കീമോ വാർഡുകൾ മാത്രം പോരാ, പരിശീലനം കിട്ടിയവരും വേണം

പാലിയേറ്റീവ് കെയർ സംവിധാനം എല്ലായിടത്തും ലഭ്യമാകുന്നത് നല്ലതാണ്. കാൻസർ ചികിത്സയെക്കുറിച്ചു ധാരണയുളളവരാകണം സാന്ത്വനചികിത്സ ചെയ്യേണ്ടത്. ഓങ്കോളജി സെന്ററുമായി ബന്ധപ്പെട്ട് പാലിയേറ്റീവ് കെയർ പ്രവർത്തിക്കുന്നതാണ് നല്ലത്. വേദന സംഹാരികൾ കൊടുക്കൽ മാത്രമല്ല പാലിയേറ്റീവ്​ കെയറിന്റെ ലക്ഷ്യം. രോഗം തീവ്രമാക്കാതെ നോക്കാനും ആയുസ്​ നീട്ടാനും ശരിയായ പാലിയേറ്റിവ് കെയറിലൂടെ കഴിയും.

ആരോഗ്യരംഗത്ത്​ മികച്ച സംഭാവന നൽകിയവർക്ക്​ ബഹ്​റൈൻ കേരളീയ സമാജം ഏർപ്പെടുത്തിയ ‘ആരോഗ്യമിത്രം’ പുരസ്​കാരം ഏറ്റുവാങ്ങാൻ ബഹ്​റൈനിലെത്തിയ ഡോ. വി.പി. ഗംഗാധരനുമായി മാധ്യമപ്രവർത്തകനായ കെ.ടി. നൗഷാദ്​ സംസാരിക്കുന്നു.

കെ.ടി. നൗഷാദ്:കാൻസർ ഇപ്പോഴും പേടിക്കേണ്ട രോഗം തന്നെയല്ലേ?

ഡോ. വി.പി. ഗംഗാധരൻ:കാൻസർ ചികിത്സാരംഗത്ത് പത്തോ പതിനഞ്ചോ വർഷം മുമ്പുണ്ടായിരുന്ന അവസ്ഥയല്ല ഇപ്പോൾ. പ്രാരംഭദശയിൽ രോഗം കണ്ടു പിടിക്കാനും തടയാനും പറ്റുന്ന സാഹചര്യം നിലവിലുണ്ട്. ചികിത്സയിൽ വന്ന മാറ്റങ്ങളും എടുത്തുപറയേണ്ടതുണ്ട്. ചികിത്സ ലഭ്യമാണെന്ന അറിവ് രോഗികളുടെ മനസ്സിൽ നിന്ന് ഭയത്തെ പതുക്കെ ഇല്ലാതാക്കിക്കാണ്ടിരിക്കുന്നു. ഒന്നും ചെയ്യാൻ പറ്റാത്ത അസുഖം എന്ന തോന്നൽ മാറിയിട്ടുണ്ട്. ഭേദമാക്കാൻ പറ്റാതിരുന്ന പല കാൻസറുകളും ഇപ്പോൾ ഭേദമാക്കാൻ പറ്റും. മരുന്നേയില്ലാതിരുന്ന കാൻസറുകളുടെ കാര്യത്തിൽ ജീവിതകാലം ദീർഘിപ്പിക്കാൻ ചികിത്സയിലൂടെ കഴിയുന്നുണ്ട്. പാർശ്വഫലങ്ങൾ കുറഞ്ഞ മരുന്നുകൾ കണ്ടു പിടിക്കപ്പെട്ടതും വലിയ ആശ്വാസമാണ്.

നൂതന ചികിത്സാ രീതികളൊക്കെ ഇപ്പോൾ ഇന്ത്യയിൽ ലഭ്യമാണോ?

കാൻസറിന് ലോകത്ത് എവിടെ കിട്ടുന്ന ചികിത്സയും ഇന്ത്യയിൽ ഇന്ന് ലഭ്യമാണ്. വികസിത രാജ്യങ്ങളിൽ നടക്കുന്ന ചില ക്ലിനിക്കൽ ട്രയൽസ് അതേ സമയത്തുതന്നെ ഇന്ത്യയിൽ ലഭ്യമാവണമെന്നില്ല. എന്നാൽ അർബുദ രോഗം ഭേദമാക്കാൻ ലോകത്ത് നിലവിലുളള എല്ലാ അംഗീകൃത ചികിത്സയും ഇന്ത്യയിൽ ലഭ്യമാണ്. ചികിത്സക്ക് മാത്രമായി വിദേശ രാജ്യങ്ങളിലേക്ക് പോകേണ്ട ആവശ്യമില്ല.

മരുന്നിന്റെ ലഭ്യതയും വിലയുമൊക്കെ ഇപ്പോഴും പ്രശ്‌നമല്ലേ?

30 വർഷം മുമ്പൊക്കെ കാൻസർ ചികിത്സക്ക് മരുന്ന് ലഭ്യമല്ലാത്ത അവസ്ഥയുണ്ടായിരുന്നു ഇന്ത്യയിൽ. മരുന്ന്​ വിദേശത്തു നിന്ന്​കൊണ്ടുവരണമായിരുന്നു. കിട്ടുന്ന മരുന്ന് ഏതാണോ അത് എഴുതാനേ നിർവാഹമുണ്ടായിരുന്നുളളു. ഒറ്റ മരുന്നും ഇവിടെ നിർമിക്കുന്നുണ്ടായിരുന്നില്ല. ഇപ്പോൾ ലോകത്തിന്റെ ഏത് ഭാഗത്തിറങ്ങുന്ന മരുന്നും ഒന്നു രണ്ടു മാസത്തിനകം ഇന്ത്യയിൽ കിട്ടും. പുറത്തുകിട്ടുന്ന മരുന്നുകളുടെ അതേ ഗുണനിലവാരത്തിൽ കുറഞ്ഞ വിലക്ക് മരുന്നിപ്പോൾ ലഭ്യമാണ്. ഒരു ഡോസിന് 1500 രൂപയുണ്ടായിരുന്ന മരുന്ന്​ ഇപ്പോൾ 10 രൂപക്ക് ലഭ്യമാണ്. എന്നാൽ ഇതര രോഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കാൻസർ മരുന്നുകളുടെ വില കൂടുതലാണ്. അത് എങ്ങനെ മറികടക്കും എന്നത് പ്രശ്‌നം തന്നെയാണ്. മറ്റു രോഗങ്ങളെ പോലെ കാൻസറും മെഡിക്കൽ ഇൻഷുറൻസിന്റെ പരിധിയിൽ കൊണ്ടുവരണം. കാൻസറിന് അഞ്ച് ശതമാനം പോലും ഇൻഷുറൻസ് കവറേജ് കിട്ടാത്ത അവസ്ഥ മാറണം.

കാൻസർ ചികിത്സാസംവിധാനം എല്ലാവർക്കും പ്രാപ്യമാകേണ്ടതാണല്ലോ? ജില്ലാ ആസ്ഥാനങ്ങളിൽ സർക്കാർ ഒരുക്കുന്ന സംവിധാനങ്ങൾ അതിന് സഹായമാകുന്നുണ്ടോ?

കാൻസർ ചികിത്സ വികേന്ദ്രീകരിക്കുക എന്ന നിലയിൽ സംസ്ഥാന സർക്കാർ ഇപ്പോൾ ചെയ്യുന്ന കാര്യങ്ങൾ പ്രശ്‌നങ്ങൾക്ക് പരിഹാരമല്ല. ഗുണനിലവാരം ഉറപ്പുവരുത്താതെ ചികിത്സാ സംവിധാനം വികേന്ദ്രീകൃതമാക്കിയതുകൊണ്ട് കാര്യമില്ല. കീമോതെറാപ്പിക്ക് ഒരു വാർഡുണ്ടാക്കി പേരിന് ഒരു ഡോക്ടറുണ്ടറുമുണ്ടായാൽ ഉത്തരവാദിത്തം കഴിഞ്ഞു എന്ന ധാരണയാണ് നമുക്ക്. കാൻസർ ചികിത്സക്ക് കീമോതെറാപ്പി ചെയ്യുമ്പോഴുണ്ടാകുന്ന പാർശ്വഫലങ്ങൾ ചികിത്സിക്കാനുളള സംവിധാനം കൂടി ഒരുക്കണം. ഇല്ലെങ്കിൽ രോഗി മരിക്കുന്നത് പാർശ്വഫലം കൊണ്ടായിരിക്കും. മാത്രമല്ല, യോഗ്യതയുളള പരിശീലനം ലഭിച്ചവരാണ് ചികിത്സക്ക് നേതൃത്വം നൽകേണ്ടത്.

ഏതെങ്കിലും ആശുപത്രിയിൽ കീമോതെറാപ്പി ചെയ്യുന്നത് ഒന്നോ രണ്ടോ മാസം കണ്ടവരെ വെച്ച് ആശുപത്രികളിൽ കീമോ തെറാപ്പി വാർഡുകൾ തുടങ്ങുന്നത് ദുരന്തമായിട്ടാണ് മാറുക. പ്രോട്ടോകോൾ ഉണ്ടാക്കി ഇത് പരിഹരിക്കാനാവില്ല. പാർശ്വഫലം കുറക്കാൻ മരുന്നിന്റെ ഡോസ് കുറയ്ക്കുകയും രോഗം തീവ്രമാകുന്ന സാഹചര്യം ഒഴിവാക്കുകയും വേണം. അതു രണ്ടും ബാലൻസ് ചെയ്തുകൊണ്ടുപോകണമെങ്കിൽ പരിശീലനം ലഭിച്ചവരെ നിയമിക്കണം. മതിയായ സംവിധാനവും സൗകര്യവും യോഗ്യതയുള്ളവരും ഇല്ലാതെ ജില്ല തോറും കീമോവാർഡുകൾ തുടങ്ങിയതു കൊണ്ട് ഒരർത്ഥവുമില്ല. പാലിയേറ്റീവ് കെയർ സംവിധാനം എല്ലായിടത്തും ലഭ്യമാകുന്നത് നല്ലതാണ്. കാൻസർ ചികിത്സയെക്കുറിച്ചു ധാരണയുളളവരാകണം സാന്ത്വനചികിത്സ ചെയ്യേണ്ടത്. ഓങ്കോളജി സെന്ററുമായി ബന്ധപ്പെട്ട് പാലിയേറ്റീവ് കെയർ പ്രവർത്തിക്കുന്നതാണ് നല്ലത്. വേദന സംഹാരികൾ കൊടുക്കൽ മാത്രമല്ല പാലിയേറ്റീവ്​ കെയറിന്റെ ലക്ഷ്യം. രോഗം തീവ്രമാക്കാതെ നോക്കാനും ആയുസ്​ നീട്ടാനും ശരിയായ പാലിയേറ്റിവ് കെയറിലൂടെ കഴിയും.

Comments