പത്താംക്ലാസ് പരീക്ഷാ
നടത്തിപ്പ് അപ്രായോഗികം;
ആരോട് ചര്‍ച്ച ചെയ്തിട്ടാണ്
സര്‍ക്കാര്‍ തീരുമാനം
പത്താംക്ലാസ് പരീക്ഷാ നടത്തിപ്പ് അപ്രായോഗികം; ആരോട് ചര്‍ച്ച ചെയ്തിട്ടാണ് സര്‍ക്കാര്‍ തീരുമാനം
ഒരുതരത്തിലുള്ള അക്കാദമിക പര്യാലോചനകള്‍ക്കും മുതിരാതെയാണ് മാര്‍ച്ച് 17 നു എസ്.എസ്. എല്‍.സി., പ്ലസ് ടുപൊതുപരീക്ഷകള്‍ നടത്തും എന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ രീതിയലല്ല ഒരു ജനാധിപത്യ സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത്. അസാധാരണമായ ഒരു ചരിത്ര സന്ധിയില്‍ ഒന്നും സംഭവിച്ചിട്ടില്ലയെന്നു ഭാവിച്ചുകൊണ്ട് സര്‍ക്കാര്‍ കൈക്കൊണ്ട ഈ തീരുമാനം എന്തുകൊണ്ട് എതിര്‍ക്കപ്പെടേണ്ടതാണ് എന്ന് വിശദീകരിക്കുകയാണ് ലേഖകന്‍
21 Dec 2020, 03:13 PM
ലോകത്തെമ്പാടും വിദ്യാഭ്യാസ പ്രക്രിയയില്‍ വലിയ വിള്ളല്‍ സൃഷ്ടിച്ചിരിക്കുകയാണ് കോവിഡ് 19 എന്ന മഹാമാരി. സ്‌കൂള്‍ പ്രവര്‍ത്തനക്രമത്തില്‍ കാലാകാലമായി നിലനിന്നുപോന്ന നിയമങ്ങളെയും ഘടനകളേയും ചോദ്യംചെയ്യാന്‍ അത് കാരണമാവുകയും ചെയ്തു. എന്നാല്‍ സാമ്പ്രദായിക വിദ്യാഭ്യാസ രീതികളെ പാടെ മാറ്റിമറിക്കാന്‍ ഈ വിള്ളല്‍ കാരണമാവും എന്ന് കരുതാന്‍ വയ്യ. പഴയരീതികള്‍ അപ്പടി തുടരും എന്നതിന് മികച്ച ദൃഷ്ടാന്തമാണ് മാര്‍ച്ച് 17 നു എസ്.എസ്.എല്‍.സി., പ്ലസ് ടു പൊതുപരീക്ഷകള്‍ നടത്തും എന്ന കേരള സര്‍ക്കാര്‍ പ്രഖ്യാപനം. ഏതെങ്കിലും തരത്തിലുള്ള അക്കാദമികമായ പര്യാലോചനകളുടെ വെളിച്ചത്തിലല്ല ഈ പ്രഖ്യാപനം സര്‍ക്കാര്‍ നടത്തിയത്. വിദ്യാര്‍ത്ഥി പ്രതിനിധികളുമായോ, അധ്യാപക സംഘടനകളുമായോ, രക്ഷകര്‍ത്താക്കളുമായോ, വിദ്യാഭ്യാസ വിചക്ഷണരുമായോ കൂടിയാലോചിക്കാതെ ഏകപക്ഷീയമായ ഒരു പ്രഖ്യാപനമായി മാറി അത്.
