truecoppy
MORE
Truecopy Home
Readers
are
Thinkers

Thursday, 02 February 2023

truecoppy
Truecopy Logo
Readers are Thinkers

Thursday, 02 February 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
kanthara

Film Review

വിറപ്പിക്കുന്ന
കാന്താര അലർച്ച

വിറപ്പിക്കുന്ന കാന്താര അലർച്ച

മലയാളത്തിൽ പുലിജന്മം, ചായില്യം പോലുള്ള സിനിമകൾ തെയ്യം പ്രമേയമായി വന്നിട്ടുണ്ടെങ്കിലും തെയ്യത്തിന്റെ മാരകമായ വിസ്ഫോടനശേഷി അവയിലൊന്നും പ്രകടമാകുന്നില്ല. തെയ്യത്തിനിത്രയും ശക്തിയുണ്ടെന്ന് തെയ്യങ്ങൾ ഉയിരെടുത്ത വടക്കൻ കേരള മണ്ണിലെ മനുഷ്യരെ ബോധിപ്പിക്കാൻ കാന്താര സിനിമ വരെ കാത്തിരിക്കേണ്ടി വന്നു. കാന്താരയുടെ അട്ടഹാസത്തിൽ ഞെട്ടാനാണ് നമുക്ക് യോഗം.

4 Nov 2022, 03:17 PM

വി. കെ. അനില്‍കുമാര്‍

നിങ്ങൾ സത്യവാക്കായ തെയ്യത്തെ അതിന്റെ ആരണ്യഗഹനതയിൽ വെച്ച് നേർക്കുനേർ കൂടിക്കണ്ടിട്ടുണ്ടോ?
കാടിന്റെ അത്യഗാധതയിലേക്ക് നോക്കി നില്ക്കുന്ന ഏകാകിയായ തെയ്യത്തെ കണ്ടിട്ടുണ്ടോ? തെയ്യം എന്ന അനുഭവത്തെ എങ്ങനെ ആവിഷ്കരിക്കാനാണ്?

ഈ ഭൂമിയിൽ തന്ത്രിക്ക് പ്രവേശിക്കാനാകാത്ത ഒരു തെയ്യക്കാവ് പയ്യന്നൂരിനടുത്ത് ആലപ്പടമ്പ ഗ്രാമത്തിലുണ്ട്. തെയ്യോട്ട്കാവെന്നാണ് കാർന്നോന്മാര്​ വിളിക്കുന്നത്. പക്ഷേ ഇന്ന് തെയ്യോട്ട്കാവ് ദേവിതൊട്ടകാവെന്നോ ദേവിയോട്ട് കാവെന്നോ പുനർനാമകരണം ചെയ്യപ്പെട്ടു. തെയ്യത്തിലെ നിർവചനാതീതമായ നിഗൂഢഗഹനതയാണ് തെയ്യാട്ട്കാവും മുതലാൾ എന്ന തെയ്യവും. 

View Ad

Your browser does not support the video tag.

View Ad

Your browser does not support the video tag.

അമ്പതേക്കറിലായി പടർന്ന് തഴച്ച നിബിഢവനഭൂവിലാണ്, ആണെന്നോ പെണ്ണെന്നോ വെളിപ്പെടാത്ത, മുതലാളും കൂടെയുള്ളോറായ നരിയും കഴിയുന്നത്. മലയടിവാരങ്ങളിലെ വനത്തെയും വനവിഭവങ്ങളെയും ആശ്രയിച്ച് കഴിയുന്ന ഭൂമിപുത്രന്മാരായ മാവിലൻ ഗോത്രനിവാസികളാണ് കാടിന്റെയും മുതലാളിന്റെയും നേരവകാശികൾ. 

ചെറൂളി ഗോത്രത്തിൽ പെട്ട മാവിലൻ മൂപ്പനാണ് കൊടുങ്കാട്ടിൽ വെച്ച് രക്ഷകനായ മുതലാൾ തെയ്യത്തെയും നരിയെയും ആദ്യമായി കണ്ടുമുട്ടിയത്. മുതലാൾ തെയ്യത്തിലെ നിശ്ശബ്ദഗഹനതയാണ്. 

theyyam
ബാലി / ഫോട്ടോ :സനീഷ് ടി.കെ.

എല്ലാവർഷവും വൃശ്ചികം 17 മുതൽ ധനു 17 വരെ തെയ്യാട്ടുകാവിൽ വന്നാൽ കാടിന്റെയും കാടിന്റെ മക്കളുടെയും കാവലാളായ മുതലാളെയും നരിയെയും കാണാം. തെയ്യക്കാഴ്ചകളിലെ ഏറ്റവും ഭീതിജനകമായ കാഴ്ചാനുഭവമാണ് മുതലാൾ. വെറും ചൂട്ടുവെളിച്ചത്തിന്റെ ഇത്തിരി നിഴൽപ്പാട് മാത്രം. ചുറ്റിലും കാട്. കാവിലോ കാവിന് പരിസരത്തൊ കളിയാട്ടം നടക്കുമ്പോൾ വൈദ്യുത വെളിച്ചം പാടില്ല. കാവിലെ മരങ്ങൾ മുറിക്കുന്നതിനോ മറ്റ് നിർമ്മിതികളോ അനുവദനീയമല്ല. കാട് തെയ്യത്തിനും മണ്ണിലെ സമൃദ്ധികളൊക്കെയും കാടിനെ ഉപാസിക്കുന്ന മാവിലർക്കും സമ്മതിച്ച് മുതലാൾ തെയ്യം അകം കാണാക്കാടിന്റെ നിഗൂഢതയിൽ താഴ്ന്നുപോകും.

ഭീതിപ്പെടുത്തുന്ന കാന്താര ഗർജനം 

കാടിന്റെ ശബ്ദം ഇടിമുഴക്കം പോലെ മുഴങ്ങുന്ന കാന്താര സിനിമ കണ്ടപ്പോൾ തെയ്യം ആർത്തലയ്ക്കുന്ന എത്രയോ വിശുദ്ധാരണ്യകങ്ങൾ ഉള്ളകങ്ങളിലുലഞ്ഞു.
തെയ്യോട്ട് കാവിലെ മുതലാളും കമ്മാടംകാവിലെ അകം കാണാക്കാട്ടിലമ്മയും പോത്തുകുണ്ടിലെ മുതലത്തെയ്യവും സിനിമയിലെ പഞ്ചുരുളിക്കും കുളിയനുമൊപ്പം ചിലമ്പനക്കി. കാന്താരയുടെ ആരവങ്ങളുടെ പെരുങ്കാറ്റൊടുങ്ങിയ ശേഷം പലപല കൂറ്റും വിളിയും ഉള്ളിൽ നിറഞ്ഞു.
ഇത്രയും കാലം തെയ്യത്തോടൊപ്പം താണ്ടിയ വഴിത്താരകളും കയറിനീർന്ന ചെമ്മണ്ണേറ്റങ്ങളും വീണ്ടും മുന്നിൽ തെളിഞ്ഞു. നൂറ് ഏക്കറിലായി പടർന്ന് കിടക്കുന്ന കമ്മാടംകാവിലേക്ക് ഒറ്റക്ക് നടന്നുപോകുന്ന പരദേവതയുടെ തീവ്ര സാമീപ്യമറിഞ്ഞു.

