ടെക്നോളജി അല്ല
പെഡഗോജി ആണ് മുഖ്യം
ടെക്നോളജി അല്ല പെഡഗോജി ആണ് മുഖ്യം
''രണ്ടു ലോകമഹായുദ്ധങ്ങളും മനുഷ്യരാശിയുടെമേല്‍ ഏല്‍പ്പിച്ച കടുത്ത ആഘാതത്തിനു തുല്യമായ ആഘാതം മുന്‍ മഹാവ്യാധികളും ഇപ്പോള്‍ ബാധിച്ചിരിക്കുന്ന കോവിഡ് 19 വൈറസും സൃഷ്ടിച്ചിട്ടുണ്ട്. ഈ ആഘാതം ഗുണാത്മകമായ എന്തെങ്കിലും മാറ്റം മനുഷ്യജീവിതത്തില്‍ ഉണ്ടാക്കുമോ എന്നതാണ് പ്രസക്തമായ ചോദ്യം".
12 Jun 2020, 02:22 PM
കോവിഡ് മഹാമാരിക്ക് ശേഷം ലോകം എങ്ങിനെയൊക്കെമാറും എന്ന ആശങ്കയിലാണ് മനുഷ്യനെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തുന്ന എല്ലാ ദര്‍ശനങ്ങളും. എന്നാല്‍ മനുഷ്യനൊഴിച്ചുള്ള ഭൂമിയിലെ ജീവജാലങ്ങളെ ഈ ആശങ്ക ബാധിക്കുന്നതേയില്ല. സൗരയൂഥത്തിലും പ്രപഞ്ചത്തിലും ഈ സൂക്ഷ്മാണു ഒരു ചലനവും സൃഷ്ടിക്കുന്നുമില്ല. പ്രകൃതിയേയും അന്യഗ്രഹങ്ങളേയും തന്റെ വരുതിയിലാക്കാന്‍ ശ്രമിക്കുന്ന മനുഷ്യന്റെ ദുരമൂത്ത പരിശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയാണ് ഈ ആഗോളമഹാമാരി എന്ന വാദത്തിനു ഇപ്പോള്‍ വലിയ സ്വീകാര്യത ലഭിക്കുന്നുമുണ്ട്. മുതലാളിത്ത വ്യവസ്ഥിതിയുടെ അനിവാര്യമായ തകര്‍ച്ചയായും ഈ പ്രതിസന്ധിയെ പലരും നോക്കിക്കാണുന്നുണ്ട്. മനുഷ്യവര്‍ഗത്തിന്റെ സര്‍വനാശത്തിനുകാരണമാവുക രാജ്യങ്ങള്‍തമ്മിലുള്ള ആണവയുദ്ധമായിരിക്കും എന്ന് കരുതിയിരുന്ന കാലത്താണ് ഒരു സൂക്ഷ്മാണു സൃഷ്ടിച്ച മഹാവ്യാധി മനുഷ്യരാശിയോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടു ലോകമഹായുദ്ധങ്ങളും മനുഷ്യരാശിയുടെമേല്‍ ഏല്‍പ്പിച്ച കടുത്ത ആഘാതത്തിനു തുല്യമായ ആഘാതം മുന്‍ മഹാവ്യാധികളും ഇപ്പോള്‍ ബാധിച്ചിരിക്കുന്ന കോവിഡ് 19 വൈറസും സൃഷ്ടിച്ചിട്ടുണ്ട്. ഈ ആഘാതം ഗുണാത്മകമായ എന്തെങ്കിലും മാറ്റം മനുഷ്യജീവിതത്തില്‍ ഉണ്ടാക്കുമോ എന്നതാണ് പ്രസക്തമായ ചോദ്യം.
മനുഷ്യവര്‍ഗത്തിന്റെ സര്‍വനാശത്തിനുകാരണമാവുക രാജ്യങ്ങള്‍തമ്മിലുള്ള ആണവയുദ്ധമായിരിക്കും എന്ന് കരുതിയിരുന്ന കാലത്താണ് ഒരു സൂക്ഷ്മാണു സൃഷ്ടിച്ച മഹാവ്യാധി മനുഷ്യരാശിയോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്.
മനുഷ്യരെ മാത്രം ബാധിക്കുന്ന കാര്യം എന്നനിലയില്‍ ഒരു പ്രശ്നത്തെ വിശകലനം ചെയ്യുമ്പോള്‍ മനുഷ്യര്‍ക്ക് സവിശേഷമായുള്ള ജീവിത അവബോധത്തെയും വിശകലന വിധേയമാക്കേണ്ടിവരും. മറ്റുജീവികളില്‍നിന്നു വ്യതസ്തമായി മനുഷ്യര്‍ക്ക് മാത്രം അവകാശപ്പെടാവുന്ന ആ സവിശേഷത ഭാഷയും ചിന്തയും ആണെന്ന് പലരും അഭിപ്രായപ്പെടാറുണ്ട്. പക്ഷെ ഭാഷയ്ക്കും ചിന്തയ്ക്കും അപ്പുറം മനുഷ്യരുടെ ജീവിതാവബോധം സൃഷ്ടിക്കപ്പെടുന്നത് അറിഞ്ഞോ അറിയാതെയോ അവര്‍ പിന്തുടരുന്ന ആശയസംഹിത അഥവാ പ്രത്യയശാസ്ത്രം (ideology) വഴിയാണന്നത് കാണാതിരുന്നുകൂടാ. മനസ്സിന്റെ തത്വശാസ്ത്രം (Philosophy of the mind) എന്ന അര്‍ത്ഥത്തിലാണ് ഫ്രഞ്ചുഭാഷയില്‍ ഐഡിയോളജി എന്നപദം ആദ്യമായി ഉപയോഗിക്കപ്പെട്ടത്. മാര്‍ക്സും ഏംഗല്‍സും സമൂഹത്തില്‍ വേരോടിയ ആധിപത്യ സ്വഭാവമുള്ള ആശയസംഹിതകളെയാണ് ഐഡിയോളജി എന്നപദത്തിലൂടെ സൂചിപ്പിച്ചത്.

അടിസ്ഥാനവര്‍ഗവും അധീശവര്‍ഗവും വ്യത്യസ്തമായ ഐഡിയോളജി വച്ചു പുലര്‍ത്തും എന്ന് ലെനിന്‍ അഭിപ്രായപ്പെട്ടത് പിന്നീടാണ് എന്നും റെയ്മണ്ട് വില്യംസ് നിരീക്ഷിച്ചിട്ടുണ്ട് (Keywords: A Vocabulary of Culture and Society). മനുഷ്യര്‍ അറിഞ്ഞോ അറിയാതെയോ മുറുകെപ്പിടിക്കുന്ന ഐഡിയോളജിയെ അഭിസംബോധന ചെയ്തുകൊണ്ടുമാത്രമേ ഭാവിലോകത്തെക്കുറിച്ചുള്ള ഏതൊരു വിചാരവും അര്‍ത്ഥപൂര്‍ണമാവുകയുള്ളൂ. ആയുധശക്തികൊണ്ടും ആള്‍ബലംകൊണ്ടും നേടാന്‍ കഴിയാത്ത മേല്‍ക്കോയ്മ ജനങ്ങളുടെ മനസ്സിനെ കീഴടക്കിക്കൊണ്ടുനേടാം എന്ന തിരിച്ചറിവ് സംഘടിത പ്രസ്ഥാനങ്ങള്‍ ആര്‍ജിക്കുന്നത് അടുത്തകാലത്താണ്. മുതലാളിത്തം ഈ തിരിച്ചറിവ് വളരെ മുന്‍പെ നേടുകയും ടെലിവിഷന്‍വഴിയും, ഇന്റര്‍നെറ്റ് വഴി ലഭ്യമായ സാമൂഹ്യമാധ്യമങ്ങള്‍വഴിയും തങ്ങളുടെ നിയോലിബറല്‍ ഐഡിയോളജി സമൂഹമനസ്സില്‍ സ്ഥാപിച്ചെടുക്കുകയുംചെയ്തു.
ജനിച്ചുവീണയുടന്‍തന്നെ മാസ് മീഡിയ സ്വാധീനത്തിനുവിധേയമായി അഭിരുചികളും ജീവിത ദര്‍ശനവും രൂപപ്പെടുത്തുന്ന ഒരു തലമുറയെ കോവിഡ് അനന്തര ലോകജീവിതത്തിനു സജ്ജമാക്കുക എന്നത് തികച്ചും വെല്ലുവിളിനിറഞ്ഞ പ്രവൃത്തിയാണ്. പ്രത്യയശാസ്ത്ര നിര്‍മാണത്തിലും വിതരണത്തിലും ഏര്‍പ്പെട്ടിരിക്കുന്ന സാംസ്‌കാരിക ഉപകരണങ്ങളാണ് സ്‌കൂളുകള്‍ എന്ന അല്‍ത്തൂസറിന്റെ നിരീക്ഷണം ഏറെ പ്രസക്തമായ പുതുകാലത്ത് മാസ് മീഡിയയുടെ ദുസ്വാധീനത്തില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും ഭാവികാല ജീവിതത്തിനനുയോജ്യമായി ഒരുക്കിയെടുക്കുന്നതില്‍ വിദ്യാഭ്യാസത്തിന്റെ പങ്ക് വളരെ വലുതാണ്. വിമര്‍ശനാത്മക മാധ്യമ സാക്ഷരത (Critical Media Literacy) വിദ്യാര്‍ത്ഥികളില്‍ സൃഷ്ടിക്കുകവഴി മാസ്സ് മീഡിയയെ ശരിയായി മനസ്സിലാക്കാന്‍ അവര്‍ക്കുകഴിയണം.

