സംഘപരിവാറിനെ
നിലംതൊടാതിരിക്കാന്‍
തെരഞ്ഞെടുപ്പിനെ ആയുധമാക്കുക
സംഘപരിവാറിനെ നിലംതൊടാതിരിക്കാന്‍ തെരഞ്ഞെടുപ്പിനെ ആയുധമാക്കുക
19 Mar 2021, 10:52 AM
സംഘപരിവാര്‍ ഭരണകൂടം കഴിഞ്ഞ ആറ് വര്‍ഷക്കാലയളവില്‍ ഇന്ത്യന്‍ ജനതയോട് ചെയ്തുകൊണ്ടിരിക്കുന്നതെന്താണെന്ന് നാം അനുഭവത്തിലൂടെ അറിഞ്ഞുകഴിഞ്ഞിരിക്കുന്നു. രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകര്‍ കഴിഞ്ഞ 4 മാസക്കാലമായി തെരുവില്‍ പ്രക്ഷോഭത്തിലാണ്. ചെറുകിട വ്യവസായ മേഖല നാശത്തിന്റെ പടുകുഴിയിലാണ്. നോട്ടു നിരോധനം തൊട്ട് പൊതുമേഖലകളുടെ വില്പനകള്‍ വരെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ മുച്ചൂടും തകര്‍ക്കുന്ന നയങ്ങളാണ് ഈ ചെറിയ കാലയളവില്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. മതത്തിന്റെ പേരില്‍ മനുഷ്യരെ വിഭജിക്കുന്ന, കൂട്ടക്കൊലകളും വര്‍ഗീയ കലാപങ്ങളും നടത്തിക്കൊണ്ടിരിക്കുന്ന, പൗരന്മാരെ വേര്‍തിരിക്കുന്ന, ഫെഡറല്‍ ഭരണ സംവിധാനത്തെ ആകെ അട്ടിമറിക്കുന്ന സംഘപരിവാര്‍ രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളെയൊന്നാകെ തിരസ്‌കരിച്ചുകൊണ്ടിരിക്കുകയാണ്.
ശാസ്ത്ര-ഗവവേഷണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ-സാംസ്‌കാരിക കേന്ദ്രങ്ങള്‍ എന്നിവ ഒന്നൊന്നായി ആര്‍എസ്എസ് അജണ്ടകള്‍ നടപ്പിലാക്കുവാനുള്ള വേദികളായി മാറ്റിക്കൊണ്ടിരിക്കുന്നു. വിലവര്‍ദ്ധനവും തൊഴിലില്ലായ്മയും രൂക്ഷമായിക്കൊണ്ടിരിക്കുമ്പോഴും മത വൈകാരിക വിഷയങ്ങള്‍ ഉയര്‍ത്തി അതിനെ മറച്ചുപിടിക്കാനാണ് സംഘപരിവാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
പണവും സ്വാധീനവും ഉപയോഗിച്ച് ജനാധിപത്യത്തെ വിലയ്ക്ക് വാങ്ങാമെന്ന് RSS-BJP നേതൃത്വം നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുന്നു. "കേവല ഭൂരിപക്ഷത്തിന്റെ പാതിയുണ്ടെങ്കില്‍ പോലും ഞങ്ങള്‍ ഭരിക്കു'മെന്ന് ജനങ്ങളെ നോക്കി വെല്ലുവിളിക്കാന്‍ അവര്‍ക്ക് സാധിക്കുന്നു.
ബിജെപി ഭരണത്തിന്‍കീഴില്‍ കര്‍ഷകര്‍, തൊഴിലാളികള്‍, ദളിതര്‍, ആദിവാസികള്‍ തുടങ്ങി എല്ലാ അടിസ്ഥാന ജനവിഭാഗങ്ങളും അടിച്ചമര്‍ത്തലുകളെ നേരിടുകയാണ്. രാജ്യത്തിന്റെ സമ്പത്ത് അംബാനിയും അദാനിയും പോലുള്ള ഏതാനും വന്‍കിട കോര്‍പ്പറേറ്റുകളുടെ കൈകളിലേക്ക് കുമിഞ്ഞുകൂടിക്കൊണ്ടിരിക്കുന്നു. അതിനുള്ള എല്ലാ ഒത്താശയും കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നു.
