truecoppy
MORE
Truecopy Home
Readers
are
Thinkers

Friday, 31 March 2023

truecoppy
Truecopy Logo
Readers are Thinkers

Friday, 31 March 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
kodiyeri balakrishnan

Obituary

ഒരേ വഴിയിലൂടെ
ഒരുമിച്ചു നടന്നവരാണ് ഞങ്ങള്‍

ഒരേ വഴിയിലൂടെ ഒരുമിച്ചു നടന്നവരാണ് ഞങ്ങള്‍

ഒരേ സമയത്താണ് ഞങ്ങള്‍ ഇരുവരെയും അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എട്ടാം ബ്ലോക്കില്‍ തൊട്ടടുത്തുള്ള സിമന്റു കട്ടിലുകളിലായിരുന്നു കിടത്തം. പൊലീസ് മര്‍ദ്ദനമേറ്റ് അവശനിലയിലായിരുന്നു ഞാന്‍. ആ അവസ്ഥയില്‍ സഹോദരന്റെ കരുതലോടെ ബാലകൃഷ്ണന്‍ എന്നെ സഹായിച്ചു. സഖാക്കള്‍ തമ്മിലുള്ള ബന്ധത്തിന്റെ ആഴവും അര്‍ത്ഥവും വെളിപ്പെടുത്തിയ അനുഭവമായിരുന്നു അത്.

1 Oct 2022, 09:50 PM

പിണറായി വിജയൻ

സഖാവ് കോടിയേരി ബാലകൃഷ്ണന്‍ വിട പറഞ്ഞു എന്നു വിശ്വസിക്കാന്‍ സാധിക്കുന്നില്ല. തീവ്രമായ വേദനയാണത് സൃഷ്ടിക്കുന്നത്. സോദരതുല്യം എന്നല്ല, യഥാര്‍ത്ഥ സഹോദരര്‍ തമ്മിലുള്ള ബന്ധമാണ് ഞങ്ങളുടേത്. ഒരേ വഴിയിലൂടെ ഒരുമിച്ചു നടന്നവരാണ് ഞങ്ങള്‍.  

അസുഖത്തിന്റെ യാതനകള്‍ തീവ്രമായിരുന്ന നാളുകളിലും പാര്‍ട്ടിയെക്കുറിച്ചുള്ള കരുതല്‍ എല്ലാത്തിനും മേലെ മനസ്സില്‍ സൂക്ഷിച്ച നേതാവാണ് ബാലകൃഷ്ണന്‍. പാര്‍ട്ടിയെക്കുറിച്ചും പാര്‍ട്ടി നേരിടുന്ന ആക്രമണങ്ങളെ ചെറുക്കേണ്ടതിനെക്കുറിച്ചും പാര്‍ട്ടിയെ സര്‍വ്വവിധത്തിലും ശക്തിപ്പെടുത്തേണ്ടതിനെക്കുറിച്ചും ഒക്കെയുള്ള ചിന്തകള്‍ ആയിരുന്നു അവസാന നാളുകളിലും ബാലകൃഷ്ണനുണ്ടായിരുന്നത്. തനിക്കു ചുമതലകള്‍ പൂര്‍ണ്ണ തോതില്‍ നിര്‍വ്വഹിക്കാനാവില്ല എന്ന് വന്നപ്പോള്‍ പാര്‍ട്ടിക്കു വേണ്ടി സെക്രട്ടറി സ്ഥാനത്തു നിന്ന് മാറിനില്‍ക്കാന്‍ സ്വയം സന്നദ്ധനായി മുന്നോട്ടു വരിക മാത്രമല്ല, അതിനു നിര്‍ബന്ധം പിടിക്കുക കൂടിയായിരുന്നു.

View Ad

Your browser does not support the video tag.

View Ad

Your browser does not support the video tag.

അസുഖം തളര്‍ത്തിയ ഘട്ടത്തിലും ഏതാനും നാള്‍ മുമ്പ് വരെ പാര്‍ട്ടി ഓഫീസ്സായ എ.കെ.ജി. സെന്ററില്‍ എത്തി പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കുകയും പാര്‍ട്ടിയുടെ നയപരവും സംഘടനാപരവുമായ കാര്യങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുകയും ചെയ്തു. ശരീരികമായ കടുത്ത വൈഷമ്യങ്ങള്‍ സഹിച്ചും അതിജീവിച്ചും പാര്‍ട്ടിക്കുവേണ്ടി സഖാവ് സ്വയം അര്‍പ്പിക്കുകയായിരുന്നു.
അസാധാരണമായ മനക്കരുത്തോടെയാണ് ആദ്യഘട്ടം മുതലേ രോഗത്തെ നേരിട്ടത്. 

"കരഞ്ഞിരുന്നാല്‍ മതിയോ നേരിടുകയല്ലേ നിവൃത്തിയുള്ളു' എന്നാണ് വാര്‍ത്താസമ്മേളനത്തില്‍ ഒരു ചോദ്യത്തിനു മറുപടിയായി രോഗത്തെക്കുറിച്ച് പറഞ്ഞത്. ഏതു വെല്ലുവിളിയേയും ധൈര്യസമേതം നേരിടുക എന്നതായിരുന്നു സഖാവിന്റെ രീതി. രോഗത്തിനു മുമ്പിലും രാഷ്ട്രീയ വെല്ലുവിളിയുടെ മുമ്പിലും ഒരുപോലെ  നെഞ്ചു വിരിച്ചു പൊരുതിയ ജീവിതമാണത്.

ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ തന്നെ ബാലകൃഷ്ണന്‍ സജീവമായി വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം നടത്തുകയും നാട്ടിലെ എല്ലാ വിഷയങ്ങളിലും ഊര്‍ജ്ജസ്വലമായി ഇടപെടുകയും ചെയ്തു. സൗമ്യതയും ധീരതയും ആശയദാര്‍ഢ്യവും സമന്വയിച്ചതായിരുന്നു തുടക്കം മുതല്‍ തന്നെ ആ രാഷ്ട്രീയ ജീവിതം. തലശ്ശേരി കലാപകാലത്ത് മതസൗഹാര്‍ദ്ദം കാത്തു സൂക്ഷിക്കാന്‍ നിസ്വാര്‍ഥതയോടെ കര്‍മ്മപഥത്തില്‍ ഇറങ്ങിയ കമ്മ്യൂണിസ്റ്റുകാരുടെ മുന്നണിയില്‍ തന്നെ ബാലകൃഷ്ണന്‍ ഉണ്ടായിരുന്നു.

1973-ലാണ് എസ്.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷണന്‍ കടന്നുവരുന്നത്. എസ്.എഫ്.ഐ. ചരിത്രത്തിലേറ്റവും കഠിനമായ പീഡനങ്ങളും രൂക്ഷമായ വേട്ടയാടലുകളും നേരിട്ട കാലമായിരുന്നു അത്. സ്വാതന്ത്ര്യവും ജനാധിപത്യവുമെല്ലാം റദ്ദായ ആ പ്രതികൂല സാഹചര്യത്തിലും ഗ്രാമാന്തരങ്ങളില്‍ വരെ ചെന്ന് സജീവ സംഘടനാ ശക്തിയാക്കി എസ്.എഫ്.ഐയെ മാറ്റുന്നതിന് കോടിയേരിയുടെ നേതൃത്വത്തിനു കഴിഞ്ഞു. വിദ്യാര്‍ത്ഥി പ്രസ്ഥാനം പുരോഗമന വിപ്ലവ പ്രസ്ഥാനത്തിനു നല്‍കിയ വിലപ്പെട്ട സംഭാവനയാണ് സഖാവ് കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി കാര്യങ്ങളില്‍ കാര്‍ക്കശ്യവും വ്യക്തതയും ഒരുപോലെ ഇടകലര്‍ന്ന  സമീപനമാണ് എക്കാലത്തും ബാലകൃഷ്ണന്‍ ഉയര്‍ത്തിപ്പിടിച്ചത്. സംഘടനാ കാര്യങ്ങള്‍ ആയാലും ആശയപരമായ പ്രശ്‌നങ്ങള്‍ ആയാലും വ്യക്തതയോടെ ഇടപെടാനും സഖാക്കളെ ശരിയായ   ബോധത്തിലേക്ക് നയിക്കാനും വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തന കാലത്തു തന്നെ സാധിച്ചിരുന്നു. 

ALSO READ

കോടിയേരിക്കെതിരെ നടക്കുന്നത്  മനുഷ്യത്വവിരുദ്ധതയുടെ അങ്ങേയറ്റം

അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചയുടന്‍ തന്നെ തലശ്ശേരിയില്‍ പ്രതിഷേധ പ്രകടനം നടന്നത് കോടിയേരിയുടെ കൂടി നേതൃത്വത്തിലാണ്. അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തിന് അതിക്രൂരമായ മര്‍ദ്ദനമാണ് ലോക്കപ്പില്‍ ഏല്‍ക്കേണ്ടിവന്നത്. ഒരേ സമയത്താണ് ഞങ്ങള്‍ ഇരുവരെയും അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എട്ടാം ബ്ലോക്കില്‍ തൊട്ടടുത്തുള്ള സിമന്റു കട്ടിലുകളിലായിരുന്നു കിടത്തം. പൊലീസ് മര്‍ദ്ദനമേറ്റ് അവശനിലയിലായിരുന്നു ഞാന്‍. ആ അവസ്ഥയില്‍ സഹോദരന്റെ കരുതലോടെ ബാലകൃഷ്ണന്‍ എന്നെ സഹായിച്ചു. സഖാക്കള്‍ തമ്മിലുള്ള ബന്ധത്തിന്റെ ആഴവും അര്‍ത്ഥവും വെളിപ്പെടുത്തിയ അനുഭവമായിരുന്നു അത്. ഇമ്പിച്ചിബാബ, വി.വി. ദക്ഷിണാമൂര്‍ത്തി, എം.പി. വീരേന്ദ്ര കുമാര്‍, ബാഫക്കി തങ്ങള്‍, തുടങ്ങിയവരും അന്ന് ജയിലില്‍ ഒപ്പം ഉണ്ടായിരുന്നുവെന്ന് ഓര്‍ക്കുന്നു. ജയില്‍ ദിനങ്ങള്‍ പഠനത്തിന്റെ ദിനങ്ങളായിക്കൂടി കോടിയേരി മാറ്റി.

അതുല്യ സംഘാടകനായ സഖാവ് സി.എച്ച്. കണാരന്റെ നാട്ടില്‍ നിന്ന്  കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ലഭിച്ച അമൂല്യ നേതൃത്വമാണ് കോടിയേരി ബാലകൃഷ്ണന്റേത് എന്ന് നിസ്സംശയം പറയാം. അത് തന്നെയാണ്  ചെറിയ പ്രായത്തില്‍ തന്നെ സി.പി.ഐ.എമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി ബാലകൃഷ്ണനെ ഉയര്‍ത്തിയ ഘടകവും. 1990-95 ഘട്ടത്തില്‍ സി.പി.ഐ.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കെ കോടിയേരി ജില്ലയിലെ പാര്‍ട്ടിയെ നയിച്ചത് പ്രക്ഷുബ്ധമായ പ്രശ്നങ്ങളെ അതിജീവിച്ചാണ്. കൂത്തുപറമ്പ് വെടിവെപ്പ്, കെ.വി. സുധീഷിന്റെ കൊലപാതകം തുടങ്ങിയവയൊക്കെ കാരണം സംഭവ ബഹുലമായ ആ കാലത്തെ ഭീഷണികളെയും വെല്ലുവിളികളെയും ചെറുത്ത്  പാര്‍ട്ടിയെ ശക്തമാക്കി നിലനിര്‍ത്തുന്നതില്‍ സെക്രട്ടറി എന്ന നിലയില്‍ കോടിയേരി വഹിച്ച നേതൃത്വപരമായ പങ്ക് പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ട്.

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എന്ന നിലയിലേക്ക് ഉയര്‍ന്നപ്പോള്‍ കേരളത്തിലെ പാര്‍ട്ടിയുടെ ആകെ കാര്യങ്ങള്‍ ശ്രദ്ധിക്കാനും സംസ്ഥാനത്താകെയുള്ള പാര്‍ട്ടി സഖാക്കള്‍ക്ക് ഒരുപോലെ പ്രിയങ്കരനാകാനും ബാലകൃഷ്ണന് ഏറെ സമയം വേണ്ടിവന്നില്ല. സംഘടനാ തലത്തിലായാലും നിയമസഭയിലായാലും മന്ത്രി എന്ന നിലയില്‍ ഭരണ നേതൃത്വത്തിലായാലും മികച്ച രീതിയില്‍ ഇടപെടാനും അംഗീകാരം പിടിച്ചു പറ്റാനും കഴിഞ്ഞു.

1982 ല്‍ തലശ്ശേരിയില്‍ നിന്നാണ് ആദ്യമായി നിയമസഭയില്‍ എത്തുന്നത്. 1987 ലും 2001 ലും 2006 ലും 2011 ലും അതേ മണ്ഡലത്തില്‍ നിന്നുതന്നെ ജയിച്ചെത്തി. 2006-11 ഘട്ടത്തില്‍ അദ്ദേഹം ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണ് ജനമൈത്രി പോലുള്ള ജനസൗഹൃദ പോലീസിംഗ് സംസ്‌കാരം ഇവിടെ ഫലപ്രദമായി നടപ്പാക്കാന്‍ ആരംഭിക്കുന്നത്. പോലീസിന് ജനകീയ മുഖം നല്‍കാനും അദ്ദേഹം കാര്യമായി ശ്രദ്ധിച്ചു. പ്രതിപക്ഷ ഉപനേതാവായിരിക്കെ ഭരണത്തിലെ അഴിമതികളും അരുതായ്മകളും തുറന്നു കാട്ടുന്നതില്‍ ശ്രദ്ധേയമായ മികവാണ് പുലര്‍ത്തിയത്. ഭരണപ്രതിപക്ഷ ബഞ്ചുകളിലായി ശ്രദ്ധേയനായ പാര്‍ലമെന്റേറിയന്‍ എന്ന വ്യക്തിത്വം അദ്ദേഹം നേടിയെടുത്തു. 

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ സഭാവേദിയില്‍ അവതരിപ്പിക്കുന്നതിലും അവയ്ക്ക് പരിഹാരം കണ്ടെത്തുന്നതിന് സര്‍ക്കാരുകളെ നിര്‍ബന്ധിക്കുന്നതിലും  പ്രത്യേക ശ്രദ്ധ ചെലുത്തി. സങ്കീര്‍ണ്ണമായ രാഷ്ട്രീയ പ്രശ്നങ്ങള്‍ സഭാവേദിയില്‍ ഉയര്‍ത്തുന്നതിലും പ്രസംഗത്തിലൂടെയും ഇടപെടലിലൂടെയും സൃഷ്ടിക്കുന്ന ചിന്തയുടെ തെളിമകൊണ്ട് എന്തിനും പരിഹാരം കണ്ടെത്തുന്നതിലും മാതൃകയായി. ആഭ്യന്തര വകുപ്പില്‍ മാത്രമല്ല, ഒപ്പം ഉണ്ടായിരുന്ന ടൂറിസത്തില്‍ അടക്കം ഊര്‍ജ്ജസ്വലങ്ങളായ ചലനങ്ങള്‍ ഉണര്‍ത്തുന്നതായി അദ്ദേഹത്തിന്റെ ഭരണഘട്ടം. മികവുറ്റ ഭരണാധികാരി എന്ന വിശേഷണം ചുരുങ്ങിയ നാളുകള്‍കൊണ്ടുതന്നെ അദ്ദേഹത്തിന് കേരള ജനത നല്‍കി.

പാര്‍ട്ടി അനേകം വെല്ലുവിളികളും പ്രശ്‌നങ്ങളും നേരിടുന്ന ഘട്ടത്തിലാണ് സംസ്ഥാന സെക്രട്ടറിയേറ്റംഗം, സെക്രട്ടറി എന്നീ നിലകളില്‍ ബാലകൃഷ്ണന്‍ പ്രവര്‍ത്തിച്ചത്. അത്തരം പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം  ശാന്തമായി ഇടപെടാനും പരിഹാരം കണ്ടെത്താനും അസാമാന്യമായ ശേഷിയാണ് അദ്ദേഹം പ്രകടിപ്പിച്ചത്. പാര്‍ട്ടി ശത്രുക്കളോട് കര്‍ക്കശമായ നിലപാട് സ്വീകരിക്കുമ്പോള്‍ തന്നെ പൊതുവായ കാര്യങ്ങളില്‍ സംയമനത്തോടെയും സൗമനസ്യത്തോടെയും ഇടപെടുന്ന ശീലം ബാലകൃഷ്ണന്‍ എന്നും മുറുകെപ്പിടിച്ചു. എല്ലാവരോടും സൗഹാര്‍ദ്ദപൂര്‍വ്വം പെരുമാറിക്കൊണ്ടുതന്നെ പാര്‍ട്ടിയുടെ നിലപാടുകളില്‍ നിന്ന് അണുവിട വ്യതിചലിക്കാരിക്കാന്‍ നിര്‍ബന്ധ ബുദ്ധി കാണിച്ചു. 

kodiyeri-balakrishnan

സി.പി.ഐ.എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണം ചരിത്രം സൃഷ്ടിച്ചുകൊണ്ട് തുടര്‍ച്ചയായി രണ്ടാം വട്ടവും അധികാരത്തിലെത്തുന്നത് സാധ്യമാക്കുംവിധം പാര്‍ട്ടിയെയാകെ സജ്ജവും കാര്യക്ഷമവുമാക്കിയെടുക്കുന്നതില്‍ കോടിയേരി സുപ്രധാന പങ്കാണ് വഹിച്ചത്.  

സമരങ്ങളുടെ തീച്ചൂളകള്‍ കടന്ന് പാര്‍ട്ടി നേതൃത്വത്തിലേക്ക് കടന്നുവന്നതാണ് ആ ജീവിതം. വിദ്യാഭ്യാസ കാലം തൊട്ടിങ്ങോട്ട് എണ്ണമറ്റ പോരാട്ടങ്ങള്‍, അറസ്റ്റുകള്‍, ലോക്കപ്പ് മര്‍ദ്ദനങ്ങള്‍, തടവറവാസങ്ങള്‍, തുടങ്ങി എന്തെല്ലാം. ജിവിതം തന്നെ പാര്‍ട്ടിക്കു വേണ്ടി അര്‍പ്പിച്ച സമുന്നതനേതാക്കളുടെ നിരയിലാണ് കോടിയേരി ബാലകൃഷ്ണന്റെ സ്ഥാനം. ചാഞ്ചല്യമില്ലാത്ത പ്രത്യയശാസ്ത്രബോധ്യം, വിട്ടുവീഴ്ചയില്ലാത്ത പാര്‍ട്ടിക്കൂറ്, കൂട്ടായ പ്രവര്‍ത്തനത്തിനുള്ള മനഃസന്നദ്ധത, എണ്ണയിട്ട യന്ത്രം എന്നതുപോലെ പാര്‍ട്ടി സംഘടനയെ സദാ തയ്യാറാക്കിനിര്‍ത്തുന്നതിലുള്ള നിഷ്‌ക്കര്‍ഷ എന്നിവയൊക്കെ പുതിയ തലമുറക്കു മാതൃകയാകും വിധം കോടിയേരിയില്‍ തിളങ്ങി നിന്നു.

ഒരുമിച്ച് പ്രവര്‍ത്തിച്ചവരാണ് ഞങ്ങള്‍. സഹോദരന്‍ നഷ്ടപ്പെടുന്ന വേദന വിവരണാതീതമാണ്. രോഗം ബാധിച്ചപ്പോള്‍ സാധ്യമായ എല്ലാ  ചികിത്സയും നല്‍കണമെന്നത് ഞങ്ങളുടെ എല്ലാം നിര്‍ബന്ധമായിരുന്നു. എന്നാല്‍ വളരെ വേഗം തന്നെ ചികിത്സ ഫലിക്കാത്ത തരത്തിലേക്ക് അസുഖം വളരുകയായിരുന്നു. സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചത് പൊടുന്നനെ സംഭവിച്ചിരിക്കുന്നു. പക്ഷേ, സഖാവ് കോടിയേരിക്ക് മരിക്കാനാവില്ല - ഈ നാടിന്റെ, നമ്മുടെയാകെ ഹൃദയങ്ങളില്‍ ആ സ്‌നേഹസാന്നിധ്യം എന്നുമുണ്ടാകും. പാര്‍ട്ടിയെ ഇന്നുകാണുന്ന വിധത്തില്‍ കരുത്തുറ്റ പ്രസ്ഥാനമാക്കി മാറ്റുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് ചരിത്രപരമായ പ്രാധാന്യമുള്ളതാണ്. അവിസ്മരണീയമായ, സമാനതകളില്ലാത്ത, സംഭാവനകള്‍ പ്രസ്ഥാനത്തിനും ജനതയ്ക്കും നാടിനുംവേണ്ടി ത്യാഗപൂര്‍വ്വം നല്‍കിയ സഖാവ് കോടിയേരി ബാലകൃഷണന്റെ ഉജ്ജ്വലസ്മരണക്കു മുമ്പില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു.


 

  • Tags
  • #Obituary
  • #Pinarayi Vijayan
  • #kodiyeri balakrishnan
  • #cpim
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Vivan Sundaram

Memoir

റിയാസ് കോമു

കലയെ പ്രതിരോധമാക്കി പോരാടാനാണ് വിവാന്‍ ആഗ്രഹിച്ചത്

Mar 30, 2023

6 Minutes Read

 Vivan-Sundaram

Obituary

പി.പി. ഷാനവാസ്​

കലയിലൂടെ ജനങ്ങളോട്​ സംസാരിച്ച വിവാൻ സുന്ദരം

Mar 29, 2023

4 Minutes Read

pinarayi-rahul

National Politics

പിണറായി വിജയൻ

എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ച് അമര്‍ച്ച ചെയ്യുന്നത് ഫാഷിസ്റ്റ് രീതി

Mar 24, 2023

3 Minutes Read

akg

Memoir

കെ.ടി. കുഞ്ഞിക്കണ്ണൻ

എ.കെ​.ജി എന്ന ഇടതുപക്ഷ ആത്മകഥ

Mar 22, 2023

6 Minutes Read

ullekh n p

Kerala Politics

ഉല്ലേഖ് എന്‍.പി.

കണ്ണൂരിലെ പാർട്ടി മറ്റൊന്നായതിന് കരണങ്ങളുണ്ട്

Feb 21, 2023

54 Minutes Watch

mla

Obituary

കെ.ടി. കുഞ്ഞിക്കണ്ണൻ

സി.പി. കുഞ്ഞു: തൊഴിലാളികൾക്കൊപ്പം ജീവിച്ച ഒരു കമ്യൂണിസ്​റ്റ്​

Feb 10, 2023

3 Minute Read

k kannan

UNMASKING

കെ. കണ്ണന്‍

കെ.വി. തോമസ് പിണറായിക്കുവേണ്ടി മോദിയോട് എങ്ങനെ, എന്ത്?

Jan 20, 2023

5 Minutes Watch

Sara Aboobakkar

Obituary

എം.വി. സന്തോഷ്​ കുമാർ

‘നാദിറ ആത്മഹത്യ ചെയ്യേണ്ടത് പള്ളിക്കുളത്തില്‍ ചാടിയാകണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്’, സാറാ അബൂബക്കർ എന്ന സമരകഥ

Jan 12, 2023

5 Minutes Read

Next Article

ഇരുപതാം വയസ്സിലും തര്‍ക്കപ്രശ്‌നങ്ങള്‍ക്ക് തീര്‍പ്പുകളുണ്ടായിരുന്ന കോടിയേരി

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster