truecoppy
MORE
Truecopy Home
Readers
are
Thinkers

Wednesday, 18 May 2022

truecoppy
Truecopy Logo
Readers are Thinkers

Wednesday, 18 May 2022

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
book

Literature

കാട്
കഥ
കല്യാട്

കാട്, കഥ, കല്യാട്

1940 കളുടെ പകുതി തൊട്ട് 1960- കളാദ്യം വരെ എ.കെ. ചാത്തുക്കുട്ടി നമ്പ്യാര്‍ എഴുതിയ നായാട്ടുകഥകളുടെ സമാഹാരത്തെ പരിചയപ്പെടുത്തുന്നു. നായാട്ടനുഭവകഥകള്‍ എഴുതുന്നതിനുള്ള പ്രേരണയെന്തായിരുന്നു? സമകാലികര്‍ക്കുള്ള വിനോദവായനയല്ല കഥാകാരന്റെ ലക്ഷ്യം. വരാനിരിക്കുന്ന കാലത്തിനായി നായാട്ട് രേഖപ്പെടുത്തുകയാണ്. മലയാളത്തില്‍ നായാട്ടനുഭവകഥകള്‍ ഏറെയുണ്ടെങ്കിലും നായാട്ടുചരിത്രരചന ഒട്ടും സമ്പന്നമല്ല. അനുഭവകഥകള്‍ എന്നതിനപ്പുറം ചരിത്രരചനയുടെ പ്രമാണസാമഗ്രിയെന്ന നിലയ്ക്ക് നായാട്ടുസ്മരണകള്‍ക്ക് പ്രസക്തിയുണ്ട്.

21 Dec 2021, 03:34 PM

കെ.ടി. റാംമോഹന്‍

""അപ്പനു ഒന്നാംതരം ഒരു ശിക്കാറിയാണ്; പ്രകൃതിനിരീക്ഷകനാണ്; എഴുത്തുകാരനാണ്; പട്ടാളക്കാരനാണ്; കൃഷിക്കാരനാണ്; സംഭാഷണചതുരനാണ്; സാഹിത്യരസികനാണ്; ജ്യോതിഷം, ആയുര്‍വ്വേദം, വിഷവൈദ്യം എന്നിവയും ആവശ്യത്തിലധികം സ്വാധീനമായിട്ടുണ്ട്. എല്ലാം തമപ്രത്യയം ചേര്‍ത്തുതന്നെ പറയണം. കൂട്ടുകാരോടുകൂടി അല്പം "രസികത്തം' വേണമെങ്കില്‍ അതിനും മുമ്പന്‍ തന്നെ.''

എ.കെ. ചാത്തുക്കുട്ടി നമ്പ്യാര്‍ എന്ന അപ്പനുവിനെക്കുറിച്ച് അദ്ദേഹത്തിന്റെ ഉറ്റമിത്രവും പത്രപ്രവര്‍ത്തകനുമായിരുന്ന സി.എച്ച്. കുഞ്ഞപ്പ  "സ്മരണകള്‍ മാത്രം' എന്ന സ്വജീവിതകഥയില്‍ സൂചിപ്പിക്കുന്ന ഈ കാര്യങ്ങളില്‍ പലതിന്റെയും തെളിവ് ഇവിടെ സമാഹരിച്ചിട്ടുള്ള നായാട്ടനുഭവങ്ങളില്‍ കാണാം.

KSFE

Your browser does not support the video tag.

KSFE

Your browser does not support the video tag.

1940 കളുടെ പകുതി തൊട്ട് 1960- കളാദ്യം വരെയാണ് ഈ കഥകളുടെ രചനാകാലം. അവയില്‍ ഒന്നൊഴികെയുള്ളവ എഴുതിയ കാലത്തുതന്നെ ആനുകാലികങ്ങളില്‍, പ്രത്യേകിച്ച് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ എ.കെ. എന്ന തൂലികാനാമത്തില്‍, പത്രാധിപരുടെ വെട്ടിച്ചുരുക്കലോടെ പ്രസിദ്ധീകരിച്ചിരുന്നു. അവ പൂര്‍ണരൂപത്തിലും, പ്രസിദ്ധീകരിക്കാത്ത ഒരു കഥയും ചേര്‍ന്നതാണ് ഈ സമാഹാരം. കൈയെഴുത്തുപ്രതിയാണ് ഇതിന് ആധാരം. വേറെയും കഥകള്‍ അദ്ദേഹം എഴുതിയിട്ടുണ്ടാവുമെന്നതിന്റെ സൂചന അവസാനം ചേര്‍ത്തിട്ടുള്ള കഥയുടെ രണ്ടാം ഭാഗത്തില്‍ കാണാം:  ""സലാം ശ്രീമന്‍. നമസ്‌കാരം ശ്രീമതി. മൂന്നാം ഭാഗം പ്രതീക്ഷിക്കുക.'' എന്നാല്‍ മറ്റു ഭാഗങ്ങളോ കഥകളോ കണ്ടെടുക്കാനായിട്ടില്ല.

nayattu
മാതൃഭൂമി വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിചച്ച എ.കെയുടെ നായാട്ടനുഭവങ്ങളിലൊന്ന്.

അപ്പനുവിന്റെ കഥകള്‍ പുസ്തകരൂപത്തിലാകുന്നത് ഇതാദ്യമായാണെങ്കിലും അതിനുള്ള ശ്രമത്തിന് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. കഥാകാരന്‍ തന്നെയാണ് അതിന് തുടക്കമിട്ടത്. പത്രാധിപന്മാരുടെ തിരുത്തലിലും ചിട്ടപ്പെടുത്തലിലുമുള്ള അതൃപ്തിയാണ് ഈ ദിശയില്‍ ചിന്തിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. സമാഹാരത്തിലെ അവസാനത്തെ കഥ പത്രാധിപര്‍ തിരിച്ചയച്ചതാണ്. അതിന് കഥാകാരന്‍ ചേര്‍ത്ത പിന്‍കുറിപ്പില്‍  ""പന്ത്രണ്ട് കഥകള്‍ക്ക് പച്ചക്കൊടി വീശിയ മഹാത്മാവിന് ഇക്കഥയോട് ഇത്ര വൈരാഗ്യം തോന്നാനുള്ള കാരണ''മെന്തെന്ന് അത്ഭുതം കൂറുന്നു, മേലില്‍ കഥകള്‍ പ്രസിദ്ധീകരണത്തിന് അയക്കേണ്ടതില്ലെന്നു തീരുമാനിക്കുന്നു. ""ഇക്കഥയോടു കൂടി അക്കഥ അവസാനിക്കുന്നു. ഇനിയുള്ളത് എനിക്ക് തോന്നുന്നപോലെ എനിക്കു വേണ്ടി ഇപ്പുസ്തകത്തിനു വേണ്ടി എഴുതിയതാണ്. തൊപ്പിക്ക് പാകമാവാന്‍ വേണ്ടി തല ചെത്തി മിനുസപ്പെടുത്തേണ്ട ഗതികേട് ഇനിയില്ലെന്ന മെച്ചമുണ്ടല്ലൊ.''

ALSO READ

മൂന്ന് ഡിസംബറുകള്‍ക്കിടയിലെ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ  ഒരു ലിപ്‌സ്റ്റിക്ക്

അപ്പനുവിന്റെ കഥകള്‍ വായിക്കാന്‍ അവസരമുണ്ടായവര്‍ അവ പുസ്തകരൂപത്തില്‍ വന്നാല്‍ നായാട്ടുസാഹിത്യത്തിന് മുതല്‍ക്കൂട്ടാകുമെന്ന് അക്കാലത്തുതന്നെ അഭിപ്രായപ്പെട്ടിരുന്നു. അദ്ദേഹത്തിനൊപ്പം രണ്ട് നായാട്ടുകളില്‍ ചേര്‍ന്ന എസ്.കെ. പൊറ്റെക്കാട് അപ്പനുവിന്റെ മരണശേഷം അതിന് ഉത്സാഹിക്കുകയുമുണ്ടായി. എന്നാല്‍ കയ്യെഴുത്തുപ്രതി കണ്ടെത്താനാകാത്തതിനാല്‍ അന്നത് ഫലവത്തായില്ല.
നായാട്ടുകഥകളുടെ പശ്ചാത്തലം കല്യാടും ചുറ്റുവട്ടവുമാണ്. വടക്കെ മലബാറിലെ ചിറയ്ക്കല്‍ താലൂക്കിന്റെ തെക്ക്-കിഴക്ക്, കോട്ടയം താലൂക്കിന്റെ വടക്ക്- കിഴക്ക് മൂലകള്‍ ചേരുന്നിടമാണത്. കിഴക്ക് പശ്ചിമഘട്ടത്തിന്റെ കീഴ്ക്കുന്നുകളും, പടിഞ്ഞാറും വടക്കും ശ്രീകണ്ഠപുരം പുഴയും, തെക്ക് ആയിപ്പുഴയും അതിരിടുന്ന ചെങ്കല്‍ പീഠഭൂമി. ഇവിടത്തെ ആവാസചരിത്രം മഹാശിലായുഗത്തിലേക്ക് നീളുന്നു.

kuripp
പ്രസിദ്ധീകരിക്കാതെ തിരിച്ചയച്ച 13-ാമത്തെ കഥയ്ക്ക് കഥാകാരന്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ പിന്‍കുറിപ്പ്

കല്യാട് നിന്ന് അധികം അകലെയല്ലാതെ രണ്ട് പുഴയോര അങ്ങാടികളുണ്ട്. മൂന്ന് നാഴിക തെക്ക്-പടിഞ്ഞാറ് ഇരിക്കൂറും ആറു നാഴിക വടക്ക്-പടിഞ്ഞാറ് ശ്രീകണ്ഠപുരവും. രണ്ടും അറബിവ്യാപാരകാലപ്പഴക്കമുള്ള മലഞ്ചരക്ക് കേന്ദ്രങ്ങളാണ്. കല്യാടിലെയും അയല്‍ദേശങ്ങളിലെയും കുരുമുളകും കുടകില്‍നിന്നുള്ള വനവിഭവങ്ങളുമായിരുന്നു പ്രധാന വ്യാപാരം. കിഴക്കന്‍ മലകളില്‍ നിന്ന് കാളവണ്ടിപ്പാതകളും ഒറ്റയാള്‍വഴികളും ഈ അങ്ങാടികളിലേക്കു നീണ്ടു. അവിടെനിന്ന് ചരക്കുതോണികളും ചങ്ങാടം കെട്ടിയ മരത്തടികളും വളപട്ടണം നദീമുഖത്തെത്തി. ഇരിക്കൂറില്‍ ആയിപ്പുഴ കുറുകെ കടന്നാല്‍ കണ്ണൂര്‍, തലശ്ശേരി എന്നീ തുറമുഖ പട്ടണങ്ങളിലേക്കുള്ള പൊതിക്കാളവഴിയും തുടര്‍ന്ന് കാളവണ്ടിപ്പാതയുമായി. കുടകില്‍ നിന്ന് നെല്ലും മറ്റു ധാന്യങ്ങളും ഈ പട്ടണങ്ങളിലേക്കും തിരിച്ച് ഉപ്പും ഉണക്കമീനും കുടകിലേക്കും ഇതുവഴി കടന്നുപോയി.

ഇരിക്കൂര്‍, ശ്രീകണ്ഠപുരം അങ്ങാടികളുടെ ചുക്കാന്‍ പിടിച്ചത് സമ്പന്നരായ മാപ്പിള വ്യാപാരികളായിരുന്നു. അവര്‍ ചരക്ക് കൈമാറിയത് തീരദേശപട്ടണങ്ങളിലെ കേയിമാപ്പിളമാര്‍ക്കായിരുന്നു. സ്വന്തമായി പത്തേമാരികളുണ്ടായിരുന്ന കേയിമാരുടെ കമ്പോളം മദ്ധ്യേഷ്യ മുഴുവന്‍ വ്യാപിച്ചിരുന്നു. കോലത്തിരി അടക്കമുള്ള നാടുവാഴികള്‍ക്ക് കടം കൊടുക്കാന്‍ പോലും കെല്‍പ്പുണ്ടായിരുന്നു കേയിമാര്‍ക്ക്. പിന്നീട് ഇംഗ്ലീഷ് കമ്പനിക്കായി ചരക്ക് എത്തിക്കുന്നതിലും അവര്‍ പങ്ക് വഹിച്ചു.

ak
എ.കെ. ചാത്തുക്കുട്ടി നമ്പ്യാർ

കേവലം വ്യാപാരകേന്ദ്രം മാത്രമായിരുന്നില്ല ഇരിക്കൂര്‍. വടക്കെ മലബാറിന്റെ സൈനിക, കലാപചരിത്രങ്ങളിലും ഈ പ്രദേശത്തിന്റെ അടയാളമുണ്ട്. മൈസൂര്‍ ഭരണാധികാരികളെ പ്രതിരോധിക്കാനായി കണ്ണൂരില്‍ നിന്നുള്ള ഇംഗ്ലീഷ് പട്ടാളം 1791 ല്‍ ചുരത്തിലേക്ക് നീങ്ങിയത് ഇതുവഴിയായിരുന്നു. പഴശ്ശിസമരത്തിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായിരുന്നു ഈ പ്രദേശം. സമരനേതൃത്വം നമ്പ്യാര്‍ജന്മികള്‍ക്കായിരുന്നുവെങ്കിലും മാപ്പിളവ്യാപാരികള്‍ കുരുമുളകിനു പകരം വെടിമരുന്നും ധാന്യവും നല്‍കി അവരെ സഹായിച്ചു. കലാപകാരികള്‍ക്ക് താക്കീതായി 1801 ല്‍ അവരില്‍ രണ്ടുപേരെ ഇംഗ്ലീഷ് ഭരണാധികാരികള്‍ ഇരിക്കൂറില്‍ പരസ്യമായി തൂക്കിലേറ്റി. സമരത്തെ നേരിടാനായി 1200 കോല്‍ക്കാരടങ്ങുന്ന നാട്ടുസൈന്യമുണ്ടാക്കി, 100 പേരെ ഇരിക്കൂറില്‍ മാത്രം നിയോഗിച്ചു. 1850 കളുടെ തുടക്കത്തില്‍ കാര്‍ഷിക സമരം വടക്കോട്ടു വ്യാപിച്ചപ്പോള്‍ ഇരിക്കൂറിലെ വ്യാപാരികള്‍ അതിനെ പിന്തുണച്ചു. കോട്ടയം താലൂക്കില്‍ നിന്നെത്തിയ ചെറുകൂട്ടം മാപ്പിള കുടിയാന്മാരായിരുന്നു കലാപകാരികള്‍. 1940 കളില്‍ തദ്ദേശീയ കുടിയാന്മാര്‍ കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ അണിനിരന്നു, ഇരിക്കൂറിന് ചുവന്ന ഫര്‍ക്ക എന്ന പേര് വന്നു.

കല്യാടിലെയും സമീപപ്രദേശങ്ങളിലെയും കൃഷി- വനഭൂമിയുടെ വലിയൊരു ഭാഗം കല്യാട് താഴത്തുവീട് എന്ന നമ്പ്യാര്‍ കുടുംബത്തിന്റെ ജന്മാധികാരത്തിന്‍ കീഴിലായിരുന്നു. ഇരിക്കൂര്‍ അങ്ങാടി നിലകൊള്ളുന്ന സ്ഥലത്തിന്റെ ഏറിയ പങ്കും താഴത്തുവീടിന് ഊരാണ്‍മയുള്ള മാമാനിക്കുന്ന് അമ്പലത്തിന്റേതും. താഴത്തുവീടിനായിരുന്നു പാരമ്പര്യമായി അംശാധികാരവും. കുന്നുകളും പുഴകളും വേലികെട്ടിയ നാടായതിനാല്‍ കൂടിയാവണം ഈ കുടുംബത്തിന് കോലത്തിരി, കോട്ടയം രാജാക്കന്മാരില്‍നിന്ന് ആപേക്ഷിക സ്വാതന്ത്ര്യമുണ്ടായിരുന്നു. സമരകാലത്ത് താഴത്തുവീട്ടുകാര്‍ പഴശ്ശിക്കൊപ്പം നിന്ന് ഇംഗ്ലീഷുകാരെ എതിര്‍ത്തു. കുടിയാന്മാരില്‍നിന്ന് വ്യാപകമായി നികുതി പിരിച്ച് പഴശ്ശിക്ക് കൊടുക്കുകയും പ്രാദേശികസമരത്തിന് നേതൃത്വം നല്‍കുകയും ചെയ്തു. 1804 ല്‍ സബ്കലക്ടര്‍ ബാബര്‍ കല്യാടെത്തി, പട്ടാളമേധാവികളായ ഗ്രേയും മോണ്‍ട്രിസോറും രണ്ടു ദിശകളില്‍ നിന്നായി പ്രദേശം വളഞ്ഞു. ഏറ്റുമുട്ടലിനൊടുവില്‍ കലാപകാരികളെ നിരായുധരാക്കാനും താഴത്തുവീട് കാരണവരെ കോട്ടയത്തേക്ക് തുരത്താനും ഇംഗ്ലീഷുകാര്‍ക്ക് കഴിഞ്ഞു.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയോടെ അധികാരസമവാക്യങ്ങള്‍ മാറി, കര്‍ഷകകലാപകാരികള്‍ക്കെതിരെ കമ്പനിയും കല്യാട് കുടുംബവും കൈകോര്‍ത്തു. 1852 ജനുവരി 8ന് താഴത്തുവീട് ആക്രമിച്ച പ്രക്ഷോഭകാരികളെല്ലാം കൊല്ലപ്പെട്ടു. പ്രതിരോധം തീര്‍ത്ത കുടുംബാംഗങ്ങളെ കമ്പനി വീരവള നല്‍കി ആദരിച്ചു.

