മുംബൈ പോലീസ്:
നല്ല ഗേ സിനിമ,
ചീത്ത ഗേ നായകന്‍
മുംബൈ പോലീസ്: നല്ല ഗേ സിനിമ, ചീത്ത ഗേ നായകന്‍
''എങ്കിലും ഏതെങ്കിലും ഗവണ്‍മെന്റോ പ്രൈവറ്റോ സ്ഥാപനങ്ങളില്‍ ജോലി ചെയ്ത് സഹപ്രവര്‍ത്തകര്‍ക്കിടയില്‍ സ്വത്വം വെളിപ്പെടുത്തിക്കൊണ്ട് ജീവിക്കുന്ന സ്വവര്‍ഗപ്രേമികള്‍ കേരളത്തില്‍ ഇന്നും വിരലില്‍ എണ്ണാവുന്നവര്‍ മാത്രമേ ഉള്ളൂ. നമ്മുടെ തൊഴിലിടങ്ങള്‍ എത്രമാത്രം ഗേ-സൗഹൃദപരമാണെന്ന ചര്‍ച്ചകൂടി മുംബൈ പോലീസ് ഉയര്‍ത്തുന്നുണ്ട്. കേരള പോലീസില്‍ ഗേ സ്വത്വം തുറന്നുപറഞ്ഞു ജീവിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനെങ്കിലും ഉണ്ടാകുന്നത് വരെ മുംബൈ പോലീസ് എന്ന സിനിമ കേരളസമൂഹത്തില്‍ പ്രസക്തമായി തുടരും.''
15 May 2020, 11:51 AM
മുംബൈ പോലീസ് എന്ന സിനിമയുടെ ഏഴാം വാര്‍ഷികമായ ഈ സമയത്ത് സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും ഓണ്‍ലൈനില്‍ സജീവമാവുകയാണ്. കേരളത്തില്‍ ആദ്യമായി ഗേ സ്വത്വം സാമൂഹികമായി വെളിപ്പെടുത്തിയ വ്യക്തിയാണ് ഞാന്‍. സിനിമ ഗേവിരുദ്ധമായ ഒന്നല്ല എന്ന നിലപാടാണ് ആദ്യംമുതല്‍ തന്നെ ഞാന്‍ സ്വീകരിച്ചിരുന്നത്. എങ്കിലും എല്‍.ജി.ബി.ടി കമ്യൂണിറ്റിയില്‍ പെട്ട ഭൂരിഭാഗം പേരും, ചില അനുഭാവികളും സിനിമ ഹോമോഫോബിക് ആണെന്ന അഭിപ്രായമാണ് ഉയര്‍ത്തിയത്. സിനിമയെ കുറിച്ച് തെറ്റായ ആരോപണം ഉയര്‍ത്തുന്ന പലരും സിനിമ കൃത്യമായി മനസ്സിലാക്കാത്തവരാണ് എന്നതാണ് സത്യം. ഫേസ്ബുക് സിനിമാഗ്രൂപ്പുകളില്‍ ഈ സിനിമയെ കുറിച്ചുള്ള കമന്റുകള്‍ വായിക്കുമ്പോഴാണ് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷവും സിനിമയിലെ സംഭവങ്ങള്‍ മനസ്സിലാക്കുന്നതില്‍ പലര്‍ക്കും എത്രമാത്രം തെറ്റിദ്ധാരണയുണ്ടെന്ന് അറിയാന്‍ കഴിയുന്നത്. ഇതിന് കാണികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല എന്ന് തോന്നുന്നു. ഒന്നോ രണ്ടോ കാഴ്ചയില്‍ പിടിതരുന്ന സിനിമയല്ല മുംബൈ പോലീസ്. ഓര്‍മ്മകള്‍ ഉള്ള ആന്റണി മോസസ് A, ഓര്‍മ്മകള്‍ നഷ്ടമായ ആന്റണി മോസസ് B, പല പല കാലങ്ങളിലേക്ക് നിരവധി ഫ്‌ളാഷ്ബാക്കുകളിലൂടെ സഞ്ചരിച്ച് നടത്തുന്ന കഥപറയല്‍, ഫ്‌ളാഷ്ബാക്കിനുള്ളിലെ ഫ്‌ളാഷ്ബാക്ക് എന്നിവയൊക്കെ സിനിമയെ വളരെ സങ്കീര്‍ണമാക്കുന്നുണ്ട്. പൃഥ്വിരാജ് ഒരു സീനില്‍ വരുമ്പോള്‍ അത് ആന്റണി-Aയാണോ അതോ ആന്റണി-Bയാണോ എന്ന് പ്രേക്ഷകര്‍ കൃത്യമായി തിരിച്ചറിയേണ്ടതുണ്ട്. സിനിമയില്‍ ചില സംഭവങ്ങള്‍ ( ഉദാ: ആന്റണി ആര്യന്റെ പ്രസംഗറിഹേഴ്‌സല്‍ വീഡിയോ കാണുന്നത്) രണ്ട് വ്യത്യസ്ത കാലങ്ങളില്‍ ആവര്‍ത്തിക്കുന്നത് കൂടുതല്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. പലപ്പോഴും നായകന്റെ ഏത് അവതാരമാണ് ( A or B ) സീനില്‍ എന്നതിനുള്ള ഏക തിരിച്ചറിയല്‍ ചിഹ്നം നായകന്റെ മൂക്കിലും കവിളിലും അപകടത്തിലൂടെ ഉണ്ടായ മുറിവിന്റെ കല മാത്രമാണ്. അതിനു വേണ്ടിയാണ് മുഖത്ത് തന്നെയുള്ള, വളരെ ദൃശ്യമായ മുറിവുകള്‍ തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് നായകന് സമ്മാനിച്ചത്! ഒരു അസിസ്റ്റന്റ് കമ്മീഷണര്‍ ഉറ്റ സുഹൃത്തായ സഹപ്രവര്‍ത്തകനെ കൊല ചെയ്യുന്നു. കേസന്വേഷണം കുറ്റവാളിയില്‍ തന്നെ ഏല്‍പ്പിക്കപ്പെടുന്നു. കേസന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ കൊലചെയ്തത് താനാണെന്ന കുറ്റസമ്മതം നടത്തിയ ഉടനെ വാഹനാപകടത്തില്‍ അയാളുടെ ഓര്‍മ്മകള്‍ നഷ്ടമാവുന്നു.
