വലതുപക്ഷ പുണ്യാളന്മാരെ
വിശുദ്ധരാക്കുന്ന ഇടതുരാഷ്ട്രീയം
വലതുപക്ഷ പുണ്യാളന്മാരെ വിശുദ്ധരാക്കുന്ന ഇടതുരാഷ്ട്രീയം
8 Jun 2021, 10:05 AM
ചരിത്രം എങ്ങോട്ടാണ് ചലിക്കുന്നതെന്ന് ഗുരുവിന്റെ പ്രവര്‍ത്തനങ്ങള്‍ നോക്കിയാല്‍ മനസ്സിലാക്കാന്‍ കഴിയുമെന്ന് കെ. പി. അപ്പന്‍ എഴുതിയിട്ടുണ്ട്. ചരിത്രത്തെ അഗാധമാക്കിയ ഗുരുവിനെക്കുറിച്ചായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ അധികാര രാഷ്ട്രീയത്തിലെ കൗശലം കൊണ്ടുമാത്രം ഓര്‍മിക്കപ്പെടുന്ന നേതാക്കളെ എങ്ങനെയാണ് അടയാളപ്പെടുത്തുക? ചരിത്രാനുഭവങ്ങളെ രാഷ്ട്രീയ സമൂഹം ഉള്‍ക്കൊള്ളുന്നത് അതതു കാലത്തെ രാഷ്ട്രീയത്തിനനുസരിച്ചുമായിരിക്കും. ചുരുക്കത്തില്‍ അത്, ഏതുവഴിക്കാണ് സമൂഹത്തിന്റെ ചലനം എന്നതിന്റെ സൂചന കൂടിയാണെന്ന് പറയാം.
കഴിഞ്ഞ ദിവസങ്ങളില്‍ കേരള രാഷ്ട്രീയത്തില്‍ സജീവമായി ചര്‍ച്ച ചെയ്ത, ഇപ്പോഴും തുടരുന്ന ചില വിവാദങ്ങളിലും ചരിത്രത്തിന്റെ നിഴലുകളാണ് വീണുകിടക്കുന്നത്. മരിച്ചുപോയ രാഷ്ട്രീയ നേതാക്കള്‍ക്ക് സ്മാരകം പണിയാനുളള പിണറായി വിജയന്‍ സര്‍ക്കാരിന്റെ തീരുമാനം ഈ സന്ദര്‍ഭത്തില്‍ പരിശോധിക്കാവുന്നതാണ്.

ആദിവാസി നേതാവ് സി. കെ. ജാനുവിന് എന്‍.ഡി.എ മുണിയില്‍ ചേരാന്‍ ബി.ജെ.പി പണം നല്‍കിയെന്ന ആരോപണമുണ്ടായപ്പോഴും ചരിത്രത്തെ പിടിച്ചായിരുന്നു പ്രതിരോധവും ആക്രമണവും. കെ. എം. മാണിക്കും ആര്‍. ബാലകൃഷ്ണപിള്ളക്കും എം.പി. വീരേന്ദ്രകുമാറിനും കെ. ആര്‍. ഗൗരിയമ്മക്കും സ്മാരകം പണിയാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ പണം നീക്കിവെച്ചതോടെ, അവരെ അവര്‍ തങ്ങളുടെ ജീവിതകാലത്ത് നിര്‍വഹിച്ച രാഷ്ട്രീയത്തില്‍നിന്ന് മോചിപ്പിക്കുകയാണോ മറച്ചുപിടിക്കുകയാണോ സി.പി.എം നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ചെയ്യുന്നത്? രാഷ്ട്രീയത്തില്‍ ഓരോ കാലത്തും ആധിപത്യം ചെലുത്തുന്നവര്‍ അവരുടെ താല്‍പര്യത്തിനനുസരിച്ച് പൊതുവ്യക്തിത്വങ്ങളെ വിശുദ്ധരാക്കി മാറ്റാറുണ്ട്. അതിന് ഇന്ത്യയില്‍ നിരവധി ഉദാഹരണങ്ങളുമുണ്ട്. എന്നാല്‍ പുരോഗമന കേരളത്തിന്റെ ഒരു സവിശേഷത, ഈ നാട്ടില്‍ ജീവിച്ചുമരിച്ച ലക്ഷണമൊത്ത വലതുപക്ഷ തീവ്രവലുതപക്ഷ, പ്രതിലോമ രാഷ്ട്രീയത്തിന്റെ പ്രയോക്താക്കളാണ് ഇങ്ങനെ വിശുദ്ധരാക്കപ്പെടുന്നത് എന്നതാണ്. ഇങ്ങനെ വലതുപക്ഷ വക്താക്കളെ വിശുദ്ധരാക്കിയെടുത്തത് മുഖ്യധാരാ ഇടതുപക്ഷമാണെന്നതാണ് വൈചിത്ര്യം.
പിന്‍കാല പ്രാബല്യത്തോടെ ഒരു തിരുത്ത്
ചരിത്രത്തില്‍ വ്യക്തികള്‍ എന്തുപങ്ക് വഹിച്ചുവെന്നതിനെക്കുറിച്ചുപോലും ഓരോ കാലവും വിലയിരുത്തുന്നത് അക്കാലത്ത് അധീശത്വം നേടിയിട്ടുള്ള ആശയപരിസരത്തുനിന്നുകൂടിയായിരിക്കും. ഗാന്ധി വധക്കേസ് പ്രതിയും, ദേശീയ പ്രസ്ഥാനത്തിന്റെ കാലത്ത് നിരവധി മാപ്പേപേക്ഷകള്‍ ബ്രീട്ടീഷ് സര്‍ക്കാരിന് നല്‍കി ജയില്‍ മോചിതനാകുകയും ചെയ്ത വി. ഡി. സവര്‍ക്കരെ ആരാധ്യപുരുഷനാക്കി മാറ്റുന്നത് രാജ്യം ഭരിക്കുന്ന ഹിന്ദുത്വ ശക്തികളാണ്. ബ്രീട്ടീഷ് ഭരണത്തെ സേവിച്ചുകഴിഞ്ഞുകൊള്ളാം എന്നുപറഞ്ഞയാളെ സ്വാതന്ത്ര്യ സമര സേനാനിയാക്കി പാര്‍ലമെന്റില്‍ വിഗ്രഹമാക്കിയത് ഹിന്ദുത്വരാഷ്ട്രീയമാണ്. ചില ചരിത്ര പുരുഷന്മാര്‍ നിര്‍വഹിച്ച ദൗത്യം പിന്‍കാല പ്രബല്യത്തോടെ മാറ്റിയെഴുതാനും അധികാരത്തിലുള്ളവര്‍ക്ക് സാധിക്കും. അതുകൊണ്ട് അതതു കാലത്ത് അധീശത്വം വഹിക്കുന്ന രാഷ്ട്രീയ പദ്ധതിയുടെ ഭാഗമായാണ് ചരിത്രത്തിലെ വ്യക്തികള്‍ അവതരിപ്പിക്കപ്പെടാറ്. കേരളത്തില്‍ ഇത് വളരെ വ്യക്തമാണ്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണങ്ങളാണ് ആര്‍. ബാലകൃഷ്ണപ്പിള്ളയ്ക്കും കെ. എം. മാണിക്കും കിട്ടിയ സ്മാരക ബഹുമതി.

പിണറായിയുടെ കരുണാകരന്‍
പ്രതിമകളിലൂടെയല്ലാതെ ചിലരെ വിശുദ്ധരാക്കിയെടുക്കാനുള്ള ശ്രമങ്ങളും നേരത്തെ നടന്നിട്ടുണ്ട്. കേരളത്തില്‍ കെ. കരുണകാരനെ, അദ്ദേഹത്തിന്റെ പ്രതിലോമ, രാഷ്ട്രീയ പ്രതിച്ഛായയില്‍നിന്ന് മുക്തനാക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ പറഞ്ഞ ഒരു കാര്യം ഇതുമായി ചേര്‍ത്തുവെക്കാം. കരുണാകരന്‍ ഡി.ഐ.സി രൂപീകരിക്കുകയും ഇടതുമുന്നണി സഹകരണത്തിനായി കാത്തിരിക്കുകയും ചെയ്യുന്ന സമയത്തായിരുന്നു അത്. അടിയന്തരാവസ്ഥയില്‍ ഭരണകൂടം അഴിച്ചുവിട്ട ക്രൂരപീഡനത്തിന്റെ കാലത്ത് ആഭ്യന്തരമന്ത്രിയായിരുന്ന കരുണാകരനെ ഇടതുപക്ഷത്തേക്ക് ചേര്‍ക്കുന്നതിലെ രാഷ്ട്രീയത്തെക്കുറിച്ചുള്ള ചോദ്യത്തോട് പിണറായി വിജയന്റെ പ്രതികരണം ശ്രദ്ധേയമായിരുന്നു. അടിയന്തരാവസ്ഥ ഒരു വൈകാരിക സമസ്യയല്ല, മറിച്ച് ഒരു രാഷ്ട്രീയ പ്രയോഗമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. (പിണറായി വിജയനുമായി കമല്‍റാം സജീവ് നടത്തിയ അഭിമുഖം - ന്യൂസ് ഡസ്‌കിലെ കാവിയും ചുവപ്പും എന്ന പുസ്തകത്തില്‍). കരുണാകരന്റെ രാഷ്ട്രീയം അടിയന്തരാവസ്ഥക്കാലത്ത് കെട്ടിനില്‍ക്കുന്നതല്ലെന്നായിരിക്കും അദ്ദേഹം വ്യക്തമാക്കാന്‍ ശ്രമിച്ചത്. ഇടതുപക്ഷത്തോട് ചേരുമ്പോള്‍, അല്ലെങ്കില്‍ കേവല അധികാര തര്‍ക്കവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെ ചോദ്യം ചെയ്യുമ്പോള്‍ ആ രാഷ്ട്രീയം മൗലികമായി പിന്‍കാല പ്രാബല്യത്തോടെ മാറിപ്പോകുമെന്ന നിലപാടാണ് അദ്ദേഹം സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നത്. അധികാര രാഷ്ട്രീയത്തിന്റെ മെയ്‌വഴക്കമാണത്. ഇങ്ങനെയുമാണ് ഈ രാഷ്ട്രീയം നിലനില്‍ക്കുന്നതും.
യഥാര്‍ത്ഥത്തില്‍ ഇത് കരുണാകരനിലും തുടങ്ങിയതല്ല. വിമോചന സമര നേതാക്കളിലൊരാളും സാമുദായിക നേതാവുമായിരുന്ന മന്നത്ത് പത്മനാഭന്‍, ഇപ്പോള്‍ നവോത്ഥാന നായകനായി യാതൊരു തരത്തിലുമുള്ള ചോദ്യംചെയ്യലുകളുമില്ലാതെ വാഴ്ത്തപ്പെടുന്നത് ഇതിന്റെ മറ്റൊരു ഉദാഹരണമാണ്. വിമോചന സമരം മാത്രമല്ല, അദ്ദേഹം അതിനുശേഷം നടത്തിയ ഇതര സമൂഹ വിദ്വേഷ പ്രസംഗങ്ങള്‍ എത്രയോ ഉണ്ട്. അതൊക്കെ മറച്ചുവെച്ചാണ് നവോത്ഥാന നായക പദവി മന്നത്തിന് കേരളത്തില്‍ അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയിരിക്കുന്നത്. അത്രമേല്‍ കേരളത്തിന്റെ അധികാര രാഷ്ട്രീയത്തെ സ്വാധീനിക്കാന്‍ എന്‍.എസ്.എസിന് കഴിയുന്നുവെന്നാണ് ഇതിലൂടെ മനസ്സിലാക്കേണ്ടത്. മന്നം ജനിച്ച ദിവസം അദ്ദേഹത്തെക്കുറിച്ച് ദേശാഭിമാനിയില്‍ വന്ന ലേഖനത്തില്‍ പോലും അദ്ദേഹം നിര്‍വഹിച്ച പ്രതിലോമ ഇടപെടലുകളുടെ വിമര്‍ശനമല്ല ഉണ്ടായത്.
പിണറായിയുടെ പി. പരമേശ്വരന്‍
ആര്‍.എസ്.എസിന്റെ ആദ്യ പ്രവര്‍ത്തന കേന്ദ്രങ്ങളിലൊന്നാണ് കേരളം. പതിറ്റാണ്ടുകള്‍ പല രീതിയില്‍ കേരളത്തെ കീഴടക്കാന്‍ ആര്‍.എസ്.എസും പിന്നീട് പലപ്പോഴായി രൂപീകരിക്കപ്പെട്ട സംഘ്പരിവാര്‍ സംഘടനകളും ശ്രമിച്ചു. കലാപശ്രമങ്ങളും, രാഷ്ട്രീയാക്രമണങ്ങളും ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ ഏറെ കാലം നടത്തിയിട്ടും കേരളത്തെ കീഴടക്കാന്‍ ആര്‍.എസ്.എസിനും സംഘ്പരിവാറിനും കഴിഞ്ഞില്ല. ഈ പദ്ധതികളില്‍ ആര്‍.എസ്.എസിന്റെ ബുദ്ധികേന്ദ്രമായി പ്രവര്‍ത്തിച്ച ആളാണ് പി. പരമേശ്വരന്‍. ആര്‍.എസ്.എസിനുവേണ്ടി ജീവിതം മാറ്റിവെച്ച പി. പരമേശ്വരനെയും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തില്‍നിന്ന് മാറ്റിനിര്‍ത്തി അവതരിപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണെന്നതാണ് വൈചിത്ര്യം. അഗാധമായ പാണ്ഡിത്യത്തോടെ ഋഷിതുല്യമായ ജീവിതം നയിച്ചയാള്‍ എന്നായിരുന്നു പിണറായി വിജയന്‍ പരമേശ്വരനെ, അദ്ദേഹം മരിച്ചപ്പോള്‍ വിശേഷിപ്പിച്ചത്. അദ്ദേഹം നയിച്ചതായി പറയുന്ന ഋഷിതുല്യമായ ജീവിതം ലക്ഷ്യം കാണാത്തതുകൊണ്ട് കേരളം ഇതുപോലെ നിലനില്‍ക്കുന്നുവെന്ന ആശ്വാസത്തിലാണ് ഇന്നാട്ടിലെ സാധാരണക്കാര്‍. അദ്ദേഹത്തിന്റെ പാണ്ഡിത്യം കേരളത്തില്‍ പ്രയോഗിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കിലുള്ള നമ്മുടെ നാടിന്റെ അവസ്ഥ എന്തായിരിക്കുമെന്ന ആലോചന പോലും ഭീതിപ്പെടുത്തുന്നതാണ്. ഭാഗ്യത്തിന് പരമേശ്വരന് സ്മാരകം നിര്‍മിക്കുമെന്നുമാത്രം സര്‍ക്കാര്‍ പറഞ്ഞില്ല! പി. പരമേശ്വരന്‍ കേരളത്തില്‍ എല്ലാവരും സ്വീകരിക്കപ്പെടുന്ന പണ്ഡിതനായി അവതരിപ്പിക്കാന്‍ സംഘ്പരിവാറിന് ഈ അനുസ്മരണക്കുറിപ്പ് സഹായകരമാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. മരണം കൊണ്ടു മാത്രം മഹാന്മാരായി തീരുന്നവരുണ്ട്. അല്ലെങ്കില്‍ അങ്ങനെ ആക്കി തീര്‍ക്കപ്പെടുവരുണ്ട്. അവരില്‍ ഇതുവരെയുള്ള കണക്കില്‍ അവസാനത്തേതാണ് കെ. എം. മാണിയും ആര്‍. ബാലകൃഷ്ണപ്പിള്ളയും.

റദ്ദാക്കപ്പെട്ട പിള്ളയും വീരേന്ദ്രകുമാറും
കേരളത്തിന്റെ ചരിത്രത്തില്‍ അഴിമതിക്കേസില്‍ ജയിലിലടക്കപ്പെട്ട ഏക നേതാവാണ് ബാലകൃഷ്ണപിള്ള. ജയിലിലടക്കപ്പെട്ടപ്പോള്‍ ‘കല്‍തുറങ്കിലേക്ക് ഒരു മാടമ്പി വഴി' എന്ന പേരിലായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ ചരിത്രത്തെ സി.പി.എം വിലയിരുത്തിയത്. രാഷ്ട്രീയ നേതാവാകുന്നതിന് മുമ്പുതന്നെ ലക്ഷണമൊത്ത മാടമ്പിയായി ബാലകൃഷ്ണപിള്ള വിളയാടിയതെങ്ങിനെ എന്ന് അന്ന് പ്രസിദ്ധീകരിച്ച ലേഖനങ്ങളില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പിന്നീടും അതു തന്നെ തുടര്‍ന്നുവെന്നതിന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം തന്നെ സാക്ഷി. ആദ്യകാലം മുതല്‍ എന്‍.എസ്.എസിന്റെയും പിന്നീട് പലപ്പോഴും സി.പി.എമ്മിന്റെയും വിശ്വസ്തനാകാന്‍ കഴിഞ്ഞുവെന്നതായിരുന്നു ബാലകൃഷ്ണപിള്ളയുടെ രാഷ്ട്രീയ മൂലധനം. സി.പി.എമ്മുമായി നേടിയ സൗഹൃദം അദ്ദേഹത്തിന്റെ മാടമ്പിത്തരം പിന്‍കാല പ്രാബല്യത്തോടെ റദ്ദാക്കി കൊടുത്തു. അയാളെ ജയിലിലടച്ചപ്പോള്‍ അഴിമതിക്കെതിരായ വിജയത്തില്‍ പ്രകടനം നടത്തിയവര്‍ തന്നെ ഇപ്പോള്‍ പിള്ളയ്ക്കുവേണ്ടിയുള്ള സ്മാരകത്തിന് മുന്‍കൈയെടുക്കുന്നു.
എം.പി. വീരേന്ദ്രകുമാര്‍ ഇടതുമുന്നണി വിട്ടപ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഭൂമി കൈയേറ്റത്തെക്കുറിച്ചുളള തുടരന്‍ കഥകള്‍ സി.പി.എം മുഖപത്രത്തില്‍ നിറഞ്ഞത്. യു.ഡി.എഫില്‍നിന്ന് അദ്ദേഹം തിരിച്ചെത്തിയതോടെ സമീപനം മാറി. മരണാനന്തരം അദ്ദേഹത്തിനും ലഭിച്ചു അഞ്ച് കോടിയുടെ സ്മാരകം.
ഉന്നയിച്ച ആരോപണങ്ങള്‍ക്കുപിന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍ മാത്രം അധികാര രാഷ്ട്രീയത്തിന്റെ ഔദാര്യമില്ലാത്തതിനാല്‍ ചര്‍ച്ചകളില്‍നിന്ന് മാറ്റപ്പെട്ടിരിക്കുന്നു.
അര നൂറ്റാണ്ടോളം നീണ്ട രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടെ കെ. എം. മാണി കേരള രാഷ്ട്രീയത്തില്‍ വഹിച്ച പങ്കെന്തായിരിക്കും?. കമ്യൂണിസ്റ്റ് വിരുദ്ധതയുടെ കേരളത്തിലെ മാതൃകാ പുരുഷനായിരുന്നു കെ. എം. മാണി. ബാര്‍ കോഴയില്‍ ഒതുങ്ങാത്ത, കേരള രാഷ്ട്രീയത്തിലെ വലതുഅവസരവാദത്തിന്റെ അപ്പോസ്തലന്‍. തന്റെ നിലപാടില്‍ ഒരു അണുപോലും വ്യതിചലിക്കാതെ, തന്റെ പ്രഖ്യാപിത രാഷ്ട്രീയത്തില്‍ ഒരു വിട്ടുവീഴ്ചയും വരുത്താതെ തന്നെ മാണി ഇടതുപക്ഷ സര്‍ക്കാരിനാല്‍ വിശുദ്ധനാക്കപ്പെട്ടു.
കേരള രാഷ്ട്രീയ ചരിത്രത്തിന്റെ ഗതി പുരോഗമനമായ രീതിയില്‍ മാറ്റിയെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച കെ. ആര്‍. ഗൗരിയമ്മക്കൊപ്പം ആര്‍. ബാലകൃഷ്ണപിള്ളയും മാണിയും വീരേന്ദ്രകുമാറുമെല്ലാം സ്മാരക നിര്‍മ്മാണ പ്രഖ്യാപനത്തിലൂടെ സമീകരിക്കപ്പെട്ടിരിക്കുന്നു. അനുവദിച്ച തുകയുടെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ ഗൗരിയമ്മയുടെ സ്ഥാനം എവിടെയാണ് ഇടതുസര്‍ക്കാര്‍ അടയാളപ്പെടുത്തിയിട്ടുള്ളത്?

വലതുപക്ഷത്തെ, അല്ലെങ്കില്‍ പ്രതിലോമ രാഷ്ട്രീയത്തിന്റെ വക്താക്കളാണ് സി.പി.എം സ്മാരക നിര്‍മാണ ഔദാര്യം കാണിച്ച് വിശുദ്ധരാക്കിയെടുത്തിട്ടുള്ളവരില്‍ ഏറെയും. അല്ലെങ്കില്‍ മറ്റെതേങ്കിലും ഇടതുപക്ഷക്കാരോട് സി.പി.എം ഈ ഔദാര്യം കാണിച്ചിട്ടുണ്ടോ? വിഖ്യാതനായ കെ. ദാമോദരനോടോ, പണ്ഡിതനായ എന്‍. ഇ. ബലാറാമിനോടോയെങ്കിലും ഇത്തരമൊരു സമീപനം സി.പി.എമ്മിന് സാധ്യമല്ല. ഇത് സി.പി.ഐയോട് സി.പി.എം കാണിക്കുന്ന സമീപനമായി കാണേണ്ടതില്ല. തങ്ങളില്‍ പെടാത്ത മറ്റൊരു കമ്യൂണിസ്റ്റിനെയും അംഗീകരിക്കുന്ന പതിവ് ഒരു വിപ്ലവ പാര്‍ട്ടിയുടെയും ചരിത്രത്തിലില്ല. അടിയന്തരാവസ്ഥക്കാലത്ത് കൊല്ലപ്പെട്ട പി. രാജന്റെ പ്രതിമ സ്ഥാപിക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെ നായനാരുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നേരിട്ട കാര്യവും ഇതോടൊപ്പം ഓര്‍ക്കാം. ചെ ഗുവേരയെക്കുറിച്ചുള്ള കഥകള്‍ ചുമരെഴുത്തുകളാക്കുമ്പോഴും എ. വര്‍ഗീസ് ഇപ്പോഴും മുഖ്യധാരാ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വഴിപിഴച്ചുപോയ അതിസാഹസികന്‍ മാത്രമാണ്.
അധികാരത്തുടര്‍ച്ചക്കും സുസ്ഥിരതയ്ക്കും വലതുപ്രതിലോമ നായകരെയാണ് സ്മാരകം പണിത് വിശുദ്ധരാക്കേണ്ടതെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കറിയാം. അതാണ് പ്രായോഗികതയുടെ സമകാലിക ഇടതുരാഷ്ട്രീയത്തിന്റെ ഒരു പാഠം. ചരിത്രം എങ്ങോട്ടാണ് പോകുന്നതെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി സൃഷ്ടിച്ചെടുക്കുന്ന സ്മാരകങ്ങള്‍ നോക്കിയാലും അറിയാന്‍ കഴിയും.
Narendranath K
8 Jun 2021, 08:15 PM
അധികാരം എന്നത് തിരഞ്ഞെടുപ്പുകളിലെ ഞാണിന്മേൽ കളിയാവുമ്പോൾ ജാതിയുടെ പേരിൽ നിലനിൽക്കുന്ന ഞാഞ്ഞൂൽ പാർട്ടികളുടെ അൽപത്തങ്ങളെ തൃപ്തിപ്പെടുത്തേണ്ട ഗതികേട് മുഖ്യ കക്ഷികൾക്ക് ഉണ്ടാവുന്നു. ചരിത്ര പ്രസക്തിയില്ലാത്തതു മൂലം വിസ്മരിക്കപ്പെട്ടു പോകാവുന്ന നേതാക്കന്മാർക്ക് സ്മാരകവും ജന്മദിനത്തിന് അവധിയുമൊക്കെ ചോദിച്ചുവാങ്ങി മിഥ്യാ സംതൃപ്തിയടയുന്നു.
അലി ഹൈദര്‍
Jul 31, 2022
10 Minutes Read
ഷഫീഖ് താമരശ്ശേരി
Jul 26, 2022
9 Minutes Read
മനില സി.മോഹൻ
Jul 05, 2022
2 minutes read
ടി.എം. ഹർഷൻ
Jul 05, 2022
1 minute read
അലി ഹൈദര്‍
Jun 22, 2022
6 Minutes Read
പ്രമോദ് പുഴങ്കര
Jun 03, 2022
4 Minutes Read
ടി.എം. ഹര്‍ഷന്‍
Jun 03, 2022
5 Minutes Read
ഹിഫ്സു റഹ്മാൻ
16 Jun 2021, 12:29 PM
ഇതെല്ലാം പറയാൻ ഒരാളുണ്ടായത് ഭാഗ്യം. എഴുത്തുകാരന്റെ സ്വതന്ത്ര ചിന്തകളുടെയും സൂക്ഷ്മ നിരീക്ഷണങ്ങളുടെയും പ്രതിഫലനമായ ഈ െറുകുറിപ്പ് പ്രസിദ്ധീകരിച്ചവരെ നന്ദി അറിയിക്കുന്നു. എഴുത്തുകാരനോട് െ തു സമൂഹം കടപ്പെടുന്നുണ്ട്.