തീപാറും കോഴിക്കോട് സൗത്തിൽ

ഏപ്രിൽ ആറിന്​ കേരളം നിയമസഭാ തെരഞ്ഞെടുപ്പിൽ വിധിയെഴുതും. എൽ.ഡി.എഫ് ഭരണത്തുടർച്ചക്കും യു.ഡി.എഫ് ഭരണമാറ്റത്തിനും മാറ്റുരയ്​ക്കുന്ന ​പോരാട്ടത്തിന്റെ ചൂടിലേക്കുണർന്നുകഴിഞ്ഞു. സീറ്റുവിഭജന ചർച്ചകളും സ്ഥാനാർഥി നിർണയവും അന്തിമഘട്ടത്തിലാണ്​. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കണക്കുകളുടെയും അതിനുശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലെയും പൊതുവായ രാഷ്ട്രീയചിത്രം പരിശോധിക്കുകയാണിവിടെ.

Election Desk

കോഴിക്കോട് ജില്ലയിൽ ഇത്തവണ ഏറ്റവും കടുപ്പമേറിയ പോരാട്ടം നടക്കാൻ പോകുന്ന മണ്ഡലമാണ് കോഴിക്കോട് സൗത്ത്. യു.ഡി.എഫിനും ഇടതുപക്ഷത്തിനും ശക്തമായ മേൽക്കൈയുള്ള മേഖല. ന്യൂനപക്ഷവോട്ടുകൾക്കും സ്വാധീനം. എന്നാൽ, കഴിഞ്ഞ മൂന്ന് നിയമസഭകളിൽ കോൺഗ്രസിന് ഒരു അംഗത്തിനെ പോലും നൽകാത്ത ജില്ലയാണ് കോഴിക്കോട്. ആകെ 13 സീറ്റിൽ പത്തും എൽ.ഡി.എഫിന്റെ കൈവശം.

കഴിഞ്ഞ തവണ ജില്ലയിൽ വീശിയ ഇടതുതരംഗത്തിലും ഉലയാതെ നിന്നുവെന്നുമാത്രമല്ല, 2011ലേതിൽനിന്ന് ഭൂരിപക്ഷം ഉയർത്തുകയും ചെയ്യാൻ കഴിഞ്ഞു മുസ്‌ലിം ലീഗിലെ എം.കെ. മുനീറിന്. 6327 വോട്ടിനാണ് മുനീർ ഐ.എൻ.എല്ലിലെ പ്രൊഫ. എ.പി. അബ്ദുൽവഹാബിനെ തോൽപ്പിച്ചത്.
എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ, മണ്ഡലത്തിൽ യു.ഡി.എഫ് 9370 വോട്ടിന് പിന്നിലായി. മണ്ഡലത്തിലെ 25 കോർപറേഷൻ വാർഡുകളിൽ 15ലും എൽ.ഡി.എഫിനായിരുന്നു ജയം. എട്ടിൽ യു.ഡി.എഫിനും. ലീഗിന്റെ സ്വാധീനമേഖലകളിലും ഭൂരിപക്ഷം കുറക്കാൻ എൽ.ഡി.എഫിന് കഴിഞ്ഞു.

ഈ വിജയവും ഇതുവരെയുള്ള മണ്ഡലത്തിന്റെ ആഭിമുഖ്യങ്ങളും വോട്ടുവിഹിതക്കണക്കും വച്ച് ഇത്തവണ ഒരു അട്ടിമറി സാധ്യമാണ് എന്നാണ് സി.പി.എം ഉറച്ചുവിശ്വസിക്കുന്നത്. നല്ലൊരു സ്ഥാനാർഥിയുണ്ടെങ്കിൽ വിജയം സുനിശ്ചിതമാണെന്നും ഐ.എൻ.എല്ലിൽനിന്ന് മണ്ഡലം തിരിച്ചുപിടിക്കണമെന്നുമാണ് സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ ഉറച്ച നിലപാട്. കോർപറേഷൻ ഡപ്യൂട്ടി മേയർ മുസാഫർ അഹമ്മദിനെയാണ് പാർട്ടി പരിഗണിക്കുന്നത്. മുൻ എം.എൽ.എ സി.പി. കുഞ്ഞുവിന്റെ മകനായ മുസാഫർ 2011ൽ മുനിറിനെതിരെ മികച്ച മൽസരമാണ് കാഴ്ച വച്ചത്, 1376 വോട്ടായിരുന്നു മുനീറിന്റെ ഭൂരിപക്ഷം. ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസിന്റെ പേരും ഉയരുന്നുണ്ട്.

എം.കെ മുനീർ / ചിത്രീകരണം: ദേവപ്രകാശ്

എന്നാൽ, സി.പി.എം വാദം ഘടകകക്ഷിയായ ഐ.എൻ.എൽ വകവച്ചുകൊടുക്കുന്നില്ല. ദീർഘനാളത്തെ കാത്തിരിപ്പിനുശേഷം 2018ൽ ഇടതുമുന്നണിയിലേക്ക് പ്രവേശനം കിട്ടിയ ഐ.എൻ.എൽ, ഘടകകക്ഷിയെന്ന നിലക്ക് ഇത്തവണയും സൗത്ത് വേണമെന്ന നിലപാടിലാണ്.
കടുത്ത മൽസരത്തിന് അരങ്ങൊരുങ്ങിയതോടെ, മുനീറിന് സുരക്ഷിത മണ്ഡലം നൽകി പി.കെ. ഫിറോസ് അടക്കമുള്ള യുവനേതാക്കളെ പരീക്ഷിക്കാമെന്ന ആലോചന ലീഗിലുണ്ടായിരുന്നു. മുനീറിനെ കൊടുവള്ളിയിലേക്ക് പരിഗണിക്കുന്നതായും സൂചനയുണ്ടായിരുന്നു. എന്നാൽ, രണ്ടുവട്ടം വിജയിച്ചതിന്റെ ആത്മവിശ്വാസത്തിൽ ഹാട്രിക് തികക്കാമെന്ന ശുഭാപ്തിയിൽ മണ്ഡലത്തിൽ സജീവമാണ് അദ്ദേഹം.

ഒരു രാഷ്ട്രീയ ബലാബലം നടക്കുന്ന മുന്നണി എൻ.ഡി.എ ആണ്. കഴിഞ്ഞ തവണ ബി.ഡി.ജെ.എസിന് വിട്ടുകൊടുത്ത ഇവിടെ സതീഷ് കുറ്റിയിൽ 19,064 വോട്ട് നേടിയിരുന്നു. മാത്രമല്ല, തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടു വാർഡിൽ ബി.ജെ.പിക്കായിരുന്നു ജയം. അഞ്ചിടത്ത് രണ്ടാമതെത്തി. മണ്ഡലത്തിൽ പാർട്ടിക്ക് 20,000 ലേറെ വോട്ട് ലഭിക്കുകയും ചെയ്തു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 7.25 ശതമാനം വോട്ടുമാത്രമുണ്ടായിരുന്ന ബി.ജെ.പി 2016ൽ 16.56 ശതമാനമാക്കി. ഈ കണക്കുകൾ വെച്ച് സൗത്ത് ഇത്തവണ ബി.ജെ.പിക്ക് ‘എ ക്ലാസ്' മണ്ഡലമാണ്.

എന്നാൽ, ബി.ഡി.ജെ.എസുമായി ഇപ്പോഴേ വടംവലി തുടങ്ങിക്കഴിഞ്ഞു. മണ്ഡലം ഇത്തവണയും ഉറപ്പാക്കാൻ സ്ഥാനാർഥിയെ മുൻകൂട്ടി ബി.ഡി.ജെ.എസ് പ്രഖ്യാപിച്ചുകഴിഞ്ഞു; പാർട്ടി ജില്ലാ ട്രഷറർ കൂടിയായ സതീഷ് കുറ്റിയിൽ. സീറ്റുവിഭജന ചർച്ച കഴിയുംമുമ്പ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിൽ ബി.ജെ.പിക്ക് അമർഷമുണ്ട്. സീറ്റ് വിട്ടുകൊടുക്കില്ലെന്നാണ് ബി.ജെ.പി തീരുമാനം. ജില്ല പ്രസഡിന്റ് വി.കെ. സജീവൻ, സംസ്ഥാന സെക്രട്ടറി പി. രഘുനാഥ് എന്നിവരെയാണ് പരിഗണിക്കുന്നത്. ബി.ഡി.ജെ.എസിന് വടകര നൽകാമെന്നാണ് ധാരണ.

കോഴിക്കോട് രണ്ട് ആയിരുന്ന മണ്ഡലം 2011ലെ പുനർനിർണയത്തിലാണ് സൗത്ത് ആയത്. ഇരുമുന്നണികളെയും മാറിമാറി ജയിപ്പിച്ച മണ്ഡലം. 30 വർഷം സംസ്ഥാനം ഭരിക്കുന്ന മുന്നണിക്കൊപ്പമായിരുന്നു. എന്നാൽ, കഴിഞ്ഞ തവണ എം.കെ. മുനീർ തുടർച്ചയായ രണ്ടാം ജയം ആവർത്തിച്ചു.

2016 - നിയമസഭ തെരഞ്ഞെടുപ്പിലെ കക്ഷിനില.

1957ൽ സ്വതന്ത്രൻ ഇ. ജനാർദ്ദനനെ തോൽപ്പിച്ച് കോൺഗ്രസിലെ പി. കുമാരൻ ആദ്യ വിജയിയായി. അന്ന് കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥി മൂന്നാം സ്ഥാനത്തായിരുന്നു. 1960ലും കുമാരനായിരുന്നു ജയം. 1965ൽ ലീഗ് സ്വതന്ത്രൻ പി.എം. അബൂബക്കർ സി.പി.എം പിന്തുണയോടെ കോൺഗ്രസിലെ കെ.പി. രാമനുണ്ണിയെ തോൽപ്പിച്ചു. 1967ൽ സപ്തകക്ഷി മുന്നണി സ്ഥാനാർഥിയായി പി.എം. അബൂബക്കർ ജയിച്ചു. 1970ൽ അബൂബക്കറിനെ സംഘടനാ കോൺഗ്രസിലെ കൽപ്പള്ളി മാധവമേനോൻ തോൽപ്പിച്ചു. 1977, 1980, 1982 വർഷങ്ങളിൽ പി.എം. അബൂബക്കർ അഖിലേന്ത്യ ലീഗ് സ്ഥാനാർഥിയായി ജയിച്ചു.

1987ലാണ് സി.പി.എമ്മിന്റെ ആദ്യ ജയം. ലിഗിലെ കെ.കെ. മുഹമ്മദിനെ 2277 വോട്ടിന് സി.പി. കുഞ്ഞുവാണ് തോൽപ്പിച്ചത്. 1991ൽ കുഞ്ഞുവിനെ തോൽപ്പിച്ച് ലീഗിലെ എം.കെ. മുനീർ തിരിച്ചുപിടിച്ചു. 1996ൽ ലീഗ് വനിത സ്ഥാനാർഥിയെ ഇറക്കി, ഖമറുന്നീസ അൻവർ. അവരെ എളമരം കരീം 8766 വോട്ടിന് ജയിച്ചു.
2001ൽ എളമരം കരീമിനെ ലീഗിലെ ടി.പി.എം സാഹിർ 787 വോട്ടിന് തോൽപ്പിച്ചു. 2006ൽ ഐ.എൻ.എല്ലിലെ പി.എം.എ. സലാം സാഹിറിനെ തോൽപ്പിച്ചു. 2011, 2016 ൽ മുനീറിന് തുടർച്ചയായ ജയം.

Comments