അങ്ങനെ ഓര്‍മ്മ നഷ്ടപ്പെട്ട അയാളെക്കൊണ്ട് തന്നെ ആ കുറ്റകൃത്യം എന്തിന്, എങ്ങനെ ചെയ്തു എന്ന് പറയിപ്പിക്കുന്ന അനന്യമായ കഥാതന്തുവാണ് മുംബൈ പോലീസിനെ ഒരു മികച്ച ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആക്കുന്നത്. സ്വവര്‍ഗപ്രേമികള്‍ക്കും പൊതുസമൂഹത്തിനും ആയുള്ള ചില നല്ല സന്ദേശങ്ങളും സിനിമ പരോക്ഷമായി നല്‍കുന്നുണ്ട്.

മുംബൈ പോലീസ് നല്ല ഗേ സിനിമ ആയിരിക്കുമ്പോള്‍ തന്നെ അതിലെ ഗേ കഥാപാത്രങ്ങള്‍ ആശയപരമായി ആദര്‍ശാത്മകമോ അനുകരണീയമോ അല്ല എന്ന കാര്യം എടുത്തുപറയേണ്ടതുണ്ട്. ആന്റണി മോസസും അയാളുടെ കാമുകനും തങ്ങളുടെ ഗേ ഐഡന്റിറ്റി എല്ലാവരുടെയും മുന്നില്‍ പരിപൂര്‍ണ്ണമായി ഒളിപ്പിച്ചുവെച്ച് ജീവിക്കുന്നവരാണ്. സ്വവര്‍ഗലൈംഗികത മാനസികരോഗമോ കുറ്റകൃത്യമോ അല്ല. പക്ഷെ ഒരു മുതിര്‍ന്ന വ്യക്തി തന്റെ സ്വവര്‍ഗലൈംഗികത ഒളിപ്പിച്ചുവച്ചുകൊണ്ട് ജീവിക്കുന്നത് മന:സംഘര്‍ഷങ്ങളിലേക്കും മനോരോഗങ്ങളിലേക്കും കുറ്റകൃത്യങ്ങളിലേക്കും ഒക്കെ നയിച്ചേക്കാം എന്ന വസ്തുതയാണ് സിനിമ അടിവരയിട്ട് പറയുന്നത്. സ്വന്തം ലൈംഗികതയും പ്രണയവും രഹസ്യമാക്കി വെക്കാന്‍ വളരെയധികം മാനസികോര്‍ജ്ജം ചെലവഴിക്കേണ്ടിവന്ന ഒരു ഭൂതകാലത്തെപ്പറ്റി എന്നെപ്പോലെ വെളിപ്പെടുത്തല്‍ (coming out) നടത്തിയ ഗേ പുരുഷന്മാര്‍ക്ക് പറയാന്‍ സാധിക്കും. അത്‌കൊണ്ട് തന്നെ ഉറ്റ സുഹൃത്തായ സഹപ്രവര്‍ത്തകന്‍ രഹസ്യം അറിയാനിടയായപ്പോള്‍ ആന്റണിയുടെ മനസ്സില്‍ ഉണ്ടായ സംഘര്‍ഷങ്ങളെ എനിക്ക് പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ സാധിക്കും. സ്വവര്‍ഗപ്രേമികള്‍ക്ക് യാതൊരു പിന്തുണയുമില്ലാത്ത സമൂഹങ്ങളില്‍ രഹസ്യം പുറത്തറിഞ്ഞുപോയ ആന്റണി മോസസിനെ പോലുള്ളവര്‍ ഒന്നുകില്‍ ആത്മഹത്യ, അല്ലെങ്കില്‍ രഹസ്യം പരസ്യമാക്കാന്‍ ശ്രമിക്കുന്നവന്റെ നരഹത്യ എന്നതിലേക്ക് എത്തിപ്പെടുന്നതില്‍ ആശ്ചര്യത്തിന് വകയില്ല. പോലീസ് വകുപ്പിലെ ജോലിയിലൂടെ ഹിംസ ജീവിതത്തിന്റെ ഭാഗമായ, പ്രതികളോട് വയലന്റായി പെരുമാറുന്നതിലൂടെ റാസ്‌കല്‍ മോസസ് എന്ന കുപ്രസിദ്ധിയുള്ള ആന്റണി മോസസ് കൊലപാതകം എന്ന വഴിയാണ് സ്വീകരിക്കുന്നത് എന്നതും ആ കഥാപാത്രത്തിന്റെ മനോയാനങ്ങള്‍ക്ക് അനുയോജ്യമാണ്.
കാമുകന്‍ വീട്ടില്‍ വന്നപ്പോള്‍ വാതില്‍ അടയ്ക്കാന്‍ മറന്നത് കൊണ്ടല്ലേ സുഹൃത്ത് അറിയാനിടയായി ഈ പ്രശ്‌നമൊക്കെ ഉണ്ടായത് എന്ന് രഹസ്യജീവിതം നയിക്കുന്ന എന്റെ ചില ഗേ സുഹൃത്തുക്കള്‍ ചോദിക്കാറുണ്ട്. ഗേ ആണെന്ന കാര്യം മറ്റാരും അറിയാനിടയായില്ലെങ്കില്‍ പോലും വിവാഹപ്രായമെത്തുന്നതോടെ എല്ലാവര്‍ക്കും സ്വന്തം ലൈംഗികതയെ അഭിമുഖീകരിക്കേണ്ടുന്ന ഘട്ടം വന്നുചേരും. വിവാഹത്തെക്കുറിച്ച് ചോദിക്കുന്ന ബന്ധുക്കള്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരോട് കഠിനമായ ദേഷ്യവും വെറുപ്പും അസ്വസ്ഥതയും ഒക്കെ ഉണ്ടായിരുന്ന ഒരു ഭൂതകാലം വെളിപ്പെടുത്തല്‍ നടത്തുന്നതിന് മുന്‍പ് എനിക്കും ഉണ്ടായിരുന്നു. സ്വവര്‍ഗപ്രേമി ആയത് കാരണം ജന്മനാട് ഉപേക്ഷിച്ച് അമേരിക്കയില്‍ ചേക്കേറാന്‍ പ്ലാന്‍ ചെയ്തിരുന്ന കാലത്ത് എന്റെ ഒരു സഹോദരി വിവാഹത്തെക്കുറിച്ച് ഫോണിലൂടെ സൂചിപ്പിച്ചിരുന്നു. അന്ന് വിവാഹത്തിന് താല്‍പര്യമില്ലാത്തതിന്റെ യഥാര്‍ത്ഥ കാരണം പറയാതെ ദേഷ്യത്തോടെ എന്തൊക്കെയോ കുത്തുവാക്കുകള്‍ പറഞ്ഞ് അവളോട് തട്ടിക്കയറിയത് ഇന്ന് ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷവും ഞാന്‍ ഓര്‍ക്കുന്നു. ഇന്നും അത്തരം പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന, രഹസ്യജീവതം നയിക്കുന്ന, ധാരാളം ഗേ സുഹൃത്തുക്കളെ ഞാന്‍ ചുറ്റിലും കാണുന്നു. ചിലരൊക്കെ കാരണം വ്യക്തമാക്കാതെ താഴെ പറയുന്ന മീം ഒരു തമാശയെന്നോണം സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാറുണ്ട്.
വിവാഹം കഴിക്കാനുള്ള സമ്മര്‍ദത്തെ ചെറുക്കാനാണ് അവര്‍ ഇത്തരം പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നത്. തന്റെ വിവാഹത്തെകുറിച്ച് സംസാരിക്കുന്നവരെ കൊല്ലാനുള്ള ദേഷ്യമുണ്ടെന്ന് സൂചിപ്പിക്കുന്നതില്‍ നിന്ന് കൊലയാളിയായ ആന്റണി മോസസിന്റെ മനോനിലയിലേക്ക് എത്താന്‍ അധികം ദൂരമുണ്ട് എന്ന് തോന്നുന്നില്ല. രസകരമായ വൈരുദ്ധ്യം എന്താണെന്ന് വെച്ചാല്‍, ഒരു സാധാരണ പുരുഷന് വലിയ ആഹ്ലാദം നല്‍കുന്ന കാര്യമാണ് മറ്റുള്ളവര്‍ തങ്ങളുടെ വിവാഹപ്ലാനുകളെക്കുറിച്ച് ചോദിക്കുന്നുണ്ട് എന്നത്. എനിക്ക് പരിചയമുള്ള പല സ്വവര്‍ഗപ്രണയികളും ഏറ്റവും കൂടുതല്‍ വിവാഹസമ്മര്‍ദ്ദം നേരിടുന്നത് ജോലിസ്ഥലത്തെ സഹപ്രവര്‍ത്തകരില്‍ നിന്നാണ്. ഗേ ആയി വെളിപ്പെടുത്തിയാല്‍ ജോലി നഷ്ടമാവുമോ, വിവേചനം നേരിടുമോ എന്നൊക്കെയുള്ള ഭീതി എല്ലാവര്‍ക്കും നല്ലപോലെ ഉണ്ട്. പലരും ജോലി നിലനിര്‍ത്താനുള്ള ഉപായം എന്ന നിലയിലാണ് അവസാനം യാതൊരു പൊരുത്തവുമില്ലാത്ത എതിര്‍ലിംഗ വിവാഹങ്ങളില്‍ കുടുങ്ങുന്നത്. അത്തരം വിവാഹങ്ങള്‍ ഒരു തരത്തില്‍ പറഞ്ഞാല്‍ പങ്കാളിയോട് ചെയ്യുന്നു ക്രിമിനല്‍ കുറ്റം തന്നെയാണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡല്‍ഹി AIIMSലെ ഒരു ലേഡി ഡോക്ടര്‍ തന്റെ ഭര്‍ത്താവ് ഗേ ആണെന്ന് അറിയാനിടയായതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വാര്‍ത്ത ഇതിനോടു ചേര്‍ത്തു വായിക്കേണ്ടതാണ്.
കാമുകനുമൊത്തുള്ള ആന്റണിയുടെ സ്വകാര്യനിമിഷങ്ങള്‍ നേരിട്ട് കാണാനിടയായ സുഹൃത്തായ സഹപ്രവര്‍ത്തകന്‍ ആര്യന്‍ വളരെ മോശമായാണ് ആ നിമിഷത്തില്‍ അയാളോട് പെരുമാറിയത്. 'സൗഹൃദം ഇതോടെ അവസാനിച്ചു', 'മേലധികാരികളോട് റിപ്പോര്‍ട്ട് ചെയ്യും' തുടങ്ങിയ ഭീഷണികളാണ് അയാള്‍ മുഴക്കിയത്. ആന്റണിയുടെ കാമുകനെ ആയാള്‍ മര്‍ദ്ദിക്കുകയും ചെയ്യുന്നുണ്ട്. ഒരു വ്യക്തിയുടെ സ്വവര്‍ഗലൈംഗികതയെ കുറിച്ച് അറിയാനിടയായാല്‍ എങ്ങനെ പെരുമാറരുത് എന്നുള്ളതിനുള്ള ഉത്തമോദാഹരണമാണ് ആര്യന്‍. അത് പൊതുജനത്തിനുള്ള ഒരു സന്ദേശം കൂടിയാണ്. സുഹൃത്ത് തനിക്കെതിരെ തിരിഞ്ഞ് തന്റെ ജീവിതം തന്നെ നശിപ്പിക്കും എന്നുള്ള ഭീതിയാണ് ആന്റണിയെ കൊലപാതകിയാക്കി തീര്‍ക്കുന്നത്. കൊലക്കേസ് ഇന്‍വെസ്റ്റിഗേഷന്‍ ചെയ്യാന്‍ നിയോഗിക്കപ്പെട്ട ആന്റണി കേസന്വേഷണം തെറ്റായ ദിശയിലേക്ക് വഴിതിരിച്ചു വിടാനാണ് സ്വാഭാവികമായും ശ്രമിക്കുന്നത്. എന്നാല്‍ കേസന്വേഷണം എന്ന പ്രഹസനത്തിന്റെ ഒരു ഘട്ടത്തില്‍ പാശ്ചാത്താപവിവശനായി ആന്റണി തന്റെ മേലുദ്യഗസ്ഥനായ കമ്മീഷണര്‍ ഫര്‍ഹാനോട് താനാണ് കൊലയാളി എന്ന് കുറ്റസമ്മതം നടത്തുകയാണ്. എന്ത്‌കൊണ്ട് അയാള്‍ പാശ്ചാത്തപിച്ച് കുറ്റസമ്മതം നടത്തി എന്ന് മനസ്സിലാക്കുമ്പോള്‍ മാത്രമേ ഈ സിനിമയുടെ ആസ്വാദനവും അത് നല്‍കുന്ന സന്ദേശവും പൂര്‍ണ്ണമാകുന്നുള്ളൂ.

കേസന്വേഷണത്തിനിടയില്‍ ആന്റണി ആര്യന്റെ പ്രസംഗറിഹേഴ്‌സല്‍ വീഡിയോ കാമുകി വഴി കാണാനിടയാവുന്നതാണ് കഥാഗതിയില്‍ വഴിത്തിരിവ് ഉണ്ടാക്കുന്ന പ്രധാന സംഭവം. ആന്റണി പാശ്ചാത്തപിച്ച് കുറ്റസമ്മതം നടത്താന്‍ കാരണമായത് ആ വീഡിയോ ആദ്യം കണ്ടപ്പോഴാണ്. പ്രസംഗറിഹേഴ്‌സല്‍ വീഡിയോ എപ്പോള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടു എന്നത് ആന്റണിയുടെ പാശ്ചാത്തപത്തിന്റെ കാരണം മനസ്സിലാക്കാന്‍ പ്രധാനമാണ്. സിനിമയിലെ പ്രധാന സംഭവങ്ങളുടെ കാലക്രമം ( time order) ഇങ്ങനെയാണ്:
Day1: ആന്റണിയും കാമുകനും ഒത്തുള്ള സ്വകാര്യനിമിഷങ്ങള്‍ ഈ ദിവസം രാത്രിയില്‍ ആര്യന്‍ കാണാനിടയാവുന്നു. ആര്യന്‍ ഭീഷണി മുഴക്കി സൗഹൃദം അവസാനിപ്പിച്ച് പിരിയുന്നു. ആ രാത്രി മുഴുവന്‍ ആന്റണി ആര്യനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ആര്യന്‍ ഫോണ്‍ എടുക്കുന്നില്ല. സുഹൃത്ത് തനിക്കെതിരെ തിരിയും എന്ന് ആന്റണി ഉറപ്പിക്കുന്നു.
Day2: ഇത് അവാര്‍ഡ്ദാന ചടങ്ങ് നടക്കാനിരിക്കുന്ന Day3യുടെ തലേദിവസമാണ്. ഇന്ന് പകല്‍ സമയത്താണ് കാമുകി ആര്യന്റെ വികാരഭരിതമയ പ്രസംഗറിഹേഴ്‌സല്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നത്. പെട്ടെന്നുണ്ടായ വികാരവിക്ഷോഭത്തില്‍ ആന്റണിയോട് മോശമായി പെരുമാറിയതിലുള്ള പാശ്ചാത്താപം ആര്യന്റെ വാക്കുകളിലുണ്ട്. ആന്റണിയുടെ സൗഹൃദത്തിന്റ ആത്മാര്‍ത്ഥതയും കരുതലും അവന്‍ ഓര്‍ക്കുന്നു. ആന്റണി ആരെ പ്രണയിക്കുന്നു എന്നുള്ളത് സൗഹൃദത്തെ ബാധിക്കുന്നില്ല എന്ന തിരിച്ചറിവിലേക്ക് ആര്യന്‍ എത്തിയിട്ടുണ്ട്. 'കളഞ്ഞുപോയ സുഹൃത്തുക്കളുടെ ലിസ്റ്റിലേക്ക് അവന്റെ പേരും ചേര്‍ക്കപ്പെടരുതേ എന്നതാണ് എന്റെ ഏറ്റവും വലിയ പ്രാര്‍ത്ഥന' എന്നും സൗഹൃദം ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുമെന്നും ആര്യന്‍ പറയുന്നു. അവാര്‍ഡ് ആന്റണിക്ക് അവകാശപ്പെട്ടതാണ് എന്ന സത്യം തുറന്നുപറഞ്ഞ് അവനെ വേദിയിലേക്ക് ക്ഷണിക്കുകയാണ് ആര്യന്‍. ഒരു തരത്തില്‍ നോക്കിയാല്‍ ആന്റണിയോടുള്ള ക്ഷമാപണം കൂടിയാണ് പൊതുവേദിയില്‍ നടത്താനിരുന്ന ഈ പ്രസംഗം.
Day3: അവാര്‍ഡ്ദാന ചടങ്ങിന്റെ ദിവസം. Day2വിന്റെ പിറ്റേദിവസം. ആര്യന്‍ പ്രസംഗം തുടങ്ങിയ ഉടന്‍ തന്നെ ടൈമര്‍ ഗണ്‍ ഉപയോഗിച്ച് ആന്റണി അവനെ കൊല്ലുന്നു. ആ പ്രസംഗം മുഴുവന്‍ കേട്ടിരുന്നെങ്കില്‍ ആന്റണി അവനെ കൊല്ലില്ലായിരുന്നു! തോക്കിന്റെ റിമോട്ട് കണ്‍ട്രോള്‍ സെറ്റ് ചെയ്തത് അവാര്‍ഡ്ദാന ചടങ്ങിന്റെ സ്റ്റേജും ഇരിപ്പിടങ്ങളും പ്രസംഗിക്കാനുള്ള പോഡിയവും എല്ലാം തയ്യാറാക്കി വച്ച തലേദിവസം Day2 രാത്രിയിലാണ്.

Day4: ഒരാഴ്ചയോളം കേസന്വേഷണത്തെ തെറ്റായ പ്രതികളിലേക്ക് തിരിച്ചുവിടാന്‍ ശ്രമിച്ചതിന് ശേഷം ഇന്നാണ് ആന്റണി ആര്യന്റെ കാമുകിയായ റെബേക്കയുടെ മൊഴി എടുക്കാന്‍ ചെല്ലുന്നത്. ആര്യന്റെ വികാരഭരിതമായ പ്രസംഗറിഹേഴ്‌സല്‍ വീഡിയോ റെബേക്ക ആന്റണിയെ കാണിക്കുന്നു. ഇതായിരുന്നു ആര്യന്‍ പിറ്റേന്ന് സ്റ്റേജില്‍ പറയാനിരുന്നത് എന്നറിഞ്ഞ ആന്റണി ആര്യന്റെ മാനസാന്തരം മനസ്സിലാക്കി പാശ്ചാത്താപിക്കുന്നു. തിരിച്ചുവരുന്നവഴി ഫര്‍ഹാനോട് താനാണ് കൊലയാളി എന്ന് പറഞ്ഞ ഉടനെ അപകടം സംഭവിച്ചു ഓര്‍മ്മകള്‍ നഷ്ടമാവുന്നു.
Day5: ഓര്‍മ്മകള്‍ നഷ്ടപ്പെട്ട ആന്റണി കേസന്വേഷണത്തിനിടയില്‍ റെബേക്കയില്‍ നിന്ന് വീണ്ടും ആ വീഡിയോ കാണാനിടയാവുന്നു. പക്ഷേ മുന്‍പ് ഈ വീഡിയോ കണ്ടതിനു ശേഷം തനിക്കെങ്ങിനെ കുറ്റവാളിയെ കണ്ടെത്താനായി എന്ന് അയാള്‍ക്ക് മനസ്സിലാവുന്നില്ല.
Day6: ആന്റണിയുടെ കാമുകന്‍ അപകടത്തിന് ശേഷം ആദ്യമായി ഫ്‌ളാറ്റിലേക്ക് വരുന്നു. അപ്പോഴാണ് ആന്റണിക്ക് താന്‍ ഗേ ആയിരുന്നുവെന്നും അതുമായി ബന്ധപ്പെട്ട ഒരു സംഭവത്തെ തുടര്‍ന്നാണ് താന്‍ ആര്യനെ കൊന്നതെന്നും ഉള്ള ഓര്‍മ്മകള്‍ തിരിച്ചു കിട്ടുന്നത്. പലരും തെറ്റിദ്ധരിച്ചത് പോലെ ഇവിടെ ആന്റണി ഹൃദയഭേദകമായി കരയുന്നത് 'അയ്യോ ഞാന്‍ ഗേ ആണേ...' എന്ന് വിചാരിച്ചല്ല. അതുമായി ബന്ധപ്പെട്ട ഒരു സംഭവത്തില്‍ താന്‍ ആത്മാര്‍ത്ഥസുഹൃത്തിനെ കൊന്നുപോയല്ലോ എന്നതിനാലാണ്.

കാലക്രമം തെറ്റിവരുന്ന ഫ്‌ളാഷ്ബാക്കുകളുടെ അയ്യരുകളിയായ ഈ സിനിമയില്‍ മേല്‍പറഞ്ഞ സംഭവങ്ങള്‍ day3, day5, day2, day6, day1, day4 എന്ന ക്രമത്തിലാണ് അവതരിപ്പിക്കുന്നത്. day1 ന് ശേഷമാണ് day2 വരുന്നതെന്ന് അറിയുമ്പോള്‍ മാത്രമേ ആദ്യം വീഡിയോ കണ്ടപ്പോള്‍ ആന്റണി കുറ്റസമ്മതം നടത്തിയതിന്റെ കാരണം പ്രേക്ഷകര്‍ക്ക് മനസ്സിലാവൂ. ആര്യന്‍ തനിക്കെതിരെ തിരിഞ്ഞ് തന്റെ ജീവിതം നശിപ്പിക്കും എന്നുള്ളതായിരുന്നു കൊലയ്ക്ക് പിന്നിലുള്ളത് മോട്ടീവ്. എന്നാല്‍ അന്ന് രാത്രിയിലേത് പെട്ടെന്നുണ്ടായ വികാരവിക്ഷോഭം മാത്രമായിരുന്നു എന്നും ആര്യന് പിന്നീട് മാനസാന്തരം വന്നിരുന്നു എന്നും വീഡിയോ കാണാനിടയായപ്പോള്‍ മാത്രമാണ് ആന്റണി അറിയുന്നത്. അതുകൊണ്ടാണ് വീഡിയോ കണ്ട ശേഷം പാശ്ചാത്താപവിവശനായി ആന്റണി കുറ്റസമ്മതം നടത്തുന്നത്. സ്വവര്‍ഗപ്രണയികള്‍ മറ്റുള്ളവരോട് വെളിപ്പെടുത്തല്‍ നടത്തുമ്പോള്‍ (അല്ലെങ്കില്‍ സിനിമയിലെ പോലെ അവിചാരിതമായി മറ്റുള്ളവര്‍ അറിയാനിടയാവുമ്പോള്‍ ) അവരുടെ പെട്ടെന്നുള്ള ആദ്യപ്രതികരണം മോശമായേക്കാന്‍ നല്ല സാധ്യതയുണ്ട്. തികച്ചും അപ്രതീക്ഷിതമായ കാര്യം ആദ്യമായി അറിയുമ്പോഴുള്ള ഷോക്കില്‍ നിന്നുണ്ടാകുന്ന അതിവൈകാരിക പ്രതികരണം മാത്രമാണത്. അര്‍ക്ക് സ്വവര്‍ഗലൈംഗികതയെ കുറിച്ച് ശരിയായി മനസ്സിലാക്കുവാനും പൊരുത്തപ്പെട്ട് മാനസാന്തരം വരുവാനും സാവകാശം നല്‍കണമെന്നുള്ള സുപ്രധാന സന്ദേശമാണ് സ്വവര്‍ഗപ്രേമികള്‍ക്ക് ഈ സിനിമ നല്‍കുന്നത്.
എന്നെ പോലെ ഗേ സ്വത്വം തുറന്നുപറഞ്ഞു ജീവിക്കുന്നവര്‍ക്ക് മുംബൈ പോലീസ് എന്ന സിനിമ ഒരു തരത്തിലുള്ള അസ്വസ്ഥതയും സൃഷ്ടിക്കുന്നില്ല. അതിലെ രഹസ്യജീവിതം നയിക്കുന്ന നായകനുമായി ഞാന്‍ ഒരു തരത്തിലും താദാത്മ്യപ്പെടുന്നില്ല. അതിനാല്‍ തന്നെ ആന്റണി മോസസിന്റെ ചെയ്തികളെ അസംഭാവ്യമെന്നും സിനിമയെ ഹോമോഫോബിക് എന്നും ചാപ്പ കുത്തേണ്ട വൈകാരിക ആവശ്യവും എന്നെപ്പോലുള്ളവര്‍ക്ക് ഇല്ല. 'എന്റെ ഗേ ഇങ്ങനെയല്ല' എന്ന ജഗതിയുടെ ട്രോള്‍ തമാശയാണ് സിനിമയെ ഹോമോഫോബിക്കായി പഴിചാരുന്നവരോട് എനിക്ക് പറയാനുള്ളത്. സിനിമ നായകനെ കൊലപാതകിയായി ചിത്രീകരിക്കുന്നുവെങ്കിലും ആ കൊലയെ ആഘോഷിക്കുന്നില്ല. അത്തരം കൊലകള്‍ നടക്കാനിടയായ സാമൂഹ്യമനസ്ഥിതിയെ തുറന്നുകാട്ടുകയാണ് സിനിമ ചെയ്യുന്നത്. സ്വവര്‍ഗപ്രേമികളുടെ ദൃശ്യതയുടെയും സാമൂഹിക അംഗീകാരത്തിന്റെയും ആവശ്യകതയിലേക്കാണ് സിനിമ വിരല്‍ ചൂണ്ടുന്നത്. അതുകൊണ്ടാണ് ചീത്ത ഗേ നായകന്‍ ഉള്ള നല്ല ഗേ സിനിമയായി മുംബൈ പോലീസ് മാറുന്നത്. സമൂഹത്തിന്റെ ഹോമോഫോബിയ ആണ് അയാളെ രഹസ്യജീവിതത്തില്‍ കുടുക്കി വില്ലനാക്കിയത്.
മുംബൈ പോലീസിലെ ഒരേയൊരു പ്രശ്‌നമായി ചൂണ്ടികാണിക്കാവുന്നത് അമ്‌നേഷ്യ മൂലം നായകന്‍ തന്റെ ലൈംഗിക ചായ്വ് (sexual orientation) മറന്നു പോയി എന്ന ചിത്രീകരണമാണ്. അമ്‌നേഷ്യ മൂലം പങ്കാളിയെ മറന്നുപോകാമെങ്കിലും സ്വന്തം ലൈംഗികത മറന്നുപോവുകയോ ഇല്ലാതാവുകയോ ചെയ്യുന്നില്ലെന്ന് പദ്മരാജന്‍ ഇന്നലെ എന്ന സിനിമയിലെ ശോഭനയുടെ കഥാപാത്രത്തിലൂടെ ശരിയായി ചിത്രീകരിച്ചിട്ടുണ്ട്. സ്വവര്‍ഗലൈംഗിക ചായ്വ് മറന്നുപോയി എന്നത് മെഡിക്കല്‍ എവിഡന്‍സ് ഒന്നുമില്ലാത്ത തീരുമാനമാണെന്ന് പൃഥ്വിരാജ് തന്റെ CNBC ഇന്റര്‍വ്യൂവില്‍ വ്യക്തമാക്കിയിട്ടുണ്ട്. സിനിമയുടെ ക്ലൈമാക്‌സ് ബില്‍ഡപ് ചെയ്യാനായി ചെയ്ത കാര്യമാണ് ഇത്. അപകടം, അമ്‌നേഷ്യ, കുറ്റാന്വേഷണം എന്നിവയുടെ സ്‌ട്രെസ്സ് കാരണം നായകന്റെ ലൈംഗികത താല്‍ക്കാലികമായി മരവിക്കുകയോ, ലൈംഗികതയെ കുറിച്ച് ഓര്‍ക്കാന്‍ അയാള്‍ക്ക് സമയം കിട്ടിയില്ലെന്നോ ഒക്കെയുള്ള കാരണങ്ങള്‍ ഈയൊരു ചിത്രീകരണത്തെ സാധൂകരിക്കാനായി പറയാവുന്നതാണ്. എന്നാല്‍ ചിലര്‍ ആരോപിക്കുന്നത് പോലെ അപകടത്തോടെ ഹോമോ നായകന്‍ ഹെറ്ററോ ആയി മാറി എന്ന് സിനിമ ചിത്രീകരിക്കുന്നില്ല. തന്റെ കാമുകനെയും അവനിലൂടെ തന്റെ ലൈംഗികതയെയും വീണ്ടും തിരിച്ചറിഞ്ഞ നായകന്‍ ഗേ ആയി തുടരുന്നതായാണ് സിനിമ അവസാനിക്കുന്നത്. പക്ഷേ അപ്പോള്‍ അയാള്‍ വെളിപ്പെടുത്തല്‍ നടത്തിയ, നോര്‍മല്‍ ആയ ഒരു ഗേ പുരുഷനാണ്.

മലയാളത്തിലെ എക്കാലത്തേയും മികച്ച ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ എന്ന മുംബൈ പോലീസിന്റെ സ്ഥാനം അടുത്ത കാലത്തൊന്നും നിഷ്‌കാസിതമാകില്ല എന്നതില്‍ സംവിധായകനായ റോഷന്‍ ആന്‍ഡ്രൂസിന് അഭിമാനിക്കാം. തങ്ങള്‍ ഗേ-ലെസ്ബിയന്‍ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നുവെന്നും സിനിമ ഹോമോഫോബിക് അല്ല എന്നും റോഷന്‍ ആന്‍ഡ്രൂസ്, പൃഥ്വിരാജ് എന്നിവര്‍ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇരുപത്തഞ്ച് വര്‍ഷത്തിലേറെ നീണ്ടുനിന്ന നിയമയുദ്ധത്തിന് ശേഷം 2018 സെപ്റ്റംബറില്‍ ആണ് സുപ്രീം കോടതി സ്വവര്‍ഗരതി കുറ്റകരമല്ല എന്ന അന്തിമവിധി പുറപ്പെടുവിച്ചത്. അതിന് ശേഷം കേരളത്തില്‍ ഗേ പുരുഷന്മാരും ലെസ്ബിയന്‍ സ്ത്രീകളും ചെറിയ അളവിലെങ്കിലും സ്വത്വം സാമൂഹ്യമായി വെളിപ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്. എങ്കിലും ഏതെങ്കിലും ഗവണ്‍മെന്റോ പ്രൈവറ്റോ സ്ഥാപനങ്ങളില്‍ ജോലി ചെയ്ത് സഹപ്രവര്‍ത്തകര്‍ക്കിടയില്‍ സ്വത്വം വെളിപ്പെടുത്തിക്കൊണ്ട് ജീവിക്കുന്ന സ്വവര്‍ഗപ്രേമികള്‍ കേരളത്തില്‍ ഇന്നും വിരലില്‍ എണ്ണാവുന്നവര്‍ മാത്രമേ ഉള്ളൂ. നമ്മുടെ തൊഴിലിടങ്ങള്‍ എത്രമാത്രം ഗേ-സൗഹൃദപരമാണെന്ന ചര്‍ച്ചകൂടി മുംബൈ പോലീസ് ഉയര്‍ത്തുന്നുണ്ട്. കേരള പോലീസില്‍ ഗേ സ്വത്വം തുറന്നുപറഞ്ഞു ജീവിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനെങ്കിലും ഉണ്ടാകുന്നത് വരെ മുംബൈ പോലീസ് എന്ന സിനിമ കേരളസമൂഹത്തില്‍ പ്രസക്തമായി തുടരും.
[ അനുബന്ധ വായന: 'മുംബൈ പോലീസ് ഗേവിരുദ്ധ സിനിമയോ?' എന്ന പഠനം. ലേഖകന്റെ 'രണ്ട് പുരുഷന്മാര്‍ ചുംബിക്കുമ്പോള്‍ - മലയാളി ഗേയുടെ ആത്മകഥയും എഴുത്തുകളും' എന്ന പുസ്തകത്തില്‍ ലഭ്യമാണ് ]
Yamini P
15 May 2020, 02:48 PM
Well written. Much clarity in thoughts
ജിയോ ബേബി / മനില സി. മോഹന്‍
Jan 16, 2021
54 Minutes Watch
ജോഷിന രാമകൃഷ്ണന്‍
Jan 16, 2021
5 Minutes Read
മുരുകന്‍ കോട്ടായി / അര്‍ഷക് എം.എ.
Jan 04, 2021
12 Minutes Read
യമ
Dec 26, 2020
3 Minutes Read
മനീഷ് നാരായണന്‍
Dec 25, 2020
5 Minutes Read
ഉമ കെ.പി.
Dec 21, 2020
5 Minutes Read
പി.ടി. കുഞ്ഞുമുഹമ്മദ് / അലി ഹൈദര്‍
Dec 13, 2020
15 Minutes Read
ദേവൻ
15 May 2020, 03:05 PM
നായകന്റെ/വില്ലന്റെ കാമുകനിലേക്ക് മാത്രം നോക്കുമ്പോൾ മാത്രമേ സിനിമ അറിയാതെ തൊടുത്ത് വിടുന്ന ഹോമോഫോബിയ പുറത്ത് വരികയുള്ളൂ. നായകന്റെ toxic masculunity വ്യക്ത മായി വരച്ചിടുന്ന സിനിമ, homsexuality യെ പറ്റി നിലനിൽക്കുന്ന പൊതു ബോധ ബൈനറി പിന്തുടർന്ന്, കാമുക കഥാപാത്രത്തെ സ്ത്രൈണതയുള്ള, ഒരു individuality പോലുമില്ലാത്ത ഒരാളായാണ് കാണിക്കുന്നത്. ഒരളവിൽ അയാളെ ഒരു പ്രതി സ്ഥാനത്തേക്ക് പോലും സിനിമ കൊണ്ടു പോകുന്നുണ്ട്. ഒരു ഹോമോഫോബിക്ക് സമൂഹത്തെ, അതു കൊണ്ട് തന്നെ സ്വീകാര്യമായി audience സിനിമയെ കാണുന്നു. Nivin paulyയുടെ മൂത്തോനിലെ നായകനെ ശരാശരി മലയാളി ഫ്ലൂട്ട് എന്നു പറഞ്ഞു അധിക്ഷേപിക്കാൻ കാരണം, ഒരു പരിധി വരെ Mumbai Police തന്നെയാണ്.