വിദ്യാഭ്യാസ മന്ത്രിതന്നെ മുന്‍പ് നല്‍കിയ ഉറപ്പുകള്‍പാലിക്കാതെ പൊതുപരീക്ഷാ ടൈം ടേബിള്‍ വരെ പ്രസിദ്ധീകരിച്ചത് വിദ്യാര്‍ത്ഥികളെയും, രക്ഷകര്‍ത്താക്കളെയും അധ്യാപകരെയും കടുത്ത ആശങ്കയിലേക്കു തള്ളിവിട്ടിരിക്കുകയാണ്. ഒരു ജനാധിപത്യ ഭരണകൂടം പ്രവര്‍ത്തിക്കേണ്ടത് ഈ വിധം അല്ലതന്നെ. മഹാമാരി സൃഷ്ടിച്ച നിസ്സഹായ അവസ്ഥയില്‍ എന്തും സ്വീകരിക്കാനുള്ള മാനസികാവസ്ഥയിലേക്ക് ജനങ്ങള്‍ എത്തിച്ചേര്‍ന്നുകാണും. ഇത്തരം ഒരു അവസ്ഥയില്‍ ഭരണകൂടം അതിന്റെ പരിധികളില്ലാത്ത അധികാരം പ്രയോഗിക്കാന്‍ ഇടവരും എന്ന് പല സാമൂഹ്യ രാഷ്ട്രീയ നിരീക്ഷകരും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. എക്‌സിക്യുട്ടീവിനെ നിയന്ത്രിക്കാന്‍ ലജിസ്ലെച്ചറും, ജുഡീഷ്യറിയും, പൊതുജനാഭിപ്രായവും ശക്തമായി ഇടപെടുമ്പോളാണ് ജനാധിപത്യ പ്രക്രിയ ശക്തിപ്പെടുന്നത്. അതുകൊണ്ടുതന്നെ അക്കാദമിക സമൂഹവുമായി വിവിധതലത്തില്‍ ചര്‍ച്ചകള്‍ നടത്തി ഉചിതമായ തീരുമാനത്തിലെത്തുക എന്നതാണ് ഏതൊരു ജനാധിപത്യ സര്‍ക്കാരും കൈക്കൊള്ളേണ്ടനടപടി.

മാര്‍ച്ച് 17 നു എസ്.എസ്. എല്‍.സി., പ്ലസ് ടു പൊതുപരീക്ഷകള്‍ നടത്തും എന്ന് പ്രഖ്യാപിക്കുകവഴി സംസ്ഥാനത്തെ വിദ്യാഭ്യാസ പ്രക്രിയയില്‍ യാതൊരു ഭംഗവും സംഭവിച്ചിട്ടില്ല എന്ന് സ്ഥാപിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പക്ഷെ എന്താണ് യാഥാര്‍ഥ്യം? 200 പ്രവൃത്തിദിനങ്ങള്‍ ഉറപ്പാക്കിയെങ്കില്‍ മാത്രമേ ഒരു അക്കാദമിക് വര്‍ഷത്തിലെ പാഠഭാഗങ്ങള്‍ സംവാദാത്മക രീതിയില്‍ വിനിമയം ചെയ്യാന്‍ കഴിയുകയുള്ളൂ എന്ന് അക്കാദമിക ധാരണയുള്ള ഏവര്‍ക്കും അറിയാം. ജനുവരിമാസത്താല്‍ നടക്കാന്‍ പോവുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ പോലും കണക്കിലെടുത്തല്‍ പരമാവധി 100 ഓണ്‍ലൈന്‍ ക്ലാസുകള്‍ (അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള) ഗണിതം പോലുള്ള വിഷയങ്ങളില്‍ വിദ്യാര്‍ത്ഥിക്ക് ലഭ്യമാവും എന്ന് കണക്കാക്കാം. അതായത് സാധാരണ ക്ലാസുമുറികളിലെ 45 മിനുട്ടു പീരിയഡ് വച്ച് കണക്കുകൂട്ടിയാല്‍, എഴുപതോ എണ്‍പതോ ദിവസത്തെ അധ്യയനം നടന്നു എന്ന് കണക്കാക്കാം. മറ്റു മിക്ക വിഷയങ്ങള്‍ക്കും ഇതില്‍ കുറഞ്ഞ ക്ലാസ്സുകള്‍ മാത്രമേ നടക്കാന്‍ ഇടയുള്ളൂ. സ്‌കൂള്‍തല അധ്യാപക ഇടപെടല്‍ കൂടെ കണക്കിലെടുത്തല്‍ അത് നൂറോ നൂറ്റിപ്പത്തോ ദിവസത്തെ അധ്യയനത്തിനു തുല്യമായി എന്ന് വാദത്തിനുവേണ്ടി പറയാം.
Related Story: പരിഷത്ത് പഠന റിപ്പോര്‍ട്ട്: ഡിജിറ്റല്‍ ക്ലാസ് കേരളത്തിൽവേണ്ടത്ര ഫലപ്രദമായില്ല.
