വീട്ടുജോലിക്ക്​ ശമ്പളം: പെണ്ണുങ്ങളിൽ ആരോപിക്കപ്പെട്ട സാമൂഹ്യ കടമയ്‌ക്കെതിരായ കലഹമാണിത്​

വീട്ടുജോലിയെ തൊഴിലായി കണക്കാക്കി നിശ്ചിത ശമ്പളം നൽകുന്നത് സ്ത്രീകളെ സംബന്ധിച്ച് വളരെ പ്രധാനമാണെന്ന് സുപ്രീംകോടതി കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. വീട്ടിലെ സ്ത്രീയുടെ ജോലിയുടെ മൂല്യം അവളുടെ ഭർത്താവ് ചെയ്യുന്ന ഓഫീസ് ജോലിയുടേതിനേക്കാൾ കുറവല്ല എന്നും ജസ്റ്റിസുമാരായ എൻ.വി. രമണ, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. 2014ൽ നടന്ന ഒരു വാഹനാപകടക്കേസിൽ നഷ്ടപരിഹാരത്തിനുള്ള ബന്ധുക്കളുടെ വാദത്തിനിടെയായിരുന്നു കോടതി പരാമർശം. ഇതിന്റെ ചുവടുപിടിച്ച് നടൻ കമൽഹാസന്റെ പാർട്ടി മുന്നോട്ടുവെച്ച വാഗ്ദാനത്തിന്റെ വെളിച്ചത്തിൽ ഈ വിഷയം പരിശോധിക്കുകയാണ് ലേഖിക

രാനിരിക്കുന്ന തമിഴ്‌നാട് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്, നടൻ കമൽ ഹാസൻ നയിക്കുന്ന മക്കൾ നീതി മൻട്രം (MNM), ആകർഷണീയമായ ഒരു തെരഞ്ഞെടുപ്പ് വാഗ്ദാനം അവതരിപ്പിച്ചിരിക്കുന്നു- പെണ്ണുങ്ങളുടെ ‘ഇതുവരെ അംഗീകരിക്കാത്തതും സാമ്പത്തിക മൂല്യം നിശ്ചയിച്ചിട്ടില്ലാത്തതുമായ' വീട്ടുജോലിക്ക്​ ശമ്പളം നൽകും. മുഴുവൻ സമയ വീട്ടമ്മമാർ അഥവാ മുഴുവൻ സമയം സ്വന്തം വീട്ടിൽ വീട്ടുജോലിയെടുക്കുന്ന പെണ്ണുങ്ങൾ എന്ന വലിയ കൂട്ടം വോട്ടർമാരെയാണ് ഈ വാഗ്ദാനം തീർച്ചയായും ഉന്നമിടുന്നത്. തെരഞ്ഞെടുപ്പ് സാഹചര്യം മുന്നിൽ കണ്ടാണെങ്കിലും ഈ വാഗ്ദാനം ആഴത്തിലുള്ള പരിശോധന അർഹിക്കുന്നുണ്ട്. കാരണം, പെൺപ്രസ്ഥാനങ്ങളുടെ ചരിത്രത്തിലെ സുപ്രധാനമായ ഒരു വിഷയത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.

കമൽ ഹാസൻ

വീട്ടുജോലിക്ക് ശമ്പളം എന്ന ആശയം

‘വീട്ടുജോലിക്ക് ശമ്പളം' (wages for housework ) എന്ന ആശയം ഉയർന്നുവന്നത് യൂറോപ്പിലെയും ഉത്തര അമേരിക്കയിലെയും പെൺപ്രസ്ഥാനങ്ങളുടെ രണ്ടാം ഘട്ടത്തിലെ പോരാട്ടങ്ങളുടെയും ബോധവൽക്കരണത്തിന്റെയും ഭാഗമായാണ്. രാഷ്ട്രീയവും സാമൂഹ്യവുമായ മറ്റു ആവശ്യങ്ങൾ ഉന്നയിക്കുന്നതിനൊപ്പം, പെൺഅവകാശവാദികൾ ‘സ്വകാര്യ' ഇടങ്ങളിലെ പെണ്ണുങ്ങളുടെ ദൈനംദിന വീട്ടുജോലിയുമായി ബന്ധപ്പെട്ട - കുട്ടികളെ പരിപാലിക്കൽ തുടങ്ങിയവ- അനുഭവങ്ങളെ ദൃശ്യവൽക്കരിക്കുകയും രാഷ്ട്രീയവൽക്കരിക്കുകയും ചെയ്തു. പെണ്ണുങ്ങളുടെ ‘അടിസ്ഥാന'പരമായ സ്വത്വത്തിൽ വേരൂന്നിയ ഒന്നാണ് വീട്ടുജോലി ചെയ്യാനുള്ള കഴിവ്, അവർ ചെയ്യുന്നത് ‘സ്‌നേഹത്തിന്റെ അധ്വാന'മാണ് തുടങ്ങി പ്രബലമായിരുന്ന മിഥ്യകളെയാണ് ഇതിലൂടെ അവർ ചോദ്യംചെയ്തത്.