തെയ്യത്തെ അടുത്ത് കാണാൻ തുടങ്ങിയിട്ട് നാല്പത് വർഷത്തിലേറെ കാലമായി.
അതിനിടയിൽ കാണലിന്റെ ആന്തരാർത്ഥങ്ങൾ മാറിക്കൊണ്ടിരുന്നു.
അകമനസ്സിൽ തറച്ച പൊൻശരമായി എറകോട് ചേർന്ന എറച്ചി പോലെ തീയോട് ചേർന്ന ചൂടുപോലെ പറിച്ച് മാറ്റാനാകാത്ത ആത്മബന്ധമായി തെയ്യം കൂടെത്തന്നെയുണ്ട്. കാന്താര കണ്ട് വീട്ടിൽ തിരിച്ചെത്തിയത് ഒരു പാടാലോചനകളും ആകുലതകളുമായാണ്. 

ആരാണ് ദൈവമെന്നും എന്താണ് ദൈവത്തിന്റെ ഉത്തരവാദിത്വമെന്നും ഏറ്റവും ലളിതമായി പറയുന്നതാണ് തെയ്യം. കാന്താരയിലെ അടിസ്ഥന പ്രമേയം തന്നെ മനുഷ്യനുമേലുള്ള ദൈവത്തിന്റെ ആകുലതകളാണ്. ഈ ഭൂമി ആരുടേതാണ്. ആരാണ് ഈ ഭൂമിയുടെ അവകാശികൾ. ഈ ഭൂമിക്കു മുകളിലുള്ള കടന്നുകയറ്റത്തെ തെയ്യം എങ്ങനെ പ്രതിരോധിക്കുന്നു. കാന്താര സിനിമ അടിവരയിട്ട് പറയുന്നത്, ഈ മണ്ണിനുമുകളിൽ തഴച്ച ആദിമ സംസ്കൃതിയെ കുറിച്ചും അതിന്റെ ഉല്പന്നമായ ഭൂതക്കോലത്തിനുള്ള അവകാശത്തെ കുറിച്ചുമാണ്. തെയ്യം എല്ലാ കാലത്തും നേരിടുന്ന വലിയ പ്രതിസന്ധിതന്നെ കാല്ക്കീഴിൽ നിന്ന്​ സ്വന്തം മണ്ണും സ്വത്വവും ഒലിച്ചുപോകുന്നതാണ്. 

Kantara
കാന്താര സിനിമയില്‍ നിന്ന് 

കോലക്കാരാനായ ശിവ, കാന്താരയിലെ നായകൻ തങ്ങളെ കുടിയൊഴിപ്പിക്കാൻ വരുന്ന പൊലീസുകാരനോട് പറയുന്നത്,  ""സർക്കാർ വരുന്നതിനും മുൻപെ ഇവിടെയുള്ള ഞങ്ങളാണ് ഈ ഭൂമിയുടെ യഥാർത്ഥ അവകാശികൾ. ഞങ്ങളുടെ ഭൂമി കയ്യടക്കിയ നിങ്ങളല്ലേ ഇവിടെ നിന്നും പോകേണ്ടത്'' എന്നാണ്.
ശിവ പറയുന്നത് തന്നെയാണ് എല്ലാ തെയ്യങ്ങൾക്കും പറയാനുള്ളത്.

ഭൂമി കയ്യടക്കലും സ്വന്തം ഗോത്രഭൂമികയിൽ നിന്ന് മാറിപ്പോകലും തെയ്യത്തിലെ എക്കാലത്തെയും പ്രശ്നമാണ്. ഈ മണ്ണിൽ നിന്ന്​ ആരാണ് മാറിപ്പോകേണ്ടത്?
ക്ഷത്രിയാധികാരത്തിന്റെ ജനിതകമാറ്റം സംഭവിച്ച നവീനവകഭേദങ്ങൾ മനുഷ്യരോട് പറയുന്നത് ഈ ഭൂമിയിൽ നിന്ന്​ മാറിപ്പോകാനാണ്. തന്റെ അധ്വാനവും വിയർപ്പുമായ വൈന്നാടോൻ പുഞ്ചക്കണ്ടത്തിൽ നിന്നും മാറിപ്പോകാനാണ് പൊട്ടൻ തെയ്യമായ പുലയനോട് ബ്രാഹ്മണാധികാരം കല്പിക്കുന്നത്. ആരുടേതാണ് ഈ മണ്ണും വെള്ളവും ആകാശവുമെന്ന് ചോദിച്ച് പൊട്ടൻ തെയ്യമായിട്ടാണ് സ്വന്തം ഭൂമിയിൽ നിന്നുള്ള കുടിയിറക്കത്തെ പ്രതിരോധിക്കാൻ പുലയൻ ശ്രമിക്കുന്നത്. ഭൂമി നഷ്ടത്തിന്റെ മറ്റൊരു ദുരന്താഖ്യാനമാണ് വണ്ണാന്മാരുടെ ബാലിത്തെയ്യം. സ്വന്തം കാന്താരസമൃദ്ധിയിൽ അതിക്രമിച്ചു കയറി ക്ഷത്രിയരാമൻ ജാത്യാഭിമാനത്തിന്റെ വിഷം പുരട്ടിയ ചതിയമ്പെയ്ത് കൊലപ്പെടുത്തിയ ബാലിയും കുടിയിറക്കലിന്റെ ദുരന്താഖ്യാനമാണ്. ഗോത്രനായകനായ ബാലിയോട് ആര്യരാമൻ പറയുന്നതും ഈ ഭൂമിയിൽ നിന്നും മാറിപ്പോകാനാണ്. ബ്രാഹ്മണോപാസകനും ഋഷിമാർക്ക് പ്രിയപ്പെട്ടവനും ആര്യസാമ്രാജ്യത്യവുമായ എനിക്ക് കാട്ടിലെ നീചജാതിയായ നിന്നെ കൊല്ലാൻ എല്ലാ അധികാരവുമുണ്ട് അതിന് ആരുടെയും അനുവാദത്തിന്റെ ആവശ്യമില്ല എന്നാണ് രാമന്റെ അവകാശവാദം. നിസ്വജനതയുടെ കുടിയിറക്കലും അവരെ മണ്ണിൽ നിന്നില്ലായ്മ ചെയ്യലും തെയ്യത്തിന്റെ കാലം കടന്ന് ഇവിടം വരെയെത്തീട്ടും ഇന്നും തുടരുന്നിടത്താണ് കാന്താരഗർജനം നമ്മെ വല്ലാതെ ഭീതിപ്പെടുത്തുന്നത്. 

knatara
ബാലിവെള്ളാട്ടം / ചിത്രം : സനീഷ് ടി.കെ.

