ഡിജിറ്റല്‍ വിടവ്
നികത്താന്‍ ശ്രമിക്കുന്ന കേരളം
ഡിജിറ്റല്‍ വിടവ് നികത്താന്‍ ശ്രമിക്കുന്ന കേരളം
22 Feb 2021, 04:21 PM
കോവിഡ് കാരണം വിദ്യാലയങ്ങള്‍ അടഞ്ഞ് കിടക്കുകയും പഠനം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറുകയും ചെയ്തപ്പോഴാണ് ഡിജിറ്റല്‍ ഡിവൈഡിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കേളത്തില്‍ സജീവമായത്. സ്‌കൂള്‍ തുറന്നില്ലെങ്കിലും അധ്യയനവര്‍ഷം നഷ്ടപ്പെടുത്തരുതെന്ന തീരുമാനപ്രകാരം വിക്‌ടേഴ്‌സ് ചാനല്‍ വഴി ക്ലാസ്സുകള്‍ തുടങ്ങുകയായിരുന്നു. ടി.വിയോ കമ്പ്യൂട്ടറോ വീട്ടിലില്ലാത്ത കുട്ടികള്‍ ഈ ഡിജിറ്റല്‍ ക്ലാസ്സ് മുറികളില്‍ നിന്ന് പുറത്താക്കപ്പെടുമെന്ന ആശങ്കയും വിമര്‍ശനവും അന്ന് തന്നെ സംസ്ഥാനത്തുണ്ടായി. ഉപകരണങ്ങള്‍ ഉണ്ടെങ്കില്‍തന്നെ നെറ്റ്‌വര്‍ക്ക് കവറേജിന്റെയും ആവശ്യത്തിന് ഡാറ്റ ലഭ്യമാവാത്തതിന്റെയും പ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടി വരുന്നതും പാവപ്പെട്ട കുട്ടികളായിരിക്കുമെന്ന് നിരീക്ഷിക്കപ്പെട്ടു. ഡിജിറ്റല്‍ വിടവ് സൃഷ്ടിക്കുന്ന പഠനവിടവിനെക്കുറിച്ച് സര്‍ക്കാറും ഗൗരവമായി ആലോചിച്ചു. പൊതു പഠനകേന്ദ്രങ്ങളൊരുക്കി താല്‍ക്കാലിക പ്രതിസന്ധി മറികടന്നെങ്കിലും ശാശ്വതമായ പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമം ഇപ്പോള്‍ വിജയം കാണുകയാണ്.
കേരളത്തിലെവിടെയും ഹൈസ്പീഡ് ഡാറ്റാകവറേജ് ഉറപ്പുവരുത്തുന്ന ഇന്റന്‍നെറ്റ് പദ്ധതിയാണ് കെ ഫോണ്‍. ദരിദ്രരായ ഇരുപത് ലക്ഷം വീട്ടുകാര്‍ക്കാണ് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉറപ്പാക്കിയിരിക്കുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ പാവപ്പെട്ട കുട്ടികള്‍ക്ക് സൗജന്യ ഹൈസ്പീഡ് ഇന്റര്‍നെറ്റ് സര്‍വ്വീസും വിദ്യാഭ്യാസ ആവശ്യത്തിനുള്ള മുഴുവന്‍ ഫീച്ചേഴ്‌സും ഉള്‍പ്പെടുത്തിയിട്ടുള്ള ലാപ്‌ടോപ്പും ലഭ്യമാക്കുന്നതോടെ ഡിജിറ്റല്‍ ഡിവൈഡ് സൃഷ്ടിക്കുന്ന പ്രശ്‌നത്തിന് പരിഹാരമാവുകയാണ്. കള്‍ച്ചറല്‍ ഡിവൈഡിന്റെയും കേരളത്തിലെ ശ്രേണീകൃത സാമൂഹ്യാവസ്ഥകളുടെയും ഭാഗമായുള്ള വ്യത്യാസങ്ങള്‍ / പരിമിതികള്‍ പൂര്‍ണ്ണമായും മറികടക്കാനാവിലെങ്കിലും ഡിജിറ്റല്‍ വിദ്യാഭ്യാസത്തിലേക്കുള്ള മാറ്റത്തിന്റെ വലിയൊരു തടസത്തെ നാം മറികടക്കുകയാണ്.

കുട്ടികള്‍ക്ക് സൗജന്യനിരക്കില്‍ ലാപ്‌ടോപ്പുകള്‍ നല്‍കുന്ന പദ്ധതിയും നടപ്പാക്കിത്തുടങ്ങിയിരിക്കുന്നു. 500 രൂപ വെച്ച് മുപ്പത് മാസം കൊണ്ട് കൊടുത്ത് തീര്‍ക്കാന്‍ കഴിയും വിധമാണ് വിദ്യാശ്രീ എന്ന പേരില്‍ ഈ ലാപ്‌ടോപ്പ് പദ്ധതി സര്‍ക്കാര്‍ ആരംഭിച്ചത്. കുടുംബശ്രീയും കെ.എസ്.എഫ്.ഇ യുമാണ് പദ്ധതി നടത്തിപ്പുകാര്‍. ഗുണഭോക്താക്കളായ കുട്ടികളുടെ കാറ്റഗറിയനുസരിച്ച് വിവിധ വകുപ്പുകള്‍ക്ക് നല്‍കാന്‍ കഴിയുന്ന (പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ്, ഫിഷറീസ് വകുപ്പ്, സാമൂഹികനീതി വകുപ്പ് മുതലായവ) സബ്‌സിഡികളും സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്. കേരളത്തിലെ മുഴുവന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ‘പഠനോപകരണം’ എന്ന നിലയില്‍ ലാപ്‌ടോപ്പ് ഉറപ്പാക്കലാണ് പദ്ധതിയുടെ ലക്ഷ്യം.
Also Read: E - learning തിങ്ക് ബുക്ക്
വിവര-വിനിമയ സാങ്കേതിക വിദ്യയിലധിഷ്ഠിതമായ വിദ്യാഭ്യാസം (ICT Enabled Education) എന്ന ആശയത്തിനും പ്രയോഗത്തിനും രണ്ട് പതിറ്റാണ്ടിലധികം പഴക്കമുണ്ട്. ഇതിനാവശ്യമായ തരത്തില്‍ കമ്പ്യൂട്ടര്‍ ലാബുകളും മള്‍ട്ടിമീഡിയ തിയറ്ററുകളുമൊക്കെ സ്‌കൂളുകളില്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ ഒരുങ്ങിയിരുന്നു. അധ്യാപകര്‍ക്കുള്ള ഐ.സി.ടി. പരിശീലനങ്ങളും വര്‍ഷങ്ങളായി നടന്നു വന്നിരുന്നു. 2016-ല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പ്രഖ്യാപിച്ചതോടെ സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ സാങ്കേതിക വിദ്യയ്ക്കുള്ള സ്ഥാനം വീണ്ടും വര്‍ദ്ധിച്ചു. യജ്ഞത്തിന്റെ ഭാഗമായി ഹൈടെക് സ്‌കൂള്‍ എന്ന സങ്കല്‍പം കൂടി യാഥാര്‍ത്ഥ്യമായതോടെ പൊതു വിദ്യാലയങ്ങളിലെ ക്ലാസ്മുറികളെല്ലാം ഹൈടെക്കായി. മുഴുവന്‍ ക്ലാസുകളിലേക്കുമുള്ള ഇ-വിഭവങ്ങള്‍ ‘സമഗ്ര’ പോര്‍ട്ടലില്‍ ലഭ്യമാക്കിയതോടെ വിരല്‍തുമ്പ് കൊണ്ട് ക്ലാസ് മുറികളെ വിസ്മയിപ്പിക്കാമെന്ന അവസ്ഥയായി. ‘ഡിജിറ്റല്‍ നാറ്റീവ്‌സ്’ ആയ കുട്ടികള്‍ക്ക് അവരിഷ്ടപ്പെടും വിധം ക്ലാസ്സുകളൊരുക്കാനും ഡിജിറ്റല്‍ പഠനവിഭവങ്ങള്‍ ഷെയര്‍ ചെയ്യാനുമുള്ള ഭൗതിക സൗകര്യങ്ങളെല്ലാം സ്‌കൂളുകളില്‍ ഇപ്പോള്‍ തന്നെ സജ്ജമായിട്ടുണ്ട്.
കോവിഡ് കാരണം ലോകത്താകമാനം 174 കോടി കുട്ടികളുടെ പഠനം മുടങ്ങിയതായാണ് യൂനിസെഫ് കണക്കാക്കുന്നത്. ഇന്ത്യയില്‍ പഠനം മുടങ്ങിയ കുട്ടികളുടെ എണ്ണം 30 കോടിയാണ്. ദാരുണമായ ഈ അവസ്ഥയെ ഭാഗികമായെങ്കിലും നേരിടാന്‍ ലോകം മുഴുവന്‍ സ്വീകരിച്ച മാര്‍ഗ്ഗമാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസം. ഇ-ലേണിംഗിന്റെ വിവിധ സാധ്യതകളിലേക്ക് വഴിമാറുകയായിരുന്നു ഓരോ രാജ്യവും. ഇന്റര്‍നെറ്റിന്റെ അപാരമായ സാധ്യതകള്‍ മുതല്‍ ടെലിവിഷന്‍ സംപ്രേഷണങ്ങള്‍, റേഡിയോ പ്രക്ഷേപണങ്ങള്‍ എന്നിവയെല്ലാം തരംപോലെ നടപ്പിലാക്കപ്പെട്ടു. ഇതിന്റെയൊന്നും ഗുണഭോക്താക്കളാവാന്‍ കഴിയാതെ, വിദ്യാഭ്യാസ അവസരം പൂര്‍ണമായി നിഷേധിക്കപ്പെട്ട കുട്ടികളും ലോകത്ത് ഒട്ടേറെയുണ്ട്. കേരളം ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലുമുണ്ട് ഒരു റേഡിയോ ക്ലാസ് പോലും കേള്‍ക്കാന്‍ കഴിയാത്തവര്‍.
Also Read: പരിഷത്ത് പഠന റിപ്പോര്‍ട്ട്: ഡിജിറ്റല്‍ ക്ലാസ് കേരളത്തിൽ വേണ്ടത്ര ഫലപ്രദമായില്
സ്‌കൂളുകള്‍ സാധാരണപോലെ തുറന്നാലും അത് പൂട്ടിയ സ്‌കൂളുകളുടെ തനിപ്പകര്‍പ്പാവില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഒരു ബെഞ്ചില്‍ അഞ്ചും ആറും കുട്ടികള്‍ ഒന്നിച്ചിരിക്കുന്ന ക്ലാസ് മുറി അടുത്തകാലത്തൊന്നും നമുക്ക് തിരിച്ചുപിടിക്കാനാവുമെന്ന് തോന്നുന്നില്ല. എല്ലാ ദിവസവും എല്ലാ കുട്ടികളും സ്‌കൂളിലെത്തുക എന്നത് പോലും എളുപ്പത്തില്‍ പ്രായോഗികമായെന്ന് വരില്ല. ചുരുക്കത്തില്‍ ഇപ്പോഴുള്ള ചില സമ്പ്രദായങ്ങളെല്ലാം സ്‌കൂളുകള്‍ തുറന്നാലും തുടരേണ്ടിവരും. മുഖാമുഖ പഠനത്തോടൊപ്പം ഓണ്‍ലൈന്‍ പഠനരീതികള്‍കൂടി ഒന്നിച്ചുകൊണ്ടുപോകുന്ന മിശ്രിതപഠനരീതി (Blended Learning Method) സ്വീകരിക്കേണ്ടി വരും എന്നര്‍ത്ഥം.

മൂന്നാം വ്യവസായ വിപ്ലവത്തിന് ഇലക്ട്രിസിറ്റി വഹിച്ച അതേ റോളാണ്, ഇനി ഇന്റര്‍നെറ്റിനുള്ളത്. അലങ്കാരമോ അധിക സൗകര്യമോ ആയി ഇന്റര്‍നെറ്റിനെ ഇനി കാണാനാവില്ല. വൈദ്യുതി ഇല്ലാത്ത ഒരു വീട്, അല്ലെങ്കില്‍ ഓഫീസ് എങ്ങനെയാണോ അതേ അവസ്ഥയാണ് ആവശ്യത്തിന് ഇന്റര്‍നെറ്റില്ലെങ്കില്‍ ഇനിയങ്ങോട്ട് അനുഭവിക്കേണ്ടി വരിക. അച്ചടിച്ച പാഠപുസ്തകങ്ങളും എഴുതിയുണ്ടാക്കുന്ന നോട്ടു പുസ്തകങ്ങളും ഇനി അധികകാലമുണ്ടാവില്ല. ലാപും ടാബുമാവും സ്‌കൂളിലെ പ്രധാന പഠന സാമഗ്രികള്‍ എന്നത് ഇപ്പോള്‍ ഉള്‍ക്കൊള്ളാത്തവരും ഉടനെ കാണേണ്ടി വരുന്ന വസ്തുത തന്നെയാവും. കുട്ടികള്‍ക്കെല്ലാം ലാപ്‌ടോപും വീടുകളില്‍ സൗജന്യ ഇന്റര്‍നെറ്റും എന്നത് ഡിജിറ്റല്‍ വിദ്യാഭ്യാസത്തിലേക്ക് കുതിക്കുന്ന ഒരു സമൂഹത്തിന്റെ അനിവാര്യതകളാണെന്ന് തിരിച്ചറിഞ്ഞു എന്നതാണ് കെ ഫോണ്‍, വിദ്യാശ്രീ പദ്ധതികളുടെ ഏറ്റവും വലിയ പ്രസക്തി. ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിക്കപ്പെട്ട ഏക സംസ്ഥാനമാണ് കേരളം എന്നതും ഇവിടെ കൂട്ടി വായിക്കേണ്ടതുണ്ട്.
വിദ്യാഭ്യാസം ഹൈടെക്കാവുകയും അധ്യാപകര്‍ ടെക്കികളാവുകയും ചെയ്തത് കോവിഡിന്റെ ഗുണഫലങ്ങളിലൊന്നാണെന്ന് യൂണിസെഫിന്റെ ഒരു പഠനം കണ്ടെത്തിയിട്ടുണ്ട്. ഇ-ലേണിംഗിന്റെ സാധ്യതകള്‍ മനസ്സിലാക്കാതെയും അതിന്റെ രീതി ശാസ്ത്രങ്ങള്‍ പരിശീലിക്കാതെയും പിടിച്ചു നില്‍ക്കാനാവില്ല എന്ന് കേരളത്തിലെ അധ്യാപകരും മനസ്സിലാക്കി കഴിഞ്ഞിട്ടുണ്ട്. റെക്കോര്‍ഡിംഗും എഡിറ്റിംഗും പ്രസന്റേഷനുമെല്ലാം അധ്യാപന ജീവിതത്തിന്റെ ഭാഗമായി അവര്‍ സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു. കോവിഡ്കാല ബദല്‍ എന്നതില്‍ നിന്നും, കാലോചിതമായ പരിഷ്‌കാരം എന്ന നിലയിലേക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം മാറുകയാണ്. ലോകത്തെവിടെയുമുള്ള വിജ്ഞാനം ഒരു മൗസ് ക്ലിക്കിലൂടെ കുട്ടികള്‍ക്ക് എത്തിക്കാമെന്ന് അധ്യാപകര്‍ തിരിച്ചറിയുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ആശയതലത്തില്‍ സ്വീകരിക്കപ്പെട്ട നവസാങ്കേതികവിദ്യാ വിദ്യാഭ്യാസത്തിന്റെ ഉജ്ജ്വലമായ പ്രയോഗവത്കരണത്തിന് തുറക്കാന്‍ പോകുന്ന സ്‌കൂളുകള്‍ കാത്തിരിക്കുകയാണ്. വിദ്യാശ്രീയും കെ ഫോണും കേരളത്തിലുണ്ടാക്കാന്‍ പോകുന്ന വിദ്യാഭ്യാസ വിപ്ലവം പ്രവചനാതീതമായിരിക്കും.
കിഷോര്‍ കുമാര്‍
Feb 14, 2021
35 Minutes Read
ഡോ. വി.ജി. പ്രദീപ്കുമാര്‍
Feb 10, 2021
7 Minutes Read
അലന്‍ പോള്‍ വര്‍ഗ്ഗീസ്
Jan 17, 2021
4 Minutes Read
ഡോ.എ.കെ. അബ്ദുൽ ഹക്കീം
Jan 10, 2021
7 Minutes Read
കെ. ടി. ദിനേശ്
Dec 21, 2020
8 Minutes Read
ഡോ.കെ.പി. അരവിന്ദൻ
Nov 21, 2020
3 Minutes Read
ആദില കബീര്‍
Nov 18, 2020
15 Minutes Read
ഡോ: പി.എം.മുബാറക് പാഷ / മനില സി. മോഹന്‍
Nov 11, 2020
1 Hour Watch
മുഹമ്മദാലി
22 Feb 2021, 11:27 PM
വിദ്യാ ശ്രീ ലാപ്പ്ടോപ്പ് പദ്ധതിയിൽ ശ്രദ്ധയിൽപ്പെട്ട ഒരു കുഴപ്പം ഇത് എഞ്ചിനീയറിംഗ് വിദ്യാർത്ഥികളടക്കമുള്ള ഉയർന്ന സാങ്കേതിക ശ്‌റേണിയിലുള്ള വിദ്യാർത്ഥി സമൂഹത്തിന് ലാപ്പ്ടോപ്പിന്റെ സാങ്കേതിക വിന്യാസം ഫലപ്രദമല്ല എന്നാണ് ഇത് രക്ഷിതാക്കൾ ആശങ്ക പ്രകടിപ്പിച്ച വസ്തുതയാണ്. കാരണം സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള രക്ഷിതാക്കൾക്ക് +2 വരെ കുട്ടിക്ക് ഒന്നും, മറ്റു ആവശ്യങ്ങൾ ക്ക് അനുയോജ്യമായത് മറ്റൊന്നും വാങ്ങാനുള്ള ശേഷിയില്ലാത്തവർ ധാരാളമുണ്ട്. ഇത് നേരിട്ടറിഞ്ഞ ആശങ്കയാണ്. മാത്രമല്ല +2 കഴിഞ്ഞ കുട്ടിക്ക് തുടർന്ന് ഇത് ഉപകാര പ്രദമല്ലെന്നതും ആശങ്ക സാധൂകരിക്കുന്നതാണ്. ഇത് പരിഹരിക്കാൻ കഴിേയേണ്ടതുണ്ട്. എങ്കിലേ നമ്മളാ ഗ്രഹിക്കുന്ന ഡിജിറ്റൽ, സോഷ്യൽ ഡി വെൈ ഡി നെ തൃപ്തികരമായി മറികടക്കാൻ കഴിയുകയുള്ളൂ എന്നാണ് എന്റെ പക്ഷം വി.പി മുഹമ്മദാലി