അപ്പനുവിന്റെ ജനനം 1910 ല്‍. കല്യാട് താഴത്തുവീട്ടില്‍ ചാത്തുക്കുട്ടി നമ്പ്യാരുടെയും ആയില്യത്ത് കുറ്റേരി ശ്രീദേവി അമ്മയുടെയും മകന്‍. പ്രാഥമിക വിദ്യാഭ്യാസം മക്രേരിയിലും പെരളശ്ശേരിയിലും. തുടര്‍ന്ന് അന്ന് മിഷന്‍ സ്‌കൂള്‍ എന്ന നാട്ടുപേരില്‍ അറിയപ്പെട്ടിരുന്ന തലശ്ശേരി ബി.ഇ.എം.പി. ഹൈസ്‌കൂളില്‍. മംഗലാപുരം സെയിന്റ് അലോഷ്യസ് കോളേജില്‍ ഇന്റര്‍മീഡിയറ്റിന് ചേര്‍ന്നെങ്കിലും പഠനം പൂര്‍ത്തിയാക്കാതെ കല്യാടേക്ക് മടങ്ങി.
അച്ഛന്റെ പെങ്ങള്‍ കല്യാട് താഴത്തുവീട്ടില്‍ നാരായണി അമ്മയുടെയും കൂടാളി താഴത്തുവീട്ടില്‍ കുഞ്ഞികൃഷ്ണന്‍ നമ്പ്യാരുടെയും മകള്‍ കാര്‍ത്യായനിയെ അപ്പനു ഇഷ്ടപ്പെട്ടു, വിവാഹം കഴിച്ചു. കാര്‍ത്യായനിയുടെ താവഴിവീടായ കമ്മാരത്ത് അടക്കം പലയിടങ്ങളില്‍ അപ്പനു താമസിച്ചു. കൃഷിയും നായാട്ടുമായി തന്തോടും പടിയൂരും, പലതരം വ്യാപാരവും വ്യവഹാരവുമായി തലശ്ശേരിയിലും. ഇടയ്ക്ക് കുറച്ചുകാലം ടെറിട്ടോറിയല്‍ ആര്‍മിയില്‍ സേവനമനുഷ്ഠിച്ചു. ഇന്ന് ഹയര്‍ സെക്കണ്ടറി സ്‌കൂളായ ഇരിട്ടിയിലെ വിദ്യാലയം സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തു, അതിന്റെ നിര്‍വ്വഹണസമിതിയുടെ അദ്ധ്യക്ഷനായി. പ്രജാസോഷ്യലിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചുവെന്നും കേള്‍ക്കുന്നു. എന്തായാലും നിറമാര്‍ന്ന വ്യക്തിത്വം എന്നതില്‍ സംശയമില്ല.

തന്തോട് ബങ്കളാവില്‍ അപ്പനു ഒറ്റയ്ക്കായിരുന്നു താമസം. എന്നാല്‍ അതിഥികള്‍ ഒഴിഞ്ഞ നേരമില്ല. തന്റെ "വിഷകന്യക'യുടെ ഈറ്റില്ലമായിരുന്നു തന്തോടെ കളപ്പുരയെന്ന് പൊറ്റെക്കാട് രേഖപ്പെടുത്തി. എ.കെ.ജിയുടെ അച്ഛന്‍ വെള്ളുവക്കണ്ണോത്ത് രൈരുനായര്‍ മുതല്‍ അഖിലേന്ത്യാ സോഷ്യലിസ്റ്റ് നേതാവായ അശോക മേഹ്ത്തക്കുവരെ ഈ വസതി ആതിഥ്യമരുളി. അപ്പനുവിന്റെ ലെറ്റര്‍ഹെഡില്‍ തന്തോടിന്റെ രസകരമായ മൊഴിമാറ്റം കാണാം - സെല്‍ഫ് ബ്രൂക്ക്.

letter
അപ്പനുവിന്റെ മകന് എസ്.കെ. പൊറ്റെക്കാട്ട് എഴുതിയ കത്ത്. 

അപ്പനു നല്ല വായനക്കാരനായിരുന്നു. തലശ്ശേരി  ‘ഹിഗിന്‍ബോതംസി’ലെ പതിവുകാരന്‍. മംഗലാപുരത്തു നിന്ന് മടങ്ങിവരിക കെട്ടുകണക്കിനു പുസ്തകങ്ങളും തോക്കിന്‍തിരകളുമായാണ്. പുസ്തകങ്ങളും മാസികകളും തപാലിലും വരുത്തും. തന്തോട് ബങ്കളാവിലും കമ്മാരത്തും അദ്ദേഹത്തിന് വലിയ ഗ്രന്ഥശേഖരങ്ങളുണ്ടായിരുന്നു, വിഷചികിത്സാ താളിയോലകളടക്കം. ഉറങ്ങുന്ന അപ്പനുവിനെ ഉണര്‍ത്താന്‍ ബുദ്ധിമുട്ടില്ല, പക്ഷെ വായിക്കുന്ന അപ്പനുവിനെ ആവില്ല എന്നായിരുന്നു നാട്ടുമൊഴി. അപ്പനു ഒറ്റയാള്‍ ചീട്ടിലോ ഏകാംഗചതുരംഗത്തിലോ മുഴുകിയാലും അങ്ങനെതന്നെ.

കല്യാട് താഴത്തുവീട് കാരണവരെന്ന നിലയില്‍ അപ്പനുവിന്റെ അച്ഛന്റെ ഔദ്യോഗിക ആസ്ഥാനമായിരുന്നു പടിയൂരെ പത്തായപ്പുര. അതിന്റെ ഒരു കവാടം തിമിംഗലത്തിന്റെ താടിയെല്ലുകൊണ്ട് ഉണ്ടാക്കിയതായിരുന്നു. അത് ലക്ഷദ്വീപിലെ കച്ചവടക്കാര്‍ സമ്മാനിച്ചതാണെന്നു പറയപ്പെടുന്നു. കൃഷിമേല്‍നോട്ടം വഹിച്ച് ഇവിടെ താമസിക്കവെയാണ് 19-ാമത്തെ വയസ്സില്‍ അപ്പനു ആദ്യമായി നായാട്ടില്‍ ഏര്‍പ്പെടുന്നത്.
അപ്പനുവിന്റെ കാലത്ത് നാടും കാടും ഇടകലര്‍ന്നതായിരുന്നു. കുന്നും കൊക്കയും ചതുപ്പും പടര്‍പ്പും പറമ്പും പൊയിലും പാറയും പൊന്തയും ഒന്നിച്ചു. വലിയ കാടുകള്‍ അകലെയായിരുന്നില്ല. അവ അവിടവിടെ തെളിച്ച് പുനംകൃഷി ചെയ്തിരുന്നു. ഒരിക്കല്‍ കൃഷി ചെയ്താല്‍ ഏറെ വര്‍ഷം വെറുതെയിടുന്നതിനാല്‍ അവിടം വീണ്ടും പച്ചപിടിക്കും. കാട്ടിലെ ഈ കൃഷിയിടങ്ങളിലേക്ക് ഒറ്റയാള്‍ വഴികളുണ്ടായിരുന്നു. ഇറങ്ങിക്കേറാന്‍ കഴിയാത്ത അരുവികള്‍ക്ക് കുറുകെ മുളമ്പാലങ്ങളും ചെറുവെള്ളച്ചാട്ടങ്ങള്‍ കടക്കാന്‍ നിരത്തിയിട്ട ഉരുളന്‍ കല്ലുകളും. പറമ്പുകളെ കുണ്ടനിടകള്‍ വേര്‍തിരിച്ചു. അവ കുറുക്കന്മാരുടെയും പാമ്പുകളുടെയും വഴികള്‍ കൂടിയായിരുന്നു. മഴക്കാലത്ത് അവ നീര്‍ച്ചാലുകളായി.

ALSO READ

വള്ളക്കടവ് സീ ഫുഡ് റെസ്‌റ്റോ കഫേ: ഭക്ഷണത്തിന്റെയും വിശപ്പിന്റെയും  അനുഭവങ്ങളില്‍ നിന്നൊരു ഭക്ഷണശാല

കാട്- നാട് കലര്‍പ്പ് വെളിപ്പെടുത്തുന്നതാണ് അപ്പനുവിന്റെ നായാട്ടുവിവരണങ്ങളും: ""ഞങ്ങളുടെ ബങ്കളാവ് നില്‍ക്കുന്നതിന്റെ വടക്കു കിഴക്കേ കോണിലുള്ള... നൂറ്റിയമ്പതുവാര മാത്രം അകലെ കിടക്കുന്ന ഒരു കുന്നാണ് നായാടുന്ന കാട്.'' വേറൊരു വിവരണം ഇങ്ങനെ:  ""നായാടുന്ന കാടിന്റെ കിഴക്കും പടിഞ്ഞാറും ധാരാളമാളുകള്‍ പാര്‍ക്കുന്ന ഗ്രാമങ്ങളാണ്. രണ്ടു ഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്ന ഒരൂടു വഴി ആ കാട്ടില്‍ കൂടിയുണ്ട്.'' മറ്റൊരിടത്ത് കൃത്യം കണക്ക് കാണാം:  ""പിലാവിന്റെ നേരെ കിഴക്ക് അമ്പതുവാരയോളം വീതിയുള്ള വയലാണ്. അതിന്റെ വടക്കു പടിഞ്ഞാറെ കോണില്‍ ഇരുപത്തഞ്ചുവാര ദൂരെയാണ് വെളിച്ചപ്പാടന്റെ വീട്. വീടിന്റെ തെക്ക് ഇരുപതുവാര ദൂരെയും പടിഞ്ഞാറ് നാല്‍പതുവാര ദൂരെയും കാടാണ്.''
കുട്ടിക്കാലം മുതല്‍ കല്യാട് വീട്ടിലെ വിരുന്നുകാരനായിരുന്ന സി.എച്ച്. കുഞ്ഞപ്പ കല്യാടിനെക്കുറിച്ച് പറയുന്നു: ""അന്നൊക്കെ വലുതും ചെറുതുമായ കാട്ടുകോഴികളെ ധാരാളം കാണാം. ആ കാട്ടില്‍ത്തന്നെ നരിയും പുലിയും പന്നിയും എല്ലാം ഉണ്ടായിരുന്നു. വല്യെജമാനന്‍ താമസിച്ചിരുന്ന ചെറിയ വീടിന്റെ (പടിയൂരെ പത്തായപ്പുര) വളപ്പില്‍നിന്നു പശുവിനെ നരി പിടിച്ചിട്ടുണ്ട്. പന്നിയെ വെടിവച്ചിട്ടുമുണ്ട്.''

