ജാതി- ലിംഗ വിവേചനങ്ങൾക്കെതിരായ സമരങ്ങളിലൂടെ മാത്രമേ വർഗ ഐക്യം സാധിക്കൂ എന്ന കാര്യം മാർക്സിസ്റ്റുകൾ പരിഗണിക്കണം
ജാതി- ലിംഗ വിവേചനങ്ങൾക്കെതിരായ സമരങ്ങളിലൂടെ മാത്രമേ വർഗ ഐക്യം സാധിക്കൂ എന്ന കാര്യം മാർക്സിസ്റ്റുകൾ പരിഗണിക്കണം
സവര്‍ണജാതി മേധാവിത്വത്തിലധിഷ്ഠിതമായ ഹിന്ദുത്വത്തിനെതിരെ രാജ്യവ്യാപകമായി ദലിതുമുന്നേറ്റങ്ങള്‍ നടക്കുന്ന സന്ദര്‍ഭത്തിലാണ് കൃഷ്ണപ്പിള്ള ദിനം ആചരിക്കുന്നത്. വര്‍ഗഐക്യം എന്നത് ജാതി അടിച്ചമര്‍ത്തലിനെതിരെയും ലിംഗപരമായ വിവേചനങ്ങള്‍ക്കെതിരെയുമുള്ള സമരങ്ങളിലൂടെ കൂടിമാത്രമെ നേടിയെടുക്കാനാവൂ എന്ന കാര്യം മാര്‍ക്സിസ്റ്റുകള്‍ ഗൗരവമായി തങ്ങളുടെ പ്രയോഗങ്ങളില്‍ പരിഗണിക്കണം.
19 Aug 2022, 09:55 AM
ആപല്‍ക്കരമായ ചരിത്രസന്ധികളില്‍ ഏതൊരു ജനസമൂഹത്തിനും അതിജീവനസമരത്തിന്റെ ഊര്‍ജ്ജമേകുന്നത് മഹാവിപ്ലവകാരികളുടെയും ചരിത്രത്തെ മാറ്റിമറിച്ച മഹാസമരങ്ങളുടെയും സ്മരണകളാണ്. മലയാളിയുടെ സാമൂഹ്യ പുരോഗതിക്കും സ്വാതന്ത്ര്യത്തിനും സമത്വാഭിലാഷങ്ങള്‍ക്കും തടസ്സമായി നിന്ന പ്രതിലോമപരമായ ഭൗതിക ജീവിത ബന്ധങ്ങളെ മാറ്റിമറിച്ച നവോത്ഥാനത്തിന്റെയും സാമ്രാജ്യത്വ- ജന്മിത്വ വിരുദ്ധ സമരങ്ങളുടെയും ചരിത്രഗതിയെ നിര്‍ണയിച്ച ഇടപെടലുകളിലുടെയാണ് പി. കൃഷ്ണപിള്ളയെന്ന സഖാവും നേതാവും രൂപപ്പെടുന്നത്.
ദേശീയ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഗാന്ധിജിയുടെ ആഹ്വാനം
ഹൃദയത്തിലേറ്റിയാണ് 1930ല്‍ കൃഷ്ണപിള്ള കോഴിക്കോട് എത്തുന്നത്.
മാതൃഭൂമിയില്‍ സിവില്‍നിയലംഘനത്തിന് സന്നദ്ധരായ വളണ്ടിയര്‍മാരെ ക്ഷണിച്ചുകൊണ്ടുവന്ന കേളപ്പജിയുടെ പ്രസ്താവന കണ്ടാണ് കൃഷ്ണപിള്ള കോഴിക്കോട് ചാലപ്പുറത്തെ കോണ്‍ഗ്രസ് ഓഫീസിലെത്തുന്നത്.
ഇവിടെ നിന്നാരംഭിക്കുന്നു കൃഷ്ണപിള്ളയുടെ ത്യാഗപൂര്‍ണമായ സമരജീവിതവും കോണ്‍ഗ്രസിന്റയും കമ്യൂണിസ്റ്റു പാര്‍ടിയുടെയും സംഘാടനവും.
സഖാക്കളുടെ സഖാവാണ് കൃഷ്ണപിള്ള. കോമ്രേഡ് എന്ന ഇംഗ്ലീഷ് പദത്തെ അര്‍ത്ഥത്തിലും ആഴങ്ങളിലും അന്വര്‍ത്ഥമാക്കിയ ജീവിതമായിരുന്നു സഖാവിന്റേത്. വെറും 42 വര്‍ഷത്തെ ജീവിതകാലംകൊണ്ട് മലയാളിയുടെ സമരോത്സുകതയുടെയും സോഷ്യലിസ്റ്റ് വിപ്ലവ ബോധത്തിന്റെയും പ്രതീകമായി മാറാന്‍ കൃഷ്ണപിള്ളക്ക് കഴിഞ്ഞു. ബോള്‍ഷേവിക് വപ്ലവ പ്രതീകം. വളരെ പ്രതികൂലവും വിഷമകരവുമായ ഒരു കാലഘട്ടത്തിലാണ് കൃഷ്ണപിള്ള ദേശീയപ്രസ്ഥാനത്തിലൂടെ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിലേക്ക് എത്തിച്ചേരുന്നത്.
ജാതിജന്മിത്വവും കൊളോണിയലിസവും ജീവിതം അസാധ്യമാക്കിതീര്‍ത്ത ഒരു കാലഘട്ടത്തിലാണ് പാവപ്പെട്ടവരുടെയും പണിയെടുക്കുന്നവരുടെയും സ്വതന്ത്രരാഷ്ട്രീയപ്രസ്ഥാനത്തെക്കുറിച്ചുള്ള അഗ്‌നിചിതറുന്ന ചിന്തകളുമായി കൃഷ്ണപിള്ള കേരളമാകെ ഓടിനടന്നത്. നവോത്ഥാനത്തിന്റെയും ദേശീയ സ്വാതന്ത്ര്യസമരത്തിന്റെയും അഗ്‌നിപഥങ്ങളിലൂടെ തൊഴിലാളിവര്‍ഗരാഷ്ട്രീയത്തിന്റെ മുന്‍നിര പോരാളിയായി മാറിയ അദ്ദേഹം കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനേതാവായി. 1930-കളിലെ മുതലാളിത്ത പ്രതിസന്ധിയുടെ ആഘാതങ്ങളേല്ക്കാത്ത സോവിയറ്റ് സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ മഹത്തായ മാതൃക കൃഷ്ണപിള്ളയും ഇ.എം.എസ് ഉള്‍പ്പെടെയുള്ള ഒരു തലമുറയെ കമ്യൂണിസത്തിലേക്ക് ആകൃഷ്ടരാക്കി.
എല്ലാ പ്രതികൂലതകളെയും വിഷമസന്ധികളെയും ഒളിവിലും തെളിവിലും തടവറയിലും നിന്ന് നേരിടുന്നതിന് സഖാക്കള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കിയ കൃഷ്ണപിള്ള പുരോഗമനാത്മകമായ രാഷ്ട്രീയപ്രവര്‍ത്തനം വിഷമകരമായിരുന്ന ഒരു കാലഘട്ടത്തില്‍ ലെനിനിസ്റ്റ് സംഘടനാശൈലിയിലൂടെ കേരളത്തിലെ തൊഴിലാളികളെയും കൃഷിക്കാരെയും ഒരു സ്വതന്ത്രരാഷ്ട്രീയശക്തിയായി വളര്‍ത്തിടെയുക്കുകയായിരുന്നു. അതുകൊണ്ടൊക്കെയാണ് കൃഷ്ണപിള്ളയെ പലരും ‘കേരളത്തിന്റെ ഗ്രാംഷി’ എന്ന് വിശേഷിപ്പിച്ചത്. തൊഴിലാളിവര്‍ഗത്തില്‍ നിന്ന് തന്നെ അതിന്റെ സൈദ്ധാന്തികവും സംഘടനാപരവുമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്ന ബുദ്ധിജീവികള്‍ ഉയര്‍ന്നുവരുന്നതിനെയാണ് ഗ്രാംഷി ജൈവബുദ്ധിജീവികള്‍ എന്ന പരികല്‍പനയിലൂടെ വിശദീകരിച്ചത്.

നവലിബറല്‍ മൂലധനവും വര്‍ഗീയതയും ചേര്‍ന്ന് രാജ്യത്തിന്റെ മതനിരപേക്ഷതക്കും സ്വാശ്രയത്വത്തിനും പരമാധികാരത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന, ഒരു ഫാസിസ്റ്റ് അധികാരത്തിലേക്ക് രാജ്യത്തെ തള്ളിവിടുമോയെന്ന ഉല്‍കണ്ഠകള്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യത്തിലാണ് കൃഷ്ണപിള്ളദിനം കടന്നുപോകുന്നത്. സോഷ്യലിസ്റ്റ് സ്വപ്നങ്ങളെ നെഞ്ചിലേറ്റുന്നവര്‍ തീവ്രവലതുപക്ഷവല്‍ക്കരണത്തി നെതിരെ ജാഗ്രതയോടെ നീങ്ങേണ്ട സമയമാണിത്. ആഗോളവല്‍ക്കരണം സൃഷ്ടിച്ച സാമൂഹ്യബന്ധങ്ങളിലെ മാറ്റങ്ങളെയും പുതിയ വര്‍ഗധ്രുവീകരണങ്ങളെയും ജനങ്ങളുടെ ജീവിതവീക്ഷണങ്ങളിലും അഭിരുചികളിലും വന്ന പ്രതിലോമകരമായ മാറ്റങ്ങളെയും ഉപയോഗ പ്പെടുത്തിയാണ് തീവ്രവലതുപക്ഷരാഷ്ട്രീയം ജനമനസ്സുകളെ പിടിച്ചെടുക്കുന്നത്.
ചരിത്രത്തിന്റെ ഇത്തരം വഴിത്തിരിവുകള്‍ സൃഷ്ടിക്കുന്ന സന്ദിഗ്ധതകളും ആശയക്കുഴപ്പങ്ങളും ഇടതുപക്ഷപ്രസ്ഥാനങ്ങളിലും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിലും ഏറിയും കുറഞ്ഞും സ്വാധീനം ചെലുത്തിയേക്കാം. ദേശീയതയെ സാംസ്‌കാരിക സ്വത്വമായും വര്‍ഗബോധത്തെ മതബോധമായും മാറ്റിക്കൊണ്ടുകൊണ്ടാണ് നവഹിന്ദുത്വവാദവും മറ്റ് മതരാഷ്ട്രീയവും പുരോഗമനപ്രസ്ഥാനങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നത്. സ:കൃഷ്ണപ്പിള്ള കേരളത്തിലെ മതനിരപേക്ഷ ജനാധിപത്യബോധത്തിന്റെ വളര്‍ച്ചയെയും അതില്‍ കമ്യൂണിസ്റ്റുകാരുടെ പങ്കിനെക്കുറിച്ചും പറഞ്ഞത് ഇന്ന് വളരെയേറെ പ്രസക്തമാണ്.
കമ്യൂണിസ്റ്റ് പാര്‍ട്ടി തിയ്യരെയും നായരെയും ക്രിസ്ത്യാനിയെയും മാപ്പിളയെയും മണല്‍ തൊഴിലാളിയും കയര്‍തൊഴിലാളിയും പീടിക തൊഴിലാളിയെയും വര്‍ഗപരമായി സംഘടിപ്പിച്ചാണ് മതവര്‍ഗീയതയില്‍ നിന്ന് പണിയെടുക്കുന്നവരെ മതേതരമായി ഒന്നിപ്പിച്ചതെന്നാണ് കൃഷ്ണപിള്ള പറഞ്ഞത്. മതവര്‍ഗീയത സൃഷ്ടിക്കുന്ന സങ്കുചിത വിഭജനങ്ങളില്‍ നിന്ന് ജനങ്ങളെ മോചിപ്പിക്കാനും തൊഴിലാളിവര്‍ഗ രാഷ്ട്രീയധാരയെ പ്രബലപ്പെടുത്താനും ഇന്ന് ഇതുതന്നെ വഴിയെന്ന കാര്യം പുരോഗമനശക്തികള്‍ തിരിച്ചറിയണം. ഇവിടെ, ഇന്ത്യന്‍ സാമൂഹ്യഘടനയില്‍ ജാതിയും വര്‍ഗവും തമ്മിലുള്ള ബന്ധം സാമൂഹ്യ അടിച്ചമര്‍ത്തലിനെതിരെയും സാമ്പത്തിക ചൂഷണത്തിനുമെതിരെയുമായുള്ള പോരാട്ടത്തിന്റെ പാരസ്പര്യത്തെയാണ് സൂചിപ്പിക്കുന്നത്. വര്‍ഗഐക്യം എന്നത് ജാതി അടിച്ചമര്‍ത്തലിനെതിരെയും ലിംഗപരമായ വിവേചനങ്ങള്‍ക്കെതിരെയുമുള്ള സമരങ്ങളിലൂടെ മാത്രമെ നേടിയെടുക്കാനാവൂ എന്ന കാര്യം മാര്‍ക്സിസ്റ്റുകള്‍ ഗൗരവമായി തങ്ങളുടെ പ്രയോഗങ്ങളില്‍ പരിഗണിക്കണം. സവര്‍ണജാതി മേധാവിത്വത്തിലധിഷ്ഠിതമായ ഹിന്ദുത്വത്തിനെതിരെ രാജ്യവ്യാപകമായി ദലിതുമുന്നേറ്റങ്ങള്‍ നടക്കുന്ന സന്ദര്‍ഭത്തിലാണ് കൃഷ്ണപ്പിള്ള ദിനം ആചരിക്കുന്നത്.
കൃഷ്ണപിള്ളയുടെ സമരോത്സുകവും ലളിതവുമായ ജീവിതം കമ്യൂണിസ്റ്റ് വിപ്ലവമൂല്യങ്ങളുടെ അടിസ്ഥാനത്തിലുള്ളതായിരുന്നു. അനഭിലഷണീയവും ജനങ്ങളില്‍ നിന്നു അകന്നുപോകുന്നതുമായ നാനാവിധപ്രവണതകള്‍ കമ്യൂണിസ്റ്റ് വിപ്ലവ പ്രസ്ഥാനങ്ങളില്‍ അസ്വസ്ഥത സൃഷ്ടിക്കുന്ന ഇന്നത്തെ കാലത്ത് കൃഷ്ണപിള്ളയില്‍ നിന്ന് നാം ഏറെ പഠിക്കേണ്ടതുണ്ട്. 23-ാം പാര്‍ട്ടി കോണ്‍ഗ്രസും കല്‍ക്കത്താ പ്ലീനവും നിര്‍ദ്ദേശിക്കുന്ന തരത്തില്‍ പാര്‍ട്ടി കമ്യൂണിസ്റ്റ് മൂല്യങ്ങളില്‍ ദൃഡീകരിയ്ക്കുന്ന പ്രക്രിയയിലൂടെ കടന്നുപോകുകയാണ്.
ഏത് പ്രവൃത്തിയും ഏറ്റെടുത്തുചെയ്യാനുള്ള കമ്യൂണിസ്റ്റ് സന്നദ്ധതയുടെ ആള്‍രൂപമായിരുന്നു സഖാവ്. കൃഷ്ണപിള്ളയുടെ ജനകീയവും ലളിതവുമായ കമ്യൂണിസ്റ്റ് ജീവിത ശൈലിയെക്കുറിച്ച് ഒരുപാട് എഴുതപ്പെട്ടിട്ടുണ്ട്. ടി.എസ്.തിരുമുമ്പിന്റെ സഹോദരനായ ഹരീശരന്‍ തിരുമുമ്പിന്റെ മകന്‍ ഉണ്ണികൃഷ്ണന്‍ നമ്പ്യാര്‍ കൃഷ്ണപിള്ളയെക്കുറിച്ചുള്ള ഒരോര്‍മ്മ ഇതെഴുതുന്ന ആളുമായി ഒരിക്കല്‍ പങ്കുവെക്കുകയുണ്ടായി.
1940-കളിലെ പ്രക്ഷുബ്ധമായ രാഷ്ട്രീയ കാലാവസ്ഥയുടെ ഒടുവില്‍ വൈക്കത്ത് ക്ഷേത്രദര്‍ശനത്തിനെത്തിയ അവസരത്തില്‍ സഖാവ് കൃഷ്ണപിള്ള അന്നു വൈകുന്നേരം വൈക്കം ബോട്ടുജെട്ടിയില്‍ പ്രസംഗിക്കുന്ന ഒരു ബോര്‍ഡ് കണ്ടു. കൃഷ്ണപിള്ളയെ പരിചയമുള്ള തിരുമുമ്പ് കുടുംബം കൃഷ്ണപിള്ളയുടെ പ്രസംഗം കേട്ടിട്ട് മടക്കമാകാമെന്ന് തീരുമാനിച്ചു. പൊതുയോഗം നടക്കുന്ന ബോട്ടുജെട്ടി അന്വേഷിച്ച് അവിടെയെത്തിയ ഉണ്ണികൃഷ്ണന്‍ നമ്പ്യാരും സഹോദരങ്ങളും സ്റ്റേജ് പണിതുകൊണ്ടിരിക്കുന്ന സഖാക്കളോട് കൃഷ്ണപിള്ള സ്ഥലത്തെത്തിയോ എന്നന്വേഷിച്ചു. അപ്പോഴാണ് അതിലൊരാള്‍ സ്റ്റേജിന്റെ കാലുകുഴിച്ചിടാനായി കുഴിയെടുത്തുകൊണ്ടിരിക്കുന്ന ഒരു തലേക്കെട്ടുകാരനെ ചൂണ്ടി, അതാ അവിടെ കൃഷ്ണപിള്ള എന്നുപറയുന്നത്. അല്പം അവിശ്വാസത്തോടെയാണെങ്കിലും അടുത്തുചെന്ന് അത് കൃഷ്ണപിള്ളയാണെന്ന് അവര്‍ തിരിച്ചറിഞ്ഞു! അതാണ് സഖാവ്. കൃഷ്ണപിള്ള പ്രസംഗിക്കുന്ന വേദി കൃഷ്ണപിള്ള തന്നെ കെട്ടിയുണ്ടാക്കുന്ന ആ സംഭവം എന്താണ് കാണിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്ര ഉന്നതസ്ഥാനത്തിരിക്കുന്ന ആളാണെങ്കിലും ഏതുജോലിയും ചെയ്യാന്‍ സന്നദ്ധമായിരിക്കണമെന്ന മഹാസന്ദേശമാണ് നല്‍കുന്നത്. ആഗോളവല്‍ക്കരണം സൃഷ്ടിക്കുന്ന സങ്കീര്‍ണതകളെ ആഴമേറിയ രാഷ്ട്രീയബോധംകൊണ്ടും ലളിതമായ ജീവിതംകൊണ്ടും നമുക്ക് അതിജീവിക്കാനാവണം.
നിയോലിബറലിസവും വര്‍ഗീയതയും ചേര്‍ന്ന് വര്‍ധിതമാക്കുന്ന ഉപഭോഗാസാക്തിക്കും സ്ത്രീവിരുദ്ധവും ദലിത് വിരുദ്ധവുമായ പുരുഷാധിപത്യവരേണ്യ മൂല്യങ്ങള്‍ക്കുമെതിരായ സമരത്തില്‍ കൃഷ്ണപിള്ളയുടെ ജീവിതവും നമുക്ക് മാതൃകയാവേണ്ടതുണ്ട്. 1940കളിലെ കോഴിക്കോട്ടെ കമ്യൂണ്‍ ജീവിതത്തിലൂടെ കമ്യൂണിസ്റ്റു ജീവിതമാതൃകയുടെ സമരോത്സുക പരീക്ഷണങ്ങളടക്കം നമുടെ ജീവിതത്തിന്റെ കുടുംബടമടക്കമുള്ള സൂക്ഷ്മവ്യവഹാര മണ്ഡലങ്ങളില്‍ നടത്തേണ്ട ബോധപൂര്‍വ്വമായ ആശയസമരത്തിന്റെയും ജനാധിപത്യവല്‍ക്കരണത്തിന്റെയും അനുഭവങ്ങളെ സ്വാംശീകരിക്കേണ്ടതുണ്ട്. സ്വയം മാറാതെ സമൂഹത്തെ മാറ്റാനും അധീശത്വപ്രത്യയശാസ്ത്രങ്ങള്‍ക്കെതിരെ തൊഴിലാളിവര്‍ഗ്ഗവിപ്ല കാരികള്‍ക്ക് ജനങ്ങളില്‍ പ്രത്യധീശത്വബോധം നിര്‍മിച്ചെടുക്കാനും ആകില്ല.
സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം. കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടര്‍.
Truecopy Webzine
Feb 01, 2023
3 Minutes Read
കെ. വേണു
Jan 31, 2023
23 Minutes Watch
കെ.ടി. കുഞ്ഞിക്കണ്ണൻ
Jan 25, 2023
6 Minutes Read
അശോകന്‍ ചരുവില്‍
Jan 18, 2023
51 Minutes Watch
എസ്. ജോസഫ്
Jan 17, 2023
8 minutes read
കെ.ടി. കുഞ്ഞിക്കണ്ണൻ
Jan 07, 2023
6 Minutes Read
കെ.ടി. കുഞ്ഞിക്കണ്ണൻ
Jan 02, 2023
8 Minutes Read
കെ.ടി. കുഞ്ഞിക്കണ്ണൻ
Dec 30, 2022
4 Minutes Read