ഭരണഘടനയിൽ
അക്ബറും ടിപ്പുവും
ഗാന്ധിയും കൂടിയുണ്ട്
ഭരണഘടനയിൽ അക്ബറും ടിപ്പുവും ഗാന്ധിയും കൂടിയുണ്ട്
സംഘ്പരിവാറിന് യാതൊരു ബന്ധവുമില്ലാതിരുന്ന ഇന്ത്യയിലെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ ചരിത്രത്തെ ഭരണഘടന അവതരിപ്പിക്കുന്നുണ്ട്. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളില്‍ പ്രധാനികളായ ഝാന്‍സീറാണിയും ടിപ്പു സുല്‍ത്താനും ഭരണഘടനയുടെ കയ്യെഴുത്തുപ്രതിയില്‍ ഇടംപിടിക്കുന്നുണ്ട്.
18 Dec 2020, 12:32 PM
തെരെഞ്ഞെടുപ്പു ഫലം പുറത്തുവന്ന് ഇരുപത്തിനാലു മണിക്കൂര്‍ പിന്നിടും മുമ്പ് ഹിന്ദുത്വം അവരുടെ നയം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നു. പാലക്കാട് നഗരസഭയിലെ വിജയാഹ്ലാദത്തിനിടയില്‍ നഗരസഭാ കാര്യാലയത്തിനു മുന്നില്‍ പ്രദര്‍ശിപ്പിച്ച ജയ് ശ്രീറാം പോസ്റ്ററിനെ ന്യായീകരിച്ച് ബി.ജെ.പി നേതാവ് എഴുതിയ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇന്ത്യയുടെ ജനാധിപത്യമൂല്യങ്ങളെ അട്ടിമറിച്ചുകൊണ്ട് ഹിന്ദുത്വത്തെ സ്ഥാപിക്കാന്‍ സംഘപരിവാര്‍ നടത്തുന്ന ശ്രമങ്ങളെ ന്യായീകരിക്കുന്നതു കൂടിയാണ്.
കാലിഗ്രാഫി ചെയ്ത ഭരണഘടനയുടെ ആദ്യപതിപ്പിലെ പാര്‍ട്ട് മൂന്നില്‍ നല്‍കിയിരിക്കുന്ന സീതയുടെയും രാമന്റെയും ലക്ഷ്മണന്റെയും യാത്രയുടെ ചിത്രമാണ് ഹിന്ദുത്വത്തിന്റെ ആക്രമണോത്സുകമായ താണ്ഡവം ന്യായീകരിക്കാൻ സംഘപരിവാര്‍ ഉയര്‍ത്തികാണിക്കുന്നത്. ഇതിനെ നിഷ്‌കളങ്കമായി കണ്ടുകൂടാ. ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും മതനിരപേക്ഷ മൂല്യങ്ങളുടെയും സംരക്ഷിക്കുന്ന ഭരണഘടനയെ അട്ടിമറിക്കാന്‍ സംഘപരിവാര്‍ നടത്തുന്ന പലനിലയിലുള്ള ശ്രമങ്ങളുടെ ഭാഗമായി തന്നെ ഈ ന്യായീകരണത്തെ പരിഗണിക്കേണ്ടതുണ്ട്.

ഇന്ത്യയുടെ നാനാവിധമായ സാംസ്‌കാരിക പാരമ്പര്യങ്ങളെ അഭിസംബോധന ചെയ്യും വിധമുള്ള ചിത്രങ്ങള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തുന്നത് ഉചിതമായിരിക്കുമെന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കയ്യെഴുത്തുപ്രതി തയ്യാറാക്കാനുള്ള ചുമതല കാലിഗ്രാഫറായ പ്രേം ബിഹാറി നരൈന്‍ റയ്‌സ്ദാ (Prem Behari Narain Raizada), ആര്ട്ടിസ്റ്റ്നന്ദലാല്ബോസ് എന്നിവരെ ഏല്‍പ്പിക്കുന്നത്. ചിത്രങ്ങളെല്ലാം ചെയ്തതത് നന്ദലാല്‍ ബോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. ബിശ്വരൂപ്, ഗൗരി, ജമുന, പെരുമാള്‍, കൃപാല്‍ സിങ് തുടങ്ങിയ കലാപ്രവര്‍ത്തകരാണ് നന്ദലാല്‍ ബോസിനൊപ്പം ഭരണഘടനയുടെ കയ്യെഴുത്തുപ്രതി തയ്യാറാക്കാൻ പ്രവര്‍ത്തിച്ചിരുന്നത്.

അധിവേശത്തിന്റെ ദൃശ്യഭാഷയ്ക്കു ബദലായി തദ്ദേശീയമായ കലാപാരമ്പര്യം വികസിപ്പിക്കുന്നതില്‍ പങ്കുചേര്‍ന്ന നന്ദലാല്‍ ബോസ് പ്രതിനിധീകരിക്കുന്ന ബംഗാള്‍ സ്‌കൂള്‍ പാരമ്പര്യത്തിന് ഇന്ത്യ എന്ന സങ്കല്പത്തിനകത്തു പ്രവര്‍ത്തിക്കുന്ന വൈവിധ്യങ്ങളെ പ്രാദേശികമായ കലാശൈലികളുപയോഗിച്ച് അവതരിപ്പിക്കാന്‍ ഏറെയൊന്നും ചിന്തിക്കേണ്ടി വന്നില്ല. ബഹുസ്വരമായ ഇന്ത്യന്‍ പാരമ്പര്യത്തെ പ്രാദേശിക ശൈലികള്‍ ഉപയോഗിച്ചുതന്നെ ചിത്രീകരിക്കുന്നതിലൂടെ ഇന്ത്യന്‍ കലാചരിത്രത്തിന്റെ തന്നെ സംഗമസ്ഥാനമായി ഭരണഘടനയുടെ കയ്യെഴുത്തുപ്രതി മാറിത്തീരുന്നുണ്ട്.
Related Story: പാലക്കാട്ടെ ജയ് ശ്രീറാമും മലയാളിയുടെ സോഫ്റ്റ് ഹിന്ദുത്വയും
സിന്ധു നദീതടകലാ മാതൃകള്‍, അജന്ത കലാപാരമ്പര്യം, ഗുപ്ത - മൗര്യ ശില്പ മാതൃകകള്‍, മുഗള്‍ പഹാടി കാളിഘട്ട് ശൈലികള്‍, ദക്ഷിണേന്ത്യന്‍ ചോള ശില്പ പാരമ്പര്യം, ചുമര്‍ച്ചിത്ര പാരമ്പര്യം, ഭൂഭാഗ ചിത്രണം (Landscape) എന്നിങ്ങനെ പലതായി വികസിക്കുന്ന ഇന്ത്യന്‍ കലാപാരമ്പര്യത്തിന്റെ അവതരണമാണ് ഭരണഘടനയുടെ കാലിഗ്രാഫിക് പതിപ്പില്‍ കാണുന്നത്. ഇത്തരത്തില്‍ ആലേഖനം ചെയ്യപ്പെട്ട വ്യത്യസ്ത കലാശൈലികള്‍ ഭരണഘടന വിഭാവനം ചെയ്യുന്ന വൈവിദ്ധ്യങ്ങളെങ്ങളെയും ബഹുസ്വരതയുടെ മൂല്യങ്ങളെയും പ്രതിനാധം ചെയ്യുന്നതിന് പര്യാപ്തവുമാണ്.
സംഘപരിവാര്‍ കേന്ദ്രങ്ങള്‍ അവകാശപ്പെടുംപോലെ ഭരണഘടനയുടെ കാലിഗ്രാഫി പതിപ്പിലെ ആദ്യചിത്രം രാമന്റെതല്ല. അശോകസ്തംഭത്തിനു ശേഷം ഭരണഘടനയുടെ ആമുഖമാണ് നല്‍കിയിരിക്കുന്നത്. അതിനുശേഷം വരുന്ന ഓരോ പാര്‍ട്ടുകള്‍ക്കുമൊപ്പം ഓരോ ചിത്രങ്ങള്‍ നല്‍കിയിരിക്കുന്നു. പാര്‍ട്ടുകളെ എണ്ണുകയാണെങ്കില്‍പ്പോലും ആദ്യചിത്രം സിന്ധു നദീതട സംസ്‌കാരത്തിന്റെ ഭാഗമായ കാളയുടെതാണ്. സിന്ധ് മേഖലയില്‍ ഇന്നും പ്രശസ്തമായ സെബുവിന്റെ ഈ ചിത്രത്തിനു ശേഷം പാര്‍ട്ട് രണ്ടില്‍ പ്രകൃതിശക്തികളെ ആരാധിച്ചിരുന്ന ഇന്ത്യയുടെ പ്രാചീന ജീവിതബന്ധങ്ങളെ ചിത്രീകരിച്ചിരിക്കുന്നു.
പാര്‍ട്ട് മൂന്നില്‍ മൗലികാവകാശങ്ങള്‍ക്കൊപ്പമാണ് രാമായണത്തിലെ പ്രധാന കഥാപാത്രങ്ങളായ സീതയുടെയും രാമന്റെയും ലക്ഷ്മണന്റെയും ചിത്രം. വേദേതിഹാസങ്ങളിലെ ഇമേജുകളെ മാത്രമല്ല, അതിനെ എതിര്‍ത്ത് കടന്നുവന്ന ബുദ്ധ- ജൈന സംസ്‌കാരങ്ങളില്‍ നിന്നുള്ള ഇമേജുകളും ഭരണഘടനയില്‍ കാണാം. ഓരോ പേജുകള്‍ക്കു ചുറ്റിലും അജന്ത ഗുഹകളിലെ മ്യൂറലുകളില്‍ കാണുന്ന ഡിസൈനുകളും മോട്ടിഫുകളും ചെയ്തിരിക്കുന്നു.
ഇന്ത്യയുടെ ബഹുസ്വരപാരമ്പര്യങ്ങളെയാണ് ഭരണഘടനയില്‍ ചിത്രീകരിച്ചിട്ടുള്ളത്. സിന്ധുനദീതട സംസ്‌കാരം മുതല്‍ രാമായണവും മഹാഭാരതവും ഗുപ്ത, മൗര്യ, മുഗള്‍ പാരമ്പര്യങ്ങള്‍ വരെയും അക്ബറും ടിപ്പുവും മുതല്‍ ഗാന്ധിയും സുഭാഷ് ചന്ദ്രബോസും വരെയും ഭൂമിശാസ്ത്രപരമായി ഹിമാലയവും മരുഭൂമിയും കടല്‍ത്തീരങ്ങള്‍വരെയും ഭരണഘടനയില്‍ ചിത്രീകരിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ പാരമ്പര്യത്തില്‍ നിന്ന് ചോളശില്പങ്ങളുടെ മാതൃകാരൂപമായ നടരാജവിഗ്രഹവും മഹാബലിപുരത്തെ ശില്പങ്ങളും ചിത്രീകരിച്ചിരിക്കുന്നു.

സംഘ്പരിവാറിന് യാതൊരു ബന്ധവുമില്ലാതിരുന്ന ഇന്ത്യയിലെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ ചരിത്രത്തെ ഭരണഘടന അവതരിപ്പിക്കുന്നുണ്ട്. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളില്‍ പ്രധാനികളായ ഝാന്‍സീറാണിയും ടിപ്പു സുല്‍ത്താനും ഭരണഘടനയുടെ കയ്യെഴുത്തുപ്രതിയില്‍ ഇടംപിടിക്കുന്നുണ്ട്. അതോടൊപ്പം വരുന്ന മുഗള്‍ശൈലിയിലുള്ള അക്ബറിന്റെയും മറ്റും ചിത്രങ്ങളും കാളിഘട്ട് മാതൃകയിലുള്ള ചിത്രങ്ങളും ഇന്ത്യയുടെ ബഹുസ്വര സാംസ്‌കാരത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ശ്രീരാമന്റെ ചിത്രം ഭരണഘടനയുടെ കാലിഗ്രഫി കോപ്പിയിലുള്ളതായി പറയുന്ന സംഘ്പരിവാര്‍ ടിപ്പുവിനെയും അക്ബറിനെയും കുറിച്ച് മൗനം പാലിക്കുകയാണ്. ഇലക്ഷനുമായി ബന്ധപ്പെട്ടു മതപരമായ പ്രചാരണം നടത്താന്‍ നിയമപരമായി വിലക്കുള്ള നാട്ടില്‍ നിയമലംഘനം നടത്തിയ ശേഷം ഭരണഘടനയെ തെറ്റായി വ്യാഖ്യാനിച്ച് ന്യായം ചമക്കുകയാണ് സംഘ്പരിവാര്‍. ഭരണഘടനയിലെ ചിത്രങ്ങളില്‍ രാമനുള്ളതുകൊണ്ട് ജയ് ശ്രീറാം പോസ്റ്ററുയര്‍ത്തുന്നതു തെറ്റല്ല എന്നു വാദിക്കുന്നവര്‍ തന്നെയാണ് ഇതേ ഭരണഘടനയില്‍ ചിത്രീകരിക്കുന്ന ടിപ്പുവിന്റെ പിറവിദിനം ആഘോഷിക്കുന്നതിനെ എതിര്‍ക്കുന്നത്.

വൈവിധ്യങ്ങളെ അംഗീകരിക്കുന്നതും പൗരാവകാശങ്ങളെ സംരക്ഷിക്കുന്നതുമാണ് ഇന്ത്യയുടെ ഭരണഘടന. സമത്വവും സഹോദര്യവും മതനിരപേക്ഷതയുമാണ് അതിന്റെ മൂല്യങ്ങള്‍. ഈയൊരു മൂല്യത്തിന്റെ ദൃശ്യപരമായ പ്രതിനിധാനമാണ് നന്ദലാല്‍ബോസും സംഘവും അവതരിപ്പിച്ചിരിക്കുന്നത്.
Related Story: തദ്ദേശ തെരഞ്ഞെടുപ്പ് സമഗ്ര അവലോകനം കണക്കുകൾ സഹിതം
ഈവിധം ഇന്ത്യയുടെ സാംസ്‌കാരിക ചരിത്രത്തെ, ബഹുസ്വരമായ പാരമ്പര്യങ്ങളെ വിവിധ ശൈലികളില്‍ ആവിഷ്‌കരിച്ചിരിക്കുന്ന ചിത്രങ്ങളില്‍ നിന്ന് സീതയുടെയും ശ്രീരാമന്റെയും ലക്ഷ്മണന്റെയും ചിത്രം മാത്രം ഉയര്‍ത്തിക്കാട്ടുന്നതിനു പിന്നില്‍ സംഘപരിവാറിന്റെ സങ്കുചിതമായ ദേശീയ താത്പര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഭരണഘടന മുന്നോട്ടു വക്കുന്ന ജനാധിപത്യപരവും മതനിരപേക്ഷവും ബഹുസ്വരതയില്‍ അധിഷ്ഠിതവുമായ താത്പര്യങ്ങളെ അട്ടിമറിക്കാനായി സംഘപരിവാര്‍ ഉപയോഗിക്കുന്ന ഈ ചിത്രം ഇതിനു മുമ്പും അവര്‍ എടുത്തു പ്രയോഗിച്ചിട്ടുണ്ട്. അയോദ്ധ്യയില്‍ രാമക്ഷേത്രത്തിന് തറക്കല്ലിടുമ്പോള്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് തന്റെ ട്വിറ്ററില്‍ പങ്കുവച്ചതും ഇതേ ചിത്രമാണെന്ന് ഓര്‍ക്കുക.
ബാബറി മസ്ജിദ് പൊളിച്ച് രാമക്ഷേത്രം സ്ഥാപിക്കുമ്പോഴും ഭരണനിര്‍വ്വഹണ സ്ഥാപനത്തിന് മുന്നില്‍ ജയ് ശ്രീറാം പോസ്റ്റര്‍ ഉയര്‍ത്തുമ്പോഴും ഭരണഘടനയെ ഉയര്‍ത്തിപ്പിടിച്ച് നടത്തുന്ന ഈ പ്രതിരോധം ഭരണഘടനക്കു മുകളില്‍ രാമരാജ്യത്തെ പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. ശ്രീരാമനെ "ദേശീയപുരുഷനായി' ഉയര്‍ത്തിക്കാണിക്കുന്നതിലൂടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിക്കു സമാനമായ ചിഹ്നമായി ശ്രീരാമനെ അവതരിപ്പിക്കുകയും അതുവഴി ഹിന്ദുത്വ രാഷ്ട്രത്തിലേക്കുള്ള ദൂരം കുറക്കുകയാണ് സംഘ്പരിവാർ ലക്ഷ്യം.
ഭരണഘടനയിലെ രാമന്റെ ചിത്രം ഉയര്‍ത്തിപ്പിടിക്കുന്നവര്‍ക്കു മുമ്പില്‍ ഹിന്ദുത്വ വര്‍ഗീയവാദികള്‍ വെടിവച്ചു കൊന്ന ഗാന്ധിയുടെ ചിത്രം ഉയര്‍ത്തി കാണിക്കുക. ഇന്ത്യാവിഭജനത്തിന്റെ സമയത്ത് ഹിന്ദുത്വ - ഇസ്‌ലാമിക ഭീകരര്‍ മനുഷ്യരെ കൊന്നു തള്ളുമ്പോള്‍ അതിനെ പ്രതിരോധിക്കാൻ നവ്ഖാലിയില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഗാന്ധിജിയുടെ ചിത്രം ഭരണഘടനയിലുണ്ടെന്ന കാര്യം വര്‍ഗീയവാദികള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റ ഗാന്ധിയന്‍ ധാരക്കൊപ്പം ദേശീയ സ്വാതന്ത്രത്തിന്റെ മറ്റൊരു സമരധാരയായ സുഭാഷ് ചന്ദ്രബോസിന്റെ ചിത്രവും ഭരണഘടനയുടെ കയ്യെഴുത്തുപ്രതിയിലുണ്ടെന്ന് സംഘ്പരിവാറിനെ ഓര്‍മ്മപ്പെടുത്തുക.

സാംസ്‌കാരികവും മതപരവുമായ കലര്‍പ്പുകള്‍ നിറഞ്ഞ ഇന്ത്യന്‍ ദേശീയതാ സങ്കല്പത്തെയാണ് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്തതെന്ന് വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിക്കുക. അതാകട്ടെ ഹിന്ദുത്വവും സംഘപരിവാറും വിഭാവനം ചെയ്യുന്ന രാഷ്ട്ര സങ്കല്പത്തിന് എതിരാണെന്ന് ഉറപ്പിച്ചു പറയുക. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ അട്ടിമറിച്ച്ഹിന്ദുത്വത്തിലധിഷ്ഠിതമായ സങ്കുചിതമായ രാഷ്ട്രസങ്കല്പം രൂപപ്പെടുത്താനുള്ള സംഘ്പരിവാര്‍ ശ്രമങ്ങളെ പ്രതിരോധിച്ചുകൊണ്ടേയിരിക്കുക.
syam srinivas
18 Dec 2020, 08:22 PM
കാലികമായ ലേഖനം. കൂടുതൽ പേരിലെത്തേണ്ട ഒന്ന്.
Dr.Sebastian T Joseph
18 Dec 2020, 01:07 PM
Excellent and well researched article. It will be better if you could translate the contents in English and Hindi for wider readership.
പി.എന്‍.ഗോപീകൃഷ്ണന്‍
Jan 30, 2023
10 Minutes Read
ദാമോദർ പ്രസാദ്
Jan 30, 2023
3 Minutes Read
പ്രമോദ് പുഴങ്കര
Jan 26, 2023
9 Minutes Read
അഡ്വ. പി.എം. ആതിര
Jan 26, 2023
22 Minutes Watch
കെ. കണ്ണന്‍
Jan 26, 2023
6 Minutes Watch
എം. കുഞ്ഞാമൻ
Jan 26, 2023
10 Minutes Read
പി.ബി. ജിജീഷ്
Jan 24, 2023
8 Minutes Read
Nithin
20 Dec 2020, 12:33 PM
Mikacha avalokanam...Nannayitund.. Indiayil ipol politics illalllo, politrics mathramalle ullu...athanu India neridunna Pradhaana prasnavum