കടന്തറപ്പുഴ -
ടി.പി. രാജീവന്‍
എഴുതിയ കവിത
കടന്തറപ്പുഴ - ടി.പി. രാജീവന്‍ എഴുതിയ കവിത
ട്രൂകോപ്പി വെബ്സീന്‍ 66 -ാം പാക്കറ്റില്‍ പ്രസിദ്ധീകരിച്ച കവിത.
3 Nov 2022, 09:34 AM
വാര്‍ഡില്‍ ഓരോരുത്തരായി ഉറങ്ങി
അതുകണ്ട് വിളക്കുകള്‍ മങ്ങാനും
പങ്കകള്‍ നിലയ്ക്കാനും തുടങ്ങി.
മങ്ങിയ ഇരുട്ടില്‍
സ്വയം ഉപേക്ഷിച്ചുകിടക്കുകയായിരുന്ന
എന്റെ നിറുകയില്‍
ഒരു നനവ് വന്നുതൊട്ടു
ചുട്ടുപൊള്ളുന്ന പനിയില്‍
അവളുടെ വിരലുകളാണെന്നു കരുതി.
പക്ഷെ, അതൊരു പുഴയോളമായിരുന്നു.
""ഓര്‍മയില്ലേ''
നനവൂറുന്ന ശബ്ദത്തില്‍ അതു ചോദിച്ചു.
""നിള, കാവേരി, ഗോദാവരി, ഗംഗ, യമുന
വോള്‍ഗ, മിസിസിപ്പി, നൈല്‍, റൈന്‍...''
ഓര്‍മകള്‍ പലപല തീരങ്ങളില്‍ അലഞ്ഞുതിരിഞ്ഞു.
"കരയ്ക്കടുക്കുന്നില്ലല്ലോ...' ഞാന്‍ കൈ മലര്‍ത്തി.
""എന്നെ തിരിച്ചറിയാന്‍ നീ ഭൂഗോളം തിരിക്കേണ്ടതില്ല
പണ്ടു നീ കുഞ്ഞായിരുന്നപ്പോള്‍
ചവറമൂഴിയില്‍ വന്നതോര്‍മയില്ലേ
പുഴം പഞ്ഞികള്‍ക്കിടയില്‍
ഉരുളന്‍ കല്ലുകള്‍ക്കിടയില്‍
പാറക്കെട്ടുകള്‍ക്കിടയില്‍
ഓടിയും ചാടിയും ചിരിച്ചും
സ്വയം മറന്നു കിടന്നുരുണ്ടും
നമ്മള്‍ ഏറെ നേരം കളിച്ചു.''
പരല്‍മീനുകളെ കളിയാക്കി
ഞണ്ടിന്‍ മാളങ്ങള്‍ അടച്ചുതുറന്നു
സന്ധ്യയായി.
ചെമ്പനോട മലമുകളില്‍
മേഘങ്ങള്‍ ഉരുണ്ടുകൂടാന്‍ തുടങ്ങി
ജാനകിക്കാടുകളില്‍ കാറ്റ് ഉറയാനും
""ഇനി നീ പോയ്‌ക്കോ
കൊല ചെയ്യപ്പെട്ട വെള്ളത്തിന്റെ
ഗതി കിട്ടാത്ത ആത്മാക്കള്‍
ഭൂമിക്കടിയില്‍ നിന്നും
ആകാശത്തുനിന്നും
ഇടിനാദത്തിനൊപ്പം പുറത്തുവരും
എന്നിലാവേശിക്കും
ഞാന്‍ ഉറഞ്ഞുതുള്ളും
ഇപ്പോഴത്തെ ഞാനായിരിക്കില്ല
അപ്പോഴത്തെ ഞാന്‍
പോയ്‌ക്കോ, വേഗം പോയ്‌ക്കോ...
എനിക്കു വിറയല്‍ വന്നുതുടങ്ങിയിരിക്കുന്നു...''
ഞാന്‍ പറഞ്ഞതും.
എനിക്കുവേണമെങ്കില്‍
എന്റെ കണക്കില്‍
ഒരു കുരുതി കൂടിയാകാമായിരുന്നു
പക്ഷെ, ഞാനതു ചെയ്തില്ല.
നിന്നെ എനിക്കിഷ്ടമായിരുന്നു.
ഇന്നു നീ വെള്ളം കുടിക്കാന്‍ വയ്യാതെ
കിടക്കുന്നുണ്ടെന്നു ഞാനറിഞ്ഞു
കേട്ടയുടനെ ആരും കാണാതെ
ആരോടും പറയാതെ
ഞാനിങ്ങോട്ടു പോന്നു.
ഒരു പുഴയോളമായി
ഈ ലോകത്ത് സഞ്ചരിക്കുക
എത്ര ക്ലേശകരവും അപകടകരവുമാണെന്ന്
നിനക്കറിയാമല്ലോ,
ഒരു ചെറിയ വേഗത്തിനു
തട്ടിത്തൂവാനേയുള്ളൂ
എത്ര വലിയ ഒഴുക്കും
ആഴവും.
ഇങ്ങോട്ടു വരുന്നവഴി ഞാന്‍ കണ്ടു
കൂത്താളിയിലും ഉള്യേരിയിലും
വേനല്‍ ചുട്ടെരിച്ച
ഉറവകളുടെ തറവാടുകള്‍,
കണയങ്കോടും ചെലപ്രത്തും
നോക്കുകുത്തികളായ
പഴയ പൊയ്കകള്‍
ഞാന്‍ തന്നെ ഇല്ലാതാകുന്നതിനുമുമ്പ്
നിന്നെ കണ്ട്
ഒരു തുള്ളി വെള്ളം തരാന്‍ വന്ന
പഴയ കൂട്ടുകാരനാണ് ഞാന്‍,
കടന്തറപ്പുഴ.
നാവൊന്നു നീട്ടൂ
കൂലം കുത്തി ഒഴുകാനല്ല
സ്നേഹത്തോടെ നിന്നു തലോടാന്‍.
* ചെമ്പനോട മലനിരകളില്‍ നിന്നുല്‍ഭവിച്ച് ചവറമൂഴിയില്‍ വച്ച് കുറ്റ്യാടിപ്പുഴയില്‍ ചേരുന്ന ഒരു ചെറുപുഴ. ഇടിയൊച്ച കേള്‍ക്കുമ്പോള്‍ പ്രതീക്ഷിക്കാതെ വെള്ളമുയരുന്ന ഇതില്‍ എത്രയോ പേര്‍ മുങ്ങിമരിച്ചിട്ടുണ്ട്. അതുകൊണ്ട് ചതിയന്‍ പുഴ എന്നാണ് നാട്ടുകാര്‍ കടന്തറയെ വിളിക്കുന്നത്.
എം. കുഞ്ഞാമൻ
Jan 26, 2023
10 Minutes Read
കമൽ കെ.എം.
Jan 25, 2023
3 Minutes Read
എസ്. ജോസഫ്
Jan 17, 2023
8 minutes read
സൈനുൽ ആബിദ്
Jan 13, 2023
3 Minutes Read
ഇ.എ. സലീം
Jan 12, 2023
9 Minutes Watch