തെയ്യം എന്ന വൈൽഡ് എനർജി

ഒരു ശരാശരി കച്ചവടസിനിമയുടെ എല്ലാ ചേരുവകൾക്കുള്ളിൽ നിന്നുതന്നെയാണ് കാന്താര തെയ്യമെന്ന ഭൂതക്കോലത്തിന്റെ അട്ടഹാസം കൊണ്ട് സിനിമാലോകത്തെ വിറപ്പിക്കുന്നത്. തെയ്യത്തിനിത്രയും ശക്തിയുണ്ടെന്നറിയാൻ പഞ്ചുരുളിയുടെ നാട്ടുകാർക്കുപോലും കാന്താര കാണേണ്ടി വന്നു എന്നുള്ളതാണ്.

സിനിമയിലെ പഞ്ചുരുളിയെക്കാൾ എത്രയോ തീവ്രമാണ് യഥാർത്ഥ പഞ്ചുരുളിയെന്ന അനുഭവം. രൗദ്രതയിൽ ഭൂതക്കോലയിലെ മന്ത്രഗുളികനെയോ രാഹുഗുളികനെയോ വെല്ലുന്ന അനുഭവം വേറെയില്ല.
കാന്താര സിനിമ, തെയ്യം എന്ന വൈൽഡ് എനർജിയെ അതിന്റെ എല്ലാ സാധ്യതകളിലേക്കും ആവാഹിക്കുന്നുണ്ട്. 

punjuruli theyyam
പഞ്ചുരുളി തെയ്യം 

തെയ്യക്കാരനായ നായകന്റെ സംഭാഷണങ്ങളും പലപ്പോഴായി തെയ്യം പറയുന്നതും ഈ വന്യമായ ശക്തിയിൽ നിന്നുതന്നെയാണ്. കാടും അതിന്റെ അനുഷ്ഠാനവും കേന്ദ്രമായ പ്രാകൃതികമായ പുരാവൃത്ത പശ്ചാത്തലത്തിൽ നിന്നുമാണ് കാന്താരക്കാഴ്ചകൾ തുടങ്ങുന്നത്. മനസ്സമാധാനം തേടിയലഞ്ഞ രാജാവ് നിബിഡവനത്തിലെ ഗോത്ര നിവാസികളുടെ അടുത്തെത്തുകയാണ്. കാന്താരഹൃദയം മിടിക്കുന്ന ദേവചൈതന്യത്തെ കൊടുങ്കാടിൽ രാജാവ് കൂടിക്കാണുന്നു. എനിക്ക് മനസ്സമാധാനം തരൂ എന്നാണ് രാജാവ് ഭൂതക്കോലത്തിനോട് പറയുന്നത്. കാടിന്റെ ഞരമ്പ് പൊട്ടുന്ന അലർച്ചയോടെയാണ് ഭൂതക്കോലം അതിന് മറുമൊഴി നല്കുന്നത്. എന്റെ ഗർജനം പ്രതിധ്വനിക്കുന്ന ആരണ്യകസമൃദ്ധി മുഴുവനും ഈ കാടിന്റെ മക്കൾക്ക് നല്കണമെന്നും പഞ്ചുരുളി ആവേശിച്ച തെയ്യക്കാരൻ പറയുന്നു. രാജാവ് തെയ്യത്തിന്റെ ഉടമ്പടിയേറ്റെടുക്കുന്നു. ഈ ഉടമ്പടി തെറ്റിക്കരുതെന്ന് പഞ്ചുരുളി ഉറപ്പു വരുത്തുന്നുണ്ട്. ഈ ഉടമ്പടി ഞാൻ മറന്നാലും കാടിന്റെ രക്ഷകനും കാവലാളുമായ കുളിയൻ മറക്കില്ല എന്ന് പഞ്ചുരുളി രാജാവിനെ ഓർമ്മിപ്പിച്ചു. കാട്ടിലെ കൽവിഗ്രഹവും സമാധാനവുമായി രാജാവ് കൊട്ടാരത്തിലെത്തി. വിഗ്രഹത്തിലെ ദൈവത്തിനൊപ്പം രാജാവ് സന്തോഷത്തോടെയും കാട്ടുവാസികൾ അവരുടെ ആവാസ വ്യവസ്ഥയിലെ സംസ്കൃതിക്കൊപ്പവും യാത്ര തുടർന്നു.

Kantara
കാന്താര  സിനിമയില്‍ നിന്ന് 

കാലങ്ങളിത്രയായിട്ടും ക്ഷത്രിയാധികാരം ഇന്നും അതിന്റെ ജോലി തുടരുകയാണ്. ഭൂമിയുടെ യഥാർത്ഥ അവകാശികളിൽനിന്ന്​ മണ്ണും വെള്ളവും കാടും മലയും പിടിച്ചെടുത്ത് അവരെ അടിമകളാക്കി കാട്ടിലേക്കും മലമുകളിലേക്കും ആട്ടിയോടിച്ച് ഭൂരഹിതരാക്കിയത് ചരിത്രമാണ്.
അപ്പോഴും ഈ മണ്ണിലുറച്ച് ആകാശത്തേക്ക് പടർന്നെകർന്ന കാട്ടുമരം അതിന്റെ ചുറ്റിലുള്ള മണ്ണിനെ വട്ടംപിടിച്ച് സംരക്ഷിക്കുന്നത് പോലെ മേൽജാതി അധികാര വ്യവസ്ഥയ്ക്ക് കീഴ്പ്പെട്ടിട്ടില്ലാത്ത ഇത്തിരിപ്പച്ചകൾ ഇന്നും ഉത്തരമലബാറിൽ ശേഷിക്കുന്നുണ്ട്. കാടിന്റെ അവകാശികളുടെ തെയ്യത്തെയും അവരുടെ ഭൂമിയെയും കീഴ്പ്പെടുത്താനുള്ള ശ്രമം പിന്നെയും തുടരുന്നു. സിനിമയിൽ 1970 ൽ നടക്കുന്ന കളിയാട്ടത്തിൽ നാട്ടുപ്രമാണി തെയ്യത്തോട് തങ്ങളുടെ ഭൂമി തിരിച്ച് തരാൻ പറയുന്നുണ്ട്. പുത്തൻകാലത്തെ ഭൂവുടമയെ ധിക്കരിച്ച് കാട്ടിലേക്ക് ഓടിമറഞ്ഞ തെയ്യം പിന്നെ തിരികെ വന്നില്ല. തെയ്യത്തിന്റെ മകൻ കാട്ടിലെ തീക്കനലുകൾക്ക് നടുവിൽ പകച്ചു നില്ക്കുന്നു. അനുഷ്ഠാനത്തിന്റെ കഠിനപഥമുപേക്ഷിച്ച് എല്ലാ സുഖസൗകര്യങ്ങൾക്കും പിറകെ പോകുന്ന നായകനിലൂടെയാണ് കാന്താരയിലെ കഥ വികസിക്കുന്നത്. തന്റെ അച്ഛൻ അവസാനിച്ച കാടും എരിഞ്ഞടങ്ങിയ തീയും പക്ഷെ ശിവയുടെ ജീവിതത്തിൽ നിന്നും മറഞ്ഞു പോകുന്നേയില്ല. ശിവതെയ്യത്തിൽ നിന്ന് ​അകന്നകന്ന് പോകുമ്പോഴും സ്വന്തം ചരിത്രം തെയ്യം ഇടക്കിടക്ക് അവനെ ഓർമിപ്പിക്കുന്നുണ്ട്. 

