സവർണ സംവരണം
സുര്‍ജിത് തോക്ക് കൈയിലെടുത്തേനേ;
അംബേദ്കര്‍ ഇല്ലായിരുന്നുവെങ്കില്‍
സവർണ സംവരണം: സുര്‍ജിത് തോക്ക് കൈയിലെടുത്തേനേ; അംബേദ്കര്‍ ഇല്ലായിരുന്നുവെങ്കില്‍
ഉത്തര്‍പ്രദേശിലെ അസംഗഢില്‍ നിന്ന് സംവരണം എന്ന അവകാശത്തിലൂടെ ഡി.യുവില്‍ എത്തിയ സുര്‍ജിത്തിന് വ്യക്തമായി തന്നെ അറിയാം, ആ അവകാശം അവന്‍ ഉപയോഗിച്ചില്ല എങ്കില്‍ തന്റെ ബന്ധുക്കളെ പോലെ താനും മണ്ണുമായി ബന്ധിക്കപ്പെട്ടുപോകും എന്ന്. എന്നാല്‍ അതവന്റെ അവകാശമായി കാണുവാനോ അവന്‍ പറയുന്നത് മനസിലാക്കുവാനോ പൊതുബോധത്തിന് സാധിക്കില്ല. കാരണം ഭരണഘടനയുടെ ധാര്‍മികത മനസിലാക്കുവാന്‍ പറ്റാത്ത തരത്തില്‍ പൊതുബോധം കഥകളില്‍ മുങ്ങിത്താഴുകയാണ്. മുന്നാക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതിന് പി.എസ്.എസ് നിര്‍ദേശിച്ച ഭേദഗതി മന്ത്രിസഭ അംഗീകരിച്ചതോടെ മുന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം സംസ്ഥാനത്ത് യാഥാര്‍ഥ്യമാകുകയാണ്. ഇൗ സാഹചര്യത്തില്‍ ഒരു വേറിട്ട വിശകലനം
5 Sep 2020, 11:12 AM
‘എന്നെങ്കിലും കുറച്ച് കാശ് കൈയില്‍ കിട്ടിയാല്‍ ആദ്യം ഞാനൊരു തോക്ക് വാങ്ങിക്കും, അതൊരു ധൈര്യമാണ്, എങ്കിലേ നിങ്ങളോട് സംസാരിക്കാന്‍ സാധിക്കൂ'; വിദ്യാര്‍ത്ഥികൾക്കിടയില്‍ നടക്കാറുള്ള സംസാരങ്ങള്‍ക്കിടെ എങ്ങനെയോ ജാതിയും സംവരണവുമെല്ലാം കടന്നുവന്ന സമയത്തായിരുന്നു പൊടുന്നനെ ആ ശബ്ദം ഉയര്‍ന്നത്, ഉത്തര്‍പ്രദേശുകാരന്‍ സുര്‍ജിത് ആയിരുന്നു അത്. സ്വന്തം മനസ്സില്‍ നിന്ന് ചാടിപ്പോയ വാക്കുകള്‍ കൂട്ടുകാരെ പലരെയും സംശയത്തിലും ഭയത്തിലും എത്തിക്കുന്നുണ്ട് എന്നറിഞ്ഞപ്പോള്‍ തന്നെ വാക്കുകളിലെ തീക്ഷ്ണത ഒരു ചിരിയാല്‍ അവന്‍ കെടുത്തി. സുര്‍ജിത് അങ്ങനെയാണ്. പലതും പറയണം എന്നുള്ളപ്പോഴും പറഞ്ഞകാര്യം പൂര്‍ണമായി മറ്റുള്ളവര്‍ക്ക് മനസിലാകുന്നില്ല എന്നുകണ്ടാല്‍, ഒരു ചിരിയിലൂടെ, ‘ഞാന്‍ പറഞ്ഞത് നിങ്ങള്‍ക്ക് മനസിലാകില്ല' എന്നുപറയും. ഇന്ത്യന്‍ സമൂഹത്തിന്റെ പൊതുബോധത്തോട് സംവരണത്തെ കുറിച്ച് സംസാരിക്കുവാന്‍ ശ്രമിക്കുന്ന ഏതൊരു ദളിതനും പറയുന്നതുപോലെ.
