യു.ഡി.എഫ് വിത്തിട്ട് ബി.ജെ.പിയെ മുളപ്പിച്ച കയ്പമംഗലം

കോൺഗ്രസിന്റെ യുവ നേതാവ് ശോഭ സുബിൻ സ്ഥാനാർഥിയും. ടൈസനും ശോഭ സുബിനും തമ്മിലുള്ള മത്സരം വാശിയേറിയതാണെങ്കിലും ടൈസനാണ് ജയസാധ്യത. മണ്ഡലം തിരിച്ചുകിട്ടിയ കോൺഗ്രസ് പ്രചാരണരംഗത്ത് മുന്നേറുന്നുണ്ടെങ്കിലും ജനകീയ എം.എൽ.എ എന്ന ടൈസന്റെ പ്രതിച്ഛായ മറികടക്കാൻ അതുമാത്രം പോരാ

Election Desk

2008ലെ മണ്ഡല പുനർനിർണയത്തിലാണ് കയ്പമംഗലം നിലവിൽ വന്നത്. 2011ൽ സി.പി.ഐയിലെ വി.എസ്. സുനിൽകുമാറും 2016ൽ സി.പി.ഐയിലെ തന്നെ ഇ.ടി. ടൈസനുമാണ് ജയിച്ചത്. വി.എസ്. സുനിൽകുമാർ ജെ.എസ്.എസിലെ ഉമേഷ് ചള്ളിയിലിനെ തോൽപ്പിച്ചത് 13,570 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. ബി.ജെ.പി സ്ഥാനാർഥിയായിരുന്ന എ.എൻ. രാധാകൃഷ്ണൻ 10,716 വോട്ട് നേടി.

എന്നാൽ, 2016ൽ ഇ.ടി.ടൈസന്റെ ഭൂരിപക്ഷം 33,440 വോട്ടായി ഉയർന്നു. യു.ഡി.എഫ് ആർ.എസ്.പിക്കാണ് മണ്ഡലം നൽകിയത്. ആർ.എസ്.പി എന്നാൽ ചുക്കോ ചുണ്ണാമ്പോ എന്ന് തിരിച്ചറിയാനാകാത്ത കയ്പമംഗലത്തുകാർ സ്ഥാനാർഥിയായ എം.ടി. മുഹമ്മദ് നഹാസിന് നൽകിയത് 33,384 വോട്ട്. ബി.ജെ.പി സ്ഥാനാർഥി ഉണ്ണികൃഷ്ണൻ തഷ്ണാത്ത്, യു.ഡി.എഫിന്റെ സോഫ്റ്റ് മത്സരത്തിൽ നേടിയത് 30,041 വോട്ടാണ്.

യു.ഡി.എഫും ബി.ജെ.പിയും തമ്മിലുള്ള വോട്ടുവ്യത്യാസം വെറും 3343 വോട്ട്. കോൺഗ്രസിന് മികച്ച വോട്ടുബേസുള്ള ഇവിടെ അങ്ങനെ യു.ഡി.എഫിന്റെ ചെലവിൽ ബി.ജെ.പിക്ക് പിടിവള്ളി കിട്ടി. മാത്രമല്ല, കഴിഞ്ഞ തവണ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച ആർ.എസ്.പി യുവജനവിഭാഗം സംസ്ഥാന അധ്യക്ഷൻ നഹാസ് ബി.ജെ.പിയിൽ ചേരുകയും ചെയ്തു. അങ്ങനെ ബി.ജെ.പിക്ക് പാടി നടക്കാൻ കയ്പമംഗലത്ത് ഒരു വീരഗാഥയുമായി.
ഇത്തവണ കയ്പമംഗലം വേണ്ട എന്ന് ആർ.എസ്.പി യു.ഡി.എഫിന്റെ കാൽക്കൽ കരഞ്ഞുവീണുപറഞ്ഞു, പകരം അമ്പലപ്പുഴ മതിയെന്നായിരുന്നു അപേക്ഷ. എന്നാൽ, ജി. സുധാകരൻ ഇല്ലാത്ത സ്ഥിതിക്ക് അമ്പലപ്പുഴ നൽകാൻ കോൺഗ്രസ് വിസമ്മതിച്ചു.

2016 - നിയമസഭാ തെരഞ്ഞെടുപ്പിലെ കക്ഷിനില.

അനുവദിച്ചതോ, മട്ടന്നൂർ. ചാവുമെന്ന് ഉറപ്പായ സ്ഥിതിക്ക് കെ.കെ. ശൈലജയുടെ മടയിൽ നേരിട്ടുപോയി രക്തസാക്ഷിത്വം വരിക്കാമെന്ന് റവലൂഷനറി പാർട്ടി തീരുമാനിക്കുകയും ചെയ്തു. കയ്പമംഗലം അങ്ങനെ കോൺഗ്രസിനായി, യുവ നേതാവ് ശോഭ സുബിൻ സ്ഥാനാർഥിയും.

ടൈസനും ശോഭ സുബിനും തമ്മിലുള്ള മത്സരം വാശിയേറിയതാണെങ്കിലും ടൈസനാണ് ജയസാധ്യത. മണ്ഡലം തിരിച്ചുകിട്ടിയ കോൺഗ്രസ് പ്രചാരണരംഗത്ത് മുന്നേറുന്നുണ്ടെങ്കിലും ജനകീയ എം.എൽ.എ എന്ന ടൈസന്റെ പ്രതിച്ഛായ മറികടക്കാൻ അതുമാത്രം പോരാ. യു.ഡി.എഫ്​ കയ്​പമംഗലത്ത്​ പാലൂട്ടി വളർത്തിയ ബി.ജെ.പി എന്ന പാമ്പ്​ അവർക്കുതന്നെ എത്രത്തോളം വിനയാകുമെന്നും കണ്ടറിയണം.​

തദ്ദേശ തെരഞ്ഞെടുപ്പിലും എൽ.ഡി.എഫിനായിരുന്നു മുന്നേറ്റം.
തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ താലൂക്കിലെ എടവിലങ്ങ്, എടത്തിരുത്തി, എറിയാട്, കയ്പമംഗലം, മതിലകം, പെരിഞ്ഞനം, ശ്രീനാരായണപുരം പഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് കയ്പമംഗലം.


Comments