Rishab Shetty,

തെയ്യക്കാരൻ നായകനാകുമ്പോൾ

കാന്താരയിലെ നായക കഥാപാത്രമായ ശിവ ഭൂത്ത കെട്ടുന്ന നലിക്കത്തായ സമുദായമോ പാമ്പത്തൈ സമുദായമോ ആയിരിക്കും.
തെയ്യക്കാരനെന്ന കീഴാളൻ നായകനായി, ശക്തമായ കഥാതന്തുവായി തെയ്യം പ്രശ്നവൽക്കരിക്കപ്പെടുന്ന സിനിമ ആദ്യമായിട്ടാണ് കാണുന്നത്. മലയാളത്തിൽ പുലിജന്മം, ചായില്യം പോലുള്ള സിനിമകൾ തെയ്യം പ്രമേയമായി വന്നിട്ടുണ്ടെങ്കിലും തെയ്യത്തിന്റെ മാരകമായ വിസ്ഫോടനശേഷി അവയിലൊന്നും പ്രകടമാകുന്നില്ല. തെയ്യത്തിനിത്രയും ശക്തിയുണ്ടെന്ന് തെയ്യങ്ങൾ ഉയിരെടുത്ത വടക്കൻ കേരള മണ്ണിലെ മനുഷ്യരെ ബോധിപ്പിക്കാൻ കാന്താര സിനിമ വരെ കാത്തിരിക്കേണ്ടി വന്നു. ബ്രഹ്മാണ്ഡം പിടിച്ചുകുലുക്കുന്ന മന്ത്രഗുളികന്റെ അലർച്ചയുടെ നടുക്കത്തിൽ നിന്ന്​ തെയ്യത്തിലേക്ക് കണ്ണും നട്ടിരിക്കുന്ന മലയാള സിനിമക്കാരും കഥയെഴുത്തുകാരും ഇപ്പോഴും മോചിപ്പിക്കപ്പെട്ടിട്ടില്ല. കാന്താരയുടെ അട്ടഹാസത്തിൽ ഞെട്ടാനാണ് നമുക്ക് യോഗം.

kantara

എന്തുകൊണ്ടാണ് തെയ്യവും തെയ്യക്കാരനും മുഖ്യവിഷയമായി കാന്താര പോലെ വിജയിച്ച മലയാള സിനിമ ഇതുവരെ പുറത്തിറങ്ങാതിരുന്നത്.

ഈ വർഷത്തെ കളിയാട്ടക്കാലത്തിന് തുലാമാസത്തോടെ തുടക്കം കുറിച്ചിരിക്കുകയാണല്ലോ. ഇപ്പോൾ നാട്ടിൽ എവിടെയും തെയ്യമാണ്. ഈ വർഷത്തെ തുലാപ്പത്തിന് അതിവിശിഷ്ടമായ ഒരിടത്തേക്കാണ് തെയ്യത്തിന് പോയത്. കണ്ണൂർ ജില്ലയിലെ കിഴക്കൻ മലയോര ഗ്രാമമായ പൈതൽ മലക്കടുത്തുള്ള പോത്ത്കുണ്ട് തൃപ്പാണ്ടറമ്മകോട്ടത്ത്.

കാന്താര സിനിമയിൽ കാട് കുത്തിമറിക്കുന്ന കാട്ടുപന്നിയാണ് തെയ്യമെങ്കിൽ നടുവിൽ പോത്ത്കുണ്ടിൽ മുതലയാണ്. കുത്തിയൊലിക്കുന്ന മലവെള്ളം താണ്ടി പൂങ്കന്നി പൂമുതല നീന്തിവരുന്നത് കരയിലെ അടിമ ജാതിക്കാരുടെ ക്ഷേമത്തിന് വേണ്ടിയാണ്. പഞ്ചിയെന്ന ഭൂത്തയെ കെട്ടുന്ന മാവിലർ തന്നെയാണ് മുതലത്തെയ്യത്തെയും കെട്ടിയാടിക്കുന്നത്.

എത്ര അതിശയകരമായ മിത്തും ജീവിതവും ചരിത്രവുമാണ് മുതലത്തെയ്യത്തിന്റേത്. രംഗാവതരണത്തിലെ വിസ്മയം തന്നെയാണ് മാവിലൻമാരുടെ മുതലത്തെയ്യം. ജീവിതവും ചരിത്രവും അനുഷ്ഠാനത്തിന്റെ തീവ്രതയും കോലക്കാരന്റെ ശാരീരിക ശേഷിയും പഞ്ചുരുളിയെ വ്യത്യസ്തമാക്കുന്നു. പക്ഷെ നമ്മുടെ നാട്ടിലെ മുച്ചിലോട്ട് പോതിയുടെയോ കതിവന്നൂർ വീരന്റെയൊ കണ്ണിൽ കുത്തുന്ന തീവ്രസൗന്ദര്യം അണ്ണപ്പപഞ്ചുരുളിയിലും കുപ്പ പഞ്ചുരുളിയിലും കാണണമെന്നില്ല. ഭൂതക്കോലയുടെ രൗദ്രസൗന്ദര്യം വേറെയാണ്. പഞ്ചുരുളി പോലെയോ അതിനെക്കാളേറെയോ വിസ്ഫോടനശേഷിയുള്ള എത്രയോ തെയ്യങ്ങൾ നമുക്കുണ്ട്. എന്നിട്ടും മലയാള സിനിമ എന്തുകൊണ്ടാണ് പകരംവെക്കാനില്ലാത്ത ദുരന്തക്കയങ്ങൾ താണ്ടിയ നമ്മുടെ തെയ്യങ്ങളുടെ തീവ്ര സൗന്ദര്യം കാണാതെ പോയത്. തുളുവിലെ പഞ്ചുരുളി പോലെ കാഴ്ചക്കാരെ കിടുകിടെ വിറപ്പിക്കുന്ന എത്രയോ തെയ്യംജീവിതങ്ങൾ ഇവിടെ നമ്മുടെ കാവുകളിൽ ആർത്തട്ടഹസിച്ചാടിയുറയുന്നുണ്ട്. 

Kathivanoor_Veeran
കതിവനൂർ വീരൻ / Photo : Wikimedia Commons 

കതിവനൂർ വീരൻ, പുലിമറഞ്ഞതൊണ്ടച്ചൻ, ചാത്തമ്പള്ളി വിഷണ്ഠൻ, ബാലി, കരിഞ്ചാമുണ്ടി, മുച്ചിലോട്ട് പോതി, മാക്കം, കമ്മാടത്തമ്മ, നീലിയാർ ഭഗവതി. തോട്ടുങ്കര പ്പോതി, ആയിറ്റിപ്പോതി, പടക്കത്തി ഭഗവതി, 
ഉള്ളിലൊരഗ്നി പർവ്വതജ്വാല പേറുന്ന എത്രയെത്ര തെയ്യങ്ങളെ വേണം. കൊലയുടെയും ഉയിർത്തെഴുന്നേല്പിന്റെയും ഈ ആഖ്യാനങ്ങളെയൊക്കെ എങ്ങനെയാണ് രേഖപ്പെടുത്തി വെക്കേണ്ടത്.