സംഘപരിവാറിന്റെ ഈയൊരു ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഇന്ന് ഏറ്റവും ശക്തമായ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത് ഇന്ത്യയിലെ കര്‍ഷക സമൂഹമാണ്. ബിജെപി സര്‍ക്കാരിനും ആര്‍എസ്എസിനും എതിരായി നേരിട്ട യുദ്ധംതന്നെ അവര്‍ നടത്തിക്കൊണ്ടിരിക്കുന്നു. ബിജെപിയെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കുവാനുള്ള പ്രചരണ പരിപാടികളുമായി കര്‍ഷക സമൂഹം ഇന്ത്യയിലെമ്പാടുമായി പ്രചരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. പശ്ചിമ ബംഗാളില്‍ ബിജെപിക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ കര്‍ഷകര്‍ക്ക് സാധിച്ചിരിക്കുന്നു. പഞ്ചാബിലെ മൂന്ന് ബിജെപി എംഎല്‍എ മാര്‍ക്കും ബിജെപിയില്‍ നിന്ന് രാജിവെച്ച് മറ്റ് പാര്‍ട്ടികളിലേക്ക് ചേക്കേറേണ്ടി വന്നു. ബിജെപി മുക്ത പഞ്ചാബ് എന്ന കര്‍ഷക മുദ്രാവാക്യത്തിന്റെ ആദ്യ വിജയമായി ഇത്. എന്‍ഡിഎയിലെ പല ഘടക കക്ഷികളെയും അതില്‍ നിന്ന് പുറത്തുചാടിക്കാന്‍ കര്‍ഷകരുടെ പ്രചരണങ്ങള്‍ക്ക് സാധിച്ചിരിക്കുന്നു.
ബിജെപിക്കും കോര്‍പ്പറേറ്റുകള്‍ക്കും എതിരായ യുദ്ധത്തില്‍ കര്‍ഷകര്‍ നല്‍കുന്ന ദിശാബോധം സുപ്രധാനമാണ്. നിലവിലെ മുന്നണി സംവിധാനങ്ങളിലെ പിഴവുകളും അസംതൃപ്തികളും മുതലെടുത്ത്, ജനങ്ങളില്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിച്ച് അധികാരത്തിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്ന സംഘപരിവാറിനെ തളച്ചിടേണ്ടത് ജനാധിപത്യത്തെ സംരക്ഷിക്കുവാനുള്ള ആദ്യപടിയാണ്. ഉത്തരേന്ത്യയില്‍ കര്‍ഷകര്‍ ഉയര്‍ത്തിയ വെല്ലുവിളികളില്‍ പതറി, പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുന്ന ബിജെപി- സംഘപരിവാര്‍ ശക്തികളെ എന്തുവിലകൊടുത്തും ചെറുത്തുതോല്‍പ്പിക്കേണ്ടത് ജനാധിപത്യ ബോധമുള്ള എല്ലാവരുടെയും കടമയാണ്.
"ഉത്തരേന്ത്യ മുഴുവന്‍ അടിയന്തിരാവസ്ഥയ്‌ക്കെതിരെ വിധിയെഴുതിയപ്പോള്‍ കോണ്‍ഗ്രസ്സിനെ വിജയിപ്പിച്ച കേരളം' എന്ന അപമാനം പേറുന്ന സംസ്ഥാനമാണ് നമ്മുടേത്. ബിജെപിക്കെതിരായി കര്‍ഷകരും ആദിവാസി-ദളിത് വിഭാഗങ്ങളും കലാപക്കൊടി ഉയര്‍ത്തുമ്പോള്‍ അവരെ കേരള മണ്ണില്‍ നിന്നും തൂത്തെറിഞ്ഞുകൊണ്ട് ഈ അപമാനത്തിന് പ്രായശ്ചിത്തം ചെയ്യാനുള്ള അവസരമായി ഈ തെരഞ്ഞെടുപ്പിനെ ഉപയോഗപ്പെടുത്താന്‍ ജനങ്ങള്‍ മുന്നോട്ടുവരേണ്ടതുണ്ട്. ജനാധിപത്യത്തിന്റെ ധാരാളിത്തത്തിനുള്ള സമയമല്ലിത്; ഫാസിസത്തിന്റെ കടന്നുകയറ്റത്തിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കേണ്ട നിര്‍ണ്ണായക ഘട്ടമാണ്.

ഡോ. ടി.എസ്. ശ്യാംകുമാര്‍
Apr 19, 2021
3 Minutes Read
രാജേഷ് കിഴിശ്ശേരി
Apr 16, 2021
3 Minutes Read
Truecopy Webzine
Apr 12, 2021
4 Minutes Read
മനില സി.മോഹൻ
Apr 10, 2021
4 Minutes Watch
Truecopy Webzine
Apr 05, 2021
8 minutes read
Election Desk
Apr 03, 2021
2 Minutes Read