുവോ എന്ന ജഡ്ജിയുടെ ചോദ്യത്തിന് ഗാന്ധിയുടെ മറുപടി, ‘‘എല്ലാ ആരോപണങ്ങളിലും ഞാൻ കുറ്റം സമ്മതിക്കുന്നു'' എന്നായിരുന്നു. അദ്ദേഹം ഇത്രയും കൂട്ടിച്ചേർത്തു; ‘‘കോടതിയുടെ സമയം നഷ്ടപ്പെടുത്താതിരിക്കാൻ ഇത്രയും കൂടി പ്രസ്താവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു; തിന്മയുമായി നിസ്സഹകരിക്കുക എന്നത് കടമയാണെന്നും ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം തിന്മയാണെന്നും ഞാൻ വിശ്വസിക്കുന്നു''.
കോടതിയിൽ അദ്ദേഹം വായിച്ച, ദീർഘമായ പ്രസ്താവന വായിച്ചു കഴിഞ്ഞപ്പോഴേക്കും കോടതി മുറിയിലിരുന്നവർക്ക് ആരാണ് ന്യായാധിപൻ, ആരാണ് ആരോപണവിധേയൻ എന്ന് വേർതിരിക്കുക പ്രയാസകരമായിത്തീർന്നിരുന്നു. ഗാന്ധി പറഞ്ഞു: ‘‘നിയമത്തിന്റെ ദൃഷ്ടിയിൽ ബോധപൂർവ്വം ഞാൻ നടത്തിയ ഈ നിയമലംഘനം എന്റെ പരമോന്നത ധർമ്മമെന്ന നിലയ്ക്ക്, ഏറ്റവും ഉയർന്ന ശിക്ഷ കൈക്കൊള്ളാൻ ഞാൻ ഇവിടെ സന്തോഷപൂർവ്വം നിലകൊള്ളുകയാണ്.....''
ജഡ്ജി ബ്രൂംഫീൽഡ് അങ്ങേയറ്റം വേദനയോടെയായിരുന്നു ഗാന്ധിക്ക് ആറ് വർഷം തടവ് ശിക്ഷവിധിച്ചതെന്ന് കോടതി മുറിയിൽ ഹാജരായിരുന്ന സരോജിനി നായിഡു സാക്ഷ്യപ്പെടുത്തുന്നു. വിധി പ്രസ്താവിച്ച ശേഷം ജഡ്​ജി ബ്രൂംഫീൽഡ് ഇത്രയും കൂടി പറഞ്ഞു: ‘ഭാവിയിൽ ഹിന്ദുസ്ഥാനിലെ രാഷ്ട്രീയ കാലാവസ്ഥയിൽ മാറ്റം സംഭവിക്കുകയും സർക്കാർ താങ്കളുടെ ശിക്ഷ ഇളവു ചെയ്ത് താങ്കളെ മോചിപ്പിക്കുകയും ചെയ്യുകയാണെങ്കിൽ ആ ദിവസം എന്നേക്കാൾ കൂടുതൽ ആനന്ദം അനുഭവിക്കുന്നവർ വേറെയുണ്ടാകില്ല'.
ഏതാണ്ട് ഒരു നൂറ്റാണ്ടിനിപ്പുറം ഇന്ത്യയിലെ ഉന്നത നീതിന്യായ കോടതിയിൽ ചരിത്രത്തിന്റെ തനിയാവർത്തനം സംഭവിക്കുകയായിരുന്നു. ഇന്ത്യൻ നീതിന്യായ സംവിധാനത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന അഴിമതിയെയും ഭരണകൂടപക്ഷപാതത്തെയും രണ്ട് ട്വീറ്റുകളിലൂടെ വിമർശിച്ചുവെന്നതിന്റെ പേരിൽ പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷണെതിരായ കോടതി നടപടികളും അതിനോടുള്ള അദ്ദേഹത്തിന്റെ പ്രതികരണവും ജഡ്ജി ബ്രൂംഫീൽഡിന്റെ കോടതിയിലെ ഗാന്ധിക്കെതിരായ നടപടികളെ ഓർമ്മിപ്പിക്കുന്നതായിരുന്നു.