അടുത്ത ഒരു കോവിഡ് വ്യാപനത്തിന്റെ വക്കില്‍ നില്‍ക്കുകയാണ് കേരളം എന്ന് ആരോഗ്യമന്ത്രിതന്നെ പറഞ്ഞുകഴിഞ്ഞു. അതുകൊണ്ടുതന്നെ ജനുവരി ഒന്നുമുതല്‍ വിദ്യാര്‍ത്ഥികളുടെ സ്‌കൂളിലേക്കുള്ള വരവും അനിശ്ചിതത്വത്തിലാണ്. മാത്രമല്ല ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുന്ന സമയവുമായി കൂട്ടിമുട്ടാതെ സ്‌കൂള്‍തല പ്രാക്റ്റിക്കല്‍ ക്ലാസുകളും സംശയനിവാരണ ക്ലാസുകളും ക്രമീകരിക്കുക എന്നത് ഏറെ പ്രയാസകരമായ കാര്യവുമാണ്. ദൂര സ്ഥലങ്ങളില്‍നിന്ന് വരുന്ന വിദ്യാര്‍ത്ഥികളുടെ യാത്രാസമയവും കണക്കിലെടുക്കേണ്ടി വരുമ്പോള്‍ ഇത് ഏറെക്കുറെ അസാധ്യമായിമാറുകയും ചെയ്യും.
ഹയര്‍ സെക്കന്ററി മേഖലയില്‍ 26 കോമ്പിനേഷനുകളിലായി നാല്‍പ്പതോളം വ്യത്യസ്ത വിഷയങ്ങള്‍ പഠിക്കാനുണ്ട്. ഇവയില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ കേവലം 17 വിഷയങ്ങള്‍ക്ക് മാത്രമേ സര്‍ക്കാര്‍ തലത്തില്‍ നടത്തിയിട്ടുള്ളു. മറ്റ് വിഷയങ്ങള്‍ക്ക് അതാത് വിഷയാധ്യാപകരുടെ മുന്‍കൈയില്‍ നടത്തിയ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ മാത്രമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ആശ്രയം. നിരന്തര മൂല്യനിര്‍ണയത്തിന്റെയും, പ്രാക്റ്റിക്കല്‍ ക്ലാസുകളുടെയും കാര്യത്തിലുള്ള അനിശ്ചിതാവസ്ഥയും കൂടിച്ചേരുമ്പോള്‍ മാര്‍ച്ച് 17 നു തന്നെ പൊതുപരീക്ഷനടത്തും എന്ന പ്രസ്താവന ഫീല്‍ഡ് റിയാലിറ്റി ഒട്ടും കണക്കിലെടുക്കാതെയുള്ളതാണ് എന്ന് പറയേണ്ടിവരും. 2020 ജൂലായ് 8 ന് വിദ്യാഭ്യാസ മന്ത്രി പങ്കുവച്ച "ഡിജിറ്റല്‍ വിദ്യാഭ്യാസം ഒരു ജനകീയ മാതൃക' എന്ന വീഡിയോ സന്ദേശത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ വിദ്യാലയത്തിനോ യഥാര്‍ത്ഥ ക്ലാസുകള്‍ക്കോ ബദല്‍ അല്ല എന്നും അധ്യാപകനെ ബൈപ്പാസ് ചെയ്യുന്നതും അല്ല എന്നും അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധത്തില്‍ വ്യക്തമാക്കുന്നുണ്ട്. വിദ്യാഭ്യാസ മന്ത്രിയുടേതായ മറ്റൊരു വ്യപകമായി പ്രചരിച്ച വീഡിയോയില്‍ ഓണ്‍ലൈന്‍ ക്ലാസ്സില്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ എല്ലാം തന്നെ സ്‌കൂള്‍ തുറന്നുകഴിഞ്ഞാല്‍ അധ്യാപകര്‍ വീണ്ടും പഠിപ്പിക്കും എന്നും പറയുന്നുണ്ട്. ഈ വീഡിയോയില്‍ വിദ്യാഭ്യാസ മന്ത്രി നല്‍കിയ ഉറപ്പുകള്‍ വീണ്ടും വീണ്ടും പറഞ്ഞുറപ്പിച്ചാണ് ആശങ്കാകുലരായ രക്ഷിതാക്കളെ ഓണ്‍ലൈന്‍ ക്ലാസ് പി. ടി. എ. യില്‍ അധ്യാപകര്‍ സമാധാനിപ്പിച്ചു വിട്ടത്. വിദ്യച്ഛക്തി തടസ്സം കൊണ്ടും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി പ്രശ്നം കൊണ്ടും ക്ലാസുകള്‍ കാണാതെപോയവരെയും, സംവാദ സാധ്യത തീരെ ഇല്ലാത്ത ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് മുഖം തിരിഞ്ഞുനിന്നവരെയും സ്‌ക്കൂള്‍ തുറന്നു കഴിഞ്ഞാല്‍ അധ്യാപകര്‍ സഹായിക്കും എന്ന വിശ്വാസത്തിലായിരുന്നു ഏവരും. ഈ പ്രതീക്ഷകളൊക്കെ ആസ്ഥാനത്താക്കിക്കൊണ്ടാണ് കൃത്യസമയത്തുതന്നെ പരീക്ഷകള്‍ നടക്കും എന്ന പ്രഖ്യാപനം ഉണ്ടാവുന്നത്.
വിദ്യാഭ്യാസം സമം പരീക്ഷ എന്ന പരമ്പരാഗത സങ്കല്‍പ്പത്തെ ഊട്ടിഉറപ്പിക്കുന്നതായി ക്ഷേത്രങ്ങളിലെ ഉത്സവം കൊടിയേറുന്നതിന്റെ തിയ്യതി അണുകിടമാറാതെകുറിക്കുന്നതുപോലെ പാവനമായി കരുതി കുറിച്ച ഈ പരീക്ഷാതിയ്യതി. വിമര്‍ശനാത്മക ബോധനവും ജ്ഞാനനിര്‍മ്മിതി വാദവുമൊക്കെ വിദ്യാഭ്യാസ പ്രക്രിയയില്‍ സന്നിവേശിപ്പിച്ച ഇടതുപക്ഷ സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കാത്തതാണ് ഈ നീക്കം. ഓപ്പണ്‍ ബുക് പരീക്ഷകള്‍ പോലുള്ള ബദല്‍ പരീക്ഷമാര്‍ഗങ്ങളെക്കുറിച്ചുള്ള സംവാദമൊക്കെ ഉയര്‍ത്തിക്കൊണ്ടുവരാവുന്ന ഒരു ചരിത്ര സന്ദര്‍ഭത്തെ യാതൊരു സംവാദസാധ്യതയും ഇല്ലാത്ത അടഞ്ഞ അധ്യായമാക്കിമാറ്റുകയാണ് ഈ തീരുമാനം വഴി. ജനായത്തെ സ്‌കൂളുകള്‍ (Democratic Schools) എന്ന പുസ്തകത്തില്‍ പ്രശസ്ത വിമര്‍ശനാത്മക ബോധന സൈദ്ധാന്തികന്‍ മൈക്കല്‍ ആപ്പിള്‍ നിരീക്ഷിച്ചപോലെ "പാഠ്യപദ്ധതിയുടെ ശരീരം ആട്ടുന്ന പരീക്ഷ എന്ന വാല്‍' ("The tail of the test wags the body of the curriculum') എന്ന വസ്തുത ഈ പ്രഖ്യാപനത്തിന്റെയും പിറകില്‍ പ്രവര്‍ത്തിച്ച ചേതോവികാരമായി വിലയിരുത്താന്‍ കഴിയും.

സ്‌കൂളുകള്‍ നേരത്തെ തന്നെ തുറന്നുകഴിഞ്ഞ ഇംഗ്ലണ്ടില്‍ പൊതുപരീക്ഷ മൂന്നാഴ്ചയെങ്കിലും വൈകിയായിരിക്കും നടക്കുക എന്ന് ഇംഗ്ലീഷ് പത്രമായ ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. (The government has already announced that next year's exams will take place three weeks later than normal, to maximise teaching time. The Guardian, Dec 3, 2020) മാത്രമല്ല പരീക്ഷയെഴുതാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കാനായി പരീക്ഷയ്ക്ക് തയ്യാറെടുക്കേണ്ടുന്ന പാഠഭാഗങ്ങള്‍ ഏതൊക്കെ ആയിരിക്കുമെന്നു മുന്‍കൂട്ടി അറിയിക്കുമെന്നും, ഫോര്‍മുല ഷീറ്റുകളും ഓര്‍ത്തുവെക്കേണ്ടുന്ന വൊക്കാബുലറി ഇനങ്ങള്‍ ഉള്‍പ്പെടുന്ന ഷീറ്റുകളും പരീക്ഷാഹാളില്‍ അനുവദിക്കും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. (Pupils in England sitting GCSEs and A-levels next summer will be given advance notice of topics and allowed to take in exam aids including formula sheets, as part of a package of measures to mitigate for learning disruption caused by the pandemic. Modern languages students will be able to take in vocabulary sheets to reduce the amount of material that needs to be memorised.) ലോകത്തെമ്പാടും മഹാമാരിയുടെ ഫലമായി പഠനപ്രക്രിയയില്‍ തടസ്സങ്ങള്‍ നേരിട്ടവരെയും മാനസിക സമ്മര്‍ദത്തിനു അടിമപ്പെട്ടവരേയും സമാശ്വസിപ്പിക്കാന്‍ ഈ വിധമുള്ള കൈത്താങ്ങുകള്‍ ഭരണകൂടങ്ങള്‍ തന്നെ വാഗ്ദാനം ചെയ്യുകയാണ്.
Related Story: High-Tech Digital Classroom: ഈ സര്‍ക്കാര്‍ ക്ലാസ് റൂമിനെ ഡിജിറ്റൽ കമ്പോളമാക്കുകയാണ് ചെയ്യുന്നത്.
മുന്നൂറു ദിവസത്തോളം വീടകങ്ങളില്‍ തളച്ചിടപ്പെട്ടവരുടെ വിദ്യാഭ്യാസം എത്ര ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയാലും സ്‌കൂള്‍ നേരനുഭവത്തില്‍നിന്നു ലഭിക്കുന്ന വിദ്യാഭ്യാസവുമായി ഒരുതരത്തിലും താരതമ്യം ചെയ്യാന്‍ കഴിയുന്നതല്ല. പഠന പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികളുടെ കാര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തീര്‍ത്തും പ്രയോജനരഹിതവുമായിരുന്നു. സമൂഹത്തില്‍ നിലനില്‍ക്കുന്ന പലതരം അസമത്വങ്ങളെ കൂടുതല്‍ ആഴത്തില്‍ തുറന്നുകാട്ടുകയാണ് ഈ മഹാമാരിക്കാലം. അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ് സാധാരണക്കാരായ മനുഷ്യര്‍. ആ പോരാട്ടം സ്വയം ഏറ്റെടുക്കുകയോ രക്ഷിതാക്കളുടെ കൂടെ പങ്കാളികളാവുകയോ ചെയ്തവരാണ് സാധാരണക്കാരായ വിദ്യാര്‍ത്ഥികളും. വഴിയോരത്ത് ഭക്ഷണപ്പൊതികളും പഴങ്ങളും പച്ചക്കറികളും വില്‍ക്കാനിറങ്ങിയവരുടെ കൂട്ടത്തില്‍ ഇവരെനമ്മള്‍ കാണുന്നുണ്ട്. അതിജീവനത്തിനായി ഓണ്‍ലൈന്‍ ക്ലാസുകള്‍പോലും ഉപേക്ഷിക്കേണ്ടിവന്ന ഇവരെ ഇടതുപക്ഷം ഹൃദയപക്ഷം എന്ന് നാം പറയാറുള്ളവരാല്‍ നയിക്കപ്പെടുന്ന സര്‍ക്കാര്‍ കാണുന്നില്ലെന്നോ?
ഈ അക്കാദമിക് വര്‍ഷം സാധാരണപോലെ പൂര്‍ത്തിയാക്കി എന്ന് വരുത്തിത്തീര്‍ക്കുന്നതിലൂടെ എന്താണ് ലക്ഷ്യം വെക്കുന്നത് എന്ന് മനസ്സിലാവുന്നില്ല. അസാധാരണമായ ഒരു ചരിത്ര സന്ധിയില്‍ ഒന്നും സംഭവിച്ചിട്ടില്ല എന്ന് ഭാവിക്കുന്നത് അര്‍ത്ഥശൂന്യമാണ്. മഹാമാരി താളം തെറ്റിച്ച വിദ്യാഭ്യാസ പ്രക്രിയ സാധാരണഗതി പ്രാപിക്കാനുള്ള സ്വാഭാവികമായ സമയം അനുവദിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. സി. ബി. എസ്. ഇ. സ്‌കൂള്‍ ഫൈനല്‍ പരീക്ഷകള്‍ 60 ദിവസം വരെ വൈകിയേക്കും എന്ന സൂചനയാണ് നല്‍കുന്നത്. മറ്റു സംസ്ഥാന പരീക്ഷാബോര്‍ഡുകളും പൊതുപരീക്ഷ നീട്ടിവച്ചു എന്ന അറിയിപ്പാണ് നല്‍കിയത്. അവരൊക്കെ സി. ബി. എസ്. ഇ പരീക്ഷാ ഡേറ്റുകള്‍ പ്രഖ്യാപിക്കാനായി കാത്തിരിക്കുകയുമാവാം.
Related Story: FREE E-LEARNING SPECIAL PDF ഡൗണ്‍ലോഡ് ചെയ്യാനായി ക്ലിക്ക് ചെയ്യൂ...
ഓണ്‍ലൈനായോ വീടുകളില്‍ ഇരുന്നു ഓഫ് ലൈനായയോ ഒരു മോഡല്‍ പരീക്ഷ നടത്തുകയും അതിന്റെ വെളിച്ചത്തില്‍ കുട്ടികളുടെ പ്രകടനം വിലയിരുത്തി വേണ്ട പിന്തുണാ സംവിധാനം ഒരുക്കിമാത്രമേ കുട്ടികളെ ഹൈ സ്റ്റയിക്ക് ടെസ്റ്റ് എന്ന് വിളിക്കുന്ന പൊതുപരീക്ഷയിലേക്കു തള്ളിവിടാന്‍ പാടുള്ളു. അസംബ്ലി ഇലക്ഷന്‍ പോലുള്ള കാരണങ്ങള്‍ ഒരു തലമുറയെ ബാധിക്കുന്ന തീരുമാനം എടുക്കുമ്പോള്‍ പ്രസക്തമല്ല തന്നെ. പ്രായോഗികതയുടെ യുക്തി ജീവിത പ്രതിസന്ധിയും പഠന പ്രതിസന്ധിയും ഹതാശമായ അവസ്ഥയിലെത്തിച്ച വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ നിരത്താവുന്നതല്ല.
മാതാണ്ടി അശോകൻ.
23 Dec 2020, 08:05 PM
ഈ പരീക്ഷ കുട്ടികൾക്ക് വേണ്ടിയോ? അതോ പരീക്ഷ നടത്തിയെന്ന് പറയാനോ. മാസം തോറും ക്ലാസ് ടെസ്റ്റ് ,2 ടേം പരീക്ഷകൾ, മോണിഗ് ക്ലാസ്, ഈവനിംഗ് ക്ലാസ്, സഹവാസ ക്യാമ്പ് ,നൈറ്റ്ക്ലസ്, പ്രാദേശിക പഠന ക്യാമ്പ് , A+ ക്ലാസ്, പിന്നാക്ക ക്ലാസ്,മോട്ടിവേഷൻ ക്ലാസുകൾ. എല്ലാം കഴിഞ്ഞ് മോഡൽ പരീക്ഷ. പെട്ടെന്നു തന്നെ പേപ്പർ നോക്കി ക്കൊടുത്ത് എന്നിട്ടും ആത്മവിശ്വാസം വരാത്തവന് പരീക്ഷത്തലേന്നും പിറ്റേന്നു രാവിലെയും സംശയ നിവാരണം. ഇതെല്ലാം കഴിഞ്ഞല്ലെ നാം കുട്ടികളെ പരീക്ഷാ ഹാളിലേക്ക് വിട്ടിരുന്നത്. എന്നാൽ ഈ വർഷത്തെ കുട്ടിക്ക് കിട്ടിയതെന്ത്? റെയ്ഞ്ചില്ലാത്തവനും നെറ്റ് നിറയ്ക്കാൻ പൈസയില്ലാത്തവനും എന്തു ചെയ്യും.വൈകിക്കൂടാ. തീരുമാനം പുനരാലോചനയ്ക്ക് വിധേയമാക്കണം. മെയ് മാസം ഇലക്ഷൻ കഴിഞ്ഞ് നടത്തിയാൽ പോരേ. സാധാരണ മെയ് ആദ്യവാരം നടത്താറുള്ള NEET പരീക്ഷ 4 മാസം കഴിഞ്ഞല്ലെ നടത്തിയത്. +1 ക്ലാസുകൾ ജൂലൈ മാസമല്ലെ തുടങ്ങാറ്.ദിനേശൻ മാഷുടെ നിർദ്ദേശങ്ങൾ വിദ്യാഭ്യാസ വകപ്പിന്റെ ശ്രദ്ധയിൽ കൊണ്ടുവരിക.
മാതാണ്ടി അശോകൻ.
23 Dec 2020, 07:47 PM
ഇത് പരീക്ഷ നടത്താൻ വേണ്ടിയുള്ള പരീക്ഷയാണ്.അല്ലാതെ കുട്ടികൾക്കു വേണ്ടിയുള്ള പരീക്ഷയല്ല. മാസം തോറും ക്ലാസ് ടെസ്റ്റ്, 2 ടേം പരീക്ഷകൾ, പിന്നാക്ക ക്ലാസ്, A+ ക്ലാസ്, മോണിംഗ് ക്ലാസ്, ഈ വനിംഗ് ക്ലാസ്, സഹവാസ ക്യാമ്പ്., നൈറ്റ് ക്ലാസ്, പ്രാദേശിക പഠന ക്യാമ്പ് ഇതെല്ലാം കഴിഞ്ഞ് മോഡൽ പരീക്ഷ അതിന്റെ ഉത്തരപേപ്പറുകൾ നോക്കിക്കൊടുത്ത് എന്നിട്ടും ആത്മവിശ്വാസം വരാത്തവർക്ക് പരീക്ഷത്തലേന്നും പിറ്റേന്നും മിനുക്കുപണി - ഇങ്ങനെയല്ലെ നമ്മൾ ഒരു കുട്ടിയെ SSLC പരീക്ഷയ്ക്ക് അയക്കാറ്. പകരം നടന്നതെന്ത്? എല്ലാവർക്കും വ്യക്തമായി കിട്ടാത്ത ഓൺലൈൻ ക്ലാസ്. സ്ക്കൂൾ തുറക്കുന്നതും കാത്തിരിക്കുകയാണ് മക്കൾ. കണക്ക്, ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്സ് ഒന്നുമായിട്ടാത്തല്ലവർ നിരവധിയുണ്ട്. പരീക്ഷ നടത്തി വാശി തീർക്കയാണോ. നെറ്റ് തീർന്നു പോയതുകൊണ്ട് ക്ലാസ് കാണാൻ കഴിയാത്ത കുട്ടി എന്തു ചെയ്യും. പുനരാലോചന വൈകിക്കൂട. ഇതു തന്നെയല്ലെ +2 ക്കാരന്റെയും സ്ഥിതി '
ഷാനിദ കെ. പി
21 Dec 2020, 11:24 PM
യോജിക്കുന്നു. കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ആശങ്ക ഉണ്ടാക്കുന്ന തീരുമാനമാണിത്. ആശങ്ക അസ്ഥാനത്തല്ല താനും. ഒരു പുനർവിചിന്തനം ,ഇക്കാര്യത്തിൽ അത്യാവശ്യമാണ്.
Manoj Kumar
21 Dec 2020, 10:03 PM
ഇത്തരം പ്രതികരണം അനുയോജ്യമായ സമയമാണിത് ഓൺലൈൻ ക്ലാസ്സ് പകുതി കുട്ടികൾ വരെ ഏറ്റെടുത്തു ചെയ്യുന്നില്ല. ഗൂഗിൾ meet വഴി ക്ലാസ്സ് തുടങ്ങിയപ്പോൾ ഇതു തന്നെ അവസ്ഥ.. ക്ലാസ്സ് എടുത്തു ഫലിപ്പിക്കാൻ വളരെ പ്രയാസം.... ദിവസവും ടെൻഷൻ തന്നെ.... എവിടെ എത്തിക്കും മക്കളെ... ഈ അവസ്ഥയിൽ എക്സാം ചിന്തിക്കാൻ പറ്റുന്നില്ല... ഒരാളെങ്കിലും പ്രതികരിക്കാൻ മുന്നോട്ടു വന്നലോ.. എല്ലാ വിധ പിന്തുണയും നൽകും സാറിന് Govt തലത്തിൽ വരെ ഇത് എത്തണം....
Dr.ANISH BABU V B
21 Dec 2020, 07:33 PM
The same opinion exam postponed to May last session it help students to clarify and prepare for next academic session. Otherwise it become "for the name sake"
സത്യനാഥൻ പി.
21 Dec 2020, 07:05 PM
ചുരുങ്ങിയത് മൂന്നു മാസത്തെ ക്ലാസെങ്കിലും നടത്തിയതിനു ശേഷം മാത്രമേ പരീക്ഷ നടത്താവൂ.. ഇല്ലെങ്കിൽ അത് കുട്ടികളോട് ചെയ്യുന്ന തെറ്റായിരിക്കും' പ്രത്യേകിച്ച്, പല കാരണങ്ങളാൽ പിന്നാക്കം നിൽക്കുന്ന കുട്ടികളോട് ചെയ്യുന്ന വലിയ തെറ്റായിരിക്കും. അധ്യയന വർഷം മൂന്നോ നാലോ മാസം നീട്ടുകയാണു ചെയ്യേണ്ടത്.
D yeaudas
21 Dec 2020, 06:17 PM
അനിവാര്യമായ ശ്രദ്ധ ക്ഷണിക്കൽ 👍
ഡോ. പി.വി.പുരുഷോത്തമൻ
21 Dec 2020, 06:09 PM
ഓൺലൈൻ ക്ലാസുകൾ ജൂൺ 1 ന് തന്നെ ആരംഭിക്കാനും അത് കാണാനുള്ള സൗകര്യം പരമാവധി പേർക്ക് ഒരുക്കാനും ക്ലാസധ്യാപകർ വഴി പ0നപിന്തുണ ഉറപ്പിക്കാനും ഉത്സാഹിച്ചതിന്റെ പേരിൽ ഈ സർക്കാരിനെ അഭിനന്ദിച്ചവർ ഏറെയാണ്. അവരെപ്പോലും, പരീക്ഷ സംബന്ധിച്ച തീരുമാനം നിരാശപ്പെടുത്തും. എന്തെന്നാൽ , ഓൺലൈൻ പഠനം ക്ലാസ് റൂം പ0നത്തിന് ബദലല്ലെന്നും കുട്ടികളെ പ0നവഴിയിൽ നിർത്താനുള്ള ഏർപ്പാട് മാത്രമാണ് അതെന്നും മുഖാമുഖ ക്ലാസ് മതിയാംവിധം പിന്നീട് നൽകുമെന്നും ഉറപ്പിച്ച് പറഞ്ഞവരാണ് മാർച്ച് 17 നകം മുഴുവൻ പാഠഭാഗങ്ങളും തീർത്ത് പരീക്ഷ മാർച്ച് 30നകം പൂർത്തിയാക്കുമെന്ന് ഒരു യാഥാർഥ്യബോധവുമില്ലാതെ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. പാഠഭാഗം ഒരു വിധമെങ്കിലും പഠിപ്പിച്ച് തീർക്കാൻ ആത്മാർഥമായി ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അക്കാദമികവർഷം രണ്ടുമാസം മുന്നോട്ട് നീക്കുകയും അസംബ്ലി തെരഞ്ഞെടുപ്പ് അല്പം നേരത്തെയാക്കുകയുമാണ് വേണ്ടത്. പരീക്ഷ മെയ് ഒടുവിൽ നടത്താവുന്നതാണ്. ഒപ്പം അടുത്ത വർഷത്തെ കോളേജ് അഡ്മിഷനും സ്കൂൾ തുറക്കലും നീട്ടിവെക്കാൻ ഒരു ദേശീയ സമവായത്തിന് മുൻകൈ എടുക്കുക കൂടിയാവാം. എങ്കിൽ 'പാഠഭാഗം പഠിപ്പിച്ച് തീർക്കു'മെന്ന നിലപാടിലെ ആത്മാർഥത ഏവരാലും ആദരിക്കപ്പെടും.
Bhaskaran nambudiripad
21 Dec 2020, 04:34 PM
ചുമരില്ലാതെ ചിത്രമെഴുതുന്ന ഒരു വൃഥാവ്യായാമമാണ് ഇതെന്ന് എനിക്കും തോന്നിയിട്ടുണ്ട്. എൻ്റെ സ്ക്കൂൾ വിദ്യാഭ്യാസ കാലത്ത് ഒരു മുണ്ടശ്ശേരി പാസ് ഉണ്ടായത് ഓർമ്മ വരുന്നു.... അതാണ് ഇതിലും ഭേദം.
ഡോ.എ.കെ. അബ്ദുൽ ഹക്കീം
Feb 22, 2021
5 minutes read
കിഷോര്‍ കുമാര്‍
Feb 14, 2021
35 Minutes Read
ഡോ. വി.ജി. പ്രദീപ്കുമാര്‍
Feb 10, 2021
7 Minutes Read
അലന്‍ പോള്‍ വര്‍ഗ്ഗീസ്
Jan 17, 2021
4 Minutes Read
ഡോ.എ.കെ. അബ്ദുൽ ഹക്കീം
Jan 10, 2021
7 Minutes Read
ഡോ.കെ.പി. അരവിന്ദൻ
Nov 21, 2020
3 Minutes Read
ആദില കബീര്‍
Nov 18, 2020
15 Minutes Read
ഡോ: പി.എം.മുബാറക് പാഷ / മനില സി. മോഹന്‍
Nov 11, 2020
1 Hour Watch
Preetha P V
24 Dec 2020, 09:09 AM
Whatever is said in the article is cent percent correct...from a mother's perspective with my son in class ten the amount of learning he has done in the online sessions is bare minimum to give him any confidence to face the board exams....and for the plus two students whom I teach they are at a miserable plight with annual exams to soon follow just after the improvement exams that will end only by the 31st of this month....and how on earth are we planning to equip them to write exams and competitive tests without bothering to understand the fear and insecurity that engulfs them....hope such articles will lead the government to rethink of their hasty decisions....