kalyad
കല്യാട് താഴത്തുവീട്

അപ്പനുവിന്റെ നായാട്ടു ഗുരുക്കന്മാര്‍ കരിമ്പാലസമുദായക്കാരായിരുന്നു. ചന്തിരന്‍, ചാമന്‍, അമ്പു എന്നിവരോടുള്ള കടപ്പാട് അപ്പനു പ്രത്യേകം രേഖപ്പെടുത്തുന്നു. ""മൂന്നു പേരും എണ്ണം പറഞ്ഞ വെടിക്കാരും കാടിനെയും കാട്ടുമൃഗങ്ങളെയും കുറിച്ച് അസാധാരണമായ അനുഭവജ്ഞാനമുള്ള അതിധീരന്മാരും ആയിരുന്നു.'' കാട്ടില്‍ വഴികാട്ടിയിരുന്നത് പ്രധാനമായും മാവിലരും പണിയരുമായിരുന്നു. എല്ലാവരും അപ്പനുവിന്റെ അച്ഛന്റെ കൃഷിയിടങ്ങളില്‍ പണിയെടുത്തിരുന്നവര്‍.
ഇവരെക്കൂടാതെ അപ്പനുവിന്റെ നായാട്ടുസഹചാരികള്‍ മമ്മതും കൃഷ്ണനും കുട്ട്യപ്പനമ്പ്യാരുമായിരുന്നു. മമ്മത് ആനപ്പാപ്പാന്‍, കൃഷ്ണന്‍ ഇടത്തരം കര്‍ഷകന്‍, കുട്ട്യപ്പ നമ്പ്യാരുടെ തൊഴില്‍ എന്തെന്നു വ്യക്തമല്ല. മൂവരും തോക്കുകാര്‍. മമ്മത് മലമാന്‍വേട്ടയില്‍ പാമ്പുകടിയേറ്റ് മരിച്ചു. പാളിപ്പോയ നരിനായാട്ടിനെ തുടര്‍ന്ന് കൃഷ്ണനും ഒറ്റയാന്‍ പന്നിയുടെ ആക്രമണത്തില്‍ കുട്ട്യപ്പ നമ്പ്യാരും കൊല്ലപ്പെട്ടു.

""നായാട്ടുസംഘത്തില്‍ ചേര്‍ന്നുകഴിഞ്ഞാല്‍ അവിടെപ്പിന്നെ ഉച്ചനീചത്വങ്ങള്‍ക്ക് സ്ഥാനമില്ല'' എന്നൊരു വെടിപൊട്ടിക്കുന്നുണ്ട് അപ്പനു. എന്നാല്‍ നാട്ടിലെ അധികാരബന്ധങ്ങള്‍ കാട്ടിലും പ്രതിഫലിക്കാതിരിക്കില്ല. അപ്പനുവിന്റെ കഥകളില്‍ അതിനു തെളിവുണ്ട്. നായാട്ടു നേതാക്കളുടെ ഭക്ഷ്യപേയങ്ങള്‍ ചുമക്കുന്നത് പണിയരാണ്. ""ലഞ്ചിനുള്ള വക ഒരു ചൂരല്‍പ്പെട്ടിയില്‍ നിന്ന് ചാത്തിയുടെ തലയോട്ടിന്റെ ബലം പരിശോധിക്കുന്നുണ്ട്.'' തോക്കുകാരുടെ സ്ഥാനം തെളിക്കാര്‍ക്കു മീതെയാണ്. കാട്ടില്‍ത്തന്നെയും അധികാരശ്രേണിയുണ്ട്. കരിമ്പാലര്‍ക്ക് കീഴെയാണ് പണിയര്‍. കരിമ്പാലരില്‍ തോക്കുകാരുണ്ട്. പണിയരെന്നും തെളിക്കാരാണ്.
മാത്രമല്ല, തികച്ചും അധ്വാനത്തിന്റെയോ നൈപുണ്യത്തിന്റെയോ അടിസ്ഥാനത്തിലല്ല നായാട്ടിന്റെ ഫലവിതരണം. വെടിയിറച്ചി അല്ലെങ്കില്‍ കൊറവ് ഭാഗിക്കുന്നതില്‍ പ്രാദേശിക വ്യത്യാസവുമുണ്ട്. കല്യാട് അതിങ്ങനെ.

kalyatt
കല്ല്യാടെ ചെങ്കല്ലറ

നായാടിയ കാടിന്റെ ജന്മിയുടെ അവകാശമാണ് വേട്ടമൃഗത്തിന്റെ ഒരു കാല്. വെടിവച്ച് വീഴ്ത്തിയ ആള്‍ക്ക് അല്ലെങ്കില്‍ ആദ്യംകൊണ്ട വെടിവച്ചയാള്‍ക്ക് തലയും ഒരു തോളിറച്ചിയും ഒരു കാലും. മൃഗം വീഴാന്‍ രണ്ടാമതൊരു വെടി വച്ചിട്ടുണ്ടെങ്കില്‍ അയാള്‍ക്ക് ഒരു കൈ. ഒരാള്‍ തന്നെയാണ് രണ്ടു വെടിയും വച്ചതെങ്കില്‍ രണ്ടാം വെടിയുടെ അവകാശം അയാള്‍ക്ക് ഉണ്ടാവില്ല. രണ്ടിലധികം വന്ന വെടിയുടെ അവകാശം എല്ലാ തോക്കുകാര്‍ക്കും തുല്യമാണ്. മൃഗത്തിന്റെ ചങ്ക് ചുട്ടത് മുത്തപ്പന്‍ ദൈവത്തിന്. ഇതെല്ലാം കഴിഞ്ഞ് ബാക്കിവരുന്നത് സംഘാംഗങ്ങള്‍ തുല്യമായെടുക്കും. ഒരോഹരി പോലീസ് സ്റ്റേഷനില്‍  "കൈമടക്ക്'. പുഴകടന്നാണ് നായാടിയതെങ്കില്‍ മറ്റൊരോഹരി തോണിക്കാര്‍ക്ക്  "സന്തോഷം' കൊടുക്കും. നായാട്ടംഗങ്ങള്‍ ഒത്തുചേരുന്ന വേട്ടയ്‌ക്കൊരുമകന്‍ കാവിനടുത്ത് എത്തുന്ന നാട്ടാര്‍ക്കും കിട്ടും ഒരു പങ്ക്.
അനുഭവത്തിലൂടെ കൈവരുന്നതാണ് നായാട്ടറിവ് എന്നാണ് അപ്പനുവിന്റെ പക്ഷം. "ചാരുകസേലാശാസ്ത്രജ്ഞാനം' കൊണ്ട് ശിക്കാറിക്ക് വിശേഷിച്ച് പ്രയോജനമൊന്നുമില്ല. അവന്റെ ദീര്‍ഘായുസ്സിന് അതു വളരെയൊന്നും ഉപകരിക്കുകയുമില്ല. വെറും പുസ്തകജ്ഞാനവും കൊണ്ട് കാട് കയറുന്ന ശിക്കാറി മടങ്ങിവരുന്നത് - ഒത്തെങ്കില്‍ - പല്ലക്കിലായിരിക്കാനാണ് കൂടുതല്‍ സാധ്യത.''

തന്റെ നായാട്ടുഗുരുക്കന്മാരായ ആദിവാസികളെ അപ്പനു വിശേഷിപ്പിക്കുന്നത് കാടിന്റെ ഭൂമിശാസ്ത്രജ്ഞര്‍ എന്നാണ്. കാടിന്റെ ഭൂപടം അറിയുക എന്നാല്‍ ജന്തുസഞ്ചാരവഴികള്‍ മനസ്സിലാക്കുക എന്നതുകൂടിയാണ്. ചളിയിലും ചതുപ്പിലുമുള്ള മൃഗച്ചുവടുകള്‍ കാണാന്‍ ബുദ്ധിമുട്ടില്ല. എന്നാല്‍ അവയില്‍നിന്ന് മൃഗം ചെറുതോ വലുതോ, ഒറ്റയ്‌ക്കോ കൂട്ടമോ, ഏതു ദിശയിലേക്കാണ് പോയത് എന്നൊക്കെ പറയാന്‍ കരിമ്പാലര്‍ക്കും മറ്റ് ആദിവാസികള്‍ക്കുമേ കഴിയൂ. ഉറച്ച നിലത്തും പാറപ്പുറത്തുതന്നെയുമുള്ള നേര്‍ത്ത കുളമ്പടയാളങ്ങളും നഖപ്പാടുകളും അവര്‍ കാണും. മരത്തിന്റെ മുരട് മാന്തിയത് ശ്രദ്ധിക്കും. അല്പം ഇളകിയ മണ്ണും നീങ്ങിയ ചെറുകല്ലുകളും കടിച്ചിട്ട ഇലകളും അവര്‍ക്ക് വിലപ്പെട്ട തെളിവുകള്‍. അവരുടെ നടത്തത്തിനുമുണ്ട് പ്രത്യേകത. ശബ്ദം കേള്‍ക്കാത്തവിധം, മൃഗങ്ങളെ അകറ്റാത്തവണ്ണം മൃദുവായ കാല്‍വയ്പ്പ്. തങ്ങളുടെ നിരീക്ഷണങ്ങള്‍ അനുസരിച്ച് അവര്‍ തോക്കുകാര്‍ക്ക് സൂചന നല്‍കും.

മരത്തിന്മേല്‍ പറം കെട്ടി കാത്തിരുന്നും കഴുത്തോളമുള്ള കുഴിയില്‍ ഒളിച്ചും ചിലപ്പോള്‍ ഇഴഞ്ഞുനീങ്ങിയും അപൂര്‍വ്വമായി നേര്‍ക്കുനേെരയുമാണ് അപ്പനു നായാടുന്നത്. കൂടുതലും തെളിനായാട്ട്. ആര്‍പ്പുവിളികളോടെയോ കല്ലുകൊണ്ട് ഓരോ മരത്തിലും തട്ടിയോ ചെറുകമ്പുകൊണ്ട് ഇലകളില്‍ അടിച്ചുകൊണ്ടോ ഒരുവശത്തുനിന്ന് കാട് അനക്കിക്കൊണ്ട് തെളിക്കാര്‍ മുന്നേറും. കടവുകള്‍ (പാറക്കെട്ടുകള്‍ക്കും വള്ളിപ്പടര്‍പ്പുകള്‍ക്കും ഇടയിലുള്ള വിടവുകള്‍, കാടിന്റെ മൃഗകവാടങ്ങള്‍; കല്യാട് ഇവയ്ക്ക് വില്ല് എന്നും പറയും) വഴി മൃഗങ്ങള്‍ പുറത്തേക്ക് വരുമ്പോള്‍ അവിടെ പതിയിരിക്കുന്ന തോക്കുകാര്‍ വെടിവയ്ക്കും. വെടി കഴിഞ്ഞാല്‍ അവര്‍ വിളിച്ചറിയിക്കും. വെടി കൊണ്ടിട്ടും വീഴാത്ത മൃഗങ്ങളുണ്ടെങ്കില്‍ അവയെ തെരഞ്ഞ് കുറച്ച് തോക്കുകാരും തെളിക്കാരും ഉള്‍ക്കാട്ടിലേക്ക് പോകും. ഹിംസ്രമൃഗങ്ങളെങ്കില്‍ ജാഗ്രതവേണ്ട പ്രവൃത്തിയാണത്. പരിചയസമ്പന്നരേ അതിനു മുതിരുകയുള്ളു; അവരെയേ അനുവദിക്കൂ.

pathayapura
പടിയൂരെ പത്തായപ്പുര

രണ്ട് തോക്കുകാരും മൂന്ന് തെളിക്കാരും മുതല്‍ മുപ്പതിലേറെ തോക്കുകാരും എഴുപതിലധികം തെളിക്കാരുമുള്ള നായാട്ടുകൂട്ടങ്ങള്‍ അപ്പനുവിനെ അനുഗമിച്ചിരുന്നു. ഒറ്റരാത്രി അല്ലെങ്കില്‍ പകല്‍ നായാട്ടാണ് അധികവും. ദിവസങ്ങള്‍ നീളുന്നവയുമുണ്ട്. ഏറെ ഒരുക്കത്തോടെ ചെയ്തവയും പെട്ടെന്ന് ഇറങ്ങിപ്പുറപ്പെട്ടവയുമുണ്ട്. നായ്ക്കളെ കൂട്ടിയും അല്ലാതെയുമുള്ള വേട്ടയുണ്ട്.
കാട്ടില്‍ പോകുന്നതിലെ ആഹ്ലാദമോ കായികവിനോദത്തിന്റെ വെല്ലുവിളിയോ വെടിയിറച്ചി കഴിക്കാനും ചങ്ങാതിമാരുമായി പങ്കുവയ്ക്കാനുമുള്ള ആഗ്രഹമോ ഇവയെല്ലാം കൂടിയോ ഏതാണ് അപ്പനുവിനെ നായാട്ടില്‍ തല്‍പ്പരനാക്കിയത് എന്ന് പറയാന്‍ കഴിയില്ല. ബന്ധുക്കളുടെയും നാട്ടാരുടെയും കണ്ണില്‍ അദ്ദേഹത്തിന്റെ അന്തസ്സ് ഉയരാന്‍ നായാട്ട് കാരണമായിട്ടുണ്ട്, എന്നാല്‍ അതൊരു ലക്ഷ്യമായി എടുക്കാനാവില്ല.

ഒരു കാര്യം തീര്‍ച്ച. ആനയെയും നരിയെയും മറ്റ് വന്‍മൃഗങ്ങളെയും ലാക്കാക്കുന്ന പൊങ്ങച്ച നായാട്ടായിരുന്നില്ല അപ്പനുവിന്റേത്; അദ്ദേഹം വേട്ടയാടിയ കാടുകളില്‍ ഈവക മൃഗങ്ങള്‍ യഥേഷ്ടം ഉണ്ടായിരുന്നെങ്കിലും അവയെ വീഴ്ത്താനുള്ള സാങ്കേതികവിദ്യ അദ്ദേഹത്തിന് സ്വായത്തമായിരുന്നെങ്കിലും അപ്പനുവിനെ കാട്ടിലേക്ക് നയിച്ചത് സാമ്പത്തിക താല്‍പ്പര്യവുമായിരുന്നില്ല. ആനക്കൊമ്പോ പുലിത്തോലോ വിറ്റ് പണം നേടുക അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നില്ല.

അപ്പനുവിന്റെ നായാട്ടുകാലത്തുതന്നെ ലാഭേച്ഛയോടെയുള്ള വന്‍മൃഗവേട്ട ഈ കാടുകളില്‍ വ്യാപകമായിരുന്നു. മദിരാശി സര്‍ക്കാരില്‍ മൃഗഡോക്ടറായിരുന്ന വി.കെ. കുട്ടു  "യുദ്ധനിഴലിലെ ബാല്യകൗമാരങ്ങള്‍' എന്ന ആത്മകഥയില്‍ നിരീക്ഷിച്ചത് ഇപ്രകാരം: ""വെടിവെച്ചു കൊന്ന നരിയെ മരത്തണ്ടില്‍ കെട്ടി രണ്ടുപേര്‍ ചുമലില്‍ വഹിച്ചു ഇരിട്ടിയിലൂടെ നടന്നുപോകുന്നത് കണ്ടിട്ടുണ്ട്. ഒരു നരിത്തോലിന്റെ വില അവര്‍ക്ക് കിട്ടിയിരുന്നത് അഞ്ഞൂറുറുപ്പിക അറുന്നൂറുറുപ്പികവരെയായിരുന്നു.''
1950 കളില്‍ അത് ചെറിയ തുകയല്ല. കുടിയേറ്റ കര്‍ഷകരുടെ നിവൃത്തികേടും ചിലപ്പോഴെങ്കിലും പണക്കൊതിയുമായിരുന്നു ഇത്തരം ലാഭവേട്ടയ്ക്കു പിന്നില്‍. സമ്പന്ന ജന്മികുടുംബാംഗമായിരുന്ന അപ്പനുവിന് അതിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്നു മാത്രമല്ല നായാട്ടിനോടുള്ള അദ്ദേഹത്തിന്റെ മനോഭാവം വ്യത്യസ്തവുമായിരുന്നു.

അപ്പനു പ്രധാനമായും നായാടിയത് പന്നി, കാട്ടുപോത്ത്, മലമാന്‍, കാട്ടുകോഴി എന്നിവയെയായിരുന്നു. എല്ലാം തന്നെ ഇറച്ചിക്കായി. മറ്റു മൃഗങ്ങളെ കൊന്നിട്ടേയില്ല എന്നല്ല. ചൊട്ടമുതലേ ആനയോട് ""മമതയും ബഹുമാനവു''മാണെങ്കിലും നിരന്തരം കൃഷി നശിപ്പിച്ച ഒറ്റക്കൊമ്പനെ നാട്ടാരുടെ ആവശ്യപ്രകാരം കൊല്ലേണ്ടിവന്നത് അദ്ദേഹം വിവരിക്കുന്നു. സമാനസാഹചര്യത്തില്‍ വേറെ രണ്ടു പ്രാവശ്യവും ഒരിക്കല്‍ അബദ്ധത്തിലും ആനയെ കൊന്നിട്ടുണ്ട്. കന്നുകാലികളെ കവര്‍ന്ന രണ്ടു നരികളെ കൊന്നിട്ടുണ്ട്. കാട്ടാടെന്ന് തെറ്റിദ്ധരിച്ച് ഒരു ചെന്നായയേയും. ഒരു നായാട്ടുവേളയില്‍ ഏറെ മുഷിഞ്ഞു കാത്തിരുന്ന തന്റെ തൊട്ടുമുമ്പില്‍ വന്നുപെട്ട മലമാനിനെ ഗര്‍ഭിണിയാെണന്നു കണ്ട് വെടിവച്ചില്ല. എന്നാല്‍ ഭൂതദയയെന്നോ നായാട്ടിലെ സൂക്ഷ്മമര്യാദയെന്നോ ഉള്ള അവകാശവാദം അപ്പനുവില്ല. അവളുടെ നോട്ടം കാരണം ആ നിമിഷം അങ്ങനെ തോന്നിയെന്നു മാത്രം പറയുന്നു.

നായാട്ടനുഭവകഥകള്‍ എഴുതുന്നതിന് അപ്പനുവിന്റെ പ്രേരണയെന്തായിരുന്നു? സമകാലികര്‍ക്കുള്ള വിനോദവായനയല്ല കഥാകാരന്റെ ലക്ഷ്യം. വരാനിരിക്കുന്ന കാലത്തിനായി നായാട്ട് രേഖപ്പെടുത്തുകയാണ്. ""നായാട്ടിന്റെ ആയുസ്സ് നിര്‍ണ്ണയിക്കപ്പെട്ടുവെന്നു വന്നു. അതൊരാസന്ന ചരിത്രവസ്തുതയായി മാറുകയാണ്. അങ്ങനെ "ഇങ്ങിനി വരാതവണ്ണം' "ഭൂതകാലാകാശവീഥിയിങ്കലേ'ക്ക് കുഞ്ചി പിടിച്ച് പുറത്താക്കപ്പെടുന്ന വിനോദമായ നായാട്ടിനെക്കുറിച്ചും അതിന്റെ നിയന്ത്രണ നടപടിച്ചട്ടങ്ങളെക്കുറിച്ചും'' അപ്പനു വ്യവഹരിക്കുന്നു. ""നായാട്ടുപഴമയുടെ ഒരു റിക്കാര്‍ട്ടിരിക്കട്ടെ.''

bookരസിപ്പിക്കാന്‍ വേണ്ടി എഴുതിയവയല്ലെങ്കിലും കഥനമികവ് ഉള്ളവയാണ് അപ്പനുവിന്റെ രചന. അദ്ദേഹത്തിന്റെ രസകരമായ ആഖ്യാനത്തിന്റെ ഒരംശം: ""അതാ വരുന്നു ഒരു മുഴുത്ത കൊമ്പന്‍ മലമാന്‍. രംഗമാകെ മാറി. ഇതികര്‍ത്തവ്യതാമൂഢതയില്‍ നിര്‍വ്വികാരവും നിശ്ചേഷ്ടവുമായി സ്വാഭാവികപ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തറ്റ്, സ്വപ്നാടനക്കാരനെപ്പോലെ പരിസരബോധമില്ലാതെ ഉഴവൂരമ്പലവാസിയായിത്തീര്‍ന്നിരുന്ന എന്റെ കണ്ണുകളില്‍ കൂടി ആ മലമാനിന്റെ കോലം ഉള്ളില്‍ പതിയാന്‍ സമയം പിടിച്ചു. പക്ഷെ പതിഞ്ഞപ്പോള്‍ കളക്ടര്‍ സായിപ്പിന്റെ അപ്രതീക്ഷിതമായ ആഗമനത്തില്‍ ഹുസൂര്‍ ശിപായിയുടെ കയ്യിലെ പുകയുന്ന ബീഡിക്കുറ്റി പോലെ എന്റെ മനോമൗഢ്യം അപ്രത്യക്ഷമായി.''

ഒരു മാന്‍വേട്ടയില്‍ പങ്കുചേര്‍ന്ന ബന്ധുവും സ്‌നേഹിതനുമായ അനന്തന്‍ നായരുടെ നായാട്ടറിവിനെക്കുറിച്ച് പറയുന്നത് ഇങ്ങനെ: ""പണ്ടത്തെ പാഠപുസ്തകത്തിലെ "ചെട്ടി മാനിനെ വെടിവച്ചു' എന്ന ശുദ്ധമേ അസംഭാവ്യപ്രസ്താവം ചെറുപ്പത്തില്‍ ഉരുവിട്ടു പഠിച്ചതാണ് വെടിയെക്കുറിച്ചും മാനിനെക്കുറിച്ചും അങ്ങോര്‍ക്കുള്ള അഗാധവിജ്ഞാനത്തിന്റെ ആകെത്തുക.''
പരന്ന വായന പ്രതിഫലിക്കുന്നതാണ് അപ്പനുവിന്റെ നായാട്ടെഴുത്ത്. കഥകളില്‍ വടക്കന്‍ പാട്ടുതൊട്ട് മഹാഭാരതം വരെ പരാമര്‍ശിക്കപ്പെടും. എഴുത്തച്ഛനും കാളിദാസനുമുണ്ട്. കുഞ്ചന്‍ നമ്പ്യാരും ആറ്റുര്‍ കൃഷ്ണപ്പിഷാരടിയും വി.സി. ബാലകൃഷ്ണപ്പണിക്കരും വള്ളത്തോളും കടന്നുവരും. ജിം കോര്‍ബറ്റും കെന്നത്ത് ആന്‍ഡേഴ്‌സണും ഒപ്പം കൂടും. എം.പി. ശിവദാസമേനോനെ ""മലബാറിലെ ശിക്കാറികളുടെ ഗുരുജി'' എന്ന് ആദരിക്കുന്നതോടൊപ്പം അദ്ദേഹം ""ശുദ്ധ വെടികള്‍ റിക്കാര്‍ട്ടാക്കുകയും ചെയ്തു'' എന്നു പരിഹസിക്കും.

അപ്പനുവിന്റെ നായാട്ടുകഥനം സംസ്‌കൃത ഉദ്ധരണികളാല്‍ സമൃദ്ധം. ഇംഗ്ലീഷ്, ഹിന്ദി ഭാഷാപ്രയോഗങ്ങള്‍ ഒട്ടനവധി. ഓന്‍കോറും മുശായിരയുമുണ്ട്. യുദ്ധശബ്ദതാരാവലിയിലെ പദങ്ങളുണ്ട് - കൗണ്‍സില്‍ ഓഫ് വാര്‍, ഫീല്‍ഡ് ഓഫ് ഫയര്‍. പ്രാസമൊത്ത പരിഭാഷയുണ്ട്. ഡെഡ് ലെറ്റര്‍ ഓഫീസിന് ചത്ത കത്താപ്പീസ്. സാമൂഹികവിമര്‍ശനവുമുണ്ട്. യുക്തിവാദികളെ ഒളിയമ്പെയ്യും. കോണ്‍ഗ്രസ്സുകാരെയും കമ്മ്യൂണിസ്റ്റുകളെയും നിര്‍ത്തി വെടിവയ്ക്കും. നെഹ്രുവിനെയും പട്ടേലിനെയും മാത്രമല്ല മാവോവിനെയും ക്രൂഷ്‌ചെവിനെയും വെറുതെ വിടില്ല.

ALSO READ

പ്രണയക്കൊലപാതകം; ആത്മനിന്ദയോടെ ഉച്ചരിക്കേണ്ട ഒരു വാക്ക്​

അപ്പനുവിന്റെ നായാട്ടുകാലമാവുമ്പോള്‍ത്തന്നെ കാടിന്റെ വിസ്തൃതി കാര്യമായി കുറഞ്ഞിരുന്നു. ""ഇന്ന് കാട് പകുതിയും കാട്ടുമൃഗങ്ങള്‍ മുക്കാലും നശിച്ചുകഴിഞ്ഞു. ഇക്കഴിഞ്ഞ പത്തുകൊല്ലം കൊണ്ട് സ്വകാര്യവനങ്ങള്‍ മുക്കാലും കൈയേറിക്കഴിഞ്ഞിട്ടുണ്ട്.'' തെളിച്ചു പറയുന്നില്ലെങ്കിലും തിരുവിതാംകൂര്‍ കര്‍ഷകരുടെ ചെയ്തിയാണ് അപ്പനു പ്രധാനമായും ഉദ്ദേശിക്കുന്നതെന്ന് തോന്നുന്നു.

എന്നാല്‍ കുടിയേറ്റം മാത്രമല്ല വടക്കെ മലബാറിലെ വനനാശത്തിനു വഴിയൊരുക്കിയത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതലേ ജന്മിമാരും കുടിയാന്മാരും കാടുതെളിച്ച് കൃഷിവിസ്തൃതമാക്കാനുള്ള ശ്രമത്തിലായിരുന്നു. പണത്തിന്റെ ആവശ്യം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവന്നു. ജന്മികുടുംബങ്ങളുടെ വ്യവഹാരനടത്തിപ്പ് ചെലവുപിടിച്ച ഏര്‍പ്പാടായിരുന്നു. വിദ്യാഭ്യാസവകയിലുള്ള ചെലവും കൂടിക്കൊണ്ടിരുന്നു. തറവാടിന്റെ വരുമാന വര്‍ദ്ധനവിനായി കാരണവന്മാര്‍ നേരിട്ടും മരുമക്കളെ പ്രേരിപ്പിച്ചും തെങ്ങിന്‍തോപ്പുകളും കുരുമുളക് തോട്ടങ്ങളും ഉണ്ടാക്കി. അങ്ങനെ ഒട്ടേറെ പുനംകൃഷിയിടങ്ങള്‍ സ്ഥിരംകൃഷിയിടങ്ങളായി. ഉത്സാഹികളായ അംഗങ്ങള്‍ തറവാട്ടില്‍ നിന്നു ഭൂമി ചാര്‍ത്തി വാങ്ങി സ്വന്തം നിലയ്ക്കും കൃഷി വിപുലമാക്കി. ഇതിന് മദിരാശി കൃഷിവകുപ്പിന്റെ സാങ്കേതിക സഹായവുമുണ്ടായി. മാത്രമല്ല രണ്ടു ലോകയുദ്ധങ്ങളും അവയ്ക്കിടയില്‍ സംഭവിച്ച സാമ്പത്തികമാന്ദ്യവും ഉത്പന്നവിലകളെ ഉലച്ചപ്പോള്‍ വരുമാനം നിലനിര്‍ത്താനായി കൂടുതല്‍ ഭൂമി കൃഷിചെയ്യേണ്ടിവന്നു. കൂട്ടുകുടുംബങ്ങള്‍ കൂറുപിരിഞ്ഞതോടെ പാര്‍പ്പിടങ്ങളുടെ ആവശ്യമേറി. അതിനായി കാടുകള്‍ വീണ്ടും തെളിച്ചു.

1930 കളിലെ കാര്‍ഷികബന്ധനിയമങ്ങള്‍ ജന്മിമാര്‍ക്ക് കടിഞ്ഞാണിട്ടു. കുടിയാന്മാരില്‍നിന്ന് തന്നിഷ്ടപ്രകാരമുള്ള പിരിവ് അസാദ്ധ്യമായി. ഉത്പന്നവിലയുടെ ചാഞ്ചാട്ടം കാരണം മര്യാദപ്പാട്ടം കൊടുക്കാന്‍ പോലും കുടിയാന്മാര്‍ക്ക് ബുദ്ധിമുട്ട് നേരിട്ടു. പാട്ടബാക്കി വന്ന കുടിയാന്മാരെ ജന്മിമാര്‍ക്ക് പഴയതുപോലെ എളുപ്പം പുറത്താക്കാനാവുമായിരുന്നില്ല. കുടിയൊഴിപ്പിക്കലും മേല്‍ച്ചാര്‍ത്തും ചെറുക്കാന്‍ കര്‍ഷകസംഘം മുന്നോട്ടുവന്നു. ജന്മിമാര്‍ തങ്ങള്‍ക്ക് എതിര്‍നിന്ന കുടിയാന്മാര്‍ക്ക് പുനംകൃഷി അവകാശം നിഷേധിച്ചതും സ്വന്തമായി അത് ചെയ്യാന്‍ ശ്രമിച്ചതും സംഘര്‍ഷത്തിലേക്ക് നയിച്ചു. ജന്മിത്വഉത്പ്പാദനവ്യവസ്ഥ കുഴപ്പത്തിലായതോടെ തറവാട്ടു വരുമാനം കുത്തനെ കുറഞ്ഞു.

nayatt
കല്യാട് ജന്മി കൂടാളി ജന്മിക്ക് അയച്ച സ്വകാര്യ കത്ത്‌

ഈ സാഹചര്യത്തില്‍ കാട്ടിലെ മരം മുറിച്ചുവിറ്റും കുടിയേറ്റ കര്‍ഷകര്‍ക്ക് ഭൂമി വിറ്റുമാണ് പല തറവാടുകളും പണം കണ്ടെത്തിയത്. കൂടാതെ കൈയേറ്റം ഭയന്നും ഭൂമി കൈമാറ്റത്തിനു മുന്നെയും മരങ്ങള്‍ മുറിച്ചുനീക്കി. തറവാടുകളുടെ ബലക്ഷയത്തിന്റെയും അന്തച്ഛിദ്രത്തിന്റെയും നാളുകളില്‍ നിയമപരമായ അധികാരമില്ലാതെയും കാരണവരുടെ അനുവാദമില്ലാതെയും പല അംഗങ്ങളും കുടിയേറ്റകര്‍ഷകര്‍ക്ക് ഭൂമി കൈമാറി. കാട് കാശാക്കി. ഒട്ടേറെ കര്‍ഷകര്‍ വാങ്ങിയ ഭൂമിയെക്കാളേറെ വനഭൂമി കൈവശപ്പെടുത്തുകയും ചെയ്തു. അവ കൃഷിക്കായി തെളിച്ചു.

വന്യമൃഗങ്ങളില്ലാതായത് നായാട്ടു നിമിത്തമാണെന്ന അഭിപ്രായം അപ്പനുവിനില്ല. പത്രങ്ങളുടെ "ആനവിലാപ'ങ്ങളെ അദ്ദേഹം വിമര്‍ശിക്കുന്നു. ""മലബാറില്‍ ആനവെടി വളരെ കുറവാണ്. ആനപിടി വംശം മുടിഞ്ഞു പോവാന്‍ മാത്രം സാധാരണവുമല്ല.'' ""ഇന്ന് യഥാര്‍ത്ഥത്തില്‍ നശിക്കുന്നത് ആനയല്ല കാടാണ്.'' ""വനം അവളുടെ (ആനയുടെ) ആയുധവും ആഭരണവുമാണ്. അതുകൊണ്ട് സംരക്ഷിക്കപ്പെടേണ്ടത് വനമാണ് മൃഗമല്ല.'' സര്‍ക്കാരിന്റെ വനസംരക്ഷണനയത്തിലെ പിഴവുകള്‍ അപ്പനു ചൂണ്ടിക്കാട്ടുന്നു. ""കയ്യേറ്റത്തിന് നിയമസാധുത അനുവദിക്കപ്പെട്ടിട്ടില്ലെങ്കിലും നിരോധനസാധ്യത അങ്ങേയറ്റം കുറച്ചുകൊണ്ടുള്ളതാണ് ഇപ്പോളരങ്ങേറുന്ന നിയമങ്ങള്‍. സര്‍ക്കാര്‍ വനങ്ങളില്‍ കയ്യേറ്റം നടത്തുന്നവര്‍ രക്ഷിക്കപ്പെടുമ്പോള്‍ സ്വകാര്യവനങ്ങളില്‍ കയ്യേറുന്നവരെ ശിക്ഷിക്കാന്‍ ആരാണൊരുമ്പെടുക?''

മൃഗയാവിനോദത്തെ കൊണ്ടാടുകയല്ല തങ്ങള്‍ ഏറെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മുന്‍ഗാമിയുടെ സാഹിത്യസംരംഭത്തെ വെളിച്ചത്തിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കുടുംബാംഗങ്ങള്‍ ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതിലുപരി ഈ നായാട്ടുകഥനത്തിന്റെ പ്രാധാന്യമെന്താണ്? നായാട്ടുചരിത്രത്തിന്റെ ഉപാദാനമാണ് വ്യക്തികളുടെ നായാട്ടോര്‍മ്മകള്‍. വിസ്തൃതവനമുള്ള ഒരു ദേശത്തിന്റെ നായാട്ടു ചരിത്രം പാരിസ്ഥിതിക-സാമൂഹികചരിത്രത്തിന്റെ അവിഭാജ്യഘടകമാണ്. അതുകൊണ്ടുതന്നെ അനുഭവകഥകള്‍ എന്നതിനപ്പുറം ചരിത്രരചനയുടെ പ്രമാണസാമഗ്രിയെന്ന നിലയ്ക്ക് നായാട്ടുസ്മരണകള്‍ക്ക് പ്രസക്തിയുണ്ട്.

