വ്യക്തികളോട് പോരാടുന്നതിൽ എനിക്ക്​ താൽപര്യമില്ല

എം.ജി സർവകലാശാല സ്‌കൂൾ ഓഫ് ലെറ്റേഴ്സിലെ ബോർഡ് ഓഫ് സ്റ്റഡീസിൽ ഉൾപ്പെടുത്തിയതും പിന്നീട്​ രാജിവെക്കാനിടയാക്കിയതുമായ വിഷയം കെ.ആർ.മീര വിശദീകരിക്കുകയാണ്​ ഈ അഭിമുഖത്തിൽ

ദിലീപ്‌രാജ്: മീരയുടെ സ്ത്രീ കഥാപാത്രങ്ങളിൽ ചിലർ പ്രതിരോധം അല്ലെങ്കിൽ പോരാട്ടത്തെ അതിന്റെ അങ്ങേയറ്റം വരെ കൊണ്ടു പോകുന്നവരാണ്. ഇപ്പോൾ എം.ജി സർവകലാശാല സ്‌കൂൾ ഓഫ് ലെറ്റേഴ്സിലെ ബോർഡ് ഓഫ് സ്റ്റഡീസ് വിഷയത്തിൽ മീര ആദ്യം തന്നെ രാജിവെച്ച് പിന്മാറുകയായിരുന്നു. ഇത് ഒരു പ്രത്യേക തരത്തിലുള്ള സാംസ്‌കാരിക - മാധ്യമ - അക്കാദമിക അന്തരീക്ഷത്തോടുള്ള പോരാട്ടത്തിന്റെ തുടക്കമാണോ? അതോ അതിനോട് മല്ലിട്ടിട്ടു കാര്യമില്ലെന്ന നിരാശയോ?

കെ.ആർ. മീര: എന്റെ കഥാപാത്രങ്ങൾ പോരാടുന്നത് വ്യക്തികളോടല്ല, ദിലീപ്; മറിച്ച് ആശയങ്ങളോടും വ്യവസ്ഥിതിയോടുമാണ്. വ്യക്തിപരമായി എനിക്കും വ്യക്തികളോട് പോരാടുന്നതിൽ താൽപര്യമില്ല. ബോർഡ് ഓഫ് സ്റ്റഡീസിന്റെ കാര്യത്തിൽ സംഭവിച്ചത് അൽപം വിശദമായി പറയണം. ഞാൻ കേന്ദ്ര, സംസ്ഥാന ഗവൺമെന്റുകളുടെ രാഷ്ട്രീയനിയമനങ്ങളോ പദവികളോ സ്വീകരിക്കുകയില്ല എന്ന തീരുമാനം തുടക്കത്തിലേ എടുത്തതാണ്. അതെന്റെ ഒരു ദൃഢനിശ്ചയമാണ്. ജീവിതത്തിൽ ആദ്യമായും അവസാനമായും ഒരു ജോലിക്കേ ഞാൻ അപേക്ഷിച്ചിട്ടുള്ളൂ. പത്രപ്രവർത്തകയാകാൻ വേണ്ടിയാണ് പതിനേഴു വയസ്സു മുതൽ ഞാൻ ജീവിച്ചത്. ഗാന്ധിഗ്രാമിൽ എം.എക്കു പഠിക്കുമ്പോൾ മനോരമയിലേക്ക് പത്രപ്രവർത്തക ട്രെയിനികളെ വിളിച്ചു കൊണ്ടുള്ള പരസ്യം എന്റെ സീനിയറും ഇപ്പോൾ മാതൃഭൂമിയിൽ സീനിയർ ന്യൂസ് എഡിറ്ററുമായ വി. ജയകുമാർ അയച്ചുതന്നു. അത് എന്റെ എം.എ. വൈവാ പരീക്ഷയ്ക്കു തലേന്നാണ് കയ്യിൽ കിട്ടിയത്. അന്നു ഗാന്ധിഗ്രാമിൽ ഇടിവെട്ടി മഴ പെയ്തതുകാരണം ഹോസ്റ്റലിൽ വൈദ്യുതി ഉണ്ടായിരുന്നില്ല. അപേക്ഷയോടൊപ്പം ‘കെ.എസ്.ആർ.ടി.സി രണ്ടായിരാമാണ്ടിൽ' എന്ന വിഷയത്തെ കുറിച്ച് ഒരു ലേഖനം ആവശ്യപ്പെട്ടിരുന്നു. അത് ഞാൻ അന്നു രാത്രി മെഴുകുതിരി കത്തിച്ചുവച്ച് തിരക്കിട്ടെഴുതി പിറ്റേന്ന് പരീക്ഷയ്ക്കു പോകുന്ന വഴി പോസ്റ്റ് ചെയ്യുകയായിരുന്നു. ഹോസ്റ്റൽ വെക്കേറ്റ് ചെയ്ത് വീട്ടിലെത്തി ദിവസങ്ങൾക്കുള്ളിൽ എഴുത്തുപരീക്ഷയ്ക്ക് വിളി വന്നു. മനോരമയിലെ എഴുത്തു പരീക്ഷയും ഇന്റർവ്യൂവും പാസ്സായി ട്രെയിനിങ് ആരംഭിക്കുമ്പോഴും എം.എ റിസൽട്ട് വന്നിട്ടുണ്ടായിരുന്നില്ല. ട്രെയിനിങ്ങിന്റെ ആദ്യ ദിവസങ്ങളിലാണ് ഗാന്ധിഗ്രാമിൽനിന്ന് എം.എയ്ക്ക് ഒന്നാം റാങ്ക് എനിക്കാണ് എന്ന അറിയിപ്പു കിട്ടിയത്. അന്ന് എന്റെ ഫോട്ടോ മനോരമയിൽ പ്രസിദ്ധീകരിച്ചിരുന്നു.
മനോരമയിൽ ഞാൻ ജോലിക്കു കയറുമ്പോൾ അന്ന് 107 വർഷം പഴക്കമുള്ള ആ പത്രത്തിന്റെ എഡിറ്റോറിയൽ ബോർഡിലേക്ക് മെറിറ്റ് അടിസ്ഥാനത്തിൽ മാത്രമുള്ള തിരഞ്ഞെടുപ്പിലൂടെ നിയമിക്കപ്പെട്ട ആദ്യ വനിതയെന്ന പരിവേഷമുണ്ടായിരുന്നു. ഡെസ്‌കിലാണ് ഞാൻ നിയമിക്കപ്പെട്ടത്. പ്രത്യേക അന്വേഷണ റിപ്പോർട്ടുകൾക്കും നിയോഗിക്കപ്പെട്ടിരുന്നു. പി.യു.സി.എൽ പോലെ ദേശീയതല അവാർഡുകളും പ്രസ് അക്കാദമിയുടെ ചൊവ്വര പരമേശ്വരൻ അവാർഡും ലഭിച്ചിരുന്നു. അതുകഴിഞ്ഞ് യുവ പ്രിന്റ് മീഡിയ പത്രപ്രവർത്തകർക്കുള്ള ബ്രിട്ടീഷ് ചീവ്‌നിങ് സ്‌കോളർഷിപ്പിനും അർഹയായി. ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ യൂണിവേഴ്‌സിറ്റിയിലും ദി ഒബ്‌സർവർ പത്രത്തിലും ഉപരിപരിശീലനവും കിട്ടി. പത്രപ്രവർത്തകയായി ജീവിച്ചു മരിക്കാൻ ആഗ്രഹിച്ച ഞാൻ പക്ഷേ, മനോരമയിലെ പത്രപ്രവർത്തകർ സർഗാത്മക രചനകൾ മറ്റു പ്രസിദ്ധീകരണങ്ങളിൽ പ്രസിദ്ധീകരിച്ചു കൂടാ എന്നൊരു നിർദ്ദേശം വന്നപ്പോൾ ജോലി രാജിവച്ചു.
പക്ഷേ, ഈ രാജി അതുപോലെയല്ല. എന്റെ ഫെയ്‌സ് ബുക് പോസ്റ്റിൽ എഴുതിയതു പോലെ, എം.ജി. യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. സാബു തോമസിനെ ഞാൻ ആദ്യമായി കണ്ടതും പരിചയപ്പെട്ടതും ഫെബ്രുവരി 25ന് കോട്ടയത്ത് ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങിൽ മുഖ്യാതിഥിയായി

പങ്കെടുത്തപ്പോഴാണ്. സംവിധായകൻ ജോഷി മാത്യു ആയിരുന്നു അതിന്റെ സംഘാടകൻ. അഞ്ചു ദിവസം കഴിഞ്ഞ് മാർച്ച് രണ്ടിന് വൈസ് ചാൻസലറുടെ ഓഫിസിൽനിന്ന് ഒരാൾ വിളിച്ചു. സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിന്റെ ബോർഡ് ഓഫ് സ്റ്റഡീസിൽ പുറത്തുനിന്നുള്ള എഴുത്തുകാരെ ഉൾപ്പെടുത്താറുണ്ട്. ഇത്തവണ ഞാനും ഉണ്ടാകണമെന്നു വൈസ് ചാൻസലർ ആഗ്രഹിക്കുന്നു എന്നറിയിക്കാനായിരുന്നു അത്. പരമാവധി ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. കാരണം എനിക്ക് ഈ വർഷം ഒരു വിദേശ ഫെലോഷിപ് പരിഗണനയിലുണ്ടായിരുന്നു. അതു പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത്, വർഷത്തിലൊരിക്കലേ മീറ്റിങ് ഉള്ളൂ എന്നും വരാൻ പറ്റില്ലെങ്കിൽ നിർദ്ദേശങ്ങൾ എഴുതി അയച്ചാൽ മതി എന്നുമായിരുന്നു. മാസങ്ങൾക്കു ശേഷം ആഗസ്റ്റ് 13ന് ഓൺലൈൻ മാധ്യമത്തിൽ ഇതു സംബന്ധിച്ച വാർത്ത വായിച്ചപ്പോൾ എനിക്ക് സംഭവം എന്താണെന്ന് ഒരു ധാരണയും കിട്ടിയില്ല. മന്ത്രി ഉൾപ്പെട്ട നിയമനവിവാദം എന്നായിരുന്നു വാർത്തയിൽ. ‘നിയമനം' എന്ന വാക്കാണ് എന്നെ ആശയക്കുഴപ്പത്തിലാക്കിയത്. ‘ഗവർണർ അംഗീകരിച്ച് ഒപ്പിട്ട നിയമനം' എന്നാണു വാർത്തയിൽ കണ്ടത്. ഇത് എന്താണെന്ന് അറിയാൻ ഞാൻ വൈസ് ചാൻസലറെ വിളിക്കാൻ ശ്രമിച്ചു. അദ്ദേഹത്തിന്റെ നമ്പർ എന്റെ കൈവശം ഉണ്ടായിരുന്നില്ല. ശ്രീ ജോഷി മാത്യുവിനെ വിളിച്ച് വി.സിയുടെ നമ്പർ ചോദിച്ചു. അദ്ദേഹം ഒരു നമ്പർ തന്നു. പക്ഷേ, ആ നമ്പരിൽ വിളിച്ചപ്പോൾ ഫോൺ എടുത്തത് മുൻ വി.സിയാണ്. അദ്ദേഹമാണ് ഇപ്പോഴത്തെ വി.സി ഡോ. സാബു തോമസിന്റെ നമ്പർ തന്നത്. ഡോ. സാബു തോമസിനെ വിളിച്ചപ്പോൾ അദ്ദേഹം ‘ലാബിലാണ്, തിരികെ വിളിക്കാം' എന്നാണു പറഞ്ഞത്. എങ്കിലും, അന്ന് അദ്ദേഹം വിളിച്ചില്ല. അപ്പോഴും നിയമനം എന്ന വാക്കിനെച്ചൊല്ലി ഞാൻ അസ്വസ്ഥയായി. യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട പരിചയക്കാരോട് സംസാരിച്ചപ്പോൾ അവർ ചിരിച്ചു തള്ളുകയാണുണ്ടായത്. ‘ഘാതകൻ' എന്ന നോവലിന്റെ അവസാനവട്ട മിനുക്കുപണികൾ കാരണം, അല്ലെങ്കിലേ ക്ഷീണിച്ചിരുന്ന ഞാൻ എട്ടുമണിയോടെ ഉറങ്ങാൻ പോയി. ഈ സമയത്ത് ഏഷ്യാനെറ്റ് റിപ്പോർട്ടർ ഫോണിൽ വിളിച്ചു. മൂന്നോ നാലോ വട്ടം സേവ് ചെയ്യാത്ത നമ്പരിൽനിന്ന് വിളി വന്നപ്പോൾ എന്നെ ശല്യപ്പെടുത്തേണ്ടെന്നു കരുതി ഭർത്താവാണ് ഫോണെടുത്തത്. വിവാദത്തെക്കുറിച്ചു പ്രതികരണത്തിന് വേണ്ടിയാണ് എന്നു റിപ്പോർട്ടർ പറഞ്ഞു. ഞാൻ ഉറങ്ങാൻ പോയെന്ന് ഭർത്താവു പറഞ്ഞു. അപ്പോൾ റിപ്പോർട്ടർ എന്റെ ക്വാളിഫിക്കേഷൻ എന്താണ് എന്ന് അന്വേഷിച്ചു. കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എംഎ. എന്നു പറഞ്ഞപ്പോൾ ഓ, അപ്പോൾ മലയാളം എം.എ. അല്ല, അല്ലേ എന്നു മറുചോദ്യം ചോദിച്ചു. ക്വാളിഫിക്കേഷൻ സംബന്ധിച്ച് പിന്നെയും ചോദ്യോത്തരങ്ങളുണ്ടായി എന്നു പിറ്റേന്ന് ഭർത്താവു പറഞ്ഞു.
പിറ്റേന്നു രാവിലെ ഞാൻ ഉണരുന്നത് ഏഷ്യാനെറ്റ് ഓൺലൈനിൽ വാർത്ത പ്രസിദ്ധീകരിച്ചതിനെ കുറിച്ചു കേട്ടുകൊണ്ടാണ്. തുടർന്ന്, രാവിലെ മുതൽ സുഹൃത്തുക്കളും അമ്മയുടെ സഹപ്രവർത്തകരും ഒക്കെ വിളിച്ചു. ബോർഡ് ഓഫ് സ്റ്റഡീസിൽ അംഗങ്ങളായിരുന്നവരാണ് അവരിൽ പലരും. നോമിനേഷൻ ഇപ്പോൾ നിയമനമായി മാറിയോ എന്നായിരുന്നു പലരുടെയും പരിഹാസം. ഞാൻ വീണ്ടും വി.സിയെ വിളിച്ചു. അദ്ദേഹത്തെ ഫോണിൽ കിട്ടിയില്ല. അപ്പോഴേക്ക് നിരന്തരം ഫോൺവിളികൾ പ്രവഹിക്കുകയായി. ഏഷ്യാനെറ്റ് ടെലിവിഷനിലും വാർത്ത വന്നുതുടങ്ങിയിരുന്നു. ‘ചട്ടങ്ങൾ മറികടന്ന്​കെ.ആർ.മീരയ്ക്ക് എം.ജി. സർവകലാശാലയിലെ സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിൽ നിയമനം' എന്നു സ്‌ക്രീനിൽ നിറഞ്ഞു നിൽക്കുന്ന അക്ഷരങ്ങളും കോട്ടയം റിപ്പോർട്ടറുടെ ആവേശഭരിതമായ റിപ്പോർട്ടിങ്ങും.
ഞാൻ വീണ്ടും വൈസ് ചാൻസലറെ വിളിച്ചു. അപ്പോഴും കിട്ടിയില്ല. എന്താണ് ഈ നിയമനം എന്ന് ആ നേരത്ത് പോലും എനിക്ക് ഒരു ധാരണയുമില്ല. രാഷ്ട്രീയനിയമനം സ്വീകരിക്കുകയില്ല എന്നത് എന്റെ നേരത്തെയുള്ള തീരുമാനമായതു കൊണ്ടും ഇതു രാഷ്ട്രീയതീരുമാനമല്ല എന്ന് സർവകലാശാല വ്യക്തമാക്കാത്തതു കൊണ്ടും ഞാൻ വി.സിക്ക് രാജിക്കത്ത് ഇ- മെയിൽ ആയി അയച്ചു. അധികം വൈകാതെ ഏഷ്യാനെറ്റ് റിപ്പോർട്ടർ അന്നു രാവിലെ പ്രസിദ്ധീകരിച്ചു കഴിഞ്ഞ വാർത്തയെക്കുറിച്ചുള്ള എന്റെ പ്രതികരണം എടുക്കാൻ വരട്ടെ എന്നു ചോദിച്ചു വിളിച്ചു. പ്രതികരണം ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ചെയ്യുന്നുണ്ടെന്നു ഞാൻ അറിയിച്ചു. അതാണു സംഭവിച്ചത്.

ചോദ്യം: ആരാണ് ഈ വിഷയത്തിൽ കൂടുതൽ നിരാശപ്പെടുത്തുന്നത് ? ജേണലിസ്റ്റുകളോ അധ്യാപകരോ?

എം.ജി. സർവകലാശാലയുടെ സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിന്റെ ആദ്യ ഡയറക്ടർ ജി. ശങ്കരപ്പിള്ള സാർ ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജിൽ എന്റെ അച്ഛനമ്മമാരുടെ സഹപ്രവർത്തകനും കുടുംബസുഹൃത്തുമായിരുന്നു. പിൽക്കാലത്ത് ഡയറക്ടർമാരായ നരേന്ദ്രപ്രസാദ്, പി. ബാലചന്ദ്രൻ വി.സി. ഹാരിസ് എന്നിവരും എനിക്ക് വളരെ അടുത്ത പരിചയമോ ആത്മബന്ധമോ ഉള്ളവരാണ്. പക്ഷേ, ഇപ്പോഴത്തെ അധ്യാപകരെ എനിക്കു പരിചയമില്ല. അവരാരും എന്നെ വിളിക്കുകയോ ഇക്കാര്യം സംസാരിക്കുകയോ ചെയ്തിട്ടില്ല. അവരിൽ ഒരാൾ അഭിപ്രായപ്പെട്ടത്, എഴുത്തുകാർ ക്ലാസെടുക്കുന്നതിൽ അവർക്കു വിരോധമില്ല, പക്ഷേ, സിലബസ് എന്തു വേണമെന്ന് തീരുമാനിക്കേണ്ടത് അധ്യാപകരാണ് എന്നാണ്. മറ്റൊരു അഭിപ്രായം, പുറത്തുനിന്ന് ഒരാളെ ഉൾപ്പെടുത്തണമെങ്കിൽ അത് ഡയറക്ടറോട് അനുവാദം വാങ്ങണമായിരുന്നു, ഡയറക്ടർ നിർദ്ദേശിക്കുമായിരുന്നു എന്നും. അതിൽത്തന്നെ വിവാദത്തിന്റെ യഥാർഥ കാരണം വ്യക്തമാണ്. അതൊക്കെ അവരുടേതായ പ്രശ്‌നങ്ങൾ. ഞാനതിൽ കക്ഷിയല്ല. പക്ഷേ, മാധ്യമപ്രവർത്തകരുടെ കാര്യം അങ്ങനെയല്ല. റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരിൽ ഒരാൾ എനിക്ക് അയച്ച വാട്ട്‌സ് ആപ് സന്ദേശം ഇങ്ങനെയായിരുന്നു:
‘‘വളരെ മുൻപേ നിയമനവും അതുമായി ബന്ധപ്പെട്ട് സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിലെ പ്രതിഷേധവും അറിഞ്ഞിരുന്നു. ഈ യാത്രയിൽ മലയാളത്തിലെ രണ്ട് പ്രമുഖ ദൃശ്യമാധ്യമങ്ങളും ഉണ്ടായിരുന്നു. വാർത്ത സ്‌ക്രിപ്റ്റിലേക്ക് കടന്ന 13-ാം തീയതി രാത്രി 11.30 വരെ അവർ കൂടെയുണ്ടായിരുന്നു. 14-ാം തീയതി അവരുടെ പിൻമാറ്റം അമ്പരപ്പിച്ചു. ഒരു പ്രധാനപ്പെട്ട ആളിന്റെ പേരും വെട്ടിയല്ല താങ്കളുടെ പേര് ഉൾപ്പെടുത്തിയത്, അങ്ങനെ എന്റെ വാർത്തയിലില്ല. ഇല്ലാത്ത പേര് വി.സി ഉൾപ്പെടുത്തി എന്നാണ് വാർത്ത. ലെറ്റേഴ്‌സ് പറയാത്ത പേര് നാനോ സയൻസ് വിദഗ്ധനായ വി.സി ശുപാർശ ചെയ്ത് ഗവർണ്ണർക്ക് അയച്ചത് എങ്ങനെയെന്ന് എത്ര ആലോചിച്ചിട്ടും മനസിലായില്ല..'' -നിരുത്തരവാദപരമായ റിപ്പോർട്ടിങ്ങിനെപ്പറ്റി ചോദിച്ചപ്പോൾ കിട്ടിയ മറുപടിയാണ് ഇത്.
അതിൽനിന്ന് ഞാൻ മനസ്സിലാക്കുന്നത് ഇതാണ്: ഇതിലൊരു ദുരുദ്ദേശ്യമുണ്ടായിരുന്നു. 13-ാം തീയതി മൂന്ന് ദൃശ്യമാധ്യമപ്രവർത്തകർ ഒന്നിച്ചിരുന്നാണ് ഈ വാർത്ത ഉണ്ടാക്കിയത്.

ആ സമയത്തും എനിക്ക് ഇതിനെപ്പറ്റി ഫോണിലോ കത്തു വഴിയോ ഇ-മെയിൽ വഴിയോ നേരിട്ടോ ഒരു അറിയിപ്പും സർവകലാശാലയിൽനിന്ന് ലഭിച്ചിരുന്നില്ല. ‘അനധികൃത നിയമനം' എന്ന് ആവർത്തിച്ച് എന്റെ വിശ്വാസ്യത തകർക്കാൻ ശ്രമിച്ച ആ ദൃശ്യമാധ്യമം രാത്രി പന്ത്രണ്ടു മണിക്ക് ഓൺലൈനിൽ ‘കെ.ആർ.മീരയുടെ നിയമനം നിയമപ്രകാരം: ആരോപണങ്ങൾ തള്ളി വി.സി' എന്നൊരു വാർത്ത കൊടുത്തതല്ലാതെ ചാനലിൽ രാവിലെ മുതൽ ഫ്‌ളാഷ് അടിച്ച വ്യാജവാർത്തയ്ക്ക് ഒരു തിരുത്തും നൽകിയില്ല. ഇപ്പോൾ ഒരാഴ്ച കഴിഞ്ഞു. ചാനൽ വാർത്ത കണ്ടവർ ഇത് ഒരു അനധികൃത നിയമനം ആണെന്നും പി.എസ്.സി ലിസ്റ്റ് മറികടന്ന് വൻശമ്പളത്തിൽ എന്നെ ഉദ്യോഗത്തിൽ നിയമിച്ചിരിക്കുകയാണെന്നും വിശ്വസിക്കുന്നുണ്ട്.
അതുകൊണ്ടുതന്നെ, ലെറ്റേഴ്‌സിലെ അധ്യാപകരേക്കാൾ കൂടുതൽ കുറ്റക്കാർ വസ്തുത മറച്ചുവച്ച് വ്യാജവാർത്ത നിർമിച്ച റിപ്പോർട്ടർമാർ തന്നെയാണ്. ആ ചാനലോ റിപ്പോർട്ടറോ വാർത്ത തിരുത്തിയില്ല. തിരുത്തുമെന്നു പ്രതീക്ഷിക്കുന്നുമില്ല. അല്ലെങ്കിലും ഇക്കാലത്ത് യുവാക്കൾ രണ്ടു തരമാണ് - ഒരു തെറ്റ് സംഭവിച്ചാൽ അതു തിരിച്ചറിഞ്ഞ് ക്ഷമ ചോദിക്കുന്നവരും മാപ്പ് പറയാൻ ആണഹന്ത അനുവദിക്കാത്തതിനാൽ തെറ്റു സമ്മതിക്കാത്തവരും. രണ്ടാമത്തെ കൂട്ടരാണ് ബഹുഭൂരിപക്ഷവും. ദിലീപ് ഉന്നയിച്ച ചോദ്യത്തിലേക്കാണ് അതു നയിക്കുന്നത്- അക്കാദമിക യോഗ്യതകളുള്ള ആൺ അധ്യാപകർ ചർച്ച ചെയ്തു തീരുമാനിച്ചു പാസ്സാക്കിയ കരിക്കുലം സാമൂഹികബോധവും ഇന്റഗ്രിറ്റിയുമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിൽ എത്രത്തോളം വിജയിച്ചിട്ടുണ്ട്?

ചോദ്യം: ലോകത്തെമ്പാടും ഹ്യൂമാനിറ്റിസ് പ്രതിസന്ധി നേരിടുന്ന കാലമാണിത്. അതേസമയത്തു തന്നെ പരമ്പരാഗതമായ കള്ളിതിരിക്കലുകൾ മറികടന്ന് പല മുന്നേറ്റ മേഖലകളും (ഡിജിറ്റൽ ഹ്യൂമാനിറ്റിസ് അടക്കം ) അതിജീവിക്കുന്നുമുണ്ട്. കലാകാരരും അക്കാദമിക മേഖലയിലുള്ളവരും ഒരുമിക്കുന്നതിലൂടെയാണ് ഇത് നടക്കുന്നത്. അത്തരം ഇടങ്ങളിൽ സയൻസ്, കല, സാങ്കേതികവിദ്യ, മാനവിക പഠനങ്ങൾ തുടങ്ങിയ വിഭജനങ്ങൾ പോലും അപ്രസക്തമായി മാറുന്ന സ്ഥിതിയുണ്ട്.

അതിൽ നമ്മുടെ കാഴ്ചപ്പാടിന്റെ പ്രശ്‌നമുണ്ട്. കണക്കാണ് ഭൂഗോളത്തിന്റെ സ്പന്ദനം എന്നു വിശ്വസിക്കുന്ന ചാക്കോ മാഷുമാരാകാനാണ് നമ്മൾ പരിശീലിപ്പിക്കപ്പെട്ടിട്ടുള്ളത്. കണക്ക് ഭൂഗോളത്തിന്റെ സ്പന്ദനമാണെങ്കിൽ സ്പന്ദനം നിലനിർത്തുന്നത് ഊർജ്ജതന്ത്രമാണെന്നും ഊർജ്ജം ഉറപ്പാക്കുന്നതു രാസപ്രവർത്തനങ്ങളാണെന്നും രാസപ്രവർത്തനങ്ങൾ ജൈവവൈവിധ്യത്തിന്റെ ആവാസവ്യവസ്ഥയില്ലാതെ സാധ്യമല്ലെന്നും അതിനാൽ ഇവയൊക്കെയും പരസ്പരം ബന്ധിക്കപ്പെട്ടതാണെന്നും ആ ബന്ധത്തെക്കുറിച്ചു കൃത്യമായ ധാരണയില്ലാതെ ഒരു സ്പീഷിസ് എന്ന നിലയിൽ മനുഷ്യന് നിലനിൽപ്പില്ലെന്നും ആ ധാരണ സൃഷ്ടിക്കാനും അതു നിരന്തരം നവീകരിക്കാനുമുള്ള ഏതു ജ്ഞാനവിജ്ഞാന പരിശ്രമത്തിനും ഭാഷയും ആശയവിനിമയശേഷിയും അനിവാര്യമാണെന്നും ആ ജ്ഞാനവിജ്ഞാനങ്ങളെ അതിജീവനശേഷിയാക്കി പരാവർത്തനം ചെയ്യാൻ സാമൂഹികമായ കെട്ടുറപ്പ് അത്യന്താപേക്ഷിതമാണെന്നും എംപതി, എത്തിക്‌സ്, ഏകോപനം എന്നിവയാൽ നിലനിൽക്കേണ്ട കെട്ടുറപ്പ് പിൽക്കാലത്ത് സ്വത്ത്, അധികാരം, മതം എന്നീ ആശയങ്ങളായി പരാവർത്തനം ചെയ്യപ്പെട്ടെന്നും ഉൾക്കൊണ്ട് കണക്കു പഠിപ്പിക്കുന്ന ചാക്കോ മാഷുമാർ ആണ് ഉണ്ടാകേണ്ടത്. അപ്പോഴേ, വിദ്യാഭ്യാസം വിദ്യാഭ്യാസമാകുന്നുള്ളൂ. ഇപ്പോഴത്തെ ‘കള്ളിതിരിക്കൽ സിലബസ്' മാസശമ്പളം ഉറപ്പാക്കാൻ മാത്രമേ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നുള്ളൂ. ഇത് പഠിച്ചവർക്ക് വലിയ വീടുണ്ടായി, വാഹനങ്ങളുണ്ടായി, ബാങ്ക് ബാലൻസുണ്ടായി. പക്ഷേ, എത്തിക്‌സും എംപതിയും ഇല്ലാതായി. അവരുടെ സമൂഹം തുല്യനീതിയിൽ അധിഷ്ഠിതമാകേണ്ടതിനു പകരം ശ്രേണീബദ്ധവും ഹിംസാത്മകവുമായി. ചരിത്രവും ഭൂമിശാസ്ത്രവും പരിസ്ഥിതിബോധവും തുല്യനീതിയും പഠിക്കാതെ എൻജിനീയറിങ്ങും എം.ബി.ബി.എസും എൽ.എൽ.ബിയും പാസ്സാകാം. ശാസ്ത്രജ്ഞരാകാം. ഭരണകർത്താക്കളാകാം. പക്ഷേ, അതു കൂടി പഠിക്കുമ്പോൾ കിട്ടുമായിരുന്ന പൂർണത അവർക്കു നഷ്ടപ്പെടുകയാണ്. ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നത്, കൂടുതൽ വിദ്യാർത്ഥികൾ ഹ്യുമാനിറ്റീസ് പഠിക്കണമെന്നല്ല. എല്ലാ വിദ്യാർത്ഥികളും ഹ്യൂമാനിറ്റീസ് വിദ്യാഭ്യാസത്തിന്റെ എല്ലാ ഘട്ടങ്ങളിലും പഠിച്ചു കൊണ്ടിരിക്കണം എന്നാണ്.
മുപ്പതു രാജ്യങ്ങളിൽനിന്ന് 1700 പേർക്കിടയിൽ നടത്തിയ ഒരു സർവേയെ കുറിച്ച് ബി.ബി.സി റിപ്പോർട്ട് ചെയ്തത് ഓർക്കുന്നു - അവരിൽ നേതൃപദവികളിൽ എത്തിയവരിൽ ഭൂരിപക്ഷവും സോഷ്യൽ സയൻസസ് അല്ലെങ്കിൽ ഹ്യുമാനിറ്റീസ് ബിരുദധാരികൾ ആയിരുന്നു. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി കിട്ടുന്നവരിലും ഉയർന്ന പദവികളിൽ എത്തുന്നവരിലും ബഹുഭൂരിപക്ഷവും ഹ്യുമാനിറ്റീസ് ബിരുദ ധാരികളാണ് എന്നൊരു കണക്കും ഞാൻ കണ്ടു. അമേരിക്കയിലെ സി.ഇ.ഓമാരിൽ 60 ശതമാനവും ഹ്യൂമാനിറ്റീസ് ബിരുദം കഴിഞ്ഞവരാണെന്നും. പ്രത്യേകിച്ചും കോവിഡ് അനന്തര കാലത്ത് ഹ്യൂമാനിറ്റീസിന് മറ്റു വിഷയങ്ങളെ അപേക്ഷിച്ച് സാധ്യത കൂടുതലാണെന്നു കരുതുന്നവരാണ് ഏറെയും.
മറ്റെന്നെത്തേക്കാളും ഹ്യൂമാനിറ്റീസിന് പ്രാധാന്യം വർധിച്ചു എന്നാണ് എനിക്കു തോന്നുന്നത്. നാമിപ്പോഴും സംസാരിക്കുന്നത് കോവിഡ് കാലം വന്നിട്ടേയില്ല എന്നോ വന്നാലും ഉടനെ മടങ്ങിപ്പോകും എന്നോ ഉള്ള ധാരണയിലാണ്. ലോകത്തെ കോവിഡ് മാറ്റി മറിച്ചതിനെ കുറിച്ച് പല ലേഖനങ്ങളും വായിച്ചപ്പോൾ നമ്മൾ ഇപ്പോൾത്തന്നെ പൂർണമായ മാറ്റത്തിന് വിധേയരായിക്കഴിഞ്ഞു എന്നാണ് മനസ്സിലാകുന്നത്. എഴുത്തുകാരിയായി അറിയപ്പെട്ടതിനുശേഷമുള്ള എന്റെ പത്തൊമ്പതു വർഷത്തെ അനുഭവത്തിൽ ഇക്കൊല്ലമാണ് ഞാൻ ഏറ്റവും കൂടുതൽ കഥാചർച്ചകളിൽ പങ്കെടുത്തത്. എത്രയധികം വാട്ട്‌സ് ആപ് കൂട്ടായ്മകളാണ് വായനക്കാർക്ക് കേരളത്തിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഇന്ത്യയ്ക്കു പുറത്തും ഉണ്ടായത് ! ഇക്കാലത്ത് ഓൺലൈൻ പെയിന്റിങ് ക്ലാസുകളും വാട്ട്‌സ്ആപ് വായനക്കൂട്ടായ്മകളും വൻ തോതിൽ വർധിച്ചു എന്നും ഒരു റിപ്പോർട്ട് കാണാനിടയായി. സാമൂഹിക അകലം പാലിക്കൽ നീളുന്തോറും കലകളുടെയും കഥകളുടെയും പ്രാധാന്യം ലോകമെങ്ങുമുള്ള മനുഷ്യർ തിരിച്ചറിയുന്നു. ലോക്ക്ഡൗൺ കാരണം സാഹിത്യം ഉൾപ്പെടെയുള്ള കലകളിലേക്കു ജ്ഞാനസ്‌നാനം ചെയ്യപ്പെട്ട ഒരു ഭൂരിപക്ഷമുണ്ട് എന്നാണ് എന്റെ നിരീക്ഷണം. ഇതു തീർച്ചയായും എല്ലാത്തരം വലതുപക്ഷ ശക്തികൾക്കും ബുദ്ധിമുട്ടുണ്ടാക്കും. കാരണം സംവാദത്തിനും വിയോജിപ്പിനുമുള്ള സാധ്യതകൾ തുറന്നാൽ ആദ്യം അപകടത്തിലാകുന്നത് അവരായിരിക്കുമല്ലോ.

ചോദ്യം: ഇന്ത്യയിൽ ഹിന്ദുത്വ ശക്തികൾ മാനവിക പഠന കേന്ദ്രങ്ങളെ ശക്തിയുപയോഗിച്ച് തകർക്കുന്ന സ്ഥിതിയാണ് പൊതുവിൽ. ഇങ്ങനെയുള്ള പശ്ചാത്തലത്തിൽ കേരളത്തിലെ വിമർശനാത്മകതയ്ക്ക് പ്രാധാന്യം നൽകിയ ചരിത്രമുള്ള ഒരു അക്കാദമിക സ്ഥാപനം മീരയോട് പെരുമാറിയ വിധം എന്നെ ആശ്ചര്യപ്പെടുത്തി. സാങ്കേതികതയിലും ബ്യുറോക്രാറ്റിക്ക് ആയ വിശദാംശങ്ങളിലും കടിച്ചു തൂങ്ങുന്നതിനു പകരം സർഗ്ഗാത്മകവും സമ്പന്നവുമായ ഒരു പരസ്പര്യത്തിന് ശ്രമങ്ങൾ എന്തുകൊണ്ടാണ് ഉണ്ടാവാത്തത്?

എനിക്ക് ഒരാശ്ചര്യവും ഇല്ല. ചാക്യാർക്ക് കൂത്തു പറയാൻ മിഴാവെന്തിന്? ഇടയ്ക്ക പോരേ, നിലവിളക്കെന്തിന്, മാടമ്പി പോരേ, വെളിച്ചെണ്ണയെന്തിന് കോട്ടെണ്ണ പോരേ, തെച്ചിപ്പൂവെന്തിന് പ്ലാശിൻ പൂവു പോരേ എന്നൊക്കെ ചോദിക്കുന്ന കാലം വന്നാൽ ചാക്യാർ കൂത്ത് മതിയാക്കണം എന്നായിരുന്നു പ്രമാണം. അങ്ങനെ ഒരു കാലം വരുമ്പോൾ അണിയലങ്ങൾ അഴിച്ചുതൂക്കാൻ തിരുവഞ്ചിക്കുളത്തെ വലിയമ്പലത്തിൽ പതിനെട്ട് ആണികൾ തറച്ചിട്ടുണ്ട് എന്നാണ് ഐതിഹ്യം. കാരണം, പതിനെട്ടു ചാക്യാർ കുടുംബങ്ങളാണു കേരളത്തിൽ ഉണ്ടായിരുന്നത്. അതു ചോദിക്കുന്ന കാലം വരുമെന്നു മുൻകൂട്ടി കാണാൻ ചാക്യാർമാർക്കു കഴിഞ്ഞിരുന്നു. കാരണം കൂത്ത് വിമർശനമാത്മകവും ആക്ഷേപഹാസ്യാത്മകവും ആയിരുന്നു. നമ്മുടെ എല്ലാ ജനാധിപത്യ സ്ഥാപനങ്ങളിലും ആണികൾ തറച്ചുതുടങ്ങിയിട്ടുണ്ട്. സർഗാത്മകതയുടെ അണിയലങ്ങൾ അഴിച്ചു തൂക്കിയിടാൻ.


Comments