സുപ്രീംകോടതിയിലെ ന്യായാധിപന്മാരെ വിമർശിച്ചുവെന്ന പേരിലാണ് കോടതി പ്രശാന്ത് ഭൂഷണെതിരായി സ്വമേധായ കേസെടുക്കുകയും കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തിരിക്കുന്നത്. സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ വ്യക്തിപരമായും, കഴിഞ്ഞ ആറ് വർഷക്കാലയളവിലെ ജസ്റ്റീസുമാരെ അഴിമതിക്കാരായും സൂചിപ്പിച്ചുകൊണ്ട് കോടതിയുടെ അന്തസ്സിനെയും വിശ്വാസ്യതയെയും പൊതുമധ്യത്തിൽ ഇടിച്ചുതാഴ്ത്തി എന്നതായിരുന്നു ഭൂഷണെതിരായുള്ള കുറ്റം. കുറ്റം ചെയ്തായി അംഗീകരിച്ച്

പ്രസ്താവന തിരുത്തുവാൻ തയ്യാറുണ്ടോ എന്ന ചോദ്യത്തിന് ധാർമ്മികതയുടെ ഉയർന്നതലത്തിൽ സ്വയം പ്രതിഷ്ഠിച്ച്, ‘മാപ്പ് പറയാൻ താൻ തയ്യാറല്ലെ'ന്ന് പ്രഖ്യാപിച്ചതിലൂടെ, സുപ്രീം കോടതിയെ വെട്ടിലാക്കിയിരിക്കുകയാണ് അഡ്വ. പ്രശാന്ത് ഭൂഷൺ. കോടതിയിൽ അദ്ദേഹം എഴുതിക്കൊണ്ടുവന്ന പ്രസ്താവനയിൽ ഇങ്ങനെ പറയുന്നു: ‘ജുഡീഷ്യറിയുടെ മികച്ച പ്രവർത്തനത്തിന് പൊതുജന വിമർശനം ഏറെ ഗുണകരമാണ്. ഭരണഘടനയുടെ സംരക്ഷണത്തിന് ഏതൊരു ജനാധിപത്യ വ്യവസ്ഥയിലും ഏത് സ്ഥാപനത്തിനെതിരെയും തുറന്ന വിമർശനങ്ങൾ ഉണ്ടാകേണ്ടതുണ്ട്. സാധാരണ ധാർമിക ബാധ്യതകളേക്കാൾ ഉയർന്ന ആദർശങ്ങൾക്ക് പ്രധാന്യം നൽകേണ്ട, വ്യക്തിപരവും തൊഴിൽപരവുമായ ആവശ്യങ്ങളേക്കാൾ ഭരണഘടനാ സംരക്ഷണത്തിന് വില കൽപ്പിക്കേണ്ട, ഇന്നിന്റെ വേവലാതികൾ ഭാവിയെക്കുറിച്ചുള്ള നമ്മുടെ ഉത്തരവാദിത്തതിന് ഒരിക്കലും തടസ്സമാകാത്ത വിധം പ്രവർത്തിക്കേണ്ട, ചരിത്രത്തിലെ ഒരു നിർണായക നിമിഷത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. ഒരു അഭിഭാഷകനെന്ന നിലയിൽ എന്നെ സംബന്ധിച്ച് ഈ ഉത്തരവാദിത്തങ്ങൾ ഏറെ കൂടുതലാണ് താനും'.