വീട്ടുജോലി, മുതലാളിത്ത ഉൽപാദനവുമായി ബന്ധമില്ലാത്തതും വ്യക്തിപരമായ സേവനം മാത്രമാണെന്നുമുള്ള മിഥ്യയെ തകർക്കുക എന്നതും 1960-70 കാലങ്ങളിലെ പെണ്ണവകാശവാദികളെ സംബന്ധിച്ച്​ ഏറെ പ്രധാനമായിരുന്നു. ഫാക്ടറി തൊഴിലാളി നേരിടുന്ന ചൂഷണവും പെണ്ണുങ്ങളുടെ വീട്ടുജോലിയുമായുള്ള വിശേഷപ്പെട്ട ബന്ധത്തെയാണ് ഇത് സ്ഥാപിക്കുന്നത്.
മാറിയറോസ ഡെല്ലാ കോസ്റ്റയും സെൽമ ജെയിംസും 1972 ലെ ലേഖനത്തിൽ പറയുന്നതുപോലെ, വീട്ടിൽ ജോലി ചെയ്യുന്ന പെണ്ണ് ഉൽപാദിപ്പിക്കുന്നത് ‘ജീവനുള്ള വ്യക്തിയെയാണ്- തൊഴിലാളിയെ തന്നെയാണ്' (https://bit.ly/2X6cU3B).

ഗർഭകാലം, പാചകം, വൃത്തിയാക്കൽ, തുണിയലക്കൽ, ഇസ്തിരിയിടൽ, ഉച്ചയൂണ് പൊതിഞ്ഞുകൊടുക്കൽ മുതലായവ തൊഴിൽ ശക്തി ഉൽപാദിപ്പിക്കുകയും, ആ ശക്തി ദിവസേന കടകളിലും ഫാക്ടറികളിലും ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. ഈ ശക്തി ദിവസേന പുനരുൽപ്പാദിപ്പിക്കുകയും വേണം. പെണ്ണുങ്ങൾ ഇത്തരം സൗജന്യമായ സേവനം നൽകുന്നതിലൂടെ, തൊഴിലാളി വർഗത്തിന്റെ നിലനിൽപ്പ്, ഉപജീവനത്തിന്​ ലഭിക്കുന്ന വേതനത്തിനുള്ളിൽ ഒതുക്കി നിർത്താൻ കഴിയുന്നു. ഇതിന്റെ കൃത്യമായ ഗുണം വ്യവസായത്തിനും മുതലാളിത്തത്തിനും ലഭിക്കുന്നു.

മനുഷ്യജീവൻ നിലനിർത്താനും, തൊഴിൽ ശക്തി പുനഃസൃഷ്ടിക്കാനുമുള്ള ജോലിയിൽ പെണ്ണുങ്ങളുടെ അനുപാതരഹിതമായ ഉത്തരവാദിത്തം എന്നുള്ളതുതന്നെയാണ് മൗലിക പ്രശ്‌നം. / Photo: Pixabay.com

അങ്ങനെ വീട്ടുജോലി ചെയ്യുന്ന സ്​ത്രീക്കും ഫാക്ടറി തൊഴിലാളിക്കുമിടയിൽ കണ്ണികളുള്ളപ്പോൾ തന്നെ, വീട്ടുജോലി ചെയ്യുന്നവരുടെ സമ്പാദ്യമില്ലായ്മ ഇവർ തമ്മിൽ കാര്യമായ അന്തരങ്ങൾക്കു വഴിവെച്ചു. ഫെമിനിസ്റ്റ് ഗവേഷകയും എഴുത്തുകാരിയുമായ സിൽവിയ ഫെഡെറിച്ചി ‘വീട്ടു​ജോലിക്ക്​ ശമ്പളം' (wages against housework- 1975) എന്ന പുസ്​തകത്തിൽ പറയുന്നതുപോലെ; ശമ്പളം സമ്പാദിക്കുന്നവർക്ക്, ശമ്പളം ലഭിക്കുന്ന സാഹചര്യങ്ങളിൽ ഇടപെടാൻ സാധിക്കും, ശമ്പളത്തെക്കുറിച്ച് ചർച്ച ചെയ്യാനും കഴിയുന്നു. ‘നിങ്ങൾ ചൂഷണത്തിനിരയാണ് എന്നാലും നിങ്ങളുടെ സ്വത്വം ആ ജോലിയിൽ ഒതുങ്ങുന്നില്ല' എന്ന്​ അവർ ചൂണ്ടിക്കാട്ടി (https://bit.ly/38UShNm).

