ഒരംഗീകാരം, ഒരു പ്രഹരം

ഈ നോവലിന്റെ പ്രസിദ്ധീകരണത്തെ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റിയ ഒരു വാക്കിലും വാചകത്തിലും പിടിച്ചു തടയാൻ ശ്രമിക്കുകയും അതിനു കൂട്ടുനിൽക്കുകയും ചെയ്ത എല്ലാവർക്കും സഹൃദയകേരളം നൽകിയ ശക്തമായ ഒരു പ്രഹരം കൂടിയാണ് കേരള സാഹിത്യ അക്കാദമി അവാർഡ്. ആ രീതിയിൽ ഞാൻ, മറ്റനേകം സഹൃദയർക്കൊപ്പം, ഇത് സാദ്ധ്യമാക്കിയ ഭാവുകത്വത്തെയും രാഷ്ട്രീയത്തെയും ഒരുപോലെ സ്വാഗതം ചെയ്യുന്നു.

സ്. ഹരീഷിന്റെ "മീശ' എന്ന നോവലിന് നോവലിനുള്ള കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചിരിക്കുന്നു. ഇതിനുമുമ്പുതന്നെ ജെ.സി.ബി എന്ന വലിയ പുരസ്‌കാരം അതിന്റെ ഇംഗ്ലീഷ് പരിഭാഷക്ക് ലഭിച്ചിരുന്നു. അതിനും അൽപം മുമ്പാണ് ജയ്പൂരിലെ വലിയ സാഹിത്യോത്സവം ഹരീഷിനെയും വിവർത്തക ജയശ്രീ കളത്തിലിനെയും എന്നെയും ഒന്നിച്ചിരുത്തി ഈ നോവൽ ഒരു മണിക്കൂർ ചർച്ച ചെയ്തത്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കുറെ ഹിന്ദുത്വവാദികളുടെ സമ്മർദ്ദം മൂലം നിർത്തി വെയ്‌ക്കേണ്ടി വന്ന ഈ നോവൽ പുസ്തകമായി പ്രസിദ്ധീകരിച്ചപ്പോഴും സഹൃദയരിൽ നിന്ന് വലിയ സ്വീകരണമാണ് ലഭിച്ചത്.

നോവലിന്നെതിരെ ഉന്നയിക്കപ്പെട്ട ചിന്താശൂന്യവും ബാലിശമെങ്കിലും ആസൂത്രിതവുമായ ആക്രമണത്തിന്നെതിരെ അന്നുതന്നെ കേരളത്തിൽ പ്രതിഷേധമുയർന്നിരുന്നു. ഹരീഷിന്റെ നാട്ടിൽ 2018 ആഗസ്റ്റ് 24 ന് ഞാൻ കൂടി പങ്കെടുത്ത പ്രതിഷേധയോഗത്തിൽ മഴയെ അവഗണിച്ച് കുട്ടനാട്ടുകാർ ആവേശപൂർവം പങ്കെടുത്തത് ഞാൻ ഇപ്പോഴും ഓർക്കുന്നു.

എസ്. ഹരീഷ്

എങ്കിലും കേരളസാഹിത്യഅക്കാദമിയുടെ സമ്മാനം ഔദ്യോഗികമായ ഒരംഗീകാരം കൂടിയാണ്. അനുദിനം ക്രൂരവും ഭീകരവുമായി വളരുകയും മനുഷ്യാവകാശം, ഭരണഘടന, സമത്വം, തൊഴിലാളികളുടെയും കർഷകരുടെയും സമരാവകാശം, പരിസ്ഥിതിസംരക്ഷണ പ്രവർത്തനങ്ങൾ, ഇന്ത്യൻ പൗരത്വം, ഭക്ഷണ സ്വാതന്ത്ര്യം, ആവിഷ്‌കാര സ്വാതന്ത്ര്യം, വിമർശന സ്വാതന്ത്ര്യം- ഇങ്ങനെ ജനാധിപത്യത്തെ സംബന്ധിച്ച് പ്രാഥമികമായ എല്ലാ ഘടകങ്ങളെയും നിഷേധിക്കുന്ന നഗ്‌നമായ കോർപറേറ്റ്- ഹിന്ദുത്വ ഫാസിസത്തിനുള്ള കേരളത്തിന്റെ ചെറിയൊരു മറുപടി കൂടിയായി വേണം ഈ പുരസ്‌കാരത്തെ കാണാൻ.

ഈ നോവലിന്റെ പ്രസിദ്ധീകരണത്തെ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റിയ ഒരു വാക്കിലും വാചകത്തിലും പിടിച്ചു തടയാൻ ശ്രമിക്കുകയും അതിനു കൂട്ടുനിൽക്കുകയും ചെയ്ത എല്ലാവർക്കും സഹൃദയകേരളം നൽകിയ ശക്തമായ ഒരു പ്രഹരം കൂടിയാണ് ഇത്.