മലയാളത്തില്‍ നായാട്ടനുഭവകഥകള്‍ ഏറെയുണ്ടെങ്കിലും നായാട്ടുചരിത്രരചന ഒട്ടുംതന്നെ സമ്പന്നമല്ല. ആദ്യകാല എഴുത്ത് പ്രധാനമായും നായാട്ടുരീതികള്‍, ചടങ്ങുകള്‍, നായാട്ടു സംബന്ധിയായ പഴയ ഗ്രന്ഥങ്ങള്‍ എന്നിവയുടെ വിവരണമായിരുന്നു. സമീപകാലരചനകളിലാകട്ടെ നായാട്ട് അധിനിവേശപ്രത്യയശാസ്ത്രത്തിന്റെ പ്രകാശനവും പുരുഷാധിപത്യത്തിന്റെ വിളംബരവുമാണെന്ന സാമാന്യ അറിവിന്റെ ആവര്‍ത്തനമാണ് കൂടുതലും കാണുന്നത്. അതു ശരിയല്ലെന്നല്ല. പക്ഷെ വൈവിധ്യമാര്‍ന്ന ഉപാദാനങ്ങളുടെ സൂക്ഷ്മവിശകലനത്തിന് പകരമാവില്ലത്. അന്വേഷണങ്ങളുടെ തട്ടകമാകട്ടെ മധ്യതിരുവിതാംകൂറില്‍ ഒതുങ്ങുന്നു.

പുതിയ രചനകള്‍ നായാട്ടും ജാതിവ്യവസ്ഥയുമായുള്ള ബന്ധം പരിശോധിക്കുന്നുണ്ട്. എന്നാല്‍ ആദിവാസികള്‍ നിലനില്‍പ്പിനായി വേട്ടയാടിയ നിഷ്‌കളങ്കരും കുടിയേറ്റകര്‍ഷകര്‍ മൃഗങ്ങളെയാകെ കൊന്നൊടുക്കിയ ക്രൂരന്മാരുമായിരുന്നു എന്ന കാഴ്ചപ്പാടാണ് അവ മുന്നോട്ടുവയ്ക്കുന്നത്. മനോഭാവങ്ങള്‍ രൂപപ്പെടുന്നത് എങ്ങനെയെന്ന് അന്വേഷിക്കാനുള്ള വിമുഖതയാണ് വ്യത്യസ്ത സാമൂഹികവിഭാഗങ്ങളില്‍ സഹജഭാവം കെട്ടിയേല്‍പ്പിക്കുന്ന ഇത്തരം ധൃതിപിടിച്ച തരംതിരിവ് സമീപനത്തിനു കാരണം. ഇന്ത്യയടക്കമുള്ള ദക്ഷിണേഷ്യയിലെ വന്യജീവി വ്യാപാരത്തില്‍ പല ഗോത്രവിഭാഗങ്ങളും ഏര്‍പ്പെടുന്നുണ്ട്.

chenkal
കല്യാടെ ചെങ്കല്‍ ഖനനം

നിശ്ചലമല്ല നായാട്ടിന്റെ ചരിത്രം. നായാട്ടിന്റെ ചരിത്രസന്ദര്‍ഭം, ഭൂപ്രകൃതിയും ജീവജാലവൈവിധ്യവും, ജനസംഖ്യ, വ്യത്യസ്ത സമൂഹങ്ങളുടെ സാമ്പത്തികനിലവാരം, സാങ്കേതികവിദ്യയുടെ ലഭ്യത, കാര്‍ഷികരീതി, ഉത്പാദനബന്ധങ്ങള്‍, വിപണിവികാസം, ഗതാഗതസൗകര്യം തുടങ്ങിയ ഘടകങ്ങളിലെ വ്യത്യാസങ്ങള്‍ പരിഗണിക്കുക പ്രധാനം. നായാട്ടുചരിത്ര മെഴുത്തിന്റെ ഉപാദാനമെന്ന നിലയില്‍ അപ്പനുവിന്റെ അനുഭവകഥകള്‍ ഇത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

1974 ല്‍ 64-ാമത്തെ വയസ്സില്‍ അപ്പനു വിടവാങ്ങി. അദ്ദേഹം നായാടിയ കാടുകളും താണ്ടിയ തോടുകളും നടന്ന കുണ്ടനിടവഴികളും ഇന്നില്ല. കുന്നുകള്‍ പറമ്പുകളായി, വയലുകള്‍ വാസസ്ഥലങ്ങളായി, ഊടുവഴികള്‍ വാഹനം ഇരമ്പുന്ന റോഡുകളായി. ഭൂപരിഷ്‌കാരം പ്രാബല്യത്തില്‍ വന്നതോടെ ഭൂമിയുടെ മേലുള്ള ജന്മിമാരുടെ കുത്തക അവസാനിച്ചു. ഇടനില കുടിയാന്മാര്‍ ഭൂവുടമകളായി, വെറുംപാട്ട കുടിയാന്മാര്‍ തുണ്ടുഭൂമികളുടെ ഉടമസ്ഥരായി, പുതുതായി താമസയിടം സ്വന്തമായ കുടികിടപ്പുകാര്‍ സ്വതന്ത്ര തൊഴിലാളികളായി. പക്ഷെ ആദിവാസികള്‍ കോളനികളില്‍ തളച്ചിടപ്പെട്ടു. കല്യാടും കാണാം പണിയക്കോളനികള്‍.

സംസ്ഥാനത്തെ കെട്ടിടനിര്‍മ്മാണപ്പെരുപ്പം കല്യാടിന്റെ ഭൂപ്രകൃതിയെ മാറ്റിമറിച്ചു. അവിടത്തെ മികച്ചയിനം ചെങ്കല്ലിന് തെക്കന്‍ കേരളത്തില്‍നിന്നുപോലും ആവശ്യക്കാരുണ്ടായതോടെ കപ്പണകളില്‍ പെരുതേരിയുടെ കന്മഴു യന്ത്രത്തിനു വഴിമാറി. ചെങ്കല്‍കരാര്‍മുതലാളിമാരും പ്രാദേശികരാഷ്ട്രീയനേതാക്കളും തദ്ദേശസ്ഥാപനാധികാരികളും ചേര്‍ന്ന അധികാരവ്യൂഹം രൂപംകൊണ്ടു. അവര്‍ ഭൂപ്രകൃതിയുടെ അധികാരികളായി. കപ്പണകളില്‍ പണിയെടുക്കാനായി നൂറുകണക്കിന് മറുനാടന്‍ തൊഴിലാളികളെത്തി, നാട്ടുകാര്‍ മേലാളരും ഇടനിലക്കാരുമായി.
ഇന്ന് കല്യാടെന്ന പീഠഭൂമിയില്ല. അഗാധഗര്‍ത്തങ്ങളാണവിടെ.

(എ.കെ. ചാത്തുക്കുട്ടി നമ്പ്യാര്‍ രചിച്ച നായാട്ട് അനുഭവകഥകള്‍ എന്ന പുസ്തകത്തിന്റെ അവതാരിക)

  • Tags
  • #Book Extracts
  • #K.T. Rammohan
  • #Literature
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Tholkkilla-Njan--Teeka-Ram-Meena---Biography

Autobiography

ടിക്കാറാം മീണ

വ്യാജമദ്യക്കേസ്: പി. ശശിക്കെതിരായ ടീക്കാറാം മീണയുടെ വെളിപ്പെടുത്തല്‍; പുസ്തകഭാഗം വായിക്കാം

Apr 30, 2022

17 Minutes Read

 VM-Devadas-story-vellinakshathram.jpg

Podcasts

വി.എം.ദേവദാസ്

വെള്ളിനക്ഷത്രം

Apr 30, 2022

60 Minutes Listening

 Binu-M-Pallipadu.jpg

Reading A Poet

എം.ആര്‍ രേണുകുമാര്‍

മൂശയിലേക്കെന്നപോലെ പ്രാണനെ ഉരുക്കി ഒഴിക്കുന്ന കവി

Apr 22, 2022

23 Minutes Read

 S-Joseph.jpg

Literature

എസ്. ജോസഫ്

മാസ്റ്ററി ഇല്ലാത്ത മൈക്കാടുപണിക്കാരാണ് കൂടുതല്‍ കവികളും, മേസ്തിരിമാർ വിരലിലെണ്ണാവുന്നവർ മാത്രം.

Apr 21, 2022

9 Minutes Read

marar

Literature

റഫീഖ് ഇബ്രാഹിം

മാരാരുടെ  ‘പൊയറ്റിക് യൂണിവേഴ്‌സി'ലെ ചില പ്രതിരോധ സാധ്യതകള്‍

Apr 06, 2022

20 minutes read

Balachandran Chullikkad

Podcasts

ബാലചന്ദ്രന്‍ ചുള്ളിക്കാട്

ആകാശം - ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിത

Mar 28, 2022

1 Minute Listening

language

Literature

കെ.എം. സീതി

‘ഭാഷകളുടെ ചരമക്കുറിപ്പുകൾ തയാറാക്കിക്കൊണ്ടിരിക്കുന്ന ഒരു കാലത്ത്​, നാം നമ്മുടെ ഭാഷയുടെ അതിജീവനത്തെക്കുറിച്ച്​ ആലോചിക്കുന്നു’

Feb 22, 2022

5 Minutes Read

Communist Manifesto

Literature

റഫീഖ് ഇബ്രാഹിം

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ 174 വര്‍ഷങ്ങള്‍

Feb 20, 2022

15 Minutes Read

Next Article

വള്ളക്കടവ് സീ ഫുഡ് റെസ്‌റ്റോ കഫേ: ഭക്ഷണത്തിന്റെയും വിശപ്പിന്റെയും  അനുഭവങ്ങളില്‍ നിന്നൊരു ഭക്ഷണശാല

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster