കുഞ്ഞിലയുടെ ചോദ്യങ്ങളെ
അക്കാദമിക്ക് നിശ്ശബ്ദമാക്കാൻ
കഴിയില്ല
കുഞ്ഞിലയുടെ ചോദ്യങ്ങളെ അക്കാദമിക്ക് നിശ്ശബ്ദമാക്കാൻ കഴിയില്ല
‘‘കുഞ്ഞില മസിലമണിയുടെ അസംഘടിതർ എന്ന സിനിമ ഒരു ആന്തോളജിയുടെ ഭാഗമാണ്, അത് ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ എല്ലാവരും കണ്ടതുമാണ്. വനിത സംവിധായകരുടെ റിലീസ് ചെയ്യപ്പെടാത്ത നാല് സിനിമകള്‍ ലഭിച്ചതിനാല്‍ ഈ സിനിമ ഞങ്ങളുടെ പരിഗണനയിലേക്ക് വന്നിട്ടേയില്ല’’, വനിതാ ചലച്ചിത്രമേളയുമായി ബന്ധപ്പെട്ട വിവാദത്തിന് ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രന്‍ മറുപടി പറയുന്നു.
18 Jul 2022, 09:51 PM
സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച മൂന്നാമത് അന്തര്‍ദേശീയ വനിത ചലച്ചിത്രമേള കഴിഞ്ഞ ദിവസം കോഴിക്കോട് സമാപിച്ചതേയുള്ളൂ. ചലച്ചിത്രമേളയുടെ ഉദ്ഘാടനവേദിയില്‍ പ്രതിഷേധിച്ച സംവിധായിക കുഞ്ഞില മസിലമണി ചില ചോദ്യങ്ങളുന്നയിച്ചിരുന്നു.
ആരൊക്കെയാണ് ഫെസ്റ്റിവലിന് സിനിമ തെരഞ്ഞെടുക്കുന്നത്, എന്തൊക്കെയാണ് മാനദണ്ഡം?.
ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജിയിലെ അസംഘടിതര്‍ എന്ന, താന്‍ സംവിധാനം ചെയ്ത സിനിമ മേളയില്‍ ഉള്‍പ്പെടാത്തതിനെ തുടര്‍ന്നാണ് കുഞ്ഞില ഈ ചോദ്യങ്ങള്‍ ഉന്നയിച്ചത്.
ചലച്ചിത്ര അക്കാദമി ചെയര്‍മാനും ചലച്ചിത്ര സംവിധായകനുമായ രഞ്ജിത്തിന് ഇക്കാര്യങ്ങള്‍ ചോദിച്ച് വാട്‌സാപ്പില്‍ സന്ദേശം അയച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്ന് പറഞ്ഞ് മേള തുടങ്ങുന്നതിന് ദിവസങ്ങള്‍ക്കുമുമ്പ് കുഞ്ഞില ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. രഞ്ജിത്തിനയച്ച വാട്‌സാപ്പ് സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടും പോസ്റ്റിനൊപ്പം ചേര്‍ത്തിരുന്നു.
അക്കാദമിയുടെ ഭാഗത്തുനിന്ന് മറുപടിയൊന്നും കിട്ടാതിരുന്നതിനെ തുടര്‍ന്നാണ് കുഞ്ഞില മേളയിലെത്തുകയും ഉദ്ഘാടനവേദിയില്‍ പ്രതിഷേധിക്കുകയും ചെയ്തത്. പ്രതിഷേധിച്ച കുഞ്ഞിലയെ പൊലീസ് അറസ്റ്റ് ചെയ്ത് വലിച്ചിഴച്ച് കൊണ്ടുപോവുകയാണ് ചെയ്തത്.
പരിഗണിച്ചത് റിലീസ് ചെയ്യാത്ത സിനിമകള്‍- അക്കാദമി
ഐ.എഫ്.എഫ്.കെ., ഐ.ഡി.എസ്.എഫ്.കെ. പോലെയുള്ള വലിയ ചലച്ചിത്ര മേളകളില്‍ എന്‍ട്രി ക്ഷണിച്ച് കമ്മിറ്റികളെ വെച്ചാണ് സിനിമകള്‍ സെലക്ട് ചെയ്യുന്നതെന്നും എന്നാല്‍ വനിത ഫെസ്റ്റിവല്‍ പോലെയുള്ള മൂന്നുദിവസം മാത്രമുള്ള ചെറിയ മേളകള്‍ അങ്ങനെയല്ലെന്നും ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രന്‍ പറഞ്ഞു: ""നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, വനിത ഫിലിം ഫെസ്റ്റിവല്‍ തുടങ്ങിയ ചെറിയ മേളകളിലേക്കുള്ള സിനിമകള്‍ തെരഞ്ഞെടുക്കുന്നത് അക്കാദമിയുടെ ഫെസ്റ്റിവല്‍ ഡിവിഷന്‍ തന്നെയാണ്. 25-ാമത് ഐ.എഫ്.എഫ്.കെ.യില്‍ വന്ന് അംഗീകാരം നേടിയിട്ടുള്ള ഒമ്പത് സിനിമകളാണ് വനിത ഫെസ്റ്റിവലില്‍ ലോക സിനിമ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. ഐ.ഡി.എസ്.എഫ്.കെ.യില്‍ വന്ന് അംഗീകാരം നേടിയിട്ടുള്ളവയാണ് ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. വനിതകള്‍ സംവിധാനം ചെയ്ത, റിലീസ് ചെയ്തിട്ടില്ലാത്ത സിനിമകള്‍ എന്ന മാനദണ്ഡമാണ് മലയാളം സിനിമാ വിഭാഗത്തിന് പരിഗണിച്ചത്. ആകെ ഉള്‍പ്പെടുത്തിയ നാല് സിനിമകളില്‍ രണ്ടെണ്ണം കെ.എസ്.എഫ്.ഡി.സി. പിന്തുണയോടെ നിര്‍മിച്ച നിഷിദ്ധോയും ഡിവോഴ്‌സുമാണ്. പിന്നെ ഐഷ സുല്‍ത്താനയുടെ ഫ്ലഷും വിധു വിന്‍സെന്റിന്റെ വൈറല്‍ സെബിയും. ഈ നാല് സിനിമകളും തിയേറ്ററിലോ ഒ.ടി.ടി.യിലോ റിലീസ് ചെയ്തവയല്ല. മാനദണ്ഡം ഇതായിരുന്നതിനാല്‍ അവിടെ ആരെയെങ്കിലും ഒഴിവാക്കുക എന്ന പ്രശ്‌നം വരുന്നില്ല.'' - അജോയ് ചന്ദ്രന്‍ വ്യക്തമാക്കി.
""കുഞ്ഞിലയുടെ സിനിമ ഒരു ആന്തോളജിയുടെ ഭാഗമാണ്, അത് ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ എല്ലാവരും കണ്ടതുമാണ്. വനിത സംവിധായകരുടെ റിലീസ് ചെയ്യപ്പെടാത്ത നാല് സിനിമകള്‍ ലഭിച്ചതിനാല്‍ ഈ സിനിമ ഞങ്ങളുടെ പരിഗണനയിലേക്ക് വന്നിട്ടേയില്ല.'' - അജോയ് പറഞ്ഞു.
നിലമ്പൂര്‍ ആയിഷ, കുട്ട്യേടത്തി വിലാസിനി, വിധുബാല തുടങ്ങിയ കോഴിക്കോട് ജന്‍മദേശമോ പ്രവര്‍ത്തനകേന്ദ്രമോ ആക്കിയിട്ടുള്ള 13 കലാകാരികളെയാണ് ആദരിച്ചതെന്നും ഇത് തുടക്കമാണെന്നും അജോയ് പറയുന്നു. ഭാവിയില്‍ സിനിമയുടെ മറ്റു മേഖലകളിലുള്ളവരെയും ഉള്‍പ്പെടുത്തും. ടെക്‌നിക്കല്‍ മേഖലകളില്‍ സ്ത്രീകള്‍ക്ക് പരിശീലനം നല്‍കാനുള്ള പദ്ധതിയും അക്കാദമിക്കുണ്ട്. അജോയ് ചന്ദ്രന്‍ പറഞ്ഞു.
എന്നാൽ, അക്കാദമിയുടെ ഭാരവാഹികള്‍ ഇപ്പോള്‍ പറയുന്ന മാനദണ്ഡങ്ങള്‍ നേരത്തെ പ്രഖ്യാപിക്കപ്പെട്ടിരുന്നില്ല എന്നതാണ് പലരുടെയും പ്രതിഷേധങ്ങള്‍ക്ക് കാരണം. ഇതാണ് മാനദണ്ഡമെന്നും സിനികള്‍ തിരഞ്ഞെടുക്കാന്‍ എന്‍ട്രിയോ ജൂറിയോ ഇല്ലെന്നും ആദ്യം തന്നെ വ്യക്തമാക്കിയിരുന്നെങ്കില്‍, ആദ്യം ചോദ്യം ഉന്നയിക്കപ്പെട്ടപ്പോള്‍ മറുപടി നല്‍കിയിരുന്നെങ്കില്‍ ഉദ്ഘാടനവേദിയിലെ നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഒരുപക്ഷെ ഒഴിവാക്കാനാകുമായിരുന്നു.
കോഴിക്കോട് മിഠായിത്തെരുവിലെ വ്യാപാരസ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന അസംഘടിതരായ സ്ത്രീകളുടെ മൂത്രമൊഴിക്കാനുള്ള അവകാശത്തിനുവേണ്ടി, ഇരിക്കാനുള്ള അവകാശത്തിനുവേണ്ടി "പെണ്‍കൂട്ട്' എന്ന സംഘടന നടത്തിയ സമരത്തിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് കുഞ്ഞില സംവിധാനം ചെയ്ത അസംഘടിതര്‍. വിജി പെണ്‍കൂട്ടിന്റെ നേതൃത്വത്തില്‍ നടത്തിയ ആ സമരം ആഗോളതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു. പെണ്‍കൂട്ടിന്റെ സമരം തുടങ്ങിയപ്പോള്‍ അവര്‍ നേരിട്ട പരിഹാസവും കുറ്റപ്പെടുത്തലുകളുമെല്ലാം വളരെ വലുതായിരുന്നു. അതെല്ലാം മറികടന്നാണ് പെണ്‍കൂട്ട് സമരം വിജയത്തിലേക്കെത്തിച്ചത്. കോഴിക്കോടിനെ സംബന്ധിച്ച്, കേരളത്തെ സംബന്ധിച്ച് സുപ്രധാനമായ ഒരു സംഭവമായിരുന്നു പെണ്‍കൂട്ടിന്റെ സമരം. ഇന്നും യാത്ര ചെയ്യുന്ന സ്ത്രീകളനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം തന്നെയാണ് കേരളത്തില്‍ പൊതുടോയ്‌ലറ്റുകള്‍ ഇല്ല എന്നത്. സ്ത്രീമുന്നേറ്റത്തിന്റെ ശക്തമായ മാതൃകയായ കോഴിക്കോട്ടെ സ്ത്രീകളുടെ സമരം ചിത്രീകരിച്ച ഒരു സിനിമ കോഴിക്കോട്ട് നടക്കുന്ന വനിതാ ചലച്ചിത്രമേളയില്‍ ഉള്‍പ്പെടുത്താത്തത് എന്തുകൊണ്ട് എന്ന ചോദ്യം ഉയർന്നത് അതുകൊണ്ടുതന്നെ സ്വഭാവികമായിട്ടായിരുന്നു.

അസംഘടിതര്‍ മാത്രമല്ല, കോഴിക്കാട്ടുകാരിയായ രത്തീന സംവിധാനം ചെയ്ത പുഴു എന്ന സിനിമയും ഉള്‍പ്പെടുത്തിയിരുന്നില്ല. ഒ.ടി.ടി.യില്‍ വന്ന തമിഴ് സംവിധായികയുടെ സിനിമ ഉള്‍പ്പെടുത്തുകയും പലരും ചെയ്യാന്‍ മടിക്കുന്ന വളരെ സുപ്രധാനമായ വിഷയം കൈകാര്യം ചെയ്ത, ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമ ചെയ്ത മലയാളി സംവിധായികയെ അവഗണിച്ചതായാണ് പരാതി ഉയർന്നത്. സിനിമ മേളയില്‍ പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ പോലും ഒരു വനിത ചലച്ചിത്രമേള നടക്കുമ്പോള്‍ ഈ സംവിധായികമാര്‍ പരിഗണന അര്‍ഹിക്കുന്നുണ്ടെന്നതില്‍ സംശയമില്ല.
മേളയുടെ ഭാഗമായി ആദരിക്കപ്പെട്ടവരെല്ലാം പ്രേക്ഷകര്‍ക്ക് പരിചിതരായ നടിമാര്‍ മാത്രമാണ്. അവരൊക്കെത്തന്നെയും തീര്‍ച്ചയായും ആദരം അര്‍ഹിക്കുന്നുണ്ട്. സ്‌ക്രീനില്‍ കാണുന്നവരെപ്പോലെ തന്നെ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവരും ആദരിക്കപ്പെടേണ്ടതുണ്ട്. അഭിനയിക്കുന്ന സ്ത്രീകള്‍ ധാരാളമുണ്ട്. മുഖമുള്ളവരായതുകൊണ്ടുതന്നെ അവര്‍ക്ക് എപ്പോഴും അംഗീകാരം ലഭിക്കുന്നുമുണ്ട്. എന്നാല്‍ സിനിമയുടെ ടെക്‌നിക്കല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ എണ്ണം വളരെ കുറവാണ്. അതില്‍ തന്നെ കോഴിക്കോട്ടുകാര്‍ എത്ര പേരുണ്ടാകും. എന്തായാലും മലയാള സിനിമയില്‍ ഇന്നുള്ള സംവിധായികമാരില്‍ കോഴിക്കോട്ടു നിന്നുള്ളവര്‍ അഞ്ജലി മേനോനും രത്തീനയും കുഞ്ഞിലയും മാത്രമാണ്. അഞ്ജലി മേനോന്‍ ചലച്ചിത്ര അക്കാദമി കൗണ്‍സില്‍ അംഗമെന്ന നിലയില്‍ മേളയുടെ ഭാഗമാണ്. ആദ്യ സിനിമകള്‍ മികച്ച രീതിയില്‍ അവതരിപ്പിച്ച രത്തീനയും കുഞ്ഞിലയുമാണ് അവഗണിക്കപ്പെട്ടത്.
സ്ത്രീകളെ ആദരിക്കുമ്പോള്‍ ഇവര്‍ നടികളെ മാത്രമെ എപ്പോഴും കാണാറൂള്ളൂവെന്നും ഡബ്ല്യു.സി.സി. എന്ന് പറയുമ്പോഴും നടികള്‍ മാത്രമാണെന്ന ഒരു ധാരണയുണ്ടെന്നും തിരക്കഥാകൃത്ത് ദീദി ദാമോദരന്‍ പറയുന്നു. ""എന്തെങ്കിലും വിഷയമുണ്ടാകുമ്പോള്‍ നടിമാര്‍ പ്രതികരിച്ചില്ലെങ്കില്‍ ഡബ്യു.സി.സി. പ്രതികരിച്ചില്ല എന്നുപറയും. മുഖമുള്ളവരെ മാത്രമാണ് അക്കാദമിയും ആദരിക്കുന്നവരും കാണുന്നത്. മുഖം കണ്ടിട്ടില്ലാത്ത ആളുകളെ ആദരിക്കുന്ന ഒരു ശീലം സിനിമയിലില്ല. നടികളെയും ഗായകരെയുമൊക്കെ ആദരിക്കണം. പക്ഷെ വളരെ കുറച്ചുപേര്‍ മാത്രമുള്ള ടെക്‌നീഷ്യന്‍സിനെയും അവര്‍ക്കൊപ്പം പരിഗണിക്കേണ്ടതുണ്ട്.'' - ദീദി പറഞ്ഞു.
കുഞ്ഞിലയുടേത് വികൃതിയോ?
സിനിമാസ്വാദകയായ ഒരു പെണ്‍കുട്ടിയുടെ വികൃതി മാത്രമായി കുഞ്ഞിലയുടെ പ്രതിഷേധത്തെ കാണാന്‍ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തിരിക്കുന്നവര്‍ക്ക് തോന്നുന്നത് എന്തുകൊണ്ടാണ്. പകരം, അവര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ അവഗണിക്കാനുള്ള പ്രവണത കാണിച്ചത് എന്തുകൊണ്ടാണ്?.

ഒരുവശത്ത് നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസിലെ പ്രതിയായ നടന്‍ ദിലീപിനെ ജയിലില്‍ പോയി കാണുകയും അതിലൂടെ ആ പ്രതിയെ പിന്തുണയ്ക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കുകയും മറുവശത്ത് അതിജീവിതയായ നടിയെ ചലച്ചിത്രമേളയുടെ വേദിയിലേക്ക് അഭിമാനപൂര്‍വം സ്വാഗതം ചെയ്യുകയും ചെയ്യുന്നതിലെ വൈരുദ്ധ്യം തന്നെയാണ് ചലച്ചിത്ര അക്കാദമിയെ മൊത്തത്തില്‍ ചൂഴ്ന്നുനില്‍ക്കുന്നത്. കൂടുതല്‍ സ്ത്രീകള്‍ക്ക് സിനിമാസ്വാദനത്തിന് അവസരമൊരുക്കുകയും സ്ത്രീകള്‍ക്ക് ചലച്ചിത്രമേഖലയിലേക്ക് കടന്നുവരാന്‍ പ്രോത്സാഹനം നല്‍കുകയുമൊക്കെയായിരിക്കണമല്ലോ മറ്റു ചലച്ചിത്രമേളകളുള്ളപ്പോള്‍ പ്രത്യേകമായി വനിത ചലച്ചിത്രമേള നടത്തുന്നതിന്റെ ഉദ്ദേശ്യം.