എന്തുകൊണ്ട് ദളിതരും ആദിവാസികളും?
‘സംവരണം' എന്നും ഇന്ത്യന്‍ ജനതയുടെ സംസാരവിഷയമാണ്. ഇന്ത്യന്‍ സമൂഹത്തിലെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്ന സമുദായങ്ങളെ രാഷ്ട്രത്തിന്റെ ഭരണത്തില്‍ ഭാഗമാക്കുക എന്ന ലക്ഷ്യമാണ് സംവരണം പൂര്‍ത്തീകരിക്കുന്നത്. ശ്രേണീബദ്ധമായ അസമത്വം നിലനില്‍ക്കുന്ന സമൂഹത്തില്‍ തുല്യനീതി ഉറപ്പാക്കുക എന്ന ധാര്‍മിക ലക്ഷ്യം നിറവേറ്റുന്ന ഈ ഭരണഘടനാ സംവിധാനത്തെക്കുറിച്ച് പക്ഷെ അതേ ധാര്‍മികബോധത്തോടെയല്ല പൊതുവെ സംസാരിക്കപ്പെടുന്നത്. ധാരാളം കെട്ടുകഥകളുടെയും മുന്‍വിധികളുടെയും അടിസ്ഥാനത്തിലാണ് സംവരണത്തെ എന്നും പൊതുജനം മനസ്സിലാക്കിയിട്ടുള്ളത്. അത്തരം പല അനുഭവകഥകള്‍ നമ്മുടെ പൊതുബോധത്തെ ഭരിക്കുന്നു എന്നതുകൊണ്ട് തന്നെ സംവരണത്തിന്റെ അര്‍ത്ഥത്തിലും പ്രയോഗത്തിലും നടന്ന അട്ടിമറികള്‍ക്ക് പൊതുജനം പിന്തുണയും നല്‍കിയിട്ടുണ്ട്. അങ്ങനെയുള്ള സംവരണത്തെ കുറിച്ചുള്ള പല ബോധ്യങ്ങളെയും ചേര്‍ത്തുവെക്കുകയാണ് ഈ ലേഖനം. പല സ്ഥലങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞ പൊതുബോധങ്ങള്‍ എല്ലാം ചേര്‍ത്ത് വെക്കുമ്പോള്‍ സാധ്യമാകുന്നതാകട്ടെ അതിര്‍വരമ്പുകളില്ലാതെ അവ പുലര്‍ത്തുന്ന സാമ്യതകളും.
സ്‌കൂളുകളില്‍ (ചിലപ്പോള്‍ വീടുകളില്‍) നിന്ന് തുടങ്ങുന്നതാണ് ഇത്തരം കഥകളുടെ ആരംഭം, ജാതിയുടെ അടിസ്ഥാനത്തില്‍ ചിലര്‍ പഠിച്ചില്ലെങ്കിലും കുഴപ്പമില്ല അവര്‍ക്ക് സംവരണത്തിലൂടെ ജോലി ലഭിക്കുമെന്ന അധ്യാപകരുടെ അഭിപ്രായത്തില്‍ തുടങ്ങുന്നു പൊതുവെയുള്ള സംവരണാര്‍ഹോരോടുള്ള വിരോധം. തനിക്ക് ലഭിക്കുവാന്‍ പോകുന്ന എന്തോ ഒന്ന് തട്ടിപ്പറിക്കുവാന്‍ കാത്തുനില്‍ക്കുന്നവരാണ് സംവരണം നേടുന്നവര്‍ എന്ന് കുട്ടികള്‍ തെറ്റായി മനസ്സിലാക്കുന്നതില്‍ നിന്ന് വളരുന്ന കഥകള്‍ പതിയെ വിപുലമാകുന്നത് മറ്റുള്ളവരുടെ അനുഭവസാക്ഷ്യങ്ങളുടെ പുറത്താണ്. അത്തരം ധാരാളം അനുഭവകഥകളാണ് പിന്നീട് ഓരോരുത്തരുടെയും സംവരണത്തോടുള്ള മനോഭാവം തീരുമാനിക്കുന്നത്. ഇങ്ങനെ ചുറ്റുപാടുകള്‍ സൃഷ്ടിക്കുന്ന വ്യക്തിപരമായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും പതിയെ അത്തരം കഥകളില്‍ കുറ്റാരോപിതരായി മാറുന്നത് ദളിതരാണ്. ഇന്ത്യന്‍ സമൂഹത്തില്‍ ആഴ്ന്നിറങ്ങിയ ജാതിവ്യവസ്ഥയും അതില്‍ തന്നെ ഏറ്റവുമധികം ചൂഷണത്തിന് വിധേയരായ ദളിതരും ആദിവാസികളും ഇതില്‍ കുറ്റാരോപിതരാകുന്നത് സ്വാഭാവികം. എന്നാല്‍ സംവരണത്തിലൂടെ അവര്‍ക്ക് ലഭ്യമായ പ്രാതിനിധ്യം ഇങ്ങനെ പറയത്തക്ക വലുതുമല്ല, തന്നെയുമല്ല കണക്ക് നോക്കുകയാണെങ്കില്‍ ഇപ്പോഴും മതിയായ സാന്നിധ്യം ഭരണസിരാ കേന്ദ്രങ്ങളില്‍ ഉറപ്പാക്കുവാന്‍ കഴിഞ്ഞിട്ടില്ലാത്തവരാണ് ദളിതരും ആദിവാസികളും. പിന്നെയും എന്തുകൊണ്ടാണ് സംവരണത്തോടുള്ള അമര്‍ഷം അവര്‍ക്കെതിരെ തിരിയുന്നത് എന്ന് പരിശോധിക്കുമ്പോഴാണ് ഇന്നും കഥകളിലൂടെ നമ്മുക്കിടയില്‍ ജാതി വര്‍ത്തിക്കുന്നു എന്ന് മനസിലാക്കേണ്ടത്.
സംവരണം എന്ന ‘കൊള്ള’
ഒരു വേനലവധിക്കാലത്ത് മഹാരാഷ്ട്രയിലേക്ക് പോയ സമയത്താണ് അവിടുത്തെ ഏറ്റവും പേരുകേട്ട ഒരു ഉന്നത വിദ്യാഭ്യാസസ്ഥാപനത്തിലെ അധ്യാപകന്റെ മകനുമായി സംസാരിക്കാന്‍ സാധിച്ചത്. സ്‌കൂളില്‍ പഠിക്കുന്ന അവന്‍ തന്നെ പഠിപ്പിക്കുന്ന പല അധ്യാപകരെയും കുറിച്ച് പറയുന്നതിനിടയില്‍ സംവരണത്തിലൂടെ അധ്യാപകനായ ഒരാളെ കുറിച്ച് സംസാരിച്ചു. അദ്ദേഹം നേടിയെടുത്ത അവകാശം എന്നതിനേക്കാളുപരി അതൊരു കൊള്ളയുടെ ഭാഗമായി നേടിയെടുത്ത ജോലി എന്ന രീതിയിലാണ് അവതരിപ്പിക്കപ്പെട്ടത്. ഒഴിവുസമയങ്ങളില്‍ അയാള്‍ അധികസമയം ട്യൂഷന്‍ ക്ളാസ് എടുക്കുന്നുണ്ടെന്നും, അങ്ങനെ ധാരാളം പണം സമ്പാദിക്കുന്നുണ്ടെന്നും എല്ലാം അവന്‍ പറഞ്ഞുകൊണ്ടേയിരുന്നു. ഇങ്ങനെ പല തരത്തിലുള്ള ആരോപണങ്ങള്‍ അവന്‍ നടത്തുമ്പോഴും മനസിലാക്കാന്‍ സാധിച്ചത് അതൊരു വലിയ കഥയുടെ ചെറിയ ഭാഗമാണ് എന്നാണ്. തീര്‍ച്ചയായും ആ അധ്യാപകനെ കുറിച്ച് മറ്റു വിദ്യാര്‍ത്ഥികളും, അധ്യാപകരും, മാതാപിതാക്കളും എല്ലാം പറഞ്ഞതിന്റെ ഒരു ചെറിയ ഭാഗമാണ് ആ കുട്ടി പറഞ്ഞിരുന്നത്, അത്തരം കഥകളിലെ ദളിത് വിരുദ്ധതയും സംവരണവിരുദ്ധതയും തിരിച്ചറിയാതെ തന്നെ.
മേല്‍പറഞ്ഞ കഥയില്‍ ഒരു കുട്ടിയായിരുന്നു അനുഭവം പറഞ്ഞതെങ്കില്‍ തമിഴ്‌നാട്ടില്‍ എത്തിയപ്പോള്‍ അനുഭവം പങ്കുവെച്ചത് ചരിത്രാധ്യാപകനായിരുന്നു. ജാതി അടിസ്ഥാനപ്പെടുത്തിയുള്ള സംവരണം എടുത്തു കളയേണ്ട കാലം കഴിഞ്ഞില്ലേ എന്ന ചോദ്യം എങ്ങനെയോ ഉയര്‍ന്നുവന്ന ക്ളാസില്‍ അധ്യാപകന്‍ പങ്ക് വെച്ചത് സ്വന്തം ഭാര്യയുടെ കുടുംബം എങ്ങനെ സംവരണത്തെ ദുര്‍വിനിയോഗം ചെയ്തു എന്നതിനെ കുറിച്ച് പറഞ്ഞുകൊണ്ടാണ്. വളരെ അഭിമാനത്തോടെ, തന്റെ വിവാഹം ജാതി നോക്കിയല്ലായിരുന്നു എന്ന് പറയുമ്പോഴും, അദ്ദേഹം അനുഭവം പങ്കുവെച്ച് കഴിഞ്ഞപ്പോഴേക്കും സംവരണത്തില്‍ സാമ്പത്തികസ്ഥിതി കൂടി നോക്കണം എന്ന വാദത്തില്‍ എത്തിച്ചേര്‍ന്നു. കൂടെ പഠിച്ച ഒരു സഹപാഠിയും ഏതാണ്ട് അതേപോലെ ഒരു അനുഭവം പങ്കുവെച്ചിരുന്നു, സ്വന്തം പിതാവ് മത്സരപരീക്ഷയില്‍ റാങ്ക് നേടിയെങ്കിലും പിന്നോട്ട് തള്ളപ്പെടുവാന്‍ കാരണം കൂടെ പരീക്ഷ എഴുതിയ പട്ടികജാതിക്കാരനാണ് എന്നായിരുന്നു അവന്റെ കണ്ടെത്തല്‍. വളരെ ശക്തമായ ദളിത് മുന്നേറ്റങ്ങള്‍ക്ക് വേദിയാകുന്ന തമിഴ്‌നാട്ടിലും ഇത്തരം ദളിത്, ആദിവാസി വിരുദ്ധ കഥകള്‍ക്ക് ഒരു പഞ്ഞവുമില്ല എന്നത് ഭയപ്പെടുത്തുന്നതാണ്.
കേരളത്തിലേക്ക് വരുമ്പോള്‍ സംവരണത്തിലൂടെ കോളേജില്‍ നിയമിക്കപ്പെട്ട ഒരു അധ്യാപികയെ കുറിച്ച് മറ്റൊരു അദ്ധ്യാപിക ഇടതടവില്ലാതെ പറഞ്ഞു കൊണ്ടിരുന്നത് അവര്‍ അനാവശ്യമായി ആഭരണങ്ങള്‍ ധരിക്കുന്നു, സഭ്യമായ ഭാഷയില്‍ അല്ല അവര്‍ സംസാരിക്കുന്നത് എന്നെല്ലാമാണ്. ഇതിനെല്ലാം പുറമെ ജാതിയെന്ന ഒന്നില്ല എന്ന രീതിയില്‍ മാര്‍ക്‌സിസ്റ്റ്കാര്‍ പ്രചരിപ്പിക്കുന്ന കഥകളും ധാരാളമാണ്. കേരളത്തിലെ മറ്റൊരു സര്‍വകലാശാലയില്‍ സംവരണം എടുത്തുകളയാന്‍ പോകുന്നതിനെതിരെ കേസ് കൊടുക്കുവാന്‍ ചെന്ന അധ്യാപകനെ ഇടതു അധ്യാപക സംഘടനകള്‍ ചേര്‍ന്ന് ഒറ്റപെടുത്തിയതിനുശേഷം ചോദിച്ചത് ‘ജാതി വേര്‍തിരിവിന്റെ കാലം കഴിഞ്ഞില്ലേ' എന്നാണ്.
മുന്നാക്കജാതിക്കാരന്റെ ‘നഷ്ടങ്ങളുടെ' കഥ
ഇങ്ങനെ പല അനുഭവങ്ങളിലൂടെ കടന്ന് ഡല്‍ഹിയില്‍ എത്തുമ്പോള്‍ ദളിത് വിരുദ്ധതയുടെ കഥകള്‍ കൂടുതല്‍ ശക്തമാകുന്നു. ഈ ലേഖനത്തിന്റെ തുടക്കത്തില്‍ പറഞ്ഞ അനുഭവത്തിലേക്ക് വരാം, 2019ലെ ഇലക്ഷന് തൊട്ടുമുമ്പ് നരേന്ദ്രമോദി നടത്തിയ മുന്നാക്ക ജാതികള്‍ക്കിടയിലെ സംവരണത്തെ കുറിച്ചുള്ള പ്രസ്താവനയെ ചുറ്റിപ്പറ്റിയുള്ള സംസാരത്തിലായിരുന്നു അത്. വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം പിന്തുണക്കുന്ന ഒന്നാണ് സാമ്പത്തിക പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള സംവരണം. അന്ന് മോദിക്കെതിരെ ഒരു പ്രതിപക്ഷ പാര്‍ട്ടിയും ശബ്ദമുയര്‍ത്തിയില്ല എന്നോര്‍ക്കേണ്ടതാണ്. അന്ന് ആ സംസാരത്തിനിടയില്‍ എല്ലാവരും പങ്കുവെച്ചതും മേല്‍പ്പറഞ്ഞ പല കഥകളുടെയും ചട്ടക്കൂടിലുള്ള അനുഭവങ്ങളാണ്, ദളിതര്‍ക്കും ആദിവാസികള്‍ക്കും ലഭിക്കുന്ന സംവരണാനുകൂല്യം മൂലം ജോലിയും ഭാവിയും നഷ്ടപ്പെട്ട മുന്നാക്ക ജാതിക്കാരന്റെ കഥ. ഈ കഥയോടൊപ്പം ഇത്രയും നാളായില്ലേ സംവരണം നടക്കുന്നു, ഇനിയും ഇത് നിര്‍ത്തിക്കൂടെ? എന്ന ചോദ്യം കൂടി ആയപ്പോഴാണ്, സുര്‍ജിത്തിന്റെ മനസില്‍ നിന്ന് ആ വാക്കുകള്‍ പുറത്തു ചാടിയത്. ഉത്തര്‍പ്രദേശിലെ അസംഗഢില്‍ നിന്ന് സംവരണം എന്ന അവകാശത്തിലൂടെ ഡി.യുവില്‍ എത്തിയ അവന് വ്യക്തമായി തന്നെ അറിയാം, ആ അവകാശം അവന്‍ ഉപയോഗിച്ചില്ല എങ്കില്‍ തന്റെ ബന്ധുക്കളെ പോലെ താനും മണ്ണുമായി ബന്ധിക്കപ്പെട്ടുപോകും എന്ന്. എന്നാല്‍ അതവന്റെ അവകാശമായി കാണുവാനോ അവന്‍ പറയുന്നത് മനസിലാക്കുവാനോ പൊതുബോധത്തിന് സാധിക്കില്ല. കാരണം ഭരണഘടനയുടെ ധാര്‍മികത മനസിലാക്കുവാന്‍ പറ്റാത്ത തരത്തില്‍ പൊതുബോധം കഥകളില്‍ മുങ്ങിത്താഴുകയാണ്.
തമാശയെന്നോണം സുര്‍ജിത് തോക്കിനെ കുറിച്ച് പറഞ്ഞത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു, വര്‍ഷങ്ങള്‍ക്കുമുമ്പ് അത്തരമൊരു തോക്ക് ദളിതര്‍ കൈയില്‍ എടുത്തേനെ, ഡോ. ബി. ആര്‍. അംബേദ്കര്‍ എന്ന മനുഷ്യന്‍ ഇല്ലായിരുന്നെങ്കില്‍. ഒരു ആധുനിക മനുഷ്യന് മാത്രം വായിച്ചാല്‍ മനസ്സിലാകുന്ന പുസ്തകമാണ് ഇന്ത്യന്‍ ഭരണഘടന, അതുകൊണ്ടുതന്നെ നേരത്തെ എഴുതപ്പെട്ടതും. സമൂഹത്തില്‍ ഏറ്റവും താഴെയായി പോയ മനുഷ്യരുടെ ഏക പ്രതീക്ഷ മാത്രമല്ല ആ പുസ്തകം. തോക്കിലേക്കു നീളുന്ന അവരുടെ കൈകളെ തടയുന്ന ഗ്രന്ഥവുമാണത്. എന്നാല്‍ ഒരു വല പോലെ സമൂഹത്തില്‍ വിരിഞ്ഞുപടരുന്ന മേല്‍പറഞ്ഞ പോലത്തെ കഥകളിലൂടെയാണ് ജാതി പലരൂപങ്ങളായി വരിഞ്ഞുമുറുക്കി അവരുടെ മുന്നേറ്റത്തെ അത്രമേല്‍ പതുക്കെയാക്കുന്നതും.
Georgy
5 Sep 2020, 06:56 PM
ഒരു പക്ഷം എന്നതിലുപരി വ്യക്തതയോടെ സത്യം വിളിച്ചു പറയുകയാണ്........ അഭിനന്ദനങ്ങൾ...
കൃഷ്ണപ്രിയ
5 Sep 2020, 12:29 PM
മലയാള മാധ്യമങ്ങൾ എത്ര പട്ടികജാതിവിഭാഗക്കാരെ ജോലിക്ക് പരിഗണിക്കുമെന്നും, പത്ര- ദൃശ്യ മാധ്യമങ്ങളിൽ ഇവരുടെ സ്ഥാനം എങ്ങനെ കാണുന്നുവെന്നും മറ്റും അടങ്ങിയ കൂടുതൽ വായന സാധ്യമാകുന്ന എഴുത്തുകൾ പ്രതീക്ഷിക്കുന്നു.
എം. കുഞ്ഞാമൻ
Jan 26, 2023
10 Minutes Read
പി.ബി. ജിജീഷ്
Jan 24, 2023
8 Minutes Read
നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്
Jan 06, 2023
5 Minutes Read
പി.ബി. ജിജീഷ്
Nov 26, 2022
20 Minutes Read
പി.ബി. ജിജീഷ്
Nov 09, 2022
18 Minutes Read
കുഞ്ഞുണ്ണി സജീവ്
Nov 05, 2022
15 Minutes Read
Ameen Noufal
5 Nov 2020, 07:37 AM
പിന്നോക്കക്കാരെ എന്നും പിന്നോക്കക്കാരാക്കി തന്നെ നിലനിർത്താനുള്ള സവർണ്ണ ശക്തികളുടെ രാഷ്ട്രീയ അടിമത്തം ഉപേക്ഷിക്കാതെ ഇത്തരം കൊലച്ചതികൾ അവസാനിപ്പിക്കാനാവില്ല.