ഒരു ദേശത്തിന്റെ മണ്ണും വെള്ളവും അവിടുത്തെ ജനതയുടെ അഭിമാനവും സംരക്ഷിക്കുന്ന ഐതിഹാസികങ്ങളായ നമ്മുടെ സ്വന്തം നാട്ടുദൈവങ്ങളുടെ ത്രസിപ്പിക്കുന്ന ജീവിതം മലയാളത്തിലെ ഒരു സിനിമാകഥാകാരനും കാണാതെ പോയതെന്തുകൊണ്ടാണ്. നല്ല കഥ കിട്ടാനില്ലെന്ന് വിലപിക്കുന്ന മലയാള സിനിമ സംവിധായകരിലും എഴുത്തുകാരിലും എത്രപേർ തെയ്യത്തിന്റെ മഞ്ഞൾ ക്കുറി മണമുള്ള കരം ഗ്രഹിച്ചിട്ടുണ്ട്. ജന്മജന്മാന്തരങ്ങളോളം പ്രതിധ്വനിക്കുന്ന തെയ്യത്തിന്റെ കാന്താര ഗർജനം കേട്ടിട്ടുണ്ട്.

നമ്മുടെ സിനിമകളിലെ തെയ്യം എന്നത് നായകന്റെയോ നായികയുടേയോ തറവാട്ടിൽ നടക്കുന്ന ഒരേർപ്പാട് മാത്രമാണ്. നായികയ്ക്കും നായകനും കണ്ടുമുട്ടാനൊരിടം. നായകന്റെ ജാത്യധികാരം ഉറപ്പിക്കാനുള്ള ഒരു ടൂൾ മാത്രമാണ് നമ്മുടെ സിനിമക്ക് തെയ്യം.

കളിയാട്ടം എന്ന പേരിൽ കൊട്ടിഘോഷിച്ചതാണ് മലയാളത്തിലെ ഒരേയൊരു തെയ്യം സിനിമ. തെയ്യം അനുഷ്ഠാനത്തിന്റെ ശക്തിയോ അതിന്റെ തീവ്രമായ ജീവിതമോ ഒരുനിലയ്ക്കും അഡ്രസ്​ ചെയ്യാത്ത, വസ്തുതാപരമായി നിരവധി പിശകുകളുള്ള തികച്ചും തെയ്യവിരുദ്ധമായ സിനിമയാണ് കളിയാട്ടം. ഇവിടെ തെയ്യം ഒരു ബാക്ക് ഗ്രൗണ്ട് പോസ്റ്റർ മാത്രമാണ്.

വില്യം ഷേക്​സ്​പിയറുടെ ഒഥല്ലോയുടെ കഥ പറയുന്നതിനുള്ള പശ്ചാത്തലം. യൂറോപ്യൻ ചക്രവർത്തിമാരുടെയും രാജ്ഞി മാരുടെയും അപ്പുറമുള്ള ട്രാജഡികൾ താണ്ടിയ തെയ്യങ്ങൾ ഇവിടെ വെറും നോക്കുകുത്തികൾ. പ്രഭുക്കളുടെ കഥ പറയാൻ കുരുതിയായ അടിമകളുടെ ചോരയൊഴുക്കുന്ന തെയ്യത്തെയാണ് സംവിധായകൻ കഥാപശ്ചാത്തലമായി തെരഞ്ഞെടുക്കുന്നത്. 

ഹിന്ദു വരും മുൻപേ ഇവിടെ കാട്ടുപന്നിയുണ്ട്

തെയ്യം കാണുന്നതിനും അറിയുന്നതിനുമുള്ള സാക്ഷരത ഇതര മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നവർ ഇനിയും ആർജിക്കേണ്ടതുണ്ട്. തെയ്യത്തോടുള്ള അയിത്തം കൈവെടിഞ്ഞാൽ മാത്രമേ അതിന്റെ ശക്തമായ രാഷ്ട്രീയവും പോരാട്ട വീര്യവും ഇവിടുത്തെ മറ്റ് കലാകാരന്മാർക്ക് മനസ്സിലാകൂ. അതിന് തെയ്യത്തിലേക്ക് തെളിഞ്ഞ കാഴ്ച തുറക്കേണ്ടതുണ്ട് അതെളുപ്പമല്ല. ഇവിടെയാണ് ഋഷഭ് ഷെട്ടി വിജയിക്കുന്നത്. തെയ്യബാഹ്യമായ വേറൊരു ജീവിതത്തിനെയോ കാഴ്ചയെയൊ പൊലിപ്പിക്കാനുള്ള കേവലം ടൂൾ എന്ന ഉൽപ്രേരകമായല്ല ഋഷഭ് ഷെട്ടി കാന്താരയിൽ തെയ്യത്തെ ഉപയോഗിച്ചിരിക്കുന്നത്. തെയ്യത്തിന്റെ ഹൃദയമിടിക്കുന്ന ചിലമ്പനക്കമായും തെയ്യമലിഞ്ഞ കൊടുങ്കാടിന്റെ അലർച്ചയായും പ്രേക്ഷകരെ സദാസമയം തന്റെ സാന്നിദ്ധ്യത്താൽ മുൻകരം പിടിച്ച് കൂടെ നിർത്താൻ കാന്താരയിലെ പഞ്ചുരു ളിക്ക് സാധിക്കുന്നുണ്ട്. പക്ഷെ നമ്മുടെ മുഖ്യധാരാ സിനിമാ പ്രവർത്തകരിൽ എത്രപേർ തെയ്യത്തെ അതിന്റെ ആഴത്തിൽ മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ട്. 