‘നമ്മുടെ രാജ്യചരിത്രത്തിലെ ഈ നിർണ്ണായകഘട്ടത്തിൽ ഞാൻ തീർച്ചയായും നിർവഹിക്കേണ്ട കടമയുടെ ഒരു ചെറിയ ഭാഗമായിരുന്നു എന്റെ ട്വീറ്റുകൾ. സ്വബോധമില്ലാത്ത സമയത്തല്ല ഞാൻ അത് ട്വീറ്റ് ചെയ്തത്. അതുകൊണ്ടു തന്നെ, ഞാൻ കാലങ്ങളായി പിന്തുടരുന്ന, തുടർന്നും വിശ്വസിക്കാൻ ആഗ്രഹിക്കുന്ന ബോധ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ ആ പ്രസ്താവനകളിൽ ഞാൻ മാപ്പ് പറഞ്ഞാൽ അത് തികച്ചും നിന്ദ്യമായ നെറികേടാകും'.
ജഡ്​ജി ബ്രൂംഫീൽഡിന്റെ കാലത്തുനിന്ന് വർത്തമാന നീതിന്യായ സംവിധാനങ്ങളിലേക്ക് എത്തുമ്പോഴേക്കും മൂല്യബോധങ്ങളിൽ സംഭവിച്ച മാറ്റങ്ങൾ ഗർഹണീയമാണ്. അതുകൊണ്ടുതന്നെ ഗാന്ധിക്കെതിരായി ശിക്ഷവിധിച്ചപ്പോൾ ബ്രൂംഫീൽഡ് അനുഭവിച്ച മാനസിക സംഘർഷം വർത്തമാന കാലത്തെ ന്യായാധിപന്മാർ അനുഭവിക്കാൻ ഒട്ടും ഇടയില്ല എന്നത് വസ്തുതയാണ്. എന്നിരുന്നാലും സുപ്രീം കോടതി ഏറ്റെടുത്ത കോടതിയലക്ഷ്യക്കേസും അഡ്വ. പ്രശാന്ത് ഭൂഷണന്റെ പ്രതികരണവും ഇന്ത്യൻ നീതിന്യായ സംവിധാനങ്ങളുടെ വിശ്വാസതകർച്ചയെ സംബന്ധിച്ച് കൂടുതൽ വിശദമായ സംവാദങ്ങൾക്ക് ഇട നൽകും എന്നത് തർക്കമില്ലാത്ത സംഗതിയാണ്. കോടതിയുടെ ജനാധിപത്യ വിരുദ്ധമായ നീക്കത്തിനെതിരെ ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന ശക്തമായ വികാരം സൂചിപ്പിക്കുന്നതും അതുതന്നെയാണ്. കോടതികൾ സ്ഥാപനപരമായും ന്യായാധിപന്മാർ വ്യക്തിപരമായും നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്ന അന്തസ്സിലും നീതിബോധത്തിലും ഉള്ള ഉൽക്കണ്ഠയാണ് പ്രശാന്ത് ഭൂഷണിനെതിരായ കോടിയലക്ഷ്യക്കേസിൽ രാജ്യമാകെ അലയടിച്ചുകൊണ്ടിരിക്കുന്ന പ്രതിഷേധം എന്ന് പറയാം. കോടതി അടക്കമുള്ള ഏത് ജനാധിപത്യ സംവിധാനത്തെയും വിമർശിക്കാനുള്ള സ്വാതന്ത്ര്യം നിലനിൽക്കേണ്ടതുണ്ടെന്ന പൊതുവികാരത്തെയാണ് അത് പ്രകടിപ്പിക്കുന്നത്. ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളിലെ ഉന്നത പദവികൾ അലങ്കരിച്ച ആയിരത്തഞ്ഞൂറോളം പ്രമുഖർ പ്രശാന്ത് ഭൂഷണെതിരായ കോടതി നടപടികളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് സുപ്രീം കോടതിയോട് അഭ്യർത്ഥിച്ചതും, സമൂഹ മാധ്യമങ്ങളിൽ പ്രശാന്ത് ഭൂഷണ് ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ ‘ഹം ദേഖേംഗേ' പരിപാടികളും, തെരുവുകളിൽ അടക്കം ഉയരുന്ന പ്രതിഷേധങ്ങളും വ്യക്തമാക്കുന്നത് ഇതേ വികാരം തന്നെയാണ്.

