മലയാളിയുടെ കേരളവും ഇടതുപക്ഷവും

ഇടതുപക്ഷ രാഷ്ട്രീയത്തിന് ലഭിച്ച ഈ രാഷ്ട്രീയ പിന്തുണയെ മുന്നോട്ടുകൊണ്ടുപോവുകയാണ് വേണ്ടത്. കേരളത്തിലെ ഭരണപക്ഷം ഇടതുപക്ഷമാണ് എന്നത് മലയാളിയുടെ രാഷ്ട്രീയമാണ്. കേരളത്തിന്റെ പ്രതിപക്ഷവും ഇടതുപക്ഷമാകേണ്ടതുണ്ട്.

കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യ തെരഞ്ഞെടുപ്പിനുശേഷം ഏറ്റവും നിർണായകമായ ഒരു തെരഞ്ഞെടുപ്പിലെ വിധിയാണ് മെയ് രണ്ടിനു വന്നത്. അത് ഇടതുപക്ഷ രാഷ്ട്രീയത്തിനൊപ്പമാണ് എന്നത് ഒട്ടും ചെറിയ കാര്യമല്ല. ഒരു തലക്കെട്ട് എന്ന നിലയിൽ രണ്ടു പ്രധാന കാര്യങ്ങൾ ഈ തെരഞ്ഞെടുപ്പിൽ സംഭവിച്ചു. ഒന്ന്, നാലര പതിറ്റാണ്ടിനു ശേഷം ഇതാദ്യമായി കേരളത്തിൽ ഒരു സർക്കാർ തുടർഭരണം നേടി. രണ്ട്, ബി.ജെ.പി എന്ന ഹിന്ദുത്വ ദേശീയ കക്ഷി ഒരൊറ്റ മണ്ഡലത്തിൽ പോലും വിജയിക്കാതെ അതിന്റെ മുൻകാല വോട്ടു നിലകളിൽ നിന്ന്​ ഏറെ താഴോട്ടു പോയി. ഇതിനൊപ്പം ചേർത്തു നിർത്തി ചർച്ച ചെയ്യേണ്ടതാണ് മറ്റു വിഷയങ്ങൾ.

സംഘ്​പരിവാറിന്റെകേരള അജണ്ട

ഇടതുപക്ഷത്തെ സംബന്ധിച്ച് അതിന്റെ രാഷ്ട്രീയ പ്രസക്തിയുടെ ഭാവി തന്നെ ഒരു പരിധിവരെ നിർണയിക്കുന്ന തെരഞ്ഞെടുപ്പായിരുന്നു ഇത്​. സംസ്ഥാന നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പാണെങ്കിലും വാസ്തവത്തിൽ ഇന്ത്യയുടെ ഇന്നുള്ള രാഷ്ട്രീയ കാലാവസ്ഥയോട് ഏറെ ചേർന്നുനിന്ന്​ ദേശീയ രാഷ്ട്രീയം സൂക്ഷ്മ സ്വാധീനം ചെലുത്തിയ തെരഞ്ഞെടുപ്പായിരുന്നു ഇത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഹിന്ദുത്വ രാഷ്ട്രീയ സർക്കാർ രണ്ടാം തവണയും അധികാരത്തിൽ വന്നതോടെ കേരളവും തമിഴ്നാടും പോലെ ബി.ജെ.പിയുടെ രാഷ്ട്രീയാധികാരത്തിനു പുറത്തു നിൽക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും എളുപ്പത്തിൽ ആ വഴിക്കാണ് നീങ്ങുന്നതെന്ന ഒരു ആഖ്യാനം രൂപപ്പെടുത്താൻ ശ്രമമുണ്ടായി. അതിൽ തമിഴ്നാടിന്റെ ദ്രാവിഡ രാഷ്ട്രീയ ഭൂതകാലത്തിൽ നിന്നും അടർത്തിയെടുത്ത ഒരു കക്ഷിയുമായി സഖ്യമുണ്ടാക്കുന്നതിനും ബി.ജെ.പിക്കായി. എങ്കിലും ചരിത്രപരമായിത്തന്നെ ഉത്തരേന്ത്യൻ/ഹിന്ദി വിരോധം ഒരു രാഷ്ട്രീയ ധാരയായി കൊണ്ടുനടക്കുന്ന തമിഴ് രാഷ്ട്രീയത്തിൽ കയറിപ്പറ്റുന്നതിനേക്കാൾ എളുപ്പമാണ് ഹിന്ദു സവർണ ജാതിബോധത്തിനും സാമുദായിക ശക്തികൾക്കും മുന്നണി രാഷ്ട്രീയത്തിലൂടെ സ്വീകാര്യത കിട്ടിയ കേരള സമൂഹത്തിൽ സ്വാധീനമുണ്ടാക്കുക എന്നായിരുന്നു ബി.ജെ.പി കണക്കുകൂട്ടൽ. അതൊരു പരിധിവരെ ശരിയുമായിരുന്നു.

കേരളത്തിൽ എല്ലാ കാലത്തും സംഘപരിവാർ രാഷ്ട്രീയത്തിന്റെ മുഖ്യ എതിരാളി ഇടതുപക്ഷ രാഷ്ട്രീയമാണ്. അതുകൊണ്ടുതന്നെ കേരള സമൂഹത്തിലെ ഇടതുപക്ഷ രാഷ്ട്രീയ ബോധത്തിനെതിരായ ആക്രമണം കൊണ്ട് മാത്രമേ തങ്ങൾക്ക് രാഷ്ട്രീയ സ്വാധീനം വർധിപ്പിക്കാൻ കഴിയൂ എന്ന് സംഘപരിവാർ മനസിലാക്കി. സി.പി.എമ്മുമായുള്ള കായികമായ രാഷ്ട്രീയ സംഘട്ടനങ്ങൾക്കപ്പുറം ഇത്തരത്തിൽ വളരെ സൂക്ഷ്മമായ ഒരു സാമൂഹ്യ സ്വാധീനം ഉണ്ടാക്കുന്നതിനുള്ള ശ്രമങ്ങൾ സംഘപരിവാർ കേരളത്തിൽ നേരത്തെ ആരംഭിച്ചിരുന്നു. കർക്കടക മാസത്തെ രാമായണമാസമാക്കി ഒരു ആചാര മാസമാക്കുന്നതിനുള്ള പദ്ധതിയൊക്കെ അങ്ങനെ വന്നതാണ്.

ഇതോടൊപ്പം ദേശീയതലത്തിൽ മോദി സർക്കാരിന്റെ വരവോടെ ശക്തിയാർജ്ജിച്ച അതിദേശീയതക്കും മുസ്‌ലിം വിരുദ്ധ പ്രചാരണത്തിനും ഒരു താളം കേരളത്തിലുണ്ടാക്കാനും ബി.ജെ.പി ശ്രമിച്ചു. ഇതിനും അവർക്ക് തടസമായി നിന്നത് കേരളത്തിന്റെ ഇടത്, മതേതര രാഷ്ട്രീയ ബോധമായിരുന്നു. ഇതിനെ ദുർബലമാക്കാനും തകർക്കാനും വേണ്ടി സംഘപരിവാറിന് കിട്ടിയ ഏറ്റവും പുതിയ ആയുധമായിരുന്നു ശബരിമലയിലെ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി.

ഫാസിസ്റ്റ്- കോർപറേറ്റ് ഭീകരത ഘട്ടം ഘട്ടമായി

ദക്ഷിണേന്ത്യയിലെ രാമ ജന്മഭൂമിയാണ് ശബരിമല എന്നും ബി.ജെ.പിക്ക് കിട്ടിയ സുവർണാവസരമാണ് ശബരിമല പ്രശ്‌നമെന്നും പരസ്യമായിത്തന്നെ അവർ വിളിച്ചു പറഞ്ഞു. ഇതിന്റെ ദേശീയ പശ്ചാത്തലത്തിൽ അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണവും പശുവിന്റെ പേരിലുള്ള ആൾക്കൂട്ട കൊലപാതകങ്ങളും കൂടി ഉണ്ടായിരുന്നു എന്നും കാണണം. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഹിംസാത്മകമായ ഹിന്ദുത്വ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ കാലത്തിലാണ് ഇത് നടക്കുന്നത്.

പൗരത്വനിയമം പിൻവലിക്കുക എന്നാവശ്യപ്പെട്ട്​ കേരളത്തിലെ ഭരണ പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തിൽ നടത്തിയ സംയുക്ത സത്യാഗ്രഹം

പൗരത്വ നിയമ ഭേദഗതിയിലൂടെ രാജ്യത്തെ പൗരത്വത്തിന്റെ മാനദണ്ഡങ്ങളിലൊന്ന് ഒരാളുടെ മതവിശ്വാസമാക്കി മാറ്റി മോദി സർക്കാർ. ഇന്ത്യ എന്ന രാജ്യത്തിന്റെ മതേതര സ്വാഭാവത്തെ ഒരു തെരഞ്ഞെടുക്കപ്പെട്ട സർക്കാർ തകർക്കുന്നതിനാണ് നമ്മൾ സാക്ഷ്യം വഹിച്ചത്. ജമ്മു കാശ്മീരിന്റെ ഭരണഘടനാപരമായ സവിശേഷാവകാശങ്ങൾ എടുത്തുകളഞ്ഞ്​ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളായി തരംതാഴ്​ത്തിയ പ്രക്രിയ പാർലമെന്റിൽ വേണ്ട രീതിയിൽ ചർച്ച ചെയ്തത് പോലുമില്ല. രാമക്ഷേത്ര നിർമാണം ഒരു സർക്കാർ അജണ്ടയാക്കി മാറ്റി. സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ സംസാരിക്കുകയോ ജനങ്ങളെ സംഘടിപ്പിക്കുകയോ ചെയ്യുന്നവരെ അർബൻ നക്‌സലുകളെന്നും രാജ്യദ്രോഹികളെന്നും വിളിച്ചുകൊണ്ട് തടവിലിട്ടു. അതായത് ഹിന്ദുത്വ ദേശീയതയുടെ ഫാസിസ്റ്റ് സർക്കാർ രാജ്യത്ത് ഫാസിസ്റ്റ്- കോർപറേറ്റ് ഭീകരത ഘട്ടം ഘട്ടമായി നടപ്പാക്കുകയായിരുന്നു.

കോൺഗ്രസിന്റെ പതനം

ഈയൊരു ദേശീയ പശ്ചാത്തലത്തിൽ കേരളത്തിൽ സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തിന് പടരാനുള്ള ഏറ്റവും വലിയ ആയുധമായിരുന്നു ശബരിമല വിഷയം. തികഞ്ഞ ജനാധിപത്യ വിരുദ്ധതയും സ്ത്രീ വിരുദ്ധതയും കുത്തിനിറച്ച മാരക മിശ്രിതമായി സംഘപരിവാർ അതിനെ തെരുവിലേക്കിറക്കിയപ്പോൾ ഒരിക്കലും മാപ്പർഹിക്കാത്ത സങ്കുചിത താത്പര്യങ്ങളോടെ ആ ഹിന്ദുത്വ ലഹളയിൽ ഒപ്പം കൂടുകയായിരുന്നു കേരളത്തിലെ കോൺഗ്രസ്. ഒരുപക്ഷെ സംഘപരിവാർ നേതാക്കളെക്കാൾ വിഷം വമിപ്പിക്കുന്ന വർഗീയ പ്രസംഗങ്ങൾ കോൺഗ്രസ് നേതാക്കൾ നടത്തി. ആചാരം സംരക്ഷിക്കാനും വിശ്വാസം സംരക്ഷിക്കാനും മതേതരത്വത്തെയും നിയമവാഴ്ചയെയും കടലിലെറിഞ്ഞു കളയാൻ അവർ തയ്യാറായി.

കേരളം അതിന്റെ ചരിത്രത്തിലെ രാഷ്ട്രീയ സമരങ്ങൾക്കൊണ്ടും സാമൂഹ്യ മുന്നേറ്റം കൊണ്ടും ആർജ്ജിച്ചെടുത്ത എല്ലാത്തരം പുരോഗമന ബോധത്തെയും അതിന്റെ നവോത്ഥാന രാഷ്ട്രീയ പാരമ്പര്യത്തേയും കേവലം തെരഞ്ഞെടുപ്പ് നേട്ടത്തിന്​ തള്ളിപ്പറയാൻ കോൺഗ്രസ് നേതൃത്വം തയ്യാറായതായിരുന്നു വിമോചന സമരത്തിനുശേഷം കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ പിന്തിരിപ്പൻ ആക്രമണം.

ശബരിമല പ്രക്ഷോഭകാലത്ത്​ നിരോധനാജ്ഞ ലംഘിച്ച് ഉമ്മൻചാണ്ടിയും ചെന്നിത്തലയും ശബരിമലയിലേക്ക് പോകുന്നു

2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ദേശീയ രാഷ്ട്രീയത്തിൽ മോദിക്ക് ബദലായി കോൺഗ്രസ് ഉയർന്നുവന്നേക്കാം എന്ന പ്രതീക്ഷയിൽ കേരളത്തിലെ ന്യൂനപക്ഷങ്ങളും മതേതര വോട്ടുകളിൽ ഒരു വിഭാഗവും യു.ഡി.എഫിന് അനുകൂലമായി. ശബരിമല വിഷയത്തിൽ നടന്ന പ്രചാരണങ്ങളും ചെറിയൊരളവിൽ കോൺഗ്രസിനെ സഹായിച്ചു. 20-ൽ 19 സീറ്റും നേടി യു.ഡി.എഫ് വൻ വിജയം നേടി. ബി. ജെ. പിയും വോട്ടു വിഹിതം വർദ്ധിപ്പിച്ചു. എന്നാൽ ദേശീയ രാഷ്ട്രീയത്തിൽ ചരിത്രത്തിലെ ഏറ്റവും പരിതാപകരമായ നില തുടർന്ന കോൺഗ്രസ് കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിലും ശബരിമല തന്നെ വിഷയമാക്കിയപ്പോൾ കേരളം സമൂഹത്തിന്റെ രാഷ്ട്രീയ സ്വഭാവത്തെക്കുറിച്ച് അതിനുള്ള തികഞ്ഞ അജ്ഞതയായിരുന്നു വെളിപ്പെട്ടത്.

ശബരിമല വിഷയത്തിൽ സംഘപരിവാറിന്റെ പ്രതിധ്വനിയായി മാറിയ കോൺഗ്രസ് വാസ്തവത്തിൽ ചെകുത്താന് ആത്മാവ് വിറ്റവനെ പോലെയായി. അതിൽ നിന്നൊരു തിരിച്ചുവരവ് അതിന് പാടായി. സംഘപരിവാറിനേക്കാൾ വർഗീയമായി ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ മൂല്യബോധത്തെ പുൽകാൻ കോൺഗ്രസിന് സാധിക്കും എന്നത് കേരളീയ സമൂഹത്തിനു ഞെട്ടലോടു കൂടിയ തിരിച്ചറിവായിരുന്നു. അടിമുടി രാഷ്ട്രീയമായി മാറിയാലല്ലാതെ ആ ചരിത്രവഞ്ചനയുടെ കളങ്കത്തിൽ നിന്നും രാഷ്ട്രീയ സ്വഭാവത്തിൽ നിന്നും കോൺഗ്രസിന് പുറത്തു കടക്കാനാകില്ല. നിലവിലാകട്ടെ അതിനുള്ള സാധ്യത വിരളമാണ് താനും. ഇത്തരത്തിൽ മതേതരത്വത്തിന്റെ ആത്മാവ് നഷ്ടപ്പെട്ട കോൺഗ്രസിനെയാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ തിരസ്‌കരിച്ചത്.

ഒപ്പം, കേരളം നേരിട്ട പ്രളയവും കോവിഡും അടക്കമുള്ള ദുരിതങ്ങളിലും ഒരു ക്രിയാത്മക സാമൂഹ്യ ശക്തിയായി പ്രവർത്തിക്കുന്നതിന് പകരം ദുരന്തങ്ങളിലെ സർക്കാർ ഇടപെടലുകൾ ഇടതുമുന്നണിക്ക് രാഷ്ട്രീയമായി ഗുണം ചെയ്യുമോ എന്നാകുലപ്പെട്ട ഹീനമായ മനോവ്യാപാരത്തിന്റെ അടിമകളായി മാറി കേരളത്തിലെ കോൺഗ്രസ് നേതൃത്വം. കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ "നിപ്പ റാണി', "കോവിഡ് രാജകുമാരി', "റോക് ഡാൻസർ' പ്രയോഗങ്ങളൊക്കെ അത്തരമൊരു അധമ ആശങ്കയിൽ നിന്ന്​ വന്നതായിരുന്നു. ഒരു സമൂഹം എന്ന നിലയിൽ സാമാന്യവും സ്വാഭാവികവുമായ ആധുനിക നാഗരിക സ്വഭാവങ്ങൾ ആർജ്ജിച്ചിട്ടുണ്ടാകും മലയാളികൾ എന്ന് കരുതാനുള്ള സാമാന്യ ബുദ്ധി പോലും ഇല്ലാതായി കോൺഗ്രസ് നേത്യത്വത്തിനു എന്നതാണ് വാസ്തവം.

സമാന അവസ്ഥയാണ് ബി.ജെ.പിക്കും ഉണ്ടായത്. ഉത്തരേന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയ പ്രചാരണത്തിന്റെ അതോ മാതൃകയിൽ കേരളത്തിൽ രാഷ്ട്രീയം എളുപ്പമാകില്ല എന്നവർ തിരിച്ചറിയുന്നുണ്ടാകണം ഇപ്പോൾ. അതിന് പ്രധാന തടസം, നേരത്തെ സൂചിപ്പിച്ചതുപോലെ കേരളത്തിന്റെ നവോത്ഥാന ചരിത്ര പാരമ്പര്യവും തുടർന്നുള്ള ഇടതുപക്ഷ രാഷ്ട്രീയ ബോധവുമാണ്. ആറാട്ടുപുഴ വേലായുധ പണിക്കരും അയ്യങ്കാളിയും നാരായണ ഗുരുവും പൊയ്കയിൽ അപ്പച്ചനും അയ്യാ വൈകുണ്ഠ സ്വാമികളും വി. ടി. ഭട്ടതിരിപ്പാടും എല്ലാമടങ്ങുന്ന ഒരു സാമൂഹ്യ സമരധാരയുടെ ഇങ്ങേത്തലയ്ക്കൽ അവകാശം പറഞ്ഞിരിക്കാൻ വരുന്ന ഹിന്ദുത്വരാഷ്ട്രീയ വാദികളെ അംഗീകരിക്കുന്നതിന് കേരളം അത്രയെളുപ്പത്തിൽ വഴങ്ങില്ല എന്നുകൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. 2016, 2019 നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകയിൽ നിന്ന്​ 2021 -ലെത്തുമ്പോൾ കേവലം 12.4% ആയി ബി ജെ പിയുടെ വോട്ടു പങ്ക് കുറയുന്നത് കേരളത്തിന് രാഷ്ട്രീയ ആശ്വാസം നൽകുന്നതാണ്.

എന്തുകൊണ്ട്​​ ഇടതുപക്ഷം?

എന്തുകൊണ്ട് പ്രതിപക്ഷ രാഷ്ട്രീയം ദുർബലമായിരുന്നു എന്നതിന്റെ ഒരു വശമാണ് നാം നോക്കിയത്. എന്തുകൊണ്ട് ഇടതുപക്ഷം ജയിച്ചു എന്നതിന്റെ മറ്റു പ്രബല കാരണങ്ങളും കാണേണ്ടതുണ്ട്. നവ- ഉദാരവാദ കാലത്തിന്റെ ഏറ്റവും പ്രബലമായ നയം സാമൂഹ്യക്ഷേമ നടപടികളിൽ നിന്ന്​ ഭരണകൂടം പിൻവാങ്ങുക എന്നതായിരുന്നു. താച്ചർ- റീഗൻ സാമ്പത്തിക നയങ്ങളായി പ്രത്യക്ഷപ്പെട്ട ഈ "മെലിയുന്ന സർക്കാർ' 1990-കളിലെ സാമ്പത്തിക പരിഷ്‌കാരങ്ങളോടെ ഇന്ത്യയിലും ശക്തി പ്രാപിച്ചു. കോൺഗ്രസ് ആയിരുന്നു ഇന്ത്യയിൽ ഈ നയം നടപ്പാക്കിയത് എന്നും ഓർക്കേണ്ടതുണ്ട്. സാമൂഹ്യ ക്ഷേമം എന്ന ആശയം തന്നെ ആക്രമിക്കപ്പെട്ടു. "They are casting their problems at society. And, you know, there's no such thing as society. There are individual men and women and there are families. And no government can do anything except through people, and people must look after themselves first. It is our duty to look after ourselves and then, also, to look after our neighbours' എന്നായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചർ പറഞ്ഞത്.

ഇന്ത്യയിൽ പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കലും പ്രാഥമിക വിഭവ സ്രോതസുകൾ കോർപ്പറേറ്റുകൾക്ക് കൊള്ളയടിക്കാൻ നൽകളുമായി ഈ നവ ഉദാരീകരണ പ്രക്രിയ നിർബാധം തുടർന്നു. ഭക്ഷ്യവിതരണം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി സാമൂഹ്യ ക്ഷേമത്തിന്റെ എല്ലാ അടിസ്ഥാന മേഖലകളിൽ നിന്നും സർക്കാർ പിൻവാങ്ങിത്തുടങ്ങി. ഇത്തരമൊരു പശ്ചാത്തലത്തിലാണ് പ്രളയം, കോവിഡ് എന്നിവയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ ഇടതുപക്ഷ സർക്കാർ ഭക്ഷ്യ സഞ്ചി വിതരണ ചെയ്യാൻ തുടങ്ങിയത്. ഒപ്പം തന്നെ സാമൂഹ്യ ക്ഷേമ പെൻഷനുകളും തുക വർധിപ്പിക്കുകയും അവ കൃത്യമായി നൽകാൻ തുടങ്ങുകയും ചെയ്തു. ഇത് വലിയൊരു രാഷ്ട്രീയ ഇടപെടലായിരുന്നു.

സൗജന്യങ്ങളുടെ മായാജാലത്തിലൂടെ ജനങ്ങളെ അരാഷ്ട്രീയവത്കരിക്കുന്ന ഒരു തട്ടിപ്പായിരുന്നില്ല ഇത്. മറിച്ച് നവ- ഉദാരവാദം നിറമാത്രമായി ആക്രമിക്കുന്ന ക്ഷേമ രാഷ്ട്രീയത്തിന്റെ പ്രത്യക്ഷമായ ഇടപെടലായിരുന്നു അത്. നിലവിലെ രാഷ്ട്രീയ കാലാവസ്ഥയിലെ ക്ഷേമ രാഷ്ട്രീയ നയങ്ങളുടെ നടത്തിപ്പ് എന്നത് ഒട്ടും നിസാരമല്ലാത്ത ഒന്നാണ്. ഇത്തരത്തിലൊരു രാഷ്ട്രീയ ഇടപെടൽ, ഇടതുപക്ഷ സർക്കാറിന്റെ ഇടതു രാഷ്ട്രീയ സ്വഭാവം വീണ്ടെടുക്കുന്ന ഒരു പ്രക്രിയയായിട്ടു വേണം കാണാൻ. അതിനെ ജനം അംഗീകരിക്കുന്നു എന്നതും അതിനനുകൂലമായി വോട്ടു ചെയ്യുന്നു എന്നതും സൗജന്യങ്ങളിൽ മയങ്ങിയ ജനത്തിന്റെ സ്വാർത്ഥമായ നന്ദിയായിട്ടാണ് വായിച്ചെടുക്കുന്നതെങ്കിൽ അത് ജനങ്ങളുടെ ചരിത്രപരമായ രാഷ്ട്രീയ ശേഷിയെ നിസ്സാരവത്കരിക്കുന്ന ഉപരിപ്ലവതയാണ്.

ആരോഗ്യമേഖലയുടെ രാഷ്​ട്രീയം

വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലും ഇടതുപക്ഷ സർക്കാർ നടത്തിയ ഇടപെടലുകൾ മാതൃകാപരമായിരുന്നു. കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തെ പൂർണമായും കൂടെനിർത്തിയാണ് നിപ്പയും കോവിഡും നേരിടാൻ സർക്കാർ ശ്രമിച്ചത്. കോവിഡ് മഹാമാരിക്കാലത്ത് ജനങ്ങളെ മരണത്തിലേക്ക് എറിഞ്ഞുകൊടുക്കുകയും സ്വകാര്യ വാക്‌സിൻ കമ്പനികൾക്ക് കൊള്ളലാഭമുണ്ടാക്കാൻ ദുരന്തകാല മുതലാളിത്തത്തിന്റെ തന്ത്രങ്ങൾ നടപ്പാക്കുകയും ചെയ്യുന്ന മോദി സർക്കാരിന്റെ രാഷ്ട്രീയത്തിൽ നിന്ന്​ വിഭിന്നമാണിത്. അതായത് കേരളത്തിലെ ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങളിൽ ഒരു രാഷ്ട്രീയമുണ്ട്. അത് കോർപ്പറേറ്റ് കൊള്ളക്ക് കൂട്ടുനിൽക്കാത്തതും പൊതുജനാരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതുമാണ്.

കോവിഡ്-19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ ഒരുക്കിയ ഓക്‌സിജൻ വാർ റൂമുകളിലൊന്ന് / Photo: Pinarayi Vijayan, Twitter

ഇതുതന്നെയാണ് വിദ്യാഭ്യാസ മേഖലയിലും സർക്കാർ ഇടപെടലുകളിലൂടെ ഉണ്ടായത്. സർക്കാർ വിദ്യാലയങ്ങളും എയ്ഡഡ് മേഖലയിലെ വിദ്യാലയങ്ങളും ലാഭകരമല്ല എന്ന് പറഞ്ഞു അടച്ചുപൂട്ടുന്ന ഒരു കാലത്തു നിന്ന്​ മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ള, ആധുനിക വിദ്യാഭ്യാസത്തിന്റെ നൂതന സംവിധാനങ്ങളെ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു കാഴ്ചപ്പാടിലേക്ക് കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ വളർത്താൻ ഇടതുപക്ഷ സർക്കാർ ശ്രമിച്ചു. ഇതെല്ലാം ഒരു രാഷ്ട്രീയത്തിന്റെ ഭാഗമാണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് കേരളീയർ ഈ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്തത്.

മത- സാമുദായിക ശക്​തികൾക്ക്​ തിരിച്ചടി

മത-സാമുദായിക ശക്തികൾക്ക് ലഭിച്ച വലിയൊരു തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം എന്ന് തീർച്ചയായും കരുതേണ്ടതുണ്ട്. ശബരിമല സമരക്കാലത്ത് ഭൂരിപക്ഷ വർഗീയതയുടെയും സവർണ ജാതി ഹുങ്കിന്റെയും പരസ്യമായ വെല്ലുവിളിയായിരുന്നു നായർ സർവീസ് സൊസൈറ്റിയും അതിന്റെ മേധാവി സുകുമാരൻ നായരും നടത്തിക്കൊണ്ടിരുന്നത്. പെരുന്നയിലെ ‘നായർ പോപ്പ്’ തെരഞ്ഞെടുപ്പ് ദിവസം ഇടതുപക്ഷ സർക്കാർ തുടരാൻ പാടില്ല എന്ന് പ്രഖ്യാപിച്ചതിലേക്കെത്തി ആ വെല്ലുവിളി. കേരളത്തിന്റെ രാഷ്ട്രീയ- സാമൂഹ്യ മണ്ഡലത്തിൽ ഇത്തരത്തിലുള്ള മത- സാമുദായിക ശക്തികൾ പുലർത്തിവരുന്ന പിന്തിരിപ്പൻ സ്വാധീനത്തിന്റെ അങ്ങേയറ്റത്തെ പ്രകടനമായിരുന്നു ഈ കാലങ്ങളിൽ കണ്ടത്.

ജി. സുകുമാരൻ നായർ

എൻ.എസ്.എസ് മാത്രമല്ല കേരളത്തിലെ കത്തോലിക്കാ സഭയടക്കമുള്ള മിക്ക ക്രിസ്ത്യൻ സഭകളും അവസാനഘട്ടത്തിൽ ഇടയലേഖനങ്ങൾ വരെയിറക്കി ഇടതുപക്ഷത്തെ പരാജയപ്പെടുത്താൻ കിണഞ്ഞു ശ്രമിച്ചു. കുണ്ടറയിൽ മേഴ്‌സിക്കുട്ടിയമ്മയെ പോലെ പള്ളിപ്രമാണിമാരെയും പുരോഹിത മേധാവികളെയും കണ്ടാൽ താണുവണങ്ങാത്ത ഒരു കമ്മ്യൂണിസ്റ്റുകാരിയെ തോൽപ്പിക്കുന്നതിൽ വിജയം കണ്ടതൊഴിച്ചാൽ ആകെത്തുകയിൽ അവരുടെ ഇണ്ടാസുകൾ അമ്പേ പരാജയപ്പെട്ടു.

ഇസ്​ലാമിക രാഷ്​ട്രീയ സംഘടനകളുടെ ഇരട്ടത്താപ്പ്​

ഇതേ ആക്രമണം ഇടതുപക്ഷത്തിനെതിരെ ഇസ്​ലാമിക രാഷ്ട്രീയ സംഘടനകളുടെ ഭാഗത്തു നിന്നും ഉണ്ടായി. ജമാഅത്തെ ഇസ്‌ലാമിയും എസ്.ഡി.പി.ഐയും പോലുള്ള ഇസ്‌ലാമിക രാഷ്ട്രീയ സംഘടനകൾ ഇടതുപക്ഷത്തിനെതിരെ വിഷലിപ്തമായ ആക്രമണമാണ് അഴിച്ചു വിട്ടത്. ഒരേ സമയം ഇടതുപക്ഷം സംഘപരിവാറിന് കൂട്ടുനിൽക്കുന്നു എന്നാരോപിക്കുകയും അതേസമയം സംഘപരിവാറിന്റെ മുദ്രാവാക്യങ്ങൾ ഏറ്റുവിളിച്ച കോൺഗ്രസിനൊപ്പം നിൽക്കുകയുമായിരുന്നു ഇവർ ചെയ്തത്. എന്നാൽ ഈ തട്ടിപ്പ് ഫലം കണ്ടില്ല. ഹിന്ദുത്വ വർഗീയ രാഷ്ട്രീയത്തിന്റെ ശേഷി കുറഞ്ഞ മറുപുറമാണ് ഇസ്‌ലാമിക രാഷ്ട്രീയ സംഘടനകൾ എന്നും അവ ഒരുപോലെ എതിർക്കപ്പെടേണ്ടതുണ്ട് എന്നുമുള്ള ഇടതുപക്ഷ രാഷ്ട്രീയ നിലപാട് മതന്യൂനപക്ഷങ്ങൾ അടക്കമുള്ള കേരളീയ സമൂഹത്തിൽ സ്വീകരിക്കപ്പെട്ടു എന്നുതന്നെയാണ് തെളിയുന്നത്.

സ്വത്വവാദികളുടെ ഇടതുവിരുദ്ധത

ഹിന്ദു, മുസ്‌ലിം വർഗീയവാദികളിൽ ഒതുങ്ങി നിന്നില്ല ഈ എതിർപ്പ്. ദളിത് രാഷ്ട്രീയമാണ് സംസാരിക്കുന്നത് എന്ന് അവകാശപ്പെടുന്ന സ്വത്വവാദികൾ ഇത്തവണ ഇടതുപക്ഷത്തിനെതിരെയുള്ള ഈ വർഗീയ മുന്നണിയുടെ ഭാഗമായി. ഇന്ത്യയിൽ മറ്റെല്ലായിടത്തും അപൂർവം ചില അപവാദങ്ങളൊഴിച്ചാൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആലയിലേക്ക് ദളിത് ജനതയെ ചെന്നെത്തിപ്പിക്കാനുള്ള അച്ചാരമെടുത്തവരാണ് ഇന്ത്യയിലെ ദളിത് രാഷ്ട്രീയ സംഘങ്ങൾ. കേരളത്തിലാകട്ടെ ഇടതുപക്ഷ വിരുദ്ധതയാണ് അവരുടെ മുഖ്യ അജണ്ട. അതിൽ അത്ഭുതമില്ല. സ്വത്വവാദികളുടെ അംഗീകാരത്തിനുവേണ്ടി മാർക്‌സിസ്റ്റ് വർഗ രാഷ്ട്രീയം കയ്യൊഴിയാൻ കമ്യൂണിസ്റ്റ് പാർട്ടികൾ തയ്യാറാകാത്തിടത്തോളം ഈ അസഹിഷ്ണുത തുടരും. വാസ്തവത്തിൽ കേരളത്തിൽ ദളിത് സ്വത്വവാദികളുടെ പ്രധാന പ്രശ്‌നം, ദളിത് ജനവിഭാഗങ്ങളുടെ വലതുപക്ഷവത്കരണത്തിനുള്ള പ്രധാന തടസം ഇവിടുത്തെ ഇടതുപക്ഷമാണ് എന്നതാണ്. അതുകൊണ്ടാണ് സംഘപരിവാറിന്റെ ബ്രാഹ്‌മണ്യ ആചാര സംരക്ഷണ പദ്ധതിയും ശബരിമലയിലെ ആചാര ലംഘനത്തിന് രണ്ടുവർഷം തടവുശിക്ഷ നൽകുമെന്ന്​വാഗ്​ദാനം ചെയ്യുന്നവരുമായ കോൺഗ്രസ് മുന്നണി അവർക്കു സ്വീകാര്യമാകുന്നത്.

തുടർഭരണം ജനാധിപത്യ വിരുദ്ധമാണ് എന്ന വിചിത്ര വാദവുമായി നിരന്നവരിൽ സ്വത്വവാദികളുടെ യാജ്ഞവൽക്യന്മാർ മുതൽ മുൻ നക്‌സലൈറ്റുകളും ആം ആദ്മി പാർട്ടിക്കാരും എല്ലാമടങ്ങുന്ന വലിയൊരു സംഘമുണ്ടായിരുന്നു. വാസ്തവത്തിൽ ഒന്നാം കമ്യൂണിസ്റ്റ് സർക്കാരിനെതിരായി കേരളത്തിൽ രൂപം കൊണ്ട വിമോചന സമര മുന്നണിയുടെ പുത്തൻ പതിപ്പായിരുന്നു മറ്റൊരു രൂപത്തിൽ കേരളത്തിൽ നിരന്നത്. ഈ വിമോചന സമര സഖ്യത്തിന്റെ ജനാധിപത്യപരമായ പരാജയമാണ് കേരളത്തിൽ ഇത്തവണ നടന്നത്. പെരുന്നയിലെ ‘നായർ പോപ്പും’ സവർണ ബ്രാഹ്‌മണ്യ വിരുദ്ധ സ്വത്വവാദി സൈദ്ധാന്തികരും ബ്രാഹ്‌മണിക് ഹിംസാ വിരുദ്ധ രാഷ്ട്രീയ ഇസ്​ലാമും മുതലാളിത്ത ഉദാര ജനാധിപത്യവാദികളും മുൻ നക്‌സലൈറ്റുകളുമെല്ലാം കൈകോർത്ത്​ സംരക്ഷിക്കാൻ ശ്രമിച്ച അശ്ലീലമല്ല ജനാധിപത്യമെന്ന തിരിച്ചറിവ് കേരളീയർക്കുണ്ടായി എന്നത് ആധുനിക കേരളത്തിന്റെ ചരിത്രത്തിലുണ്ടായ വലിയൊരു രാഷ്ട്രീയ നിർണയമാണ്.

മാധ്യമങ്ങൾ ‘മുന്നണിപ്പോരാളികൾ’​

കേരളത്തിലെ വാർത്താ മാധ്യമങ്ങളാണ് ഈ ഇടതുപക്ഷ വിരുദ്ധ വിമോചന സമര സഖ്യത്തിലെ മുന്നണിപ്പോരാളികളായി രംഗത്തു വന്നത്. 1957-59 കാലത്തെ കമ്യൂണിസ്റ്റ് വിരുദ്ധ സമരക്കാലത്ത്​ എങ്ങനെയാണോ കമ്യൂണിസ്റ്റ് വിരുദ്ധ വിഷം തുപ്പിയത് അതിന്റെ ഒട്ടും കുറയാത്ത പതിപ്പായിരുന്നു ഇത്തവണയും നടന്നത്. വസ്തുതകളുമായി പുലബന്ധം പോലുമില്ലാത്ത വാർത്തകൾ വരെ "സൂചനയും' "സംശയവും' "കുരുക്കും' ഒക്കെയായി വിളമ്പിക്കൊണ്ടിരുന്നു. സംഘപരിവാറിന്റെ ഫാസിസ്റ്റ് രാഷ്ട്രീയമോ കോൺഗ്രസ് അതിനൊപ്പം ചേർന്ന്​ നടത്തുന്ന മതേതര, സ്ത്രീവിരുദ്ധ ആക്രോശങ്ങളോ അവരെ ബാധിച്ചതേയില്ല.

ഒരു ആധുനിക ജനാധിപത്യ സമൂഹത്തിലെ മാധ്യമങ്ങളുടെ സാമൂഹ്യവീക്ഷണത്തിന്റെ ചരിത്രപരമായ പങ്കിനെപ്പോലും വിസ്മരിച്ച്​ഏറ്റവും പ്രതിലോമകരമായ വിധത്തിൽ ശബരിമല ലഹളയെ വിശ്വാസ- ആചാര സംരക്ഷണത്തിനുള്ള സാധുക്കളായ വിശ്വാസികളുടെ ശരണം വിളികളായി അവർ അവതരിപ്പിച്ചു. കഴിഞ്ഞ ഒരു കൊല്ലക്കാലമായി കേന്ദ്ര സർക്കാർ അതിന്റെ അന്വേഷണ സംവിധാനങ്ങളെ ദുരുപയോഗം ചെയ്​ത്​ നടത്തിയ സ്വർണക്കടത്ത് അന്വേഷണ നാടകത്തെ അവസാനവാക്കായി വാർത്താ ചർച്ചകളിൽ അവതരിപ്പിച്ചു. കേരളത്തിന്റെ രാഷ്ട്രീയ- സാമൂഹ്യ- സാമ്പത്തിക മേഖലകളെ നിയാമകമായി സ്പർശിക്കുന്ന ഒരു വിഷയവും അവർ ചർച്ച ചെയ്തേയില്ല. പരിസ്ഥിതി, ആരോഗ്യ, പൊതുമേഖലാ, വിദ്യാഭ്യാസം, തൊഴിൽ എന്നിങ്ങനെയുള്ള ഒരു വിഷയവും വാർത്താ മാധ്യമങ്ങളുടെ പരിഗണനയിൽ വന്നില്ല. അല്പവിഭവന്മാരായ ഹിന്ദുത്വ വാദികൾ വാർത്താ സംവാദങ്ങളിൽ നിഷ്പക്ഷ നിരീക്ഷകരായി എല്ലാ ദിവസവും പ്രത്യക്ഷപ്പെട്ടു. സംഘപരിവാറിന്റെ അജണ്ടകൾക്കനുസരിച്ചായിരുന്നു പല വിഷയങ്ങളും ചർച്ച ചെയ്യപ്പെട്ടത് തന്നെ.

വാർത്താ അവതാരകർ ഇടതുപക്ഷ രാഷ്ട്രീയത്തെ ആർത്തലച്ച് ആക്രമിച്ചുകൊണ്ടിരുന്നു. മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റും പോലുള്ള ദൃശ്യ വാർത്താ മാധ്യമങ്ങളിലെ ചർച്ചകൾ പിന്തിരിപ്പൻ രാഷ്ട്രീയത്തിന്റെ കൂക്കുവിളികളായി മാറി. കേരളം പോലെ വാർത്താ മാധ്യമങ്ങൾ സമൂഹത്തിന്റെ ദൈനംദിന ജീവിതത്തിൽ ഇത്ര വിപുലമായി സാന്നിധ്യം കണ്ടെത്തുന്ന ഒരു സമൂഹത്തിൽ ഇടതുപക്ഷത്തിനെ തറപറ്റിക്കാൻ ഈ നിരന്തരാക്രമണത്തിനുകഴിഞ്ഞേക്കുമെന്നുതന്നെ അവർ ധരിച്ചു. എന്നാൽ മറിച്ചാണ് സംഭവിച്ചത്.

കേരള സമൂഹത്തിൽ തങ്ങളുടെ വിശ്വാസ്യത എത്രമാത്രം നഷ്ടപ്പെട്ടിരിക്കുന്നു എന്ന തിരിച്ചറിവ് മാധ്യമങ്ങൾക്കുണ്ടാകാനുള്ള ഒരവസരമാണിത്. അതിനുള്ള സാധ്യത വിരളമാണെങ്കിലും. കാരണം മാധ്യമ പ്രവർത്തനത്തിന്റെ മൂല്യങ്ങളല്ല, തങ്ങൾ പ്രതിനിധാനം ചെയ്യുന്ന വർഗത്തിന്റെ താത്പര്യങ്ങളാണ് ഓരോ മാധ്യമ സ്ഥാപനവും പ്രസരിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്. അതുകൊണ്ട് എത്രതന്നെ അസംബന്ധമെന്ന് നമുക്ക് തോന്നിയാലും അവരത് ചെയ്തുകൊണ്ടിരിക്കും. എന്നാൽ ഇതിനെ ഒരു പരിധി വരെ നേരിടാനും തിരിച്ചറിയാനുമുള്ള മാധ്യമ സാക്ഷരത കേരളീയ സമൂഹം നേടിയെടുക്കുന്നു എന്ന് വേണം ഈ തെരഞ്ഞെടുപ്പ് ഫലത്തിൽ നിന്നും മനസിലാക്കാൻ.

മലയാളിയുടെ രാഷ്​ട്രീയ പ്രഖ്യാപനം

ഇത്തരത്തിലൊരു രണ്ടാം വിമോചന സമര മുന്നണിയെ പരാജയപ്പെടുത്തിയാണ് കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി തുടർഭരണം നേടിയത്. കമ്യൂണിസ്റ്റ് പാർട്ടികൾക്ക് മാത്രമായി കേവല ഭൂരിപക്ഷമുള്ള ഒരു നിയമസഭയാണിത്. വലിയൊരു ചരിത്ര സന്ധിയാണിത്.

നയപരവും പ്രായോഗികവുമായ പല ഭിന്നതകളും ഇടതുപക്ഷത്ത് നിന്നുകൊണ്ടുതന്നെ ഉന്നയിക്കാവുന്ന ഒന്നായിരുന്നു കഴിഞ്ഞ സർക്കാർ എന്നതിൽ സംശയമില്ല. UAPA പോലൊരു ജനാധിപത്യ വിരുദ്ധ നിയമം കേരളത്തിൽ പ്രയോഗിച്ചതും, എട്ട് മാവോവാദികളെ വ്യാജ ഏറ്റുമുട്ടലിൽ കൊന്നതുമെല്ലാം ഒരു കാരണവശാലും ഒരു ജനാധിപത്യ, ഇടതുപക്ഷ രാഷ്ട്രീയത്തിന് അംഗീകരിക്കാൻ കഴിയുന്നതല്ല.
പരിസ്ഥിതി പ്രശ്‌നങ്ങളിലും ആശാവഹമായ നിലപാടായിരുന്നില്ല കഴിഞ്ഞ സർക്കാർ സ്വീകരിച്ചത്. ആഭ്യന്തര വകുപ്പ് പ്രത്യേകിച്ചും ജനാധിപത്യ വിരുദ്ധവും ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ- സാമൂഹ്യ കാഴ്പ്പാടുകൾക്ക് കടകവിരുദ്ധവുമായ നിലയിലാണ് പ്രവർത്തിച്ചത്. ഒപ്പം, വിഴിഞ്ഞം പദ്ധതി പോലെ കോർപ്പറേറ്റുകൾക്ക് തീർത്തും അതാര്യമായ രീതിയിൽ വിഭവക്കൊള്ള നടത്താൻ സാധിക്കുന്ന വ്യാപാര സംരംഭങ്ങളിലും സർക്കാർ കണ്ണടക്കുകയോ കൂട്ടുനിൽക്കുകയോ ചെയ്തു. ഇതെല്ലാം ഇനിയും ഉയർന്നുവരാനിടയുള്ള പ്രശ്‌നങ്ങളാണ്. അതുകൊണ്ടുതന്നെ ഇടതുപക്ഷ രാഷ്ട്രീയത്തെ ഒരു നിരന്തര സമര പരിപാടിയായി നിലനിർത്തേണ്ടത് അധികാര രാഷ്ട്രീയത്തിന് പുറത്തേക്കുള്ള രാഷ്ട്രീയ പദ്ധതിയുമാണ്.

ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വിജയമാണ് ഈ തെരഞ്ഞെടുപ്പ് ഫലം. ഒപ്പം, അത് കേരളത്തിന്​ മലയാളികളുടെ ജീവിതഭൂമി എന്ന നിലയിൽ ഇന്ത്യയിൽ രാഷ്ട്രീയ-സാമൂഹ്യ സ്വാതന്ത്ര്യത്തോടെ നിലനിൽക്കാനുള്ള അവകാശ പ്രഖ്യാപനം കൂടിയാണ്. ഭരണഘടന നൽകുന്ന പരിമിതമായ ഫെഡറൽ സംവിധാനത്തെക്കൂടി ഇല്ലാതാക്കുന്ന തരത്തിലാണ് മോദി സർക്കാർ നീങ്ങുന്നത്. അതിനൊപ്പം ഹിന്ദുത്വ പ്രത്യയശാസ്ത്ര അജണ്ട ഇന്ത്യയുടെ ബഹുസ്വരതയെ പൂർണമായും തള്ളിപ്പറയുന്ന ഒന്നാണ്. ഉത്തരേന്ത്യയിലെ പാസുപ്രദേശത്തിന്റെ സാംസ്‌കാരിക ചിഹ്നങ്ങളേയും രീതികളേയും ഇന്ത്യയുടെ എല്ലാ ഭാഗത്തേക്കും എത്തിക്കുക എന്നത് അവരുടെ അജണ്ടയാണ്.

ഇത്തരത്തിൽ ഹിന്ദുരാഷ്ട്രത്തിനാവശ്യമായ ഒരു സാംസ്‌കാരിക- സാമൂഹിക ഹിന്ദു ബോധത്തിലൂടെ അതിന്റെ പ്രത്യയശാസ്ത്ര അടിത്തറയിടുക എന്നതുകൂടിയാണ് അവരുടെ ലക്ഷ്യം. ഇത് മലയാളിയുടെ ഭാഷാടിസ്ഥാനത്തിലുള്ള ഭൂപ്രദേശം എന്ന തരത്തിലുള്ള കേരളത്തിന്റെ സവിശേഷമായ അസ്തിത്വം ചോദ്യം ചെയ്യുന്ന ഒന്നാണ്. ഈ അസ്തിത്വ പ്രശ്‌നത്തെ മലയാളി തിരിച്ചറിയുന്നുണ്ട് എന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിക്കുന്നു. മലയാളികൾ തങ്ങളുടെ സാമൂഹ്യ- സാംസ്‌കാരിക സവിശേഷാസ്തിത്വത്തിനു വേണ്ടികൂടിയാണ് ഇടതുപക്ഷത്തെ വിജയിപ്പിച്ചത് എന്നതൊരു വാസ്തവമാണ്. ഇടതുപക്ഷവും ഇത് തിരിച്ചറിയുന്നുണ്ട്. "ഇത് കേരളമാണ്' എന്നതായിരുന്നു സംഘപരിവാറിനെതിരെ കേരളത്തിലെ ഇടതുപക്ഷവും ഒരു പരിധിവരെ പൊതുസമൂഹവും ഉയർത്തിയ പ്രതിരോധമെന്നത് ഇതിന്റെ ഏറ്റവും തെളിമയുള്ള കാഴ്ചയാണ്.

പിണറായി വിജയൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

മലയാളി തികച്ചും രാഷ്ട്രീയമായി തീരുമാനമെടുത്ത ഒരു തെരഞ്ഞെടുപ്പായിരുന്നു ഇത്. മലയാളിയായി കേരളത്തിൽ ജീവിക്കാൻ, ഹിന്ദുത്വ ഫാസിസ്റ്റ് രാഷ്ട്രീയത്തെ കേരളത്തിന് പുറത്തു നിർത്താൻ, മത സാമുദായിക ശക്തികളുടെ അശ്‌ളീല സമ്മർദ്ദങ്ങളെ എത്രയോ കാലത്തിനു ശേഷം മുഖമടച്ച് തള്ളിക്കളയാൻ, ഭരണകൂടം എന്നത് ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ ക്ഷേമ രാഷ്ട്രീയം എന്ന സങ്കല്പത്തിനെ നിലനിർത്താൻ ഉപയോഗിക്കാനുള്ള ഒരുപാധിയാണ് എന്ന് പറയാൻ, ഈ പ്രകൃതിയും അതിന്റെ വിഭവങ്ങളും നമ്മുടെയാണ് എന്നുറപ്പാക്കാൻ, ആചാരവും മതവിശ്വാസവുമല്ല ആധുനികതയും മാനവികതയുമാണ് കേരളീയ സമൂഹത്തെ മുന്നോട്ട് നയിക്കേണ്ടതെന്ന് ഉറപ്പിക്കാൻ, ആർത്തവാശുദ്ധിയുടെ സ്ത്രീവിരുദ്ധതയല്ല മലയാളിയുടെ സാമൂഹ്യബോധ്യം എന്ന് പ്രഖ്യാപിക്കാൻ മലയാളി ഉറച്ചു നടത്തിയ ഒരു രാഷ്ട്രീയ പ്രഖ്യാപനമാണ് ഈ തെരഞ്ഞെടുപ്പ് ഫലം.

ഇതിനെ കേവലം പിണറായി തരംഗമെന്നോ, വിജയതരംഗമെന്നോ ഒക്കെ വിശേഷിപ്പിക്കുന്നത് ഇടതുപക്ഷ രാഷ്ട്രീയത്തിനെ ഈ വിജയത്തിൽ നിന്ന്​ അടർത്തിമാറ്റാനുള്ള ഒരു വലതുപക്ഷ തന്ത്രമാണ്. ഇടതുപക്ഷ രാഷ്ട്രീയത്തിനെ തിരിച്ചറിയാൻ 1957-ൽ കമ്യൂണിസ്റ്റ് സർക്കാരിനെ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിച്ച ഒരു ജനസമൂഹത്തിന് കഴിയില്ല എന്ന് ധരിക്കാനാവില്ല. അതുകൊണ്ട് ഇടതുപക്ഷ രാഷ്ട്രീയത്തിന് ലഭിച്ച ഈ രാഷ്ട്രീയ പിന്തുണയെ മുന്നോട്ടുകൊണ്ടുപോവുകയാണ് വേണ്ടത്. കേരളത്തിലെ ഭരണപക്ഷം ഇടതുപക്ഷമാണ് എന്നത് മലയാളിയുടെ രാഷ്ട്രീയമാണ്. കേരളത്തിന്റെ പ്രതിപക്ഷവും ഇടതുപക്ഷമാകേണ്ടതുണ്ട്.

Comments