എന്നാൽ വീട്ടുജോലി എന്നത് പെണ്ണിന്റെ സ്വത്വത്തെ തന്നെ നിർവചിക്കു​ന്ന ഒന്നാണ്​. അതുകൊണ്ടുതന്നെ, ഈ വ്യവസ്ഥ പെണ്ണുങ്ങൾക്ക് അവരുടെ അധ്വാനത്തെ ‘യഥാർത്ഥ' ജോലിയായും, ഒരു സാമൂഹ്യ ഉടമ്പടിയായും മനസിലാക്കാൻ പ്രയാസമാക്കുന്നു. ‘വീട്ടുജോലിക്ക് ശമ്പളം, പെണ്ണുങ്ങളെ അവരുടെ പങ്കാളികളെ ആശ്രയിക്കാതെ സ്വയംഭരണാധികാരമുള്ള വ്യക്തികളാക്കും. അതിനേക്കാളുപരി, ശമ്പളത്തിനുവേണ്ടിയുള്ള അവകാശവാദം തന്നെ വീട്ടുജോലി പെണ്ണുങ്ങളുടെ സ്വതസിദ്ധമായ ഒരു ആവിഷ്‌കാരമാണെന്ന വാദത്തെ തളച്ചിടുന്നു. അത്, പെണ്ണുങ്ങളിൽ ആരോപിക്കപ്പെട്ട സാമൂഹ്യ കടമയ്‌ക്കെതിരായ കലഹമായിരുന്നു. അവിടെയാണ് ശമ്പളത്തിനുള്ള അവകാശവാദത്തിന്റെ വിപ്ലവകരമായ പൊരുൾ കണ്ടെത്തേണ്ടത്, ശമ്പളമായി കിട്ടുന്ന പണത്തിലല്ല .

സിൽവിയ ഫെഡെറിച്ചി

കുഴഞ്ഞുമറിഞ്ഞ പ്രശ്‌നം

വീട്ടുജോലിക്ക്​ ശമ്പളം എന്നതിനെക്കുറിച്ച്​ പെൺനിരീക്ഷകർക്കിടയിൽ ഏറെ തർക്കങ്ങളുമുണ്ടായിട്ടുണ്ട്. 1970 കളിൽ വീട്ടുജോലിയുടെ ചരിത്രത്തെക്കുറിച്ച്​ഏറെ ചർച്ച ചെയ്യപ്പെട്ട പുസ്തകങ്ങളെഴുതിയ ആൻ ഓക്ലി വിശ്വസിച്ചിരുന്നത് ‘വീട്ടുജോലിക്ക് ശമ്പളം', പെണ്ണുങ്ങളെ വീട്ടിൽ തടങ്കലിലാക്കും എന്നാണ്. കൂടാതെ, അവരെ സാമൂഹ്യ ഒറ്റപ്പെടലിലേക്ക്​ നയിക്കുകയും ആണുങ്ങൾ വീട്ടുജോലിയിൽ നിന്ന് കൂടുതൽ വിട്ടുനിൽക്കാനിടയാക്കുകയും ചെയ്യുമെന്ന് അവർ വാദിച്ചു.