ഒരു വ്യക്തി രൂപപ്പെടുത്തുന്ന ഐഡിയോളജി അയാളുടെ സ്വേച്ഛാപരമായ തിരഞ്ഞെടുപ്പുകള്‍ വഴിയല്ല സംഭവിക്കുന്നത്. ബഹുജനമാധ്യമങ്ങളുടെ(mass media) സ്വാധീനത്തില്‍നിന്നു മുക്തമായി ഒരു ഐഡിയോളജി രൂപപ്പെടുത്തിയെടുക്കാന്‍ അപൂര്‍വം മനുഷ്യസമൂഹങ്ങള്‍ക്കേ വര്‍ത്തമാനകാലത്ത് കഴിയുകയുള്ളൂ. എഡ്വേര്‍ഡ് ഹെര്‍മനും നോം ചോംസ്‌കിയും ചേര്‍ന്നെഴുതിയ സമ്മതികളുടെ നിര്‍മ്മിതി (Manufacturing Consent: The Political Economy of the Mass Media) എന്ന വിഖ്യാത പുസ്തകത്തില്‍ ചൂണ്ടിക്കാണിച്ചപോലെ പട്ടാള കാര്‍ക്കശ്യമുള്ള ഭരണാധികാരിയുടെ സാന്നിധ്യം ഇല്ലാതെതന്നെ പൗരസമൂഹത്തെ അനുസരണയുള്ളവരും എന്തിനും സമ്മതം മൂളുന്നവരും ചോദ്യംചെയ്യാന്‍ വിമുഖരുമാക്കിമാറ്റാന്‍ കോര്‍പറേറ്റ് സ്പോണ്‍സേര്‍ഡ് കച്ചവട താത്പര്യ മാധ്യമങ്ങളിലൂടെ സാധിക്കുന്നു. അഭിരുചികളും ജീവിതവീക്ഷണവുമെല്ലാം ചേര്‍ന്ന വ്യക്തിയെരൂപപ്പെടുത്തുന്നതില്‍ ബഹുജനമാധ്യമങ്ങള്‍ നിര്‍ണായകമായ പങ്ക് വഹിക്കുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ സമൂഹമാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകളുടെ ഉള്ളടക്കം ശരിയായി വിശകലനം ചെയ്യാന്‍ അഞ്ച് ""ഫില്‍ട്ടറുകളിലൂടെ'' കടന്നുപോകണമെന്ന് ഹെര്‍മനും ചോംസ്‌കിയും വാദിക്കുന്നു. അവ യഥാക്രമം 1. ഉടമസ്ഥാവകാശം (ownership) (വാര്‍ത്ത നല്‍കുന്ന സ്ഥാപനത്തിന്റെ ഉടമ ആരാണ്?), 2.ധനസഹായം (funding) (വാര്‍ത്ത നല്‍കുന്ന സ്ഥാപനത്തിന് സാമ്പത്തിക സഹായം ചെയ്യുന്നതാരാണ്?), 3. പക്ഷപാതം (bias) (ആരുടെ പക്ഷമാണ് വാര്‍ത്ത പറയുന്നത്?), 4. രൂക്ഷ വിമര്‍ശനം (flak) (ഏത് ഗ്രൂപ്പുകളാണ് വാര്‍ത്തയ്ക്കെതിരെ പക്ഷപാതിത്വം ആരോപിക്കുന്നത്?), 5. മാനദണ്ഡങ്ങള്‍ (norms) (മാധ്യമപ്രവര്‍ത്തകര്‍ പങ്കിടുന്ന പൊതുവിശ്വാസപ്രമാണങ്ങള്‍ എന്തൊക്കെ?) എന്നിങ്ങനെയാണ്. മാധ്യമങ്ങള്‍ വായനക്കാരന് / പ്രേക്ഷകന് നല്‍കുന്ന വാര്‍ത്തകളെയും വിവിധ അവതരണങ്ങളെയും ഈ ഫില്‍റ്ററുകളിലൂടെ വിശകലനവിധേയമാക്കി വേണം സ്വീകരിക്കാന്‍ എന്ന് ഈ ഗ്രന്ഥകാരന്‍മാര്‍ നമ്മെ ഓര്‍മിപ്പിക്കുന്നു.
ഡിസ്‌നികാര്‍ട്ടൂണ്‍ പരമ്പരകള്‍ കുട്ടികളെ എങ്ങിനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് അമേരിക്കന്‍ ക്രിട്ടിക്കല്‍ പെഡഗോഗ് ഹെന്റി ഗ്യുറക്‌സ് അദ്ദേഹത്തിന്റെ ഉജ്ജ്വലമായ ലേഖനത്തില്‍ "യുവത്വത്തിന്റെ കാര്‍ട്ടൂണീകരണം: കുട്ടികളുടെ സംസ്‌കാരത്തിന്റെ ഡിസ്‌നിഫിക്കേഷന്‍' (Animating Youth: The Disneyfication of Children's Culture) വിശദമായി പ്രതിപാദിക്കുന്നുണ്ട്. ശിശുഭാവനയെ ഉണര്‍ത്തുന്ന, കുഞ്ഞുങ്ങളെ സന്മാര്‍ഗ വഴിയില്‍ നയിക്കാന്‍ പര്യാപ്തമായ ഒന്നാണ് ഡിസ്‌നികാര്‍ട്ടൂണ്‍ പരമ്പര എന്ന ജനപ്രിയ വാദത്തെ തള്ളിക്കളയുകയാണ് ഗ്യൂറക്‌സ്. കുട്ടികളിലെ മൂല്യബോധം, ആശയ സ്വീകരണം, അറിവുനിര്‍മാണം എന്നിവയില്‍ സ്‌കൂള്‍, കുടുംബം, മതം എന്നിവയെക്കാളൊക്കെ ശക്തമായി സ്വാധീനിക്കാന്‍ കഴിവുള്ളതാണ് ഈ കാര്‍ട്ടൂണ്‍ പരമ്പര എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. സ്ത്രീകഥാപാത്രങ്ങളെ പുരുഷനിഴലില്‍ നിര്‍ത്തുന്ന, കുടുംബ / സമൂഹ സങ്കല്‍പ്പങ്ങളില്‍ തികച്ചും യാഥാസ്ഥിതികമായ കാഴ്ച്പ്പാട് വെച്ചുപുലര്‍ത്തുന്ന, അധികാരഘടന വര്‍ഗബന്ധങ്ങള്‍ എന്നിവയെ വിമര്‍ശനമേതുമില്ലാതെ വിഴുങ്ങുന്ന ചരിത്ര നിരാസത്തിന്റെ വലിയ പാഠങ്ങളാണ് പ്രത്യക്ഷത്തില്‍ നിര്‍ദ്ദോഷമെന്നു കരുതുന്ന ഈ കാര്‍ട്ടൂണ്‍ പരമ്പര കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത്.

പാരമ്പര്യത്തെ മുറുകെപ്പിടിക്കുന്ന ജനാധിപത്യ വിരുദ്ധമായ ലോകവീക്ഷണമാണ് അത് ഉല്‍പ്പാദിപ്പിക്കുന്നത്. ഡിസ്നി കാര്‍ട്ടൂണുകള്‍ വളരെ ചെറുപ്പം മുതലേകണ്ടു ശീലിക്കുന്ന ഒരുകുട്ടി മറ്റൊരാളെ ശാരീരികമായി വേദനിപ്പിക്കുന്നതിനെ (inflicting pain on others) കുറിച്ച് രൂപീകരിക്കുന്ന ധാരണ എന്തായിരിക്കും? റ്റോം ആന്റ് ജറി കാര്‍ട്ടൂണ്‍ പരമ്പരയില്‍ റ്റോമിന് കൂര്‍ത്ത ആണികള്‍ എഴുന്നുനില്‍ക്കുന്ന പലകകൊണ്ട് അടികിട്ടുന്നു. അവന്റെ പിന്‍ഭാഗം തുളഞ്ഞുപോകുന്നു. വേദനകൊണ്ട് ആകാശത്തേക്ക് ഉയര്‍ന്നുപൊങ്ങുന്ന റ്റോം ഒരു നീര്‍ച്ചാലില്‍ വീഴുന്നു. അവന്റെ പിന്‍ഭാഗത്തെ തുളകളില്‍ വെള്ളം നിറയുന്നു. അവന്‍ കരയിലേക്ക് ചാടുന്നു. അവിടെ വാടിക്കരിഞ്ഞു നില്‍ക്കുന്ന ഒരു പനിനീര്‍ ചെടി കാണുന്നു. അതിന്റെ തടത്തിലേക്ക് ഒരു കെറ്റിലില്‍നിന്ന് എന്നപോലെ പിന്‍ഭാഗത്തെ തുളകളില്‍ ശേഖരിച്ച വെള്ളം തളിക്കുന്നു. പനിനീര്‍ചെടി തളിര്‍ക്കുന്നു. അതില്‍ മനോഹരമായ ഒരുപൂവ് വിരിയുന്നു. ആണിപ്പലകകൊണ്ട് കിട്ടുന്ന അടിയുടെ ഗുണങ്ങള്‍ നോക്കൂ! രക്തം ഒരു തുള്ളിപോലുമില്ല! കെറ്റിലിനുപകരം തുളകള്‍വീണ പിന്‍ഭാഗത്തെ ഉപയോഗിക്കുകയും ചെയ്യാം! അക്രമം(violence) ഇതില്‍പ്പരം സര്‍ഗാത്മകായി പിഞ്ചുമനസ്സുകളിലേക്ക് എങ്ങിനെ കുത്തിവെക്കാന്‍ പറ്റും?
കോവിഡ്ബാധയുടെ ഈ ഘട്ടത്തില്‍ മരണത്തിന്റെയും രോഗബാധയുടെയും കണക്കുകള്‍ (data) മാത്രം നോക്കിനില്‍ക്കുകയാണ് നമ്മള്‍. അതുകൊണ്ടാണ് സിസക്ക് അദ്ദേഹത്തിന്റെ ഏറ്റവും പുതിയപുസ്തകത്തില്‍ "മഹാമാരി! കോവിഡ് 19 ലോകത്തെ പിടിച്ചുലക്കുന്നു' (Pandemic!: Covid-19 Shakes the World) ചോദിക്കുന്നത്, ഡാറ്റ അവസാനിക്കുകയും ഐഡിയോളജി തുടങ്ങുകയും ചെയ്യുക എവിടെവച്ചാണ് എന്ന്. എല്ലാവരുംതുല്യരാണ് എന്ന് പറഞ്ഞിരുന്ന ആ പ്രത്യയശാസ്ത്രം, കമ്മ്യൂണിസം എന്ന് ഒരിക്കല്‍ വിളിച്ചിരുന്ന ആ ഐഡിയോളജിയുടെ പുതിയപ്രയോഗം മാത്രമാണ് ഈ മഹാമാരിയെ നേരിടാനുള്ള ഏക വഴി എന്നും സിസക്ക് ഈ പുസ്തകത്തില്‍ നിരീക്ഷിക്കുന്നു. അര്‍ഹതയുള്ളത് മാത്രം അതിജീവിച്ചാല്‍മതി (Survival of the fittest) എന്ന സോഷ്യല്‍ ഡാര്‍വിനിസ്റ്റ് കാട്ടാളത്തത്തിലേക്കു നമ്മള്‍ പോവണമോ എല്ലാവരെയും ചേര്‍ത്തുപിടിക്കുന്ന തുല്യതയുടെ പ്രത്യയശാസ്ത്രത്തെ സ്വീകരിക്കണമോ എന്ന ചോദ്യമാണ് അദ്ദേഹം ഉയര്‍ത്തുന്നത്.
ഭാവികാല വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസമാണ് കോവിഡ് അനന്തരകാലത്തെ ഒറ്റമൂലി എന്ന നിലക്കാണ് പുരോഗമിക്കുന്നത്
ഭാവികാല വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസമാണ് കോവിഡ് അനന്തരകാലത്തെ ഒറ്റമൂലി എന്ന നിലക്കാണ് പുരോഗമിക്കുന്നത്. ക്ലാസ് മുറികള്‍ക്കു പകരം വീടകങ്ങള്‍ പഠന കേന്ദ്രങ്ങളാവുന്ന അവസ്ഥയാണ് ഇനി വരാനിരിക്കുന്നത് എന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്. സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയാലും ഓണ്‍ലൈന്‍ ക്ലാസുകളുടെ വിപുലീകരണം (extension) എന്ന നിലയിലായിരിക്കും അവ ഇനിയുള്ളകാലം പ്രവൃത്തിക്കുക എന്നും പറയുന്നുണ്ട്. ലോകത്തെമ്പാടുമുള്ള കോടിക്കണക്കായ വിദ്യാര്‍ത്ഥികളെ ഉന്നം വച്ചുകൊണ്ട് വന്‍ നിക്ഷേപത്തിന് ഒരുങ്ങുകയാണ് സ്വകാര്യമേഖല. ബോധനശാസ്ത്രം (pedagogy) നാളിതുവരെ കൈവരിച്ച പുരോഗമന ചിന്താഗതിയെ പാടെ അപ്രസക്തമാക്കുന്ന അധ്യാപക കേന്ദ്രീകൃതമായ വിവരവിതരണമാണ് നടക്കാന്‍ പോകുന്നത്. വിവരത്തെ (information) അറിവാക്കി (knowledge) മാറ്റുന്ന ബോധനശാസ്ത്ര രീതികള്‍ ലാഭം മാത്രം ലക്ഷ്യം വെക്കുന്ന വന്‍കിടസംരംഭകരെ സംബന്ധിച്ചെടുത്തോളം അപ്രസക്തമാണ്. സ്വകാര്യമേഖലയിലെ കേന്ദ്രീകൃത ഓണ്‍ലൈന്‍ ക്ലാസുകള്‍ മുന്നോട്ടുവെക്കുന്ന സാമൂഹ്യലക്ഷ്യങ്ങളും അവയിലൂടെ ഒളിച്ചുകടത്തപ്പെടുന്ന പാഠ്യപദ്ധതിയും (hidden curriculum) തുറന്നുകാട്ടുകയാവണം പുരോഗമന വിദ്യാഭ്യാസ (progressive education) പ്രവര്‍ത്തനത്തിന്റെ മുഖ്യലക്ഷ്യം.
ചരിത്രത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരുപരിവര്‍ത്തന ഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. ലോകത്തെമ്പാടും സര്‍വകലാശാലകളും സ്‌കൂളുകളും അടഞ്ഞുകിടക്കുന്നു, ആളുകള്‍ തൊഴില്‍ തേടി അലയുന്നു, എവിടെയും കുടുംബത്തിന്റെയും അവനവന്റെയും ആരോഗ്യത്തെക്കുറിച്ച് പരിഭ്രാന്തരായ മനുഷ്യര്‍മാത്രം, രോഗം ബാധിക്കാതിരിക്കുന്നതും ബാധിക്കുന്നതും തമ്മിലുള്ള അതിര്‍വരമ്പ് നേര്‍ത്തുനേര്‍ത്ത് വരുന്നു. സുരക്ഷിതം / അരക്ഷിതം, ഉല്‍പ്പാദനക്ഷമം / ഉല്‍പ്പാദനക്ഷമമല്ലാത്ത, അകലം / അടുപ്പം എന്നീ ദ്വന്ദ്വങ്ങള്‍ അപ്രത്യക്ഷമാകുന്നു. പഠനത്തെക്കുറിച്ചും തൊഴില്‍ സാധ്യതയെക്കുറിച്ചും ഒന്നും പ്രതീക്ഷിക്കാനാവാത്ത അവസ്ഥയെ കൂടുതല്‍ പ്രശ്‌നകലുഷിതമാക്കുകയാണ് എല്ലാം ഓണ്‍ലൈനിലേക്ക് മാറുന്ന രീതി. ഒരുപാട് മനുഷ്യരെ പുറംതള്ളാന്‍ ഓണ്‍ലൈന്‍വത്ക്കരണം കാരണമാവും എന്നുമാത്രമല്ല വിദ്യാഭ്യാസം ഉള്‍പ്പടെ എല്ലാത്തിനേയും അപമാനവീകരിക്കാനും(dehumanize) ഇത് കാരണമാവും.
മഹാമാരിയുടെ ഭീഷണിയില്‍ ജീവിക്കുന്ന ലോകത്തെ മുഴുവനാളുകളും പങ്കുവെക്കുന്ന മാനസികാഘാതത്തെ (trauma) സംബോധനചെയ്തുകൊണ്ടു മാത്രമേ ഏതൊരു വിദ്യാഭ്യാസ പ്രവര്‍ത്തനവും ആരംഭിക്കാന്‍ പാടുള്ളു. മത്സര ബുദ്ധിയോടെ പൊടുന്നനെ പാഠങ്ങള്‍ പഠിപ്പിക്കാനും പഠിക്കാനുമല്ല ഈ ഘട്ടത്തില്‍ ശ്രമിക്കേണ്ടത്. ഈ ട്രോമ താറുമാറാക്കിയ മാനസിക നിലയിലുള്ള കുഞ്ഞുങ്ങളെ കണ്ടില്ലാ എന്ന് നടിക്കുന്നത് മനുഷ്യത്വവിരുദ്ധമാണ്. മാത്രമല്ല ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ വീടകങ്ങളില്‍ രക്ഷിതാക്കളുടെ കൂടെ സാന്നിദ്ധ്യത്തിലാണ് നടക്കുന്നത്. വിദ്യഭ്യാസ കാര്യങ്ങളില്‍ രക്ഷിതാക്കള്‍ എങ്ങിനെ ഇടപെടണം എന്ന് കൂടി ബോധ്യപ്പെടുത്തേണ്ടതും ഉണ്ട്. പാരന്റിംഗ് വിദ്യാഭ്യാസത്തില്‍ എത്രത്തോളം പ്രാധാന്യമുള്ളതാണ് എന്ന തിരിച്ചറിവ് രക്ഷിതാക്കളില്‍ സൃഷ്ടിക്കാന്‍ പറ്റിയ സന്ദര്‍ഭവുമാണിത്. ഇതോടൊപ്പം ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ് ശരിയായ ബോധനശാസ്ത്ര രീതിയുടെ പ്രയോഗം. മനുഷ്യാഭിമുഖ്യമില്ലാത്ത ടെക്നോളജിയെ മനുഷ്യപക്ഷത്തുനില്‍ക്കുന്ന പെഡഗോജിവഴി ശരിയായ ദിശയില്‍ നയിക്കേണ്ടതുണ്ട്.

എന്താണ് ആ ശരിയായ പെഡഗോജിയുടെ രീതിശാസ്ത്രം? ഒന്നാമതായി അത് ഓരോകുട്ടിയുടെയും മൂര്‍ത്ത സാഹചര്യത്തെ കണക്കിലെടുക്കുന്നതാവണം എന്നതാണ്. ഒരു രാജ്യത്തിനും ഒരു സംസ്ഥാനത്തിനും കേന്ദ്രീകൃതമായ ഒരേ ക്ലാസുകള്‍ സംപ്രേഷണം ചെയ്യുക എന്നത് അതിന്റെ രീതിയല്ല. മാതൃഭാഷ മലയാളം പോലുമല്ലാത്ത എത്രയോകുട്ടികള്‍ കേരളത്തില്‍ പഠനം നിര്‍വഹിക്കുന്നുണ്ട്. കോവിഡ് കരുതലിന്റെ കേരളാ മാതൃക ലോകം മുഴുവന്‍ അംഗീകരിച്ച ഈ ഘട്ടത്തില്‍ വിദ്യാഭ്യാസപ്രക്രിയ ചിലകുട്ടികളെയെങ്കിലും പുറംതള്ളുന്നതായിക്കൂട. ആദിവാസിഭാഷകളില്‍വരെ വിവര്‍ത്തനം ചെയ്യപ്പെടേണ്ട പഠന പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ആലോചന കയ്യൊഴിഞ്ഞുകൊണ്ടാവരുത് കേന്ദ്രീകൃതമായ ഓണ്‍ലൈന്‍ ക്ലാസുകള്‍. അധ്യാപകനും വിദ്യാര്‍ത്ഥിയും തമ്മില്‍ നടക്കേണ്ട അര്‍ഥപൂര്‍ണമായ സംവാദമാണ് അറിവ് നിര്‍മാണത്തിന് കുട്ടിയെ സഹായിക്കുക. സംവാദ സാധ്യത ഇല്ലാത്ത ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒരുകാരണവശാലയും സ്വീകാര്യമല്ല. കേന്ദ്രീകൃത ഓണ്‍ലൈന്‍ ക്ലാസിന്റെ ഫെസിലിറ്റേറ്റര്‍മാരായി ഒരോ അധ്യാപികയും മാറണം എന്ന് പറയുന്നുണ്ട്. ഇവിടെ രണ്ടുപ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുന്നുണ്ട്. ഒന്ന് ഇന്റര്‍നെറ്റ് പ്രാപ്യതയും (access) സ്മാര്‍ട്ട് ഫോണും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഉണ്ടായാല്‍ മാത്രമേ ഈ ഫെസിലിറ്റേഷന്‍ സാധ്യമാവൂ എന്നതാണ്. ഡിജിറ്റല്‍ ഡിവൈഡ് നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ ഇത് എത്രത്തോളം ഉറപ്പാക്കാന്‍ കഴിയും എന്നത് പ്രവചിക്കാന്‍ കഴിയുന്നകാര്യമല്ല. രണ്ടാമതായി ടെലിവിഷന്‍ വഴി ലഭ്യമായ ക്ലാസ് അത് ഫെസിലിറ്റേറ്റ് ചെയ്യുന്ന അധ്യാപികയുടെ ബോധനരീതിയുമായി ചേര്‍ന്നുപോവുന്നില്ലെങ്കില്‍ ഉണ്ടാവാനുള്ള പ്രശ്‌നങ്ങളും കണക്കിലെടുക്കണം എന്നതാണ്. നിലനില്‍ക്കുന്ന അധികാരഘടനയെ ചോദ്യം ചെയ്യുന്നതും ജനാധിപത്യപരമായ ഇടപെടലിനെ പ്രോത്സാഹിപ്പിക്കുന്നതുമാവണം നമ്മള്‍ പിന്തുടരുന്ന പുതിയ പെഡഗോജി. കേന്ദ്രീകൃതമായ ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഇതിന്റെ സാധ്യത തുലോം വിരളമാണ്.
അധ്യാപകനും വിദ്യാര്‍ത്ഥിയും തമ്മില്‍ നടക്കേണ്ട അര്‍ഥപൂര്‍ണമായ സംവാദമാണ് അറിവ് നിര്‍മാണത്തിന് കുട്ടിയെ സഹായിക്കുക. സംവാദ സാധ്യത ഇല്ലാത്ത ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒരുകാരണവശാലയും സ്വീകാര്യമല്ല.
വിവരത്തിന്റെ നിഷ്‌ക്രിയമായ സ്വീകര്‍ത്താവാകാതെ (passive recipient of information) വിദ്യാര്‍ത്ഥികളെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുകയും അറിവുനിര്‍മാണത്തിന്റെ സക്രിയമായ കാര്യകര്‍ത്താവ് (active agent of knowledge construction) ആക്കിമാറ്റുകയുമാവണം ബോധനശാസ്ത്രത്തിന്റെ പ്രാഥമിക ലക്ഷ്യം. ചിന്തയുടെമേല്‍ ഭാഷയുടെ പ്രാമാണികത്വം സ്ഥാപിച്ച പരികല്‍പ്പന മുന്നോട്ടുവച്ച സാപ്പിയര്‍, വോര്‍ഫ് (Sapir-Whorf hypothesis) എന്നീ ഭാഷാശാസ്ത്രകാരന്മാരും അവരുടെ പരികല്‍പ്പനയുടെ ചുവടുപിടിച്ച് ഒരു വ്യക്തിയുടെ ഭാഷയിലും സംസ്‌കാരത്തിലും ഐഡിയോളജിയിലും (language, culture and ideology) മാതൃഭാഷയ്ക്ക് നിര്‍ണായകമായ പങ്കുണ്ടെന്ന് സ്ഥാപിച്ച സാമൂഹ്യ ഭാഷാ ശാസ്ത്രകാരന്മാരായ ഫെയര്‍ക്‌ളോവും പെന്നി കുക്കും വിദ്യാഭ്യാസത്തില്‍ മാതൃഭാഷയുടെ പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്. കേന്ദ്രീകൃത ഓണ്‍ലൈന്‍ ക്ലാസുകള്‍ ലോകത്തെമ്പാടുമുള്ള അനേകം വിദ്യാര്‍ത്ഥികളുടെ മാതൃഭാഷയെ പുറംതള്ളും എന്നതില്‍ സംശയമില്ല. മാതൃഭാഷയില്‍ പഠിക്കാന്‍ കഴിയുക എന്നതാണ് ശരിയായ ബോധനശാസ്ത്രത്തിന്റെ ആദ്യപടി. സൗന്ദര്യാത്മകവും സര്‍ഗാത്മകവും ചിന്തയെ ഉണര്‍ത്തുന്നതും വിമര്‍ശനാവബോധത്തെ പ്രോത്സാഹിപ്പിക്കുന്നതുമാവണം നാം സ്വീകരിക്കുന്ന ബോധനശാസ്ത്രം. അത്തരം വിദ്യാഭ്യാസ പ്രക്രിയയിലൂടെ കടന്നുവരുന്ന ഒരു തലമുറയ്ക്ക് മാത്രമേ ഭാവി ജീവിതത്തെക്കുറിച്ചും ഭൂമിയുടെ നിലനില്‍പ്പിനെക്കുറിച്ചും ശരിയായരീതിയില്‍ ചിന്തിക്കാന്‍ കഴിയുകയുള്ളു. വിദ്യാഭ്യാസമേഖലയും ആരോഗ്യരംഗവും ഉള്‍പ്പെടെ സമസ്തമേഖലയിലെയും കച്ചവടം കൊഴുപ്പിക്കാന്‍ മാത്രമുള്ള വിദ്യാഭ്യാസമല്ല ഇനിവേണ്ടത് എന്ന തിരിച്ചറിവാണ് നയരൂപീകരണ സമിതികളില്‍ ഇരിക്കുന്നവര്‍ക്കുണ്ടാവേണ്ടത്. കച്ചവട താത്പര്യങ്ങളുടെ അധീശത്ത ഐഡിയോളജി തള്ളിക്കളയാന്‍ കെല്‍പ്പുള്ള ബോധനശാസ്ത്രം വികസിപ്പിച്ചെടുക്കുകയാണ് വേണ്ടത്. വന്‍കിട കോര്‍പ്പറേറ്റുകള്‍ വച്ചുനീട്ടുന്ന ടെക്നോളജിക്കു കീഴ്‌പ്പെടുന്നതാവരുത് ആ പെഡഗോജി. പെഡഗോജിയെ മുന്നോട്ടുനയിക്കാനാവശ്യമായ ടെക്നോളജിയാണ് വിദ്യാഭ്യാസ മേഖലയ്ക്ക് ആവശ്യം.
രാകേഷ്
2 Jul 2020, 03:57 PM
കോവി ഡ് - 19 ജീവിതത്തിന്റെ സമസ്ത മേഖലയിലുമെന്ന പോലെ വിദ്യാഭ്യാസ രംഗത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. എന്ത് ബദൽ സംവിധാനങ്ങളെക്കുറിച്ച് ആലോചിക്കുമ്പോഴും ലേഖകെനെപോലെ ബോധനശാസ്ത്രത്തിൽ അവഗാഹമുള്ളവരുടെ അഭിപ്രായം കൂടി പരിഗണിക്കേണ്ടതുണ്ട് .....
അജിത്. R - പിള്ള
15 Jun 2020, 09:39 AM
രക്ഷാകതൃ വിദ്യാഭ്യാസം അനിവാര്യമാകുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയത് ഏറെ നന്നായി. System സമീപനം തള്ളിക്കളയരുത് വിദ്യാലയം, ( online), വീട്, സമൂഹം ഇവ ഒന്ന് ചേർന്ന് തന്നെ വിദ്യാഭ്യാസത്തെ സമീപിക്കേണ്ടതുണ്ടല്ലോ? സമീപന വിരുദ്ധമായവയെ തള്ളിക്കളയേണ്ടത് പലർക്കും ബോധ്യപ്പെടേണ്ടതുണ്ട്, സ്വതന്ത്ര online ക്ലാസുകാർക്കും ചില ഔപചാരികപരുപാടികൾക്കും അഭിനന്ദനം ദിനേശ് മാഷേ
ജി രവി
14 Jun 2020, 11:48 PM
ഇക്കാലത്ത് ഏറ്റവും പ്രസക്തമായ എഴുത്ത്. ആദിവാസി മേഖലയിലെ പഠന പ്രതിസന്ധിയെ സൂചിപ്പിച്ചത് നന്നായി. ഗോത്രഭാഷകളിൽ ചില പ്രവർത്തനങ്ങൾ ആലോചിക്കുന്നതായി അറിയുന്നു. എന്തായാലും പഠിതാവിനെ കാഴ്ചക്കാരനാക്കി മാറ്റുന്ന രീതി മാറേണ്ടതുണ്ട്. മാറുെമെന്നു തന്നെ പ്രതീക്ഷിക്കുന്നു. കേന്ദ്രീകൃത ക്ലാസുകൾക്കുപകരം വികേന്ദ്രീകരണവും ആലോചിക്കുന്നുണ്ടാവാം. ദിനേശൻ മാഷിന് അഭിനന്ദനങ്ങൾ.
സതീശൻ നരക്കോട്
14 Jun 2020, 10:58 AM
നമ്മൾ മുന്നോട്ടുവെച്ച പഠന മാതൃകകളെ ഏറെക്കുറെ പൂർണമായിത്തന്നെ നിരാഗരിച്ചുകളയുന്നുണ്ട്, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഓൺ ലൈൻ പഠനം. ജനാധിപത്യത്തിലൂന്നിയ ഓൺലൈൻ ക്ലാസ് റൂം പദ്ധതികളിലേക്ക് കടക്കാനുള്ള സാധ്യതകളെക്കുറിച്ച് ചിന്തിക്കാൻ നമുക്ക് കഴിയണം. അധ്യാപകൻ സംസാരിക്കുന്നത് ചിത്രീകരിച്ചിടുന്നത് മാതൃകയായി മാറുമ്പോൾ അത് നമ്മൾ വർഷങ്ങളായി സ്വാംശീകരിച്ചെടുത്ത ക്ലാസ് റൂം പ്രക്രിയയുടെ വലിയൊരു തിരിച്ചു നടത്തമാവും. ഗൈഡ് ഫാക്ടറി വ്യവസായ സംരംഭകർ ഇതിനോടകം തന്നെ വീഡിയോ വ്യവസായത്തിലേക്ക് മാറാനുള്ള പദ്ധതികൾ ആവിഷ്കരിച്ചു തുടങ്ങിയിട്ടുണ്ട്.
രമേഷ്
14 Jun 2020, 12:36 AM
ലേഖനം സമയോചിതമായി ടെലിവിഷൻ ബ്രോഡ്കാസ്റ്റ് എങ്ങിനെ യാണ് ഓൺലൈൻ വിദ്യാഭ്യാസമാകുന്നത് എന്തായാലും മാർക്കറ്റിൽ കച്ചവടം പൊടിപൊടിക്കുന്നുണ്ടല്ലൊ
സിതാര വത്സല ജനാർദ്ദനൻ
13 Jun 2020, 08:14 PM
കൃത്യമായ നിരീക്ഷണങ്ങൾ വ്യക്തമായ പഠനങ്ങളുടെ പിൻബലത്തിൽ സമർത്ഥമായി അവതരിപ്പിച്ചിരിക്കുന്നു... നമ്മുടെ ആളുകൾ വായിക്കേണ്ട ലേഖനം...
ജയൻ നീലേശ്വരം
13 Jun 2020, 05:37 PM
ഓൺ ലൈൻ വിദ്യാഭ്യാസത്തെക്കുറിച്ച് ഗൗരവത്തിൽ ആലോചിക്കാൻ പര്യാപ്തമായ ലേഖനം
സുരേന്ദ്രകുമാർ ടി പി
13 Jun 2020, 03:27 PM
ഗൗരവമായ ഒരു ചർച്ചക്ക് വഴി തുറക്കും, തീർച്ച.
അബ്ദുൽ അഷ്റഫ്
13 Jun 2020, 10:40 AM
ഓൺ ലൈൻ പ0നം ഒരവസരമയെടുത്ത് കച്ചവട താൽപര്യങ്ങളോടെ ചില വ്യക്തികളും സ്വകാര്യ യൂട്യൂബ് ചാനലുകളും രംഗത്തിറങ്ങിക്കഴിഞ്ഞു. വളരെ ദുർബലമായ സങ്കേതങ്ങളാണവർ ഉപയോഗിക്കുന്നത്. ക്ലാസ്സ് റൂം സമീപനങ്ങളെ പാടെ നിരാകരിച്ചു കൊണ്ടിറങ്ങുന്ന ഇത്തരം സംവിധാനങ്ങളുടെ പൊള്ളത്തരം സമൂഹത്തെ ബോധ്യപ്പെടുത്താൻ അധ്യാപകരും വിദ്യാഭ്യാസ പ്രവർത്തകരും മുന്നോട്ട് വരണം. വളരെ പ്രാധാന്യമർഹിക്കുന്ന ചർച്ചയ്ക്കാണ് ദിനേശ് സർ തുടക്കമിട്ടിരിക്കുന്നത്
ഡോ.എ.കെ. അബ്ദുൽ ഹക്കീം
Feb 22, 2021
5 minutes read
കിഷോര്‍ കുമാര്‍
Feb 14, 2021
35 Minutes Read
ഡോ. വി.ജി. പ്രദീപ്കുമാര്‍
Feb 10, 2021
7 Minutes Read
അലന്‍ പോള്‍ വര്‍ഗ്ഗീസ്
Jan 17, 2021
4 Minutes Read
ഡോ. ജയകൃഷ്ണന്‍ എ.വി.
Jan 13, 2021
5 Minutes Read
ഡോ. വി.ജി. പ്രദീപ്കുമാര്‍
Jan 12, 2021
10 Minutes Read
ഡോ.എ.കെ. അബ്ദുൽ ഹക്കീം
Jan 10, 2021
7 Minutes Read
കെ. ടി. ദിനേശ്
Dec 21, 2020
8 Minutes Read
Sunder Swagath
29 Sep 2020, 02:38 PM
ദിനേഷ് മാഷെ, നല്ല ലേഖനം,ചിന്തിക്കാനും പഠിക്കാനും ഏറേയുണ്ട് . ഭാഷയിൽ പഠിക്കണം എന്ന് പറയുന്നത് ദേശിയ വിദ്യാഭ്യാസം നയത്തിൽ പറയുന്നത് പുരോഗനപരമായ സമീപനമണോ??? എന്നാൽ NEP 2020ൽ പറയുന്ന 5+3+3+4എന്ന സംവിധാനത്തിന് പകരം എന്താണ് വേണ്ടത്???