28 Jun 2020, 11:37 AM
അവളെ വിളിച്ചുകൊണ്ടുവന്നതിന്റെ വിയര്‍പ്പുണങ്ങും മുമ്പേ
ആവോലിയുടെ തുള്ളാട്ടം കണ്ട്
അയാള്‍ വള്ളത്തില്‍ക്കയറിപ്പോയി
തിരകള്‍ പൊതിഞ്ഞുരുട്ടിയ ഇരുട്ടില്‍തപ്പി അവള്‍ കരയില്‍തന്നെയിരുന്നു
അയാളുടെ മടക്കം കാത്തിരിക്കെ നോമ്പ് തീര്‍ന്നു
കടല്‍ ഒന്നും അറിയാത്തമാതിരി അവളെ നോക്കിപ്പതുങ്ങിപതഞ്ഞു.
ഉയിര്‍പ്പിന്റെ പൂവ് നീളന്‍മുടിയിലൊളിപ്പിച്ചുവെച്ച ദൈവത്തിനെ
അവള്‍ സ്വപ്‌നം കണ്ടു
ഉയിരിന്റെ പൂവില്‍ നിന്നൊരിതള്‍
ദൈവം അവള്‍ക്ക് നുള്ളിക്കൊടുത്തുവെന്നും
ക്രൂശിക്കപ്പെട്ട യേശുവിനായി മാത്രം
മനുഷ്യര്‍ വഴിനീളെ മാലയായികോര്‍ത്തെടുത്തു നീട്ടി നക്ഷത്രങ്ങളെ
കുരിശിലേറി പോകുന്നേരം
നാലാം സ്ഥലത്തെത്തിയ ഈശോ കിതച്ചുകൊണ്ടവളെ നോക്കി
അത്രയും ഒറ്റക്കായവരല്ലേ നമ്മള്‍
എന്നവള്‍ ഈശോയുടെ ചെവിയില്‍ തേങ്ങിക്കാണും
നിലാവിനോടൊന്ന് ചിമ്മാന്‍ പറയൂ
കടലില്‍ നിറയെ വെളിച്ചമാണെന്ന് ഈശോ അവളെ സമാധാനിപ്പിച്ചിരിക്കാം
യേശുവിനെ കാണാന്‍ പോയിവന്ന ശേഷം
അവളുടെ കയ്യില്‍ ഉയിര്‍പ്പിന്റെ പൂവ് കണ്ടു, അയല്‍ക്കാര്‍.
പിറ്റേന്ന്
കൊറ്റു*ദിക്കുന്ന കാറ്റില്‍ അവള്‍ ഉണര്‍ന്നിരിക്കാം
കടല്‍ക്കരെ വന്നിരിക്കുകയും ചെയ്തിരിക്കാം
തിരകള്‍ പ്രകാശത്തിന്റെ തേക്കുകൊട്ടകളാണ്
ഉപ്പുപൂക്കളുള്ള പ്രകാശചുരുളുകള്‍ക്കിടെ
തിര ഭേദിച്ച് അവള്‍ നോട്ടമയച്ചിരിക്കാം
ഈശോ പറഞ്ഞതെത്ര നേരാണെന്ന് അതിശയിച്ചിരിക്കാം
ആവോലിയുടെ പിറകെ നീന്തിനടക്കുന്നവനെ കണ്ടിട്ടാവണമവള്‍
വെളിച്ചത്തിന്റെ വാലില്‍ പിടിച്ച് തിരയിലേക്കിറങ്ങിയിരിക്കുക
ആവോലിയെ പിടിക്കാന്‍
വള്ളത്തില്‍നിന്നും കരയില്‍നിന്നുമെടുത്തുചാടിയ രണ്ടുപേര്‍
കടലിനകത്തെ വെളിച്ചത്തില്‍ ഉപ്പളങ്ങളൊരുക്കുന്നു
*കൊറ്റ് - പ്രഭാതത്തിലുദിക്കുന്ന നക്ഷത്രം.
മീന്‍പിടിത്തക്കാര്‍ സമയമറിയാന്‍ ആശ്രയിച്ചിരുന്ന ഒരു നക്ഷത്രം.
P Sudhakaran
29 Jun 2020, 10:27 PM
Good poetry
തോംസൺ വാഴപ്പിള്ളി
29 Jun 2020, 09:31 PM
നല്ല അവതരണം
Nidhin VN
29 Jun 2020, 07:38 PM
Good one
Shyju Rain
29 Jun 2020, 10:52 AM
Wow.. ''അത്രയും ഒറ്റക്കായവരല്ലേ നമ്മള്‍ എന്നവള്‍ ഈശോയുടെ ചെവിയില്‍ തേങ്ങിക്കാണും...'' ഉപ്പ് പൂക്കളുടെ വെളിച്ചം എനിക്കും വ്യക്തമായിക്കാണാം.!!
Sumayya Sumam
28 Jun 2020, 09:16 PM
Good 😍
SP
28 Jun 2020, 06:45 PM
❤️❤️❤️👏👏👏💐💐💐
ഗഫൂർ കരുവണ്ണൂർ
28 Jun 2020, 01:10 PM
നല്ല കവിത
മഞ്ജു ഉണ്ണിക്കൃഷ്.ണൻ
28 Jun 2020, 01:10 PM
ഉപ്പ് പൂക്കൾ ,വെളിച്ചത്തിൻ്റെ വാൽ ....നല്ല കവി
ബിന്ദു കൃഷ്ണൻ
Dec 23, 2020
5 Minutes Listening
Vineeth Rajagopal
30 Jun 2020, 02:19 PM
കടലും കരയും പിടിച്ച സുന്ദരഭാഷാവഴി, കവിത തൊട്ടു.. കടലിനകത്തെ വെളിച്ചത്തിൽ ഉപ്പളങ്ങൾ ഒരുക്കുന്നു?? ആശയപരമായി ഒരുകുഴച്ചിൽ. ഉപ്പളങ്ങൾ ആകുന്നു/ ഉപ്പുപരലുകൾ ആകുന്നു/ കടലിനകത്തെ വെളിച്ചത്തിൽ അവർ ഉപ്പളങ്ങളാകുന്നു.