പലരും വാദിച്ചത്, സ്ത്രീവാദ പ്രസ്ഥാനത്തിന്റെ ഉദ്ദേശ്യം, വീട്ടുജോലിക്ക് ശമ്പളം ചോദിക്കുകയല്ല, മറിച്ച്​ പെണ്ണുങ്ങളെ ദൈനംദിന വീട്ടുജോലികളിൽ നിന്ന് മുക്തരാക്കുക എന്നതാണ്. കൂടാതെ, അവരെ പൂർണമായും സാമൂഹ്യജീവിതത്തിൽ പങ്കാളികളാക്കാനും, വീടിനു പുറത്തെ വേതനമുള്ള ജോലിക്ക്​ പ്രാപ്തരാക്കാനുമാണ് പ്രസ്ഥാനങ്ങൾ ശ്രമിക്കേണ്ടത് എന്നും അവർ ഓർമപ്പെടുത്തി. ദേശീയതലത്തിൽ പെണ്ണുങ്ങളുടെ ശമ്പളമില്ലാ ജോലിയെ അളക്കുവാൻ സങ്കീർണമായ സാമ്പത്തിക സാമഗ്രികൾ വന്നെങ്കിലും, ഈ പ്രശ്നം​ പെൺപ്രസ്ഥാനങ്ങളിൽ ഒത്തുതീർപ്പാകാതെ കിടക്കുന്നു.

മനുഷ്യജീവൻ നിലനിർത്താനും, തൊഴിൽ ശക്തി പുനഃസൃഷ്ടിക്കാനുമുള്ള ജോലിയിൽ പെണ്ണുങ്ങളുടെ അനുപാതരഹിതമായ ഉത്തരവാദിത്തം എന്നുള്ളതുതന്നെയാണ് മൗലിക പ്രശ്‌നം. 2018-ൽ ഇന്റർനാഷണൽ ലേബർ ഓർഗനൈസഷൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്, ആഗോളതലത്തിൽ ആകെയുള്ള, കൂലിയില്ലാത്ത പരിചരണ ജോലി സമയത്തിലെ 76.2 % മണിക്കൂറും പെണ്ണുങ്ങളാണ് നിർവഹിക്കുന്നത് എന്നാണ്​. ഇത് ആണുങ്ങൾ ചെയ്യുന്നതിനേക്കാൾ മൂന്നിരട്ടിയാണ്. ഏഷ്യയിലും പസഫിക്കിലും ഇത് 80 % വരെ ഉയർന്നു നിൽക്കുന്നു (https://bit.ly/2Xbiim1).

ആർക്കൊക്കെ ഈ കൂലി കിട്ടണം?

MNM-ന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തിലേക്ക് തിരിച്ചുവരാം. മേൽപ്പറഞ്ഞ സാഹചര്യങ്ങളെ, സ്റ്റേറ്റ് വീട്ടുജോലിക്ക്​​ ശമ്പളം നൽകുന്നതുകൊണ്ട്​തിരുത്തുവാൻ സാധിക്കുമോ? മറ്റൊരു കുഴപ്പിക്കുന്ന ചോദ്യം, ഇക്കൂട്ടരെ എങ്ങനെ നിർവചിക്കും എന്നതാണ്. ഇത് മുഴുവൻ സമയം വീട്ടുകാരികളായി പ്രവർത്തിക്കുന്നവർക്ക് മാത്രമുള്ളതാണോ? പലരും വീടിനു പുറത്തെ ജോലിക്കൊപ്പം വീട്ടുജോലിയും ചെയ്യുന്നവരാണ്. എന്തടിസ്ഥാനത്തിൽ ഇവരെ ഒഴിവാക്കും? വീട്ടിൽ തന്നെ തയ്യലും, ചെറുകിട കച്ചവടവും, ഊണൊരുക്കലും ഒക്കെ ചെയ്യുന്ന തൊഴിലാളി വർഗ സ്ത്രീകളുടെ കാര്യമോ? വരുമാനം ചുരുക്കമായതിനാലും, തൊഴിൽരഹിതമായ അവസ്ഥയുള്ളതിനാലും ഈ സ്ത്രീകൾ അവരെ സ്വയം തിരിച്ചറിയുന്നത് വീട്ടമ്മമാരായാണ്​.

ഈ പ്രശ്‌നങ്ങൾ ലളിതമായി പരിഹരിക്കാനാവുന്നതല്ല. ദരിദ്രകുടുംബങ്ങൾക്ക് സാർവത്രിക അടിസ്ഥാന വരുമാനം ഉറപ്പുവരുത്താനുള്ള സമരങ്ങൾ ശക്തമാക്കുകയാണ് പ്രധാനമായും വേണ്ടത്. കൂടാതെ, ആ പണം വീട്ടിലെ പെണ്ണുങ്ങൾക്ക് (അവർ വീട്ടുജോലിയും ശമ്പളമുള്ള പുറംജോലിയും ഒരുമിച്ചു ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യട്ടെ) നേരിട്ട് എത്തിക്കുകയും വേണം.

