ഭേദഗതികളോടെ പുറത്തിറങ്ങാനിരിക്കുന്ന വാടക ഗര്‍ഭപാത്ര നിയമം വ്യത്യസ്തമായ നിലയിലാണ് ഇന്ത്യന്‍ ജനസാമാന്യത്തെ ബാധിക്കുന്നത്. സാമൂഹ്യ-സാമ്പത്തികാവസ്ഥകള്‍ കൊണ്ട് വാടക അമ്മമാരാവാന്‍ പ്രേരിപ്പിക്കപ്പെടുന്ന, കഠിന ചൂഷണങ്ങള്‍ക്കു വിധേയരാവേണ്ടി വരുന്ന സ്ത്രീകളുടെയും അവരുടെ ദരിദ്ര കുടുംബങ്ങളുടെയും കുഞ്ഞുങ്ങളുടെയും പ്രശ്നങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധനല്‍കേണ്ടതുണ്ട്. ഒപ്പം, ഒരു കുഞ്ഞിനു വേണ്ടിയുള്ള ദാഹത്തോടെ സാമ്പത്തിക പരിമിതികളുണ്ടായിട്ടും വന്ധ്യതാക്ലിനിക്കുകള്‍ കയറിയിറങ്ങേണ്ടി വരുന്ന സാധാരണക്കാരെയും കാണേണ്ടതുണ്ട്. നിയമഭേദഗതി ഘട്ടത്തില്‍ പരിഗണിക്കപ്പെടേണ്ട സുപ്രധാന വിഷയങ്ങളും നിലവിലെ നിബന്ധനകള്‍ വ്യത്യസ്ത വിഭാഗങ്ങളെ ഏതുരീതിയില്‍ ബാധിക്കുമെന്നും വിശകലനം ചെയ്യപ്പെടുന്നു
19 Jan 2021, 11:19 AM
വാടക ഗര്‍ഭപാത്ര നിയമം (Surrogacy act) ഇന്തൃയില്‍ ഭേദഗതികളോടെ പുറത്തിറങ്ങാനിരിക്കുന്നു! 2019ല്‍ ലോകസഭയുടെ അംഗീകാരം ലഭിച്ച ആക്റ്റ് നിയമമായാല്‍ വളരെ സ്വതന്ത്രവും ചെലവു കുറഞ്ഞതുമായി ഇന്ത്യയില്‍ സാധിതമായിരുന്ന ഈ ഗര്‍ഭധാരണ മാര്‍ഗം വിദേശ മാതാപിതാക്കള്‍ക്കു മുമ്പില്‍ കൊട്ടിയടയ്ക്കപ്പെടും! അതിലേക്ക് നയിച്ച കേസുകളില്‍പ്പലതും മാധ്യമശ്രദ്ധയാകര്‍ഷിച്ചവയുമായിരുന്നല്ലോ. നിയുക്ത വിദേശദമ്പതികള്‍ ഭാവി സന്തതിയുടെ ജനനത്തിനു മുമ്പ് തല്ലിപ്പിരിഞ്ഞതിനാല്‍ ആ കുഞ്ഞ് ദരിദ്രയായ ഇന്ത്യക്കാരി അമ്മയുടെ ബാധ്യതയായതും അത്തരം കുഞ്ഞുങ്ങളുടെ പൗരത്വപ്രശ്‌നവും ഒക്കെ പുതിയ കാലത്തിന്റെ സമസ്യകളായി കോടതികളുടെ മാത്രമല്ല, സമൂഹ മനസ്സാക്ഷിയുടെ മുമ്പിലും പലപ്പോഴായി വന്നതുമാണ്. ഒരു പുതു സേവന മേഖലയായി ആഗോളതലത്തില്‍ സ്വാധീനം നേടിയ ഈ ശിശു ഉല്‍പ്പാദന സംരംഭത്തിന് ഇന്ത്യ പോലൊരു ദരിദ്ര രാഷ്ട്രം ഏറെ ഉര്‍വ്വരമായ മണ്ണായിരുന്നു. ആവശ്യക്കാര്‍ക്കു മാത്രമല്ല, ഏറെ ലാഭമുണ്ടാക്കിയിരുന്ന ഇടനിലക്കാര്‍ക്കും താല്‍ക്കാലികമായെങ്കിലും വലിയൊരടിയായിത്തീര്‍ന്നു നിയമനിര്‍മ്മാണം.

പ്രസ്തുത ആക്റ്റ് അതേപടി പ്രാബല്യത്തില്‍ വരികയാണെങ്കില്‍ അത് വിദേശസേവനാര്‍ത്ഥികളെ മാത്രമല്ല, ഇന്ത്യക്കാരായ തികച്ചും അര്‍ഹരായവരെപ്പോലും സമ്മര്‍ദ്ദത്തിലാക്കുന്നതാവും. പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മറ്റിയുടെ വിശകലനത്തിനു വിടാനുണ്ടായ കാരണവും അതു തന്നെ. പ്രസ്തുത ആക്റ്റ് പ്രകാരം രാജ്യാന്തര ഗര്‍ഭപാത്ര സ്വീകരണം മാത്രമല്ല, അടുത്ത ബന്ധുക്കളല്ലാത്തവര്‍ വാടക അമ്മമാരാവുന്നതിനെക്കൂടി വിലക്കുന്നുണ്ട്. പ്രതിഫലം കൊടുത്തുകൊണ്ടുള്ള സ്വീകരണം പാടില്ല. സേവനപരം (altruistic) മാത്രമായിരിക്കണം ഗര്‍ഭധാരണവും പ്രസവവും കുഞ്ഞിനെ കൈമാറലും ഒക്കെ! കൂടാതെ, വിവാഹം കഴിഞ്ഞ് 5 വര്‍ഷം പൂര്‍ത്തിയായിട്ടും കുഞ്ഞുങ്ങളുണ്ടാകാത്തവര്‍ക്കേ അതിനര്‍ഹതയുള്ളു. ജീവിച്ചിരിക്കുന്ന മറ്റു കുഞ്ഞുങ്ങളുള്ളവര്‍ക്കും വിവാഹിതരാവാത്തവര്‍ക്കും വിവാഹമോചിതര്‍ക്കും, സഹജീവനം സ്വീകരിച്ചവര്‍ക്കും, ലൈംഗിക (LGBT) ന്യൂനപക്ഷക്കാര്‍ക്കും അത്തരത്തില്‍ കുഞ്ഞുങ്ങളുണ്ടാവുക പ്രതീക്ഷിക്കവയ്യ! ഗര്‍ഭവാഹകയാവാന്‍ തയ്യാറാവുന്നവളാവട്ടെ, വിവാഹിതയും ഒരു കുഞ്ഞിനെയെങ്കിലും പ്രസവിച്ചവളുമായിരിക്കണം.
Also Read: കേന്ദ്രസർക്കാരിന്‍റെ പുതിയ ബില്‍ നഴ്‌സിംഗ് മേഖലയെയും തകർക്കും | പി. ഉഷാദേവി
ഈ നിയമത്തിന്റെ കണ്ണിലൂടെ നോക്കിയാല്‍ സമൂഹത്തിലെ ഉപരി വര്‍ഗത്തില്‍ പെട്ട ധാരാളം പേര്‍ നേരത്തേ ഈ സാധ്യതയെ ദുരുപയോഗം ചെയ്തവരാണ് എന്നു പറയേണ്ടി വരും. ജനഹൃദയം പിടിച്ചടക്കിയ പല ബോളിവുഡ് അഭിനേതാക്കളും സംവിധായകരും surrogacy മാര്‍ഗത്തിലൂടെ മാതാപിതാക്കളായത് വന്ധ്യതയ്ക്ക് ചികിത്സ എന്ന നിലയില്‍പ്പോലുമല്ല. ഒന്നോ രണ്ടോ കുഞ്ഞുങ്ങള്‍ ഉള്ളപ്പോഴോ അല്ലെങ്കില്‍ അവിവാഹിതരായിരിക്കുമ്പോഴോ ഒക്കെയാണ്. സമ്പത്തിന്റെയും സൗകര്യങ്ങളുടെയും ധാരാളിത്തത്തില്‍ ജീവിക്കുന്നവര്‍ക്ക് എളുപ്പം സാധ്യമാക്കാവുന്ന ഒരു കൗതുകം എന്ന നിലയിലോ, വ്യത്യസ്തമായി തങ്ങളുടെ ജീവിതം ആവിഷ്‌ക്കരിക്കണമെന്ന ആഗ്രഹം മൂലമോ പ്രശസ്തിക്കുവേണ്ടിപ്പോലുമോ ആയിരിക്കാം ഇത്തരത്തില്‍ കുഞ്ഞുങ്ങളെ തങ്ങളുടെ ജീവിതത്തിലേക്ക് ചേര്‍ക്കാന്‍ മുതിരുന്നത്. അമീര്‍ ഖാന്‍ - കിരണ്‍ ദമ്പതികളെപ്പോലെ നിരന്തരമായ ഗര്‍ഭമലസല്‍ കാരണം ഒരു കുഞ്ഞിനു വേണ്ടിയുള്ള മോഹസാക്ഷാത്ക്കാരം surrogacy യിലൂടെ സാധിതമാക്കിയവരും കൂട്ടത്തില്‍ ഇല്ലാതില്ല. ഇവരില്‍പ്പലരുടെയും ഗര്‍ഭ വാഹകര്‍ വിദേശങ്ങളില്‍ അജ്ഞാതരായിരിക്കുന്നു. ആസ്‌ത്രേലിയ പോലെ വിരലിലെണ്ണാവുന്ന രാജ്യങ്ങളിലൊഴികെ, അമേരിക്കയുള്‍പ്പെടെ ഒന്നാം ലോകരാജ്യങ്ങളിലൊക്കെ, വളരെ മാന്യമായ ബിസിനസ് ആയി surrogacy നടന്നുകൊണ്ടിരിക്കുന്നുണ്ട്. തങ്ങളുടെ സേവനങ്ങള്‍ പരസ്യപ്പെടുത്തുകയും, ഹെല്‍ത്ത്‌സ്‌ക്രീനിംഗ് കഴിഞ്ഞ് റെഡിയായ സ്ത്രീകളെ ഒരുക്കി നിര്‍ത്തുകയും ചെയ്യുന്ന surrogacy ഏജന്‍സികള്‍ കാര്യങ്ങള്‍ എളുപ്പമാക്കുന്നു. ചെലവ് ഇത്തിരി കൂടുമെങ്കിലും കാലദൈര്‍ഘ്യം കുറച്ച് നിയമ നൂലാമാലകളോ മറ്റു സമ്മര്‍ദ്ദങ്ങളോ ഇല്ലാതെ ആവശ്യം നിവര്‍ത്തിക്കാനാവും എന്ന സൗകര്യമുണ്ട്.
മാതൃത്വത്തെപ്പറ്റിയുള്ള അതിവൈകാരികതയും പാരമ്പര്യ മഹത്വവല്‍ക്കരണവുമൊക്കെ തല്‍ക്കാലം നമുക്കു മാറ്റി വെയ്ക്കാം. ഇന്ത്യന്‍ നിയമ നിര്‍മ്മാതാക്കളുടെ മനസ്സില്‍ ഇവയൊക്കെ പ്രവര്‍ത്തിക്കാമെന്നിരിക്കിലും പുതിയ കാല സ്ത്രീകളെപ്പറ്റി അത്രയ്ക്കിനി പ്രതീക്ഷ വേണ്ട. പക്ഷേ, കലുഷമായ കൗമാരവും യുവതയുടെയും കുഞ്ഞുങ്ങളുടെയും മനസ്സിലെ അരക്ഷിതബോധവും കൂടുതല്‍ തീക്ഷ്ണമായി വരുന്ന കാലമാണിതെന്ന് ഓര്‍ക്കേണ്ടതുണ്ട്. ബാല്യകാലത്ത്, കൗതുകവും ആഹ്ലാദവും പ്രശസ്തിയും നല്‍കിയേക്കാവുന്ന "അത്ഭുതക്കുഞ്ഞുങ്ങള്‍' എന്നും കുഞ്ഞുങ്ങളായിത്തന്നെ തുടരുകയുമില്ലല്ലോ.
സഹോദരങ്ങളില്‍ നിന്നു വിഭിന്നമായി തനിക്കു നിഷേധിക്കപ്പെട്ടതെന്തെന്ന തിരിച്ചറിവ്, താനേറ്റവും അരക്ഷിതനായിരുന്നപ്പോള്‍ സ്വശരീരത്തോടു ചേര്‍ത്ത് കരുതല്‍ നല്‍കേണ്ടിയിരുന്ന അമ്മ അന്ന് പ്രാധാന്യം കൊടുത്ത മറ്റു ജീവിത സുഖങ്ങളെപ്പറ്റിയുള്ള ചിന്ത, ഇവയൊക്കെ സ്വതവേ അസ്ഥിരവും ശങ്കാഭരിതവുമായ കൗമാര മനസ്സുകളെ എങ്ങനെ ബാധിക്കാം എന്ന രീതിയിലൊക്കെ ആലോചിക്കേണ്ട സമയമായി എന്നു തോന്നുന്നു.
ഇന്ത്യന്‍ ജനസാമാന്യത്തിനെ ഈ പുതുനിയമം ബാധിക്കുന്നത് വ്യത്യസ്തമായ നിലയിലാണു താനും. സാമൂഹ്യ-സാമ്പത്തികാവസ്ഥകള്‍ കൊണ്ട് വാടക അമ്മമാരാവാന്‍ പ്രേരിപ്പിക്കപ്പെടുന്ന, കഠിന ചൂഷണങ്ങള്‍ക്കു വിധേയരാവേണ്ടി വരുന്ന സ്ത്രീകളുടെയും അവരുടെ ദരിദ്ര കുടുംബങ്ങളുടെയും കുഞ്ഞുങ്ങളുടെയും പ്രശ്‌നത്തിലേക്ക് കൂടുതല്‍ പ്രാധാന്യത്തോടെ ഇത്തരുണത്തില്‍ കടക്കേണ്ടതുണ്ട്. ഒപ്പം, ഒരു കുഞ്ഞിനു വേണ്ടിയുള്ള ദാഹത്തോടെ സാമ്പത്തിക പരിമിതികളുണ്ടായിട്ടും വന്ധ്യതാക്ലിനിക്കുകള്‍ കയറിയിറങ്ങേണ്ടി വരുന്ന സാധാരണക്കാരെപ്പറ്റിയും. Surrogacy യെ മാറ്റി വെച്ചാല്‍ തന്നെ വന്ധ്യതാ ചികിത്സ ഇന്ന് വളരെ ചെലവേറിയ ഒന്നു തന്നെയാണ്. ഏറെ കച്ചവടവല്‍ക്കരിക്കപ്പെട്ട മേഖലയുമാണ്. IVF-ICSI ഒക്കെ പരാജയപ്പെടുമ്പോഴാണ് അവസാന പിടിവള്ളിയായി ചിലരുടെയെങ്കിലും മുന്നില്‍ കുറച്ചു കൂടി പണച്ചെലവും മാനസിക സമ്മര്‍ദ്ദവും ഉണ്ടാക്കാവുന്ന വാടക ഗര്‍ഭപാത്രമെന്ന ആശയം ഉയര്‍ന്നു വരുന്നത് (surrogacy ഏക മാര്‍ഗമായി വരുന്നവരുടെ വിഷയവും കൂടെ ഉണ്ടെന്നു മറക്കുന്നില്ല). ദമ്പതികളിലൊരാള്‍ക്കെങ്കിലും, (ഏക രക്ഷിതാവെങ്കില്‍ ആ വ്യക്തിക്ക് ) അണ്ഡ /ബീജ ദാതാവാകാനുള്ള കഴിവുണ്ടെങ്കിലേ വാടക ഗര്‍ഭപാത്ര സ്വീകരണമെന്ന വിഷയം ഉദിക്കുന്നുമുള്ളു. ഇത്രയുമാണ് നിയമഭേദഗതി ഘട്ടത്തില്‍ പരിഗണിക്കപ്പെടേണ്ട പ്രധാനകാര്യങ്ങള്‍ എന്നു പറയാം.
ആദ്യം, അടുത്ത ബന്ധുവിനു മാത്രമേ പകരക്കാരി അമ്മ അല്ലെങ്കില്‍ ഗര്‍ഭ വാഹക ആകാനാവൂ എന്ന നിബന്ധനയെപ്പറ്റി.
ഒരു ഗര്‍ഭ വാഹക മാത്രമായിരിക്കാന്‍ അത്തരമൊരു സാധാരണസ്ത്രീക്ക് എങ്ങനെയാവും? അണ്ഡവും പുരുഷബീജവും അന്യമായാലും ഒമ്പതു മാസം കൊണ്ട് തന്റെ "രക്തവും മാംസവുമായ' കുഞ്ഞിനെ, പ്രസവമെന്ന കാല്‍പ്പനിക പരിവേഷമുള്ള അനുഭവത്തിലൂടെ കടന്നുപോയ ഒരു വീട്ടമ്മ (അവള്‍ വിവാഹിതയും നേരത്തേ അമ്മയും കൂടി ആയിരിക്കണമെന്നാണല്ലോ നിബന്ധന!) എങ്ങനെയാണ് തനിക്ക് നേരിട്ടറിയാവുന്ന, വിളിപ്പുറത്തുള്ള ഒരു വള്‍ക്കായി കൈമാറാനാവുക! ആ കുഞ്ഞിന്റെ പുറകേ അവളുടെ ഉത്ക്കണ്ഠകളും സ്‌നേഹവും അവകാശബോധവും ഒക്കെ സഞ്ചരിച്ചു കൂടേ? അത് കുഞ്ഞിന്റെ മാതാപിതാക്കളുടെ ദാമ്പത്യത്തെ മാത്രമല്ല, ഗര്‍ഭവാഹകയായിരുന്നവളുടെ കുടുംബ ജീവിതത്തെക്കൂടി ബാധിക്കാനുള്ള സാധ്യതയില്ലേ?

എന്റെ ചികിത്സാനുഭവ കാലഘട്ടത്തില്‍ അത്തരമൊരു നിര്‍ദ്ദേശം തുറന്ന മനസ്സോടെ കൊടുക്കാനായ ഒരേയൊരു സന്ദര്‍ഭമേയുള്ളു. സമീപനഗരത്തിലെ ആശുപത്രിയില്‍ ഗര്‍ഭഛിദ്രത്തോടനുബന്ധിച്ചു നടത്തിയ ചികില്‍സയില്‍ ഗര്‍ഭപാത്രം ഛിന്നഭിന്നമായി മെഡിക്കല്‍ കോളേജില്‍ വെച്ച് അത് നീക്കം ചെയ്യേണ്ടിവന്ന നിര്‍ഭാഗ്യവതിയുടെ കാര്യത്തില്‍. അവളുടെ സ്‌നേഹധനനായ ഭര്‍ത്താവിന്റെ ആകുലമായ ചോദ്യങ്ങള്‍ക്കു മുമ്പില്‍ ആ ഒരൊറ്റ പരിഹാരമേ നിര്‍ദ്ദേശിക്കാനുണ്ടായിരുന്നുള്ളു അപ്പോള്‍. യുവതിയുടെ അമ്മ, നാല്‍പ്പതുകളില്‍ മാത്രം പ്രായമൊതുങ്ങുന്നവള്‍, രണ്ടോ മൂന്നോ കുഞ്ഞുങ്ങളുള്ളവള്‍, ഗര്‍ഭപാത്രം നഷ്ടപ്പെട്ടെങ്കിലും അണ്ഡദാനസാധ്യത നഷ്ടപ്പെടാത്ത സ്വന്തം മകളുടെ ദാമ്പത്യത്തിനു താങ്ങാവാന്‍ അവരേക്കാള്‍ യോഗ്യയായ മറ്റാരാണുള്ളത്! തന്റെ ഗര്‍ഭപാത്രത്തില്‍ വളരുന്ന ആ കുഞ്ഞിനെ സ്വന്തം പേരക്കുഞ്ഞായിത്തന്നെ സ്‌നേഹിക്കാന്‍ അവര്‍ക്കാവും. തന്റെ മകളുടെ ജീവിതത്തിലെ ഏറ്റവും സന്നിഗ്ധ ഘട്ടത്തില്‍ ഏറ്റവും അപൂര്‍വമായ നിലയില്‍ താങ്ങാവാന്‍ കഴിഞ്ഞതിന്റെ ആത്മസംതൃപ്തിയും കുഞ്ഞിനെ കലവറയില്ലാതെ ലാളിക്കാനുള്ള അവകാശവും അവര്‍ക്കുണ്ടാവും. അതിനേക്കാള്‍ ശ്രേഷ്ഠവും മന:സ്സംഘര്‍ഷം കുറഞ്ഞതുമായ ഒരു surrogacy യെപ്പറ്റി എനിക്കിപ്പോള്‍ ഓര്‍ക്കാനാവുന്നില്ല.
രണ്ടാമത്തെ വിഷയം, വിവാഹിതരായ ശേഷം എത്ര കാലം കൊണ്ട് ഗര്‍ഭപാത്ര കടമെടുപ്പ് ദമ്പതികള്‍ക്ക് അനുവദിക്കപ്പെടാം എന്നതാണ്.
ബില്ലില്‍ പറയുന്ന അഞ്ച് വര്‍ഷ കാലാവധി ഏറെ കൂടുതലാണെന്നും പുതിയ കാലത്ത് ഒരു വര്‍ഷത്തിനുള്ളില്‍ത്തന്നെ എല്ലാ ആധുനിക പരിശോധനകളും ART (Artificial Reproductive Techniques) ചികിത്സകളും പൂര്‍ത്തിയാക്കി തീരുമാനമെടുക്കാവുന്നതാണെന്നും വാദിക്കുന്നവരുണ്ട്. ചികിത്സകരുടെ താല്‍പ്പര്യവും ഈ വാദത്തിലൊളിഞ്ഞിരിപ്പുണ്ടാവാം. ജന്മനാ ഗര്‍ഭപാത്രമില്ലാത്തവരോ, നേരത്തേ വിശദീകരിച്ച പോലെയുള്ള കാരണങ്ങള്‍ കൊണ്ട് ( ട്യൂമറുകള്‍, ഗര്‍ഭപാത്രTuberculosis മുതലായവ കൂടെച്ചേര്‍ക്കാം) കൊണ്ട് ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടി വന്നവരോ ആണെങ്കില്‍ അല്‍പ്പം നേരത്തേ തീരുമാനമെടുത്താലും അത് തെറ്റാവില്ല. പ്രായമേറിയ ദമ്പതികളാണെങ്കിലും തീരുമാനത്തിന് അഞ്ച് വര്‍ഷം നിഷ്‌ക്കര്‍ഷിക്കുന്നത് ശരിയാവില്ല. കാരണം, ജനിക്കാനിരിക്കുന്ന കുഞ്ഞിന് മാനസിക-ശാരീരിക സംരക്ഷണം നല്‍കാനാവുന്ന ആരോഗ്യസ്ഥിതിയിലായിരിക്കണമല്ലോ രക്ഷിതാക്കളും. പക്ഷേ, ചെറുപ്പക്കാരാണ് ദമ്പതികളെങ്കില്‍, പരിശോധനയില്‍ വന്ധ്യതയ്ക്ക് കാരണമൊന്നും കണ്ടെത്താനായിട്ടില്ലെങ്കില്‍ ഈ അഞ്ചു വര്‍ഷ കാലാവധി അവകാശ നിഷേധമായി എടുക്കേണ്ടതില്ല എന്നാണ് പറയേണ്ടി വരിക. എല്ലാ പരിശോധനകള്‍ക്കു ശേഷവും അജ്ഞാതമായ കാരണങ്ങളാലായിരിക്കാം (unexplained Infertility) ഗര്‍ഭധാരണം വൈകുന്നതെന്നതും, അല്‍പ്പം കൂടുതല്‍ സമയവും സാവകാശവും അനുവദിച്ചാല്‍ പ്രകൃതി തന്നെ അത് പരിഹരിക്കാമെന്നതും കൊണ്ടാണിത്. വളരെ ലാഘവത്തോടെ സ്വീകരിക്കാവുന്ന ഒന്നല്ല surrogacy എന്ന് ഒരുവട്ടം കൂടി ഉറപ്പിച്ചു പറയാനും ഈ സന്ദര്‍ഭം ഉപയോഗിക്കട്ടെ.
ഗര്‍ഭവാഹക(Surrogate mother) തന്റെ സേവനത്തിന് പ്രതിഫലം പറ്റാമോ എന്ന ചോദ്യമാണ് അടുത്തത്.
ഈ ചോദ്യം ഉയരുന്നത്, നിയമ ഭേദഗതിയില്‍ അടുത്ത ബന്ധുവല്ലാത്തവര്‍ക്കും സാധ്യത തുറക്കുമ്പോള്‍ മാത്രമാണല്ലോ. വാസ്തവത്തില്‍ ഗര്‍ഭ വാഹക അന്യയും ഭാവി സന്തതിയെ സംബന്ധിച്ചെങ്കിലും അജ്ഞാതയും ആയിരിക്കുന്നതിന് അതിന്റെതായ ഗുണാത്മക വശങ്ങള്‍ ഉണ്ടല്ലോ. അങ്ങനെയാകുമ്പോള്‍ പ്രതിഫലം അനിവാര്യവുമാകുന്നു. ദരിദ്രരായ സേവനദാതാക്കളുടെ രംഗപ്രവേശം ഇവിടെയാണ്. അവര്‍ ഇടനിലക്കാരാല്‍ ചൂഷണം ചെയ്യപ്പെടാത്ത വിധം സുതാര്യമായിരിക്കണം പ്രതിഫല തീരുമാനം. അത് എല്ലാവര്‍ക്കും നിശ്ചിത തുക തന്നെ ആവണമെന്നുമില്ല. മിനിമം പ്രതിഫലത്തുക നിയമത്താല്‍ ഉറപ്പാക്കുന്നത് നല്ലതാണ്. ആവശ്യക്കാരായ ദമ്പതികളുടെ സാമ്പത്തിക സ്ഥിതിയനുസരിച്ച് പരസ്പര ചര്‍ച്ചയിലൂടെ കുറച്ചു കൂടി നല്ല പ്രതിഫല തീരുമാനമെടുക്കാന്‍ സാധിക്കുകയും ആവാം. വാസ്തവത്തില്‍ പുറമെയുള്ള ഒരു surrogacy agency ഇടപെടുന്നതിനേക്കാള്‍ വന്ധ്യതാ ചികിത്സാ സ്ഥാപനങ്ങള്‍ തന്നെ അനുബന്ധമായ ഇത്തരം കാര്യങ്ങളില്‍ക്കൂടി ഉത്തരവാദിത്തമേറ്റെടുക്കണമെന്നു നിഷ്‌കര്‍ഷിക്കുന്നതാണ് നല്ലത്. ഒരു വക്കീലിന്റെ സേവനവും അവിടെത്തന്നെ ലഭ്യമാക്കി സാമ്പത്തിക കരാറുകള്‍ രേഖപ്പെടുത്തി വെക്കേണ്ടതും അത്യാവശ്യം.
ഗര്‍ഭവാഹകയാകാനിരിക്കുന്നവള്‍, ബന്ധുവോ അന്യയോ ആയിരിക്കട്ടെ, നല്ല രീതിയിലുള്ള കൗണ്‍സലിങ്ങിന് അവര്‍ വിധേയയായിട്ടുണ്ട് എന്ന് ഉറപ്പു വരുത്തേണ്ടതും വന്ധ്യതാ സ്ഥാപനത്തിന്റെ ചുമതലയായിരിക്കട്ടെ. ഭര്‍ത്താവിന്റെയോ ബന്ധു ജനങ്ങളുടെയോ മറ്റാരുടെയെങ്കിലുമോ സമ്മര്‍ദ്ദം കൊണ്ടല്ല അവര്‍ ഇതിനു മുതിരുന്നത്, സ്വമനസ്സാലെ വരുംവരായ്കകള്‍ മനസ്സിലാക്കിയാണ് എന്നത് ഉറപ്പു വരുത്താനും രേഖപ്പെടുത്താനുമാണിത്. പ്രസവത്തിനു ശേഷമുണ്ടാകാവുന്ന കുഞ്ഞിനെച്ചൊല്ലിയും അല്ലാതെയുമുള്ള മാനസിക സംഘര്‍ഷങ്ങളെപ്പറ്റി കൂടി അവള്‍ ബോധവതിയായിരിക്കേണ്ടതുണ്ട്.
ഭാവിഗര്‍ഭവാഹക ഈ വലിയ കര്‍ത്തവ്യനിര്‍വഹണത്തിനു വേണ്ട ശാരീരികാരോഗ്യമുള്ളവളാണോ എന്നുറപ്പു വരുത്തേണ്ടത് ബന്ധപ്പെട്ട ചികിത്സകർ തന്നെയാണ്. അതില്‍ ഉപേക്ഷ വരുത്തിയാല്‍ നിയമപരമായ ഉത്തരവാദി ചികിത്സകർ തന്നെയായിരിക്കും.
മെഡിക്കല്‍- ലീഗല്‍ ഉത്തരവാദിത്തം ചികിത്സാ കേന്ദ്രത്തിന്റേ തായിരിക്കുമ്പോള്‍ ഗര്‍ഭകാലത്തെ സാമ്പത്തിക ഉത്തരവാദിത്തം പൂര്‍ണമായും സേവനാര്‍ത്ഥികളുടേതായിരിക്കണം. സാധാരണ ഗര്‍ഭകാല സംരക്ഷണച്ചെലവുകള്‍ക്കപ്പുറം അവിചാരിതമായുണ്ടാകാവുന്ന സങ്കീര്‍ണതകള്‍ക്കു വേണ്ടി വരുന്ന ചെലവുകളും അവര്‍ തന്നെയാണ് വഹിക്കേണ്ടത്. ഇന്‍ഷ്യുറന്‍സ് സഹായം ഇതിനായി നേടാന്‍ സഹായിക്കേണ്ടതും ഡോക്ടറും സ്ഥാപനവും തന്നെ. സ്ത്രീയ്ക്ക് മാനസികമായ പിരിമുറുക്കങ്ങളില്ലാതെ, സ്വന്തം കുടുംബ ബന്ധങ്ങളെ ബാധിക്കാത്ത വിധം താമസ സൗകര്യം ഒരുക്കേണ്ടതും അവര്‍ തന്നെ. ഗര്‍ഭസംബന്ധമായ സങ്കീര്‍ണ്ണതകളിലേക്ക് എത്തിപ്പെടുകയും ദീര്‍ഘകാലം ചികിത്സ വേണ്ടി വരികയും ചെയ്താല്‍ അതിനു വേണ്ട സാമ്പത്തിക സുരക്ഷിതത്വവും അവര്‍ക്കുണ്ടായിരിക്കേണ്ടതാണ്. ഈ സങ്കീര്‍ണതകള്‍ കാരണം ഗര്‍ഭസ്ഥ ശിശുവിനോ സ്ത്രീക്കോ തന്നെ മരണം സംഭവിച്ചാല്‍ അവരുടെ കുടുംബം വെറുംകൈയോടെ മടങ്ങിപ്പോകുന്ന അവസ്ഥയും ഉണ്ടാകരുത്. അകാരണമായ സങ്കീര്‍ണതകളുടെ ഉത്തരവാദിത്തം അവള്‍ സ്വീകരിക്കുന്ന ഭ്രൂണത്തിനും തന്മൂലം സേവനാര്‍ത്ഥികള്‍ക്കുമുണ്ടല്ലോ. ന്യായമായ വിഹിതം അവരുടെ കുടുംബത്തിന് അപ്പോഴും കിട്ടും വിധമായിരിക്കണം കരാര്‍. ഗര്‍ഭവും പ്രസവവും ഒക്കെ ഒരു നൂല്‍പ്പാലയാത്ര തന്നെയാണല്ലോ ഇപ്പോഴും, എപ്പോഴും !
ജനിച്ചു വീണ കുഞ്ഞിന് തന്നോടൊപ്പമുള്ള കാലയളവില്‍ വാടകയമ്മ മുലയൂട്ടേണ്ടതുണ്ടോ എന്ന, നിയമ വ്യവസ്ഥകളില്‍ സൂചിപ്പിക്കപ്പെടാത്ത ചോദ്യവുമുണ്ട്. കുഞ്ഞിന് മുലപ്പാല്‍ നിഷേധിക്കുന്നത് അതിനോടുള്ള അവകാശ ലംഘനമാകുമ്പോള്‍ തന്നെ, മുലയൂട്ടലിലൂടെ അമ്മയും കുഞ്ഞും തമ്മില്‍ ഉടലെടുക്കാവുന്ന പ്രവചനാതീതമായ ആത്മബന്ധ സാധ്യതയും മറന്നു പോകരുത്. വാടക അമ്മയാണെങ്കിലും അവളൊരു മനുഷ്യ സ്ത്രീ തന്നെയല്ലോ! മുലപ്പാല്‍ ബാങ്കുകളും മുലയൂട്ടല്‍ അമ്മമാരും ഈ പ്രശ്‌നം പരിഹരിക്കുമായിരിക്കും. കൃത്രിമപ്പാലിന്റെ ഭാരം ആ പാവം കുഞ്ഞു ചുമക്കേണ്ടതില്ലല്ലോ.
വിവാഹിതരായ ലൈംഗിക ന്യൂനപക്ഷക്കാരും വാടക ഗര്‍ഭപാത്രവും ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ്. ഈ നിയമനിര്‍മ്മാണ വേളയിലല്ലെങ്കില്‍ അധികം വൈകാതെ തദ്വിഷയം അഭിമുഖീകരിക്കേണ്ടതുണ്ട് നമുക്ക്. ഒരു കുഞ്ഞുണ്ടാവുക എന്ന ആഗ്രഹം നിഷേധിക്കുന്നത് ദമ്പതികളുടെ അവകാശ ലംഘനമാകുമ്പോള്‍ തന്നെ, കുഞ്ഞിന്റെ വൈകാരിക സംരക്ഷണവും അത്ര തന്നെ പ്രധാനമാണ്. സ്ത്രീ പുരുഷ സമ്മിശ്ര ബീജാശയം (Gonad) ജന്മനാ പേറേണ്ടി വന്ന കലാകാരിയായ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീയെ അറിയാം. അവര്‍ക്ക് ഗര്‍ഭപാത്രമില്ല. പുരുഷഹോര്‍മോണുകള്‍ കൂടി ഉല്‍പ്പാദിപ്പിക്കപ്പെട്ടിരുന്നതിനാല്‍ അവരെ പുരുഷനായിത്തന്നെ വീട്ടുകാരും നാട്ടുകാരും കണ്ടു. അവളിലെ സ്ത്രീ പക്ഷേ, കലമ്പി നിന്നു. അവസാനം യഥാര്‍ത്ഥ ഡയഗ്‌നോസിസിലേക്കെത്തുകയും അനാവശ്യമായി പുരുഷ ഹോര്‍മോണ്‍ ഉല്‍പ്പാദിപ്പിക്കുക മാത്രമല്ല, ഭാവിയില്‍ അര്‍ബ്ബുദ സാധ്യത കൂടിയുള്ള ആ സമ്മിശ്ര ഗൊണാഡ് (Mixed Gonadal Dysgenesis) ശസ്ത്രക്രിയ ചെയ്തു മാറ്റി അവള്‍ കൂടുതല്‍ സ്ത്രീത്വത്തോടെ ജീവിക്കാന്‍ തുടങ്ങുകയും ചെയ്തിതിരിക്കുന്നു ! ഈയിടെ അവര്‍ വിവാഹിതയുമായി. അവര്‍ക്കിനിയൊരു കുഞ്ഞു വേണമെന്നു തോന്നിയാലോ? അണ്ഡ (Ovum) കടമെടുപ്പുകൂടി ഉള്‍പ്പെട്ട ഒരു Surrogacyസാധ്യത മാത്രമേ അവരുടെ മുന്നിലുള്ളു. അതു നിഷേധിക്കാനാവില്ല എന്നു തന്നെ പറയേണ്ടി വരും.
Also Read: ആയുര്‍വേദ ഡോക്ടര്‍മാര്‍ എങ്ങനെയാണ് ശസ്ത്രക്രിയ ചെയ്യുക? | ഡോ. എം. മുരളീധരന്‍
ഇങ്ങനെ ഓരോ ഭിന്നലൈംഗിക പ്രകൃതക്കാരെയും വേറിട്ട് വിശകലനം ചെയ്‌തേ ഇക്കാര്യത്തില്‍ തീരുമാനത്തിലെത്താനാവൂ. അവരുടെ ശാരീരിക, മാനസിക, ദാമ്പത്യപരമായ അതിനുള്ള യോഗ്യത വിശദമായ കൗണ്‍സലിംഗിലൂടെയും വിദഗ്ധ പരിശോധനകളിലൂടെയും ഒന്നില്‍ കൂടുതല്‍ വിദഗ്ധരുടെ കൂട്ടായ വിശകലനത്തിലൂടെയും മാത്രം തീരുമാനിക്കപ്പെടേണ്ടതുമാണ്. കാരണം, ഈ വിഷയം അതിന്റെ വൈകാരികാംശം ഉള്‍പ്പെടെ, മെഡിക്കല്‍ രംഗത്തിനു തന്നെ പുതിയതാണ്. അന്തിമ ഉത്തരവാദിത്തമുള്ള വന്ധ്യതാ ചികിത്സകരുടെ രേഖകളില്‍ അവയെല്ലാം വിശദമായി ഉണ്ടായിരിക്കുകയും വേണം.
നിയമങ്ങള്‍ പൗരര്‍ക്കു വേണ്ടിയാണല്ലോ. അവ മനുഷ്യ സൗഹാര്‍ദ്ദപരമാകേണ്ടതുണ്ട്. കൂടുതല്‍ക്കൂടുതല്‍ കര്‍ക്കശമാകുന്തോറും അവ മനുഷ്യ വിരുദ്ധവുമാകുന്നു. അവയെ മറികടക്കാനുള്ള വഴികളും ഒപ്പം ഉണ്ടായി വരും. ചൂഷിതരാകുന്നത് ഏറ്റവും ദരിദ്രരും സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരും. അതുകൊണ്ടു തന്നെ നിയമനിര്‍മ്മാണമെന്നത് അതീവ അവധാനതയോടെ നിര്‍വ്വഹിക്കപ്പെടേണ്ട ഒന്നു തന്നെയാണ്.

രാകേഷ് കെ.പി
Dec 16, 2020
10 Minutes Read
പി. ഉഷാദേവി
Dec 15, 2020
5 Minutes Read
എസ്. അനിലാൽ
Dec 11, 2020
12 Minutes Read
ഖദീജ മുംതാസ്
Nov 27, 2020
6 Minutes Read
ഡോ. എം. മുരളീധരന്‍
Nov 25, 2020
9 Minutes Read
കെ.എം. വേണുഗോപാലൻ
Nov 25, 2020
19 Minutes Read