ചരിത്രം, നിന്ദിക്കപ്പെട്ടവരെ നായകരാക്കുകയും നിന്ദിച്ചവരെ കോമാളികളാക്കുകയും ചെയ്ത ആദ്യ സന്ദർഭമല്ല ഇത്. അവസാനത്തെ സന്ദർഭവുമല്ല. എന്നാൽ ഇത് സങ്കുചിത മതവാദികൾക്കും സാഹിത്യസദാചാരവാദികൾക്കും വലിയ ഒരു പാഠമാണ്. നോവലിന്നകത്തെ നാടകത്തിൽ മീശ വെച്ച വാവച്ചനെക്കണ്ട് മൂത്രമൊഴിക്കുന്ന നമ്പൂതിരി ഒരു കഥാപാത്രം മാത്രമല്ല, ഒരു രൂപകമാണ്. അധികാരം പ്രതീകാത്മകമായിപ്പോലും നേടുന്ന കീഴാളരെ ഭയപ്പെടുന്ന മേലാളത്തത്തിന്റെ വീര്യനഷ്ടത്തിന്റെ രൂപകം.

ഒപ്പംതന്നെ "മീശ' നമ്മുടെ മുന്നിൽ തുറന്നിടുന്ന വലിയ ജൈവപ്രപഞ്ചത്തെ, മനുഷ്യരും ജീവികളും ഒരേ പോലെ പങ്കിടുന്ന ഭൂമിയെക്കുറിച്ചുള്ള അതിന്റെ "പോസ്റ്റ് -ഹ്യൂമനിസ്റ്റ്' ദർശനത്തെ, (കോവിഡ് മഹാമാരി അതിനെ എത്രമാത്രം കൂടുതൽ പ്രസക്തമാക്കുന്നു എന്ന് യുവാൽ നോവാ ഹരാരി, ബ്രൂണോ ലാത്തൂർ, ഡോണാ ഹാരവേ, ദീപേഷ് ചക്രവർത്തി തുടങ്ങിയവർ നമുക്കു കാണിച്ചുതന്നിട്ടുണ്ട്).

അതിന്റെ ചരിത്രത്തെ, ഭൂമിശാസ്ത്രത്തെ, അതിലെ മനുഷ്യരുടെ അടിസ്ഥാന ചോദനകളുടെ സൂക്ഷ്മപ്രപഞ്ചത്തെ, അതിലെ പ്രാദേശിക ഭാഷാഭേദങ്ങളുടെ കാവ്യാത്മകതയെ, മാനകഭാഷയ്ക്ക് അതുയർത്തുന്ന വെല്ലുവിളിയെ, "മഹത്തായ ഇന്ത്യ' യുടെ യാഥാർത്ഥ്യം ഈ ചെറിയ ചെറിയ ഇന്ത്യകളിലാണെന്ന അതിന്റെ പരോക്ഷ പ്രസ്താവത്തെ, മിത്തും ചരിത്രവും യാഥാർത്ഥ്യവും ഭ്രമാത്മകതയും വ്യക്തിവാസനകളും സാമൂഹ്യകലാപങ്ങളും ദേശാഖ്യാനവും മനുഷ്യാഖ്യാനവും സമന്വയിക്കുന്ന അതിന്റെ ആഖ്യാനചാതുരിയെ, എല്ലാം അവഗണിച്ച് അതിനെ സാന്ദർഭികമായ ഒരു പദപ്രയോഗത്തിലേക്കോ രണ്ടു കഥാപാത്രങ്ങൾ നടത്തുന്ന ഒരു ചെറുസംഭാഷണത്തിലേക്കോ മാത്രം ഒതുക്കിയ അപവാദകുതുകികളായ അരസികർക്കും അസൂയാലുക്കളായ ചില സമകാലിക സാഹിത്യകാരന്മാർക്കും ഏറ്റ പ്രഹരം കൂടിയാണ് ഈ സമ്മാനം.

അതുകൊണ്ടാണ് കേരളത്തിൽ നിന്നുള്ള ഈ പുരസ്‌കാരം ഒരർഥത്തിൽ ജെ.സി.ബിയുടെ കൂടുതൽ സാമ്പത്തികമൂല്യമുള്ള സമ്മാനത്തെക്കാൾ പ്രധാനമാകുന്നത്. ഓരോ ശരിയായ പുരസ്‌കാരവും ഒരേ സമയം കൊടുക്കുന്നവർക്കും ലഭിക്കുന്നവർക്കുമുള്ള അംഗീകാരമാണ്. ആ രീതിയിൽ ഞാൻ, മറ്റനേകം സഹൃദയർക്കൊപ്പം, ഇത് സാദ്ധ്യമാക്കിയ ഭാവുകത്വത്തെയും രാഷ്ട്രീയത്തെയും ഒരുപോലെ സ്വാഗതം ചെയ്യുന്നു.



കെ. സച്ചിദാനന്ദൻ

കവി, വിവർത്തകൻ, എഡിറ്റർ. കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയായിരുന്നു. അഞ്ചുസൂര്യൻ, പീഡനകാലം, ഇവനെക്കൂടി, സാക്ഷ്യങ്ങൾ, സമുദ്രങ്ങൾക്ക്​ മാത്രമല്ല തുടങ്ങിയ കവിതാ സമാഹാരങ്ങൾക്കുപുറമേ വിവിധ കാലഘട്ടങ്ങളിൽ എഴുതിയ കവിതകളുടെ സമാഹാരങ്ങൾ, നാടകം, പഠനങ്ങൾ തുടങ്ങിയ മേഖലകളിൽ നിരവധി കൃതികൾ. കവിതകൾ ലോകഭാഷകളിലേക്ക്​ വിവർത്തനം ചെയ്യപ്പെട്ടു.

Comments