‘വാക്സിന് പാസ്‌പോര്‍ട്ടിംഗ്' :
ഇതല്ല ഇടതുസർക്കാർ
ചെയ്യേണ്ടത്
‘വാക്സിന്‍ പാസ്‌പോര്‍ട്ടിംഗ്' : ഇതല്ല ഇടതുസർക്കാർ ചെയ്യേണ്ടത്
3 ദിവസം കൂടുമ്പോള്‍ 500 രൂപ കൊടുത്ത് ആര്‍.ടി.പി.സി.ആര്‍. എടുക്കണോ അല്ലെങ്കില്‍ 1000 രൂപ കൊടുത്ത് പ്രൈവറ്റ് സെക്ടറില്‍ നിന്ന് വാക്സീന്‍ എടുക്കണോ എന്ന ചോദ്യത്തിലേക്ക് നിങ്ങളെ എത്തിക്കുകയാണ് കേരളത്തിലെ പുതിയ പോളിസി. പിന്നീട് ആര്‍.ടി.പി.സി.യാറിനെ മാറ്റി പുഷ് മുഴുവന്‍ വാക്സീനിലേക്ക് മാറ്റും. അതിന് ശേഷം വാക്സീന്‍ സര്‍ട്ടിഫിക്കറ്റിന് വേണ്ടിയുള്ള പുഷ് വരും. ഇതാണ് സംഭവിക്കാന്‍ പോവുന്നത്. ഇതല്ല ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്യേണ്ടത്.
6 Aug 2021, 06:10 PM
മുഹമ്മദ് ജദീർ: പൊതുസ്ഥലങ്ങളും സംവിധാനങ്ങളും ഉപയോഗിക്കാന്‍ കോവിഡ് വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റോ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ വേണം എന്നാണ് സര്‍ക്കാരിന്റെ പുതിയ കോവിഡ് മാര്‍ഗരേഖ. ഇത് ‘വാക്സിന്‍ പാസ്‌പോര്‍ട്ടിംഗ്' ആണെന്നാണ് ആരോപണം വരുന്നത്. എന്താണ് വാക്‌സീന്‍ പാസ്‌പോര്‍ട്ട്, അത് പൊതുജനങ്ങളെ എങ്ങനെ ബാധിക്കും.
അനിവർ അരവിന്ദ്: ഇമ്യൂണിറ്റി പാസ്‌പോര്‍ട്ടിംഗ് ശ്രമം ‘ആരോഗ്യ സേതു’ മുതലേ കാണുന്നുണ്ട്. ഇമ്യൂണൈസേഷന്‍ റെക്കോഡ് സൂക്ഷിക്കണമെന്ന് നമ്മള്‍ പണ്ട് പറയാറുണ്ട്. പക്ഷേ അത് എല്ലാ സമയത്തും എല്ലാ സ്ഥലത്തും പോകാന്‍ ആവശ്യമുണ്ടായിരുന്നില്ല. ആഫ്രിക്കയില്‍ പോകണമെങ്കില്‍ യെലോ ഫീവറിന്റെ ഇഞ്ചക്ഷന്‍ വേണമെന്ന് പറയുന്ന അത്രയേ ഉള്ളൂ അത്. അത്തരത്തിൽ, ഇമ്യൂണൈസേഷന്‍ റെക്കോഡുകള്‍ക്ക് പ്രാധാന്യമുണ്ട്. പക്ഷേ അത് നിങ്ങളുടെ അടിസ്ഥാന അവകാശങ്ങളുടെ മുന്നുപാധിയാക്കുക എന്നതാണ് പ്രശ്‌നം. രാജ്യങ്ങളുടെ അതിര്‍ത്തിയില്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടോ എന്ന് പരിശോധിക്കുന്നത് അവിടുത്തെ പൗരന്മാര്‍ക്ക് പുറമെ നിന്ന് ഒരു ഭീഷണി ഉണ്ടാവാതിരിക്കാനാണ്. ഇവിടുത്തെ പ്രശ്‌നം എന്നു പറയുന്നത് വീടിനകത്തു നിന്ന് നിങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ വാക്‌സിന്‍ എടുത്ത തെളിവ്, ആര്‍.ടി.പി.സി.ആര്‍. ചെയ്ത സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ വേണം എന്ന് പറയുന്നതാണ്.

ഇത് കുറച്ച് കാലമായി നടക്കുന്ന വിഷയമാണ്. അന്താരാഷ്ട്ര തലത്തില്‍ തന്നെ ബയോമെട്രിക് ഐ.ഡി. കമ്പനികള്‍ വലിയ ലോബിയിംഗ് നടത്തുന്നുണ്ട്. പ്രത്യേകിച്ച് കോവിഡ് വന്നപ്പോള്‍ ആദ്യം ഇവര്‍ നോക്കിയത് ഈ കോണ്‍ടാക്ട് ട്രേസിംഗ് ടെക്‌നോളജിയെ ഇമ്മ്യൂണിറ്റി പാസ്‌പോര്‍ട്ട് ആക്കി മാറ്റാന്‍ പറ്റുമോ എന്നാണ്. അതായത്, നിങ്ങള്‍ക്ക് ഫ്‌ളൈറ്റില്‍ കയറണമെങ്കില്‍ ‘ആരോഗ്യ സേതു’ വേണം, നിങ്ങള്‍ക്ക് പാസ്‌പോര്‍ട്ട് ഓഫിസില്‍ പോകണമെങ്കില്‍ ‘ആരോഗ്യസേതു’ വേണം, എന്നിങ്ങനെ ഒരുപാട് സ്ഥലങ്ങളില്‍ കയറാന്‍ ‘ആരോഗ്യസേതു’ വേണമെന്ന്. ഇത് മനുഷ്യാവകാശ ലംഘനമായതുകൊണ്ടാണ് ഞാന്‍ ഹൈക്കോടതിയില്‍ പോയത്. ഇത് ഒരേ സമയം നിങ്ങളുടെ മൊബൈല്‍ഫോണിലേക്കുള്ള കടന്നുകയറ്റവും നിങ്ങളുടെ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റവുമാണ്. അടിസ്ഥാനപരമായി നിങ്ങള്‍ കൊണ്ടുനടക്കേണ്ട ഒരു തെളിവായി ഇത് മാറുമെന്ന് മാത്രമല്ല, ഇത് ഒരു അക്കൗണ്ടബിലിറ്റിയുമില്ലാത്ത മെക്കാനിസമായിരുന്നു എന്നതുകൂടിയായിരുന്നു പ്രശ്‌നം.

അത്തരത്തില്‍ സാങ്കേതികമായി ആളുകളെ എങ്ങനെ പരിമിതപ്പെടുത്താം എന്ന ടെക്‌നോ സൊലൂഷനിസത്തിന് വേണ്ടിയാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ടെക്‌നോ സൊലൂഷന്‍സ് കാര്യക്ഷമമായി നടന്ന ചരിത്രവുമില്ല. ‘ആരോഗ്യസേതു’ തന്നെ അതിന് ഉദാഹരണമാണ്. അതിപ്പോള്‍ കോ- വിന്‍ബുക്കിംഗിന്റെ ആപ്പ് ആയി ട്രാന്‍സ്‌ഫോം ചെയ്തിരിക്കുകയാണ്.
അടുത്ത അവതാരമാണ് കോവിഡ് സര്‍ട്ടിഫിക്കറ്റിന്റെ രൂപത്തില്‍ അവതരിച്ചിരിക്കുന്നത്. ആഗോളതലത്തിൽ പല രാജ്യങ്ങളും ഈ വാക്സിന്‍ പാസ്പോര്‍ട്ട് എന്ന ഐഡിയയുടെ മുകളില്‍ കളിക്കുന്നുണ്ട്. ഇത് ജനങ്ങള്‍ക്കിടയില്‍ വിവേചനവും വിഭജനവുമുണ്ടാക്കും എന്ന് ലോകാരോഗ്യ സംഘടന അടക്കം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എന്നിട്ട് പോലും ഐഡന്‍റിറ്റിയുമായി ചേര്‍ന്ന ഇമ്മ്യൂണിറ്റി പാസ്പോര്‍ട്ട് ആണ് ഭാവി എന്ന തരത്തില്‍ വലിയൊരു തോട്ട് പ്രോസസ് ഐ.ഡി. ഫോര്‍ ഡവലപ്മെന്‍റ് പോലുള്ള ഗ്യാംഗ് മുന്നോട്ട് വെക്കുന്നുണ്ട്.
ഇന്ത്യയില്‍ ഇത് ഹെല്‍ത്ത് ഐ.ഡിയിലൂടെയാണ് മുന്നോട്ട് കൊണ്ടുപോവുന്നത്. നിങ്ങള്‍ വാക്സിന് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഒരു ഹെല്‍ത്ത് ഐ.ഡി. കൂടെ വരുന്നുണ്ടല്ലോ. ഇന്ത്യയില്‍ കഴിഞ്ഞ ജൂലൈ- ആഗസ്റ്റ് മുതല്‍ ഇത് പുഷ് ചെയ്യുന്നുണ്ട്. വാക്സിന്‍ എക്സ്പേര്‍ട്ട് കമ്മിറ്റിയും നന്ദന്‍ നിലേഖിനിയും ഉള്‍പ്പടെയുള്ളയുള്ളവരും മുന്നോട്ട് വെക്കുന്ന ഐഡിയ ആണിത്. പ്രത്യേകിച്ച് ഇന്ത്യയില്‍ സി.ഐ.എ. പ്രതിഷേധങ്ങള്‍ക്ക് ശേഷം ജനങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനുള്ള വിശ്വാസ്യത കേന്ദ്ര സർക്കാറിന് നഷ്ടമായ സാഹചര്യത്തില്‍ അടുത്തതായി വരുന്ന പോപ്പുലേഷന്‍ സ്കെയില്‍ എക്സൈസ് ആണ് വാക്സിനേഷന്‍. ഈ അവസരത്തെ ഒരു വിവര ശേഖരണ പരിപാടിയായി ആസൂത്രണം ചെയ്യുക എന്ന രീതി കൂടെയാണ് ഇപ്പോള്‍ നടക്കുന്നത്.
വാക്സിന്‍ നല്‍കുന്നതിനേക്കാള്‍ പ്രാധാന്യം വാക്സിന്‍ രജിസ്ട്രേഷന് നല്‍കുന്നത് അതുകൊണ്ടാണ്. ആ രീതിയിലാണ് ആ സിസ്റ്റം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. അതുകൊണ്ടാണ് ചിലര്‍ക്ക് വേറെ ആളുകളുടെ പേരിലുള്ള വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടുന്നത്. കാരണം വെരിഫിക്കേഷന്‍ എന്നത് ഡെലിവറി ലെവലിലല്ല, ഐ.ഡി. ലെവലിലാണ്.

മറ്റൊരു ഉദാഹരണം നോക്കുകയാണെങ്കില്‍, നന്ദന്‍ നിലേഖിനി ഈ പദ്ധതി പ്രപ്പോസ് ചെയ്ത ശേഷം ആഗസ്റ്റ് 15ന് നരേന്ദ്രമോദി നാഷനല്‍ ഹെല്‍ത്ത് ഐഡി പ്രഖ്യാപിക്കുന്നു. അതിനുശേഷം യു.ഐ.ഡി.ഐയുടെ മുന്‍ ഡി.ജി. ആയിരുന്ന ആര്‍.എസ്. ശര്‍മയെ നാഷനല്‍ ഹെല്‍ത്ത് ഐ.ഡി അതോരിറ്റിയുടെയും കോവിന്റെയും വിദഗ്ധ കമ്മിറ്റിയുടേയും തലവനായി നിയോഗിക്കുന്നു. ഈ മൂന്ന് സ്ഥാനങ്ങളുടെയും തലപ്പത്തിരുന്ന് അദ്ദേഹം പറയുന്നു, വാക്സിന്‍ ഡെലിവറി അല്ല എന്റെ ചുമതല, ഈ ഓണ്‍ലൈന്‍ സംവിധാനം ഉണ്ടാക്കുന്നതാണ് എന്റെ ജോലി, വാക്സിന്‍ ലഭ്യതയെക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല എന്ന്.
ഇവര്‍ എന്താണ് യഥാര്‍ഥത്തില്‍ ചെയ്യുന്നത്? നന്ദന്‍ നിലേഖനിയുടെ ബാംഗ്ലൂരിലെ ഒരു എന്‍.ജി.ഒ. ഡിവോക്ക് എന്ന വാക്സിന്‍ സര്‍ട്ടിഫിക്കേഷന്‍ സിസ്റ്റം ഉണ്ടാക്കുന്നു. ഈ സിസ്റ്റത്തെ കോവിന്‍ പോര്‍ട്ടലുമായി ലിങ്ക് ചെയ്യുന്നു. ഇത് ആധാറിന്റെയും ഡിജിലോക്കറിന്റെയും മേല്‍ പുതിയ ഹെല്‍ത്ത് ഐ.ഡി. ക്രിയേറ്റ് ചെയ്യുകയാണ് ചെയ്യുന്നത്.
അതായത്, പൊതുസ്ഥലങ്ങളിലേക്കുള്ള ആക്സസ് ആധാര്‍ ഉപയോഗിച്ചുള്ള ഐ.ഡി. വെരിഫിക്കേഷന്‍റെ പുറത്താവുക എന്നത് ഒരു വലിയ പദ്ധതിയാണ്. ഇപ്പോൾ അത് പേപ്പറായിരിക്കാം, നാളെ ക്യു.ആര്‍ കോഡ് ആയിരിക്കാം. പിന്നെ ആധാറുമായി ലിങ്ക് ചെയ്ത് നിങ്ങളുടെ ആധാര്‍ സ്റ്റാറ്റസിന്റെ പുറത്തായിരിക്കും ആക്സസ്. ഈ രീതിയിലാണ് അത് പതുക്കെ പതുക്കെ മുന്നോട്ട് കൊണ്ട് പോവുന്നത്. ഇത് ഒരു മനുഷ്യാവകാശ ലംഘനം കൂടിയാണ്.
ഇതിനുള്ള സൂചനകള്‍ ഇപ്പോഴേ കാണാം. verify.cowin.gov.in എന്ന വെബ്സൈറ്റില്‍ ഒരു ക്യു.ആര്‍. വെരിഫിക്കേഷന്‍ കാണാം. വാക്സിന്‍ സര്‍ട്ടിഫിക്കേഷന്‍ വെരിഫിക്കേഷന് ക്യു.ആര്‍. കോഡിനുള്ള പ്രാധാന്യം കൂടിവരുന്നതായിട്ടാണ് ഇത് കാണിക്കുന്നത്. ക്യൂ.ആര്‍ കോഡിലൂടെ വെരിഫൈ ചെയ്യാവുന്ന സിസ്റ്റമാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മിക്കവാറും കുറച്ചുകൂടെ കഴിഞ്ഞാല്‍ ‘ആരോഗ്യ സേതു’വിനകത്ത് വാക്സിന്‍ രജിസ്ട്രേഷന്‍ ഉപയോഗിച്ച് എന്‍റര്‍ ചെയ്യുകയും എക്സിറ്റ് ആവുകയും ചെയ്യുന്ന രീതി കൊണ്ടുവരും. വാക്സിന്‍ സര്‍ട്ടിഫിക്കേഷന്‍ ആധാറുമായും നിങ്ങളുടെ മൊബൈല്‍ഫോണുമായും ഡിജിലോക്കറുമായും ഇന്‍ഗ്രേഷന്‍ പരിപാടി ഇപ്പോള്‍തന്നെ പ്ലാന്‍ ചെയ്തിട്ടുണ്ട്.

നിങ്ങളുടെ പൊതുഇടങ്ങളിലെ പ്രവേശനം എന്നത് വാക്സിന്‍ സ്റ്റാറ്റസ് ഉപയോഗിച്ച് നിര്‍ണയിക്കുക എന്നത് വലിയ പ്രശ്നമാണ്. വാക്സിന്‍ ലഭ്യതയില്ലെന്ന കാര്യം കൂടി കൂട്ടിവായിക്കണം. വാക്സിനും ആര്‍.ടി.പി.സി.ആറുമാണ് ഇപ്പോള്‍ പറയുന്നത്. മൂന്നു ദിവസം കൂടുമ്പോള്‍ 500 രൂപ കൊടുത്ത് ആര്‍.ടി.പി.സി.ആര്‍. എടുക്കണോ അല്ലെങ്കില്‍ 1000 രൂപ കൊടുത്ത് സ്വകാര്യമേഖലയിൽ നിന്ന് വാക്സിന്‍ എടുക്കണോ എന്ന ചോദ്യത്തിലേക്ക് നിങ്ങളെ എത്തിക്കുകയാണ് കേരളത്തിലെ പുതിയ പോളിസി. പിന്നീട് ആര്‍.ടി.പി.സി.യാറിനെ മാറ്റി പുഷ് മുഴുവന്‍ വാക്സിനിലേക്ക് മാറ്റും. അതിന് ശേഷം വാക്സിന്‍ സര്‍ട്ടിഫിക്കറ്റിന് വേണ്ടിയുള്ള പുഷ് വരും. ഇതാണ് സംഭവിക്കാന്‍ പോവുന്നത്. ഇതല്ല, ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്യേണ്ടത്. സാര്‍വത്രികമായി വാക്സിന്‍ കൊടുക്കുമെന്നും അതിന് ബജറ്റ് അലോക്കേഷന്‍ നടത്തുമെന്നും പറഞ്ഞിട്ട് ശേഷം പ്രൈവറ്റ് വാക്സിനിലേക്ക് ആളെ വിടുന്ന പരിപാടിയാണ് പുതിയ നയം.

സാർവത്രികത, യൂണിവേഴ്സല്‍ ആക്സസ്, യൂണിവേഴ്സല്‍ പി.ഡി.എസ്, യൂണിവേഴ്സല്‍ ബെനഫിറ്റ് തുടങ്ങിയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള തീരുമാനങ്ങളാണ് ഇടതുപക്ഷ സര്‍ക്കാര്‍ പൊതുവേ എടുക്കാറുള്ളത്. അതില്‍ നിന്ന് മാറി പോപ്പുലേഷന്റെ ഒരു വിഭാഗത്തെ മാത്രം ഉദ്ദേശിച്ച് അവര്‍ക്ക് മാത്രം പ്രിവിലേജ് കൊടുക്കുന്ന തരത്തില്‍, ഒരു വിഭാഗത്തെ ഒഴിവാക്കുന്ന തരത്തില്‍ പോവുന്നതിനെ തടയേണ്ടതാണ്. അതിലേക്കുള്ള തുടക്കമായിട്ടാണ് ഞാന്‍ ഇതിനെ കാണുന്നത്. അത് ഒരു നയവ്യതിയാനമാണ്.
രണ്ടാഴ്ചയ്ക്ക് മുമ്പെങ്കിലും കോവിഡ് ഒന്നാം ഡോസ് എടുത്തവരോ, 72 മണിക്കൂര്‍ മുമ്പ് നടത്തിയ ടെസ്റ്റില്‍ നെഗറ്റീവ് ആയവരോ, ഒരു മാസം മുമ്പ് രോഗം വന്ന് മാറിയവര്‍ക്കോ മാത്രമേ കടകളിലും മറ്റും പ്രവേശിക്കാനാവൂ എന്നാണ് പുതിയ മാര്‍ഗനിര്‍ദേശം. എന്നാല്‍ മാര്‍ഗരേഖയുടെ അടുത്ത ഖണ്ഡികയില്‍ മുന്‍ ഖണ്ഡികയില്‍ പരാമര്‍ശിച്ചിട്ടുള്ളവരും അല്ലാത്തവരുമായ എല്ലാവര്‍ക്കും അത്യാവശ്യ സാഹചര്യങ്ങളില്‍ പുറത്തിറങ്ങാമെന്ന് പറയുന്നുണ്ട്. അപ്പൊൾ ഉയരുന്ന മറ്റൊരു വാദം, ഈ കടുത്ത നിര്‍ദേശങ്ങള്‍ സുപ്രീംകോടതിയെ ഉള്‍പ്പടെ ബോധിപ്പിക്കാന്‍ വേണ്ടി മാത്രം ഉള്ളതാണെന്നും യഥാര്‍ഥത്തില്‍ എന്‍ഫോഴ്‌സ് ചെയ്യാനുള്ളതല്ലെന്നുമാണ്. ഈയൊരു വാദത്തെ എങ്ങനെ കാണുന്നു.
പോളിസി തലത്തില്‍ കേരളം ചെയ്തത് രാഷ്ട്രീയമായി ഒരു എതിര്‍പ്പിനുള്ള സാധ്യത ഇല്ലാതാക്കി എന്നതാണ്. നാളെ കേരളത്തിന്റെ മോഡല്‍ കാണിച്ചിട്ട് മറ്റു സംസ്ഥാനങ്ങള്‍ക്കും ഇത് കൊണ്ടുവരാം. പ്രായോഗികമായി നടപ്പാക്കുമോ ഇല്ലയോ എന്നത് മറ്റൊരു വിഷയമാണ്. അങ്ങനെയല്ലല്ലോ മനുഷ്യാവകാശം പ്രവര്‍ത്തിക്കേണ്ടത്. നിയമം നിങ്ങളെ തടഞ്ഞിട്ടും സര്‍ക്കാര്‍ നല്‍കുന്ന ഔദാര്യമാണ് നിങ്ങളുടെ സ്വാതന്ത്ര്യം എന്നല്ലല്ലോ വരേണ്ടത്. ഇനി കൂടുതല്‍ കൂടുതല്‍ പൊലീസിംഗ് ആണ് അതിന് മുകളില്‍ വരാന്‍ പോവുന്നത്. പൊലീസിന് സത്യത്തില്‍ ഇതിലൊന്നിലും ഇടപെടേണ്ട കാര്യമില്ല. പൊലീസിന്റെ അധികാരവുമല്ല ജനങ്ങളുടെ സഞ്ചാരം നിയന്ത്രിക്കുക എന്നത്. ഇന്നത്തെ രീതിയില്‍ ഇതൊരു ക്രമസമാധാന പ്രശ്നവുമല്ല. അനാവശ്യമായി പൊലീസിന് കൂടുതല്‍ കൂടുതല്‍ അധികാരം സംഭരിക്കാന്‍ അവസരം നല്‍കുന്നു എന്നതാണ് ഈ നയത്തിന്റെ ഒരു ഇംപാക്ട്. നയപരമായി തന്നെ ഏത് സാഹചര്യത്തിലും പൊലീസിന് ആക്ഷന്‍ എടുക്കുനുള്ള സാഹചര്യം നല്‍കുന്നു എന്നതാണ് അവസ്ഥ.

ഐ.ഡി. ലിങ്ക്ഡ് ആയ ഇമ്മ്യൂണിറ്റി സ്റ്റാറ്റസ് എന്ന തലത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നതിനെ തടയാന്‍ കേരളം ശ്രമിക്കേണ്ടതാണ്. കാരണം അത് സ്വാഭാവികമായും ഉണ്ടാക്കുക വലിയ തോതിലുള്ള ഒഴിവാക്കപ്പെടലും വിഭജനവുമാണ്. ആ ഒരു പ്രവണത തടയേണ്ടതാണ്. ജനക്കൂട്ടം തടയാന്‍ മറ്റുവഴികള്‍ ഒരുപാടുണ്ട്. അതിന് ആളുകളുടെ ഐ.ഡി.യോ സര്‍ട്ടിഫിക്കറ്റോ അറിയേണ്ട കാര്യമില്ല.
ഇന്‍ഡസ്ട്രിയുടെ കാര്യത്തില്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ തന്നെ ചെയ്യേണ്ട കാര്യങ്ങളുണ്ട്. എ.സി. പോലുള്ള കാര്യങ്ങള്‍ കുറയ്ക്കുകയും സ്ഥലങ്ങളിലെ വെന്‍റിലേഷന്‍ വര്‍ദ്ധിപ്പിക്കുകയും പോലുള്ള നടപടികള്‍. ഇന്നോ നാളെയോ കോവിഡ് ഭീഷണി ഇല്ലാതാവില്ല എന്നതാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ലോകം മുഴുവന്‍ കോവിഡിനൊപ്പം എങ്ങനെ മുന്നോട്ട് പോവാം എന്നാണ് നോക്കിക്കൊണ്ടിരിക്കുന്നത്.
ഒറ്റയടിക്ക് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചാല്‍ കാര്യങ്ങള്‍ നടക്കും എന്നത് ശരിയല്ല. മാസ്ക്, ഡബിള്‍മാസ്ക് തുടങ്ങിയ മറ്റു നിയന്ത്രണങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുകയാണ് വേണ്ടത്. പുറത്തിറങ്ങുക, ജീവിക്കുക എന്നത് ജനങ്ങളുടെ ആവശ്യമാണ്. അതിന് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് വരുമ്പോള്‍ സ്വാഭാവികമായിട്ടും അതിനെ പൈറേറ്റ് ചെയ്യും. 500 രൂപ കൊടുത്ത് എല്ലാ 3 ദിവസവും ടെസ്റ്റ് എടുക്കുന്നത് നടക്കുന്ന കാര്യമല്ല. വാക്സിന്‍ ഇല്ലാത്തത് കൊണ്ട് വാക്സിന്‍ സര്‍ട്ടിഫിക്കറ്റും ലഭ്യമല്ല. അത്തരം സാഹചര്യങ്ങളില്‍ സ്വാഭാവികമായും ഉണ്ടാവുന്ന കാര്യമാണ് പൈറസി. അതാണ് സംഭവിക്കുക.
പൊതുജനാരോഗ്യത്തെ മുന്‍നിര്‍ത്തി ‘വാകാസിന്‍ പാസ്‌പോര്‍ട്ടിംഗ്’ ഏര്‍പ്പെടുത്തുന്നതില്‍ ഏതെങ്കിലും പ്രശ്‌നങ്ങളുണ്ടോ?.
പ്രശ്നമുണ്ട്. വാക്സിന്‍ സര്‍ട്ടിഫിക്കേറ്റ് എന്നത് നിങ്ങള്‍ക്ക് അതിര്‍ത്തിയില്‍ നടപ്പാക്കാം. പക്ഷേ ജനങ്ങളുടെ ദൈനം ദിന ജീവിതത്തില്‍ അത് കൊണ്ടുവരുന്നത് തെറ്റാണ്. നിങ്ങളെ മുഴുവന്‍ സമയവും ഐഡന്‍റിഫിക്കേഷന്‍ സിസ്റ്റത്തിലൂടെ കടത്തിവിട്ടല്ല നിങ്ങളുടെ അവകാശങ്ങള്‍ ലഭ്യമാക്കേണ്ടത്. സവിശേഷമായ സ്ഥലങ്ങളില്‍ നടപ്പാക്കേണ്ടി വരും. ഉദാഹരണത്തിന് ഹോസ്പിറ്റല്‍ റിസ്ക് കൂടുതലുള്ള മെഡിക്കല്‍ സംവിധാനങ്ങളില്‍, ഫേസ്മാസ്ക് പോലും ഉപയോഗിക്കാനാവാത്ത ജിം പോലുള്ള സ്ഥലങ്ങളില്‍ ഒക്കെ. അതുപോലെയല്ല പൊതുവായ സ്ഥലങ്ങളെക്കുറിച്ചുള്ള തീരുമാനം.
സര്‍ക്കാര്‍ നയങ്ങള്‍ ലാഭമാക്കി മാറ്റുന്നതില്‍ മുന്‍പും കഴിവ് തെളിയിച്ച സ്ഥാപനമാണ് ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനമായ പേടിഎം. ഡീമോണിറ്റൈസേഷന്‍ കൊണ്ട് ഏറ്റവും ലാഭമുണ്ടാക്കിയ ഒരു കമ്പനി പേടിഎം ആയിരിക്കും. ഇപ്പോള്‍ വാക്‌സിന്‍ ബുക്ക് ചെയ്യാനുള്ള സംവിധാനവും പേടിഎം മുന്നോട്ട് വെക്കുന്നുണ്ട്. ചില ടെലഗ്രാം ചാനലുകളും ഇതേ സൗകര്യം ഓഫര്‍ ചെയ്യുന്നുണ്ട്. ഫലത്തില്‍ കോവിന്‍ എന്ന ശരിയായ സംവിധാനത്തിലൂടെ മാത്രം ഒരാള്‍ക്ക് വാക്‌സിന്‍ ബുക്ക് ചെയ്യാനാവില്ല. ഇത്‌പോലെ ഏതെങ്കിലും തേഡ്പാര്‍ടി ആപ്പുകളുടെ സഹായം കൂടിയേ തീരു എന്നുവരുന്നു. ഇതില്‍ വലിയൊരു പ്രശ്‌നമില്ലേ.
പേടിഎം ആയാലും ടെലഗ്രാം ചാനലുകളായാലും അവരൊക്കെ ഉപയോഗിക്കുന്നത് കോവിന്‍ പോര്‍ട്ടലിന്റെ ഓപ്പണ്‍ എ.പി.ഐ സംവിധാനമാണ്. സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത് അക്കൌണ്ടബിലിറ്റിയിലാണ്. ഞാന്‍ സര്‍ക്കാരിന് നല്‍കുന്ന വിവരങ്ങളുടെ ഇടയില്‍ മൂന്നാമതൊരാള്‍ വരികയും ഈ മൂന്നാമന് ഞാന്‍ നല്‍കുന്ന വിവരങ്ങള്‍ പലരീതിയില്‍ ഉപയോഗിക്കാന്‍ അവസരമുണ്ടാവുകയും ചെയ്യുന്നു. ഇതിന്റെ ദുരുപയോഗങ്ങള്‍ പലതരത്തിലാണ്, നമ്മള്‍ ആധാര്‍ കെ.വൈ.സിയില്‍ കണ്ടതുപോലെ. അത് വിശദമായി പറയേണ്ട മറ്റൊരു വിഷയമാണ്. വാക്സിന്‍ രജിസ്ട്രേഷന്‍ എന്ന് പറയുന്നത് നിങ്ങളും സര്‍ക്കാരും തമ്മിലുള്ള ഇടപാടാണ്. അതിനിടയില്‍ വരുന്ന പാര്‍ട്ടിക്ക് നിങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാനും അവരുടെ കയ്യില്‍ ആദ്യമേ തന്നെയുള്ള കസ്റ്റമര്‍ ഡാറ്റയുമായി ചേര്‍ത്ത് പലരീതിയില്‍ ഉപയോഗിക്കാന്‍ സാധിക്കുകയും ചെയ്യും. ഒരാളുടെ വാക്സീനേഷന്‍ സ്റ്റാറ്റസ്, കുടുംബ വിവരങ്ങള്‍ തുടങ്ങിയ വിപുലമായ വിവരങ്ങള്‍ ഇത്തരത്തില്‍ ലഭ്യമാവും.

മറ്റൊരു വിഷയം ടെക്നിക്കലി എലീറ്റായ ഒരു വിഭാഗത്തിന് വാക്സിന്‍ ലഭ്യത കൂടുന്ന ഒരു പരിപാടിയാണ് ഇപ്പോള്‍ നടക്കുന്നത്. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് ഇത് വാക്സിന്‍ സിസ്റ്റമല്ല, വാക്സിന്‍ രജിസ്ട്രേഷന്‍ സിസ്റ്റമാണെന്ന്. വാക്സിനിലേക്കോ വാക്സിന്റെ ആഫ്റ്റര്‍ എഫക്ടിലേക്കോ അല്ലല്ലോ സിസ്റ്റം ശ്രദ്ധക്കുന്നത്, നിങ്ങളുടെ ഐ.ഡി. വിവരങ്ങളും നിങ്ങളുടെ ഫാമിലി വിവരങ്ങളും കൃത്യമായിട്ട് ആധാറിന്‍റെയും ഡിജിലോക്കറിന്‍റെയും മുകളില്‍ ശേഖരിക്കുക എന്ന രീതിയിലാണ് സിസ്റ്റം ഡിസൈന്‍ ചെയ്തിട്ടുള്ളത്.

അലി ഹൈദര്‍
Jul 31, 2022
10 Minutes Read
കെ.വി. ദിവ്യശ്രീ
Jul 21, 2022
17 Minutes Read
ഡോ. ഗായത്രി ഒ.പി.
Jul 01, 2022
6 Minutes Read
ഡോ. വി. ജി. അനില്‍ജിത്ത്
Jul 01, 2022
6 Minutes Read
ദില്‍ഷ ഡി.
Jun 30, 2022
8 Minutes Read
അലി ഹൈദര്‍
Jun 22, 2022
6 Minutes Read
latif
7 Aug 2021, 03:30 PM
കോവിഡ് പ്രോട്ടോക്കോൾ വിഷയത്തിൽ യുക്തിപൂർണ്ണവും പ്രായോഗികവുമായ മാർഗ്ഗങ്ങൾ അവലംബിക്കുന്നതിൽ കേരള സർക്കാർ പരാജയപ്പെട്ടിരിക്കുന്നു എന്നു് സമ്മതിക്കേണ്ടിയിരിക്കുന്നു. കുറച്ചു പോലീസുകാർക്കു് തെരുവിൽ കൂത്താടാനുള്ള അവകാശം പതിച്ചു നൽകി എന്നതിനപ്പുറം, ശാസ്ത്രീയമായ രീതിയിൽ പ്രതിരോധം സൃഷ്ടിക്കാൻ പര്യാപ്തമായതൊന്നും സർക്കാറിനു് ചെയ്യാൻ കഴിയുന്നില്ല. ജനങ്ങളെ കൂടുതൽ ദുരിതത്തിലേക്കു്നാ തള്ളിവിട്ട് പുതിയ നിർദ്ധേശങ്ങളും നിയമാവലികളും നടപ്പിലാക്കിയിട്ടും നാൾക്കുനാൾ രോഗം വ്യാപിക്കുന്നതും മരണനിരക്കു് ഉയരുന്നതും മാത്രമാണു് കാണാൻ കഴിയുന്നത്.