ഉന്നത നീതിപീഠത്തിന്റെ അലക്ഷ്യനീതി

ഇന്ത്യൻ ഉന്നത നീതിപീഠം തുടർച്ചയായി വിവാദങ്ങളുടെ പിടിയിലമരുന്ന കാഴ്ച ഏതാനും വർഷങ്ങളായി നാം കണ്ടുകൊണ്ടിരിക്കുന്നു. സുപ്രീംകോടതിയിലെ തന്നെ മുതിർന്ന ന്യായാധിപന്മാർ ചീഫ് ജസ്റ്റിസിനെതിരായി പത്രസമ്മേളനം നടത്തുന്നതും, മറ്റൊരു ചീഫ് ജസ്റ്റിസ് പീഡന കേസിൽ ആരോപിതനാകുന്നതും, അതേ കേസിൽ വിധിപറയാൻ സ്വയം തയ്യാറാകുന്നതും, കൊൽക്കത്ത ഹൈക്കോടതി ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് സി.എസ്.കർണ്ണൻ സുപ്രീംകോടതിയിലെ 20ഓളം ജസ്റ്റിസുമാരുടെ പേരെടുത്ത് പറഞ്ഞ് അവർ അഴിമതിക്കാരാണെന്ന് ആരോപണമുന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതുന്നതും തുടർന്ന് ജസ്റ്റിസ് കർണ്ണനെ കോടതിയലക്ഷ്യക്കേസിൽ ആറ് മാസത്തെ തടവിന് വിധിക്കുന്നതും ഏറ്റവും ഒടുവിൽ അഡ്വ. പ്രശാന്ത് ഭൂഷണെ കോടതിയലക്ഷ്യത്തിൽ ശിക്ഷവിധിക്കാനിരിക്കുന്നതുവരെ ചെറിയ കാലയളവിലെ അത്യപൂർവ വിവാദങ്ങളാണ്.
റഫാൽ കേസിൽ അടക്കം നിരവധി പൊതുതാൽപര്യ ഹരജികളിൽ റിവ്യൂ പെറ്റീഷനുകൾ അനുവദിക്കാനുള്ള സാമാന്യ നീതിബോധം പോലും ഉണ്ടായില്ല. ലോക്ക്​ഡൗൺ കാലത്ത് ലക്ഷക്കണക്കായ കുടിയേറ്റ തൊഴിലാളികൾ ദുരിതമനുഭവിച്ചുകൊണ്ടിരുന്നപ്പോൾ, ഗവൺമെന്റ് നയങ്ങളിൽ ഇടപെടാനില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയതും, പൗരത്വ നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തെ കൈകാര്യം ചെയ്ത രീതിയും അടക്കം നിരവധി വിഷയങ്ങളിൽ ഭരണകൂടതാൽപര്യങ്ങളെ പരിപാലിക്കുന്ന സമീപനമായിരുന്നു കോടതികളുടേത്. കശ്മീർ, സി.എ.എ, യു.എ.പി.എ എന്നീ രാഷ്ട്രീയ വിഷയങ്ങളെ ഭരണഘടനാ തത്വങ്ങളുടെ പരിധിക്കുള്ളിൽ നിന്ന് കൈകാര്യം ചെയ്യുന്നതിൽ സുപ്രീംകോടതി പരാജയപ്പെടുന്നതും നാം കണ്ടു. പൊതുതാൽപര്യഹരജികളിന്മേൽ ന്യായം ലഭ്യമാകില്ലെന്ന പൊതുബോധം പോലും ഇക്കാലയളവിൽ വളർന്നുകഴിഞ്ഞിരിക്കുന്നുവെന്ന് കൂടി പറയേണ്ടതുണ്ട്. പാരിസ്ഥിതികാഘാത നിർണ്ണയ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്യാനുള്ള തീരുമാനത്തിൽ നിന്ന് മുതിർന്ന ചില വ്യക്തിത്വങ്ങൾ പിന്മാറിയതും ഇതേകാരണം കൊണ്ടായിരുന്നു.
ജനാധിപത്യം, മതേതരബോധം, ധാർമ്മികത, നീതിന്യായം എന്നീ ആധുനിക ആശയങ്ങളെ പരസ്യമായി വെല്ലുവിളിക്കുകയും ഭരണഘടന, നീതിന്യായ സംവിധാനം, ജനാധിപത്യ സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങളെ

പ്രത്യക്ഷത്തിൽത്തന്നെ അട്ടിമറിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളാണ് ഇന്ത്യയിലെ തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിന്റെ രാഷ്ട്രീയമുഖമായ ഭാരതീയ ജനതാ പാർട്ടിയും അത് നയിക്കുന്ന ഭരണകൂടവും ചെയ്തുകൊണ്ടിരിക്കുന്നത്. സാമുദായികമായ വിഭജനം അതിന്റെ എല്ലാ തീവ്രതയോടും കൂടി നടപ്പാക്കുകയും ഭരണഘടനാപരമായ പൗരന്റെ അവകാശങ്ങളെ പരസ്യമായി ലംഘിക്കുകയും രാജ്യത്തിന്റെ പൊതുസമ്പത്ത് കൊള്ളയടിക്കാൻ ഏതാനും അതിസമ്പന്നർക്ക് കൂട്ടുനിൽക്കുകയും ചെയ്യുന്ന രാഷ്ട്രീയ പ്രവർത്തനങ്ങളോട് കഴിഞ്ഞ ആറ് വർഷക്കാലം ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ സമാനതകളില്ലാത്ത സഹകരണത്തിന്റെ വഴികളിലായിരുന്നു നീങ്ങിക്കൊണ്ടിരുന്നത്.

ഭൂഷൺ നൽകുന്ന സൂചന

കോടതികളിൽ പൊതുതാൽപര്യ ഹർജികളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന, രാഷ്ട്രീയ-സാമൂഹ്യ ഇടപെടലുകളിൽ മുൻപന്തിയിൽ നിൽക്കുന്ന അപൂർവ്വം അഭിഭാഷകന്മാരിൽ ഒരാളാണ് പ്രശാന്ത് ഭൂഷൺ. നീതിക്കുവേണ്ടി കോടതി മുറികളിൽ പോരടിക്കുന്ന പ്രശാന്ത് ഭൂഷൺ ജനകീയ പ്രക്ഷോഭമുഖത്തും സജീവമാണ്. നർമ്മദയിലെ കുടിയൊഴിപ്പിക്കപ്പെടുന്ന പതിനായിരങ്ങളോടൊപ്പവും കൂടങ്കുളം ആണവ പദ്ധതിക്കെതിരായി സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ കൂടെയും കശ്മീരിൽ ഭരണകൂട വേട്ടയ്ക്കിരയാക്കപ്പെടുന്ന മുസ്‌ലിംകൾക്കൊപ്പവും പ്രശാന്ത് ഭൂഷണെ കാണാം. രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങളുടെ മനുഷ്യത്വമില്ലായ്മക്കെതിരായും ഭരണകൂട ഭീകരതയ്ക്കും അഴിമതിക്കും എതിരായും നീതിന്യായ സംവിധാനത്തിലെ ജീർണ്ണിപ്പിനെതിരായും അതിശക്തമായ പോരാട്ടങ്ങൾ പ്രശാന്ത് ഭൂഷൺ നടത്തിയിട്ടുണ്ട്. വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ അതിനുള്ള വേദിയായി മാറ്റാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. താനടക്കം വളർത്തിയെടുത്ത പുതുതലമുറ രാഷ്ട്രീയം സ്വയം ജീർണ്ണതയിലേക്ക് കൂപ്പുകുത്തുകയാണെന്ന് തിരിച്ചറിഞ്ഞ അദ്ദേഹത്തിന് അതിൽ നിന്ന് പുറത്തുകടക്കാൻ ഏറെ ആലോചിക്കേണ്ടി വന്നില്ലെന്നതും ശ്രദ്ധേയമാണ്.
രണ്ട് പ്രധാന കാര്യങ്ങളാണ് ഈ കോടതിയലക്ഷ്യക്കേസുമായി ബന്ധപ്പെട്ട് വ്യക്തമാകുന്നത്. രാജ്യത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന തീവ്രവലതുപക്ഷ രാഷ്ട്രീയത്തെ എതിരിട്ടുനിൽക്കാൻ വ്യവസ്ഥാപിത മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾക്ക് സാധ്യമല്ലെന്ന തിരിച്ചറിവ് ശക്തമായിക്കൊണ്ടിരിക്കുന്നുവെന്നതാണ് ഒന്നാമത്തെ കാര്യം. രണ്ടാമത്തേത്, സവിനയ നിയമലംഘനം (Civil Disobedience) അടക്കമുള്ള പ്രതിഷേധ രൂപത്തിന് എക്കാലവും അധികാരശക്തികളെ പിടിച്ചുകുലുക്കാനുള്ള ശേഷിയുണ്ടെന്നും അത് സൂചിപ്പിക്കുന്നു.
തിന്മകളോടുള്ള നിസ്സഹകരണമാണ് അവയെ കീഴ്‌പ്പെടുത്താനുള്ള ഏക വഴിയെന്ന് ഒരു നൂറ്റാണ്ട് മുമ്പ് തന്നെ തെളിയിക്കപ്പെട്ട കാര്യമാണ്. ഈ നിസ്സഹകരണത്തിൽ നിന്ന് മുഖ്യധാരാ രാഷ്ട്രീയപാർട്ടികളെ അകറ്റി നിർത്തുന്ന പ്രധാനഘടകം അവർ ഏതാണ്ട് പൂർണമായും ഈ തിന്മയുടെ ഭാഗം തന്നെയാണ് എന്നതാണ്. ഭരണകൂടത്തിനോ അഴിമതിയിലകപ്പെട്ട നീതിന്യായ-ഭരണ നിർവ്വഹണ സംവിധാനങ്ങൾക്കോ അതുകൊണ്ടുതന്നെ അവരെ ഭയക്കേണ്ട കാര്യവുമില്ല. അവർ ലക്ഷ്യമിട്ടിരിക്കുന്നത്, മുഖ്യധാരക്കുപുറത്ത് ഉയർന്നുവരുന്ന ബദൽ രാഷ്ട്രീയത്തെയും അതിന്റെ നിർഭയരായ വക്താക്കളെയുമാണ്. ഇന്ത്യൻ ജയിലുകളിൽ തടവിൽ കഴിയുന്ന, നിരവധി കേസുകളിൽ കോടതി നടപടികൾ നേരിടുന്ന, വലതുപക്ഷ ആക്രമണങ്ങൾക്ക് വിധേയരാക്കപ്പെടുന്ന രാഷ്ട്രീയ പ്രവർത്തകരെ നോക്കിയാൽ ഇക്കാര്യം വ്യക്തമാകും.
സവിനയ നിയമലംഘനത്തിന്റെ ആത്മാർപ്പണത്തിന്റെയും പുതിയൊരു രാഷ്ട്രീയത്തിലൂടെ മാത്രമേ ഇന്ത്യയിലെ കലുഷിതമായ രാഷ്ട്രീയാന്തരീക്ഷത്തെ മാറ്റിയെടുക്കാൻ സാധിക്കൂ എന്നും അത്തരമൊരു വികാരം കൂടുതൽ ശക്തമാകുകയാണ് എന്നും സൂചിപ്പിക്കുന്നതാണ് ഈ കോടതിയലക്ഷ്യ കേസും തുടർന്നുള്ള പ്രതികരണങ്ങളും.


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments