നാരായണ ഗുരുവിന്റെ
പ്രതിമയാണ് സ്ഥാപിക്കുന്നത്,
വിഗ്രഹമല്ല
നാരായണ ഗുരുവിന്റെ പ്രതിമയാണ് സ്ഥാപിക്കുന്നത്, വിഗ്രഹമല്ല
ജാതിയില്ലാ വിളബരത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി സംസ്‌കാരിക വകുപ്പ് തിരുവനന്തപുരത്ത് ശ്രീനാരായണ ഗുരുവിന്റെ വെങ്കല പ്രതിമ നാളെ സ്ഥാപിക്കും. പ്രതിമാ സ്ഥാപനത്തെ എതിര്‍ത്തു കൊണ്ട് സംഘപരിവാറും ശിവഗിരി ധര്‍മ സംഘത്തിലെ സന്യാസിമാരും രംഗത്തെത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ഗുരുപ്രതിമകളുടെ ചരിത്രം എഴുതുകയാണ് കാലടി സര്‍വ്വകലാശാല ഗവേഷകയായ കെ.എസ്. ഇന്ദുലേഖ. മതേതരവും ജനകീയവുമായ ഒരു ബിംബത്തെ ദൈവിക വത്കരിക്കുകയും വരേണ്യവത്കരിക്കുകയും ചെയ്തു കൊണ്ട് ബ്രാഹ്മണിക്കലായ അധികാരഘടനയെ നിലനിര്‍ത്താന്‍ സംഘപരിവാര്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഇപ്പോള്‍ ഉയര്‍ന്നു വന്നിട്ടുള്ള വിവാദം. ഒരു മതേതര ചിഹ്നമായി നാരയണ പ്രതിമ ഉയര്‍ന്നു വരുമ്പോള്‍ അത് സംഘപരിവാറിന് അസ്വസ്ഥതയുണ്ടാക്കുന്നുണ്ട് എന്ന് നിരീക്ഷിക്കുന്നു.
20 Sep 2020, 06:30 PM
ശ്രീനാരായണ ഗുരുവിന്റെ ജാതിയില്ലാവിളംമ്പരത്തിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട് കേരളസര്‍ക്കാര്‍ പ്രഖ്യാപിച്ച ശ്രീനാരായണ ഗുരുപ്രതിമ സെപ്റ്റംബര്‍ 21 ന് തിരുവനന്തപുരത്ത് അനാച്ഛാദനം ചെയ്യപ്പെടുകയാണ്. ഉണ്ണി കാനായിയാണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. പ്രതിമാസ്ഥാപനവുമായി ബന്ധപ്പെട്ട് ഇതിനോടകംതന്നെ നിരവധി വിവാദങ്ങള്‍ വന്നുകഴിഞ്ഞിട്ടുണ്ട്.
ശ്രീനാരായണ ദര്‍ശനങ്ങളെ പിന്‍പറ്റുന്ന രണ്ടു സന്ന്യാസി പരമ്പരകള്‍ നിലവിലുണ്ട്. അവയില്‍ ശിവഗിരി ധര്‍മ്മസംഘത്തിലെ ചില സന്ന്യാസിമാര്‍ ഗുരുപ്രതിമ പൊതുവിടത്തില്‍ സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്തിക്കുകയാണ്. അതേസമയം മഠത്തിനു കീഴിലുള്ള, ശ്രീനാരായണ ഗുരുവിന്റെ ജന്മഗൃഹം സ്ഥിതി ചെയ്യുന്ന ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനാച്ഛാദന ചടങ്ങില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മറ്റൊരു സന്ന്യാസിപരമ്പരയായ, പല്‍പ്പുവിന്റെ മകന്‍ നടരാജഗുരു സ്ഥാപിച്ച, വര്‍ക്കല നാരായണ ഗുരുകുലം പ്രതിമാസ്ഥാപന വിവാദത്തില്‍ നിലപാട് പ്രഖ്യാപിച്ചിട്ടില്ല.

ശ്രീനാരായണ ഗുരുകുലം പ്രതിമ സ്ഥാപിക്കുന്നതിനെ എതിര്‍ക്കാന്‍ സാധ്യതയില്ല എന്നതിന് വര്‍ക്കല ഗുരുകുലത്തിനു മുന്നിലിരിക്കുന്ന, ഹരിഹരന്‍ മാസ്റ്റര്‍ നിര്‍മ്മിച്ച (കല്‍ക്കത്ത ശാന്തിനികേതനിലെ വിദ്യാര്‍ഥികൂടിയായിരുന്നു അദ്ദേഹം) ശില്പം തന്നെ തെളിവ്. നിത്യചൈതന്യ യതിയുടെ പ്രത്യേക ആവശ്യപ്രകാരം നിര്‍മ്മിച്ച ഈ ശില്പം കുറ്റിത്താടിയും രോമാവൃതമായ നെഞ്ചും ഉന്തിനില്‍ക്കുന്ന എല്ലുകളും ചുളിഞ്ഞ നെറ്റിയുമൊക്കെയായി അധികാരങ്ങളൊന്നുമില്ലാത്ത, കീഴാളനായ വൃദ്ധന്റെ ശരീരഭാഷയെയാണ് അവതരിപ്പിക്കുന്നതാണ്. ആശ്രമത്തിലെ ഉദ്യാനത്തില്‍ തുറസായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ ശില്പത്തെ ദിവസേന കാണുന്ന വര്‍ക്കല ഗുരുകുലത്തിലെ സന്ന്യാസിമാര്‍ക്കും അനുയായികള്‍ക്കും സര്‍ക്കാര്‍ സ്ഥാപിക്കുന്ന പ്രതിമയില്‍ അനൗചിത്യം തോന്നാനിടയില്ല.
വിവാദത്തിന് രാഷ്ട്രീയമാനം നല്‍കി കൊഴുപ്പിക്കുന്നതിന് എന്‍ഡിഎ അധ്യക്ഷനും ബി.ഡി.ജെ.എസ് നേതാവുമായ തുഷാര്‍ വെള്ളാപ്പിള്ളി തന്നെ രംഗത്തിറങ്ങിയിരിക്കുകയാണ്. പൊതുസ്ഥലത്ത് പ്രതിമ സ്ഥാപിക്കാന്‍ ശ്രീനാരായണഗുരു രക്തസാക്ഷിയല്ല എന്നാണ് തുഷാര്‍ പറയുന്നത്. എസ്. എന്‍. ഡി. പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഇതുവരെയും ശിവഗിരി മഠത്തിന്റെ ഭാരവാഹിയുടേയോ ചെമ്പഴന്തി ഗുരുകുലത്തിന്റേയോ നിലപാടുകളെ എതിര്‍ക്കാനോ പിന്‍തുണക്കാനോ എത്തിയിട്ടുമില്ല. യുപിയിലെ അയോധ്യയില്‍ ലോകത്തെ ഏറ്റവും വലിയ ശ്രീരാമപ്രതിമ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള സംഘപരിവാര്‍ കേരളത്തില്‍ തുറസ്സായ സ്ഥലത്തു സ്ഥാപിക്കുന്ന പ്രതിമ ശ്രീനാരായണ ഗുരുവിന്റെ ദൈവപദവിക്ക് നിരക്കുന്നതല്ല എന്ന തരത്തില്‍ വൈകാരിക പ്രചരണങ്ങളുമായി കളം നിറയാനുള്ള ശ്രമത്തിലുമാണ്. സംഘപരിവാര്‍ അനുകൂല സോഷ്യല്‍ മീഡിയാഗ്രൂപ്പുകള്‍ ശ്രീനാരായണ ഭക്തരെ വൈകാരികമായി ഇളക്കിവിട്ട് സര്‍ക്കാര്‍ വിരുദ്ധ വികാരം ആളിക്കത്തിച്ച് മുതലെടുപ്പു നടത്താനും ശ്രമിക്കുന്നുണ്ട്.
അരുവിപ്പുറത്ത് നാരായണഗുരു സ്ഥാപിച്ച ശിവന്‍ മേല്‍ക്കൂരയോ ചുവരോ ഇല്ലാതെ നെയ്യാറിന്‍കരയിലെ പാറപ്പുറത്താണ് പ്രതിഷ്ഠിതനായത്. തമിഴ്നാട്ടില്‍ തിരുവള്ളുവരുടെ പ്രതിമ കന്യാകുമാരിയില്‍ തുറന്ന സ്ഥലത്താണ് നിലനില്‍ക്കുന്നത്. ബസവേശ്വരന്റെ നിരവധി പ്രതിമകള്‍ പൊതുയിടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. അടുത്തിടെ നരേന്ദ്രമോദി ലണ്ടനിലില്‍ അനാച്ഛാദനം ചെയ്ത ബസവേശ്വരന്റെ പ്രതിമയും പൊതുയിടനിര്‍മ്മിതിയാണ്. യാഥാര്‍ഥ്യം ഇതാണെങ്കിലും സത്യാനന്തര രാഷ്ട്രീയത്തില്‍ വസ്തുതകളേക്കാള്‍ മുന്‍തൂക്കം വൈകാരികതക്കാണല്ലോ ലഭിക്കുന്നത്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് പ്രതിമാവിവാദം. ഈയൊരു പശ്ചാത്തലത്തില്‍ നാരായണഗുരുവിന്റെ പ്രതിമാജീവിതത്തെ വിശകലന വിധേയമാക്കുന്നത് ഉചിതമായിരിക്കും.
ആധുനിക കേരളീയശില്പകലാ ചരിത്രത്തിലെ നിര്‍ണ്ണായമായ പ്രതിനിധാന സ്ഥാനമാണ് നാരായണഗുരുവിന്റെ ശില്പങ്ങള്‍. ഗുരുശില്പങ്ങളുടെ ആവിര്‍ഭാവവും പിന്നീട് അവയ്ക്ക് സംഭവിച്ച ബഹുശാഖിയായ പരിണാമങ്ങളും വ്യത്യസ്തങ്ങളായ പ്രത്യയശാസ്ത്രങ്ങളെ അഭിസംബോധന ചെയ്യുന്നുണ്ട്. ഗുരുശില്പങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന പ്രത്യയശാസ്ത്ര വൈരുദ്ധ്യങ്ങളുടെ ആകെത്തുകയാണ് പത്തൊമ്പതാം നൂറ്റാണ്ടിനു ശേഷമുള്ള കേരളത്തിന്റെ സാംസ്‌കാരിക ചരിത്രമെന്ന് പറയാം. അഥവാ ആധുനിക കേരളത്തില്‍ സംഭവിച്ച സാംസ്‌കാരിക പരിണാമങ്ങളെല്ലാം തന്നെ ഗുരുശില്പങ്ങളുടെ ചരിത്രത്തിലെ വിവിധ ഘട്ടങ്ങളില്‍ ഉള്‍ച്ചേരുന്നുണ്ട്.
ഗുരുവിന്റെ പ്രതിമാശില്പങ്ങളുടെ പരിണാമത്തെ മൂന്നുഘട്ടങ്ങളായി മനസിലാക്കാന്‍ സാധിക്കും. കൊളോണിയല്‍ അനുഭവങ്ങളുമായി ബന്ധപ്പെട്ടതാണ് ആദ്യത്തെ ഘട്ടം. മതാത്മകമായ താല്‍പര്യങ്ങളില്‍ നിന്ന് ശില്പങ്ങള്‍ക്ക് മോചനം സാധ്യമാകുന്നത് കൊളോണിയല്‍ ആധുനികതയുടെ സന്ദര്‍ഭത്തിലാണ്. വിഗ്രഹസ്വഭാവത്തോടു കൂടിയതും ക്ഷേത്രകേന്ദ്രീകൃതവും ആഖ്യാന സ്വഭാവമുള്ളതുമായ ശില്പ - അര്‍ദ്ധശില്പ നിര്‍മ്മാണങ്ങളാണ് പത്തൊമ്പതാം നൂറ്റാണ്ടിനു മുന്‍പുള്ള ഇന്ത്യന്‍ ശില്പകലയുടെ പൊതുസവിശേഷത. ആദര്‍ശ സൗന്ദര്യത്തിന്റെ ഉയര്‍ന്ന മാതൃകകളായിട്ടാണ് ഇവ സ്വീകരിക്കപ്പെടുന്നത്. ഇതില്‍ നിന്നുള്ള വിച്ഛേദം സംഭവിക്കുന്നത് കൊളോണിയല്‍ അധിനിവേശത്തിന്റെ ഘട്ടത്തിലാണ്. കൊളോണിയല്‍ ആധുനികതയുടെ ഫലമായി രൂപംകൊണ്ട പുതിയ സാംസ്‌കാരികാന്തരീക്ഷം ദൈവത്തെ കൈയൊഴിഞ്ഞുകൊണ്ട് മനുഷ്യനെ ആഖ്യാനങ്ങളുടെ കേന്ദ്രത്തില്‍ നിര്‍ത്തിയതോടെ ശില്പനിര്‍മ്മാണത്തിലും മനുഷ്യനെ കേന്ദ്രീകരിച്ചുള്ള ആഖ്യാനങ്ങള്‍ ശക്തമായി. ഛായാശില്പങ്ങളാണ് ഇങ്ങനെയൊരു മാറ്റത്തിന്റെ പ്രയോഗസ്ഥാനമായി മാറിയത്. ഇത്തരത്തില്‍ പരിശോധിക്കുമ്പോള്‍ ഇന്ത്യയില്‍ ഛായാശില്പങ്ങളുടെ അവതരണം കലാപരമായ വിച്ഛേദത്തെ (Artistic break) സൂചിപ്പിക്കുന്നുണ്ട്. നിര്‍മ്മാണ സങ്കേതങ്ങളിലും മാധ്യമങ്ങളിലും വരുന്ന മാറ്റം, അക്കാദമിക് നാച്വറലിസത്തിന്റെ അവതരണം എന്നിങ്ങനെ മാറിവന്ന ഭൗതികസാഹചര്യങ്ങളും കലാവബോധവും ഛായാശില്പങ്ങളുടെ വ്യാപനത്തെ സാധ്യമാക്കിയ ഘടകങ്ങളാണ്. ഇത്തരത്തില്‍ ഇന്ത്യന്‍ ശില്പകല കലാപരവും ഭാവുകത്വപരവും സാങ്കേതികവുമായ മാറ്റങ്ങളെ സ്വീകരിച്ചു കഴിഞ്ഞ ഇരുപതാം നൂറ്റാണ്ടിന്റെ മൂന്നാംദശകത്തിലാണ് ശ്രീനാരായണ ഗുരുവിന്റെ ആദ്യത്തെ ശില്പം നിര്‍മ്മിക്കപ്പെടുന്നത്.
1927 ല്‍ നാരായണ ഗുരു ജീവിച്ചിരിക്കുമ്പോള്‍ തന്നെയാണ് തലശ്ശേരി ജഗന്നാഥക്ഷേത്രത്തിനു സമീപത്തുള്ള പൊതുസ്ഥലത്ത് ഗുരുവിന്റെ ആദ്യത്തെ ശില്പം സ്ഥാപിക്കപ്പെടുന്നത്. നവോത്ഥാന മുന്നേറ്റങ്ങള്‍ കേരളത്തിന്റെ സാമൂഹികജീവിതത്തെ സമഗ്രമായി പുതുക്കി നിര്‍മ്മിക്കുകയും ദേശീയസ്വാതന്ത്ര്യത്തെ സംബന്ധിച്ച അവബോധം രാജ്യമെമ്പാടും വ്യാപിക്കുകയും ചെയ്യുന്ന ഘട്ടത്തില്‍ തന്നെയാണ് ആദ്യത്തെ ഗുരുശില്പം കേരളത്തിലെത്തുന്നത്. 1926 ല്‍ ശ്രീനാരായണ ഗുരുവിന്റെ ഗൃഹസ്ഥ ശിഷ്യന്‍മാരിലൊരാളായ മൂര്‍ക്കോര്‍ത്തു കുമാരനാണ് ഗുരു ശില്പം എന്ന ആശയം അവതരിപ്പിച്ചത്.

അധ:കൃത ജനതയുടെ വിമോചനത്തിനായി പ്രവര്‍ത്തിച്ച നാരായണഗുരുവിനെ കീഴാളജനതയുടെ വിമോചനചിഹ്നമായി അവതരിപ്പിക്കുക എന്ന ലക്ഷ്യമാണ് ഗുരുശില്പം എന്ന ആശയത്തിലൂടെ അദ്ദേഹം മുന്നോട്ടുവച്ചത്. കമ്മീഷന്‍ വര്‍ക്കുകകള്‍ വ്യാപകമായി പ്രചാരത്തിലില്ലാതിരുന്ന ഘട്ടത്തില്‍ ഗുരുശില്പത്തിന്റെ നിര്‍മ്മാണ ചുമതല ഏറ്റെടുത്തത് തവറലി (Thavaroli) യാണ്. കൊളംബോ കേന്ദ്രീകരിച്ച് ബുദ്ധശില്പങ്ങളില്‍ ഗവേഷണം നടത്തിയിരുന്ന ഇറ്റാലിയന്‍ ശില്പിയായിരുന്നു അദ്ദേഹം. തലശ്ശേരി സ്വദേശിയായ പി.ശേഖര്‍ എടുത്ത ഫോട്ടോഗ്രാഫുകളുടെ അടിസ്ഥാനത്തിലാണ് ശില്പം നിര്‍മ്മിച്ചിത്. നാരായണഗുരുവിന്റെ പല വശങ്ങളില്‍ നിന്നുള്ള ഫോട്ടോഗ്രാഫുകള്‍ ശില്പനിര്‍മ്മാണത്തിനായി തവറലി ഉപയോഗിച്ചിരുന്നു. ഗുരുവിന്റെ ശരീരവുമായി ബന്ധപ്പെട്ട സൂക്ഷ്മമായ വിശദാംശങ്ങളെ ആവിഷ്‌കരിക്കുന്നതിനു സഹായിച്ചത് ഈ ഫോട്ടോഗ്രാഫുകളാണ്.
ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തില്‍ തലശ്ശേരിയില്‍ ശ്രീനാരായണ ഗുരുവിന്റെ ആദ്യത്തെ ശില്പം സ്ഥാപിക്കപ്പെടുമ്പോള്‍ കലാചരിത്രപരമായ നിരവധി സവിശേഷതകളെ ശില്പം പ്രത്യക്ഷീകരിച്ചിരുന്നു. മൂന്നു നിലകളിലാണ് ഗുരുശില്പം ചരിത്രത്തില്‍ ഇടപെട്ടത്. ഒന്ന്, പാശ്ചാത്യ മാതൃകയിലുള്ള ശില്പകലകളുമായി കേരളജനത നടത്തിയ ആദ്യകാല മുഖാമുഖങ്ങളിലൊന്നെന്ന നിലയില്‍. രണ്ട്, കേരളത്തില്‍ സ്ഥാപിക്കപ്പെട്ടതോ നിര്‍മ്മിക്കപ്പെട്ടതോ ആയ ശില്പങ്ങളില്‍ നവോത്ഥാനത്തിന്റെ ഇടപെടല്‍ പ്രകടമാകുന്ന ആദ്യകാല മാതൃകയെന്ന നിലയില്‍. മൂന്ന്, പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമായി കേരളത്തില്‍ നടന്ന മുഴുവന്‍ സാമൂഹ്യ മാറ്റങ്ങളുടെയും സാംസ്‌കാരിക പ്രതിനിധാനം എന്ന നിലയില്‍. ഈ മൂന്നു ധാരകളും ചേര്‍ന്നു സൃഷ്ടിച്ച പുതിയ അനുഭവ ലോകത്തിലാണ് ഗുരു ശില്പത്തിന്റെ ചരിത്രപരമായ നില്പ്.
ഗുരുമന്ദിരങ്ങളുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ടാണ് ഗുരുവിന്റെ പ്രതിമാശില്പങ്ങള്‍ രണ്ടാംഘട്ടത്തിലേക്ക് പ്രവേശിക്കുന്നത്. തൊള്ളായിരത്തി നാല്പതുകളുടെ അവസാനത്തിലും അന്‍പതുകളുടെ ആരംഭത്തിലുമായി കേരളത്തിനകത്തും പുറത്തുമുള്ള ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗത്തിന്റെയും ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും പ്രാദേശിക ആസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് ഗുരുവിന്റെ പ്രതിമകള്‍ സ്ഥാപിക്കുന്ന പ്രവണത ശക്തമായി. ആദ്യത്തെ ഗുരു ശില്പത്തില്‍ നിന്നും ഗുരുമന്ദിരപ്രതിമകളിലേക്കെത്തുമ്പോള്‍ സംഭവിച്ച പ്രധാനപ്പെട്ട മാറ്റം നിര്‍മ്മാണസാമഗ്രികളിലെ വ്യത്യാസമാണ്. വെങ്കലത്തില്‍ തീര്‍ത്ത ഗുരുപ്രതിമകള്‍ക്കുപകരം സിമന്റിലോ പ്ലാസ്റ്റര്‍ ഓഫ് പാരീസിലോ നിര്‍മ്മിച്ച ഗുരുപ്രതിമകള്‍ മഞ്ഞയോ കാവിയോ വെളുപ്പോ നിറങ്ങളില്‍ ഗുരുമന്ദിരങ്ങളിലും അവയോട് ബന്ധപ്പെട്ട പൊതുവിടങ്ങളിലും സ്ഥാപിക്കപ്പെട്ടു. നവോത്ഥാനത്തിനു ശേഷമുണ്ടായ സാമൂഹ്യമുന്നേറ്റത്തെ തുടര്‍ന്ന് നവസാമ്പത്തിക മധ്യവര്‍ഗ്ഗമായി പരിണമിക്കപ്പെട്ട ഈഴവരാണ് ആത്മീയതയിലൂന്നി നിന്നുകൊണ്ട് ഗുരുമന്ദിരങ്ങളുടെ നിര്‍മ്മാണത്തെ പ്രോത്സാഹിപ്പിച്ചത്. മധ്യവര്‍ഗ്ഗ പദവിയിലേക്കുള്ള ഈഴവരുടെ വളര്‍ച്ചക്കൊപ്പം വ്യവസായവത്കരണത്തിന്റെ ഫലമായി കേരളത്തില്‍ പ്രചാരം നേടിയ പുതിയ നിര്‍മ്മാണസാമഗ്രികളും പ്രതിമാനിര്‍മ്മാണത്തെ ത്വരിതപ്പെടുത്തിയ ഘടകങ്ങളായിരുന്നു. സിമന്റ്, പ്ലാസ്റ്റര്‍ ഓഫ് പാരീസ്, ഫ്‌ളക്‌സി ഗ്ലാസ്സ് തുടങ്ങിയ സാമഗ്രികള്‍ ശില്പങ്ങളുടെ മാധ്യമങ്ങളായി മാറിയതോടെ ചെലവു കുറഞ്ഞ രീതിയില്‍ പ്രതിമയുടെ ഉത്പാദനം സാധ്യമാകുന്ന സാഹചര്യം രൂപപ്പെട്ടു.
ഇവിടെ കലയെ സംബന്ധിച്ച് വാള്‍ട്ടര്‍ ബെഞ്ചമിന്‍ ഉന്നയിക്കുന്ന ചില വാദങ്ങള്‍ ഗുരുപ്രതിമകളുടെ വ്യാപനവുമായി ബന്ധപ്പെടുത്തി മനസ്സിലാക്കാവുന്നതാണ്. അതില്‍ ആദ്യത്തേത്, കലാസൃഷ്ടിയുടെ പ്രാമാണികതയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു. പ്രാമാണികത ( Authenticity ) നഷ്ടപ്പെടുന്നതോടെ കലാവസ്തുക്കളുടെ ഉടമസ്ഥതയില്‍ സങ്കീര്‍ണ്ണമായ ചില മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. പുനര്‍നിര്‍മ്മിതിയില്‍ (Production) സ്ഥലം, കാലം എന്നീ ഘടകങ്ങളുടെ വിനിമയം റദ്ദാകുകയും ചരിത്രപരമായി കൈവരുന്ന പ്രാമാണികത നഷ്ടമാകുകയും ചെയ്യുന്നു. സ്ഥല-കാലങ്ങളുടെ അഭാവം കലാനിര്‍മ്മിതിയുടെ ഭൗതികതയെ അഭിസംബോധന ചെയ്യുന്നതിന് അപര്യാപ്തമാണ്. ഇതോടെ ഉത്പാദന-വിതരണ ബന്ധങ്ങള്‍ക്കകത്ത് ചരക്കുമാത്രമായി കലാനിര്‍മ്മിതി രൂപാന്തരപ്പെടുന്നു. ആര്‍ക്കും വില കൊടുത്തു വാങ്ങാവുന്നതും ഉപയോക്താവിന്റെ ആവശ്യത്തിനനുസരിച്ച് അര്‍ത്ഥം കൈവരുന്നതുമായ ഒന്നാണ് ഇവിടെ കല.
രണ്ടാമതായി കലാനിര്‍മ്മിതിയുടെ പകര്‍പ്പുകള്‍ അവക്കു ചുറ്റുമുള്ള പ്രഭാവലയത്തെ (Aura) തിരസ്‌കരിച്ചു എന്നതാണ്. ഒന്നിലധികം പകര്‍പ്പുകള്‍ കലാനിര്‍മ്മിതിയുടെ അപൂര്‍വ്വമായ അസ്തിത്വത്തെ റദ്ദാക്കുകയും കാഴ്ചക്കാരും കലാവസ്തുവും തമ്മിലുള്ള സ്വതന്ത്രവും അനുഭവൈഹികവുമായ ബന്ധത്തെ അഭിസംബോധന ചെയ്യുകയും ചെയ്തു. ഒറ്റ മോള്‍ഡില്‍ നിരവധി പകര്‍പ്പുകളെടുക്കാവുന്ന സാങ്കേതികവിദ്യയുടെ വികാസമാണ് നാരായണഗുരുവിന് കേരളീയ സമൂഹത്തില്‍ വ്യാപകമായ ദൃശ്യത (Visibility) നല്‍കിയത്. നവോത്ഥാനത്തിന്റെ നായകനും അദ്വൈതത്തിന്റെ പ്രയോക്താവുമായി നാരായണഗുരു ഉറപ്പിക്കപ്പെട്ടതിനു പിന്നില്‍ ഈ കാലയളവില്‍ നടന്ന പ്രതിമാശില്പനിര്‍മ്മാണത്തിന് പങ്കുണ്ട്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഈ പ്രതിമാസ്ഥാപനത്തിലൂടെ കൈവന്ന ദൃശ്യത നാരായണഗുരുവിന് മുഖ്യധാരാ സമൂഹത്തില്‍ കൂടുതല്‍ സ്വീകര്യതയും ജനകീയതും ഉണ്ടാക്കി കൊടുത്തു.
എന്നാല്‍ വിലകുറഞ്ഞ മാധ്യമങ്ങള്‍ ഉപയോഗിച്ചു നിര്‍മ്മിച്ച ഗുരു പ്രതിമകള്‍ക്കു പ്രതിദിനം ശക്തമായികൊണ്ടിരിക്കുന്ന നാരായണഗുരുവിന്റെ ദൈവികപരിവേഷത്തെ പ്രതിനിധീകരിക്കാന്‍ ആകുമായിരുന്നില്ല. പുനര്‍നിര്‍മ്മിക്കപ്പെട്ട കലാവസ്തുവിലെ സവിശേഷ മൂല്യത്തിന്റെ (Aura) അഭാവം ഭക്തിയുടെ പ്രകാശനത്തിന് തടസമായി വന്നതോടെ സിമന്റ്, പ്ലാറ്റര്‍ ഓഫ് പാരീസ് പ്രതിമകളുടെ സ്ഥാനത്ത് പഞ്ചലോഹവിഗ്രഹങ്ങള്‍ സ്ഥാപിക്കുന്ന പ്രവണത ശക്തിപ്പെട്ടു. ഗുരുവിന്റെ പ്രതിമാശില്പങ്ങളുടെ പരിണാമചരിത്രത്തിലെ മൂന്നാമത്തെ ഘട്ടമായി ഇതിനെ പരിഗണിക്കാവുന്നതാണ്. സിമന്റില്‍ തീര്‍ത്ത പൊതുവിടങ്ങളിലെ ഗുരുപ്രതിമകള്‍ക്കു പകരം പ്രത്യേകം നിര്‍മ്മിച്ച ക്ഷേത്രങ്ങളില്‍ താന്ത്രികാചാരചടങ്ങുകളോടെ തച്ചുശാസ്ത്രവിധിയനുസരിച്ചു ഗുരുവിഗ്രഹങ്ങള്‍ സ്ഥാപിക്കപ്പെട്ടു. സ്ഥാപിക്കപ്പെടുന്ന ശ്രീകോവിലിന് ആനുപാതികവും ആചാരപരവുമായ അളവുകള്‍ക്ക് അനുസരിച്ചുള്ള പ്രത്യേക പീഠത്തിലാണ് വിഗ്രഹം പ്രതിഷ്ഠിക്കുന്നത്. പ്രതിഷ്ഠിക്കപ്പെടുന്ന പീഠം പഴയ മട്ടില്‍ ശില്പത്തിന്റെ അടിസ്ഥാനമെന്ന ( base) നിലയിലല്ല പ്രവര്‍ത്തിക്കുന്നത്. അത് സവിശേഷമായ ആചാരക്രമത്തെ ഉള്‍ക്കൊള്ളുന്നുണ്ട്. പീഠത്തിന്റെ ഉയരത്തിനും വിലപ്പത്തിനുമനുസരിച്ചാണ് ശില്പത്തിന്റെ വലിപ്പം ക്രമീകരിച്ചിരിക്കുന്നത്. പഞ്ചലോഹവിഗ്രഹങ്ങള്‍ ശരീരവടിവുകളിലെ സൂക്ഷ്മാംശങ്ങള്‍ പോലും വിശദീകരിക്കുന്ന മട്ടിലാണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. സൂക്ഷ്മാംശങ്ങളില്‍ ഹിന്ദു ഐക്കണോഗ്രാഫിയുടെ ചിഹ്നങ്ങളെ ഗുരുവിഗ്രഹങ്ങളിലേക്കു സന്നിവേശിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമവും കാണാം. ധ്യാനമുദ്ര, വ്യാഖ്യാനമുദ്ര, ചിന്മുദ്ര, അഞ്ജലിമുദ്ര എന്നിങ്ങനെ ഹിന്ദുവിഗ്രഹങ്ങളില്‍ സാധാരണയായി കണ്ടു വരുന്ന ഹസ്തവിന്യാസ രീതികള്‍ ഗുരുവിഗ്രഹങ്ങളിലേക്ക് സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ബ്രാഹ്മണിക്ക് ആചാരങ്ങളോടെ സ്ഥാപിക്കുപ്പെടുന്ന ഗുരുവിഗ്രഹങ്ങളിലെല്ലാം തന്നെ ക്ഷേത്രങ്ങളില്‍ ഉപയോഗിക്കുന്ന വ്യാളിയുടെ മുഖത്തോടു കൂടിയ പ്രഭാവലയം പ്രത്യേകം സ്ഥാപിക്കുന്നതായും കണ്ടു വരുന്നുവെന്നത് കൗതുകകരമാണ്. എന്നാല്‍ സമീപനത്തില്‍ (Treatment) ശാന്തഭാവമാണ് വിഗ്രഹങ്ങളും പുലര്‍ത്തുന്നത്.
ബ്രാഹ്മണിക്ക് രീതിയില്‍ നിര്‍മ്മിക്കുന്ന ഗുരുക്ഷേത്രങ്ങളിലെ വിഗ്രഹങ്ങള്‍ക്കു സമാനമായി ഗുരുമന്ദിരങ്ങളിലും പഞ്ചലോഹത്തില്‍ തീര്‍ത്ത ഗുരുപ്രതികള്‍ സ്ഥാപിക്കുന്ന പ്രവണത തൊണ്ണൂറുകള്‍ക്കു ശേഷം വ്യാപകമാകുന്നുണ്ട്. അതിന്റെ ഭാഗമായി സിമന്റില്‍ തീര്‍ത്ത പഴയ ഗുരുപ്രതിമകള്‍ക്കു പകരം പഞ്ചലോഹത്തില്‍ തീര്‍ത്ത ഗുരു വിഗ്രഹങ്ങള്‍ സ്ഥാപിക്കാനുള്ള സംഘടിതമായ ശ്രമങ്ങളും കാണാന്‍ സാധിക്കും.
പകര്‍പ്പുകളിലൂടെ ഗുരുവിന്റെ പ്രതിമകള്‍ക്കു കൈവന്ന ജനകീയത തൊണ്ണൂറുകള്‍ക്കു ശേഷം വരേണ്യമായ സൗന്ദര്യാനുഭവങ്ങള്‍ക്കു വഴിമാറുന്നുണ്ട് . ഇതാകട്ടെ രൂപതലത്തിലും സൗന്ദര്യതലത്തിലും മാത്രമായി സംഭവിച്ച മാറ്റമല്ലതാനും. ഗുരുപ്രതിമകളില്‍ നിന്നും ഗുരുവിഗ്രഹങ്ങളിലേക്കുള്ള ഈ മാറ്റം കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ ബ്രാഹ്മണിക് മൂല്യങ്ങള്‍ക്ക് കേരളസമൂഹത്തില്‍ ലഭിച്ച മേല്‍ക്കൈയുടെ കൂടി സൂചനയാണ്. പകര്‍പ്പുകളിലൂടെ ജനകീയമാക്കി മാറ്റിയ നാരായണബിംബത്തെ വരേണ്യമായ അനുഭവമാക്കി മാറ്റുന്ന പ്രവര്‍ത്തനം സൂക്ഷ്മാര്‍ത്ഥത്തില്‍ നവോത്ഥാന മൂല്യങ്ങളുടെ ആന്തരിക വൈരുദ്ധ്യം തന്നെയാണ് വെളിപ്പെടുത്തുന്നത്. ഈയൊരു വൈരുധ്യത്തെ ഉപയോഗപ്പെടുത്താനാണ് ബ്രാഹ്മണ്യവും സംഘപരിവാറും ശ്രമിക്കുന്നത്. മതേതരമായ ഒരു ബിംബത്തെ ജനകീയമാക്കുകയും ജനകീയമായതിനെ വരേണ്യവത്കരിക്കുകയും ചെയ്തുകൊണ്ട് ബ്രഹ്മണിക്കലായ അധികാരഘടനയെ നിലനിര്‍ത്തുകയെന്ന തന്ത്രമാണ് ഇവിടെ സംഘപരിവാര്‍ പ്രയോഗിക്കുന്നത്.

ശിവഗിരി മഹാസമാധി മന്ദിരത്തില്‍ സ്ഥാപിച്ചിട്ടുള്ള മാര്‍ബിളില്‍ നിര്‍മ്മിച്ച ഗുരുപ്രതിമയെ മാത്രം മുന്‍നിര്‍ത്തി ഈയൊരു പരിണാമത്തെ വിശദീകരിക്കാന്‍ സാധിക്കും. ശിവഗിരിയിലെ മഹാസമാധി മന്ദിരനിര്‍മ്മാണത്തെയും പ്രതിമാ പ്രതിഷ്ഠയേയും കുറിച്ച്, അതിനു നേതൃത്വം നല്‍കിയ സ്വാമി ഗീതാനന്ദ "മഹാസമാധി മന്ദിരസ്മൃതി' എന്ന പേരില്‍ പുസ്തകമെഴുതിയിട്ടുണ്ട്. ഗുരുശില്‍പ്പത്തെ സൂചിപ്പിക്കാന്‍ പ്രതിമ എന്ന പദമാണ് പുസ്തകത്തിലുടനീളം അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്. സമാധിമന്ദിരത്തിന്റെ ഉദ്ഘാടനത്തിനു വേണ്ടി രൂപീകരിക്കപ്പെട്ട ആഘോഷ കമ്മിറ്റിയുടെ പേര് "പ്രതിമാ പ്രതിഷ്ഠാകമ്മറ്റി' എന്നായിരുന്നു. അതുമായി ബന്ധപ്പെട്ടു പ്രസിദ്ധീകരിച്ച സ്മരണികയിലും "പ്രതിമാപ്രതിഷ്ഠ' എന്ന വാക്കാണ് പ്രയോഗിച്ചിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം മഹാസമാധി മന്ദിരത്തിലെ പ്രതിമാപ്രതിഷ്ഠയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചപ്പോള്‍ പുറത്തിറക്കിയ നോട്ടീസുകളിലും വാര്‍ത്തകളിലും പ്രതിമാ പ്രതിഷ്ഠ എന്ന വാക്കിനു പകരം "വിഗ്രഹപ്രതിഷ്ഠ 'എന്ന വാക്ക് പ്രയോഗിച്ചു കാണുന്നുണ്ട്.
ശിവഗിരിയിലെ പ്രതിമാസ്ഥാപന സമ്മേളനം ഉദ്ഘാടനം ചെയ്തത് അന്നത്തെ രാഷ്ട്രപതിയായിരുന്ന ഡോ.സക്കീര്‍ ഹുസൈന്‍ ആണ്. കേന്ദ്രമന്ത്രി ജഗ്ജീവന്‍ റാമാണ് മഹാസമാധി മന്ദിരം ജനങ്ങള്‍ക്കായി സമര്‍പ്പിച്ചത്. ആ ചടങ്ങില്‍ അദ്ദേഹത്തിനൊപ്പം ആര്‍. ശങ്കര്‍, മന്നത്ത് പദ്മനാഭന്‍, എം. പി മൂത്തേടത്ത്, നിജാനന്ദ സ്വാമികള്‍ തുടങ്ങിയവരും പങ്കെടുത്തിരുന്നു. പിന്നീട് നിരവധി പ്രമുഖര്‍ ശിവഗിരിയിലെ സമാധി മന്ദിരം സന്ദര്‍ശിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധി ശിവഗിരി സന്ദര്‍ശിച്ചപ്പോള്‍ മന്ദിരത്തിനകത്തുകയറിയാണ് ഗുരുപ്രതിമയില്‍ ഹാരാര്‍പ്പണം ചെയ്യുന്നത്. എന്നാല്‍ കാല്‍നൂറ്റാണ്ടിനിപ്പുറം മഹാസമാധിമന്ദിരം ഹൈന്ദവ ക്ഷേത്രസ്വഭാവത്തിലേക്ക് പൂര്‍ണ്ണമായും മാറിക്കഴിഞ്ഞിരിക്കുന്നു. പുരോഹിതര്‍ക്കും സന്ന്യാസിമാര്‍ക്കുമൊഴികെ മറ്റാര്‍ക്കും ഇപ്പോള്‍ പ്രതിമയുടെ അടുത്തേക്ക് പ്രവേശനമില്ല. രണ്ടായിരത്തി പതിനാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശിവഗിരിയിലെത്തിയപ്പോള്‍ ഇന്ദിരാഗാന്ധിയെ പോലെ മന്ദിരത്തിനകത്തു കടന്ന് സമാധിയില്‍ ഹാരാര്‍പ്പണം ചെയ്യുന്നില്ലെന്ന് ഓര്‍ക്കുക.

മന്ദിരത്തിനകത്തു നില്‍ക്കുന്ന ഇന്ദിരയുടെ ചിത്രവും പുറത്തു നിന്നു തൊഴുന്ന മോദിയുടെ ചിത്രവും ചേര്‍ത്തുവച്ചാല്‍ കാല്‍നൂറ്റാണ്ടിനിടക്ക് ശിവഗിരി സമാധി മന്ദിരത്തിന് സംഭവിച്ച ബ്രാഹ്മണിക്കല്‍ പരിവര്‍ത്തനത്തിന്റെ ആഴം വ്യക്തമാകും. ബ്രഹ്മണിക്കല്‍ അധികാരത്തിന്റെ ഒരു മേല്‍- കീഴ്‌നില ഇന്നിവിടെ ഇവിടെ പ്രകടമാണ്.
ശ്രീനാരായണഗുരു പ്രതിമക്ക് സംഭവിച്ച ഈ പരിണാമം സൂക്ഷ്മാര്‍ത്ഥത്തില്‍ കേരള സമൂഹത്തിന്റെ സാംസ്‌കാരിക ജീവിതത്തില്‍ വന്ന മാറ്റം കൂടിയാണ്. ജാതികേന്ദ്രീകൃതമായ ജീവിതക്രമത്തിലേക്കുള്ള തിരിച്ചു നടപ്പിന് നാരായണഗുരുവിനെ തന്നെ സ്വീകരിക്കുന്നുവെന്നതാണ് വിചിത്രമായ സംഗതി.

നാരായണഗുരു രൂപപ്പെടുത്തിയ ആശയലോകം വിപരീതബോധമായി അദ്ദേഹത്തെ തന്നെ കീഴടക്കുന്ന വിചിത്രമായ പുതിയ സന്ദര്‍ഭത്തിലാണ് സര്‍ക്കാര്‍ ചെലവില്‍ പൊതുവിടത്തില്‍ നാരായണഗുരുവിന്റെ പുതിയൊരു പ്രതിമ സ്ഥാപിക്കപ്പെടുന്നത്. ബ്രാഹ്മണിക്കലായ മൂല്യങ്ങളെ കയ്യൊഴിഞ്ഞുകൊണ്ട് മതേതരവും പുരോഗമനപരവുമായ ചിഹ്നമായി നാരായണപ്രതിമ വീണ്ടും ഉയര്‍ന്നുവരുമ്പോള്‍ ബ്രാഹ്മണ്യവും സംഘപരിവാറും അസ്വസ്ഥരാകും എന്നതില്‍ തര്‍ക്കമില്ല. നാരായണഗുരുവിന്റെ പ്രതിമകള്‍ക്കെല്ലാം സംഭവിച്ച ദുര്‍വിധി പുതിയതായി സ്ഥാപിക്കുന്ന പ്രതിമക്ക് സംഭവിക്കാതിരിക്കാന്‍, ഗുരുവിനെ സംഘപരിവാര്‍ ഏറ്റെടുക്കാതിരിക്കാന്‍ ഇടത് - മതേതര പക്ഷവും പുരോഗമന ജനാധിപത്യ സമൂഹവും ജാഗ്രതയോടെ ഉണര്‍ന്നിരിക്കേണ്ടതുണ്ട്.
ഗ്രന്ഥസൂചി :
1.സ്വാമി ഗീതാനന്ദ, 2011, മഹാസമാധി മന്ദിരസ്മൃതി, സ്വാമി ഗീതാനന്ദ ഗായത്രീ ആശ്രമം, ചാലക്കുടി
2.കുമാരന്‍ മൂര്‍ക്കോത്ത്, 2012, ശ്രീനാരായണ ഗുരുസ്വാമികളുടെ ജീവചരിത്രം, ശിവഗിരി മഠം പബ്ലിക്കേഷന്‍സ്, വര്‍ക്കല
3.ബാലകൃഷ്ണപിള്ള കേസരി, 2016, നവീന ചിത്രകല, കേരള ലളിതകല അക്കാദമി, തൃശ്ശൂര്‍
4. Walter Benjamin, 2009, The work of art in the age of Technological Reproducibility, Donald Preziosi, The art of Art history, oxford University Press.
5.Sujith sivanan , 2019, Sreenarayana Iconography : Its Transformation and Impact on Society and Politic , India and Civilizational Futures, Vinay Lal (ed), Oxford University Press.
സാദിഖ്
24 Sep 2020, 11:25 AM
അഭിവാദ്യങ്ങൾ
അജിത്കുമാർ എൽ
21 Sep 2020, 08:11 PM
ശ്രീ നാരായണ ഗുരു നിരാകരിച്ചതിനെയൊക്കെ ആർത്തിയോടെ സ്വായത്തമാക്കാനാണ് ശ്രീ നാരായണീയർ എന്ന് സ്വയം വിശേഷിപ്പിച്ചു നടക്കുന്ന കൂട്ടർ അശ്രാന്തം പരിശ്രമിച്ചു കൊണ്ടിരിക്കുന്നത് എന്ന വസ്തുത വർഷങ്ങൾ കഴിയേറും കൂടുതൽ സുവ്യക്തമാവുകയാണ് ...... നവോത്ഥാന ചിന്തേക്കാൾ കാപട്യം നിറഞ്ഞ ആത്മീയ ചിന്തയാണ് ഇവർ ക്കാധാരം .... ജാതി / മത ചിന്തകൾ ഇല്ലാതാവണം എന്ന് ഉദ്ഘോഷിച്ച ഗുരുവിനെത്തന്നെ ജാതിയുടെയും മതത്തിെറയും പ്രതീകമായി ഉയർത്തിക്കൊണ്ടുവരുന്നു..... ഗുരുവിന്റെ നാമേയത്തിൽ ആണയിട്ടു കൊണ്ടു തന്നെ ജാതിയും - മതവും ചോദിക്കുന്നു.... വിളംബരം ചെയ്യുന്നു......... ലേഖനം ഇതിെനെയെല്ലാം നന്നായി പ്രതിപാദിക്കുന്നു.......നന്ദി.....
Vinodkumar
21 Sep 2020, 06:46 PM
കുറച്ചു കൂടി ഗവേഷണം ആവശ്യം ആണ് ...ശിവ ലിംഗം പൊതുവെ തുറസായ സ്ഥലത്താണ് ഉള്ളത് ...ഭക്തർ നേരിട്ടാണ് പൂജ ...കേരളത്തിൽ വ്യത്യാസമുണ്ട്...രാഷ്ട്രീയ നേട്ടത്തിന് വേണ്ടി എല്ലാരും ഗുരുവിനെ വാഴ്ത്തും എങ്കിലും ഗുരുവിനോട് ആത്മാർഥ ഭക്തി ഉള്ളത് പിന്നോക്ക ജനത്തിനാണ്..അവരുടെ വികാരത്തെ മാനിക്കണം ...ബ്രാഹ്മണരുടെ മതത്തിൽ വിഗ്രഹ ആരാധനക്ക് സ്ഥാനമില്ല ..അത് ഇന്ത്യക്കാരുടെ പൈതൃകമാണ് ...ഗുരു ഉപദേശിച്ച വേദാന്ത ദർശനം ബ്രാഹ്മണരുടെ സംഭാവന അല്ല ..അത് ഇന്ത്യക്കാരുടെയാണ് ..ആദി ഗുരു സനകൻ ...വേദം നോക്കിയാൽ സനകൻ അസുര ഗുരു ... ആ ദർശനത്തിൽ സൃഷ്ട്ടാവായ ദൈവം ഇല്ല ... ആയതിനാൽ ഗുരുവിന്റെ പ്രസക്തി ഏറുന്നു ... മതങ്ങളിലെ ദൈവങ്ങളെക്കാളും മുകളിലാണ് ഭക്തർക്ക് ഗുരു ...
ജിനീഷ്
21 Sep 2020, 05:24 PM
പ്രതിമ മാത്രം ആയത് കൊണ്ട് എന്തുകാര്യം ഗുരുദേവൻ ടെ കൃതികളും അതിന്ടെ അർത്ഥങ്ങളും ഒന്നു ജനങ്ങളിൽ എത്തിച്ചുകൂടെ.
Tajmanzoor
21 Sep 2020, 04:03 PM
മികച്ച ലേഖനം
സജിത കെ. ആർ
21 Sep 2020, 01:44 PM
എത്ര സൂക്ഷ്മമായാണ് ഒരു കലാസൃഷ്ടി പോലും ജാതിയുടെ ഉപകരണമായി മാറുന്നെന്ന് ഇന്ദുലേഖയുടെ പഠനം സ്പഷ്ടമാക്കുന്നു. അഭിനന്ദനങ്ങൾ ഇന്ദുലേഖ
കെ.സതൃപ്രകാശ്
21 Sep 2020, 11:52 AM
ശ്രീനാരായണ ഗുരുദേവന്റെ പ്രതിമകളെ സിമന്റ് നാണു എന്ന് ആക്ഷേപിച്ചു പ്രതിമസ്ഥാപിക്കുന്നവരെ വർഗീയവാദി എ ന്ന് മുദ്രകുത്തി നടന്നവർ തന്നെ പ്രതിമസ്ഥാപിക്കുന്നു.എന്തിന്? അവർ നടപ്പാക്കിയ സാമ്പത്തിക സംവരണ ത്തിൽനിന്ന്ശ്രദ്ധതിരിക്കാൻ.
സുകുമാർ അരിക്കുഴ.
21 Sep 2020, 09:07 AM
ഗുരുവിനെ അറിയാൻ ഗുരുകൃതികളാണു തക്കുന്നത്. അതു പാഠ്യവിഷയം പോലുമല്ല ഇന്നും. സമൂഹത്തിലെ ഓരോ വിഭാഗത്തിനും അതിന്റേതായ ഓരോ മനോഭാവ നിർമ്മിതി ഉണ്ട്.അത് ഓരോ മത ജാതി രാഷട്രീയ പാർട്ടികൾക്കു മുണ്ട്. ഈ മനോഭാവ നിർമ്മാണത്തിൽ നടക്കുന്ന വെയിൻ കാര്യം വിദ്വേഷം, പക്ഷപാതം, ഗ് രേഡു ചിന്ത ഒക്കെയാണ്. സമബുദ്ധിയുടെ, ത്യാഗത്തിന്റെ, സ്നേഹത്തിന്റെ കണികകൾ പോലുമില്ല. ഈ ശീല നിർമാണത്തിന്റെ ഫലമാണു് മറയൂര് ചക്ളിയന്റെ മുടി ബാർബറുവെട്ടാത്തത്. ഇതും 1897 കാലത്ത് ബ്യൂബേണി ക് പ്ലേഗ് പടർന്ന കലത്ത് ചിത്പാ വൻ ബ്രാഹ്മണരായ ഡോക്ടർമാർ താഴ്ന്ന ജാതിക്കാർക്ക് ഇഞ്ചക്ഷൻ എടുക്കാതിരുന്നത്. രണ്ടും ഒരേ മനോഭാവത്തിന്റെ പ്രകടിത പ്രവർത്തനം ആണ്.ലളിതമായി പറഞ്ഞാൽ പോറ്റീടെ കോടതീൽ പുലയനു നീതി കിട്ടുമോ? നീതി സമഭാവനയോടെ യു ള്ള പരിഗണനയാണ്. കീഴാളന്റെ ജന്മം നീച ജന്മമാണെന്നു പറഞ്ഞു പരത്തുന്നത് കീഴാളനല്ല. മേലാളനാണു്. കലാകാരന്മാർക്കും സാഹിത്യ ബുദ്ധിജീവികൾക്കും ശബ്ദമില്ലാത്ത - അരികു വത്കൃതരോട് പ്രതിബദ്ധത ഇല്ലെന്നു പറഞ്ഞു പരത്തിയത് അതി കൗശല ബുദ്ധിയുള്ള മേലേക്കിട സാഹിത്യ നായകരാണ്.താഴെയുള്ളവരല്ല. ജനിക്കാത്ത - ചരിത്ര പുരുഷനല്ലാത്ത - രാമനെ - ഒരു കവിയുടെ ഭാവനയിൽ ജനിച്ച രാമനെ ദൈവമായി പ്രതിഷ്ഠിക്കാൻ ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രികർമ്മിയാകുന്ന നാട് .?!വിവേചനം എല്ലാക്കാലത്തും മഹാ വൈറസാണ്. ആ വൈറസിനുള്ള മരുന്നുകളാണ് ഗുരുദേവ കൃതികൾ. ജാതിഭേദം പോകണം എന്നാണ് ഗുരു ഒന്നാമതായി പറഞ്ഞത്. രണ്ടാമതാണ് മതം പറഞ്ഞത്.ഒന്നാമത് പറഞ്ഞത് ഇതുവരെ പരിഗണനയിൽ ഇല്ല. അത) യ ത് ജാതീതരത്വം.മതേതരത്വംഭരണഘടനയിൽ ചേർക്കുന്നതിനു മുമ്പേ ചേർക്കേണ്ടതു ജാതീതരത്വം ആയിരുന്നു' എങ്കിൽ ഇപ്പോൾ ചക്ലിയന്റെ മുടി വെട്ടാൻ വേറെ ബാർബർ കട ഇട്ടു കൊടുക്കേണ്ടി വരില്ലായിരുന്നു. വിവേചനം ഇത്രയും സ്പഷ്ടമായി കാണിച്ചവരുടെ പേരിൽ ജാതി അധിക്ഷേപത്തിനു് കേസെടുക്കാതെ - വേറെ കടയിട്ട് ............?. ഇന്ദുലേഖയുടെ സാംസ്ക്കാരിക പഠന- എഴുത്ത് ചിന്തനീയവും പ്രസക്തവും ആണ്. അഭിനന്ദനങ്ങൾ.
Raveendrababu KK
20 Sep 2020, 09:48 PM
Very Good. അനുമോദനങ്ങൾ.
ഡോ. ടി.എസ്. ശ്യാംകുമാര്‍
Apr 19, 2021
3 Minutes Read
രാജേഷ് കിഴിശ്ശേരി
Apr 16, 2021
3 Minutes Read
മനില സി.മോഹൻ
Apr 10, 2021
4 Minutes Watch
ഷിനോജ് ചോറന്‍
Mar 20, 2021
3 Minutes Read
കെ. സഹദേവന്‍
Mar 19, 2021
3 Minutes Read
കെ. സഹദേവന്‍
Mar 16, 2021
2 Minutes Read
എന്‍.കെ.ഭൂപേഷ്
Feb 16, 2021
9 Minutes Listening
അരുൺ ശങ്കർ
30 Sep 2020, 11:45 AM
വെങ്കലവും സിമന്റും പ്ലാസ്റ്റർ ഓഫ് പാരീസും പഞ്ചലോഹക്കൂട്ടുമെല്ലാം എത്രമേൽ രാഷ്ട്രീയ പൂരിതമാണ്...... ഖരരൂപത്തിൽ നിലീനമായ പ്രത്യയശാസ്ത്ര ബലതന്ത്രങ്ങളെ വെളിവാക്കാനുള്ള മികച്ച ഉദ്യമം......