2017-ലാണ് ആദ്യമായി വനിത ചലച്ചിത്ര മേള നടക്കുന്നത്. പിന്നീട് ഒരു മേള കൂടി നടന്നു. അതിനുശേഷം കോവിഡിനെ തുടര്‍ന്ന് മേള ഉണ്ടായിരുന്നില്ല. പിന്നെ ഇപ്പോഴാണ് മൂന്നാമത്തെ എഡിഷന്‍ നടക്കുന്നത്. വനിതാ ചലച്ചിത്രമേളയ്ക്ക് തുടക്കം കുറിച്ച് അഞ്ചുവര്‍ഷമാകുമ്പോഴും മേളയുടെ നടത്തിപ്പ് ജനാധിപത്യ രീതിയിലേക്ക് മാറിയിട്ടില്ലെന്നതാണ് മൂന്നാം മേളയുടെ ഉദ്ഘാടന ദിവസം നടന്ന സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.
കുഞ്ഞിലയുടെ പ്രതിഷേധരീതിയെ പക്വതയില്ലായ്മയായും രാഷ്ട്രീയം കലര്‍ത്തലായും വിമര്‍ശിക്കുന്നവര്‍ അറിയേണ്ട കാര്യം, പ്രതിഷേധം എങ്ങനെ വേണമെന്ന് അത് നടത്തുന്നവരുടെ അവകാശമാണ്, തീരുമാനമാണ് എന്നതാണ്. ഉന്നയിക്കുന്ന വിഷയം എത്തേണ്ടിടത്ത് എത്താന്‍ ചിലപ്പോള്‍ അസ്വാഭാവികമായ പ്രതിഷേധരീതികള്‍ വേണ്ടിവരും. ഒരു സമരവും എല്ലാവരും ഉള്‍ക്കൊള്ളുന്നതാവില്ല. അതുകൊണ്ടുതന്നെ സമരരീതിയെ വിമര്‍ശിക്കുകയല്ല വേണ്ടത്, എന്തിനുവേണ്ടിയാണ് സമരം എന്നതാണ് പ്രധാനം.

ഐ.എഫ്.എഫ്.ഐ.യിലും ഐ.എഫ്.എഫ്.കെയിലുമൊക്കെ പലവിധത്തിലുള്ള പ്രതിഷേധങ്ങള്‍ മുമ്പും അരങ്ങേറിയിട്ടുണ്ട്. തന്റെ സിനിമ ഉള്‍പ്പെടുത്താത്തതിന് പ്രതിഷേധിച്ച സംവിധായിക, അതുമായി ബന്ധമില്ലാത്ത മുദ്രാവാക്യങ്ങള്‍ വിളിച്ചതാണ് ചിലരുടെ പ്രശ്‌നം. ചലച്ചിത്രമേളയുടെ വേദിയില്‍ സിനിമയുമായി ബന്ധമില്ലാത്ത വിഷയങ്ങള്‍ പറയരുതെന്ന് നിയമമുണ്ടോ?. താന്‍ എന്തുകൊണ്ട് ആ മുദ്രാവാക്യങ്ങള്‍ വിളിച്ചു എന്ന് കുഞ്ഞില പിന്നീട് വിശദീകരിച്ചിട്ടുമുണ്ട്. സിനിമ തഴയപ്പെടുന്നതിന് തന്റെ രാഷ്ട്രീയം കാരണമാണെന്ന് അവര്‍ കരുതുന്നുണ്ടെങ്കില്‍ അത് തെറ്റാണെന്ന് മറ്റുള്ളവര്‍ക്ക് പറയാനാകില്ല.
ചലച്ചിത്രമേളകളില്‍ രാഷ്ട്രീയ വിഷയങ്ങള്‍ ഉന്നയിക്കുന്നത് ലോകത്ത് പലയിടത്തും നടന്നിട്ടുണ്ട്. യുക്രെയിനില്‍ റഷ്യന്‍ സൈന്യം നടത്തുന്ന റേപ്പുകൾക്കെതിരെ കഴിഞ്ഞ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഒരു സ്ത്രീ അര്‍ധനഗ്നയായി പ്രതിഷേധിച്ചിരുന്നു. അവരെ അവിടെ നിന്ന് മാറ്റുക മാത്രമാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ചെയ്തത്. പ്രതിഷേധം ലോകത്തിന്റെ ശ്രദ്ധയിലെത്തിക്കാനുള്ള ഏറ്റവും നല്ല ഇടമായി അവര്‍ ഫെസ്റ്റിവല്‍ വേദിയെ കണ്ടതുകൊണ്ടാണ് അങ്ങനെ ചെയ്തത്.
മറുപടിയിലെ പ്രശ്നങ്ങൾ
കുഞ്ഞിലയുടെ പ്രതിഷേധത്തിനുശേഷം സിനിമാമേഖലയില്‍ നിന്ന്പലവിധത്തിലുള്ള പ്രതികരണമാണുണ്ടായത്. കുഞ്ഞിലയെ പിന്തുണച്ച് സംവിധായിക വിധു വിന്‍സെൻറ് തന്റെ സിനിമയായ വൈറല്‍ സെബി മേളയില്‍ നിന്ന് പിന്‍വലിച്ചിരുന്നു. ഡോ. ബിജു, പ്രതാപ് ജോസഫ്, ദീദി ദാമോദരന്‍ തുടങ്ങി നിരവധിയാളുകളാണ് സിനിമാ മേഖലയില്‍ നിന്ന് കുഞ്ഞില ഉന്നയിച്ച ചോദ്യങ്ങള്‍ ആവര്‍ത്തിച്ചത്.

ഏതൊരു മേളയായാലും അവാര്‍ഡുകളായാലും അതിനൊരു സെലക്ഷന്‍ മാനദണ്ഡമുണ്ടാകും. ഒരു കമ്മിറ്റിയുണ്ടാകും. അവരുടെ തീരുമാനം, അവരുടെ സെലക്ഷന്‍ എല്ലാവര്‍ക്കും സ്വീകാര്യമാകണമെന്നില്ല. എതിര്‍പ്പുകള്‍ പലര്‍ക്കും ഉണ്ടാകാം. പക്ഷെ അത് കൃത്യമായ രീതികളിലൂടെയുള്ളതാകുമ്പോള്‍ വിയോജിപ്പുകളുണ്ടെങ്കിലും പൊതുവില്‍ അംഗീകരിക്കപ്പെടും. എ.എഫ്.എഫ്.കെ. ഉള്‍പ്പെടെയുള്ള മേളകളും ചലച്ചിത്ര അവാര്‍ഡുകളുമെല്ലാം കാലങ്ങളായി ഇവിടെ നടക്കുന്നത് അങ്ങനെയാണ്. അതിലൊക്കെ പലപ്പോഴും എതിരഭിപ്രായങ്ങളും വിമര്‍ശനങ്ങളുമൊക്കെ ഉണ്ടാകാറുണ്ടെങ്കിലും അംഗീകരിക്കപ്പെടുകയാണ് ചെയ്യുന്നത്.
ചലച്ചിത്ര അക്കാദമി നല്‍കിയ ഒരു അനൗദ്യോഗിക വിശദീകരണം ഒ.ടി.ടി.യില്‍ വന്ന സിനിമകള്‍ ഒഴിവാക്കി പുതിയ സിനിമകള്‍ക്ക് അവസരം നല്‍കി എന്നതാണ്. കൂടാതെ ഒരു ആന്തോളജിയിലെ ഒരു സിനിമ മാത്രമെടുത്ത് പ്രദര്‍ശിപ്പിക്കാനാവില്ലെന്നും പറയുന്നു. അതേസമയം, ഒ.ടി.ടി.യില്‍ റിലീസ് ചെയ്ത സുധ കോങ്ങരയുടെ സൂരരൈ പോട്ര് മേളയിലുണ്ടായിരുന്നു. വനിതാ ചലച്ചിത്ര മേളയില്‍ തന്നെ മുമ്പ് ആന്തോളജിയിലെ ഒരു സിനിമ മാത്രം ഷോട്ട് ഫിലിം വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. അപ്പോള്‍ ഇത് രണ്ടുമല്ല അംസഘടിതരെ ഒഴിവാക്കാനുള്ള കാരണം എന്ന വ്യക്തമാണ്.
ലോകത്തെ എല്ലാ പ്രധാന ചലച്ചിത്ര മേളകളിലുമുള്ള നിബന്ധനയാണ് മേള നടക്കുന്ന രാജ്യത്ത് മുമ്പ് റിലീസ് ചെയ്ത സിനിമകള്‍ ഉള്‍പ്പെടുത്തില്ല എന്നത്. എന്നാല്‍ കേരളത്തിലെ ഏറ്റവും വലിയ ചലച്ചിത്രമേളയായ ഐ.എഫ്.എഫ്.കെ.യില്‍ അങ്ങനെയൊരു നിയമം നടപ്പാക്കിയിട്ടില്ല. തിയേറ്ററിലും ഒ.ടി.ടി.യിലും റിലീസ് ചെയ്ത സിനിമകള്‍ ഐ.എഫ്.എഫ്.കെ.യിലേക്കും തെരഞ്ഞെടുക്കപ്പെടാറുണ്ട്. ഐ.എഫ്.എഫ്.കെയിലെ മലയാള സിനിമകള്‍ കേരള പ്രീമിയര്‍ ആയിരിക്കണമെന്ന ആവശ്യം നിരന്തരം ഉന്നയിക്കപ്പെടുന്നുണ്ടെങ്കിലും നടപ്പാക്കപ്പെടുന്നില്ലെന്ന് സംവിധായകന്‍ ഡോ. ബിജു പറയുന്നു. 2018-ല്‍ താന്‍ കൂടി അംഗമായ കമ്മിറ്റി ഫെസ്റ്റിവല്‍ നിയമാവലി പുതുക്കിയപ്പോള്‍ ഈ നിര്‍ദേശം മാത്രം അംഗീകരിക്കപ്പെട്ടില്ലെന്നാണ് ഡോ. ബിജു ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

ഇത് ഇപ്പോള്‍ മാത്രമുണ്ടായ പ്രശ്‌നമല്ലെന്നും വനിതാ ചലച്ചിത്രമേളയില്‍ സിനിമകള്‍ തെരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം എന്താണെന്ന് മുന്‍ മേളകള്‍ നടന്നപ്പോഴും ഒട്ടേറെ സ്വതന്ത്ര ചലച്ചിത്ര പ്രവര്‍ത്തകര്‍ ചോദിച്ചിട്ടുണ്ടെന്നും സംവിധായകന്‍ ജിയോ ബേബി പറഞ്ഞു. വനിത ചലച്ചിത്ര മേള വരുന്നു, അതില്‍ ഈ സിനിമകളൊക്കെ ഉണ്ട് എന്ന് പറയുന്നതല്ലാതെ എങ്ങനെ ഈ സിനിമകള്‍ സെലക്ട് ചെയ്യുന്നു എന്നത് അക്കാദമി ഇതുവരെ എവിടെയും പറഞ്ഞതായി തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു: ""ഫെസ്റ്റിവലില്‍ കാണിക്കുന്നവയില്‍ നല്ല സിനിമകളുണ്ട്, ചലച്ചിത്ര അക്കാദമി നിര്‍മിച്ചിട്ടുള്ള സിനിമകളുണ്ട്. പലതും നിലവാരമുള്ളവ തന്നെയാണ്. പക്ഷെ ഇതെങ്ങനെ ഇതിലേക്ക് വരുന്നു. ഒ.ടി.ടി. സിനിമകള്‍ ഉള്‍പ്പെടുത്തുന്നില്ല എന്നതൊക്കെ അനൗദ്യോഗികമായ വിവരങ്ങള്‍ മാത്രമാണ്. സിനിമയെടുക്കുന്ന ഒരു സ്ത്രീ എങ്ങനെയാണ് തന്റെ സിനിമ ഇതിലേക്ക് എത്തിക്കേണ്ടത്?. ഇതിനൊരു വ്യക്തത വേണം. അത് മാത്രമാണ് ആവശ്യപ്പെടുന്നത്. ഇപ്പോള്‍ മൂന്നാമത്തെ മേളയായി. ഇനിയെങ്കിലും അത് ചെയ്യണം. വനിത ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ഇത് ഉപകാരപ്രദമാകട്ടെ.'' - ജിയോ ബേബി പറയുന്നു. തന്റെ സിനിമ ഇത്തരം ഫെസ്റ്റിവലില്‍ ഉള്‍പ്പെടുത്താത്തതില്‍ വ്യക്തിപരമായി യാതൊരു പരാതിയുമില്ലെന്നും എന്നാല്‍ ഇതിന്റെ മാനദണ്ഡം എന്താണെന്നുള്ളത് തന്നെ ബാധിക്കുന്ന വിഷയമാണെന്നും ജിയോ ബേബി വ്യക്തമാക്കുന്നു.