rishab shetty

അതിവൈകാരികമായ വിശ്വാസവും ഭക്തിയും ബ്രാഹ്മണവൽക്കരണവും ജാതിചിന്തയും കൊണ്ട് അത്രയും സങ്കീർണമാണ് നമ്മുടെ തെയ്യം അനുഷ്ഠാന രംഗം. ഒരു വിഭാഗം കാന്താരതാരകമായ തെയ്യത്തെ കാവിൽ നിന്ന്​ വലിച്ചിറക്കി വിഗ്രഹത്തിൽ ബന്ധിക്കുമ്പോൾ മറ്റൊരു കൂട്ടർ അതേ തെയ്യത്തെ റോഡിലും തെരുവിലും ജാഥയുടെ മുന്നിലും നിർത്തുകയാണ്. രണ്ടും തെയ്യത്തെ അപകടപ്പെടുത്തുന്നതാണ്. കാട്ടുപന്നിത്തേറ്റ മൂർച്ചയിൽ കാട് കുത്തിയിളക്കുന്ന കാന്താര, ഹിന്ദുത്വയെ അനുകൂലിക്കുന്നു എന്ന വിമർശനവും പുരോഗമന വാദികളിൽ നിന്നുയർന്ന് വരുന്നുണ്ട്. എന്തൊരു ഗതികെട്ട സമീപനമാണിത്. ഹിന്ദുവരുന്നതിനും മുമ്പേ ഇവിടെ കാട്ടുപന്നിയുണ്ടല്ലോ. വരാഹത്തിൽ നിന്ന്​മതം മാറ്റി പന്നിയെ ഒരു കാട്ടുമൃഗമാക്കുകയാണ് നമ്മുടെ പുരോഗമനവാദികൾ ചെയ്യേണ്ടത്. മതവൽക്കരിക്കാതെ സ്വതന്ത്രമാക്കി ഒരു വന്യജീവിയെ അതിന്റെ
സ്വാഭാവികമായ ആവാസവ്യവസ്ഥയിലേക്ക് തുറന്നുവിടുന്നതിന് പകരം ഹിന്ദുത്വയ്ക്ക് വിട്ടുകൊടുത്ത് തടി കയിച്ചലാക്കുന്ന ഏർപ്പാട് ലജ്ജാകരമാണ്. നമ്മുടെ തെയ്യവും തുളുവിലെ പഞ്ചുരുളിയും ബ്രാന്മണ്യത്തെ കൊമ്പിൽ കോർത്തെടുത്തലറി വിളിക്കുകയാണ് ചെയ്യുന്നത്. 

madiyan kovilakam
മടിയന്‍ കോവിലകം കലശം ചിത്രം : വരുൺ അടുത്തില

നിരവധി തെയ്യം- ജാതി സംഘടനകളും തെയ്യത്തെ മനസ്സിലാക്കുന്നതിനുള്ള വാട്സ് ആപ്പ് കൂട്ടായ്മകളും ഇവിടെ സജീവമായി പ്രവർത്തിക്കുന്നുണ്ട്. മതം, ഭക്തി, വിശ്വാസം, ദൈവം എന്ന അന്ധമായ കാഴ്ചക്കപ്പുറമുള്ള തെയ്യം കാണൽ ഇന്നേറെ ദുഷ്കരമാണ്. തെയ്യത്തെ ജീവിതമായും നമ്മുടെ തന്നെ ചരിത്രമായും കാണുന്നവരെ ഭക്തരും കടുത്ത വിശ്വാസികളും ഒറ്റപ്പെടുത്തും. പുരോഗമന വാദികൾ തെയ്യത്തെ സംബന്ധിച്ച് അപ്പുറമോ ഇപ്പുറമോ എന്ന ഉറപ്പിലേക്കും എത്തീട്ടില്ല. എങ്കിലും സംഘടനയ്ക്കുമപ്പുറം എത്രയോ തെയ്യക്കാർ കേവല വിശ്വാസത്തിനുമപ്പുറമുള്ള ജീവിതമായും ചരിത്രമായും തെയ്യത്തെ ഉള്ളിൽ കൊണ്ടു നടക്കുന്നുണ്ട്.

കാന്താരഹൃദയം 

കാന്താരഗർജനത്തിൽ അതിവൈകാരിക ഭക്തിയിൽ പെട്ടുപോയ തെയ്യം വാട്സ് അപ്പ് കൂട്ടായ്മകളും ജാതിസംഘടനകളും ഞെട്ടിവിറക്കുന്നുണ്ട്.
അനുഷ്ഠാന പരിസരത്തിനുപുറത്ത് ഏതെങ്കിലും കോലക്കാരൻ തെയ്യം കെട്ടുന്നുണ്ടെങ്കിൽ അയാളെ തല്ലാനും ഊരുവിലക്കാനും പോകുന്ന വിശ്വാസികളാണ് ഉത്തരകേരളത്തിലെ കാന്താരയുടെ കാഴ്ചക്കാർ.
സിനിമക്കുവേണ്ടി തെയ്യം ഷൂട്ട് ചെയ്യുന്നുണ്ടെങ്കിൽ സെറ്റ് തകർക്കാനും തെയ്യക്കാരനെ ഊരുവിലക്കാനും കച്ച കെട്ടിയിറങ്ങി പുറപ്പെടുന്നവരോടാണ് നമ്മുടെ തൊട്ടടുത്ത് അതിർത്തി പ്രദേശത്ത് നിന്നുകൊണ്ട് സിനിമയിലെ പഞ്ചുരുളി ഉരിയാടുന്നത്. കോലക്കാരനാണ് പറയുന്നതെങ്കിൽ  ‘എന്നെ നിങ്ങൾക്ക് കാണാം’ എന്നും അല്ല ദൈവമാണ് പറയുന്നതെങ്കിൽ  ‘എന്നെ കാണില്ല’ എന്നും മൊഴി പറഞ്ഞതിനുശേഷം പഞ്ചുരുളി കൊടുങ്കാട്ടിൽ അലിഞ്ഞ് ചേരുകയാണ്. പഞ്ചുരുളിമൊഴിയുടെ പൊരുൾ നമ്മുടെ ഭക്തന്മാർക്ക് തിരിയണമെന്നില്ല. ഒരു നാടകത്തിലോ സിനിമയിലൊ നൃത്താവിഷ്കാരത്തിലോ തെയ്യത്തെ പ്രമേയമായി സ്വീകരിക്കാൻ കലാകാരന്മാർക്ക് ഇന്ന് പേടിയാണ്. വൈകാരികമായി അത്രയും തീവ്രമായിട്ടാണ് കോലക്കാരും വിശ്വാസികളും സംഘടനാ നേതാക്കളും തെയ്യത്തെ സമീപിക്കുന്ന ഇതര കലാകാരന്മാരെ കൈകാര്യം ചെയ്യുന്നത്. തെയ്യത്തിന്റെ മനോഹരമായ മുടിയുടെ രൂപത്തിൽ സമ്മേളനത്തിന് കവാടം നിർമ്മിച്ചതിൽ പ്രതിഷേധസമരംവരെ നടത്തി വിജയിക്കുന്നിടത്താണ് നമ്മുടെ പുരോഗമനം. എങ്ങനെയുണ്ട്​?

mappila theyyam
മാപ്പിള തെയ്യം. ചിത്രം : സനീഷ് ടി. കെ.

നല്ലയൊരു കച്ചവടസിനിമയായ കാന്താരയിൽ തെയ്യത്തിന്റെ അലർച്ചകേട്ട് കയ്യടിച്ച് നമുക്ക് മതിയായില്ല. ഏതൊരുത്തര മലബാറുകാരനും സിനിമ കാണുമ്പോൾ ആശിച്ചുപോകും, ലോകത്തിലെ തന്നെ ഏറ്റവും സൗന്ദര്യമുള്ള, ഏറ്റവും വിസ്ഫോടന ശേഷിയുള്ള നമ്മുടെ സ്വന്തം തെയ്യവും തിയറ്ററിൽ ഇങ്ങനെ ആടിത്തിമർക്കണമെന്ന്. തെയ്യത്തെ സിനിമയിൽ കാണിച്ച് വിശ്വാസികളെ അപമാനിച്ചുവെന്നുപറഞ്ഞ് ഏതെങ്കിലും തെയ്യം സംഘടനകൾ കാന്താര തിയറ്ററിനു മുന്നിൽ സമരം സംഘടിപ്പിച്ചതായി അറിവില്ല. തിയറ്റർ ഇരുളിലെ നിബിഢഗഹനതയിൽ ചിലമ്പനക്കങ്ങളിലൂടെ മന്ത്രഗുളികന്റെയും പഞ്ചുരുളിയുടെയും അട്ടഹാസങ്ങളിലൂടെ കാന്താരഹൃദയമായ തെയ്യത്തിന്റെ തീവ്രസാമീപ്യം തന്നെയാണ് കാഴ്ചക്കാർ അനുഭവിക്കുന്നത്.

തെയ്യത്തിനും തെയ്യക്കാരനും കേവലാനുഷ്ഠാനത്തിനും വിശ്വാസത്തിനുമപ്പുറം സാമൂഹികമായ ചില ഉത്തരവാദിത്വങ്ങൾ കൂടിയുണ്ടെന്ന് സിനിമ മനസ്സിലാക്കിത്തരുന്നു. സൂക്ഷ്മമായി തെയ്യത്തെ ഉൾക്കൊണ്ട ഒരാൾക്ക് മാത്രമേ തെയ്യത്തെ ഇങ്ങനെ ചിത്രീകരിക്കാനാകൂ. സിനിമയിലെ സംഭാഷണങ്ങളൊക്കെ അതിന് തെളിവാണ്. പാരമ്പര്യമായി ഭൂത്ത കെട്ടുന്ന ഗുരുവ സിനിമയിലെ മിഴിവുറ്റ കഥാപാത്രമാണ്. അനുഷ്ഠാനത്തിൽ അലിഞ്ഞുചേർന്ന തെയ്യക്കാരൻ. അനുഷ്ഠാന വിരുദ്ധമായ കാര്യം ചെയ്യാൻ തമ്പുരാൻ കല്പിക്കുമ്പോൾ ഗുരുവ പറയുന്നത്. കോലമായാൽ കോലക്കാരനായ ഞാനില്ലല്ലോ. കോലം എന്താ പറയുക എന്ന് കോലക്കാരനായ എനിക്ക് പറയാൻ കഴിയില്ലല്ലോ എന്നാണ്. തെയ്യത്തിന്റെ സമഗ്രതയാണ് ഈ സംഭാഷണം. തെയ്യത്തിന്റെ ഉള്ളറിയുന്ന ഒരാൾക്കുമാത്രം എഴുതാനാകുന്നത്. തെയ്യക്കാരനായ അച്ഛന്റെ പാരമ്പര്യ വഴക്കങ്ങൾ മകൻ തെറ്റിച്ച് നടന്നിട്ടും പഞ്ചുരുളിയും കാവല്‍ക്കാരനായ ഗുളികനും തെയ്യക്കാരന്റെ മകനെ കയ്യൊഴിയുന്നേയില്ല. നായകനായ ശിവയുടെ ജീവിതത്തിന്റെ പല സന്ദർഭങ്ങളിലും തെയ്യങ്ങൾ തങ്ങളുടെ സാന്നിദ്ധ്യമറിയിക്കുന്നുണ്ട്. ഏതോ ഒരു വശ്യശക്തിയാൽ താൻ വലയം ചെയ്യപ്പെടുന്നതായി ശിവയ്ക്ക് തോന്നുന്നുണ്ട്. ഒടുവിൽ ദർശനപ്പെട്ട് മന്ത്രഗുളികനായി മാറുന്ന നായകൻ തെയ്യത്തിന്റെ ഏറ്റവും വന്യമായ കാഴ്ചയാണ്. ഇത് വടക്കൻ കേരളത്തിന് അത്ര അപരിചിതമല്ല.

ദിരിശനപ്പെട്ട് രാത്രിയെന്നോ പകലെന്നോ കടലെന്നോ പൊഴയെന്നോ മഴയെന്നോ നോക്കാതെ അട്ടഹസിച്ചലറിപ്പാഞ്ഞ് തെയ്യമായി മാറിയ എത്രയോ മനുഷ്യരോട് നേരിട്ട് സംസാരിച്ചിട്ടുണ്ട്. പുലിക്കോടുള്ള നാരാണൻ തമ്പാച്ചി നടപ്പാതിരയ്ക്ക് വെട്ടി വിറച്ച് ഇറങ്ങിയോടിയ ആളാണ്. ഇതേ പോലെ അർധരാത്രിക്ക് മൂന്നു പുഴകൾ ചാടിക്കടന്ന് കാഞ്ഞങ്ങാട്ട് നിന്നും തൃക്കരിപ്പൂരിലേക്കലറി വിളിച്ചോടിയ അസ്രാളൻ തമ്പാച്ചി ഇന്നും വിവരിക്കാനാകാത്ത മാജിക്കൽ റിയലിസം എന്ന അനുഭവമാണ്.
കർക്കട രാത്രിയിൽ കോരിച്ചൊരിയുന്ന പേമാരിയിൽ കുത്തിയൊലിക്കുന്ന പാടീപ്പൊഴയ്ക്ക് മുകളിലൂടെ ഓടി വന്ന പൊക്കൻ തമ്പാച്ചിയും തൃക്കരിപ്പൂരിൻ്റെ മിത്താണ്. ഇതേ പോലുള്ള ദിരിശനത്തിലൂടെ മന്ത്രഗുളികനായി ഒരു നാടിന്റെ രക്ഷകനായ കോലക്കാരനായി മാറുകയാണ് അന്ത്യത്തിൽ കാന്താരയിലെ നായകൻ.

asralan
പാട്ടുത്സവം. അസ്രാളന്‍ തമ്പാച്ചി, ചിത്രം : പ്രസൂണ്‍ കിരണ്‍

‘മാത്ത സത്യൊഗു
തെരിനവേ അത്തോ’

2010 ൽ ദൈവക്കരു എന്ന പേരിൽ കതിവനൂർ വീരൻ തെയ്യത്തെ കുറിച്ചൊരു ഡോക്യുമെൻററി നിർമിച്ചിരുന്നു. അതിന്റെ അവസാനത്തിൽ ഒരു ദൃശ്യമുണ്ട്. അന്നത്തെ കതിവന്നൂർ വീരൻ കെട്ടിൽ ഏറ്റവും പ്രഗത്ഭനായ വെങ്ങര അനീഷ് പെരുവണ്ണാനാണ് തെയ്യം. മൂന്ന് ദിവസത്തെ തെയ്യം കെട്ട് പ്രാർത്ഥനയായി നടത്തുന്ന ഗൃഹനാഥന്റെ തറവാട്ടിലേക്ക് തെയ്യത്തെ ക്ഷണിച്ചിരിക്കുകയാണ്. വീടുകൾ കേറി ക്കീയുക എന്നത് വീരൻകെട്ടിന്റെ അനുഷ്ഠാനത്തിൽ പെടുന്നതാണ്.

തെയ്യം എല്ലാ തറവാട്ടംഗങ്ങൾക്കും കാണാൻ വന്നവർക്കും അനുഗ്രഹാശിസ്സുകൾ നേർന്നു. അവരുടെ സങ്കടങ്ങൾ കേട്ടു. വല്ലാതെ വൈകാരികമായ സന്ദർഭമാണ്. തെയ്യത്തിന്റെ മൊഴികകളും വല്ലാതെ ഉള്ളിൽ തൊടുന്നതാണ്. തറവാട്ടിൽ പല തട്ടിലുള്ള പല സ്വഭാവത്തിലുള്ള മനുഷ്യരാണ്. അവർ തമ്മിലൊക്കെ അഭിപ്രായ ഭിന്നതകളുണ്ടാകും. തെയ്യം ആദ്യം കുടുംബനാഥന്റെ പ്രായം ചെന്ന അമ്മയുടെ കൈപ്പത്തി സ്വന്തം കയ്യിൽ ചേർത്തുപിടിച്ചു. പിന്നെ തവാട്ടിലെ ഓരോ അംഗത്തിന്റെയും കൈകൾ അതിനുമുകളിൽ വെക്കാൻ പറഞ്ഞു. എല്ലാവരും തെയ്യം പറയുന്നത് അതേപോലെ അനുസരിച്ചു. ദൈവത്തിന്റെ കൈ ഏറ്റവും അടിയിലാണ്. അതിന് മോളിലേക്ക് മോളിലേക്ക് തെയ്യത്തിന്റെ ചെക്കിപ്പൂത്തണ്ട കെട്ടിയ കയ്യിലെ നിറവട്ടത്തിനകത്ത് മറ്റെല്ലാ കൈകളും ഒറ്റക്കെട്ടായി കൂടിച്ചേർന്നു. പലതായിരിക്കുന്ന കൈകളെ ദൈവമാണ് കൂട്ടിച്ചേർത്തിരിക്കുന്നതെന്നും വലുത് ചെറുതെന്ന യാതൊരു ഭേദചിന്തയും അരുതെന്നും തെയ്യം തൊണ്ടയിടറി പറഞ്ഞു. എല്ലാവരുടെയും കണ്ണുനനഞ്ഞു. തെയ്യവും കരഞ്ഞു. 

Asralan
ഇടയിലക്കാട്ടിലെ പാട്ടുത്സവം. ചിത്രം : പ്രസൂണ്‍ കിരണ്‍ 

കാന്താരയിലെ അവസാനവും അങ്ങനെയാണ്. ക്ഷേത്രകേന്ദ്രീകൃതമായ പൗരോഹിത്യ ദൈവം മനുഷ്യരെ വിവേചനത്തോടെ അകറ്റി നിർത്തുമ്പോൾ തെയ്യം കൂടിക്കലരുകയാണ്, കൂട്ടിക്കലർത്തുകയാണ് ചെയ്യുന്നത്. ജാതി, മത, വർഗ്ഗ, വർണ്ണ, ലിംഗ ഭേദമന്യേ ഒരു സമൂഹത്തിലെ എല്ലാവരെയും ചേർത്തുപിടിച്ച് തെയ്യം കൂട്ടിക്കലർത്തുന്നു. അനുഷ്ഠാന പരിസരത്തിനുപുറത്ത് തെയ്യത്തിന് നല്കാൻ ഇതിലും മികച്ചൊരു ദൃശ്യമില്ല. കോലപ്പെരുമയുടെ എല്ലാ പ്രൗഢിയും പാരമ്പര്യവും പേറുന്ന നമുക്കിന്നു വരെ സാധിക്കാതിരുന്നത് കന്നട കലാകാരൻ ഋഷഭ ഷെട്ടിക്ക് സാധിച്ചിരിക്കുന്നു.തെയ്യത്തെ തുളുവിൽ 
ദെയ്യോ, സത്യോ, മായെ എന്നൊക്കെ പറയും. തുളുവന്മാർ കരം പിടിച്ചതെയ്യത്തിനോട് പറയുന്നു,
"മാത്ത സത്യൊഗു തെരിനവേ അത്തോ’

എല്ലാം സത്യത്തിന് അറിയാവുന്നത് തന്നെയാണല്ലൊ? 

Remote video URL
  • Tags
  • #Kanthara
  • #Theyyam
  • #MALAYAL
  • #Film Review
  • #VK Anilkumar
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
theyyam

Truecopy Webzine

Truecopy Webzine

എങ്ങനെയാണ് കമ്യൂണിസവും തെയ്യവും യോജിച്ചുപോകുന്നത്​?

Feb 01, 2023

3 Minutes Read

 Pathan-Movie-Review-Malayalam.jpg

Film Review

സരിത

വിദ്വേഷ രാഷ്​ട്രീയത്തിന്​ ഒരു ‘പഠാൻ മറുപടി’

Jan 31, 2023

3 Minute Read

ayisha

Film Review

റിന്റുജ ജോണ്‍

ആയിഷ: ഹൃദയം കൊണ്ട് ജയിച്ച ഒരു വിപ്ലവത്തിന്റെ കഥ

Jan 30, 2023

5 Minutes Watch

thankam

Film Review

റിന്റുജ ജോണ്‍

തങ്കം: ജീവിത യാഥാർഥ്യങ്ങളിലൂടെ വേറിട്ട ഒരു ഇൻവെസ്​റ്റിഗേഷൻ

Jan 28, 2023

4 Minutes Watch

Biju-Menon-Vineeth-Sreenivasan-in-Thankam-Movie

Film Review

മുഹമ്മദ് ജദീര്‍

തിരക്കഥയില്‍ തിളങ്ങുന്ന തങ്കം - thankam movie review

Jan 27, 2023

4 minutes Read

Nanpakal Nerathu Mayakkam

Film Review

അരവിന്ദ് പി.കെ.

തമിഴരിലേക്ക്​ മുറിച്ചുകടക്കുന്ന മലയാളി

Jan 23, 2023

3 Minutes Watch

nanpakal nerath mayakkam

Film Review

റിന്റുജ ജോണ്‍

വരൂ, സിനിമയ്​ക്കു പുറത്തേക്കുപോകാം, സിനിമയിലൂടെ

Jan 20, 2023

4 Minutes Watch

Qala

Film Review

റിന്റുജ ജോണ്‍

ഒരിക്കലും ശ്രുതിചേരാതെ പോയ ഒരു അമ്മ - മകള്‍ ബന്ധത്തിന്റെ കഥ

Jan 19, 2023

4 Minute Watch

Next Article

കാന്താര ഹിന്ദുത്വചിത്രമല്ല, അതിനെ കീഴ്‌മേല്‍ മറിക്കുന്ന കീഴാള ചരിത്രം

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster