നിഷ്​പ്രയാസം ന്യൂ ജനറേഷനായി മാറിയ കെ.പി.എ.സി. ലളിത

എല്ലാറ്റിൽ നിന്നും, കെ.പി.എ.സി. ലളിതയല്ല, കഥാപാത്രങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഒന്നിൽ നിന്ന് അടുത്തതിലേക്ക് കഴിഞ്ഞു പോയതിന്റെ ഭാരങ്ങളില്ലാതെ പരിണമിക്കാൻ ശേഷിയുള്ള അസാമാന്യ പ്രതിഭയുള്ള മഹാ നടി. ആ കഥാപാത്രങ്ങൾ തിരശീലയിൽ മാത്രമല്ല, നമ്മോടു കൂടെത്തന്നെയുണ്ട് എന്നതാണ് കെ.പി.എസി.ലളിതയുടെ തിര ജീവിതത്തിന്റെ നേട്ടം. ആഴവും..

ന്തൊരു വഴക്കം, സ്വാഭാവികത, അഭിനയിക്കുകയാണെന്നു മറന്നേ പോകും എന്നൊക്കെ വേണമെങ്കിൽ പറഞ്ഞൊപ്പിക്കാമെന്നേയുള്ളൂ. കെ.പി.എ.സി. ലളിതയുടെ അഭിനയവൈവിധ്യത്തെ വാക്കുകളിലാവിഷ്‌ക്കരിക്കുക പ്രയാസം.
ലളിത നിലകൊണ്ട അരങ്ങു / തിരയിടങ്ങളിൽ പകരം വക്കാൻ ഒരാളില്ല എന്നതോളമാണ് ആ പേർ ഔന്നത്യപ്പെടുത്തുന്ന തിരചരിത്രം.

ആ പേര് കേവലം കെട്ടുകാഴ്ചയായിരുന്നില്ല. പ്രായോഗിക ജീവിതത്തിന്റെ തിക്താനുഭവങ്ങളിലൂടെ ഉരുക്കിയെടുത്ത കലയുടെ കരുത്തുറ്റ കർമ്മപഥമാണ്.

ചെങ്ങന്നൂർ ക്ഷേത്രത്തിൽ ഭജന നടത്തി കിട്ടിയ പെൺകുട്ടിക്ക് ചെങ്ങന്നൂർ ദേവിയുടെ പേരിട്ട് മഹേശ്വരി എന്ന് അമ്മ വിളിച്ചപ്പോഴും ജീവിതത്തിൽ അന്നത്തിനു ബുദ്ധിമുട്ടി വലഞ്ഞ പെൺകുട്ടിയാണ് "ഈശ്വരി'. എന്നാൽ, അച്ഛൻ അരുമയോടെ വിളിച്ച ലളിത എന്ന പേരിൽ അസ്തിത്വം ഉറപ്പിച്ച്, ലളിതം, പക്ഷേ സുന്ദരം എന്ന അനായാസമായ അഭിനയവഴക്കത്തിന്റെ ദൃശ്യ സാക്ഷ്യമായി കെ.പി.എ.സി. ലളിത.

ചങ്ങനാശേരി "ഗീഥ'യുടെ ബലി നാടകത്തിൽ കൊട്ടാരം നർത്തകിയായി അഭിനയിച്ചായിരുന്നു പ്രശസ്ത അധ്യാപിക ലീലാമണിയുടെയും കലാമണ്ഡലം ഗംഗാധരൻ മാസ്റ്ററുടെയും ശിഷ്യയായ ലളിതയുടെ അരങ്ങേറ്റം. പി.ജെ. ആന്റണിയുടെ മാതൃഭൂമി, വിശക്കുന്ന കരിങ്കാലി, വിശറിക്കു കാറ്റു വേണ്ട, ഗീഥയുടെ ഗലീലിയോ എന്നീ നാടകങ്ങളിലും വേഷമിട്ടെങ്കിലും എസ് എൽ പുരത്തിന്റെ കാക്കപ്പൊന്നിൽ മികച്ച അഭിനയം കാഴ്ചവച്ച് പേരെടുത്ത ശേഷമാണ് ലളിത 1962 ൽ കെ.പി.എ.സിയിലെത്തുന്നത്. അതൊരു ചിരകാല മോഹവും സ്വപ്നവുമായിരുന്നു. പാട്ടുകാരിയായാണ് തുടക്കം. കെ.പി.എ.സിക്കു മാത്രമല്ല, കമ്മ്യൂണിസ്റ്റ് പാർട്ടിക്കും വേണ്ടി ലളിത പാടി. പിന്നീട് പതിനഞ്ച് രൂപ പ്രതിഫലത്തിൽ കൂട്ടുകുടുംബത്തിൽ അഭിനയം തുടങ്ങിയ ലളിത 10 വർഷം കൊണ്ട് ആയിരത്തഞ്ഞൂറ് വേദികൾ താണ്ടി. സർവേക്കല്ല്, മുടിയനായ പുത്രൻ, അശ്വമേധം, ശരശയ്യ, തുലാഭാരം, ഇന്നലെ ഇന്ന് നാളെ, ജീവിതം അവസാനിക്കുന്നില്ല. ലളിത അഭിനയിച്ച നാടകങ്ങളേറെ.. നാടക "മാനസപുത്രി'യായിരുന്നു ഒടുവിലന്നഭിനയിച്ച നാടകം.

മറ്റൊരു ഭാസിയെ സധൈര്യം പ്രതിരോധിച്ചപ്പോൾ ഗുരുവും വഴികാട്ടിയുമെന്ന് ലളിത ഹൃദയപൂർവം സ്മരിച്ചിട്ടുള്ള തോപ്പിൽ ഭാസിയാണ് ലളിത എന്ന പേരുറപ്പിച്ചത്. നാടകം നല്കിയ തഴക്കവും വഴക്കവും അനുഭവസമ്പത്തും സിനിമയിലേക്കുള്ള വളർച്ചയിൽ ആ പേരിനെ കൂടുതൽ ബലപ്പെടുത്തി എന്ന് നിസ്സംശയം പറയാം. അക്കാല സിനിമ മെലോഡ്രാമകളിൽ അതി നാടകീയമായപ്പോഴും നാടകത്തിന്റെ നാടകീയതകൾ, തിരയിൽ വേണ്ടിടത്ത് മാത്രം ഉപയോഗപ്പെടുത്തുകയും അല്ലാത്തിടത്ത് സ്വാഭാവികതമായതാണ് സുന്ദരം എന്ന് തെളിയിക്കുകയും ചെയ്ത മിടുക്കിയാണ് ലളിത. ലളിത എന്ന പേരിനു കൂടെ ബ്രാക്കറ്റിൽ കെ.പി.എ.സി. എന്നു കൂടെ തിരയിലെഴുതിക്കണ്ടു. പിന്നീട് കെ.പി.എ.സി. ലളിത എന്നീ രണ്ടു വാക്കുകളും തമ്മിൽ മുറുക്കത്തോടെ ചേർന്നു. അഭിനയശേഷിയാൽ നാടകത്തിനെന്നേ കിട്ടേണ്ടുന്ന കാര്യമായ പുരസ്‌കാരങ്ങൾ കിട്ടാതെ പോയപ്പോഴും നാടകം ശിക്ഷണം ചെയ്‌തെടുത്ത "സിനിമാ നടി' മികച്ച സഹനടിക്കുള്ള പുരസ്‌കാരം നാലുവട്ടം നേടി. നാടകം ലളിതക്ക് ഉയിരും ഊറ്റവുമായിരുന്നു.1972 ൽ കെ.പി.എ.സി. വിട്ട ലളിത 36 വർഷം കഴിഞ്ഞ്, പ്രായം മാറിയപ്പോഴും അരങ്ങത്ത് നാരായണിയായത് നാടകത്തോടുള്ള അഭിനിവേശം കൊണ്ടു തന്നെ.

1969ൽ ഉദയാ, കൂട്ടുകുടുംബം സിനിമയാക്കിയപ്പോൾ ലളിത "സരസ്വതി 'യായി. ആദ്യം സഹോദരീ വേഷങ്ങളിൽ തുടർന്ന ലളിതയുടെ പിന്നീടങ്ങോട്ടുള്ള തിരക്കാലം ആ പ്രതിഭയുടെ വികാസ ചരിത്രമാണ്. മുഴുനീള സാന്നിധ്യമായി അധികം കഥാപാത്രങ്ങളില്ലായിരിക്കാം. പക്ഷേ ഏതു കഥാപാത്രത്തിലും, ഒരു സീനിൽ വന്നാൽ പോലും മറക്കാനാകാത്ത തിരസാന്നിധ്യമായി.. നാട്ട്യത്തിന്റെ കൃത്രിമത്വങ്ങളും അമിതഭാരങ്ങളുമില്ലാതെ നിരവധി പെൺജീവിത കഥനങ്ങൾ അവരുടെ ശരീരഭാഷയിലൂടെ സുഗമമായി രംഗപ്രവേശം നടത്തി. Subtle ആയതും loud ആയതും ഒരുപോലെ വഴക്കത്തോടെ ലളിതയിൽ ഭദ്രമായിരുന്നു. അടക്കം വേണ്ടിടത്ത് ഉള്ളിലേക്കാവാഹിച്ചും പൊട്ടിത്തെറിക്കേണ്ടിടത്ത് നിറഞ്ഞു തൂവിയും നൂറുകണക്കിന് കഥാപാത്രങ്ങൾ ലളിതയിലൂടെ വാർത്തെടുക്കപ്പെട്ടു.. വെള്ളത്തിലെ പരൽ മീനെപ്പോലെ ഒഴുക്കിലും സൗന്ദര്യത്തിലും അവർ തങ്ങളുടെ വൈവിധ്യങ്ങളിലൂടെ സഞ്ചരിച്ചു. മഹാനടന്മാർക്കും ചിലപ്പോൾ ചിലയിടത്ത് കാൽ വഴുതി കഥാപാത്രം തകർന്നു പോയിട്ടുണ്ട്. എന്നാൽ കെ.പി.എ.സി. ലളിതയുടെ ഒരു സിനിമയിലെ കഥാപാത്രം പോലും കയ്യിൽ നിന്നു പോയിട്ടില്ല. ചെറു തിരയിടത്തിൽ പോലും ആ കഥാപാത്രത്തിനെ പരുവപ്പെടുത്തി ഉത്തമ ശില്പമാക്കുന്ന സിദ്ധി അനിതരസാധാരണമാണ്. അവർ ചിരിച്ചപ്പോൾ കാണികൾ കൂടെ നിറഞ്ഞു ചിരിച്ചു. കരഞ്ഞപ്പോൾ ഒപ്പം നെഞ്ചു പൊട്ടി. അത്രയും ഇണക്കത്തോടെ ഹൃദയത്തോടു ചേർന്ന് നില്ക്കുന്നു ലളിത.

ഒന്ന് രണ്ട് ഉദാഹരണങ്ങൾ

ഒന്ന്.. പെരുവഴിയമ്പലത്തിലെ ദേവയാനി. ലളിതയുടെ പ്രതിഭാശേഷിയിൽ പത്മരാജനുള്ള അപാര ആത്മവിശ്വാസത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ കഥാപാത്രം.

പ്രഭാകരൻ പിള്ളയെ കുത്തി മലർത്തിയ രാമന്, അഭയം നല്കിയ ദേവയാനി ആദ്യം ആ നരുന്ത് പയ്യനെ കാര്യമായി കളിയാക്കുന്നുണ്ട്. ഏതോ പെണ്ണിനെ പ്രേമിച്ച് ഗർഭിണിയാക്കി എന്ന കള്ളക്കഥ വിശ്വസിക്കുന്ന ദേവയാനിയുടെ അർത്ഥവും മുനയും വെച്ചുള്ള നോട്ടവും നില്പും നടത്തയും ചിരിയും തനിമത്തിളക്കമുള്ളതാണ്.

എന്നാൽ ആ കൗമാരക്കാരനോട് മനസികമായി ഐക്യപ്പെടുന്ന ദേവയാനി അവനോട്, തന്റെ ഏകാന്ത ജീവിത മുറിവുകൾ ഏറ്റു പറയുന്ന ഒരു രംഗമുണ്ട് സിനിമയിൽ. ഏതാണ്ട് ഒന്നര മിനിട്ടോളം പത്മരാജൻ ക്യാമറ ലളിത എന്ന അഭിനേത്രയുടെ മുഖത്ത് ഇമവെട്ടാതെ ഉറപ്പിച്ചാണ് ഈ രംഗമെടുത്തത്.ആ മുഖത്ത് മിന്നി മറയുന്ന ഭാവങ്ങൾക്കൊപ്പം മധ്യദൂര ദൃശ്യത്തിൽ നിന്ന് സമീപദൃശ്യത്തിലേക്ക് സഞ്ചരിക്കുന്ന ക്യാമറ, ഒറ്റയായിപ്പോയ ഒരു പെണ്ണിന്റെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങും വിധം തന്നെ കാണിക്കനുഭവപ്പെടുന്നു.

ലൗഡ് ആക്റ്റിങ്ങിന്റെ ക്ലാസ് ഉദാഹരണമായി പലപ്പോഴും ഉയർത്തിക്കാണിക്കാറുള്ള വേഷമാണ് അമരത്തിലെ ഭാർഗവി.
കടപ്പുറപ്പെണ്ണിന്റെ പയ്യാരവും പതം പറച്ചിലും ഉയർന്ന സ്ഥായിൽ കേൾപ്പിച്ചു കൊണ്ടാണ് ഭാർഗവിയെത്തുന്നത്. കടലൊച്ചകളെ ഭേദിക്കുന്ന സംസാരത്തിൽ ലളിത തീർക്കുന്ന തിരത്താളപ്പെരുക്കം കാതിലെന്നും മുഴങ്ങും. മലയാള സിനിമയിലെ മികച്ച രണ്ടാൺ കഥാപാത്രങ്ങളുടെ ഒപ്പം മത്സരിച്ചഭിനയിക്കുന്ന ലളിത, തന്റെ വൈകാരികതകളുടെ നിയന്ത്രണത്തിൽ, ജൈവികമായി അവരേക്കാൾ മുൻപന്തിയിൽ നില്ക്കുന്നു. മകനെ അടിച്ച അച്ചൂട്ടിക്കെതിരെ തിര പോലെ ആർത്തലച്ചെത്തുന്ന ഭാർഗവിയായി ലളിതയല്ലാതെ ആരെ സങ്കല്പ്പിക്കാനാണ് !

മൂശാരി കുടുംബ ജീവിതത്തെ വിഷയീകരിച്ച വെങ്കലത്തിലെ കുഞ്ഞിപ്പെണ്ണ്, ലളിത അവതരിപ്പിച്ചതിൽ ശ്രദ്ധയർഹിക്കുന്ന മറ്റൊരു കഥാപാത്രമാണ്.
രണ്ടാൺ മക്കൾക്കും കൂടി ഒരു ഭാര്യയെന്ന പരമ്പരാഗത കീഴ് വഴക്കം നടപ്പിലാക്കാൻ ശ്രമിക്കുകയും അതിന്റെ ദുരന്തമനുഭവിക്കുകയും ചെയ്യുന്ന കഥാപാത്രം വൈകാരികാഭിനയത്തിന് സാധ്യതകളേറെയുള്ളതാണ്.പെട്ടെന്ന് കരഞ്ഞു പോകുന്ന സ്വഭാവക്കാരിയായാണ് ചിത്രാരംഭത്തിൽ കുഞ്ഞിപ്പെണ്ണിനെ കാണുക. കണ്ണീർ ധാരധാരയായി, മൂക്കുപിഴിഞ്ഞ് കരയുന്ന കുഞ്ഞിപ്പെണ്ണ് കാണിയെ നേർത്ത ചിരിയോടെ കാണാൻ പ്രേരിപ്പിക്കും.പക്ഷെ കഥാന്ത്യത്തിൽ മക്കളുടെ ജീവിതം വീണുടയുമ്പോൾ ആ അമ്മ മനം തിളച്ചുമറിയുന്നതിന്റെ ചൂട് ലോഹത്തിളക്കമായി അഭിനേത്രിയിൽ നിറയുന്നത് കാണാം.
രൂപത്തിലും ഭാവത്തിലും ശരീര ഭാഷയിലും വെങ്കല ത്തിലെ കുഞ്ഞിപ്പെണ്ണിനെ ലളിത അനശ്വരയാക്കി.
കെ.പി.എ.സി. ലളിതയും ഫിലോമിനയും ഒരുമിച്ചഭിനയിച്ചപ്പോഴെല്ലാം മികച്ച അഭിനയ മുഹൂർത്തങ്ങൾ ഉണ്ടായി എന്നതിന് സാക്ഷ്യമാണ് വെങ്കലം. രണ്ട് പ്രഗല്ഭർ പരസ്പര പൂരകമായി നിറഞ്ഞു നില്ക്കുന്നു.

"കാണാൻ പോരായെങ്കിലും ശബ്ദം കൊണ്ട് ജീവിക്കും' എന്ന് തോപ്പിൽ ഭാസി ലളിതയുടെ ആദ്യ പ്രകടനം കണ്ട് പറഞ്ഞു പോലും. (എന്നെ കാണാൻ കൊള്ളില്ലാഞ്ഞിട്ടാണോ ഈ കഥാപാത്രത്തിനുവേണ്ടി വിളിച്ചത് എന്ന് ഒരിക്കൽ ലളിത അടൂരിനോട് ചോദിച്ചപ്പോൾ രൂപവും ഭാവവും സ്വഭാവവും ചേരുന്നതാണ് ലളിതയുടെ സൗന്ദര്യമെന്ന് അടൂർ തിരുത്തിയിട്ടുമുണ്ട്.) പക്ഷേ ആ ശബ്ദം ലളിതയുടെ തിരജീവിതത്തിൽ ഏറെ നിർണായകം തന്നെയായി. സാധാരണ പെൺമൊഴിയിൽ വാഴ്ത്തുന്ന കാല്പനികതയുടെ നേർമ്മയും മാധുര്യവും ആ ശബ്ദത്തിലില്ല. അടക്കവും ഒതുക്കവും അല്ല, അല്പം ലൗഡായ, പരന്ന ശബ്ദമാണ് ലളിതക്ക്.

"നിന്റെ തൊള്ളേന്റകത്തെ റേഡിയോയുടെ ശബ്ദമൊന്നു കൊറക്കണല്ലോ' എന്ന് ലളിതയോട് മധു പറയുന്ന ഒരു സീൻ തന്നെയുണ്ട്. കഥാപാത്രത്തിന്റെ സ്വഭാവ നിർമിതിയിൽ ഒച്ച അത്രമേൽ പ്രധാനമാണെന്ന് മറ്റനേകം കഥാപാത്രങ്ങളിലും കെ.പി.എ.സി. ലളിത അസ്സലായി തെളിയിച്ചു .ഒട്ടും ആവർത്തന വിരസതയില്ലാത്ത ലളിതയുടെ മാനറിസങ്ങളും ശബ്ദവും പ്രേക്ഷകർ ശ്രദ്ധിച്ചു.
പക്ഷേ അതേ ലളിത നാരായണിയെന്ന "ശബ്ദ'മായി കാണാക്കാമുകിയുടെ പ്രണയവും വിരഹവും കുറുമ്പും കാത്തിരിപ്പും നോവും എത്ര ആഴത്തിലാണ് മതിലുകൾക്കിപ്പുറത്തേക്കെത്തിച്ചത് "എന്നെ മറക്കുമോ' എന്ന വേവ് കാണി ഒരിക്കലും വിട്ടു പോവാത്ത വിധം! പരിചിത ശബ്ദമെന്തിന് നാരായണിക്ക് നല്കി എന്ന വിമർശനത്തിന് അടൂരിന്റെ മറുപടി അപ്പുറത്ത് ബഷീറല്ല, മമ്മൂട്ടിയല്ലേ പിന്നെ ലളിതയായാലെന്ത് എന്നായിരുന്നു. പക്ഷേ ആ നാരായണീശബ്ദത്തിന് ഇന്നും എത്ര തലമുറയാരാധകർ. കുട്ടിത്തലമുറയുടെ റീലുകളിൽ ആ ശബ്ദത്തിന് എത്ര അഭിനയ പരീക്ഷണങ്ങൾ!

തന്റെ ശബ്ദത്തിന്റെ ഈണ താളങ്ങളെ ഭാവാത്മകമായി അടയാളപ്പെടുത്തിയ നടിയാണ് ലളിത. മറ്റൊരു ശബ്ദത്താലും ഡബ് ചെയ്യപ്പെടാനാവാത്ത വിധം മലയാള സിനിമയിൽ അസ്തിത്വമുണ്ടാക്കിയിട്ടുണ്ട് കെ.പി.എ.സി.ലളിത.

ഹാസ്യവും കെറുവിപ്പും കുശുമ്പും കുന്നായ്മയും ദേഷ്യവും നിഷ്‌കളങ്കതയും നിറഞ്ഞ കഥാപാത്രങ്ങളിൽ ശബ്ദം ഒച്ചയിലും പരപ്പിലും മൂളലിലും നാലുപാടും നിറയും. ആഹാ., ഓഹോ, ഏഹേയ്... അയ്യടാ... ഉം? ...എന്നീ ഇടവാക്കുകൾ സംഭാഷണമധ്യേ കെ.പി.എ.സി. ലളിതയുടെ ശബ്ദത്തിൽ വിടരുന്ന ചന്തം രസകരമാണ്. അത്ര തന്മയത്വത്തോടെയാണ് അത്തരം രംഗങ്ങൾ ലളിത ഉഷാറാക്കുക. രാക്കിളിപ്പാട്ടിൽ പ്രിൻസിപ്പലിന്റെ മുറിയിലേക്ക് ചട്ടയും മുണ്ടും ഉടുത്ത് ബാഗും തൂക്കി കുടയും പിടിച്ച് കയറിപ്പോകുന്ന അമ്മച്ചി "ഈ നാട്ടിൽ രാത്രി കറണ്ടുണ്ടോ? ഈ... ശോ... ഞങ്ങടെ നാട്ടിൽ അതൂല' എന്ന് പറയുന്ന ടോൺ ഗംഭീരമാണ്. അതു കഴിഞ്ഞ് നീട്ടിയും കുറുക്കിയും ഒരു കിടിലൻ പെർഫോമൻസ് ഉണ്ട്. പോട്ടെ ചേച്യേ എന്ന് താളത്തിൽ പറഞ്ഞ് ഒരിറങ്ങിപ്പോക്കും!

വിയറ്റ്‌നാം കോളനിയിൽ, അയോ മാധവിയമ്മയാണോ എന്ന ചോദ്യത്തിന് ""അല്ല, മാധവിയപ്പൻ'' എന്നു കെറുവ് പറയുന്ന, ശ്രീകൃഷ്ണപുരത്ത് നക്ഷത്ര തിളക്കത്തിൽ ""ആപ് കി കലം പോക്കറ്റ് മേം ഹേ'' എന്നും ഗജകേസരി യോഗത്തിൽ ദേഖോ ദേഖോ എന്ന് അനുനാസിക ശബ്ദത്തിൽ കിന്നാരം പറയുന്ന, ഐസ് ക്രീം എന്ന സിനിമയിൽ ""എന്റെ ഔസേപ്പിതാവേ, എന്റെ നിത്യസഹായ മാതാവേ, ഈ കാലമാടൻ എന്നെ ചതിച്ചു'' എന്ന് പരിഭവക്കരച്ചിൽ നടത്തുന്ന ലളിതയുടെ ശബ്ദം കഥയുടെ ഭാവ പരിസരത്തിന് സംഭാവന ചെയ്യുന്നതിന്റെ തികവ് കാണാം. എന്തിന്, ഒരേ വാക്യം തന്നെ രണ്ടിടത്ത് രണ്ടു ടോണിൽ പറയുന്നത് നിരീക്ഷിച്ചാൽ അദ്ഭുതപ്പെടും. മണിച്ചിത്രത്താഴിൽ മിണ്ടാട്ടം നിർത്തിവച്ച ഇന്നസെന്റിന്റെ കഥാപാത്രത്തോട് ""അയ്യോ, എന്തൊക്കെയാ ഈ കാണിക്കുന്നേ'' എന്ന് കാര്യം പിടികിട്ടാതെ കൈ കുടയുന്ന ലളിത ''വീണ്ടും ചില വീട്ടുകാര്യങ്ങളിൽ '' റോയിയെ തല്ലുന്ന തിലകന്റെ അപ്പൻ കഥാപാത്രത്തോട് എന്നാ ഈ കാണിക്കുന്നേ എന്ന് അലമുറയിട്ട് വെപ്രാളപ്പെടുന്നു.

ഇനി കരച്ചിലിലും തീവ്ര വേദനയിലും ആ ശബ്ദം നാനാവിധ അടരുകളിൽ, ഇടർച്ചകൾ കൊണ്ട് കാണിയുടെ ഹൃദയം ഉലച്ചുകളയും. കന്മദത്തിൽ, പൊറുക്കാനാവാത്ത അപരാധം കാണിച്ച് നാടുവിട്ട് പോയ മകൻ അമ്മയെക്കാണാൻ തിരികെ വരുന്ന രംഗത്തിൽ അമ്മയുടെ പാദംതൊട്ട മകനെ നോട്ടം കൊണ്ട് തിരിച്ചറിയുന്ന നിമിഷമുണ്ട്. അമ്മയുടെ മനസും നീറ്റലും വീർപ്പുകളായി ഇടറുന്ന ശബ്ദത്തിൽ ""പത്തിരുപത് വർഷമായിട്ട് എനിക്ക് നീയോ, നിനക്ക് ഞാനോ ഉണ്ടായില്ലല്ലോ ...ഇനിയത് വേണ്ടാ'' എന്ന് പറയുമ്പോൾ മോഹൻലാൽ വിരലുകൾ വിറച്ചു നില്ക്കുന്നതാണ് കാണികാണുക. മകന് നിശബ്ദതയേ പിന്നവിടെ ചെയ്യാനുള്ളൂ.! ആ മുഹൂർത്തത്തിൽ
മോഹൽലാൽ എന്ന നടൻ ലളിതാ നടനത്തിലൊരു പടി താഴെ നില്ക്കുന്നു. ‘അമ്മമഴക്കാറിന് കൺനിറഞ്ഞു’ എന്ന പശ്ചാത്തലത്തിൽ നെഞ്ചു പൊട്ടി കണ്ണീരൊഴുകുന്നത് തിരയിലുള്ള രണ്ടു പേർക്കു മാത്രമല്ല. ശാന്തത്തിലെ അമ്മയുടെ തീരാവേദനയുടെ അഭിനയ മുഹൂർത്തങ്ങൾ മറക്കുമോ?

തമാശയിൽ നിന്ന് ഒറ്റയടിക്ക് നൊമ്പരത്തിലേക്കും ചിരിയിൽ നിന്ന് കരച്ചിലിലേക്കുമുള്ള വഴി മാറ്റത്തിൽ ലളിത ശബ്ദ വ്യതിയാനങ്ങളിൽ നടത്തുന്നത് അസാമാന്യ വാക്കൊരുക്കമാണ് . കനൽക്കാറ്റിൽ മമ്മൂട്ടി കഥാപാത്രത്തോട് യാത്ര ചോദിക്കാനെത്തുന്ന ഓമനയുടെ ഒച്ചപ്പാടും കലപില വർത്തമാനവും ചിരിയും കഴിഞ്ഞ ഉടൻ ""പന്ത്രണ്ടു വയസ്സിൽ തൊടങ്ങിയതാ കണ്ടവന്റെ പാത്രം കഴുകല്'' എന്ന് കണ്ണ് നിറഞ്ഞിടറുന്നു. തൊട്ടടുത്ത നിമിഷത്തിൽ, ""ഈ താലി ഞാൻ മരണം വരെയിട്ടോട്ടെ'' എന്ന് കരഞ്ഞും ചിരിച്ചും മാറി മാറിയുള്ള ഭാവപ്രകടന വിസ്മയം കണ്ടു നില്ക്കുന്നവരുടെ ഹൃദയത്തെ തകർത്തു കളയും.

ഉള്ളിലലയടിക്കുന്ന ദുഃഖസാഗരത്തിലും മുഖം തെളിയാകാശമായി വിരിക്കുന്ന അമ്മമാരും, ജീവിതത്തിൽ ഒറ്റയായിപ്പോയ അമ്മമാരും,
മക്കളെ സ്‌നേഹിച്ചു പിരിയേണ്ടുന്ന പൊന്നമ്മച്ചിമാരും ലളിതയിൽ ഉൾച്ചൂടോടെ ചേർന്നു നിന്നു. സ്ഫടികത്തിൽ കിണ്ടിയിലെ വെള്ളമെടുത്ത് കാലു കഴുകി
വീടുവിട്ടിറങ്ങി പോകുന്ന ലളിതയുടെ നിറഞ്ഞ കണ്ണും ഊറ്റമുള്ള വാക്കും കുലുക്കമില്ലാത്ത ചാക്കോ മാഷെ ഉലക്കുക തന്നെ വേണമല്ലോ.
പവിത്രത്തിൽ സമനില തെറ്റി മീനാക്ഷിയെ തിരിച്ചറിയാതിരിക്കുന്ന ചേട്ടച്ഛനെ കേട്ട് ""എന്റെ ദൈവമേ, എനിക്കിതൊന്നും കാണാൻ വയ്യേ...'' എന്ന് കാറിൽ തലയിടിച്ച് കരയുന്ന വ്യസനം നമ്മുടെ നെഞ്ചിൽ കെട്ടി വിങ്ങും.
അനിയത്തിപ്രാവിന്റെ ക്ലെമാക്‌സിൽ തോർത്തുമുണ്ടുകൊണ്ട് മൂക്കു തുടച്ച് ""എടുത്തോണ്ട് പൊക്കോ, അവൾടെ ചെക്കനെ അവക്കങ്ങ് കൊടുത്തോ'' എന്ന് കണ്ണീരു നിറക്കുന്ന അമ്മച്ചി വേറാർ ചെയ്താലും കയ്യിൽ നിന്നുർന്ന് വീഴും.

ചുണയും ഉശിരുമുള്ള അമ്മമാർ, പൊങ്ങച്ചവും കുഞ്ഞിക്കുശുമ്പുമുള്ള ഭാര്യമാർ, വാ തോരാതെ വർത്താനം പറയുന്ന വല്യേച്ചിമാർ, പൊരുതി നിൽക്കുന്ന മരുമകൾ, കയ്യും വീശി കാലും വലിച്ച് വച്ച് ഏന്തി നടന്നു വരുന്ന വല്യമ്മച്ചിമാർ, തൊഴിലെടുക്കും പെണ്ണുങ്ങൾ, ഇങ്ങനെ എത്ര കഥാപാത്രങ്ങൾ തിരയിലേക്ക് നേരെ നടന്നു കയറി വന്നു... മണ്ണിനും പെൺമക്കൾക്കുമായി പൊരുതിനില്ക്കുന്ന കോട്ടയം കുഞ്ഞച്ചനിലെ ഏലിയാമ്മ, പലഹാരവുമായി കയറി വരുന്ന മനസിനക്കരെയിലെ കുഞ്ഞു മറിയ, സ്ത്രീകൾക്ക് പ്രവേശനമില്ല എന്ന ബോർഡു വച്ച ഗേറ്റും തള്ളി തുറന്ന് വീറോടെ വരുന്ന കൊച്ചമ്മണി, പൊന്മുട്ടയിടുന്ന താറാവിലെ സ്‌നേഹലതയുടെ അമ്മ, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു-വിലെ സുമിത്രയുടെ അമ്മ, അച്ചുവിന്റെ അമ്മയിലെ ബ്രോക്കർ കുഞ്ഞല ചേടത്തി, കഥ തുടരും എന്ന സിനിമയിലെ ഓമനക്കുഞ്ഞമ്മ, കൊച്ചു കൊച്ചു സന്തോഷങ്ങളിലെ ജഗദമ്മ, ആദ്യത്തെ കൺമണിയിലെ മാളവികമ്മ... versatile എന്നതിന് ഇനിയുമെത്ര വേണമെങ്കിലും എഴുതി നീട്ടാം.

തന്റെ തിരജീവിതത്തെ നിരന്തരം പുതുക്കിയ നടി കൂടിയാണ് ലളിത. ബഹദൂറിനും ആലുമ്മൂടനും ഒപ്പം തമാശജോഡിയായി നിന്ന ലളിത ഇന്നസെന്റിനും തിലകനും ജനാർദ്ദനും ജഗതിക്കും നെടുമുടിക്കുമൊപ്പം വന്നപ്പോഴും പുതുമകളോടെ നിലനിന്നു. ഏതു കാലത്തും നിലനില്ക്കുന്ന കഥാപാത്രസ്വരൂപങ്ങളാണ് അഭിനയശൈലി കൊണ്ട് അവർ സൃഷ്ടിച്ചെടുത്തത്. റിയലാവണം, ബിഹേവിങ്ങ് മതി എന്ന പുതു സിദ്ധാന്തത്തെപ്പോലും അവർ അട്ടിമറിക്കുന്നു. ദുൽഖറിനും കല്യാണിക്കുമൊപ്പം നിഷ്​പ്രയാസം ന്യൂജനറേഷനാവുന്നു. കണിശമാക്കി പാകം ചെയ്‌തെടുത്ത ഭാവാഭിനയം അവർ വേണ്ടിടത്ത് വേണ്ട പോലെ, ഔചിത്യത്തോടെ ഉപയോഗിച്ചു. എല്ലാറ്റിൽ നിന്നും, കെ.പി.എ.സി. ലളിതയല്ല, കഥാപാത്രങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഒന്നിൽ നിന്ന് അടുത്തതിലേക്ക് കഴിഞ്ഞു പോയതിന്റെ ഭാരങ്ങളില്ലാതെ പരിണമിക്കാൻ ശേഷിയുള്ള അസാമാന്യ പ്രതിഭയുള്ള മഹാ നടി. ആ കഥാപാത്രങ്ങൾ തിരശീലയിൽ മാത്രമല്ല, നമ്മോടു കൂടെത്തന്നെയുണ്ട് എന്നതാണ് കെ.പി.എസി.ലളിതയുടെ തിരജീവിതത്തിന്റെ നേട്ടം. ആഴവും..

Comments