നിയമനിർമാണത്തിനുള്ള പോരാട്ടം

ഈ വിഷയങ്ങളൊക്കെ പരിഗണിച്ചാൽ, സ്റ്റേറ്റ് വീട്ടുജോലി അംഗീകരിക്കുക എന്ന ആവശ്യം അതിപ്രധാനമാണ്. കൂടാതെ ചരിത്രത്തിലുള്ള സ്ത്രീപ്രസ്ഥാനങ്ങൾ നമ്മെ പഠിപ്പിച്ചപോലെ, അതിന്റെ വിപ്ലവകരമായ അന്തഃസ്സത്ത കാത്തുസൂക്ഷിക്കുകയും വേണം. ഈ അവസരത്തിൽ ഓർക്കേണ്ട മറ്റൊരു കാര്യം; ഇന്ത്യയിൽ പ്രാധാന്യം നേടിവരുന്ന ഗാർഹിക തൊഴിൽ പ്രക്ഷോഭത്തെക്കുറിച്ചാണ്. ഗാർഹിക തൊഴിലാളികൾക്കായി ഒരു ദേശീയ നിയമനിർമാണത്തിനുവേണ്ടിയുള്ള സമരമാണിത്​. ഇവർ പ്രധാനമായും ‘പെണ്ണുങ്ങളുടെ ജോലികൾ' മറ്റു വീടുകളിൽ ചെയ്യുന്ന സ്ത്രീകളാണ്.

അതുകൊണ്ടുതന്നെ അവർ ഈ പ്രശ്‌നത്തെ വിശേഷാൽ ദൃശ്യവൽക്കരിക്കുന്നു. ഇത്തരം ജോലികളുടെ സാഹചര്യങ്ങളെ നിയന്ത്രിക്കാനും, അടിസ്ഥാന വേതനം ഉറപ്പു വരുത്താനും, തൊഴിലാളികളുടെ അന്തസ്സും അവകാശവും സംരക്ഷിക്കപ്പെടാനുമുള്ള സമരമാണ് അവർ നയിക്കുന്നത്.

വീട്ടുജോലിയുടെ മൂല്യം എങ്ങനെ അളക്കാമെന്നും കണക്കുകൂട്ടാമെന്നും തമിഴ്‌നാട്ടിലെ ഗാർഹിക തൊഴിലാളികളും, അവരുടെ യൂണിയനുകളും ഗൗരവമായ ചർച്ചയ്ക്കു വിധേയമാക്കിയിട്ടുണ്ട്. ഓരോ മണിക്കൂറിനുള്ള അടിസ്ഥാന വേതനം നിശ്ചയിക്കൽ, ആഴ്ചയിൽ ഒരു ഒഴിവു ദിവസം, വാർഷിക ബോണസ്, ജോലിസ്ഥലങ്ങളിലെ ശാരീരിക സ്വയംഭരണാവകാശം തുടങ്ങിയവയാണ് അവർ മുന്നോട്ടു വെച്ച അവകാശവാദങ്ങൾ.

MNM മാത്രമല്ല, വീട്ടുജോലി എന്നതിനെ​ അംഗീകരിക്കുകയും സാമ്പത്തിക മൂല്യം നിശ്ചയിക്കേണ്ട ഒരു കാര്യമായി വിശ്വസിക്കുകയും ചെയ്യുന്ന എല്ലാ പാർട്ടികളും മേൽപ്പറഞ്ഞ അജണ്ട പ്രകടന പത്രികയിൽ ഉൾപ്പെടുത്തേണ്ടതാണ്. ഗാർഹിക തൊഴിലാളി സമരം ശക്​തമാകുകയാണെങ്കിൽ, അതിലൂടെ വീട്ടുജോലിയുടെ അന്തസ്സ് സ്ഥാപിക്കപ്പെടുകയാണെങ്കിൽ, വീട്ടുജോലി ചെയ്യുന്ന എല്ലാ സ്ത്രീകൾക്കും അതൊരു നല്ലവാർത്ത ആയിരിക്കും എന്നതിൽ സംശയമില്ല.

(ഈ ലേഖനം ദി ഹിന്ദു ദിനപത്രത്തിൽ 2021 ജനുവരി നാലിന് പ്രസിദ്ധീകരിച്ചതാണ്. വിവർത്തനം: വീണ മണി)
https://www.thehindu.com/opinion/lead/a-nod-to-recognising-the-value-of-housework/article33496049.ece

Comments