ഇത്തവണത്തെ മേളയില്‍ മലയാളം സിനിമ വിഭാഗത്തില്‍ ആകെ ഉള്‍പ്പെടുത്തിയത് റിലീസ് ചെയ്തിട്ടില്ലാത്ത നാല് സിനിമകളായിരുന്നുവെന്നും അതില്‍ കുഞ്ഞിലയുടെയും രത്തീനയുടെയും സിനിമകള്‍ കൂടി വന്നാല്‍ എന്ത് പ്രശ്‌നമാണുണ്ടാവുകയെന്നും സംവിധായിക വിധു വിന്‍സെൻറ് ചോദിക്കുന്നു. ""ഒരു വര്‍ഷം 200-270 സിനിമകള്‍ ഇറങ്ങുമ്പോള്‍ അതില്‍ സ്ത്രീയുടേതെന്ന് പറയുന്നത് വിരലിലെണ്ണാവുന്നവ മാത്രമായിരിക്കും. അങ്ങനെയൊരു സാഹചര്യത്തിലാണ് ശ്രദ്ധേയമായ സിനിമകളെടുത്തവരെ മാറ്റിനിര്‍ത്തുന്നത്. നാലിന് പകരം ആറ് സംവിധായകരുടെ സിനിമകളുണ്ടായാല്‍ അത് ആരുടെയും സമയം കവരുകയില്ല. മാത്രമല്ല, തെരഞ്ഞെടുക്കപ്പെടുന്നവരെ സംബന്ധിച്ച് അത് വലിയ അംഗീകാരമാവുകയും ചെയ്യും. ഐ.എഫ്.എഫ്.കെ. പോലെയുള്ള വേദികളാണെങ്കില്‍ വലിയ മത്സരങ്ങള്‍ നടക്കുന്നവയായതിനാല്‍ അവിടെ എല്ലാവരെയും ഉള്‍പ്പെടുത്തുക സാധ്യമല്ല. പക്ഷെ വനിത ഫെസ്റ്റിവലില്‍ അങ്ങനെയൊരു പ്രശ്‌നമില്ല. അവിടെയാണ് കുഞ്ഞിലയുടെ ചോദ്യം പ്രസക്തമാകുന്നത്.'' - വിധു പറഞ്ഞു.
""ചലച്ചിത്ര അക്കാദമിക്കും ഭാരവാഹികള്‍ക്കും അറിയാത്തവരും സിനിമയെടുക്കുന്നുണ്ടാവും. അവര്‍ക്കും മേളകളുടെ ഭാഗമാകണമെങ്കില്‍ അതിന് എന്താണ് ചെയ്യേണ്ടതെന്ന് അവര്‍ അറിയണം. എന്‍ട്രി അയക്കാനുള്ള അവസരമുണ്ടാകണം. അതില്‍ നിന്ന് മാനദണ്ഡമനുസരിച്ച് അവര്‍ തെരഞ്ഞെടുക്കട്ടെ. അങ്ങനെയാകുമ്പോള്‍ എല്ലാവര്‍ക്കും അവസരം ലഭിക്കും. പക്ഷെ അവരുടെ മാനദണ്ഡമെന്ന് പറയുന്നത് സ്ത്രീകളുടെ ആത്മവിശ്വാസത്തെ കെടുത്തിക്കളയുന്നതാകരുത്. നാളെ ഗംഭീരമായ സിനിമകളെടുക്കേണ്ടവരാണ് കുഞ്ഞിലയെപ്പോലെയുള്ളവര്‍. അവരുടെ ആത്മവിശ്വാസം ഇല്ലാതാക്കുന്ന രീതിയില്‍ അക്കാദമി പ്രവര്‍ത്തിക്കരുത്.'' - വിധു പറയുന്നു.
അക്കാദമിയിലുള്ളപ്പോഴും ഒന്നും അറിഞ്ഞിരുന്നില്ല
ഇതുവരെ സമാന്തര സിനിമ കണ്ടുശീലമില്ലാത്ത ഒരുപാട് ആളുകളെ അതിന്റെ ഭാഗമാക്കിമാറ്റാന്‍ ഫെസ്റ്റിവലുകളിലൂടെ സാധിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ രണ്ട് വനിത ഫിലിം ഫെസ്റ്റിവലുകളുടെയും ഭാഗമായിരുന്ന തിരക്കഥാകൃത്ത് ദീദി ദാമോദരന്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് ഫെസ്റ്റിവലുകളിലും സിനിമകളെല്ലാം അവതരിപ്പിച്ചത് വിവിധ മേഖലകളില്‍ നിന്നുള്ള സ്ത്രീകളായിരുന്നു. വളരെ പ്രിവിലേജ്ഡാണെന്ന് നമ്മള്‍ കരുതുന്ന സ്ത്രീകള്‍ക്കു പോലും സമാന്തര സിനിമകള്‍ കാണാനുള്ള സൗകര്യമുണ്ടായിരുന്നില്ലെന്ന തിരിച്ചറിവാണ് രണ്ട് ഫെസ്റ്റിവലുകള്‍ കഴിഞ്ഞപ്പോള്‍ ഉണ്ടായതെന്ന് ദീദി ചൂണ്ടിക്കാട്ടുന്നു.

ഫെസ്റ്റിവലില്‍ പങ്കെടുത്തതിനുശേഷം അവരില്‍ പലും വനിത ഫിലിം സൊസൈറ്റികള്‍ രൂപീകരിക്കാന്‍ താത്പര്യം പ്രകടിപ്പിക്കുകയും അങ്ങനെ ചെയ്യുകയും ചെയ്തിരുന്നു. സമാന്തര സിനിമകള്‍ അവരെ അത്രയേറെ ആവേശം കൊള്ളിച്ചിരുന്നു. അതുകൊണ്ടുതന്നെ അങ്ങനെയുള്ള നിരവധിയാളുകള്‍ മൂന്നാമത്തെ മേളയ്ക്കായുള്ള കാത്തിരിപ്പിലായിരുന്നു. എന്നാല്‍ ഈ ഫെസ്റ്റിവലിന്റെ സംഘാടകസമിതിയുടെ ആദ്യത്തെ യോഗത്തില്‍ താന്‍ പങ്കെടുത്തിരുന്നതായും അവിടെ പ്രസംഗിച്ച ചിലര്‍ ഇത് ആദ്യത്തെ വനിത ഫിലിം ഫെസ്റ്റിവലാണ് എന്ന രീതിയില്‍ സംസാരിച്ചതായും ദീദി പറഞ്ഞു. ആദ്യത്തെ മീറ്റിങ് കഴിഞ്ഞപ്പോള്‍ തന്നെ താന്‍ അതിന്റെ ഭാഗമല്ലെന്ന് മനസ്സിലായതായി ദീദി പറഞ്ഞു. ഏതോ ഒരു കമ്മിറ്റിയില്‍ തന്റെ പേര് പറയുന്നത് കേട്ടതായി ചിലര്‍ പറഞ്ഞെങ്കിലും പിന്നീട് മേളയുടെ സംഘാടനത്തില്‍ താന്‍ ഉണ്ടായിരുന്നില്ലെന്ന് അവര്‍ വ്യക്തമാക്കി.
കുഞ്ഞില അവരുടെ സിനിമ ഉള്‍പ്പെടുത്താതിനെക്കുറിച്ച് ചോദിച്ച് മെസേജ് അയച്ചിരുന്നതായി ദീദി പറഞ്ഞു. രഞ്ജിത്തിനൊപ്പം മീറ്റിങ്ങില്‍ പങ്കെടുത്ത ദീദി തന്റെ സിനിമ ഒഴിവാക്കിയതിന്റെ കാരണം പറയണം എന്നുപറഞ്ഞ് കുഞ്ഞില ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തിരുന്നു. ""മേള ഏത് ദിവസങ്ങളില്‍ നടക്കും, ഏതൊക്കെ തിയേറ്ററുകളിലാണ്, ഏതൊക്കെ സിനിമകളാണ് തുടങ്ങിയ കാര്യങ്ങള്‍ പറയുകയാണ് ആദ്യത്തെ മീറ്റിങ്ങില്‍ ചെയ്തത്. തീരുമാനങ്ങളെടുക്കാനുള്ള ഒരു മീറ്റിങ്ങായിരുന്നില്ല. ഇക്കാര്യം വ്യക്തമാക്കി കുഞ്ഞിലയ്ക്ക് മറുപടി നല്‍കിയിരുന്നു. അക്കാദമിയിലെ ചുമതലയുള്ളയാളോട് അന്വേഷിച്ചപ്പോള്‍ കുഞ്ഞിലയെ അവര്‍ അറിയിച്ചോളാം എന്ന മറുപടിയാണ് ലഭിച്ചത്. അതുകൊണ്ടാണ് ഞാന്‍ അതേക്കുറിച്ച് പിന്നീട് ആലോചിക്കാതിരുന്നത്.'' - ദീദി വിശദീകരിച്ചു.
അക്കാദമി അംഗമായിരിക്കുമ്പോള്‍ പോലും ഫെസിറ്റിവലിലേക്ക് സിനിമകള്‍ തെരഞ്ഞെടുക്കുന്നത് എങ്ങനെയെന്ന് അറിയില്ലായിരുന്നുവെന്നും പലപ്പോഴും ഇക്കാര്യം ഉത്തരവാദപ്പെട്ടവരോട് ചോദിച്ചിട്ടുണ്ടെങ്കിലും വ്യക്തമായ മറുപടി കിട്ടിയിരുന്നില്ലെന്നും ദീദി പറയുന്നു. ""കാവ്യ പ്രകാശ് സംവിധാനം ചെയ്ത വാങ്ക് എന്താണ് ഉള്‍പ്പെടുത്താത്തത്, എന്താണ് ഇതിന്റെ മാനദണ്ഡം എന്ന് ചോദിച്ച് സംവിധായകന്‍ വി.കെ. പ്രകാശ് മേസേജ് അയച്ചിരുന്നു. അതുപോലെ രത്തീനയുടെ പുഴു എന്തുകൊണ്ട് ഉള്‍പ്പെടുത്തിയില്ലെന്ന സംശയവും എനിക്കുണ്ട്. എന്നാല്‍ കൃത്യമായ മാനദണ്ഡങ്ങളുണ്ടായിരുന്നെങ്കില്‍ ഈ സംശയങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ല. ഒരു കമ്മിറ്റി അല്ലെങ്കില്‍ ജൂറി എടുക്കുന്ന തീരുമാനത്തെ ചോദ്യംചെയ്യേണ്ടതില്ല.'' - ദീദി പറഞ്ഞു.
എന്തിനാണ് വനിതാ ചലച്ചിത്രമേള?
മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങളും അവഗണനകളും വലിയതോതില്‍ ചര്‍ച്ചയാകുന്ന കാലമാണിത്. സ്ത്രീസൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിന് അനുകൂല നിലപാടുകള്‍ സ്വീകരിക്കുന്നുവെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. അപ്പോള്‍ വനിത ചലച്ചിത്രമേള നടത്തുന്നത് സ്ത്രീകളെ ആദരിക്കുന്നതുമൊക്കെ നല്ല കാര്യം തന്നെയാണ്. പക്ഷെ അവിടെയും വിവേചനവും അവണനയുമാണെങ്കില്‍ പിന്നെ എന്ത് പ്രയോജനമാണുണ്ടാവുക. സിനിമയിലെ ലിംഗവിവേചനത്തെപ്പറ്റിയും ചൂഷണത്തെപ്പറ്റിയും പറയുമ്പോള്‍, സിനിമയുടെ എല്ലാ മേഖലകളിലും സ്ത്രീകളുടെ സാന്നിധ്യമുണ്ടാവുകയാണ് അതിന് ഒരു പരിഹാരമായി പലപ്പോഴും പറയാറുള്ളത്. കൂടുതല്‍ സ്ത്രീകള്‍ക്ക് സിനിമയിലേക്ക് കടന്നുവരാനുള്ള ആത്മവിശ്വാസം നല്‍കുന്നതും കടന്നുവരുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതുമായിരിക്കണം ഇത്തരം വേദികള്‍. അതല്ലെങ്കില്‍ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ തന്നെ പറഞ്ഞതുപോലെ എന്തിനാണ് ഇങ്ങനെയൊരു വനിതാ ചലച്ചിത്രമേള എന്ന ചോദ്യം തന്നെ ചോദിക്കേണ്ടിവരും. വലിയ ഒരു ചലച്ചിത്രമേളയുള്ളപ്പോള്‍ വനിതാ ചലച്ചിത്രമേള എന്തിനാണെന്നാണ് ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍ സംശയം പ്രകടിപ്പിച്ചത്. രണ്ടാഴ്ച മുമ്പ് കോഴിക്കോട് നടന്ന വനിതാ ഫെസ്റ്റിവല്‍ സംഘാടകസമിതി യോഗത്തിലാണ് വൈസ് ചെയര്‍മാന്റെ ഈ പരാമര്‍ശമുണ്ടായത്. കോഴിക്കോട്ടെ തിയേറ്ററുകളുടെ മോശം അവസ്ഥയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് "കോളാമ്പിയില്‍ ആരെങ്കിലും പാല്‍പായസം വിളമ്പുമോ' എന്ന രഞ്ജിത്തിന്റെ ചോദ്യമുണ്ടായതും ഇതേ യോഗത്തിലായിരുന്നു.
എന്തുകൊണ്ടാണ് വനിത ചലച്ചിത്ര മേള പ്രത്യേകമായി നടത്തേണ്ടിവരുന്നത്, എന്തുകൊണ്ടാണ് വനിത സംവരണം വേണ്ടിവരുന്നത്, സ്ത്രീശാക്തീകരണ പരിപാടികള്‍ എന്തിനാണ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചൊന്നും അക്കാദമിക്കോ ഭാരവാഹികള്‍ക്കോ യാതൊരു ബോധ്യവുമില്ലെന്നാണ് ഈ പ്രതികരണം വ്യക്തമാക്കുന്നത്. ആ ബോധ്യമില്ലായ്മ തന്നെയാണ് വനിത ചലച്ചിത്ര മേളയിലാകെ കണ്ടതും.
മുന്‍ ഫെസ്റ്റിവലുകളിലും അവഗണിക്കപ്പെട്ടതായി പരാതികളുള്ളവര്‍ ഉണ്ടാകാഞ്ഞിട്ടല്ല. പക്ഷെ അവരാരും കുഞ്ഞിലയുടേതുപോലെ ശബ്ദമുയര്‍ത്തിയിരുന്നില്ല എന്നതുകൊണ്ടാണ് ആരും അറിയാതെപോയത്. ഒരു സ്ത്രീ തനിക്ക് അര്‍ഹമായ സ്ഥാനത്തിനുവേണ്ടി ശബ്ദമുയര്‍ത്തുമ്പോള്‍ ഒപ്പം നില്‍ക്കാന്‍ അവരുടെ സഹപ്രവര്‍ത്തകര്‍ക്കും പൊതുസമൂഹത്തിനും ബാധ്യതയുണ്ട്. കുഞ്ഞിലയുടെ രീതി പൂര്‍ണമായും ശരിയാണോ തെറ്റാണോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. പക്ഷെ അവര്‍ ഉന്നയിച്ച ചോദ്യങ്ങളും അവരുടെ പേരും അവഗണിച്ച് ഈയൊരു ഫെസ്റ്റിവല്‍ ഇനി ഓര്‍മിക്കപ്പെടില്ല എന്നതുതന്നെ പ്രതിഷേധത്തിന്റെ വിജയമാണ്.
സ്ത്രീകളുടെയും ഭിന്നലൈംഗികതയുള്ളവരുടെയും കറുത്തവരുടെയുമൊക്കെ സിനിമകള്‍ക്ക് പ്രാതിനിധ്യം ഉണ്ടാകുന്നതിനുവേണ്ടി ഓസ്‌കര്‍ അക്കാദമി അവരുടെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയപ്പോഴാണ് നൊമാഡ്‌ലാന്‍ഡ്
ഉള്‍പ്പെടെയുള്ള സിനിമകള്‍ക്ക് അവാര്‍ഡ് ലഭിച്ചത്. കൂടുതല്‍ സ്ത്രീകളും കറുത്തവര്‍ഗക്കാരും ഓസ്‌കര്‍ അവാര്‍ഡിന് നോമിനേറ്റ് ചെയ്യപ്പെടുകയും ചെയ്തുതുടങ്ങി. ഇത്തരത്തില്‍ എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള വിശാല താത്പര്യങ്ങളോടെ ഇത്രയും വലിയ അക്കാദമി അതിന്റെ ഘടനയില്‍ മാറ്റം വരുത്തുകയാണ്. ഇങ്ങനെയുള്ള കാര്യങ്ങള്‍ ലോകത്ത് നടക്കുമ്പോഴാണ് കേരളത്തിലെ ചലച്ചിത്ര അക്കാദമി ഇവിടത്തെ സിനിമയെടുക്കുന്ന സ്ത്രീകളോട് ഇത്തരത്തിലുള്ള നിലപാട് സ്വീകരിക്കുന്നത്.
മുഹമ്മദ് ജദീര്‍
Jan 27, 2023
4 minutes Read
പ്രഭാഹരൻ കെ. മൂന്നാർ
Jan 21, 2023
5 Minutes Read
ഇ.വി. പ്രകാശ്
Jan 21, 2023
3 Minutes Read
മുഹമ്മദ് ജദീര്‍
Jan 19, 2023
4 minutes Read
സി.കെ. മുരളീധരന്‍
Jan 19, 2023
29 Minute Watch
എം.സുല്‍ഫത്ത്
Jan 12, 2023
10 Minutes Read
എസ്. ബിനുരാജ്
Jan 12, 2023
4 Minutes Read