വായുവിന് മലത്തിന്റെ ഗന്ധം;
കരിമ്പനത്തോട് നിവാസികളുടെ
പോരാട്ടത്തിന് ഒരു പതിറ്റാണ്ട്
വായുവിന് മലത്തിന്റെ ഗന്ധം; കരിമ്പനത്തോട് നിവാസികളുടെ പോരാട്ടത്തിന് ഒരു പതിറ്റാണ്ട്
ശ്വസിക്കുന്ന വായുവില്‍ മനുഷ്യമലത്തിന്റെ ഗന്ധം പേറുന്ന ഒരു ജനതയാണ് കരിമ്പന തോടിനടുത്ത് ഇന്നുള്ളത്. നഗരത്തിന്റെ ഉച്ചിഷ്ടങ്ങള്‍ ഒഴുകിയെത്തുന്നത് ഒരായുസ്സ് നീളെ വിയര്‍പ്പൊഴുക്കി അവര്‍ സ്വരുക്കൂട്ടി ചേര്‍ത്തുവച്ച പുരയിടങ്ങളിലേക്കാണ്. സാധാരണക്കാരില്‍ സാധാരണക്കാരാണ് കരിമ്പനതോടിലെ ജനത. അതുകൊണ്ടുതന്നെയവണം അവരുടെ പ്രശ്‌നം ഒരു പതിറ്റാണ്ടിലേറെ പിന്നിട്ടിട്ടും യാതൊരു പരിഹാരവും കാണാതെ നീണ്ടുപോകുന്നത്. മാലിന്യത്തിന്റെ പേരില്‍ പൊതുസമൂഹത്തില്‍ ഒറ്റപ്പെട്ടുകഴിയേണ്ടി വരുന്ന ഒരു ജനതയുടെ പ്രതിരോധാനുഭവം.
31 May 2022, 10:24 AM
കോഴിക്കോട് ജില്ലയിൽ വടകരക്കടുത്തുള്ള കരിമ്പന തോട് മലിനീകരണവും അതിനെതിരായ നാട്ടുകാരുടെ പ്രതിഷേധവും ഒരു പതിറ്റാണ്ട് പിന്നിടുന്നു, ഒരു പരിഹാരവുമില്ലാതെ. മാലിന്യരഹിതമായ അന്തരീക്ഷത്തില്‍ ജീവിക്കാനുള്ള ഒരു ജനതയുടെ അവകാശമാണ് ഇവിടെ ലംഘിക്കപ്പെടുന്നത്. മഴ ശക്തമായാൽ, പകർച്ചവ്യാധികളടക്കം പടർന്നുപിടിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
2012 മുതല്‍ ദുരിതജീവിതം പേറുന്നവരാണ് ഇവിടുത്തെ നാട്ടുകാർ. പ്രതികരിച്ച് തൊണ്ട തളര്‍ന്നവരെന്ന് അവരെ വിളിക്കാം. നഗരസഭയുടെ അശാസ്ത്രീയ പ്രവര്‍ത്തനങ്ങളും അനധികൃത അനുമതികളും നിസ്സംഗതയും 1300 ലേറെവരുന്ന ഒരു സമൂഹത്തിന്റെ ജീവിതമാണ് വഴിമുട്ടിക്കുന്നത്.
പണ്ട് കരിമ്പനത്തോട് ഇങ്ങനെയായിരുന്നു...
ഒരുകാലത്ത് കരിമ്പനതോട് ഇവിടുത്തെ മനുഷ്യരുടെ ജീവനോപാധിയായിരുന്നു. അഴിമുഖ പ്രദേശമായതിനാല്‍ മത്സ്യസമ്പത്ത് ആവോളം. റോഡിനോട് ചേര്‍ന്ന മരവ്യവസായവും കയര്‍ ഉല്‍പാദന യൂണിറ്റും തദ്ദേശീയ തലത്തില്‍ കരിമ്പന പ്രദേശത്തെ അടയാളപ്പെടുത്തിയിരുന്നവയാണ്. ഇത്തരത്തില്‍ പ്രൗഢമായ വാണിജ്യമേഖലയുടെയും വ്യവസായങ്ങളുടെയും ഈറ്റില്ലമായിരുന്നു അന്ന് കരിമ്പന.
വടകര നഗരത്തിന്റെ കിഴക്കന്‍ പ്രദേശമായ മേപ്പയില്‍, തച്ചോളി മാണിക്കോത്ത്, നാരായണ നഗരം ഭാഗങ്ങളില്‍നിന്ന് ഉറവ ഊര്‍ന്ന് കൈത്തോടുകളായി ഒഴുകി കളരിയുള്ളതില്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ചരിവിലൂടെ കരിമ്പന അങ്ങാടി കടന്ന് കുട്ടിയാമില്‍ ചീര്‍പ്പിര്‍പ്പിലെത്തുന്നു. ഇവിടുന്നാണ് മൂരാട് പുഴയിലേക്ക് ചേരുന്നത്. കരിമ്പനയുടെ സഞ്ചാരപാത 1.75 കിലോമീറ്ററിലേറെ വരും. നാടിന്റെ സമ്പന്നമായ ജലസ്രോതസ്സ് ഇന്ന് നീരൊഴുക്കുള്ള പ്രദേശങ്ങളിലെല്ലാം ദുരിതം വിതച്ച്, മാലിന്യവും പേറി പാമ്പ് കണക്കെ ഇഴഞ്ഞ് നീങ്ങുകയാണ്. കറുത്തനിറത്തില്‍ തളംകെട്ടിനില്‍ക്കുന്ന മാലിന്യമാണ് ഇന്ന് തോട്ടിലൂടെ നിരന്തരം ഒഴുകിവരുന്നത്. മത്സ്യങ്ങള്‍ ചത്തുപൊന്തുന്നത് പതിവുകാഴ്ചയാണ്.

മാരകവിഷാംശമാണ് തോടുകളിലൂടെ പുരയിടത്തിലേക്ക് ഒഴുകിയെത്തുന്നത്. 64 ലേറെ കൈത്തോടുകളാണ് കരിമ്പനക്കുണ്ടായിരുന്നത്. പലതും ഒഴുകിയിരുന്നത് ജനവാസ മേഖലയിലൂടെ തന്നെയാണ്. റോഡുകള്‍ നിവരാന്‍ കൈത്തോടുകള്‍ പലതും നികത്തിയപ്പോഴും ചതുപ്പു പ്രദേശങ്ങളിലെ നീരൊഴുക്ക് നിലക്കുന്നില്ല. ഇന്ന് തോട്ടിലെ വിഷമാലിന്യം കിണറുകളില്‍ ഊഴ്ന്നിറങ്ങി കുടിവെള്ളവും ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. സ്വന്തമായി കിണറുണ്ടായിട്ടും കുടിവെള്ളക്ഷാമം നേരിടേണ്ടിവരുന്ന ഒരു ജനത. ഇത്തരത്തില്‍ ദയനീയചിത്രമാണ് കരിമ്പന തോട് വരച്ചുവെക്കുന്നത്.
സ്വന്തമായി ഡ്രെയിനേജ് സംവിധാനം ഇല്ലാത്ത നഗരസഭ, കച്ചവട സ്ഥാപനങ്ങള്‍ക്ക് അഴുക്കുചാല്‍ തോട്ടിലേക്ക് ഒഴുക്കാന്‍ മൗനാനുവാദം നല്‍കുന്നതാണ് പ്രശ്‌നം രൂക്ഷമാക്കുന്നത്. ഒരു വശത്ത് നഗരം വികസിക്കുമ്പോൾ അവിടുത്തെ മാലിന്യങ്ങളെല്ലാം വന്നുചേരുന്നത് വടകരയുടെ ഹൃദയഭാഗത്ത് കരിമ്പന തോട് നിവാസികള്‍ക്കിടയിലേക്കാണ്. ചെറുതും വലുതുമായ കച്ചവടസ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, ബേക്കറികള്‍, റസ്റ്റോറന്റുകള്‍, ലോഡ്ജുകള്‍ എന്നിവിടങ്ങളിൽനിന്ന് പുറന്തള്ളുന്ന വിസര്‍ജ്യം ഏറ്റുവാങ്ങേണ്ട ഗതികേട് കരിമ്പനതോടിനാണ്. മനുഷ്യമലത്തിന്റെ ഗന്ധമാണ് ഒരു നാടുമുഴുവന്‍ പേറുന്നത്. ശ്വസിക്കുന്ന വായുവിനും കഴിക്കുന്ന ഭക്ഷണത്തിനും വരെ രൂക്ഷ മണവും രുചിയും. നാടുവിട്ട് പോകുക എന്ന അവസാന മാര്‍ഗ്ഗം മാത്രമാണ് ഇനി ഇവര്‍ക്കുമുന്നിലുള്ളത്. ഒട്ടേറെ കുടുംബങ്ങള്‍ ഇതിനകം വീടുപേക്ഷിച്ച് മാറിയിട്ടുണ്ട്. തുച്ഛമായ വിലയ്ക്ക് സ്ഥലം വില്‍ക്കേണ്ടി വരികയാണ്. ജീവിതകാലം മുഴുവന്‍ വിയര്‍പ്പൊഴുക്കി സ്വരൂപിച്ചതെല്ലാം കിട്ടുന്ന വിലയ്ക്ക് വിറ്റ് സ്ഥലം വിടുകയാണിവർ.
പുറംലോകം ഇവിടുത്തെ മനുഷ്യരെ തോടുനിവാസികളായി മാത്രമാണ് കാണുന്നത്. മാലിന്യത്തിന്റെ പേരില്‍ ഒരു ജനത അരികുവല്‍കരിക്കപ്പെടുന്ന സ്ഥിതിയാണ്. അവരുടെ നിരന്തര പ്രക്ഷോഭങ്ങൾ നഗരസഭയുടെ ചുവന്ന നാടകളില്‍ കുടുങ്ങിക്കിടക്കുന്നു. പ്രതിഷേധങ്ങള്‍ക്ക് കനം വച്ചപ്പോള്‍ നഗരസഭ പേരിനൊരു ട്രീറ്റ്‌മെൻറ് പ്ലാൻറ് ഉണ്ടാക്കിയെന്നല്ലാതെ മറ്റൊന്നും ഇവര്‍ക്കായി ചെയ്തിട്ടില്ല. അത് വര്‍ഷങ്ങളായി പ്രവര്‍ത്തനം നിലച്ച് തോടിന്റെ പ്രഭവസ്ഥാനത്ത് മീസാന്‍ കല്ല് കണക്കെ നിലകൊള്ളുന്നുണ്ട്.
പഴകിയ പ്രതിഷേധ ചരിത്രം
ഖരമാലിന്യ സംസ്‌കരണത്തിന് ഫലപ്രദമായ സൗകര്യങ്ങളൊരുക്കിയതിനുള്ള നവകേരളം പുരസ്‌കാരം ഏറ്റുവാങ്ങിയ ഒരു നഗരസഭ കൂടിയാണ് വടകര എന്നോര്‍ക്കണം. മാത്രമല്ല, ക്ലീന്‍ സിറ്റി- ഗ്രീന്‍ സിറ്റി- സീറോ വേസ്റ്റ് വടകര എന്ന പദ്ധതിക്ക് രൂപം നല്‍കി മാലിന്യ സംസ്‌കരണത്തിന് പ്രതേ്യക പദ്ധതി തയാറാക്കുകയും സംസ്ഥാനത്തെ ആദ്യ മാലിന്യമുക്ത ശുചിത്വ നഗരസഭയുടെ പദവിയിലേക്ക് ഉയരുകയും ചെയ്ത തദ്ദേശ സ്ഥാപനം കൂടിയാണിത്. മുഖ്യമന്ത്രിയാണ് വടകര നഗരസഭയെ മാലിന്യമുക്ത- ശുചിത്വ നഗരസഭമായി പ്രഖ്യാപിച്ചത്. നഗരസഭാ പ്രദേശത്തെ ജൈവ- അജൈവ പാഴ്‌വസ്തുക്കളെ ഫലപ്രദമായി റീ സൈക്കിള്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയായിരുന്നു ഇത്. വടകരയെ അടുത്ത അഞ്ചുവര്‍ഷം കൊണ്ട് കാര്‍ബണ്‍ ന്യൂട്രല്‍ നഗരസഭായാക്കി മാറ്റാനുള്ള പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്.

എന്നാൽ, നഗരവികസനത്തിന്റെ എല്ലാ വിഴുപ്പും പേറേണ്ടിവരുന്നത് ഈ നാട്ടുകാരാണ്. വടകര നഗരം വികസിക്കുന്നതിനനുസരിച്ച് കരിമ്പനയുടെ മാലിന്യതോതും ഉയരുകയാണ്. നഗരസഭയ്ക്ക് സ്വന്തമായൊരു അഴുക്കുചാല്‍ ഇല്ലാത്തതാണ് പ്രശ്‌നങ്ങളുടെ കാതലായ വശം. വടകര പുതിയ ബസ് സ്റ്റാന്‍ഡ്, പച്ചക്കറി മാര്‍ക്കറ്റ്, മത്സ്യവ്യാപാര കേന്ദ്രം ഇവയ്ക്ക് അനുമതി നല്‍കുന്നത് മതിയായ അഴുക്കുചാല്‍ സംവിധാനങ്ങള്‍ ഇല്ലാതെയാണ്. അന്ന് ലൈസന്‍സ് നല്‍കുമ്പോള്‍ ശാസ്ത്രീയ മാലിന്യനിര്‍മാര്‍ജന സംവിധാനം നഗരസഭക്ക്കണ്ടെത്താന് കഴിഞ്ഞില്ല. പിന്നീട് ഇന്നോളം ഇത്തരമൊരു സംവിധാനമില്ലാതെയാണ് ഇവ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ പുറന്തള്ളപ്പെടുന്ന മലിനജലം വന്നുചേരുന്നത് കരിമ്പന തോടിലാണ്. അതിനു പുറമേയാണ് നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലെ കക്കൂസ് മാലിന്യം തോട്ടിലേക്ക് ഒഴുക്കിവിടുന്നത്.
പ്രശ്‌നം പഠിക്കാൻ നിയോഗിക്കപ്പെട്ട ‘അച്യുതന്‍ കമ്മിറ്റി റിപ്പോര്‍ട്ടി 'ല്‍ കരിമ്പന ഒരു മലിനീകരണ തോടല്ലെന്നും നിലവിലെ സ്ഥിതി പരിഹരിച്ച് കരിമ്പന തോടിനെ പൂര്‍വസ്ഥിതിയിലാക്കണമെന്നും ഉത്തരവുണ്ടായി. എന്നാല്‍ റിപ്പോര്‍ട്ടിന് പത്തുവര്‍ഷത്തെ പഴക്കമുണ്ടെന്നല്ലാതെ ഇന്നും കരിമ്പനതോടിന് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. അന്നത്തേക്കാളേറെ മാരകമായ വിഷവസ്തുക്കളാണ് തോട് വഴി ഒഴുകി മൂരാട് പുഴയില്‍ ചേരുന്നത്. ഓംബുഡ്സ്മാന്‍ കോടതി റിപ്പോര്‍ട്ട് പ്രകാരം സമീപത്തെ കിണറുകളില്‍ പോലും വ്യാപകമായി ഇ- കോളി, കോളിഫോം തുടങ്ങിയ ബാക്ടീരികളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇവ സൃഷ്ടിക്കുന്ന പകര്‍ച്ചവ്യാധിഭീഷണിയും ചെറുതല്ല. മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി നിശ്ചിതതുക നഗരസഭാ വര്‍ഷാവര്‍ഷം നീക്കിവെക്കുന്നുണ്ടെന്നിരിക്കെ കരിമ്പന തോടിനോട് ചേര്‍ന്നുള്ള തദ്ദേശീയര്‍ക്കുണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് യാതൊരു പരിഹാരവും നഗരസഭയ്ക്ക് മുന്നോട്ടു വെക്കാനില്ല.

പ്രശ്‌നം ഗുരുതരമായ 2012-13 കാലഘട്ടങ്ങളിലാണ് പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ജനം കോടതിയെ സമീപിച്ചത്. അന്ന് ജനകീയ സമരസമിതി രൂപീകരിക്കുന്നതിനുമുന്‍പ് ‘നവഭാവന' കൂട്ടായ്മയാണ് പ്രതിഷേധങ്ങള്‍ക്ക് വേരുറപ്പ് നല്‍കിയത്. ഓംബുഡ്‌സ്മാന്‍ കോടതി 706/2011 ലെ ഉത്തരവ് ചൂണ്ടിക്കാട്ടി സമരസമിതി കേരള സ്റ്റേറ്റ് പൊല്യൂഷൻ കണ്‍ട്രോള്‍ ബോര്‍ഡിന് നിവേദനം നല്‍കിയിരുന്നു. അതില്‍ മാലിന്യപ്രശ്‌നം ഏതൊക്കെ തരത്തില്‍ പ്രദേശത്തെ ബാധിക്കുന്നുണ്ടെന്ന് അക്കമിട്ട് നിരത്തിയിട്ടുണ്ട്:
-
കരിമ്പനത്തോട് മാലിന്യം വഹിച്ച് ഒഴുക്കുന്നതിനാല്‍ ഇത് കടന്നുപോകുന്ന പ്രദേശത്തെ കിണറുകളെല്ലാം ഉപയോഗശൂന്യമായി.
-
പ്രദേശവാസികള്‍ക്ക് ശുദ്ധജലം നിഷേധിക്കപ്പെടുന്നു.
-
മത്സ്യസമ്പത്ത് നശിച്ചു. ഇത്തരത്തില്‍ ഉപജീവനം നടത്തിയിരുന്നവരുടെ തൊഴില്‍ നിഷേധിക്കപ്പെട്ടു.
-
കരിമ്പനത്തോട് എന്ന ശുദ്ധജലപ്രവാഹം ഒരു മാലിന്യവാഹിനിയായി.
-
ജലഗതാഗത പാതയായി ഉപയോഗിച്ചിരുന്ന കരിമ്പനത്തോട് ജലഗതാഗതത്തിന് ഉപയോഗിക്കാന്‍ പറ്റാതെയായി.
-
ഇ- കോളി ബാക്ടീരിയ കരിമ്പനത്തോട്ടിലെ ജലത്തില്‍ മാരകമായ വിധത്തില്‍ അടങ്ങിയിട്ടുണ്ടെന്ന് നഗരസഭ നിയമിച്ച ഡോ. അച്ചുതന്‍ കമ്മറ്റി കണ്ടെത്തിയിട്ടുണ്ട്. മന്ത്, മലേറിയ, ക്ഷയം, ത്വക്ക് രോഗങ്ങള്‍ ശ്വാസകോശരോഗങ്ങള്‍, മഞ്ഞപ്പിത്തം തുടങ്ങിയ മാരകരോഗങ്ങളുടെ രോഗാണുക്കള്‍ ഈ മാലിന്യങ്ങളിൽ അടങ്ങിയിട്ടുണ്ട്.
-
മാലിന്യപ്രശ്‌നം മൂലം പ്രദേശത്ത്, വിവാഹം മുടങ്ങുന്നത് അടക്കമുള്ള സാമൂഹിക പ്രശ്നങ്ങൾക്ക് കാരണമാകുന്നു.
-
വീടുകളില്‍ ഭക്ഷണം വിളമ്പിയുള്ള യാതൊരു ചടങ്ങും ദുര്‍ഗന്ധം കാരണം നടത്താന്‍ സാധിക്കാറില്ല.
-
ഭൂമി വിൽക്കുമ്പോൾ തുച്ഛമായ വിലയാണ് കിട്ടുന്നത്.
-
തോടിന്റെ തീരങ്ങളിലുള്ള സസ്യ- ജീവ ജാലങ്ങൾ നശിച്ചുകഴിഞ്ഞു.
-
തോടിന്റെ കരയില്‍ താമസിക്കുന്നവര്‍ നഗരവല്‍ക്കരണത്തിന്റെ ഭാഗമായ കുടിയേറ്റക്കാരല്ല. പൗരാണികമായി താമസിച്ചു വരുന്ന പ്രദേശവാസികളാണ്. നഗര വികസനത്തിനായി സ്ഥലം സംഭാവന ചെയ്തവരാണ്.
-
പരമ്പരാഗത കയര്‍, മര വ്യവസായങ്ങള്‍ ഭീഷണിയിലാണ്.
ഭരണതലത്തില്‍ നിന്നുള്ള പദ്ധതി ആസൂത്രണത്തിലെ അപാകതകളാണ് പ്രശ്‌നം രൂക്ഷമാകാൻ കാരണമെന്ന് സമരസമിതി മലിനീകരണ നിയന്ത്രണ ബോർഡിന് അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. നഗരത്തിന്റെ മൊത്തം മാലിന്യവും പേറുന്നവരായി മാറാന്‍ കരിമ്പന തോടിന് സമീപത്ത് താമസിക്കുന്നവരെ ‘വിധിക്കുന്നത്’ സാമൂഹ്യ നീതിക്ക് നിരക്കാത്തതും മൗലികാവകാശങ്ങളുടെ നഗ്‌നമായ ലംഘനവുമാണ്.
മാലിന്യമൊഴുക്കാൻ സ്വാധീനവും
നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയ പ്രധാന വസ്തുതകള്‍: കിണറുകള്‍ ഉപയോഗശൂന്യമാകുന്നതിനാല്‍ കുടിവെള്ളക്ഷാമം രൂക്ഷമാണ്. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട ഹോട്ടലുകള്‍, ലോഡ്ജുകള്‍, മറ്റു വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയുടെയെല്ലാം മാലിന്യ നിര്‍ഗമന ഓവുകള്‍ തുറന്നിരിക്കുന്നത് കരിമ്പന തോട്ടിലേക്കാണ്. വന്‍ സാമ്പത്തികശേഷിയുള്ള സ്ഥാപന ഉടമകള്‍ പണസ്വാധീനമുപയോഗിച്ച് തങ്ങളുടെ ജോലി എളുപ്പമാക്കുന്നതിന് ഈ മാലിന്യങ്ങള്‍ കരിമ്പന തോട്ടിലേക്ക് ഒഴുകുകയും അത് പ്രദേശവാസികളുടെ സ്വച്ഛമായ ജീവിതത്തിന് നിരന്തര തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു.
ബസ്റ്റാന്‍ഡ് കംഫര്‍ട്ട് സ്റ്റേഷനിലെ 30 മൂത്രപ്പുരകളുടെയും 15 കക്കൂസുകളുടെയും മാലിന്യങ്ങള്‍ പൈപ്പുകള്‍ വഴി മഴവെള്ള ചാലിലൂടെ കരിമ്പന തോട്ടിലേക്കാണ് ഒഴുകുന്നത്.
എന്നാല്‍ മാലിന്യ പൈപ്പുകള്‍ മഴവെള്ള ചാലിലിടാന്‍ നഗരസഭ തന്നെ അനുവാദം കൊടുത്തതായി മനസ്സിലാക്കിയിട്ടുണ്ട്. മത്സ്യ, പച്ചക്കറി മാര്‍ക്കറ്റുകളുടെ മലിനജലവാഹിനിയായി കരിമ്പന തോട് മാറ്റപ്പെട്ടു.
2012ൽ നാരായണനഗര്‍ മുതല്‍ കുട്ടിയാമില്‍ ചീര്‍പ്പ് വരെ മനുഷ്യച്ചങ്ങല തീര്‍ത്താണ് പ്രതിഷേധത്തിന് തുടക്കമിട്ടത്. ഈ പ്രതിഷേധ കൂട്ടായ്മയാണ് ജനകീയ സമരസമിതിയായി സംഘടിക്കുന്നത്. അന്ന് മനുഷ്യചങ്ങലയില്‍ പങ്കെടുത്ത പി.പി. വിജയന്‍ ഇന്ന് സമരസമിതി കണ്‍വീനറാണ്. കെ.രമേശനാണ് ചെയര്‍മാന്‍. മുനിസിപ്പല്‍ ഓഫീസ് മാര്‍ച്ച്, ധര്‍ണ, സത്യാഗ്രഹം തുടങ്ങി പ്രതിഷേധങ്ങള്‍ ഒരുപാട് സംഘടിപ്പിക്കപ്പെട്ടു. ദുര്‍ഗന്ധം പേറുന്ന തോട്ടിലെ വെള്ളം മുനിസിപ്പല്‍ ഓഫീസിനുമുന്നില്‍ ഒഴിച്ചു.

അന്നത്തെ ചെയര്‍പേഴ്‌സണുമായി ചര്‍ച്ച നടത്തിയപ്പോൾ ട്രീറ്റ്‌മെൻറ് പ്ലാൻറ് സ്ഥാപിക്കുമെന്നും എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയെന്നും മറുപടിയുണ്ടായി. പലതവണ താലൂക്ക് വികസന സമിതിയില്‍ പരാതി നല്കിയതിന്റെ അടിസ്ഥാനത്തില്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ ഇടപെടുകയും ശാശ്വത പരിഹാരം ഉണ്ടാവുമെന്ന് ഉറപ്പ് നല്കുകയും ചെയ്തതാണ്.
എത്രയും പെട്ടെന്ന് പരിഹാരം കാണുമെന്ന ഉറപ്പില്‍ സമരം അവസാനിച്ചു. എന്നാല്‍ വീണ്ടും പ്രശ്‌നം രൂക്ഷമാകാന്‍ തുടങ്ങി. ഒടുവില്‍ ടൗണ്‍ഹാളില്‍ നടന്ന വികസന സെമിനാറില്‍ കലക്ടറുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ചര്‍ച്ചയില്‍ പ്ലാൻറ് സ്ഥാപിക്കാമെന്ന് സഭ വീണ്ടും ഉറപ്പുനല്‍കി. അതും പാലിക്കപ്പെടാത്തതിനെ തുടര്‍ന്നാണ് സത്യാഗ്രഹവും ധര്‍ണയുമായി സമരസമിതി സജീവമായത്. എന്നാല്‍ പിന്നീട് സ്ഥാപിക്കപ്പെട്ട പ്ലാൻറ് പ്രവര്‍ത്തനം പൂട്ടി പഴയ അവസ്ഥയിലേക്ക് തന്നെ കൊണ്ടെത്തിച്ചു.
ഇതിനിടെ, കരിമ്പനത്തോടിനെ പൂര്‍വ്വസ്ഥിതിയിലേക്ക് കൊണ്ടുവരുന്നതിന് നഗരസഭയുടെ കൂടി സഹകരണത്തോടെ പ്രദേശത്തെ മുഴുവന്‍ ജനങ്ങളെയും അണിനിരത്തി ഘട്ടങ്ങളായി തോട് നവീകരിക്കുകയും മാലിന്യം ഒരു പരിധിവരെ നീക്കം ചെയ്യപ്പെടുകയും ചെയ്തു. എന്നാല്‍ തുടര്‍ന്നും വടകരയിലെ കച്ചവട സ്ഥാപനങ്ങള്‍ കക്കൂസ് മാലിന്യമുള്‍പ്പെടെ തോട്ടിലേക്കൊഴുക്കുകയാണ്. അന്ന് ജനങ്ങള്‍ നേരിട്ട് നടത്തിയ പരിശോധനയില്‍ അഞ്ച് സ്ഥാപനങ്ങള്‍ കക്കൂസ് മാലിന്യം ഉള്‍പ്പെടെ നേരിട്ട് തോട്ടിലേക്ക് ഒഴുക്കുന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ശക്തമായ നടപടികളുണ്ടായില്ല.
പ്രക്ഷോഭത്തെ തുടര്‍ന്ന് ഓംബുഡ്‌സ്മാനില്‍ നല്‍കിയ പെറ്റീഷന്റെ അടിസ്ഥാനത്തില്‍ സ്ഥാപിതമായ ട്രീറ്റ്‌മെൻറ് പ്ലാൻറ് ഒട്ടും പര്യാപ്തമായിരുന്നില്ല. കൂടാതെ പെട്ടെന്ന് തന്നെ പ്ലാന്റിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്തു. ഇതേതുടർന്ന് നഗരപരിധിയിലെ വാണിജ്യ സ്ഥാപനങ്ങളും കംഫര്‍ട്ട് സ്റ്റേഷനും ആശുപത്രികളുമെല്ലാം മാലിന്യം വീണ്ടും ഒഴുക്കിവിടാൻ തുടങ്ങി. ഇതേതുടർന്ന്, ട്രീറ്റ്‌മെൻറ് പ്ലാൻറ് അടിയന്തരമായി പ്രവര്‍ത്തന സജ്ജമാക്കണമെന്നും മാലിന്യം ഒഴുക്കി വിടുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും തോടിനിരുവശവമുള്ള കരിങ്കല്‍ ഭിത്തി നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്നും കുട്ടിയാമില്‍ ചീര്‍പ്പിന്റെ അടക്കല്‍ തുറക്കല്‍ പ്രവര്‍ത്തനം നഗരസഭ ഏറ്റെടുക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.
പ്രദേശത്തെ റോഡിനോട് ചേര്‍ന്ന് നാല് മരമില്ലുകളും അനവധി സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. നൂറിലേറെ പേരുടെ ഉപജീവനമാര്‍ഗമാണിത്. മനുഷ്യവിസര്‍ജ്യം നിരന്തരം ഒഴുകിയെത്തുന്ന തോട്ടിലിറങ്ങി ജോലി ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. മരത്തിന്റെ സീസണിങ്ങിനും മറ്റും ഈ തോടാണ് ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ ജോലി ചെയ്യേണ്ടിവരുന്ന തൊഴിലാളികള്‍ക്ക് മാറാവ്യാധികളും ത്വക്ക് രോഗങ്ങളും പിടിപെടുന്നു. പരിസരത്തെ താമസക്കാര്‍ക്കും കച്ചവടക്കാരിലും ആസ്ത്മ, മഞ്ഞപ്പിത്ത രോഗങ്ങള്‍ വ്യാപകമാണ്. സമീപ അംഗന്‍വാടിയിലെ കുട്ടികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നതിനാല്‍ അംഗന്‍വാടിക്ക് പലപ്പോഴും അവധി നല്‍കേണ്ടിവരുന്നു.

കൈവഴിയിലൂടെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് മാലിന്യം വ്യാപിക്കുന്നതിനാൽ മത്സ്യസമ്പത്ത് പൂര്‍ണമായും ഇല്ലാതായി. മുരാട് പുഴയില്‍ ചെന്നുചേരുന്ന നിന്നുള്ള മാലിന്യം പുഴയേയും ബാധിച്ചുകഴിഞ്ഞു. തോട്ടിലെ വെള്ളം CWRDMൽ പരിശോധിച്ചപ്പോഴെല്ലാം വന്‍തോതില്‍ ഈ കോളി കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
ഇതിനിടയില്‍ 2018ൽ സമരസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സൂചകമായി ബണ്ട് കെട്ടി മാലിന്യപ്രശ്‌നം തടയാന്‍ ശ്രമിച്ചിരുന്നു. ഇത് സമീപത്തെ കടകളില്‍ വെള്ളം കയറുന്നതിന് കാരണമായെന്നല്ലാതെ ശാശ്വത പരിഹാരമുണ്ടായില്ല. സി.കെ നാണു എം.എൽ.എയായിരുന്നപ്പോൾ അനുവദിച്ച ഫണ്ട് വിനിയോഗിക്കപ്പെടാതിരിക്കന്‍ കാരണമെന്തെന്ന് ഇന്നും ആര്‍ക്കുമറിയില്ല.
മാലിന്യം ‘കണ്ടെത്താന്‍' പതിവായി നഗരസഭാ അധികൃതരും ഉദ്യോഗസ്ഥരും പരിശോധന നടത്താറുണ്ടെങ്കിലും കാര്യമായി ഒന്നും കണ്ടെത്താറില്ല. ഈയിടെ, നാട്ടുകാര്‍ തോട് വൃത്തിയാക്കി മാലിന്യമെല്ലാം എടുത്തുമാറ്റി. ദിവസങ്ങള്‍ക്കകം തോട് വീണ്ടും മലിനമയമായി. ഇതേതുടര്‍ന്ന് പരിശോധന നടത്തിയപ്പോഴും ഒന്നും കണ്ടെത്താനായില്ല, അധികൃതര്‍ക്ക്. മാലിന്യത്തിന്റെ ഉറവിടം ഇങ്ങനെ അധികൃതര്‍ക്കുമുന്നില്‍ സദാ ‘അപ്രത്യക്ഷമായി' കിടക്കുകയാണ്.
പ്രശ്‌നം പരിഹരിക്കപ്പെടേണ്ടതെങ്ങനെ?
പ്രശ്‌നപരിഹാരത്തിന് രണ്ട് മാര്‍ഗങ്ങളാണ് സമിതി മുന്നോട്ടുവയ്ക്കുന്നത്.
ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, വ്യാപാരസ്ഥാപനങ്ങള്‍ ഇവയെ കോര്‍ത്തിണക്കി 6.5 കിലോമീറ്റര്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കണം. മലിനജലം പൈപ്പ് വഴി ശേഖരിച്ച് ശുദ്ധീകരണ പ്ലാന്റിലെത്തിക്കാം. തുടര്‍ന്നുവരുന്ന വെള്ളം കൃഷിക്കും മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിക്കാം. നിലവില്‍ പ്രവര്‍ത്തനരഹിതമായ പ്ലാൻറ് നിലനില്‍ക്കുന്ന നാരായണനഗറില്‍ തന്നെ പുതിയ പ്ലാന്റിന് സ്ഥലം കണ്ടെത്താം. കരിമ്പന തോട്ടിലേക്ക് രണ്ടരലക്ഷം ലിറ്റര്‍ മലിനജലം എത്തുന്നുണ്ടെന്നാണ് കണക്ക്. പ്ലാന്റിന് 5.2 ലക്ഷം ലിറ്റര്‍ മലിനജലം ശുദ്ധീകരിക്കാന്‍ കഴിയും.
അരിയാക്കിതോടിലാണ് മറ്റൊരു പദ്ധതി. ഇവിടെ തോട്ടിലെത്തുന്ന വെള്ളം പ്ലാനില്‍ നേരിട്ട് എത്തിച്ചു ശുദ്ധീകരിക്കാം. കൂടാതെ 20,000 ലിറ്റര്‍ ശേഷിയുള്ള സെപ്‌റ്റേജ് പ്ലാന്റും സ്ഥാപിക്കാം.നിലവില്‍ പ്രശ്‌നപരിഹാരത്തിന് ശാശ്വതമായ മാര്‍ഗ്ഗങ്ങള്‍ പലതവണ സമരസമിതി, നഗരസഭയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നുണ്ട്. വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ അവര്‍ നിരന്തരം മുന്നോട്ടുവയ്ക്കുന്നു. പലപ്പോഴും സാമ്പത്തികം ഇല്ലെന്ന പതിവുപല്ലവിയാണ് ഭരണതലത്തില്‍ നിന്ന് ലഭിക്കുന്നത്. എന്നാല്‍ ഇതിന് ഫണ്ട് കണ്ടെത്താനും സമരസമിതി ചില നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. നഗരത്തിലെ പ്രധാന ഓവുചാലുകള്‍ ബന്ധിപ്പിച്ച് ഒരു ലൈന്‍ സ്ഥാപിക്കണമെന്നതു തന്നെയാണ് അതില്‍ പ്രധാനം.

‘‘നഗരസഭയ്ക്ക് ഫണ്ടില്ലെങ്കില്‍ ഒരു കൂട്ടായ്മ വിളിച്ച് ഫണ്ട് സ്വരൂപിക്കണം. സ്വന്തമായി പ്ലാന്റുള്ള വന്‍കിട സ്ഥാപനങ്ങള്‍ക്ക് ശുദ്ധീകരിച്ച വെള്ളം തോട്ടില്‍ ഒഴുകുന്നതിന് തടസ്സമില്ല. നഗരസഭ സ്ഥാപിക്കുന്ന പ്ലാന്റിലേക്ക് മറ്റുള്ള സ്ഥാപനങ്ങള്‍ പുറന്തള്ളുന്ന മലിനജലത്തിന്റെ തോതനുസരിച്ച് നിശ്ചിതതുക വാങ്ങിക്കാം. ഇത് പ്ലാന്റിന്റെ നിര്‍മാണത്തിന് കണ്ടെത്തിയ തുകയിലേക്ക് വക മാറ്റാം. ചുരുങ്ങിയ കാലയളവുകൊണ്ടുതന്നെ പ്ലാന്റിനു ചെലവായ തുക നഗരസഭയ്ക്ക് തിരിച്ചുപിടിക്കാം. ഇതൊരു ‘മാന്‍ഡേറ്ററി പ്രൊസീജറാ’യി പുതുതായി വരുന്ന സ്ഥാപനങ്ങള്‍ക്കുമുന്‍പില്‍ അവതരിപ്പിക്കണം. നിലവിലെ സ്ഥാപനങ്ങള്‍ വ്യവസ്ഥ ലംഘിക്കുകയാണെങ്കില്‍ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കണം. എം എല്‍ എ- എം പി ഫണ്ടില്‍ നിന്ന് ഒരു തുക ഇതിന് ഉപയോഗിക്കാന്‍ അപേക്ഷിക്കണം. കൂടാതെ, ഇത്തരത്തിലൊരു ഒരു ഏകോപനമുണ്ടാക്കി സ്ഥാപനങ്ങളിലെ മലിനജലം നഗരസഭ പ്ലാന്റിലൂടെ ശുദ്ധീകരിച്ച് കരിമ്പന തോടിലൊഴുക്കുന്നതിന് പ്രദേശവാസികള്‍ക്ക് എതിര്‍പ്പില്ല. ഇങ്ങനെ യുക്തിസഹജമായ ബദല്‍ മാര്‍ഗങ്ങളാണ് നഗരസഭയുടെ ഭാഗത്തുനിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്’’- സമരസമിതി കണ്‍വീനര്‍ പി. പി. വിജയന്‍ പറയുന്നു.
പ്ലാന്റ് സ്ഥാപിക്കേണ്ടതിനൊടൊപ്പം, മുന്‍സിപ്പാലിറ്റി സ്വന്തമായൊരു ഡ്രെയ്‌നേജ് സംവിധാനം കൊണ്ടുവരാന്‍ അടിയന്തരമായി മുന്‍കൈയെടുക്കണം. ഇവ രണ്ടും ഫലപ്രദമായി നടപ്പിലാക്കിയാല്‍ വടകരയിലെ മാലിന്യപ്രശ്‌നങ്ങള്‍ക്ക് ആശ്വാസം കൈവരും. പരിസരത്തെ വീടുകളില്‍ ശാസ്ത്രീയമായ രീതിയില്‍ തന്നെ സെപ്റ്റിക് ടാങ്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ നഗരത്തിലെ കച്ചവട സ്ഥാപനങ്ങള്‍ക്കും ഹോട്ടലുകള്‍ക്കും ലോഡ്ജുകള്‍ക്കുമൊക്കെയാണിവ ഇല്ലാത്തത്. നിലവില്‍ കരിമ്പന തോടിന് ഇരുവശവും മുന്‍സിപ്പാലിറ്റി സംരക്ഷണ മതില്‍ കെട്ടിയിട്ടുണ്ട്. കുട്ടിയാമില്‍ ചീര്‍പ്പ് വരെ ഇത് ദീര്‍ഘിപ്പിക്കണം. 1.25 കിലോമീറ്റര്‍ ചുറ്റളവിലുള്ള വെള്ളമാണ് തോട് വഴി ഒഴുകുന്നത് ഇനിയും അശാസ്ത്രീയ രീതിയില്‍ വിഷയം കൈകാര്യം ചെയ്താല്‍ ഇവിടുത്തെ പൗരസമൂഹത്തിന് അത് വരുത്തിവയ്ക്കുന്ന പ്രത്യാഘാതം ഗുരുതരമായിരിക്കും. കരിമ്പന തോടിന് സമാനമായ പ്രശ്‌നങ്ങള്‍ തളിപ്പറമ്പ് ടൗണ്‍ മേഖലയില്‍ മുമ്പുണ്ടായിരുന്നു. എന്നാല്‍ അവിടെ ശാസ്ത്രീയമായ രീതിയില്‍ തന്നെ ട്രീറ്റ്‌മെൻറ് പ്ലാൻറ് സ്ഥാപിച്ച് പ്രശ്‌നം പരിഹരിച്ചു. ഇത് പഠിക്കാന്‍ നഗരസഭയില്‍ നിന്ന് ഒരു സംഘം തളിപ്പറമ്പ് സന്ദര്‍ശിച്ചിരുന്നു. സമരസമിതി കണ്‍വീനര്‍ പി.പി. വിജയനും സംഘത്തിനൊപ്പമുണ്ടായിരുന്നു. അവിടെ 5000 ലിറ്റര്‍ ആണ് ട്രീറ്റ്‌മെൻറ് പ്ലാന്റിന്റെ കപ്പാസിറ്റി. 10 സെൻറ് ഭൂമിയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്.
തളിപ്പറമ്പിലെ വിജയ മോഡല്‍ മാതൃകയായി എടുത്ത് വടകരയില്‍ നാരായണനഗറിനോട് ചേര്‍ന്ന് ഭൂമി മുനിസിപ്പാലിറ്റി വാങ്ങുമെന്നറിയുന്നു. എ ന്നാൽ, ഇതിന് ഇതുവരെ സ്ഥിരീകരണമില്ല. സ്ഥലം ഉടനെ ഏറ്റെടുക്കും, ഹൗസിങ് കോളനിക്കാരുമായി ബന്ധപ്പെട്ട് സ്ഥലത്തിന് ആവശ്യപ്പെട്ടിട്ടുണ്ട്, എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്- ഇത്തരത്തിലാണ് നഗരസഭയുടെ മറുപടി.
40,000 രൂപ മുതല്‍ ഒന്നര ലക്ഷം വരെയാണ് പ്ലാൻറ് സ്ഥാപിക്കാന്‍ ചെലവ്. വര്‍ഷത്തില്‍ 7 മാസം പ്രവര്‍ത്തന കാലയളവ് മതിയാകും. തോടിനിരുവശവുമുള്ള സ്ഥലങ്ങള്‍ വ്യക്തികള്‍ വാങ്ങിക്കഴിഞ്ഞതിനാല്‍ വലിയ കെട്ടിടങ്ങളാണ് ഭാവിയില്‍ വടകരയെ കാത്തിരിക്കുന്നത്. ഇനിയും നടപടികള്‍ക്ക് വൈകിയാല്‍ മലിനീകരണ തോത് ഉയരുകയും ഒരു ജനവിഭാഗം അതിന്റെ പേരില്‍ പൂര്‍ണ്ണമായും അരികുവല്‍ക്കരിക്കപ്പെടുകയും ചെയ്യും.

കരിമ്പന തോട് നവീകരണം ലക്ഷ്യമിട്ട് രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നഗരസഭ ഒരു ഫൈബര്‍ തോണി വാങ്ങിച്ചിരുന്നു. എന്നാല്‍ മഴയും വെയിലും കൊണ്ട് നശിക്കുകയല്ലാതെ മറ്റൊരു പ്രയോജനവുമില്ല. മുന്‍സിപ്പാലിറ്റിയുടെ തുഗ്ലക് പരിഷ്‌കരണങ്ങളിലൊന്നായ തോണി, ഇന്ന് ദ്രവിച്ചു തുടങ്ങിയിട്ടുണ്ട്.
പ്രദേശവാസികൾ പറയുന്നു, ‘നാട് ഉപേക്ഷിച്ച് പോകേണ്ട സ്ഥിതി’
‘പണ്ട് എല്ലാ ആവശ്യങ്ങളും നിറവേറ്റിയിരുന്നത് ഈ തോട്ടില്‍ നിന്നാണ്. ഇവിടുന്ന് നീന്താറുണ്ടായിരുന്നു. രാത്രി വൈകിയും മക്കളൊക്കെ മീന്‍ പിടിച്ചു കൊണ്ടുവരാറുണ്ട്. എന്നാല്‍ ഇപ്പോള്‍ മലിനവെള്ളമാണ് ഒഴുകിവരുന്നത്. എല്ലാവരും ഏറെ കഷ്ടപ്പെട്ട് വീട് മാറുകയാണ്. നല്ല വില കിട്ടുമെങ്കില്‍ ഞങ്ങളും വില്‍ക്കാന്‍ തയ്യാറാണ്. ശ്വാസംമുട്ടലാണ്, മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുമുണ്ട്. മൂന്ന് ഗുളികയാണ് ദിവസം കഴിക്കുന്നത്’- പ്രദേശവാസിയായ പടന്നയിൽ കൗസു പറയുന്നു. ‘അന്ന് എല്ലാത്തിനും വെള്ളമെടുക്കാറ് തോട്ടില്‍ നിന്നാണ്. ഇപ്പോള്‍ അതിന് കഴിയുന്നില്ല. കുഞ്ഞുമക്കള്‍ക്കും ചുമയും ശ്വാസംമുട്ടലുമുണ്ട്. വീട്ടില്‍ വരുന്നവര്‍ മൂക്കുപൊത്തുകയാണ്. ഞങ്ങള്‍ക്കിത് ശീലമായതുകൊണ്ട് ഇപ്പൊ മണക്കാറില്ല. ആകെയുള്ള വീടുപോലും ഉപേക്ഷിച്ചു പോകേണ്ട അവസ്ഥയിലാണ് ഞങ്ങൾ’- കൗസു പറയുന്നു.
മറ്റൊരു പ്രദേശവാസിയായ കടവത്തുകണ്ടി ശേഖരൻ പറയുന്നു: ‘ചെറുപ്പകാലത്ത് തോട്ടില്‍ നീന്തി കളിച്ചതൊക്കെ ഓര്‍മ്മയുണ്ട്. ഇപ്പോള്‍ വര്‍ഷങ്ങളായി തോട് മലിനമായിട്ട്. എന്റെ വീട് എടുത്തിട്ട് 25 വര്‍ഷമായി. അന്ന് വീട്ടിലേക്ക് തോണിയിലാണ് പൂഴിയും മറ്റെല്ലാ സാമഗ്രികളും ഇറക്കിയിരുന്നത്. ഇന്ന് തോണി പോലും വരാതായിട്ട് കുറേയായി. വടകര ടൗണിലെ എല്ലാ വെള്ളവും ഒഴുകി തോട് മഷിപോലെ ആയിട്ടുണ്ട്. ഈ രീതിയില്‍ മുന്നോട്ടു പോകാന്‍ കഴിയാത്തതിനാല്‍ വീട് വില്‍ക്കേണ്ടിവരും. '
കടവത്തുകണ്ടി ലിനീഷ്: ‘പത്ത് പതിനഞ്ച് വര്‍ഷമായി തോട് ആകെ മലിനമായിട്ട്. ഒരാള്‍ക്ക് ഇതുവഴി നടന്നുപോകണമെങ്കില്‍ മൂക്കുപൊത്തേണ്ട അവസ്ഥയാണ്. ഞങ്ങള്‍, ഈ നാട്ടിലെ ചെറുപ്പക്കാരൊക്കെ കൂടി പലതവണ തോട്ടിലേക്ക് മാലിന്യം തള്ളുന്ന സ്ഥലത്ത് മണ്ണിറക്കി തടസ്സമുണ്ടാക്കിയിരുന്നു. ഇപ്പോള്‍ വീണ്ടും തോട് മലിനമാകാന്‍ തുടങ്ങിയിട്ടുണ്ട്. എന്തുതന്നെയായാലും തോട്ടിലേക്ക് കക്കൂസ് മാലിന്യം തള്ളാന്‍ ഞങ്ങള്‍ അനുവദിക്കില്ല. അടുത്ത് അംഗനവാടി ഉണ്ട്. ഒരാഴ്ച അംഗനവാടിയില്‍ പോയാല്‍ പിന്നീട് മൂന്നുനാലു ദിവസം അസുഖമായി കുഞ്ഞുങ്ങള്‍ വീട്ടിലിരിക്കും. ചെറിയ കുട്ടികള്‍ക്കടക്കം മാരകരോഗങ്ങള്‍ വരുമെന്നാണ് അറിയുന്നത്. കക്കൂസ് മാലിന്യമാണ് തോട്ടിലെ വെള്ളത്തിലുള്ളതെന്ന് ലാബില്‍ നിന്ന് റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. ഇത് തുടരാനാണ് ഭാവമെങ്കിൽ ജീവന്‍ കൊടുത്തും എതിര്‍ക്കും. ഒരിക്കലും ഇതിന് അനുവദിക്കില്ല.’

ശ്വസിക്കുന്ന വായുവില്‍ നിരന്തരം മനുഷ്യമലത്തിന്റെ ഗന്ധം പേറുന്ന ഒരു ജനതയാണ് കരിമ്പന തോടിനടുത്ത് ഇന്നുള്ളത്. നഗരത്തിന്റെ ഉച്ചിഷ്ടങ്ങള്‍ ഒഴുകിയെത്തുന്നത് ഒരായുസ്സ് നീളെ വിയര്‍പ്പൊഴുക്കി അവര്‍ സ്വരുക്കൂട്ടി ചേര്‍ത്തുവച്ച പുരയിടങ്ങളിലേക്കാണ്. സാധാരണക്കാരില്‍ സാധാരണക്കാരാണ് കരിമ്പനതോടിലെ ജനത. അതുകൊണ്ടുതന്നെയവണം അവരുടെ പ്രശ്‌നം ഒരു പതിറ്റാണ്ടിലേറെ പിന്നിട്ടിട്ടും യാതൊരു പരിഹാരവും കാണാതെ നീണ്ടുപോകുന്നത്. ഈ ജനങ്ങളെ തദ്ദേശീയ ഭരണകൂടം അവഗണിക്കുകയാണ്. മാലിന്യപ്രശ്‌നം രാഷ്ട്രീയമായി ഉപയോഗിക്കാന്‍ പല മാധ്യമങ്ങളും ശ്രമിച്ചിട്ടുണ്ട്. അപ്പോഴൊക്കെ അത് ഇവര്‍ തിരിച്ചറിഞ്ഞിട്ടുമുണ്ട്. മാലിന്യ മുക്തമായ ചുറ്റുപാടില്‍ ജീവിക്കാനുള്ള അവകാശത്തിനായാണ് ഇവരുടെ സമരം. ആരോഗ്യമുള്ള തലമുറയെയാണ് ഇവരും ആഗ്രഹിക്കുന്നത്. മാലിന്യത്തിന്റെ പേരില്‍ പൊതുസമൂഹത്തില്‍ ഒറ്റപ്പെട്ടുകഴിയേണ്ടി വരുന്ന ഒരു ജനതയുടെ പ്രതിരോധമാണിത്.
സതീഷ് കുമാർ
Jan 14, 2023
3 Minute Read
കെ. കണ്ണന്‍
Jan 14, 2023
8 Minutes Read
ടി.പി. പത്മനാഭൻ
Dec 27, 2022
10 Minutes Read
ഒ.കെ. ജോണി
Dec 25, 2022
3 Minutes Read
അഡ്വ. ജോയ്‌സ് ജോര്‍ജ്
Dec 24, 2022
10 Minutes Read
എം. ഗോപകുമാർ
Dec 23, 2022
14 Minutes Read
ശിൽപ സതീഷ്
Nov 29, 2022
6 Minutes Read
ഷഫീഖ് താമരശ്ശേരി
Sep 28, 2022
19 Minutes Watch